എന്തുകൊണ്ട് കൊവിഡ് 19?

എന്തുകൊണ്ട് കൊവിഡ് 19?

മഹാമാരികളുമായി താരതമ്യം ചെയ്യുമ്പോള്‍
കൊവിഡ് 19 വ്യാപനത്തിന്റെ തീവത്ര മനസ്സിലാക്കേണ്ടത് കഴിഞ്ഞ കാലങ്ങളില്‍ മനുഷ്യരാശിയെ ബാധിച്ച വൈറസ് രോഗങ്ങളുമായി അതിനെ താരത്യമം ചെയ്തുകൊണ്ടാണ്. അങ്ങനെ നോക്കിയാല്‍, ഭാഗ്യവശാല്‍ നോവല്‍ കൊറോണ അത്ര ഭീകരനൊന്നുമല്ല. ഉദാഹരണത്തിന്, മെസില്‍സ് തുടങ്ങിയ വൈറസുകള്‍ ഒരു വിദ്യാര്‍ഥിക്കു പകര്‍ന്നു കഴിഞ്ഞാല്‍ സ്‌കൂളില്‍ ശരാശരി 18 വിദ്യാര്‍ഥികളിലേക്കെങ്കിലും രോഗം വ്യാപിക്കുമായിരുന്നു. കൊറോണയാകട്ടെ, ഒരാളില്‍ നിന്നും 3 മുതല്‍ 4 ( സാര്‍സ് കൊറോണ പക്ഷേ ഇത്ര വരില്ല) പേര്‍ക്കു മാത്രമേ ശരാശരി പകരുകയുള്ളൂ. വൈറസ് പ്രത്യുല്‍പാദന തോത് ഉപയോഗിച്ചാണ് എത്ര പേര്‍ക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്നത്
നമ്മുടെ ശ്വാസകോശ വ്യവസ്ഥയെ മുകള്‍ഭാഗം, താഴ്ഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാം. നാസികയും ശബ്ദനാളവും (Larynx) തൊണ്ടയും (throat) അടങ്ങുന്നതാണ് മുകള്‍ഭാഗം. ശ്വാസകോശവും (Lung) ശ്വാസനാളവും (trachea) ചേര്‍ന്നാല്‍ താഴ്ഭാഗവും. 2002-2003 കാലയളില്‍ നിലനിന്നിരുന്ന സാര്‍സ് കോവ് (Severe Acute Respiratory Syndrome CoV), ശ്വാസ വ്യവസ്ഥയുടെ താഴ്ഭാഗത്ത് മാത്രമാണ് പകര്‍ന്നിരുന്നതെങ്കില്‍ കോവിഡ് 19 ശ്വാസകോശാവയവങ്ങളെയെല്ലാം റെപ്ളിക്കേഷനു വിധേയപ്പെടുത്തി. ഒരു ചുമ കൊണ്ടോ മറ്റോ സാര്‍സ് വൈറസിനെ പുറത്ത് ഉപേക്ഷിക്കാമായിരുന്നു. കോവിഡ് പക്ഷേ, നാസികവ്യവസ്ഥയെക്കൂടി ബാധിച്ചതിനാല്‍ ശ്വാസനാളത്തിലൂടെ പുറത്തുവരുന്ന എന്തിലും വൈറസിന്റെ സാന്നിധ്യം വലിയ തോതില്‍ കാണുന്നതാണ്.

ഉറവിടം ചികയുമ്പോള്‍
കൊറോണ എന്നത് ഒരു വൈറസ് കുടുംബമാണ്. മനുഷ്യനെയും മൃഗങ്ങളെയും ഭവിക്കുന്ന അനേകം മാരകരോഗങ്ങളുടെ ദാതാക്കളാണിവര്‍. മിക്ക മൃഗങ്ങളിലും ഇവ ബാധിച്ചാല്‍ ലക്ഷണങ്ങളൊന്നും കാണാനാവില്ല. ഈ വൈറസ് കുടുംബത്തിലെ നാലു അംഗങ്ങള്‍ മനുഷ്യര്‍ക്ക് ജലദോഷം പോലോത്ത മാരകമല്ലാത്ത രോഗങ്ങള്‍ നല്‍കുന്നവയാണ്. മനുഷ്യശരീരത്തില്‍ അവ വളരെ കാലം നിലനില്‍ക്കുകയും ചെയ്യും.

