ഇനിയെന്നാണ് മനുഷ്യന്‍ മൃഗങ്ങളെ ഉള്‍കൊള്ളുന്നത്?

ഇനിയെന്നാണ് മനുഷ്യന്‍ മൃഗങ്ങളെ ഉള്‍കൊള്ളുന്നത്?

മൃഗങ്ങളോടുള്ള മനുഷ്യന്റെ സമീപനങ്ങള്‍ കുറച്ചു കാലങ്ങളായി അത്ര നന്നല്ല. ലോക രാഷ്ട്രങ്ങളുടെ സമീപകാല അനുഭവങ്ങളും, ഇക്കാര്യം ശരിവെക്കുന്നുണ്ട്. കൊവിഡ് 19 പരത്തിയിട്ടുള്ള ഭീതിയുടെ നിഴലിലിരുന്ന് ജനം വിചിന്തനം നടത്തേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ വിഷയം.

ചൈനയിലെ വുഹാന്‍ നോണ്‍വെജ് മാര്‍ക്കറ്റില്‍ നിന്നാണ് മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന് ഏറെക്കുറെ ലോകം ഉറപ്പിച്ചു കഴിഞ്ഞു. വന്യമായ ഭക്ഷണരീതി കൊണ്ട് ലോകം മുഴുവന്‍ പണ്ടേ അറിയപ്പെട്ടതാണ് വുഹാന്‍ നഗരം. യഥാര്‍ത്ഥത്തില്‍, ചൈനയുടെ വലിയ ജനസംഖ്യയുടെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു ചെറിയ വിഭാഗം മാത്രമേ അങ്ങനെയുള്ളൂ. നമ്മുടെ നാട്ടിലെ കാരണവന്മാര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ ചൈനയെ പരിചയപ്പെടുത്താറുള്ളത് ‘പാമ്പിനെ തിന്നുന്ന നാട്’ എന്നാണ്. പാമ്പു മാത്രമല്ല, ഒരു സാധാരണ മാനുഷിക ബുദ്ധിയില്‍ ഭക്ഷ്യയോഗ്യമെന്നു തോന്നാത്ത പല ജാതി ജന്തുക്കളും അവരുടെ തീന്മേശകളില്‍ നിരത്തപ്പെടുന്നുണ്ട്.
1970 കളില്‍ പടര്‍ന്നു പിടിച്ച മാരക വ്യാധികള്‍ ചൈനയുടെ സാമ്പത്തിക ശേഷിയെ വല്ലാതെ ബാധിച്ചു. 36 മില്യണ്‍ ജനങ്ങള്‍ മരണപ്പെട്ടു. ചൈന ഒന്നുമല്ലാതാകാന്‍ തുടങ്ങി. 900 മില്യണ്‍ ജനങ്ങള്‍ക്ക് ചോറൂട്ടല്‍ ചൈനീസ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമായി. തുടര്‍ന്ന്, സ്വകാര്യ ഫാമുകളും കൃഷികളും നടത്താന്‍ 1978 ല്‍ ചൈന ജനങ്ങള്‍ക്കു അനുമതി നല്‍കി. പൊതുവേ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കച്ചവടം വലിയ വലിയ കമ്പനികള്‍ കുത്തകയാക്കി കൈവശം വെച്ചപ്പോള്‍ ചെറിയ വ്യാപാരികള്‍ വന്യമായ ഭക്ഷണ രീതികള്‍ക്ക് ശ്രമിച്ചു. പലരുടെയും നിലനില്‍പിന്റെ പോരാട്ടമായിരുന്നതുകൊണ്ട് ഗവണ്‍മെന്റ് ഈ രീതികളെ പിന്താങ്ങി.

