ഹിജ്‌റ: നവനാഗരികതയിലേക്കുള്ള പ്രയാണം

ഹിജ്‌റ: നവനാഗരികതയിലേക്കുള്ള പ്രയാണം

ഇസ്ലാമിക ചരിത്രത്തില്‍ എക്കാലത്തും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹിജ്റ. മക്കയില്‍ ഇസ്ലാമിക പ്രബോധനത്തിന് ക്ലേശം അനുഭവപ്പെട്ടപ്പോഴാണ് മദീനയിലേക്ക് നബി തങ്ങളും സംഘവും യാത്ര ചെയ്തുതുടങ്ങിയത്. അബ്സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷമായിരുന്നു നബി തങ്ങള്‍ ഹിജ്റക്ക് വേണ്ടി മദീന തിരഞ്ഞെടുത്തത്. ഇസ്ലാമിക കലണ്ടര്‍ ക്രമപ്പെടുത്തിയത് ഹിജ്റയെ അടിസ്ഥാനമാക്കിയാണ്. മദീനയിലേക്കുള്ള കുടിയേറ്റം ധാരാളമായിചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുകയായിരുന്നില്ല. മൂന്നുവര്‍ഷത്തോളമുള്ള തയാറെടുപ്പുകള്‍ക്ക് ശേഷമാണ് നബിയും സംഘവും ഹിജ്റക്ക് തീരുമാനിച്ചത്. വ്യത്യസ്ത സമയങ്ങളിലായി ഒറ്റയ്ക്കും കൂട്ടമായും വിശ്വാസികള്‍ മദീനയിലേക്ക് കുടിയേറി തുടങ്ങി. സ്വന്തം നാടും വീടും കുടുംബവും വിട്ടെറിഞ്ഞ് അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. മിസ്അബ് ഇബ്നു ഉമൈറും ഉമ്മു മക്തൂമുമായിരുന്നു ആദ്യമായി മദീനയിലെത്തിയത്. അല്ലാഹുവിന്റെകല്പന ലഭിച്ച ശേഷമായിരുന്നു നബി തങ്ങളും സിദ്ധീഖ് (റ ) വും ഹിജ്റക്ക് പുറപ്പെട്ടത്. ഇസ്ലാമിക ചരിത്രത്തെയും മദീനയെത്തന്നെയും മാറ്റിമറിച്ച ഹിജ്‌റയില്‍ ചില ബൗദ്ധികമാനങ്ങള്‍ കണ്ടെത്താന്‍ കഴിയും.
നബി തങ്ങളുടെ ആസൂത്രണ മികവിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഹിജ്‌റ. തുടക്കം മുതല്‍ ഒടുക്കം വരെ കൃത്യമായ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും നബി (സ്വ) തങ്ങള്‍ സ്വീകരിച്ചിരുന്നു. മദീനക്കാര്‍ മക്കയിലെത്തുന്ന ഹജ്ജ് വേളകളെ വേണ്ടവിധം ഉപയോഗപ്പെടുത്തി. മദീനക്കാരുമായി രണ്ട് സമയങ്ങളിലായി അഖബ ഉടമ്പടികള്‍ രൂപീകരിച്ചു. ഇവ രണ്ടും ഹജ്ജ് സമയത്തായിരുന്നു. മദീനയില്‍ മുസ്ലിംകളുടെ സംരക്ഷണവും ഇസ്ലാമിക പ്രബോധനത്തിന്റെ സാധ്യതകളും ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒന്നാം ഉടമ്പടിക്ക് ശേഷം മുസ്അബ് ഇബ്നു ഉമൈറിനെ ഹജ്ജ് സംഘത്തോടൊപ്പം അയക്കുകയുണ്ടായി. മദീനയിലെ കവലകളും മറ്റ് സദസ്സുകളും മുസ്അബ് (റ) വേണ്ടവിധം ഉപയോഗപ്പെടുത്തി. രണ്ടാം അഖബയിലുണ്ടായ മദീനക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ് അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. ആ ഉടമ്പടിയില്‍ തന്നെ മദീനക്കാരുടെ നേതാവായിരുന്നു ബര്‍റാഅ ബ്നു മഅമൂറിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘത്തെ നബിതങ്ങള്‍ തിരഞ്ഞെടുക്കുകയുണ്ടായി. മദീനക്കാരെ തന്നെ പ്രബോധകരായി തിരഞ്ഞെടുത്തതിനാല്‍ ഇസ്ലാമിനെ ഒരു വൈദേശികമതമായി അവര്‍ക്ക് അനുഭവപ്പെട്ടില്ല . ഇത്തരത്തിലുള്ള തന്ത്രപരമായ നീക്കങ്ങളായിരുന്നു മദീനയില്‍ ഇസ്ലാമിന് പൊടുന്നനെയുള്ള വളര്‍ച്ച നല്‍കിയത്.
