ഇമാം ശാഫിഈയുടെ കാലം

ഇമാം ശാഫിഈയുടെ കാലം

ഹിജ്റ വര്‍ഷം 150 ല്‍ ഒരു രാത്രിയിലാണ് ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗമുണ്ടാകുന്നത്. അതോടെ ലോക വൈജ്ഞാനിക ദീപം അണഞ്ഞു പോകരുതെന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. അതിനാല്‍ അന്നേ ദിവസം യമനില്‍ മറ്റൊരു ജ്ഞാന വിളക്ക് നിറഞ്ഞു കത്തി. പില്‍ക്കാലത്ത് മുഹമ്മദ് ബ്നു ഇദ് രീസു ശ്ശാഫിഈ എന്ന പേരില്‍ വിശ്രുതനായ ഇമാം ശാഫിഈയായിരുന്നു അത്. ശിശുവായിരിക്കെത്തന്നെ കുടുംബം യമനില്‍ നിന്ന് അസ്ഖലാനിലേക്കും തുടര്‍ന്ന് മൂന്നു ഫര്‍സഖ് അകലെയുള്ള ഗസ്സയിലേക്കും മാറിത്താമസിച്ചിട്ടുണ്ടാവണം. വളര്‍ന്നതും വലുതായതും ഈ രണ്ട് ദേശങ്ങളിലുമാണ്. യമനിലെ ഒരു പ്രവിശ്യയാണ് അസ്ഖലാന്‍. വിശ്വാസ ശാസ്ത്രത്തിലെ നമ്മുടെ ഇമാം അബുല്‍ ഹസനുല്‍ അശ്അരിയുടെ കുടുംബം, അശ്അരികള്‍ യമനികളാണല്ലോ. കര്‍മശാസ്ത്രത്തിലെ ഇമാമും യമനി ആകുന്നത് സന്തോഷദായകമാണ്. വിശ്വാസവും കര്‍മശാസ്ത്രവും യമനിയാണ് എന്ന ഹദീസ് ശ്രദ്ധേയമാണ്. എന്നാല്‍ പുരാതന ശാമിലെ (ആധുനിക ഫലസ്തീനിലെ) ഗസ്സയിലാണ് അവിടുന്ന് ജനിച്ചത് എന്നാണ് അധിക ചരിത്രകാരന്‍മാരും കര്‍മശാസ്ത്ര വിശാരദരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇമാം ശാഫിഈ പറയുന്നതായി താരീഖ് ബഗ്ദാദില്‍ ഖത്വീബ് സനദ് സഹിതം ഉദ്ധരിക്കുന്നു. ഞാന്‍ യമനിലാണ് ജനിച്ചത്. എനിക്ക് നഷ്ടങ്ങള്‍ വരുമോ എന്ന് എന്റെ ഉമ്മ ഭയപ്പെട്ടു. ഒരിക്കല്‍ ഉമ്മ എന്നോട് പറഞ്ഞു: നീ നിന്റെ കുടുംബക്കാരോടൊപ്പം കൂടിക്കോ, എന്നാല്‍ നിനക്കും അവരെപ്പോലെയാകാം. നിന്റെ കുടംബ പാരമ്പര്യം വിനഷ്ടമാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ എന്നെ ഉമ്മ മക്കയിലേക്ക് പറഞ്ഞയക്കാനൊരുങ്ങി. അന്നെനിക്ക് ഏകദേശം പത്തു വയസ്സായിരുന്നു. ഞാനെന്റെ ഒരു കുടുംബക്കാരന്റെ അടുത്ത് ചെന്നു വിജ്ഞാനം ആര്‍ജിക്കാന്‍ തുടങ്ങി. രണ്ടാം വയസ്സില്‍ തന്നെ എന്റെ ഉമ്മ എന്നെ മക്കയിലേക്ക് കൊണ്ടു പോയി എന്ന ഒരു പരാമര്‍ശം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ കുടുംബത്തെ തിരിച്ചറിയാനുള്ള കേവലമൊരു സന്ദര്‍ശനം മാത്രമായിരുന്നു അത് എന്നാണ് മനസ്സിലാകുന്നത്. പിന്നീട് ഗസ്സയിലും സമീപ പ്രദേശങ്ങളിലുമായിട്ടായിരിക്കണം ബാല്യം കഴിച്ചു കൂട്ടിയത്. ജന്മ നാടായി ഗസ്സ വിശ്രുതമാവാന്‍ കാരണം ഇതായിരിക്കണം. പത്തു വയസ്സായതോടെ മക്കയിലേക്ക് പറിച്ചു നടുകയായിരുന്നു. പിതാവിന്റെ വേരുകള്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന മക്കയുടെ സംസ്‌കാരവും പൈതൃകവും മകന്‍ സ്വാംശീകരിക്കാന്‍ ഉമ്മ ആഗ്രഹിച്ചിരിക്കണം.