1988ല്‍ വന്യജീവികളെക്കുറിച്ച നിയമങ്ങള്‍ ചൈന ക്ലിപ്തപ്പെടുത്തി. വന്യമൃഗങ്ങള്‍ പ്രകൃതി വിഭവങ്ങളില്‍ (natural resource) പെട്ടതാണ്. അതായത് മനുഷ്യന് ഉപകാരമെടുക്കാവുന്ന സ്രോതസ്സുകളാണ്, അവയുടെ ആത്യന്തികമായ ഉടമാവകാശം സ്റ്റേറ്റിനു തന്നെയാണ് എന്നൊക്കെ പ്രഖ്യാപിതമായി. പിന്നീട് ഗവണ്‍മെന്റ് നിയമാനുസൃതമാക്കിക്കൊടുത്തതും അല്ലാത്തതുമായ ധാരാളം മൃഗങ്ങള്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ തുടങ്ങി. മിക്ക ജീവികളും പലയിനം വൈറസുകള്‍ക്ക് പേരു കേട്ടവയായിരുന്നു.

എലി, വവ്വാല്‍, പട്ടി, പന്നി, പാമ്പ്, പൂച്ച തുടങ്ങിയ ജീവികളൊക്കെയാണ് വുഹാന്‍ മാര്‍ക്കറ്റില്‍. വില്‍ക്കപ്പെടുന്നത്. സാധാരണ മനുഷ്യന്റെ ബുദ്ധിയില്‍ തന്നെയും എത്ര വന്യമായ നടപടികളാണിവ? മാനസിക പ്രശ്നങ്ങളെ (Psychological abnormality) കുറിച്ച് സംസാരിക്കുമ്പോള്‍ കടന്നു വരുന്ന ഒരു സാധ്യതയുണ്ട്. ചിലര്‍ക്ക് വന്യമായി (insane) തോന്നുന്നത് മറ്റു ചിലര്‍ക്ക് സ്വാഭാവികമായി (normal) തോന്നിയേക്കാം.
എനിക്കിഷ്ടമുള്ളത് എനിക്കു തിന്നു കൂടെ? ഒറ്റനോട്ടത്തില്‍ അതൊരു ന്യായമായ ചോദ്യമാണ്. പക്ഷേ, മനുഷ്യന്‍ എന്ന സൃഷ്ടി, ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിയും പരസ്പര സമ്പര്‍ക്കവുമുള്ള സാമൂഹ്യജീവിയാണ് എന്നു മറക്കരുത്. എത്രയോ മാരകമായതും അല്ലാത്തതുമായ പകര്‍ച്ചവ്യാധികള്‍ ലോകചരിത്രത്തില്‍ വന്നു പോയിട്ടുണ്ട്. പലതും മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്കു പരക്കുന്നതായിരുന്നെങ്കിലും മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കു രോഗം പകരുന്നതും, ചരിത്രം കണ്ടിടത്തോളം, ഒരു അത്യപൂര്‍വ സംഭവമൊന്നുമല്ല. അതു കൊണ്ട്, സാമൂഹികമായ ഒത്തിരി ഉത്തരവാദിത്തങ്ങള്‍ മനുഷ്യന്റെ ചുമലിലുണ്ട്.
ഓരോ സൃഷ്ടിക്കും ഓരോ ഇടവും ദൗത്യവും ആവാസ വ്യവസ്ഥയുമൊക്കെയുണ്ട്. അതു പ്രപഞ്ചത്തിന്റെ ക്രമമാണ്. അതു കല്‍പിച്ചു നല്‍കുന്നത് ലോക രക്ഷിതാവാണ്,അല്ലാഹുവാണ്. ആ ക്രമവിന്യാസത്തെ തെറ്റിക്കുകയും വിരൂപമാക്കുകയും ചെയ്യുന്നതിനാണ് അക്രമം എന്നു പറയുന്നത്. ഭക്ഷ്യയോഗ്യമായത്, അല്ലാത്തത് എന്ന വിവേചനം അല്ലാഹു തന്നെ നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യം നല്‍കലും വിലക്കേര്‍പ്പെടുത്തലുമൊക്കെ ഇസ്ലാമിന്റെ പൊതു സ്വഭാവമാണ്. മനുഷ്യന്‍ ഇടപെടുന്ന സര്‍വ്വ മേഖലയെയും സ്പര്‍ശിക്കുന്ന ഒരു സംവിധാനത്തെ സംബന്ധിച്ചിടത്തോളം അതൊരു അനിവാര്യതയുമാണ്. മുസ്ലിമായ ഒരു വ്യക്തിക്ക് ഇസ്ലാം വരക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കാനാവില്ല. അങ്ങനെ അനുസരണയുള്ളവരായാല്‍ ഒരു മുസ്ലിമും ഒരു സാമൂഹിക വിപത്തിന്റെ ഹേതുവായിത്തീരില്ല. ഇസ്ലാം അത്രമേല്‍ പരിപൂര്‍ണ്ണവും (ആവശ്യമെങ്കില്‍) ശാസ്ത്രീയവുമാണ് എന്നതാണതിന്റെ കാരണം.