തനിക്കു പകരം അലി (റ) വിനെ വിരിപ്പില്‍ കിടത്തിയായിരുന്നു നബിതങ്ങള്‍ യാത്ര തിരിച്ചത് . തന്നെ വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുക്കള്‍ തിരികെ നല്‍കാനും അലി (റ ) വിനെ ചുമതലപ്പെടുത്തിയിരുന്നു. ആ സ്വത്ത് നബിതങ്ങള്‍ എടുത്തിരുന്നെങ്കില്‍ തന്നെയും ആധുനിക നീതിശാസ്ത്രങ്ങളൊന്നും അത് തെറ്റാണെന്ന് നിര്‍വ്വചിക്കില്ലായിരുന്നു. അത്രമേല്‍ അതിക്രമങ്ങള്‍ നബിക്കും അനുചരര്‍ക്കുമെതിരെ ശത്രുവിഭാഗം അതിനകം നടത്തിയിരുന്നു. എങ്കിലും തനിക്കെതിരെ ഉയരുന്ന ചെറിയ ആക്ഷേപത്തെ പോലും തടയിടാന്‍ ഈ പ്രവൃത്തിയിലൂടെ നബി തങ്ങള്‍ക്ക് സാധിച്ചു. പതിവുപാതക്ക് പകരം അല്പം ദുര്‍ഘടം പിടിച്ച പാതയായിരുന്നു നബിതങ്ങള്‍ സ്വീകരിച്ചത്. സാധാരണ വടക്ക് ഭാഗത്തൂടെയായിരുന്നു മദീനയിലേക്ക് സഞ്ചരിച്ചിരുന്നതെങ്കില്‍ അതിന് പകരമായി തെക്ക് ഭാഗത്തൂടെയായിരുന്നു ഹിജ്റ യാത്ര. പ്രതീക്ഷിച്ചത് പോലെ തന്നെ നബി തങ്ങളെയും തിരഞ്ഞു അവര്‍ ആദ്യം സഞ്ചരിച്ചത് വടക്ക് ഭാഗത്തേക്കായിരുന്നു. ആ സമയത്തിനുള്ളില്‍ നബി തങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ നിന്നും അകലേക്ക് എത്തിയിരുന്നു. ഗുഹയില്‍ മൂന്ന് ദിവസം ഭക്ഷണം എത്തിക്കുന്നതിന് സിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മ ബീവിയെയും ഖുറൈശികളെ കുറിച്ച് വിവരം നല്‍കുന്നതിന് അബ്ദുല്ല എന്നവരെയും ഏര്‍പ്പാട് ചെയ്തു. ഇവരുടെ കാല്‍പ്പാദം തിരിച്ചറിയാതിരിക്കാന്‍ വേണ്ടി ആമിര്‍ ബിന്‍ ഫഹീറ എന്ന വ്യക്തി ഗുഹയുടെ സമീപത്ത് ആടിനെ മേച്ച് നടന്നിരുന്നതായി ചരിത്രത്തില്‍ കാണാം. ഇത്രയും മുന്‍കരുതലുകളെടുത്തിരുന്നു. അബ്ദുല്ലാഹിബ്നു ഉറൈഖിത് എന്ന അവിശ്വാസിയായിരുന്നു നബി തങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കാട്ടിയത്. മദീനയിലേക്കുള്ള നിഗൂഢ പാതകളെ കുറിച്ച് വ്യക്തമായി അറിവുള്ള വ്യക്തിയായിരുന്നു ഉറൈഖിത്. ഖുറൈശികളുടെ കണ്ണില്‍ പെടാതെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം ഏറെ ഉപകരിച്ചു. നബി തങ്ങളുടെ ആസൂത്രണങ്ങളിലെ മികവ് ഈ യാത്രയിലുടനീളം നമുക്ക് ദര്‍ശിക്കാം.

