സല്‍തനത്തിന്റെ കാലങ്ങള്‍

സല്‍തനത്തിന്റെ കാലങ്ങള്‍

സൈന്ധവ സംസ്‌കാര കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന നാഗരിക സംസ്‌കാരം ആര്യന്മാരുടെ വരവോടെ അസ്തമിച്ചു തുടങ്ങി. വലിയ പട്ടണങ്ങളും ക്ഷേത്ര പട്ടണങ്ങളും ഗുപ്തന്മാരുടെ കാലത്തോടെ നിഷ്പ്രഭമായിക്കൊണ്ടിരുന്നു. ജാതിവ്യവസ്ഥ കര്‍ശനമാക്കുക വഴി പട്ടണത്തിന്റെ കാവല്‍ഭടന്മാരായിരുന്ന കരകൗശല വിദഗ്ധര്‍ പിന്നോട്ട് തള്ളപ്പെടുകയും നഗരങ്ങള്‍ അവര്‍ക്ക് അന്യമാവുകയും ചെയ്തു. സുല്‍ത്താന്മാര്‍ പട്ടണ സംസ്‌കാരത്തെ തിരികെ കൊണ്ടുവന്നു. പട്ടണങ്ങള്‍ എല്ലാവര്‍ക്കും തുറന്നുകൊടുത്തു. അതേസമയം ഗ്രാമത്തിലെ ഗോത്ര സംസ്‌കാരങ്ങളെ ഉടച്ചുവാര്‍ക്കാനൊന്നും സുല്‍ത്താന്മാര്‍ മെനക്കെട്ടില്ല. ഗ്രാമീണരുമായി അവര്‍ക്ക് നേരിട്ട് ബന്ധവുമുണ്ടായില്ല. പകരം ഗ്രാമത്തലവന്മാരായ ഖുദ്, മുഖദ്ദം, ചൗധരി, റാവത്ത്, റാണ, റായ് എന്നിവരുമായാണ് ബന്ധപ്പെട്ടത്. പലപ്പോഴും ഈ മധ്യവര്‍ത്തികളുടെ മേല്‍ സുല്‍ത്താന്മാര്‍ കനത്ത നികുതി ചുമത്തിയിരുന്നതിനാല്‍ ഈ ഭാരം മധ്യവര്‍ത്തികള്‍ കര്‍ഷകരുടെ തലയില്‍ വച്ചുകെട്ടി. കര്‍ഷകരുടെ കാര്യത്തില്‍ സുല്‍ത്താന്മാര്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ല. അവര്‍ക്കിഷ്ടം വ്യവസായത്തോടും വ്യാപാരത്തോടുമായിരുന്നു. സുല്‍ത്താന്മാരുടെ കാലത്ത് നിരവധി പട്ടണങ്ങള്‍ ഉയര്‍ന്നുവരികയും വ്യാപാരം പതിന്മടങ്ങ് വികസിക്കുകയും ചെയ്തു. കര്‍ഷകര്‍ അപ്പോഴും സമീന്ദാര്‍മാരുടെ കീഴിലായിരുന്നു. അലാഉദ്ദീന്‍ ഖില്‍ജിയും മറ്റും മധ്യവര്‍ത്തികളെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ നീണ്ടുനിന്നില്ല. ഗ്രാമങ്ങളില്‍ പലത് കൊണ്ടും നേരിട്ടൊരു ഭരണം ഏറെക്കാലം അസാധ്യമായിരുന്നു.