കൊവിഡ് പ്രശ്നങ്ങള്‍ വലിയ ചര്‍ച്ചയാകുന്നതിനു മുമ്പ്, കഴിഞ്ഞ കുറച്ചു മാസങ്ങളും വര്‍ഷങ്ങളുമായി ഓസ്ട്രേലിയയില്‍ നടന്നു കൊണ്ടിരുന്ന മൃഗവേട്ടകള്‍, ലോക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രകൃത്യാ സംഭവിച്ചകാട്ടുതീ (Bushfire)ഓസ്ട്രേലിയയില്‍ വരുത്തിത്തീര്‍ത്ത നാശനഷ്ടങ്ങളും ഇല്ലാതാക്കിയ മൃഗങ്ങളുടെ കണക്കുകളും ലോകം കണ്ടതില്‍ വെച്ചുതന്നെ ഏറ്റവും ആസ്വാഭാവികതയും ഭീതിയും നിറഞ്ഞവയായിരുന്നു. ആമസോണ്‍ വനാന്തരങ്ങളിലെ കാട്ടുതീ കെട്ടടങ്ങുന്നതിനും മുന്‍പെയാണ് ഓസ്ട്രേലിയന്‍ കാട്ടുതീ കത്തിപ്പടര്‍ന്നത്. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ചര്‍ച്ചചെയ്യേണ്ടത് മൃഗങ്ങളോടുള്ള അവരുടെ സമീപനം തന്നെ.

മനഃപൂര്‍വ്വമല്ലാതെ ഉണ്ടായിത്തീര്‍ന്ന കാട്ടുതീയില്‍ വ്യത്യസ്തയിനംമൃഗങ്ങള്‍ ചത്തുപോവുകയും ചിലതിന് വംശനാശം വരെ സംഭവിക്കുകയും ചെയ്തു. അതൊരു ‘വിധി’യായി കണക്കാക്കിയാല്‍ തന്നെ, മനഃപൂര്‍വ്വം മൃഗങ്ങളെ കൊന്നുതള്ളുന്നതിനെ എങ്ങനെ ന്യായീകരിക്കാനാണ്? വെള്ളം കുടിച്ചുതീര്‍ക്കുന്നു എന്നതിന്റെപേരില്‍,ദക്ഷിണ ഓസ്ട്രേലിയയിലെ വരള്‍ച്ചനേരിടുന്ന ചില പ്രദേശങ്ങളിലെ 10,000 ഒട്ടകങ്ങളെയാണ്ഈയിടെ ഓസ്ട്രേലിയ വെടിവെച്ചുകൊന്നത്. പല സമയങ്ങളിലായി മൃഗങ്ങളോടുള്ള ഈ ക്രൂര മനോഭാവം ഓസ്ട്രേലിയ പ്രകടമാക്കിയ ചരിത്രം നമുക്കോര്‍മ്മയുണ്ട്. തുര്‍ക്കിഷ്ചാനല്‍ TRT worldന്റെ അന്വേഷണ റിപ്പോട്ട്കണ്ടാല്‍ അതു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. (https://youtu.be/cLF-g0zu-64).