രണ്ടാം വയസ്സില്‍ പിതാവ് ഇദ് രീസ് മരണപ്പെട്ടു. പിതൃ പരമ്പര ഇങ്ങനെയാണ്. ഇദ് രീസ്, അബ്ബാസ്, ഉസ്മാന്‍, ശാഫിഅ്, സാഇബ്, ഉബൈദ്, അബ്ദു യസീദ്, ഹാശിം, മുത്ത്വലിബ്, അബ്ദു മനാഫ്. തിരുനബിയുടെ പിതൃപരമ്പരയില്‍ പെട്ട അബ്ദു മനാഫ് എന്ന പിതാമഹന്‍ തന്നെയാണ് ഈ അബ്ദു മനാഫ്. അദ്ദേഹത്തിന്റെ മകന്‍ മുത്ത്വലിബ് ആണ് തന്റെ സഹോദരപുത്രനും തിരുനബിയുടെ പിതാമഹനുമായ ഹാശിമിനെ വളര്‍ത്തിയത്. അതു കൊണ്ടാണ് ഹാശിമിന് അബ്ദുല്‍ മുത്തലിബ് എന്ന പേരു വന്നത്. എന്നാല്‍ ഇമാം ശാഫിഈ ഖുറൈശിയാണെന്ന ഈ ചരിത്ര സത്യത്തിനെതിരെ ചിലര്‍ ഉന്നയിച്ച മറുവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇമാം ബുഖാരിയും ഇമാം മുസ് ലിമുമടക്കമുള്ള പണ്ഡിതശ്രേഷ്ഠര്‍ ഈ പരമ്പര ശരിവെച്ചിട്ടുണ്ട്.
അസദ് ഗോത്രക്കാരിയാണ് ഉമ്മയെന്നാണ് പ്രബലാഭിപ്രായം. ശാഫിഈ ഇമാം തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അലി(റ) മകന്‍ ഹുസൈന്റെ(റ) മകന്‍ അബ്ദുല്ലയുടെ(റ) മകള്‍ ഫാത്വിമയാണ് എന്ന് അല്‍ ഹാഫിള് ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ അഭിപ്രായപ്രകാരം മാതാവും പിതാവും ഖുറൈശിയാണെന്നു വരും.
സമുന്നത തറവാട്ടുകാരനായിരുന്നുവെങ്കിലും ദരിദ്രനായാണ് ഇമാം വളര്‍ന്നത്. തറവാടിത്തമുള്ളവരുടെ ദാരിദ്ര്യം നിലവാരം കെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമാവുക സ്വാഭാവികമാണല്ലോ. ദാരിദ്ര്യത്തിന്റെ തീച്ചൂളയിലും ബഹുമതികള്‍ കടന്നു കയറാന്‍ തന്റെ മഹിതമായ കുടുംബ പരമ്പരയും ഒരു ഇന്ധനമായി വര്‍ത്തിച്ചിട്ടുണ്ടായേക്കാം. എന്നാല്‍ അതോടൊപ്പം അശരണരോടൊപ്പം ജീവിക്കുവാനും അവരുടെ ആവശ്യങ്ങള്‍ അനുഭവിച്ചറിയുവാനും ദാരിദ്ര്യം മുഖേന ഇമാമിന് കഴിഞ്ഞു. പൈതൃകത്തിന്റെ പ്രതാപവും ദാരിദ്ര്യത്തിന്റെ സുഗന്ധവും സമം ചേര്‍ന്നപ്പോള്‍ സമുന്നതമായ ഒരു ജീവിത വിശുദ്ധി കൈവന്നു. മന്ത്രിമാര്‍ ദരിദ്രര്‍ക്ക് നല്‍കുന്ന ഹദ് യകള്‍ അദ്ദേഹം സ്വീകരിച്ചില്ല. കാരണം, കുടുംബം കൊണ്ട് സമ്പന്നനാണല്ലോ. എന്നാല്‍ രാജാവ് നല്‍കുന്ന ഹദ് യകള്‍ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ താല്പര്യമായിരുന്നു.

ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആനും പിന്നീട് ഹദീസും മനഃപാഠമാക്കി. ഹദീസ് പണ്ഡിതരുടെ അടുത്ത് നിന്ന് ഹദീസുകള്‍ കേള്‍ക്കും. മനഃപാഠമാക്കും.ഓട്ടു കഷണങ്ങളിലോ തോലുകളിലോ എല്ലുകളിലോ എഴുതി വെക്കും. ഒരു പുറം മാത്രം എഴുതി ഉപേക്ഷിച്ച കടലാസുകളും ഗ്രന്ഥങ്ങളും തേടിപ്പിടിച്ച് അവയുടെ മറുപുറത്ത് ഹദീസുകള്‍ എഴുതി വെച്ചു. ദാരിദ്ര്യം നിമിത്തം വിദ്യാഭ്യാസത്തിനാവശ്യമായ പണമില്ലാതെ കഷ്ടപ്പെട്ടെങ്കിലും ഉമ്മയുടെ ഇടപടലുകള്‍ ധിഷണാശാലിയായ മകനെ ജ്ഞാനത്തിന്റെ സഹയാത്രികനാക്കി.

ശുദ്ധമായ അറബി യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് പഠിക്കാനായിരുന്നു അടുത്ത ശ്രമം. പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള അനറബികളുമായുള്ള സഹവാസം വഴി ഉണ്ടായേക്കാവുന്ന അറബി ഭാഷയുടെ അനറബി സ്വാധീനം തിരിച്ചറിഞ്ഞ് ഗ്രാമ പ്രദേശത്തേക്ക് പുറപ്പെട്ടു. ഹുസൈല്‍ ഗോത്രവുമായി ബന്ധപ്പെട്ടു. അതേക്കുറിച്ച് ഇമാം തന്നെ പറയുന്നു: ഞാന്‍ മക്കയില്‍ നിന്ന് പുറപ്പെട്ട് ഗ്രാമവാസികളായ ഹുസൈല്‍ ഗോത്രവുമായി ചേര്‍ന്നു, അവരുടെ പ്രകൃതിയും ഭാഷയും സ്വായത്തമാക്കി. അറബികളിലേറ്റം സാഹിത്യ പാരമ്പര്യം അവര്‍ക്കായിരുന്നു. അവരോടൊത്ത് യാത്ര ചെയ്യുകയും അവര്‍ ഇറങ്ങുന്നിടത്ത് ഇറങ്ങിപ്പാര്‍ക്കുകയും ചെയ്തു. മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ കവിത നന്നായി വഴങ്ങുന്നുണ്ടായിരുന്നു. സാഹിത്യവും ചരിത്രവും ഏതാണ്ടൊക്കെ പിടികിട്ടിയിരുന്നു. അറബി ഭാഷാ പണ്ഡിത പ്രമുഖനായ അല്‍ ഇസ്മഈ പറയുന്നത് കേള്‍ക്കൂ: ‘ഹുസൈലുകാരുടെ കവിതകളില്‍ എനിക്കുണ്ടായിരുന്ന ചില പിശകുകള്‍ ഞാന്‍ തിരുത്തിയത് മുഹമ്മദ് ബ്നു ഇദ് രീസ് എന്ന ഖുറൈശി ചെറുപ്പക്കാരനില്‍ നിന്നായിരുന്നു.’

