പാപമുക്തിയുടെ രീതിബോധം

പാപമുക്തിയുടെ രീതിബോധം

അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമര്‍റാഹിമീന്‍…
അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ
യാ റബ്ബല്‍ആലമീന്‍…
അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍
അഫ് വ(Afwa) ഫഅ്ഫു(f’afu) അന്നീ…
അല്ലാഹുമ്മഅ്തിഖ്നീ മിനന്നാര്‍
വഅദ്ഖില്‍നില്‍ ജന്നത യാ റബ്ബല്‍ആലമീന്‍…!

പാപമുക്തിയും നരകരക്ഷയും ഉള്ളുലഞ്ഞ് ചോദിച്ചു വാങ്ങുന്ന രാപ്പകലുകള്‍. ലോകമുസ്ലിംകള്‍ ഇത്രമാത്രം ഗൗരവതരമായി പാപത്തെ കാണുന്നത് എന്തുകൊണ്ടാണ്? കരഞ്ഞു കലങ്ങിയ കണ്ണുകളും തപിച്ചുപിടയ്ക്കുന്ന ഇടനെഞ്ചും ഇടറുന്ന വാക്കുകളും കൊണ്ട് വിശ്വാസികള്‍ ഉള്ളം കഴുകിത്തുടയ്ക്കുന്നത് ഈ റമളാന്‍ മാസത്തിന്റെ പ്രത്യേകതയാണ്.അങ്ങനെ ഉള്ളുരുകി പ്രാര്‍ഥിക്കുമ്പോള്‍ ഒരു വിശ്വാസി അല്ലാഹുവിന് മുമ്പാകെ തെളിയിക്കുന്നത് എന്താണ്? അത് മാനവരാശിയ്ക്കു മുമ്പാകെ വെക്കുന്ന സന്ദേശമെന്താണ്? തെറ്റുകുറ്റങ്ങളെ സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുകയും പൈശാചിക ദുര്‍ബോധനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ദൈവ കൃപയും സഹായവും അപേക്ഷിക്കുകയും ചെയ്യുന്ന ഈ റമളാന്‍ ദിനരാത്രങ്ങള്‍ മുസ്ലിം ജീവിതത്തിന്റെ കര്‍മസങ്കല്പത്തെ സുവ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് മനുഷ്യ പ്രവര്‍ത്തനങ്ങളിലെ അര്‍ഥാനര്‍ഥങ്ങളെപ്പറ്റിയുള്ള വിചാരപ്പെടലുകള്‍ ഇപ്പോള്‍ പ്രസക്തമായിരിക്കും.

നന്മകള്‍ നിറഞ്ഞ ജീവിതമാണ് ഇസ്ലാമിന്റെ ലക്ഷ്യം. സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍ രക്ഷപ്പെടും. ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവര്‍ പരാജയപ്പെടും. നമ്മുടെ ഭാവി അത്രമാത്രം നാമുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ സല്‍കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിന് ഒരു നേട്ടവുമില്ല; ലാഭവും. എന്നപോലെ നമ്മുടെ ദുഷ്‌കര്‍മങ്ങള്‍ മൂലം അല്ലാഹുവിന് ഒരു കോട്ടവുമില്ല; നഷ്ടവും. ഇപ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാകും. കര്‍മങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും അനുഭവിക്കുന്നവന്‍ മനുഷ്യന്‍ തന്നെയാകുന്നു. ഇക്കാര്യം അന്യത്ര ഖുര്‍ആനില്‍ കാണാവുന്നതാണ്.

