തിരക്കിട്ട് യോഗം പിരിയുന്ന മുസ്ലിം രാഷ്ട്രീയം

   

    നിയമവിരുദ്ധമായ തടവും ജാമ്യം നിഷേധിക്കലും കൃത്രിമ തെളിവുണ്ടാക്കലും തുടങ്ങിയ ഭരണകൂടം വക ക്രിമിനല്‍ കുറ്റങ്ങള്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ന്യായമാണെന്ന് പൊതുസമൂഹം പോലും തെറ്റായി മനസ്സിലാക്കുന്ന അവസ്ഥയുണ്ട് രാജ്യത്ത്. എന്നിട്ടും മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടില്‍ ധൃതിപ്പെട്ട് യോഗം പിരിയുന്നു. മുസ്ലിംലീഗ് ദേശീയ യോഗത്തിന്റെ അജണ്ടകളെപ്പറ്റി .
ശാഹിദ്

     ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ  പ്രഥമ അഖിലേന്ത്യാധ്യക്ഷന്‍ ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ നേരില്‍ കണ്ട് തന്റെ പാര്‍ട്ടിയുടെ ദൌത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കഥ റസാഖാന്‍ ‘പ്രൈസ് ഫോര്‍ ഫ്രീഡം’ എന്ന പുസ്തകത്തില്‍ സുദീര്‍ഘമായി പറയുന്നുണ്ട്. സ്വതന്ത്രഇന്ത്യയില്‍ മുസ്ലിംലീഗ് എന്ന, ന്യൂനപക്ഷ കൂട്ടായ്മയുടെ പ്രസക്തിയെ ചോദ്യം ചെയ്ത് ദേശീയ മാധ്യമങ്ങള്‍ തുടര്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പാകിസ്താന്‍ പിരിഞ്ഞു പോയ ശേഷവും ഈ രാജ്യത്ത് ജീവിച്ചു മരിക്കാന്‍ തീരുമാനിച്ച ആറു കോടി മുസ്ലിംകളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഭവങ്ങളും ഭരണകൂടത്തിന്റെ മുന്നില്‍ ജനായത്ത മാര്‍ഗത്തിലൂടെ അവതരിപ്പിക്കാന്‍ മുസ്ലിംലീഗിന് സാധിക്കുമെന്നും നിരാശരും നിരാലംബരുമായി കഴിയുന്ന അവര്‍ക്ക് സുരക്ഷിതത്വ ബോധമുണര്‍ത്താന്‍ തന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ സഹായകമാവുമെന്നും ഇസ്മാഈല്‍ സാഹിബ് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും നെഹ്റു അതൊന്നും ഗൌനിക്കാത്ത മട്ടില്‍ മുന്നിലുള്ള ഫയലുകളിലൂടെ കണ്ണോടിക്കുകയായിരുന്നുവത്രെ. തനിക്ക് അനുവദിച്ച സമയം മുഴുവന്‍ ലീഗ് പ്രസിഡന്റ് സംസാരിച്ചെങ്കിലും പ്രധാനമന്ത്രി ലീഗിന്റെ പ്രസക്തി അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായില്ല. ന്യൂനപക്ഷങ്ങളുടെ കാര്യം നോക്കാന്‍ ഇവിടെ കോണ്‍ഗ്രസ് ഉണ്ടല്ലോ എന്നതായിരുന്നുവത്രെ അദ്ദേഹത്തിന്റെ നിലപാട്. മുസ്ലിംലീഗിന്റെ ആവശ്യകത കോണ്‍ഗ്രസ് തന്നെ അംഗീകരിക്കുന്ന ഒരു സാഹചര്യം അനതിവിദൂരമല്ലാത്ത കാലത്തിനിടയില്‍ വന്നുചേരുമെന്നു പറഞ്ഞ് ഇസ്മാഈല്‍ സാഹിബ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ നെഹ്റു പുറത്തേക്കുള്ള വഴി കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു കൊടുത്തുവത്രെ.