പത്തു കൊല്ലത്തോളം ഈ പട്ടണത്തില്‍ ചിലവഴിച്ചു. അക്കാലത്ത് അമ്പെയ്ത്തും പഠിച്ചു. എത്രത്തോളമെന്നോ, പത്തില്‍ പത്ത് എന്ന വിധം അമ്പുകള്‍ കുറിക്കുകൊണ്ടിരുന്നു.

മക്കയിലുള്ള മുഴുവന്‍ കര്‍മശാസ്ത്രകാരന്‍മാരില്‍ നിന്നും ഹദീസ് പണ്ഡിതരില്‍ നിന്നും ഇമാം പഠിച്ചു. മുസ് ലിമു ബ്നു ഖാലിദ് അസ്സിന്‍ജി ഫത് വക്കുള്ള സമ്മതം നല്‍കി. ആയിടെയാണ് മദീനയിലെ പണ്ഡിതപ്രഭുവായ ഇമാം മാലികിനെ(റ) കുറിച്ച് കേള്‍ക്കുന്നത്. അതോടെ ചെന്നു കാണാന്‍ ആര്‍ത്തിയായി. ഇമാം മാലികിന്റെ(റ) ജ്ഞാനലോകത്തെ കുറിച്ച് ഒരു ധാരണയുമില്ലാതെ അവിടെ ചെല്ലുന്നത് അനുചിതമാണെന്ന് മനസ്സിലാക്കിയ ഇമാം മക്കയിലെ ഒരാളില്‍ നിന്ന് മാലികിന്റെ (റ) മുവത്വ വായ്പ വാങ്ങി ഹൃദിസ്ഥമാക്കി.

ഇമാം മാലികിന്റെ(റ) അടുത്തു പോയ അനുഭവം ഇമാം ശാഫിഈ തന്നെ എഴുതിയിട്ടുണ്ട്. മക്കയിലെ ഗവര്‍ണറില്‍ നിന്ന് രണ്ടു കത്തുകള്‍ ഇതിനായി ഇമാം സംഘടിപ്പിച്ചു. ഒന്ന് മദീനയിലെ ഗവര്‍ണര്‍ക്കും മറ്റൊന്ന് ഇമാം മാലികിനും(റ). അങ്ങനെ ആദ്യം മദീന ഗവര്‍ണറെ ചെന്ന് കണ്ടു. മക്കാ ഗവര്‍ണറുടെ എഴുത്ത് കൈമാറി. എന്റെ കൂടെ മാലികി ഇമാമിനെ കാണാനും എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യാനുമുള്ള മക്കാ ഗവര്‍ണറുടെ നിര്‍ദേശമായിരിക്കണം അതിലുണ്ടായിരുന്നത്. കത്തു വായിച്ച് ഗവര്‍ണര്‍ പറഞ്ഞു: മക്കയുടെ ഉള്ളറകളില്‍ നിന്ന് മദീനയിലേക്ക് നഗ്‌നപാദനായി നടന്നു പോകുന്നതാണ് മാലിക് ബ്നു അനസിന്റെ(റ) വാതില്‍ക്കല്‍ ചെല്ലുന്നതിനേക്കാള്‍ എനിക്കെളുപ്പം. തന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം അമീര്‍ ഞങ്ങളോടൊപ്പം വന്നു. ഒരാള്‍ വാതിലില്‍ മുട്ടി. അപ്പോള്‍ ഒരു പരിചാരിക പുറത്തേക്കു വന്നു. ഞാന്‍ വന്നിട്ടുണ്ടെന്ന് നിന്റെ യജമാനനായ ഇമാമിനോട് പറഞ്ഞേക്കുക എന്ന് അമീര്‍ പറഞ്ഞു. കുറേ നേരം കഴിഞ്ഞതിന് ശേഷം ആ സ്ത്രീ തിരിച്ചു വന്നു കൊണ്ട് പറഞ്ഞു: എന്റെ യജമാനന്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. നിങ്ങള്‍ വല്ല മസ്അലയും ചോദിക്കാനാണ് വന്നതെങ്കില്‍ അത് ഒരു കടലാസില്‍ എഴുതിത്തന്നേക്കൂ. അതിന് അവിടുന്ന് മറുപടി നല്‍കും.