‘നോക്കുക, നിങ്ങള്‍ക്ക് നാഥങ്കല്‍നിന്ന് ഉള്‍ക്കാഴ്ചയുടെ കിരണങ്ങള്‍ വന്നുകിട്ടിയിരിക്കുന്നു. ഇനി, ആരെങ്കിലും കാഴ്ചയെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗുണം അവര്‍ക്കുതന്നെ. ആര് അന്ധനാകുന്നുവോ അവന്‍ തനിക്കുതന്നെ നഷ്ടമേല്‍പിക്കുകയാകുന്നു. ഞാനോ, നിങ്ങളുടെമേല്‍ ഒരു സൂക്ഷിപ്പുകാരനൊന്നുമല്ല ‘(വി.ഖു. 6: 104).
‘വല്ലൊരാളും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിനുവേണ്ടിത്തന്നെയാകുന്നു. വല്ലൊരാളും ദുര്‍മാര്‍ഗിയാകുന്നുവെങ്കിലോ, അവനോട് പറഞ്ഞേക്കുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു ‘(വി.ഖു. 27:92).
‘നാം, ഈ വേദം എല്ലാ മനുഷ്യര്‍ക്കും വേണ്ടി സത്യസമേതം നിനക്ക് ഇറക്കിത്തന്നു. ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെതന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അയാള്‍ക്കുതന്നെ ‘(വി.ഖു. 39:41).
‘വല്ലൊരാളും കഠിനപ്രയത്നം ചെയ്യുന്നുവെങ്കില്‍ അത് അവന്റെതന്നെ നന്മക്കുവേണ്ടിയത്രെ. നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു ‘ (വി.ഖു.29:6).
സുകൃതങ്ങള്‍ ചെയ്യുന്നവര്‍ ആത്മീയ വളര്‍ച്ച നേടുന്നു. അവരുടെ ഹൃദയം പ്രകാശിതമാകുന്നു. അത് ലോലവും മൃദുലവുമാകുന്നു. എന്നാല്‍ തെറ്റുകുറ്റങ്ങള്‍ ആത്മാവിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. മനസ്സില്‍ വികൃത കലകള്‍ വീഴുന്നു. മനസ്സ് അന്ധത വന്ന് ഉറച്ചു പോകുന്നു. നന്‍മയുടെ പ്രകാശം കയറാന്‍ ഒരു പാളിപോലും അതില്‍ ശേഷിക്കാതെയാകുന്നു. പാപങ്ങള്‍ ചെയ്യുന്നവര്‍ അവര്‍ക്കു തന്നെ സ്വയം നാശം വരുത്തി വെക്കുകയാണ് ചെയ്യുന്നത്.
‘അല്ലാഹു അവരെ ദ്രോഹിച്ചിട്ടില്ല. പിന്നെയോ, അവര്‍തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് ‘ (വി.ഖു. 3:117).
‘എന്നാല്‍, (നിങ്ങളുടെ പൂര്‍വികരുടെ ചെയ്തികള്‍) അവര്‍ നമ്മുടെ നേരെ നടത്തിയ അക്രമമായിരുന്നില്ല. പിന്നെയോ, അവര്‍ അവരെത്തന്നെ അക്രമിക്കുകയായിരുന്നു'(വി.ഖു 2:57).
‘ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനെ അതിലംഘിക്കാതിരിക്കുവിന്‍. ദൈവികനിയമങ്ങളെ അതിലംഘിക്കുന്നവരാരോ, അവര്‍ അധര്‍മികള്‍തന്നെയാകുന്നു’ (വി.ഖു. 2:229).
തെറ്റും കുറ്റവും ചെയ്യുമ്പോള്‍ അധര്‍മികളും അക്രമകാരികളും ആയി മാറുന്നു.അവര്‍ ശിക്ഷിക്കപ്പെടുകയെന്നത് നീതിയുടെ താത്പര്യമാണല്ലോ.
(അന്തിമ വിധി കല്‍പിക്കുമ്പോള്‍) ‘നാം അവരോട് പറയും: ‘ഇനി നിങ്ങള്‍, കരിച്ചുകളയുന്ന നരകശിക്ഷ ആസ്വദിക്കുവിന്‍. ഇതു നിങ്ങളുടെതന്നെ കരങ്ങള്‍ സമ്പാദിച്ചതാകുന്നു. അല്ലാഹുവോ, തന്റെ അടിമകളെ പീഡിപ്പിക്കുന്നവനല്ലതന്നെ ‘ (വി.ഖു.3:182).