2002 ല്‍ ഉണ്ടായ സാര്‍സ് കോവും 2012ല്‍ ഉടലെടുത്ത മെര്‍സ് കോവും(Middle East Respiratory Syndrome CoV) അവസാനമായി കഴിഞ്ഞ ഡിസംബറില്‍ വന്ന സാര്‍സ് കോവ് -2 വും തുടങ്ങി പതിനേഴു വര്‍ഷത്തെ വൈറസ് ചരിത്രം വിശകലനം ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് കൊറോണയുടെ വാസസ്ഥാനം മൃഗശരീരമാണെന്നതാണ്. സാര്‍സ് കൊറോണയുടെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്നു നമുക്കു വ്യക്തമായി. വവ്വാലിനു പക്ഷേ മനുഷ്യരുമായി പ്രത്യക്ഷ ബന്ധങ്ങളൊന്നുമില്ലാത്തതിനാല്‍ വൈറസ് മനുഷ്യനു നല്‍കിയ ഇടയാളനെ (Host) കുറിച്ചായി പിന്നീടുള്ള അന്വേഷണം. ഇടയാള ജീവി വെരുകാ (Civet)ണെന്നു പിന്നീടു കണ്ടെത്തി. വെരുക് ചൈനയിലെ ആഹാരവും കശാപ്പുശാലകളില്‍ സുലഭവുമായിരുന്നു. മെര്‍സാകട്ടെ (MERS-CoV), വവ്വാലുകളില്‍ നിന്നും ഒട്ടകം വഴിയാണ് മനുഷ്യരിലേക്കെത്തിയത്. മധ്യേഷ്യയിലെ ഗള്‍ഫ് മേഖലകളിലെ ജനങ്ങള്‍ പാലിനും മാംസത്തിനും യാത്രകള്‍ക്കുമെല്ലാം ഒട്ടകത്തെ ആശ്രയിക്കുന്നവരാണ്.

പുതിയ കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നടേ പറഞ്ഞ വിവരങ്ങള്‍ പ്രധാനമാണ്. കൊവിഡ് 19 ന്റെ തുടക്കക്കാരന്‍ വവ്വാലാകാനുള്ള സാധ്യതകള്‍ പഠന വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലം നോവല്‍ കൊറോണ പഴയ കൊറോണയുമായി 96 % അനുരൂപ (Homologous) മാണെന്നാണ്.

ഇടയാളനെ തേടി
മനുഷ്യനു കൊവിഡ് 19 നല്‍കിയ ഇടയാളനെ (Host) ഇന്നും സ്ഥിരീകരിച്ചിട്ടില്ല. വവ്വാലില്‍ നിന്നും രോഗം പാങ്കോലിന്‍(ഒരിനം ഈനാംപേച്ചി)-ലേക്കാവാം പകര്‍ന്നതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. കാരണമുണ്ട്, ഇത്തരം ഈനാംപേച്ചികളുടെ മാംസം ഈ രാജ്യത്തിന്റെ ജനകീയ വിഭവമാണ്. കൂടാതെ, പാങ്കോലിന്റെ ശരീരത്തിന്റെ ബാഹ്യ ഭാഗങ്ങളിലുള്ള ആവരണങ്ങള്‍ (scales) ചൈനീസ് പാരമ്പര്യ ഔഷധങ്ങളുടെ അസംസ്‌കൃതവസ്തുവുമാണ് (Raw material). മാലിന്യഭുക്കായ പാങ്കോലിന്‍ വവ്വാലിന്റെ കാഷ്ഠം ഭക്ഷിച്ചതിലൂടെ വൈറസ് ശരീരത്തിലേക്കു കയറിയതാകാമെന്നാണ് നിരീക്ഷകരുടെ പക്ഷം. പാങ്കോലിന്റെ ശരീരത്തില്‍ വെച്ച്, മനുഷ്യനിലേക്ക് കയറത്തക്ക രീതിയില്‍ വൈറസില്‍ ചില ജനിതക മാറ്റങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും അനുമാനിക്കപ്പെടുന്നു.

എന്തുകൊണ്ട് പാന്‍ഡമിക്?
ലളിതമായി പറഞ്ഞാല്‍ സഞ്ചരിക്കുന്ന സാംക്രമിക രോഗത്തി (Epidemic) നാണ് ബഹുവ്യാപ്ത രോഗമെ (Pandemic)ന്നു പറയുന്നത്. ഒരു സമൂഹമോ രാഷ്ട്രമോ ഒന്നടങ്കം ഒരു മഹാമാരിയെ നേരിടേണ്ടി വന്നാല്‍ അതിന് എപിഡെമിക് എന്നു പറയും. ഈ വ്യാധി രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വന്‍കരകള്‍ കടന്നു വ്യാപിച്ചുകഴിഞ്ഞാല്‍ അത് പാന്‍ഡമിക് ആയി മാറും. രോഗത്തെ നിരീക്ഷിച്ച് പാന്‍ഡമിക് ആണോയെന്നു പ്രഖ്യാപിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്.