രണ്ടു വാദങ്ങള്‍
ഹിജ്റയെ കുറിച്ച് പ്രധാനമായും രണ്ടു വാദമുഖങ്ങളാണ് നിലനില്‍ക്കുന്നത്. പലായന സിദ്ധാന്തവും മധ്യസ്ഥതാ സിദ്ധാന്തവും. പാശ്ചാത്യന്‍ ഓറിയന്റലിസ്റ്റ് ചിന്താഗതിക്കാര്‍ നിര്‍മിച്ചെടുത്ത ഈ രണ്ടു വാദങ്ങളും മുസ്ലിം ഹിജ്‌റ രചനകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നബി തങ്ങള്‍ മക്കയിലെ വിഗ്രഹാരാധകരില്‍ നിന്നും ഒളിച്ചോടുകയായിരുന്നെന്നും മക്കക്കാരുമായുള്ള സമരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു എന്നുമാണ് പലായന സിദ്ധാന്തത്തിന്റെ ഉള്ളടക്കം. മക്കയില്‍ നിന്നും രക്ഷ തേടിയാണ് മദീനയിലേക്ക് പോയിരുന്നതെങ്കിലും നബി തങ്ങള്‍ ഖുറൈശികള്‍ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നില്ല. ഇസ്ലാമിക പ്രബോധനം വിപുലപ്പെടുത്തി ഇസ്ലാമിന് കൂടുതല്‍ ശക്തി കൈവരിക്കുകയായിരുന്നു ലക്ഷ്യം. നബി തങ്ങള്‍ പരാജയപ്പെട്ട് പിന്മാറിയതായിരുന്നെങ്കില്‍ അവിശ്വാസികള്‍ കൂടുതല്‍ സന്തോഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ നബിതങ്ങളുടെയും സ്വഹാബത്തിന്റെയും ഹിജ്റയെ കൂടുതല്‍ ഭയത്തോടെയാണ് ഖുറൈശികള്‍ നോക്കിക്കണ്ടത്. മക്കയില്‍ ഖുറൈശികളുമായി ഏറ്റുമുട്ടാന്‍ അല്ലാഹുവിന്റെ കല്പന ലഭിച്ചിരുന്നില്ല. ആള്‍ബലക്കുറവ് കൊണ്ടാണ് മുസ്ലിംകള്‍ യുദ്ധത്തിന് തയാറാവാതിരുന്നത് എന്നത് തീര്‍ത്തും ബാലിശമാണ്. ബദ്‌റിലടക്കം ആള്‍ബലമായിരുന്നില്ലല്ലോ. മുസ്ലിംകളുടെ കരുത്ത്. ഉമര്‍ (റ) വിനെ പോലെയുള്ള ആളുകള്‍ ഖുറൈശികളെ വെല്ലുവിളിച്ച് കൊണ്ടാണ് ഹിജ്‌റ പോയത് എന്നും ചരിത്രത്തില്‍ കാണാം. ഇത്തരത്തില്‍ വീക്ഷിക്കുമ്പോള്‍ പലായന സിദ്ധാന്തത്തില്‍ കഴമ്പില്ല.