     നിരാശനായല്ല, ദൃഢപ്രതിജ്ഞയോടെയാണ് ഖാഇദെമില്ലത്ത് ജവഹര്‍ലാലിന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നതെന്ന് റസാഖാന്‍ പറയുന്നു. ലീഗിന് ഇന്ത്യയിലെ മുസ്ലിംകള്‍ക്കു വേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് കര്‍മപഥത്തിലൂടെ കാണിച്ചുകൊടുക്കേണ്ടത് തന്റെ ജ•ബാധ്യതയാണെന്ന് മനസ്സിലാക്കിയ ഇസ്മാഈല്‍ സാഹിബ് പിന്നീടങ്ങോട്ട് വാര്‍ധക്യവും അവശതയും വകവെക്കാതെ ഊര്‍ജസ്വലനായി. നെഹ്റുവിന്റെ വിയോഗാനന്തരം ദേശീയതലത്തില്‍ കെട്ടഴിഞ്ഞുവീണ വിവിധ പ്രശ്നങ്ങളോട് ഗൌരവപൂര്‍വം പ്രതികരിക്കാനും അവയില്‍ ഇടപെടാനും ലീഗ് ദേശീയ നേതൃത്വം പരമാവധി ശ്രമിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ജുഡീഷ്വറിയുടെ ഭാഗത്തു നിന്നു തന്നെ മുസ്ലിം വ്യക്തിനിയമത്തിനു നേരെ ഭീഷണി ഉയര്‍ന്നപ്പോള്‍ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രൂപവത്കരിക്കുന്നതില്‍ ഇസ്മാഈല്‍ സാഹിബിന്റെ കീഴിലുള്ള ലീഗ് ദേശീയ നേതൃത്വം സക്രിയമായ പങ്ക് വഹിച്ചു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി മുസ്ലിം പ്രശ്നങ്ങള്‍ ഏകസ്വരത്തില്‍ അവതരിപ്പിക്കാനും സമുദായത്തിന് ആശ്വാസം പകരാനും മുസ്ലിം മജ്ലിസെ മുശാവറക്ക് രൂപം നല്‍കിയപ്പോള്‍ അവിടെയും ലീഗ് അമാന്തിച്ചു നിന്നില്ല. അറുപതുകളുടെ അന്ത്യത്തോടെ ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍ നിത്യസംഭവമാവുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ കൂട്ടക്കൊലക്ക് ഇരയാവുകയും ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പാര്‍ലമെന്റില്‍ ശക്തിയുക്തം പ്രശ്നമവതരിപ്പിക്കാനും ലീഗ് നേതാക്കള്‍ ആവേശം കാട്ടി. ഷാബാനു ബീഗം കേസ് വിധിയെ തുടര്‍ന്ന് ദേശവ്യാപകമായി ശരീഅത്ത്വിരുദ്ധ പ്രചരണങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ മുസ്ലിം വ്യക്തിനിയമത്തിന്റെ സംരക്ഷണത്തിനായി ഉലമാക്കളും ഉമറാക്കളും കൈകോര്‍ത്തു രംഗത്തിറങ്ങിയ നിര്‍ണായക ഘട്ടത്തില്‍ ലീഗ് ദേശീയനേതൃത്വം മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ബാബരി മസ്ജിദ് വിവാദം കൊടുമ്പിരി കൊണ്ട ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദശാസന്ധിയില്‍ ആത്യന്തിക വര്‍ഗീയ ശക്തികള്‍ക്കും അവര്‍ക്ക് ഓശാന പാടുന്ന മതേതര പാര്‍ട്ടികള്‍ക്കുമെതിരെ മുഖം നോക്കാതെ രണാങ്കണത്തിലിറങ്ങിയ പാരമ്പര്യമുണ്ട് ലീഗ് ദേശീയ നേതൃത്വത്തിന്. മുമ്പ് സാക്ഷാല്‍ ഇന്ദിരാ ഗാന്ധി ആദ്യം എം സി ഛഗ്ളയെയും പിന്നീട് നൂറുല്‍ ഹസനെയും മുന്‍നിര്‍ത്തി അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ സ്വഭാവം എടുത്തുകളഞ്ഞപ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സുലൈമാന്‍ സേട്ടുവും ഗുലാം മഹ്മൂദ് ബനാത് വാലയും എം എ ലത്തീഫുമൊക്കെയായിരുന്നു. ജാമിഅ മില്ലിയ്യക്കും അലിഗറിന്റെ ഗതി വരാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ നിമിഷം ലീഗ്നേതാക്കള്‍ സടകുടഞ്ഞെഴുന്നേറ്റത് നാം കണ്ടതാണ്. ടാഡ കൊണ്ടുവന്ന് മുസ്ലിംകള്‍ക്കെതിരെ വ്യാപകമായ മനുഷ്യാവകാശ ധ്വംസനത്തിന് കേന്ദ്രഭരണകൂടം തുനിഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ട് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ വാഗ്ജ്വാലകള്‍ കേട്ട് രാജ്യം മുഴുക്കെ നടുങ്ങിയതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൈയില്‍ നിന്ന് ബില്ലിന്റെ കോപ്പി തട്ടിപ്പറിച്ച് കീറികളഞ്ഞ രംഗം പാര്‍ലമെന്റിന്റെ മൂക ഭിത്തികള്‍ക്ക് പോലും പെട്ടെന്നൊന്നും മറക്കാനാവില്ല. ഒരു ജനതയുടെ വികാര വിചാരങ്ങളും പരാതികളും പരിഭവങ്ങളും കിനാക്കളും കണ്ണീരും ഒപ്പിയെടുത്ത് ജനായത്ത വേദികളില്‍ അവതരിപ്പിക്കേണ്ടതും നിവാരണമാര്‍ഗങ്ങള്‍ക്കായി പൊരുതേണ്ടതും തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ബാധ്യതയാണെന്ന തിരിച്ചറിവായിരുന്നു ആ നേതാക്കളുടെ ഉള്ളിലെ കര്‍മാഗ്നിയെ ജ്വലിപ്പിച്ചത്.
സഹസ്രശോഭിതരായ അത്തരം വ്യക്തിത്വങ്ങളെ ഗൃഹാതുരതയോടെ ഇപ്പോള്‍ ഓര്‍ക്കേണ്ടിവന്നതും മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ ഗതകാല കര്‍മവീഥിയിലേക്ക് കണ്ണോടിച്ചതും സമീപകാലത്ത് കോഴിക്കോട്ടു ചേര്‍ന്ന പാര്‍ട്ടി ദേശീയ കൌണ്‍സിലിന്റെ വാര്‍ത്ത വായിക്കാന്‍ ഇടയായപ്പോഴാണ്. സി എച്ചിന്റെയും മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങളുടെയും പി എം അബൂബക്കറിന്റെയുമൊക്കെ രാഷ്ട്രീയതട്ടകത്തില്‍ ചരിത്രത്തിലാദ്യമായി ചേര്‍ന്ന ലീഗ് ദേശീയ കൌണ്‍സില്‍ പതിനൊന്നു മണിക്ക് തുടങ്ങി ഒരു മണിക്ക് അവസാനിച്ചു എന്നു വായിച്ചപ്പോള്‍ രാവേറെ ചെന്നിട്ടും സമുദായ പ്രശ്നങ്ങളില്‍ പരിഹാരം കാണാനാവാതെ തലപുകഞ്ഞാലോചിച്ച നേതാക്കള്‍ തൊട്ടടുത്ത ദിവസത്തിലേക്ക് യോഗം മാറ്റിവച്ച ചരിത്രം ഒരു മിന്നല്‍പിണര്‍ പോലെ സ്മൃതിപഥത്തിലൂടെ കടന്നുപോയി. ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്ലിംകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രശ്നങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ ഇത്ര തിടുക്കത്തില്‍ പിരിഞ്ഞത് എന്ന് ആരെങ്കിലും ചോദിച്ചു പോയാല്‍ അവരെ ശത്രുവായി കാണേണ്ടതില്ല.