വൈറസ് രൂപം മാറുന്നു?
വൈറസുകള്‍ക്ക് പുന:സംയോജനം (Recombination) വഴി ശരീരഘടനയില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. പരസ്പര ബന്ധമുള്ള, എന്നാല്‍ തുല്യരല്ലാത്ത (non – identical) രണ്ടു വൈറസുകള്‍ ഒരു കോശത്തെ അക്രമിച്ചു കഴിഞ്ഞാല്‍ അവ രണ്ടിന്റെയും ജനിതക പദാര്‍ത്ഥങ്ങള്‍ കൂടിച്ചേരുകയും പുതിയ സന്താനത്തിനു രൂപം നല്‍കുകയും ചെയ്യും. പുതിയ വൈറസ്, രൂപത്തില്‍ മൂലക വൈറസിനോടു (Parent) വ്യത്യാസപ്പെട്ടിരിക്കും.

വൈറസിന്റെ ശരീരത്തിനു സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാരണമായി വര്‍ത്തിക്കുന്നുണ്ട്.

വൈറസ് ബാധ കുഞ്ഞുങ്ങളില്‍
കൊവിഡ് 19 ആദ്യം സ്ഥിരീകരിച്ച ഇടങ്ങളിലെല്ലാം കുട്ടികളില്‍ വൈറസിന്റെ സാന്നിധ്യം തീരെയില്ലാതെയോ തീവ്രത കുറഞ്ഞോ ആണ് കാണപ്പെട്ടത്. രോഗാണു ഉള്ളവരില്‍ തന്നെ പെട്ടെന്ന് ശമനം പ്രാപിക്കുന്ന രീതിയുമുണ്ടായി. രോഗം, ലക്ഷണങ്ങള്‍ പ്രകടമാക്കാതെ വരുമ്പോള്‍ സ്വാഭാവികമായും മാതാപിതാക്കള്‍ മക്കളെ പരിശോധനയ്ക്കു വിധേയമാക്കാനിടയില്ല. ദിവസങ്ങള്‍ക്കു മുമ്പ് പത്തു വയസ് പ്രായമുള്ള ഒരു കുട്ടിയ്ക്ക് ലക്ഷണങ്ങള്‍ കാണാത്ത രീതിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഭാഗ്യത്തിന്, ഇതുവരെ (മാര്‍ച്ച് 13) കോവിഡ് കേസുകളില്‍ ശിശു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുട്ടികളുടെ ശരീരങ്ങളില്‍ നിലകൊള്ളുന്ന അനിതരസാധാരണമായ പ്രതിരോധ പ്രതിചേഷ്ട (Immune response) യുടെ ഫലമായാണിത്. ഇത് വെളിപ്പെടുന്നത് പുതിയ വാര്‍ത്തയൊന്നുമല്ല. പൊങ്ങന്‍പനി (Chicken pox) ശൈശവ ശരീരങ്ങളില്‍ മൃദുലമായിട്ടാണ് സ്പര്‍ശിക്കുന്നതെങ്കില്‍ അത് കൗമാരക്കാരനിലേക്കെത്തുമ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഗുരുതരമായിത്തീരുന്നു.