ഒട്ടകങ്ങളെ ആവശ്യമുള്ള,കിട്ടിയാല്‍കാര്യമായികരുതുന്ന, ഒട്ടനവധിരാജ്യങ്ങളുണ്ട് ലോകത്ത്. അവിടങ്ങളിലേക്ക് കയറ്റിയയക്കുകയോ മറ്റേതെങ്കിലും വിധേന സംരക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ നില്‍ക്കാതെ, ഇത്ര ഒട്ടകങ്ങളെ ഹെലികോപ്റ്ററും മറ്റും ഉപയോഗിച്ച് ഓസ്ട്രേലിയ വെടിവെച്ചുകൊന്നതാണ് നിലവില്‍പ്രശ്നം. കാട്ടുതീയില്‍ ദുരിതമനുഭവിച്ചിരുന്ന കൊവാല കരടികള്‍ക്കും കങ്കാരുക്കള്‍ക്കും ഇതേ ഹെലികോപ്റ്ററുകളുപയോഗിച്ച് ഓസ്ട്രേലിയ കാരറ്റും തീറ്റയും കൊടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്ന വാസ്തവം മറക്കുന്നില്ല. പക്ഷേ, ഇതിനൊക്കെ പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത് സങ്കുചിത രാഷ്ട്രീയം എന്നൊരു ആശങ്ക!

2009നും2013നുംഇടക്ക് 1,60,000ഒട്ടകങ്ങള്‍ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അംഗസംഖ്യാ വര്‍ധനവിന്റെ പേരില്‍ 1.5 മില്യണ്‍ കങ്കാരുക്കളെ 2015ല്‍ ഓസ്ട്രേലിയ കൊന്നുതള്ളിയിരുന്നു. പിന്നീടുള്ള അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 2മില്യണ്‍ കാട്ടുപൂച്ചകളും കൂട്ടക്കൊല ഇരയായി.

ഇങ്ങനെ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഇത്തരം മൃഗഹത്യകള്‍ക്കു പിന്നിലെ ലക്ഷ്യം എന്താണെന്ന് ലോക സംഘടനകളും ലോക രാജ്യങ്ങളുമൊക്കെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പല പരിഹാര മാര്‍ഗങ്ങളും നിലനില്‍ക്കുമ്പോഴും കൊന്നു തള്ളുക, ആക്രമിച്ചു നേരിടുക തുടങ്ങിയ വന്യമായ രീതിശാസ്ത്രങ്ങളാണ് ഓസ്ട്രേലിയയുടേത്. ഇത് സൂ സാഡിസമല്ലേ(Zoo Sadism) എന്ന ചിന്തയും അസ്ഥാനത്തല്ല.