    ഇന്ത്യയിലെ മുസ്ലിംകള്‍ കഴിഞ്ഞ ആറര പതിറ്റാണ്ടിനിടയില്‍ അഭിമുഖീകരിക്കാത്ത നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടിവരുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ആ ഭാഗത്തേക്ക് ഒന്ന് കണ്ണോടിക്കാതെ സമുദായ നേതൃത്വം തിരക്കിട്ട് യോഗം പിരിയുന്നത്. 2011 സെപ്റ്റംബര്‍ 11 ന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷ് തുടങ്ങിവച്ച ഭീകരവിരുദ്ധ പോരാട്ടത്തിന്റെ നിഴല്‍യുദ്ധം കൊടുമ്പിരി കൊള്ളുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനായത്ത രാഷ്ട്രമായ ഇന്ത്യയിലാണെന്ന ഭീകര സത്യത്തിനു മുന്നില്‍ കണ്ണടക്കാതിരിക്കുകയാണ് ലീഗിന് നല്ലത്. ഹിന്ദുത്വ ശക്തികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല സാക്ഷാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര പോലുള്ള ഇടങ്ങളില്‍ പോലും മുസ്ലിം ചെറുപ്പക്കാരെക്കൊണ്ട് ജയിലുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണിപ്പോള്‍. ഭീകരവാദവുമായി ബന്ധപ്പെട്ട എന്തെങ്കിലും കുറ്റം ചെയ്തിട്ടല്ല, പ്രത്യുത വര്‍ഗീയ ചിന്ത വച്ചു പുലര്‍ത്തുന്ന പോലീസ് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി ഭീകരമുദ്രയടിച്ച് തുറുങ്കിലടക്കുകയാണ്, ആരുണ്ട് ചോദിക്കാന്‍ എന്ന ഭാവത്തില്‍. നിരപരാധിത്വം തെളിയിക്കാന്‍ അവസരമില്ലാതെ പത്തും പതിനഞ്ചും വര്‍ഷം ജയിലറകളില്‍ ജീവിതം ഹോമിച്ച് അവസാനം ജീവഛവങ്ങളായി പുറത്തുവരുന്ന ഭാഗ്യഹീനരെ കുറിച്ച് പ്രശസ്ത കോളമിസ്റ് വിദ്യാ സുബ്രഹ്മണ്യം ദി ഹിന്ദുവില്‍ (2012 ഡിസംബര്‍ 5) എഴുതിയ ലേഖനത്തിലൂടെ ഒന്നു കണ്ണോടിച്ചിരുന്നുവെങ്കില്‍ ഇമ്മട്ടില്‍ ഇരുട്ടത്തിരിക്കേണ്ടിവരുമായിരുന്നില്ല നേതാക്കള്‍ക്ക്. നിയമവിരുദ്ധമായ തടവും കൃത്രിമ തെളിവുണ്ടാക്കലും ജാമ്യം നിഷേധിക്കലുമൊക്കെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ ന്യായമായ ആയുധമാണെന്ന് സമൂഹം പോലും തെറ്റായി ധരിച്ചു വെക്കുന്ന ഒരവസ്ഥയാണുള്ളതെന്ന് അവര്‍ പരിഭവം കൊള്ളുന്നു. അതുകൊണ്ടാണല്ലോ സുപ്രീം കോടതി പോലും അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിച്ചപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് ചലിക്കട്ടേ എന്നു പറഞ്ഞു ലീഗിന് പോലും കൈ കഴുകേണ്ടി വന്നത്. 10 വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ യുവത്വം ഹോമിച്ച ശേഷം വിട്ടയക്കപ്പെട്ട വികലാംഗനായ ഒരു രോഗി കര്‍ണാടകയിലെ ഹിന്ദുത്വ സര്‍ക്കാറിനു കീഴില്‍ വീണ്ടും നിഷ്ഠൂരം ക്രൂശിക്കപ്പെടുമ്പോള്‍ ക്രിയാത്മകമായ നിലപാടെടുക്കാന്‍ കെല്‍പില്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയാന്‍ സാധിക്കുക? നാളത്തെ തലമുറക്ക് ഈ പാര്‍ട്ടിയോട് പുച്ഛം തോന്നാതിരിക്കാന്‍ വേണ്ടിയെങ്കിലും ചരിത്ര പ്രധാന ദേശീയ കൌണ്‍സില്‍ യോഗത്തില്‍ മഅ്ദനിക്ക് നീതി നിഷേധിക്കരുത് എന്ന് ഒരു വരി പ്രമേയം പാസാക്കാമായിരുന്നു.