വൈറസ് നിര്‍മാര്‍ജന വാക്സിന്റെ പ്രായോഗികത
2002 ലെ സാര്‍സ് കൊറോണയ്ക്കും 2012 ലുണ്ടായ മെര്‍സിനും വാക്സിന്‍ കുത്തിവയ്പ് നടന്നിരുന്നില്ല. വാക്സിന്റെ ഉത്പാദനം വൈറസ് രോഗങ്ങളില്‍ സഫലമാകാതിരിക്കാന്‍ പ്രധാനമായും രണ്ടു തടസ്സങ്ങളാണുള്ളത്. ഒന്ന്, കണ്ടുപിടിക്കപ്പെട്ട മരുന്നിന്റെ കാര്യക്ഷമതയും മനുഷ്യശരീരത്തിന് അത് എത്രത്തോളം നിര്‍ദോഷമാണെന്നും വിലയിരുത്തപ്പെടണം. ഇതില്‍ മനുഷ്യസുരക്ഷയാണ് പ്രധാനം. അതിനായി മരുന്നിനെ ലാബുകളില്‍ നീണ്ട കാലത്തെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കേണ്ടി വരും. ആദ്യം മൃഗങ്ങളിലും പിന്നീട് പ്രാഥമികമായി മനുഷ്യരിലും പ്രയോഗിച്ച ശേഷം ഫലം തൃപ്തികരമാണെന്ന ആരോഗ്യ ഏജന്‍സിയുടെ അറിയിപ്പ് വന്നാലേ രോഗികളുള്ള രാഷ്ട്രങ്ങള്‍ക്ക് വാക്സിനേഷന്‍ നടപ്പാക്കാനാവൂ. ഇതിനു മാത്രം ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലുമെടുക്കും.
വ്യാവസായിക താല്പര്യമാണ് രണ്ടാമത്തെ തടസ്സം. കമ്പനികള്‍ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറാകണമെങ്കില്‍, അവര്‍ വിറ്റഴിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള മുതല്‍മുടക്കിലേക്ക് നല്ലൊരു ലാഭവിഹിതം ശിഷ്ടമുണ്ടാകണം. സാര്‍സ്, മെര്‍സ് തുടങ്ങിയ വൈറസുകളെല്ലാം പക്ഷേ, കുറഞ്ഞ കാലത്തേക്ക് മാത്രമേ നിലനിന്നുളളൂ. അതാകട്ടെ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം മാത്രമേ വരുത്തൂ. വാണിജ്യമനസ്ഥിതിക്കാര്‍ സാഹചര്യത്തെ നിരീക്ഷിക്കുകയും ഇടപാട് ലാഭകരമാണോയെന്ന് വിലയിരുത്തുകയും ചെയ്യും. മനുഷ്യനന്മ എന്നതിലുപരി സ്വന്തം കമ്പനികളുടെ വളര്‍ച്ചയും ലാഭവുമാണ് വ്യവസായ കുത്തകകള്‍ ലക്ഷ്യമിടുന്നത്. നടേ പരാമര്‍ശിച്ച രണ്ടു രോഗങ്ങള്‍ക്കും വാക്സിന്‍ ഇല്ലാതെ പോയതും ഇതുകൊണ്ട് തന്നെ. 2012 ലെ രണ്ടാം സാര്‍സ് കൊറോണയ്ക്കു ശേഷം സ്ഥിതി കുറേക്കൂടി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊവിഡ് 19 ന്റെ വാക്സിന്റെ സാധ്യതകള്‍ ഈ സാഹചര്യത്തില്‍ തള്ളിക്കളയാനാകില്ല.

പുകവലിക്കാര്‍ സൂക്ഷിക്കുക
നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരിലധികപേരും പ്രായം അറുപതു കഴിഞ്ഞവരാണ് എന്നത് പ്രധാനമാണ്. അതിനു കാരണമായി ഡോക്ടര്‍മാര്‍ കാണുന്നത് വൈറസ് ബാധിക്കും മുമ്പെ അവരില്‍ നിലനിന്നിരുന്ന പലവിധ അസുഖങ്ങളാണ്. ഇത്തരം ഘട്ടങ്ങളില്‍ ശരീരത്തിനു വൈറസിനോടു മല്ലിടാനുള്ള കെല്‍പ്പു നഷ്ടമാവും. കൊവിഡ് 19 ഉം പുകവലിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചൈനയിലെ പുരുഷന്മാരുടെ കൊവിഡ് മരണനിരക്ക് സ്ത്രീകളെക്കാള്‍ ഇരട്ടിയാണ്. അവിടെ മൊത്തം പുരുഷന്മാരില്‍ പകുതി പേരും പുകവലിക്കാരാണെന്നതും ഇക്കാര്യത്തില്‍ സ്ത്രീകള്‍ രണ്ടു ശതമാനം മാത്രമേയുള്ളൂവെന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ത്തന്നെ പുകവലി സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങള്‍ കോവിഡ് ബാധിതരുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കും.

വിവര്‍ത്തനം, എഴുത്ത് :
ഉവൈസ് കല്‍പകഞ്ചേരി
കടപ്പാട്: https://madamasr.com/en

ഡോ. ഇസ്ലാം ഹുസൈന്‍

You must be logged in to post a comment Login