അപരന്റെദുഃഖത്തില്‍ സന്തോഷിക്കലാണല്ലോ സാഡിസം (Sadism). മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തുമ്പോള്‍ അതു സൂസാഡിസമാകും (Zoo Sadism). അതില്‍ ലൈംഗികമായ അക്രമങ്ങളും ഉള്‍പ്പെടും, അല്ലാത്തവയും ഉള്‍പ്പെടും. മക്‌ഡൊണാള്‍ഡ് ത്രയത്തില്‍ പെട്ടഒരു മാനസികാവസ്ഥയാണിത്. ഈ സ്വഭാവം സൈക്കോപാതിന്റെ ഒരു ലക്ഷണമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സീരിയല്‍ കൊലപാതകങ്ങളിലെ പ്രതികള്‍, ബലാത്സംഗങ്ങളിലെ പ്രതികള്‍ തുടങ്ങിയവരിലെ ഒരു പൊതു ഘടകമായി(trait) സൂ സാഡിസം കണ്ടു വരുന്നു എന്നാണ് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (FBI) റിപ്പോട്ടുകള്‍ പറയുന്നത്. ഡോ.ഹെലന്‍ഗാവിന്‍(Dr. Helen Gavin) തന്റെ criminological and forensic psychology (2013) എന്ന ഗ്രന്ഥത്തില്‍ 1978നും1983നും ഇടയ്ക്ക് പന്ത്രണ്ടോളം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഡെന്നിസ് ആന്‍ഡ്രൂ നില്‍സണ്‍ എന്ന കുപ്രസിദ്ധനായ ഒരു സ്‌കോട്ടിഷ് സീരിയല്‍ കില്ലറുടെ കഥ പറയുന്നുണ്ട്. Bleep എന്നു പേരായ തന്റെ വളര്‍ത്തു നായയെ അയാള്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നു. അയാളുടെയുള്ളിലെ മനുഷ്യ വെറുപ്പിന്റെ തുടക്കമായോ തുടര്‍ച്ചയായോ കണക്കാക്കപ്പെടേണ്ട ഒരു വിശേഷണമാണതെന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്. St. Louis University School of medicineലെ ഫോറന്‍സിക് സൈക്യാട്രി വിഭാഗം ഡയറക്ടറായ അലന്‍ ആര്‍ ഫെല്‍ തോസിന്റെ (Alan R Felthous)Aggression against Cats, Dogs and People (1980) എന്ന പഠനവും പ്രസ്തുത വസ്തുതയെ വേരുറപ്പിക്കുന്നതാണ്.
ഇനി സൂ സാഡിസമല്ല, ഓസ്ട്രേലിയ പറയുന്ന പോലെ അംഗസംഖ്യാ വര്‍ധനയാണ് മൃഗങ്ങളെ കൊന്നുകളയാനുള്ള കാരണം എന്നിരിക്കട്ടെ. അംഗസംഖ്യാവര്‍ധന ഭയന്ന്മൃഗങ്ങളെകൊന്നുകളയുന്നതിലെ യുക്തിയും അതിന്റെ ഭാവിയും വിശകലനം ചെയ്യേണ്ടതുണ്ട്. കാട്ടുപൂച്ചയും കങ്കാരുവും ഒട്ടകവും മാത്രമല്ലല്ലോ മൃഗങ്ങള്‍. മനുഷ്യനുംമൃഗമാണ്. ചിന്തിക്കാനുള്ള കഴിവുണ്ട് (Homosapiens) എന്ന വ്യത്യാസമേയുള്ളൂ. അംഗപ്പെരുപ്പം മനുഷ്യരിലുംകുത്തനെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രകൃതി വിഭവങ്ങള്‍ തികയാതെ വന്നാല്‍ ലോകം നാളെ എന്തു ചെയ്യും?

ഒരുപാട് സാധ്യതകള്‍ഉണ്ട്. പ്രത്യുത്പാദനം കുറക്കുക, ലോകത്തിന്റെ വിസ്തൃതി കൂട്ടുക (അന്യഗ്രഹങ്ങളിലെ ജീവ സാധ്യത പോലെയെന്തെങ്കിലും) തുടങ്ങി പല ഓപ്ഷന്‍സും ആദ്യമാദ്യംതലയില്‍ തെളിയും. പക്ഷേ ഇതിനേക്കാളൊക്കെ തീവ്രവും വന്യവുമായ ഒരുപരിഹാരമാര്‍ഗം ഇന്‍ഫെര്‍ണോ(Inferno) എന്ന ഡാന്‍ ബ്രൗണ്‍(Dan Brown) നോവലിലെ സോബ്രിസ്റ്റ് എന്ന വില്ലന്‍ കഥാപാത്രം മുന്നോട്ടു വെക്കുന്നതായി കാണാം.