      മുസ്ലിം സമസ്യകളോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് നഷ്ടം മുസ്ലിംകള്‍ക്കല്ല പാര്‍ട്ടിക്കാണ് എന്ന് തിരിച്ചറിയാന്‍ വൈകിക്കൂടാ. ഇപ്പോള്‍ കേരളത്തില്‍ ലീഗിന് ബദലായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളെല്ലാം ദേശീയ/ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്പഷ്ടവും ധീരവുമായ നിലപാടെടുക്കുമ്പോള്‍ ലീഗണികള്‍ നിരാശരും കടുത്ത ആശയക്കുഴപ്പത്തിലുമാണ്. സോഷ്യല്‍ മീഡിയയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും പുതിയ തലമുറയുടെ വിചാരഗതിയെ സ്വാധീനിക്കുമ്പോള്‍ അവരുടെ ഭാവനാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താത്ത നേതാക്കളെ അവര്‍ക്കു വേണ്ടി വരില്ല. നിയമവിരുദ്ധ പ്രവര്‍ത്തന നിയമ ഭേദഗതി ബില്‍ (യുഎപിഎ) പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അതിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് എ ഐ ഡി എം കെ, ബിജു ജനതാദള്‍ എം പി മാരായിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടും അഭിപ്രായ സമന്വയത്തിലെത്താത്ത ഈ വിഷയം പെട്ടെന്ന് നിയമമാക്കരുതെന്ന് തമ്പിദുരൈ ശക്തിയായി വാദിച്ചപ്പോള്‍ മുസ്ലിം ലീഗ് നേതാക്കള്‍ നിര്‍ന്നിമേഷരായി നോക്കിയിരിക്കുന്നുണ്ടായിരുന്നു. സാമ്പത്തിക കുറ്റങ്ങളെ ഭീകരവാദത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭേദഗതിയുടെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വിദേശത്തു നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സാമ്പത്തിക സ്രോതസുകളെ പോലും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജസ്റിസ് സച്ചാര്‍, സോഷ്യോളജിസ്റ് പ്രൊഫ നന്ദിനി സുന്ദര്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ മാനിഷ സേഥി, ഡോ വി സുരേഷ്, അഭിഭാഷകന്‍ എന്‍ ഡി പാഞ്ചോളി, ചരിത്രകാരന്‍ മുകുല്‍ കേശവന്‍ എന്നിവര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ഇത്തരത്തിലുള്ള നിയമനിര്‍മാണങ്ങളുടെ ഇരകളാവാറുള്ള മുസ്ലിംകള്‍ക്കിടയില്‍ നിന്ന് എതിര്‍ ശബ്ദമുയരുന്നില്ലെങ്കില്‍ മുസ്ലിം രാഷ്ട്രീയ കൂട്ടായ്മകളുടെ പ്രസക്തി എന്താണ്? ഖാഇദെമില്ലത്തിന്റെ ജീവിത സ്വപ്നങ്ങളെ ഈ വിധം കരിച്ചുകളയുന്നത് മഹാപാതകമല്ലേ?