‘അവര്‍ ദൈവത്തിന്റെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ ഫലമായി നാം അവരെ നശിപ്പിച്ചു ‘ (വി.ഖു. 8:51).
നമ്മുടെ ജീവിതത്തിലെ സ്വാഭാവികനിയമത്തിന്റെ ആവര്‍ത്തനം തന്നെയാണ് പരലോകത്ത് വെച്ച് നടക്കുന്നതെന്ന് ഒരു കണക്കിന് പറയാം. കളവും കള്ളക്കടത്തും കുടിയും കൂത്താട്ടവും നമ്മുടെ നാട്ടില്‍ ശിക്ഷാര്‍ഹമായ തെറ്റുകളാണ്.ഒരാളെയും ഈ തെറ്റുകള്‍ ചെയ്യാതെ ശിക്ഷിക്കാറില്ല. അഥവാ ശിക്ഷിക്കപ്പെടുന്നു എന്നതിനര്‍ഥം അത് സ്വയം വരുത്തിവെച്ച വിന തന്നെയാകുന്നു എന്നതാണല്ലോ. അതുപോലെ ദൈവ സമക്ഷത്തില്‍ ശിക്ഷയ്ക്ക് ഭവിക്കുന്നതിന്റെ അര്‍ഥം നിരപരാധിയായിട്ടും അതിനു വിധേയമായി എന്നല്ല, മറിച്ച് സ്വയംകൃതാര്‍നര്‍ഥങ്ങളുടെ പേരില്‍ അതു ചോദിച്ചു വാങ്ങുകയാണ് എന്നതത്രെ.