ഏകാധിപതികള്‍
സുല്‍ത്താന്മാര്‍ പൊതുവേ തികഞ്ഞ ഏകാധിപതികളായിരുന്നു. ഇവര്‍ക്ക് മതം ഭരണം നിലനിറുത്താനുള്ള തുരുപ്പുശീട്ടായിരുന്നു. മത നേതൃത്വത്തെ കൈയിലെടുക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്ത് തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാന്‍ സുല്‍ത്താന്മാര്‍ക്ക് കഴിഞ്ഞു. സൂഫികളെ മാത്രമാണ് സുല്‍ത്താന്മാര്‍ ഭയപ്പെട്ടത്. അവരുടെ ജനപ്രീതിയായിരുന്നു കാരണം. സൂഫികളാവട്ടെ, പൊതുവേ സുല്‍ത്താന്മാരുമായി ബന്ധപ്പെട്ടതുമില്ല. പള്ളികളും പാഠശാലകളുമുണ്ടാക്കി സുല്‍ത്താന്മാര്‍ അന്തസ്സ് നിലനിറുത്തി. തങ്ങളെ അംഗീകരിക്കുന്നവരെ കൊട്ടാരത്തില്‍ നിയമിക്കും. മതകര്‍മങ്ങളില്‍ അവര്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. യുദ്ധങ്ങള്‍ ഏതായാലും മതത്തിന്റെ പേരില്‍ ന്യായീകരിക്കും. 1206ല്‍ തുടങ്ങിയ സുല്‍ത്താന്‍ ഭരണം 1526ലെ പാനിപത്ത് യുദ്ധത്തില്‍ മുഗളരുടെ വിജയം വരെ നീണ്ടു. മുഗള്‍ രാജാക്കന്മാര്‍ സുല്‍ത്താന്‍ എന്ന പദം ഉപയോഗിച്ചില്ല. അവര്‍ ഷഹിന്‍ഷാ എന്നാണറിയപ്പെട്ടത്.

ഭരണരീതി
സുല്‍ത്താന്മാരില്‍ അഞ്ച് രാജവംശങ്ങള്‍ കാണാം 1. അടിമവംശം (1206-1288), 2. ഖില്‍ജികള്‍ (1288- 1320), 3. തുഗ്ലക്കുമാര്‍ (1320-1398), 4. സയ്യിദ് വംശം (1415-1451), 5. ലോധി വംശം (1451-1526). മുഹമ്മദ് ഗോറിയുടെ അടിമകളായിരുന്നു ആദ്യ രാജവംശം സ്ഥാപിച്ചത്. അതിനാല്‍ അടിമ (മംലൂക്) വംശം എന്നറിയപ്പെട്ടു. അടിമകള്‍ സുല്‍ത്താനാവുക എന്നത് മുസ്ലിം ചരിത്രത്തില്‍ മാത്രം അറിയപ്പെടുന്ന സംഭവങ്ങളാണ്. കഴിവുള്ള അടിമകളെ വളര്‍ത്തിക്കൊണ്ടുവന്ന് തലപ്പത്തിരുത്തുവാന്‍ സുല്‍ത്താന്മാര്‍ക്ക് മടിയുണ്ടായില്ലെന്ന് മാത്രമല്ല, ഷഹാബുദ്ദീന്‍ മുഹമ്മദ് ഗോറി ചെയ്തത് പോലെ അവരെ സുല്‍ത്താന്മാരാക്കുക കൂടി ചെയ്തു. സുല്‍ത്താനാവുമ്പോള്‍ അവര്‍ അടിമത്തത്തില്‍ നിന്ന് മോചനം നേടിയിരിക്കണമെന്ന് മാത്രം. മുഹമ്മദ് ഗോറിക്ക് പ്രധാനപ്പെട്ട മൂന്ന് അടിമകളുണ്ടായിരുന്നു. താജുദ്ദീന്‍ യല്‍ദൂസ് ഗസ്നയിലും നാസിറുദ്ദീന്‍ ഖുബാച്ച സിന്ധിലും ഖുതുബുദ്ദീന്‍ അയ്ബക് ഡല്‍ഹിയിലും അധികാരം സ്ഥാപിച്ചു. 