ഹദീസിന് വേണ്ടിയിട്ടാണു വന്നതെങ്കില്‍ ഇപ്പോള്‍ തിരിച്ചു പോകുക. അതിന്റെ ദിവസം എന്നാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അപ്പോള്‍ അമീര്‍ പ്രതികരിച്ചു: സുപ്രധാനമായ ഒരു വിഷയം ഉള്‍കൊള്ളുന്ന മക്കാ ഗവര്‍ണറുടെ ഒരു എഴുത്ത് ഇമാമിന് കൊടുക്കാനായി എന്റെ കൈയിലുണ്ടെന്ന് പറഞ്ഞേക്കുക. അങ്ങനെ ആ സ്ത്രീ അകത്തേക്ക് പോകുകയും ഒരു കസേരയുമായി തിരിച്ചു വരികയും ചെയ്തു. അപ്പോഴതാ ഇമാം മാലിക്(റ) കടന്നു വരുന്നു. തേജോമയമായ മുഖം, നീണ്ട താടി, അതികായന്‍, തിളങ്ങുന്ന കണ്ണുകള്‍, ഒരു ഷാള്‍ പുതച്ചിട്ടുണ്ട്. വന്ന ഉടനെ അമീര്‍ ഇമാമിന് എഴുത്ത് കൈമാറി. ഇമാം മാലിക് എഴുത്തു വായിച്ച് കുറച്ചെത്തിയപ്പോള്‍ ഇമാം ആ എഴുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഇങ്ങനെ അത്ഭുതം കൂറി: മുത്തുനബിയുടെ ഇല്‍മും മധ്യസ്ഥന്മാര്‍ വഴി സ്വീകരിക്കപ്പെടുന്നതായോ!

അതുകേട്ട് അദ്ദേഹത്തോട് സംസാരിക്കാന്‍ ഗവര്‍ണര്‍ ഭയപ്പട്ടത് പോലെ തോന്നി. ഞാന്‍ തന്നെ മുന്നിലേക്ക് കടന്നു ചെന്നു എന്നെ പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഞാന്‍ മുത്ത്വലിബിയ്യാണെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ എന്നോട് പേരന്വേഷിച്ചു. മുഹമ്മദ് എന്ന് ഞാന്‍ പ്രതികരിച്ചു. അപ്പോള്‍ മാലികി ഇമാം പറഞ്ഞു: മുഹമ്മദ്, അല്ലാഹുവിനെ ഭയക്കുക, പാപങ്ങളെ വെടിയുക. നിനക്കു ചില മഹത്തായ കാര്യങ്ങള്‍ വന്നു ചേരാനുണ്ട്.