‘വല്ലൊരാളും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിനുവേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവന്നുതന്നെ.ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല.(സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല’ (വി.ഖു.17:15).
‘അല്ലയോ മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാകുന്നു.അല്ലാഹുവാകട്ടെ, ആരുടെയും ആശ്രയംവേണ്ടാത്ത സ്വയംപര്യാപ്തനും സ്തുത്യനുമാകുന്നു.അവന്നു വേണമെങ്കില്‍ നിങ്ങളെ നീക്കിക്കളഞ്ഞ് തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിയെ കൊണ്ടുവരാം. അവ്വിധം ചെയ്യുക അല്ലാഹുവിന് പ്രയാസകരമല്ല.ഭാരം വഹിക്കുന്നവരാരും അന്യന്റെ ഭാരം വഹിക്കുകയില്ല. ദുര്‍വഹമായ ഭാരം ചുമത്തപ്പെട്ടവന്‍ അത് താങ്ങാന്‍ സഹായിക്കണമെന്ന് നിലവിളിച്ചാല്‍ അവന്റെ ഭാരത്തില്‍നിന്ന് ചെറിയൊരംശമെങ്കിലും ഏറ്റെടുക്കാന്‍ ആരും എത്തുകയില്ല; അടുത്ത ബന്ധുപോലും.( നബിയേ,) തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും മുറപ്രകാരം നിസ്‌കാരമനുഷ്ഠിക്കുകയും ചെയ്യുന്നവരെ മാത്രമേ നിനക്ക് ഉണര്‍ത്താനാകൂ. വല്ലൊരാളും വിശുദ്ധി കൈക്കൊള്ളുന്നുവെങ്കില്‍ അത് അയാളുടെതന്നെ ഗുണത്തിനുവേണ്ടിയാകുന്നു’ (വി.ഖു 35:15-18).
പാപമുക്തി നേടിയെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിന് നാം എന്തെല്ലാമാണ് ചെയ്യേണ്ടത്? ഒന്നാമതായി അതിലേക്കുള്ള വഴികളറിയുകയാണ് വേണ്ടത്. ജീവിതത്തില്‍ വന്നുപോയ അപാകതകളോട് ഉത്തരവാദിത്ത പൂര്‍ണമായ ഒരു നിലപാട് സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ‘സൃഷ്ടികഥ’ അഥവാ ആദം നബിയുടെ(അ)ചരിത്രസംഭവം ഈ വസ്തുതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്.അതുകൊണ്ട് ആ ഭാഗങ്ങള്‍ നമുക്ക് വായിച്ചു നോക്കാം.
‘പിന്നീട് നാം മലക്കുകളോട് ആദമിനെ നമിക്കാനാജ്ഞാപിച്ചു. അവരെല്ലാം നമിച്ചു. പക്ഷേ, സാത്താന്‍ വിസമ്മതിച്ചു.അവന്‍ താന്‍ പോരിമയില്‍ നിഗളിച്ചു. അവന്‍ ധിക്കാരികളില്‍ പെട്ടുപോയി ‘(വി.ഖു 2:34) ഇബ്നുകസീര്‍ നല്‍കുന്ന വിവരണത്തില്‍ നിന്ന് സാത്താന്റെ ഉള്ളില്‍ നേരത്തെ തന്നെ അഹങ്കാരം മുളപൊട്ടിയിട്ടുണ്ടായിരുന്നു എന്നു ഗ്രഹിക്കാം. സാത്താന്‍ മലക്കുകളുടെ കൂട്ടത്തില്‍ പെട്ട ജിന്ന് വിഭാഗത്തിലെ ഒരംഗമായിരുന്നു. ആ വിഭാഗം മലക്കുകള്‍ക്ക് ജിന്ന് എന്നു പേരു വരാന്‍ കാരണം അവര്‍ ജന്നത്തിന്റെ അഥവാ സ്വര്‍ഗത്തിന്റെ സൂക്ഷിപ്പുകാര്‍ ആയിരുന്നു.അധികാര പദവികളോടൊപ്പം സ്വര്‍ഗസൂക്ഷിപ്പുകൂടി ആയതോടെ അവന്റെയുള്ളില്‍ അഹങ്കാരം അങ്കുരിക്കാന്‍ തുടങ്ങി. തനിക്ക് ഇതെല്ലാം കിട്ടിയത് മലക്കുകളില്‍ ഞാന്‍ ഉന്നത സ്ഥാനീയനായനായതിനാലാണെന്ന അഹങ്കാരം തോന്നിത്തുടങ്ങി. അങ്ങനെയിരിക്കെയാണ് ആദമിനെ വണങ്ങാന്‍ കല്പനയുണ്ടാകുന്നത്. അവന്റെയുള്ളില്‍ അത് അഹങ്കാരത്തെ അനേകമിരട്ടിയാക്കി എന്നു പറയേണ്ടതില്ലല്ലോ. തന്‍മൂലം സാത്താനെ സ്വപദവികളില്‍ നിന്ന് ഭ്രഷ്ടനാക്കി. ഈ കഥ നമുക്കറിയാവുന്നതാണല്ലോ. ശ്രദ്ധിക്കേണ്ട ഒരു ഭാഗമുണ്ട് ഇവിടെ.അത് ഇതാണ്: അല്ലാഹുവിന്റെ ഉത്തരവ് അനുസരിക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് പക്ഷേ സാത്താന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള പശ്ചാതാപവും ഉണ്ടായിട്ടില്ല. മറിച്ച് അല്ലാഹുവോടുള്ള എതിര്‍പ്പും മനുഷ്യവര്‍ഗത്തോടുള്ള ശത്രുതയും വര്‍ധിച്ചതേയുള്ളൂ. നോക്കൂ സാത്താന്റെ തീര്‍പ്പുള്ള തീരുമാനം: മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ ഇരുണ്ട കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു.അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ റബ്ബ് മലക്കുകളോട് ഇപ്രകാരം പറഞ്ഞത് ഓര്‍ക്കുവിന്‍: ‘വരണ്ടതും ഗന്ധമുള്ളതുമായ ഇരുണ്ട കളിമണ്ണില്‍നിന്നു ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുന്നുണ്ട്. സൃഷ്ടി പൂര്‍ത്തീകരിക്കുകയും അതില്‍ എന്റെ ആത്മാവില്‍നിന്ന് ഊതുകയും ചെയ്താല്‍, നിങ്ങളെല്ലാം അവന്റെ മുമ്പില്‍ പ്രണാമത്തില്‍ വീഴണം.’ അങ്ങനെ മലക്കുകളൊക്കെയും പ്രണാമം ചെയ്തു; സാത്താന്‍ ഒഴിച്ച്. അവന്‍ പ്രണാമം ചെയ്യുന്നവരുടെ കൂടെ ചേരാന്‍ വിസമ്മതിച്ചു. ദൈവം ചോദിച്ചു: ‘ഹേ ഇബ് ലീസ്, പ്രണാമം ചെയ്തവരുടെ കൂടെ ചേരാതിരിക്കാന്‍ നിനക്കെന്തു കാര്യം?’ അവന്‍ പറഞ്ഞു: ‘വരണ്ടതും ഗന്ധമുളളതുമായ ഇരുണ്ട കളിമണ്ണില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കാന്‍ ഞാനില്ല.’ ദൈവം കല്‍പിച്ചു: ‘ശരി, എങ്കില്‍ നീ ഇവിടെനിന്നു പുറത്തുപോവുക. നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. ഇനി പ്രതിഫലം നല്‍കുന്ന നാള്‍വരെ നിന്നില്‍ ശാപമുണ്ട്.’ അപ്പോള്‍ അവന്‍ അപേക്ഷിച്ചു: ‘എന്റെ നാഥാ, അങ്ങനെയാണെങ്കില്‍, ഇനി മനുഷ്യര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിനം വരെ എനിക്ക് അവസരം നല്‍കേണമേ!’ അവന്‍ അരുളി: ‘ശരി, നിനക്കവസരമുണ്ട്; കാലം നിര്‍ണയിക്കപ്പെട്ട ആ ദിനം വരെ.’ അവന്‍ പറഞ്ഞു: ‘നാഥാ, നീ എന്നെ പിഴപ്പിച്ചുവല്ലോ. അതുപോലെ ഇനി, ഭൂമിയില്‍ ഞാനവര്‍ക്ക് കൗതുകങ്ങള്‍ കാണിച്ചുകൊടുക്കും. സകലരെയും പിഴപ്പിക്കുകയും ചെയ്യും’ (വി.ഖു15:26-39).
സാത്താന്‍ തന്റെ ദുഷ്ചെയ്തികള്‍ക്ക് കാരണം കണ്ടെത്തുന്നത് ശ്രദ്ധേയമാണ്. ‘നാഥാ നീ എന്നെ പിഴപ്പിച്ച കാരണത്താല്‍ ‘. സകല ജനങ്ങളെയും മാര്‍ഗച്യുതിയിലകപ്പെടുത്തുമെന്നാണ് സാത്താന്റെ പ്രഖ്യാപനം ! യഥാര്‍ത്ഥത്തില്‍ സാത്താനെ അല്ലാഹു പിഴപ്പിച്ചിട്ടുണ്ടോ? ഇല്ലേയില്ല. മറിച്ച് അവന്‍ സ്വയം തെറ്റുകുറ്റങ്ങള്‍ ചെയ്യുകയായിരുന്നു. അഹങ്കരിച്ചു ദൈവ ശാസനയെ ധിക്കരിക്കുകയായിരുന്നു. പശ്ചാതപിച്ചു മടങ്ങാനുള്ള മനസ്സു പോലും കാണിക്കാതെ അല്ലാഹുവോട് നീ എന്നെ പിഴപ്പിച്ചുവെന്ന് സത്യമല്ലാത്ത ഒരാരോപണം ഉന്നയിക്കുകയായിരുന്നു.