1210 ല്‍ ഖുതുബുദ്ദീന്‍ മരിക്കുമ്പോള്‍ തന്റെ അടിമയും ബദയൂന്‍ അമീറുമായ(ഗവര്‍ണര്‍) ശംസുദ്ദീന്‍ ഇല്‍തുമിഷ് സുല്‍ത്താനായി. തന്റെ ശക്തി ഉറപ്പിക്കാനും ശത്രുക്കളെ നേരിടാനും വിശ്വസ്തരായ നാല്പത് അടിമകളെ ചേര്‍ത്ത് ഒരു സഖ്യം (തുര്‍കാനേ ചഹല്‍ഗാനി) ഇല്‍തുത് മിഷ് രൂപീകരിച്ചു. ഇവരാണ് പിന്നീട് സല്‍തനതില്‍ സ്വാധീനം സ്ഥാപിച്ചത്. അടിമവംശത്തിന് ശേഷം, പിതാവിന് ശേഷം മകന്‍ എന്ന രീതിയിലാണ് സല്‍തനതിന്റെ അനന്തരവാകാശമുണ്ടായത്. എന്നാല്‍ മൂത്ത അനന്തരാവകാശി ദുര്‍ബലനാവുമ്പോള്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉദ്ഭവിക്കും. ചിലപ്പോള്‍ മക്കള്‍ തമ്മിലും പ്രശ്നങ്ങളുണ്ടാവും. അപ്പോള്‍ പുറത്തുനിന്ന് ഏതെങ്കിലും സൈന്യാധിപനോ മറ്റോ വന്ന് ഭരണം കൈക്കലാക്കും. മുസ്ലിം ലോകത്തിന്റെ സര്‍വാധികാരി ഖലീഫയായത് കൊണ്ടും അദ്ദേഹവുമായി പേരിന് ബന്ധം സ്ഥാപിച്ചത് കൊണ്ടും സുല്‍ത്താന്മാര്‍ ഖലീഫ എന്ന പേരുപയോഗിച്ചല്ല. ഖലീഫയുടെ സഹായിയോ പ്രതിനിധിയോ ആയാണ് അവര്‍ ഭരിച്ചത്. ഖലീഫയുടെ അംഗീകാരപത്രം വാങ്ങുന്നത് വലിയ അഭിമാനമായാണ് സുല്‍ത്താന്മാര്‍ ഗണിച്ചത്. സുല്‍ത്താനാകണമെങ്കില്‍ അയാള്‍ക്ക് പണ്ഡിതരും പ്രഭുക്കളുമടങ്ങുന്ന ശൂറയുടെ (കൂടിയാലോചനാ സമിതി) അംഗീകാരം കൂടി ലഭിച്ചിരിക്കണം. അവര്‍ സുല്‍ത്താനെ അംഗീകരിച്ച് കൊണ്ട് പ്രതിജ്ഞ (ബൈഅത്) ചെയ്യും. പിന്നീട് സുല്‍ത്താന്റെ നാമം വെള്ളിയാഴ്ചയിലെ പ്രസംഗത്തില്‍ (ഖുതുബയില്‍) പ്രസ്താവിക്കും. പിന്നീട് പ്രത്യേകം നാണയമടിക്കും. അതോടെ സുല്‍ത്താന്റെ സ്ഥാനം ഭദ്രമാവും. സുല്‍ത്താന് പ്രായം തികഞ്ഞിട്ടില്ലെങ്കില്‍ മാതാവോ പ്രധാനമന്ത്രിമാരോ സുല്‍ത്താന് വേണ്ടി ഭരണം നിര്‍വഹിക്കും. സുല്‍ത്താന്‍ ദൈവത്തിന്റെ ഭൂമിയിലെ നിഴലായാണ് ഗണിക്കപ്പെട്ടത്. ചിലപ്പോള്‍ ദൈവത്തിന്റെ പ്രതിനിധിയായി അവതരിക്കും. ചിലര്‍ പ്രവാചകന്റെ അനുഗാമികളെന്ന് പദവി വച്ചിരിക്കും. നാണയങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം ഒരുപാട് വിശേഷണങ്ങള്‍ പേരിനോട് കൂടെ ചേര്‍ത്തത് കാണാം.