ബര്‍ട്ടിനാഡ് സോബ്രിസ്റ്റ് എന്ന കഥാപാത്രം വലിയൊരു മനുഷ്യ സ്നേഹിയാണ്. നിലവിലെ ജനസംഖ്യാ കണക്കുകള്‍ പ്രകൃതി വിഭവങ്ങള്‍ക്കു നേരെ ഉയര്‍ത്തുന്നത് ശക്തമായ വെല്ലുവിളിയാണ് എന്ന് അയാള്‍ അന്ധമായി വിശ്വസിക്കുന്നു. മനുഷ്യകുലം മുഴുവന്‍ കൂട്ടമായി തീരുമാനമെടുത്ത് ഉത്പാദനം കുറക്കുക എന്ന ത്യാഗം ജനസംഖ്യാ പ്രശ്നങ്ങളുടെഒരു പരിഹാരമായി പരിണമിക്കണമെങ്കില്‍ കാലങ്ങളെടുക്കും. അതിനാല്‍ ജനസംഖ്യ കുറക്കല്‍ എന്ന പ്രക്രിയ ഇന്നത്തെ ജനസംഖ്യ മുതല്‍ തുടങ്ങണം. ഇതാണ് സോബ്രിസ്റ്റിന്റെ വാദം. ശേഷം കഥ പുരോഗമിക്കുന്നത് ഇങ്ങനെയാണ്.

ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ ഒരുമിച്ചു കൂടുന്ന തുര്‍ക്കിയിലെ ഒരു സംഗീതാസ്വാദന ക്ലബ്ബിനകത്ത് വെച്ച് അയാള്‍ ഒരുതരം വൈറസ് പരത്തുന്നു. മണിക്കൂറുകള്‍കൊണ്ട് അമേരിക്കയില്‍ വരെയെത്തിയ പ്രസ്തുത വൈറസ് ലോകത്തിലെ മൂന്നിലൊന്ന് മനുഷ്യര്‍ക്കും വന്ധ്യത എന്ന രോഗം സമ്മാനിക്കുന്നു. താനാണ് ഏറ്റവും വലിയ മനുഷ്യ സ്നേഹി എന്നയാള്‍ പ്രഖ്യാപിക്കുന്നു. ആത്മനിര്‍വൃതിയില്‍ സോബ്രിസ്റ്റ് ആത്മഹത്യ വരിക്കുന്നു. മനുഷ്യകുലത്തെ വലിയൊരുആപത്തില്‍നിന്നും രക്ഷിച്ച തന്നെ ഒരുമാലാഖയായി അയാള്‍ സ്വയം ചിത്രീകരിക്കുന്നു. ഈയൊരുനിസ്സഹായതയില്‍ നായകന്‍ ലാങ്ഡണിനും മറ്റു കഥാപാത്രങ്ങള്‍ക്കും വായനക്കാരനും ശൂന്യത അനുഭവപ്പെടുന്നിടത്ത്, കഥ അവസാനിക്കുന്നു.

ഇത്തരത്തില്‍ ജനസംഖ്യ കുറക്കാന്‍ ലോകം ബാധ്യസ്ഥരാണോ? അല്ല എന്നാണതിന്റെ ഉത്തരം. സത്യത്തില്‍ ലോകത്ത് ആര്‍ക്കും ഒന്നും യഥാര്‍ത്ഥത്തില്‍ അവകാശപ്പെടാനില്ല. മനുഷ്യന്‍ വെള്ളം കുടിക്കുന്നു, വായു ശ്വസിക്കുന്നു, ചൂടും തണലും കൊള്ളുന്നു തുടങ്ങി സകല പ്രകൃതി വിഭവങ്ങളെയും അവന്‍ വിനിയോഗിക്കുന്നു. ഇതെല്ലാം അല്ലാഹു തന്ന സൗഭാഗ്യവും സൗകര്യവുമായി മാത്രമേ കണക്കാക്കാനാവൂ. ഓര്‍ത്തിരിക്കേണ്ട പ്രധാന കാര്യം, എനിക്കുള്ള അതേ അവകാശവും ഉടമസ്ഥതയുമാണ് മറ്റുള്ളവര്‍ക്കും പ്രപഞ്ചത്തിലുള്ളത് എന്ന വസ്തുതയാണ്. ഈയൊരു ബോധം ഉദിക്കുന്നിടത്ത്, മറ്റുള്ളവനെയോ സ്വന്തത്തെയോ കൊന്നിട്ട് ലോകത്തെ പ്രകൃതി വിഭവ ക്ഷാമത്തില്‍ നിന്നും രക്ഷിക്കുക എന്ന ചിന്ത വെറും വ്യര്‍ത്ഥമാണെന്ന തിരിച്ചറിവ് ജനിക്കും.