നബി തങ്ങള്‍ മദീനയിലെത്തുന്ന അവസരത്തില്‍ പരസ്പര വിദ്വേഷത്തിലായിരുന്നു ഔസ്, ഖസ്‌റജ് എന്നീ മുസ്ലിം ഗോത്രങ്ങള്‍. ഇവര്‍ക്കിടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഹിജ്റ എന്നതാണ് മധ്യസ്ഥതാ സിദ്ധാന്തം. എന്നാല്‍ ഇബ്നു ഹിശാമിന്റെ രണ്ടാം അഖബ ഉടമ്പടിയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഈ സിദ്ധാന്തത്തെ പൂര്‍ണമായും നിരാകരിക്കുന്നുണ്ട്. നബി തങ്ങളും സംഘവും മദീനയിലെത്തിയാല്‍ അവര്‍ക്കുവേണ്ടി സമരമുഖത്തിറങ്ങാന്‍ തയാറാണെന്ന പ്രതിജ്ഞയായിരുന്നു രണ്ടാം ഉടമ്പടിയില്‍ ഉയര്‍ന്നുകേട്ടത്. പ്രവാചക ചരിത്രകാരന്മാര്‍ എല്ലാം തന്നെ രണ്ടാം അഖബക്ക് സമര പ്രതിജ്ഞ എന്നാണ് വിശേഷണം ചാര്‍ത്തിയത്. ഒരു മധ്യസ്ഥന്‍ എന്നതിനേക്കാളുപരി ഒരു പ്രവാചകനെ ആയിരുന്നു അവര്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. ഔസും ഖസ്‌റജും തമ്മിലുള്ള രഞ്ജിപ്പിന് നബി തങ്ങള്‍ കാരണമായിട്ടുണ്ടെങ്കിലും അതിലേക്ക് മാത്രം ഹിജ്റയെ ചുരുക്കിക്കെട്ടുന്നത് യുക്തിയല്ല. അതുകൊണ്ടുതന്നെ മധ്യസ്ഥതാ സിദ്ധാന്തം ഇവിടെ അസ്ഥാനത്താണ്.
ഇവ രണ്ടുമല്ലാതെ ഒരു പ്രാഥമിക ഇസ്ലാമിക നാഗരികത കെട്ടിപ്പടുക്കുകയായിരുന്നു ഹിജ്റയുടെ ലക്ഷ്യം. നബി തങ്ങള്‍ മദീനയിലെത്തിയ ശേഷം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. മദീനയിലെത്തിയ ഉടനെ ഖുബാഇല്‍ ഒരു പള്ളി നിര്‍മിക്കുകയും ഭരണകേന്ദ്രം എന്ന നിലയില്‍ അത് പ്രവര്‍ത്തിക്കുകയും ചെയ്തു. മദീന രാഷ്ട്രത്തിന് സ്വന്തമായി ഒരു ഭരണഘടനയുണ്ടാക്കാനും നബി തങ്ങള്‍ക്ക് സാധിച്ചു. ആധുനിക കാലത്തെ നിയമവ്യവഹാരങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ തന്നെയായിരുന്നു ഭരണഘടനയിലെ വ്യവസ്ഥകള്‍. ഒരു ഇസ്ലാമിക രാഷ്ട്രമായിരുന്നിട്ടുപോലും അന്യമതങ്ങള്‍ക്ക് പ്രത്യേകം അവകാശങ്ങള്‍ നബി വകവെച്ചു നല്‍കി. സൈനിക, സാമ്പത്തിക വ്യവഹാരങ്ങളിലും കൃത്യമായ മാര്‍ഗരേഖയുണ്ടാക്കി. തങ്ങളോട് ഏറ്റുമുട്ടാന്‍ വരുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ശക്തമായ യുദ്ധസന്നാഹം തന്നെ ഒരുക്കി. അതിര്‍ത്തി ഗോത്രങ്ങളെ നേരില്‍കണ്ട് അവരുടെ സഹായം ഉറപ്പ് വരുത്തി. സാമ്പത്തിക ഭദ്രതക്ക് വേണ്ടി അന്യമതക്കാര്‍ക്ക് ജിസ്യയും മുസ്ലിംകള്‍ക്ക് സകാത്തും നിര്‍ബന്ധമാക്കി. ഇസ്ലാമിക ചരിത്രത്തില്‍ ആദ്യ റെസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റിയായി പരിചയപ്പെടുത്തുന്നതും മദീനാ പള്ളിയെ തന്നെയാണ്. നബി തങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഗോത്ര പക്ഷപാതിത്വത്തിലധിഷ്ഠിതമായ ജാഹിലിയ്യ സമൂഹത്തിന്റെ സ്ഥാനത്ത് സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തെ പകരം വെക്കാന്‍ നബി തങ്ങള്‍ക്ക് സാധിച്ചു. ദിവ്യവും ആത്മീയവുമായ ഗുണവിശേഷങ്ങളെ നിരാകരിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതികളെ മറികടക്കുന്ന തരത്തില്‍ ഇസ്ലാമിക ആദര്‍ശധാരകളെ അടിസ്ഥാനമാക്കി ഒരു നഗര രാഷ്ട്രം നബിതങ്ങള്‍ പണിതെടുത്തു.