അങ്ങനെ ഇമാം മാലികിന്റെ(റ) അടുത്ത് നിന്ന് ഗുരുത്വത്തോടെ മുവത്വ പൂര്‍ണമായും പഠിച്ചു. ഹിജ്റ 179 ലാണ് ഇമാം മാലിക്(റ) നിര്യാതനാവുന്നത്. അദ്ദേഹത്തില്‍ നിന്ന് കര്‍മശാസ്ത്രം പഠിച്ചു. എങ്കിലും ഇടക്കിടെ ജനങ്ങളെക്കുറിച്ചറിയാന്‍ ഇസ് ലാമിക രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. ഇടക്ക് മക്കയില്‍ ചെന്ന് ഉമ്മയെ കാണും. ഉപദേശങ്ങള്‍ സ്വീകരിക്കും. മാലികിന്റെ(റ) നിര്യാണ ശേഷം ഒരു ജോലിയെക്കുറിച്ച് ഇമാം ചിന്തിച്ചു. ആയിടക്കാണ് യമന്‍ ഗവര്‍ണര്‍ ഹിജാസിലേക്ക് വന്നത്. ചില ഖുറൈശികള്‍ അദ്ദേഹത്തോട് ഇമാമിനെ അദ്ദേഹത്തിന്റെ കൂടെ കൂട്ടാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഇമാമിനെ കൂടെ കൂട്ടി. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചില ജോലികളൊക്കെ ചെയ്തു. ഇതറിഞ്ഞ ചിലരൊക്കെ ഇമാമിനെ ആക്ഷേപിക്കുകയും ജോലി ഉപേക്ഷിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ ജോലിയില്‍ ഇമാമിന്റെ അനുഭവം മറിച്ചായിരുന്നു; ഇമാമിന്റെ നിപുണത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരുന്നു. ആളുകള്‍ക്കിടയില്‍ ഇമാമിനെക്കുറിച്ച് സല്‍കീര്‍ത്തി പരന്നു. നജ്റാനിലായിരുന്നു ഇമാമിന്റെ ഭരണം. അവിടെ നീതിപൂര്‍വകമായ ഭരണം നടത്താന്‍ ഇമാമിന് സാധിച്ചു. ഒരു പ്രലോഭനത്തിനും വശംവദനായില്ല. ആരോടും മുഖം കടുപ്പിച്ച് പെരുമാറിയില്ല. നീതിയുടെ ഭാഗത്ത് പാറ പോലെ ഉറച്ചു നിന്നു.
തന്റെ ഭരണ പ്രദേശത്ത് ഒരു അക്രമി കുടുംബമുണ്ടായിരുന്നു. അവര്‍ അനധികൃതമായി പിടിച്ചെടുത്ത സ്വത്തുക്കള്‍ ഇമാം അവകാശികള്‍ക്ക് തിരിച്ചു നല്‍കി. പ്രലോഭനങ്ങളിലൂടെ ഇമാമിനെ വീഴ്ത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കുതന്ത്രങ്ങളുപയോഗിക്കാന്‍ തുടങ്ങി. അലവികളും അബ്ബാസികളും തമ്മിലുള്ള വംശീയ പകയെ ചൂഷണം ചെയ്തുകൊണ്ടായിരുന്നു അവര്‍ ചുവടുകള്‍ നീക്കിയത്. അലവികള്‍ ഭരണരംഗത്തേക്കു വരുന്നത് വേരോടെ പിഴുതെറിയാന്‍ സദാ ജാഗ്രത പാലിച്ചിരുന്നു അബ്ബാസികള്‍. ഒമ്പത് അലവികള്‍ക്കൊപ്പം ചേര്‍ന്ന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇമാം ശ്രമിക്കുന്നു എന്ന പരാതിയാണ് ഖലീഫയായ ഹാറൂണ്‍ റശീദിന്റെ സന്നിധിയിലെത്തിയത്. ആ ഒമ്പത് പേരെയും ഒപ്പം ഇമാമിനെയും ഹാജരാക്കാന്‍ ഖലീഫ ഉത്തരവിട്ടു. ഒമ്പത് പേരും കൊല്ലപ്പെട്ടു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. തന്റെ വാഗ് വിലാസം കൊണ്ടും മുഹമ്മദ് ബിന്‍ ഹസന്‍ എന്നവരുടെ സാക്ഷ്യം കൊണ്ടുമാണ് ഇമാം വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇമാം ഖലീഫയോട് ചോദിച്ചുവത്രെ: അമീറുല്‍ മുഅ്മിനീന്‍… ഞാന്‍ രണ്ട് ആളുകളെക്കുറിച്ച് നിങ്ങളോട് ചോദിച്ചോട്ടെ. ഒരാള്‍ എന്നെ അദ്ദേഹത്തിന്റെ അടിമയായി കാണുന്നു. മറ്റൊരാള്‍ സഹോദരനായും. എനിക്ക് ആരെയായിരിക്കും ഏറ്റവും കൂടുതല്‍ ഇഷ്ടം? രാജാവ് പറഞ്ഞു: സഹോദരനായി കാണുന്നവനെ. അപ്പോള്‍ ഇമാം പറഞ്ഞു. രാജാവേ, നിങ്ങള്‍ അബ്ബാസികള്‍ അബ്ബാസിന്റെ പുത്ര പരമ്പരയാണ്. അവരാകട്ടെ അലിയ്യിന്റെയും. ഞങ്ങള്‍ മുത്തലിബിന്റെയും. അബ്ബാസികള്‍ മുത്തലിബികളെ കാണുന്നത് സഹോദരരായിട്ടാണ്. എന്നാല്‍ അലവികള്‍ ഞങ്ങളെ കാണുന്നത് അവരുടെ അടിമയായിട്ടാണ്. പിന്നെയെങ്ങനെ ഞാന്‍ അലവികള്‍ക്കൊപ്പം നിന്ന് അബ്ബാസികള്‍ക്കെതിരെ കലാപം നടത്തും? ഇമാം ശാഫിഈ നിറഞ്ഞ പണ്ഡിതനാണെന്ന് മുഹമ്മദ് ബ്നു ഹസന്‍ സാക്ഷ്യപ്പെടുത്തിയതും ഇമാമിന്റെ രക്ഷക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തോട് ഇമാമിനെ തന്റെ കൂടെ കൂട്ടാന്‍ രാജാവ് കല്‍പ്പിക്കുകയായിരുന്നു.

അങ്ങനെയാണ് ഹിജ്റ 184 ല്‍ തന്റെ മുപ്പത്തിനാലാം വയസ്സില്‍ ഇമാം ശാഫിഈ ബഗ്ദാദിലെത്തുന്നത്. ഭരണപരമായ കാര്യങ്ങളുടെ ഏടാകൂടങ്ങളില്‍നിന്ന് രക്ഷപ്പെട്ട് പഠന സപര്യകളില്‍ സജീവമാകുന്നതിന് വേണ്ടി അല്ലാഹു നല്‍കിയ ഒരു പരീക്ഷണമായിരിക്കാം പ്രസ്തുത സംഭവം എന്നാണ് അനുമാനിക്കാനാവുന്നത്. അങ്ങനെ ശാഫിഈ ഇമാം ഇറാഖികളുടെ കര്‍മശാസ്ത്രം കൂടി പഠിക്കാനാരംഭിച്ചു. ഹിജാസിന്റെയും ഇറാഖിന്റെയും കര്‍മശാസ്ത്ര ധാരകളുടെ സാകല്യമായി ശാഫിഈ കര്‍മശാസ്ത്രം രൂപപ്പെട്ടു. ഹിജാസിലേത് കര്‍മരേഖകള്‍ അവലംബമാക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഇറാഖിലേതോ, ധിഷണക്ക് പ്രാധാന്യം നല്‍കുന്നതുമായിരുന്നു. ഇതേക്കുറിച്ച് ഇബ്നു ഹജറുല്‍ ഹൈതമിയുടെ വിശദീകരണം ഇങ്ങനെ: മദീനയിലെ കര്‍മശാസ്ത്രത്തിന്റെ നേതൃത്വം ഇമാം മാലികിനായിരുന്നു. ഇറാഖിലേതാവട്ടെ ഇമാം അബൂ ഹനീഫക്കും(റ). ഇമാം മാലിക് ബ്നു അനസില്‍നിന്ന്(റ) നേരിട്ടും അബൂ ഹനീഫ ഇമാമില്‍ നിന്ന് ശിഷ്യനായ മുഹമ്മദ് ബ്‌നു ഹസന്‍ വഴിയും രണ്ട് വിജ്ഞാനീയങ്ങളും ഇമാം ശാഫിഈ കരസ്ഥമാക്കി. ഹദീസിന്റെയും ധിഷണയുടെയും ഈ രണ്ട് ധാരകളെയും സമന്വയിപ്പിച്ച് ഇമാം തന്റെ അടിസ്ഥാന തത്വങ്ങളും നിദാന ശാസ്ത്രവും രൂപപ്പെടുത്തി. അനുകൂലികളും പ്രതിയോഗികളും അവരെ സമ്മതിക്കേണ്ടി വന്നു. പ്രശസ്തിയുടെ ഉന്നതവിതാനങ്ങള്‍ പ്രാപിച്ചു.