ഇസ്ലാമിക വീക്ഷണത്തില്‍ എല്ലാത്തിന്റെയും ദാതാവ്, അഥവാ റാസിഖ്, അല്ലാഹു മാത്രമാണ്. കൊടുക്കുന്നതും തഴയുന്നതും അവന്‍ തന്നെയാണ്. പ്രസ്തുത വിശ്വാസം മനസ്സില്‍ വേരുറപ്പിക്കേണ്ട ആവശ്യകതയെയാണ് ഓസ്‌ട്രേലിയന്‍ ഭീതിയും മറ്റുമൊക്കെ മനസ്സിലാക്കിത്തരുന്നത്. അല്ലാഹു എല്ലാത്തിനും മതിയായവനാണ്. ഒരു കോടി ജനങ്ങള്‍ക്ക് തിന്നാന്‍ കൊടുക്കുന്നതും ഒരാള്‍ക്ക് തിന്നാന്‍ കൊടുക്കുന്നതും അവനെ സംബന്ധിച്ചിടത്തോളം ഒരു പോലെ തന്നെയാണ്. കൊടുത്താല്‍ തീര്‍ന്നു പോകുന്ന ഒരു നിധിയില്‍ നിന്നല്ല അവന്‍ നല്‍കുന്നതൊന്നും. അവന്‍ എത്ര വേണമെങ്കിലും കൊടുക്കാന്‍ പ്രാപ്തനാണ്. ഇതൊക്കെയാണ് ഇസ്ലാമിക വിശ്വാസം. ലോകത്തിന്റെ നന്മയും മനുഷ്യന്റെ നിസ്സാരതയും ഒക്കെ മനസ്സിലാക്കാവുന്ന വിശാലമായ ചിന്താധാര! ഈയൊരു വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍, ഇത്തരത്തിലുള്ള ഫോബിയകളോ ഇസങ്ങളോ ഒന്നും മനുഷ്യനെ കീഴ്പ്പെടുത്തുകയില്ല. മനുഷ്യനും മൃഗത്തിനുമൊക്കെ ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഒന്നു തന്നെയാണെന്ന് അവനു മനസ്സിലാവുകയും ചെയ്യും.

അതുകൊണ്ട്, ഭൂമിയുടെ അവകാശികള്‍ മനുഷ്യനും മൃഗങ്ങളും പക്ഷികളുമടക്കം എല്ലാവരുമാണെന്ന വിശാലമായ പ്രത്യയശാസ്ത്രം മനുഷ്യനെ മുന്നോട്ടു നയിക്കണം. ബുദ്ധിയും വിവേകവും മനുഷ്യനെ വ്യത്യസ്തനാക്കുന്നുണ്ട്. അത് ചൂഷണം ചെയ്യാനും അക്രമങ്ങള്‍ നടത്താനുമുള്ള ആധികാരിതയല്ല. മറിച്ച്, ഭൂമിയുടെ നല്ലനടപ്പും പക്വമായ പെരുമാറ്റ ചട്ടങ്ങളുമാണ് എന്റെ വിവേകത്തിന്റെ ദൗത്യം എന്നു തിരിച്ചറിയണം. ഓരോ ജീവിവര്‍ഗത്തിനും അവരുടേതായ ഇടവും സംരക്ഷണവും നല്‍കണം.

ശിബിലി മഞ്ചേരി

You must be logged in to post a comment Login