     നിരവധി മുസ്ലിം ചെറുപ്പക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ യാതൊരു കാരണവുമില്ലാതെ തടവിലാക്കപ്പെട്ടതിനെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി. ഏതെങ്കിലും ന്യൂനപക്ഷ നേതാക്കളല്ല വിഷയം സഭയുടെ മുന്നിലെത്തിച്ചത്. മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടിയാണ് വിഷയം എടുത്തിട്ടത്. രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള വന്‍ പ്രതിനിധിസംഘം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ നേരില്‍ കണ്ട് ഈ വിഷയത്തില്‍ നിവേദനം സമര്‍പ്പിക്കുകയുണ്ടായി. മഹാരാഷ്ട്രയിലെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികള്‍ 36% മുസ്ലിംകളാണെന്നും ഇവരില്‍ ഭൂരിഭാഗം കാലാഹരണപ്പെട്ട ടാഡ, പോട്ട തുടങ്ങിയ കാടന്‍ നിയമത്തിന്റെ കീഴില്‍ അറസ്റു ചെയ്യപ്പെട്ടവരാണെന്നും ‘ടിസ്’ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയ കാര്യം നിവേദനത്തില്‍ എടുത്തുപറയുന്നുണ്ട്. ദേശീയ തലത്തില്‍ ചൂടേറിയ ചര്‍ച്ചയാവേണ്ട ഒരു വിഷയത്തില്‍ മുലായമും പാസ്വാനും കാണിക്കുന്ന താത്പര്യം പോലും മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ക്ക് കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ആശയദാരിദ്യ്രത്തിന്റെ മാത്രമല്ല, അന്ധമായ വിധേയത്വത്തിന്റെ കൂടി പ്രശ്നമാണ്. അതിന്റെ വ്യക്തമായ സൂചനകളാണ് കോഴിക്കോട്ട് കണ്ടത്. അതേസമയം ലീഗ് നയങ്ങളോട് വിയോജിക്കുന്ന ചെറുകിട പാര്‍ട്ടികളുടെ കൈയില്‍ അധികാരമില്ലെങ്കിലും അവര്‍ക്കെല്ലാം ഇത്തരം വിഷയങ്ങളില്‍ കാഴ്ചപ്പാടും നയസമീപനവുമുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരു പ്രസ്ഥാനം കാലഹരണപ്പെടുന്നതിന്റെയും ബദല്‍ സരണികള്‍ ഉയിര്‍ക്കൊള്ളുന്നതിന്റെയും അടയാളമാണിത്.