കേന്ദ്രീകൃത ഭരണം
സുല്‍ത്താന്റെ ഭരണം കേന്ദ്രീകൃതമായിരുന്നു. സുല്‍ത്താന്റെ ശക്തിയാവട്ടെ, ഇഖ്തിദാര്‍മാരും (മുഖ്തി). രാജ്യം ഇഖ്തിദാര്‍മാര്‍ക്കിടയില്‍ വീതിക്കുമായിരുന്നു. ഓരോ ഇഖ്തിദാറിന്റെയും കീഴിലുള്ള പ്രദേശത്തിന് ഇഖ്താ (കഷ്ണം) എന്ന് പറയും. ഇഖ്തയുടെ സംരക്ഷണം, വരവ് ചെലവ് കണക്കുകള്‍ എന്നിവ കൃത്യമായി സുല്‍ത്താനെ അറിയിക്കണം. സുല്‍ത്താന് ആവശ്യമുള്ളപ്പോള്‍ സൈന്യത്തെ നല്കണം. ഇഖ്ത സുല്‍ത്താന്റെ സമ്മതമില്ലാതെ കൈമാറ്റം ചെയ്തുകൂടാ. ഏത് സമയത്തും മുഖ്തിയെ സുല്‍ത്താന് മാറ്റാം. അത് അനന്തരാവകാശ സ്വത്തുമല്ല. അവിടെയുള്ള കൃഷി കര്‍ഷകന്റേതാണ്. അതിന്റെ സംരക്ഷകന്‍ മാത്രമാണ് ഇഖ്തിദാര്‍. പ്രഭുക്കളില്‍ തുര്‍ക്കുമാനികളും അല്ലാത്തവരും എന്ന വ്യത്യാസം ഇല്‍തുമിഷിന് ശേഷം വന്ന ഗിയാസുദ്ദീന്‍ ബാല്‍ബന്റെ കാലം മുതല്‍ ശക്തമായി നിലനിന്നു. ബാല്‍ബന്‍ ഒരു വംശാഭിമാനിയായിരുന്നു. അടിമയായി വന്ന് ഇല്‍തുമിഷിന്റെ നാല്പത് പേര്‍ സംഘത്തില്‍ അംഗമായി. സുല്‍ത്താന്‍ പദവിയിലേറിയപ്പോള്‍ പേര്‍ഷ്യന്‍ രാജാവ് അഫ്റാസിയാബിന്റെ പിന്‍ഗാമി എന്ന നിലക്കൊരു കള്ളവംശാവലി ഉണ്ടാക്കി പേര്‍ഷ്യന്‍ മേധാവിത്തം സ്ഥാപിച്ചെടുത്തു. തുര്‍ക്കുമാനികളല്ലാത്തവരെ താണ വിഭാഗമാക്കി ചിത്രീകരിച്ച ബാല്‍ബന്‍ അവരെ കാണുമ്പോള്‍ തന്റെ സിരയിലെ രക്തം തിളക്കുകയാണെന്ന് വരെ പറഞ്ഞു. സാധാരണക്കാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. സ്വന്തം ഭാര്യ പോലും രാജകീയ വസ്ത്രങ്ങളോട് കൂടിയല്ലാതെ സുല്‍ത്താനെ കണ്ടിട്ടില്ല. ഇന്ത്യക്കാരെയടക്കം തുര്‍ക്കുമാനികളല്ലാത്തവരെയൊക്കെ അദ്ദേഹം ജോലികളില്‍നിന്ന് മാറ്റി. ഈ വക പ്രവര്‍ത്തനങ്ങളെ കൊട്ടാര ചരിത്രകാരന്‍ സിയാഉദ്ദീന്‍ ബറനി (മുതസരിഫ്) അഭിനന്ദിക്കുന്നു. അംറോഹയിലെ ചീഫ് അക്കൗണ്ടന്റായി കമാല്‍ മഹ്യാര്‍ എന്നയാളെ എല്ലാവരും ശിപാര്‍ശ ചെയ്തപ്പോള്‍ ബാല്‍ബന്‍ അംഗീകരിച്ചില്ല. കാരണം അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഇന്ത്യക്കാരനായിരുന്നു. ശുദ്ധ രക്തമുള്ള തുര്‍ക്കുമാനിക്ക് മാത്രം അവകാശപ്പെട്ടതാണ് സല്‍തനത് എന്നും സാധാരണ തുര്‍ക്കികള്‍ക്കോ ഇന്ത്യക്കാര്‍ക്കോ അതിനര്‍ഹതയില്ലെന്നും തുര്‍ക്കുമാനികള്‍ വിശ്വസിച്ചു. ജലാലുദ്ദീന്‍ ഖില്‍ജി അടിമവംശത്തെ തമസ്‌കരിച്ച് സുല്‍ത്താനായി വന്നപ്പോള്‍ അദ്ദേഹത്തിന് തലസ്ഥാനത്ത് കടക്കാന്‍ താന്‍ ശുദ്ധ തുര്‍ക്കിയാണെന്ന് തെളിയിക്കേണ്ടി വന്നുവത്രേ. സുല്‍ത്താന്‍ അലാഉദ്ദീന്‍ ഖില്‍ജി ഈ വര്‍ഗ മേധാവിത്തത്തിലൊന്നും വിശ്വസിച്ചില്ല. അദ്ദേഹം ഇന്ത്യക്കാര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്കി. തന്റെ ഏറ്റവും വിശ്വസ്തന്‍ മാലിക് കാഫൂര്‍ ഗുജറാത്തുകാരനാണ്. എന്നിട്ടും സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വലം കൈയാക്കി. തന്റെയും പിന്‍ഗാമിയുടെയും കാലത്ത് തുര്‍ക്കികളല്ലാത്ത അമീറുമാര്‍ക്കായിരുന്നു മേധാവിത്തം. മുഹമ്മദ് തുഗ്ലക്ക് വിദേശികള്‍ക്ക് പ്രത്യേകം സ്ഥാനങ്ങള്‍ നല്കി. ഇബ്നുബത്തൂത്ത സിന്ധു നദിക്കരയിലെത്തിയ വിവരമറിഞ്ഞപ്പോള്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് അദ്ദേത്തെ സ്വീകരിക്കാന്‍ ആളെ അയച്ചു. ഒരു നിബന്ധനയും വച്ചു; കൂടുതല്‍ കാലം താമസിക്കാന്‍ തയാറുണ്ടെങ്കിലേ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന്. അല്ലാത്തപക്ഷം മുള്‍താന്‍ വരെ വരാം. വിദേശികള്‍ക്ക് നല്കിയിരുന്ന മേധാവിത്തത്തിനെതിരെയുള്ള പ്രതികരണമായിരുന്നു അയ്നുല്‍ മുല്‍ക് മുള്‍താനിയുടെ കലാപം. തന്റെ അവസാന കാലത്ത് ഈ പ്രശ്നത്തിന്റെ പേരില്‍ മുഹമ്മദ് തുഗ്ലക്ക് വിഷമിച്ചിരുന്നു. ഫിറോസ് ഷാ തുഗ്ലക്ക് ഭരണത്തിലേറിയപ്പോള്‍ വീണ്ടും ഇന്ത്യന്‍ അമീറുമാര്‍ക്ക് മേധാവിത്തം കിട്ടി. സുല്‍ത്താന്റെ വിശ്വസ്തന്‍ മതം മാറിയ ബ്രാഹ്മണനായ ഖാജാ ജഹാന്‍ തിലിങ്കാനിയായിരുന്നു. വിദേശി_ സ്വദേശി പ്രശ്നം ഏറെ ബാധിച്ചത് ബഹ്മനി സുല്‍ത്താന്മാരെയാണ്. വിദേശിയായ പ്രധാന മന്ത്രി മഹ്മൂദ് ഗവാന്‍ കൊല്ലപ്പെട്ടത് തന്നെ ഈ വൈരം കൊണ്ടായിരുന്നു. മുഗള്‍ കാലത്തും ഈ പ്രശ്നം തലവേദനയായി തന്നെ നിലനിന്നു. നിയമനങ്ങള്‍ക്ക് പ്രത്യേക രീതിയൊന്നുമില്ലായിരുന്നു. ഏത് ജോലിയിലേക്കും ഏത് ഉദ്യോഗസ്ഥനും ശിപാര്‍ശ ചെയ്യാം. കഴിവുള്ളവര്‍ക്ക് പെട്ടെന്ന് േേമലാട്ടുയരാം. ഇന്നത്തെ തൂപ്പുകാരന്‍ നാളെ ഗവര്‍ണറായേക്കാം. വലിയ പദവികള്‍ മൂന്നാണ്-മാലിക്, അമീര്‍, ഖാന്‍. ഇതിലേറ്റവും വലിയ പദവി ഖാന്‍.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login