ഇനി നമുക്ക് ആ പഴം പറിച്ചുതിന്നവരുടെ കഥയിലേക്ക് വരാം – ആദം ഹവ്വമാര്‍! -അല്ലാഹു നമ്മുടെ ഉമ്മ-ഉപ്പമാരില്‍ കരുണാകടാക്ഷം വര്‍ഷിക്കുമാറാകട്ടെ –
‘പിന്നീട് ആദമിനോടു നാം പറഞ്ഞു: ‘നീയും പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്‍ക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്.അടുത്തുപോയാല്‍ നിങ്ങള്‍ അതിക്രമകാരികളുടെ കൂട്ടത്തില്‍ പെട്ടുപോകും.’ ഒടുവില്‍ പിശാച് അവരിരുവരിലും ആ വൃക്ഷത്തോട് മോഹം ജനിപ്പിച്ച്, നമ്മുടെ കല്‍പന പാലിക്കുന്നതില്‍നിന്ന് തെറ്റിച്ചു. അവരെ നിലവിലുള്ള അവസ്ഥയില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അപ്പോള്‍ നാം കല്‍പിച്ചു: ‘ഇനി നിങ്ങള്‍ ഇവിടെനിന്ന് ഇറങ്ങിപ്പോകുവിന്‍. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലംവരേക്കുള്ള താമസവും ജീവിതവിഭവങ്ങളുമുണ്ട്.’ ആ സമയം ആദം തന്റെ റബ്ബിങ്കല്‍നിന്ന് ചില വചനങ്ങള്‍ പഠിച്ച് പശ്ചാത്തപിച്ചു.റബ്ബ് അതു സ്വീകരിച്ചു. എന്തുകൊണ്ടെന്നാല്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമത്രെ അവന്‍(വി.ഖു. 2:35-37). പിശാചിന്റെ കൗശലവും തെറ്റിന്റെ പേരില്‍ ആദം ഹവ്വ ദമ്പതിമാരിലുണ്ടായ മനപ്രയാസവും മറ്റൊരിടത്ത് കൂടുതല്‍ സ്പഷ്ടമായി വായിക്കാം:

‘പിന്നീട് ചെകുത്താന്‍ അവരെ വഞ്ചിച്ചു; അവരില്‍ പരസ്പരം മറയ്ക്കപ്പെട്ടിരുന്ന നഗ്നതകള്‍ വെളിപ്പെടുത്താന്‍. അവന്‍ അവരോടു പറഞ്ഞു: ‘റബ്ബ് ഈ വൃക്ഷം നിരോധിച്ചിട്ടുള്ളത്, നിങ്ങള്‍ മലക്കുകളായിത്തീരുകയോ നിത്യജീവിതം കൈവരിക്കുകയോ ചെയ്യാതിരിക്കേണ്ടതിനു മാത്രമാകുന്നു.’ ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയെന്ന് അവന്‍ അവരോട് ആണയിടുകയും ചെയ്തു. ഇവ്വിധം മോഹിപ്പിച്ച്, അവന്‍ അവരെ പാട്ടിലാക്കി. അങ്ങനെ ആ വൃക്ഷഫലം രുചിച്ചപ്പോള്‍ ഇരുവര്‍ക്കും നഗ്നത വെളിപ്പെട്ടു. അവര്‍ ഉദ്യാനത്തിലെ ഇലകള്‍കൊണ്ട് താന്താങ്ങളുടെ നഗ്നത മറയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ ദൈവം അവരോട് വിളിച്ചുചോദിച്ചു: ‘ഞാന്‍ ഈ വൃക്ഷം നിങ്ങള്‍ക്കു വിലക്കിയിരുന്നില്ലേ? ചെകുത്താന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണെന്നു പറയുകയും ചെയ്തിരുന്നില്ലേ?’ ഇരുവരും കേണുതുടങ്ങി: ‘നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി. ഇനി നീ ഞങ്ങള്‍ക്കു മാപ്പരുളുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നശിച്ചുപോകും'(വി.ഖു 7:20-23).