4 Responses to "തിരക്കിട്ട് യോഗം പിരിയുന്ന മുസ്ലിം രാഷ്ട്രീയം"

  1. Nizamudheen V  December 12, 2012 at 10:10 am

    Testing comment

  2. Sayyid Hussain  December 13, 2012 at 7:45 am

    League will never understand the sentiments of Muslims. We need leaders like Asad Owaisi. At the same time, league leaders never have an agenda point to bring the Muslim community to the frontline. It’s time for muslim league to think beyond the circle. Otherwise, muslims will see league as traitors.

  3. Mapayyanadam  December 15, 2012 at 4:25 am

    സമുദായരാഷ്ട്രീയപാര്‍ട്ടി സ്വന്തം നട്ടെല്ല്‌ ഊരിക്കൊടുത്തപ്പോഴാണ് ഡല്‍ഹിയില്‍ ഒരു അപ്പക്കഷ്ണം കിട്ടിയത്. ബനാത്ത്‌വാലക്കും സേട്ട്സാഹിബിനും ഗര്ജ്ജിക്കാമായിരുന്നു കാരണം അവര്‍ക്ക് നഷ്ട്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല… ഇന്നിപ്പോള്‍ വല്ലതും പറയാന്‍ വാ തുറന്നാല്‍ അപ്പക്കഷ്ണം വീണുപോവില്ലേ?

  4. musthafa  August 18, 2013 at 4:32 pm

    മലബാര്‍ മേഗലയില്‍ മാത്രം ഒതുങ്ങുന്ന ഒരു പാര്‍ട്ടിക്ക് യോഗം ചേരാന്‍ ഒരു മണിക്കൂര്‍ തന്നെ ധാരാളം “: ഞാന്‍ ആലോചിക്കുന്നത് എന്ത് കൊണ്ടാണ് മുസ്ലിം ലീഗിന് ദേശീയ തലത്തില്‍ അതിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല എന്നാണ്

You must be logged in to post a comment Login