ഇമാം ശാഫിഈയുടെ പ്രധാന ഗുരുവര്യരായിരുന്നുവല്ലോ ഇമാം മാലിക്(റ). ഹിജാസീ – ഇറാഖീ ധാരകളുടെ വൈജ്ഞാനിക സംവാദങ്ങള്‍ നടക്കുന്ന വേളകളിലൊക്കെയും തന്റെ ഗുരുവര്യരായ ഇമാം മാലികിന്റെ(റ) ഹിജാസീ പക്ഷത്തായിരുന്നു ഇമാം ശാഫിഈ നിലയുറപ്പിച്ചിരുന്നത്. അങ്ങനെയൊക്കെയാണെങ്കിലും ഇറാഖീ ധാരയുടെ നേതാവും ഗുരുവുമായിരുന്ന മുഹമ്മദ് ബ്‌നു ഹസനിനോട് വലിയ ആദരവും ബഹുമാനവും ഇമാം ശാഫിഈ പുലര്‍ത്തിയിരുന്നു. ഒരു ഒട്ടകത്തിന് വഹിക്കാന്‍ മാത്രം വിജ്ഞാനീയങ്ങള്‍ ഞാന്‍ മുഹമ്മദ് ബ്നു ഹസനില്‍ നിന്ന് കൊണ്ടു വന്നു. ഞാന്‍ കേട്ടു എന്നതിലപ്പുറം എന്റേതായി അവയിലൊന്നുമില്ല എന്ന് ഇമാം പറയാറുണ്ടായിരുന്നു. മുഹമ്മദ് ബ്നു ഹസനിന്റെ ശിഷ്യന്മാരുമായി ഹിജാസീ ഫിഖ്ഹിന് വേണ്ടി സംവാദം നടത്തിയിരുന്ന ഇമാം എന്നാല്‍ ഗുരുവുമായി സംവാദം നടത്തിയിരുന്നില്ല. ഒരിക്കല്‍ ഗുരു തന്നെ ആവശ്യപ്പെട്ടു. പക്ഷേ, ഇമാം ശാഫിഈ മാറി നിന്നു. വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം വഴങ്ങിക്കൊടുത്തു. ചരിത്രകാരന്മാര്‍ പറയുന്നത് ആ സംവാദത്തില്‍ വിജയിച്ചത് ഇമാം ശാഫിഈ ആണ് എന്നാണ്. കിതാബുല്‍ ഉമ്മിലെ ഏഴാം ജുസ്ഇല്‍ ഈ സംവാദത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏകദേശം രണ്ടു വര്‍ഷത്തോളം ഈ യാത്രയില്‍ ബഗ്ദാദില്‍ താമസിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

തുടര്‍ന്ന് മക്കയിലേക്ക് പോകുകയും ഹറമില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. ഹജ്ജ് കാലത്ത് ഒരുപാട് പണ്ഡിത പ്രമുഖര്‍ ഇമാമുമായി സന്ധിച്ചു. അതില്‍ പ്രമുഖനായിരുന്നു അഹ്മദ് ബ്നു ഹമ്പല്‍(റ). അപ്പോഴേക്കും ഇമാം ശാഫിഈ തന്റെ പുതിയ ഫിഖ്ഹുമായി വെളിപ്പെട്ടിരുന്നു. ഹിജാസിലോ ഇറാഖിലോ മാത്രമല്ലാത്ത എന്നാല്‍ രണ്ടും മേളിച്ച ശാഫിഈ ധാരയായിരുന്നു അത്. കിതാബും സുന്നത്തും ചരിത്രവും ഭാഷയും ന്യായവും യുക്തിയും എല്ലാം ചേര്‍ന്ന ധിഷണാശാലിയായ ഒരു പണ്ഡിതനിലൂടെ രൂപപ്പെട്ട കര്‍മശാസ്ത്ര ധാരയത്രെ അത്.

(അവസാനിക്കുന്നില്ല)

ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login