നോക്കൂ നിങ്ങള്‍, പിശാച് തന്ത്രപൂര്‍വം വീഴ്ത്തിയ ആദം ഹവ്വ ദമ്പതികള്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നു. പിശാച് പിഴപ്പിച്ചത് കൊണ്ടാണ് ഞങ്ങള്‍ അത് ചെയ്തു പോയതെന്ന ന്യായം പറയാതെ അല്ലാഹുവോട് അവര്‍ പശ്ചാതപിച്ച് കേണപേക്ഷിക്കുന്നു -‘നാഥാ! ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി. ഇനി നീ ഞങ്ങള്‍ക്കു മാപ്പരുളുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നശിച്ചുപോകും’

പിശാച് പിഴച്ചതിന്റെ കുറ്റം അല്ലാഹുവില്‍ ആരോപിച്ചപ്പോള്‍, പിശാചിന്റെ ചതിക്കുഴിയില്‍ അറിയാതെ പെട്ടു പോയിട്ടും അതിന്റെ ഭാരം പിശാചില്‍ ആരോപിക്കാതെ സ്വയം ഏറ്റെടുത്തു കൊണ്ട് നടത്തുന്ന ആ ഉത്തരവാദിത്തബോധം, എത്ര മാത്രം ശ്ലാഘനീയമാണത്; ബുദ്ധിപരവും.
ആ കേണപേക്ഷയുടെ അര്‍ഥമൊന്നു നോക്കുക: ഞങ്ങളുടെ നാഥാ, നിന്റെ ശാസനയ്ക്കെതിരായി ഞങ്ങള്‍ നിന്നെ ധിക്കരിച്ചു കൊണ്ട് ഞങ്ങള്‍ ഞങ്ങളോട് തന്നെ ഉപദ്രവം ചെയ്തിരിക്കുകയാണ്. നിന്റെയും ഞങ്ങളുടെയും ശത്രുവിനെ അനുസരിച്ചു പോയി. ശരിക്കും ഞങ്ങള്‍ അനുസരിക്കാന്‍ പാടില്ലായിരുന്നു. നീ നിരോധിച്ചിട്ടും ഞങ്ങള്‍ ആ മരത്തിന്റെ പഴം തിന്നു പോയി. ഇനി നീ ആ കുറ്റം മറച്ചുവെക്കാതെ അതിന്റെ പേരില്‍ ശിക്ഷിക്കുകയാണെങ്കിലും ഞങ്ങളുടെ മേല്‍ നിന്റെ അനുകമ്പ വര്‍ഷിച്ച് ഞങ്ങളെ പിടികൂടുന്നത് ഒഴിവാക്കാതിരുന്നാലും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരുന്നതാണ്.

എന്താണ് നാം മനസ്സിലാക്കേണ്ടത്? തെറ്റുകുറ്റങ്ങള്‍ നമ്മുടെ തന്നെ ഉത്തരവാദിത്തത്തിലാണ് നാം ഏറ്റെടുക്കേണ്ടത്. നാം സ്വയം ഉത്തരവാദിത്തം ഏല്ക്കാതിരിക്കുകയും അത് പിശാചുക്കളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്താല്‍ എന്താണ് ഉണ്ടാവുന്നതെന്നോ? ബുദ്ധിപരമായി നമുക്കു പറ്റുന്ന വലിയ വീഴ്ചയാണത്. അത് സ്വന്തം തെറ്റിനെ തിരുത്താനുള്ള അവസരത്തെ നിഷേധിക്കുന്നു. തെറ്റുകുറ്റങ്ങളുടെ ഉത്തരവാദിത്തം പിശാചില്‍ ആരോപിക്കുന്നത് പിശാചിന് ഇഷ്ടമാണ്. മനഷ്യന്‍ നന്നാവാനുള്ള ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ ഒരു വഴി അതിലൂടെ അടച്ചു കളയുന്നു എന്നതാണ് അതിന്റെ അര്‍ഥം! ആകയാല്‍ ഈ പാപമോചനക്കാലത്ത് പിശാചിന്റെ തലയില്‍ പാപഭാരം കെട്ടിവെക്കാതെ നമ്മുടെ ആദ്യ മാതാപിതാക്കളുടെ ബുദ്ധിപൂര്‍വമായ പശ്ചാതാപം സ്വീകരിക്കാന്‍ നമുക്കും കഴിയട്ടെ.

ഇ എം എ ആരിഫ് ബുഖാരി

You must be logged in to post a comment Login