നബി തങ്ങള്‍ക്ക് മുമ്പ് പല നബിമാരും ഹിജ്റ നടത്തിയതായി ചരിത്രത്തിലുണ്ട്. ഇറാഖില്‍ നിന്ന് പുറപ്പെട്ട് ഫലസ്തീനും ഈജിപ്തും പിന്നിട്ട് മക്കയിലെത്തിയ ഇബ്രാഹീം നബിയുടെ ദേശാടനവും ഈജിപ്തില്‍നിന്നും ഫലസ്തീനിലേക്ക് മൂസാ നബി നയിച്ച വിമോചനയാത്രയും ഇതിനുദാഹരണങ്ങളാണ്. ലോകത്ത് നാഗരികതകള്‍ രൂപപ്പെടുത്തുന്നതില്‍ കുടിയേറ്റങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. സുമേറിയ, അമേരിക്ക, സിന്ധു നദീതട സംസ്‌കാരങ്ങളുടെ ചരിത്രം എന്നിവ പലായനത്തിന്റെ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്നുണ്ട്. ഉമവി ഭരണാധികാരിയായിരുന്ന അബ്ദുറഹ് മാന്‍ ദാവിന്‍ എന്നവരുടെ പലായനത്തിന്റെ ഫലമായിട്ടായിരുന്നു മുസ്ലിം സ്പെയിന്‍ രൂപപ്പെട്ടത്. ഇസ്ലാമേതര മതങ്ങളിലും കുടിയേറ്റത്തിന്റെ കഥകള്‍ നമുക്ക് കാണാന്‍ സാധിക്കും

മാനുഷിക മൂലധനത്തിന്റെ ശരിയായ ഉപയോഗത്തിന്റെ ഉദാഹരണം കൂടിയായിരുന്നു ഹിജ്‌റ. രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടം നല്‍കാതെ മുസ്ലിം സമൂഹത്തെ സംരക്ഷിക്കാനും ഇസ്ലാമിന് കൂടുതല്‍ വളര്‍ച്ച നല്‍കാനും ഹിജ്‌റ ഉപകരിച്ചു. ഉചിതമായ സന്ദര്‍ഭത്തില്‍ മക്കാവിജയത്തിലൂടെ ഹിജ്‌റ ശരിയായിരുന്നുവെന്ന് നബി തങ്ങള്‍ തെളിയിക്കുകയും ചെയ്തു. സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ ഒട്ടേറെ ഇടപെടലുകള്‍ക്ക് ഹിജ്‌റ നിദാനമായിത്തീര്‍ന്നിട്ടുണ്ട്. ഒരു ചരിത്രകഥ എന്നതിനേക്കാളുപരി ഒട്ടേറെ വിപ്ലവങ്ങള്‍ക്ക് തിരി കൊളുത്തിയ ചരിത്ര യാത്രയായിട്ടാണ് ഹിജ്‌റ വായിക്കപ്പെടേണ്ടത്.

ഫിര്‍ദൗസ് മന്‍സൂര്‍

You must be logged in to post a comment Login