സ്വകാര്യതക്കും വൈറസ് ഭീഷണി

സ്വകാര്യതക്കും വൈറസ് ഭീഷണി

ബോളിവുഡിന്റെ കാല്‍പനിക നായകന്‍ ഋഷി കപൂര്‍ മരണമടയുന്നതിന് കുറച്ചുദിവസംമുമ്പ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൊവിഡ്-19 പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നടി കങ്കണ റണൗട്ടിന്റെ സഹോദരിയും സമൂഹമാധ്യമങ്ങളിലെ താരവുമായ രംഗോലി ചന്ദേല്‍ ഒരു പടികൂടി കടന്ന് ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അധികാരത്തില്‍ തുടര്‍ന്ന് കൊറോണയെ തുടച്ചുനീക്കാനാകും എന്നായിരുന്നു അവരുടെ ന്യായം.
ജനാധിപത്യവും പൗരസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ട് കൊവിഡുപോലൊരു മഹാമാരിയെ നേരിടാനാവില്ലെന്നും സ്വേഛാധിപത്യമാണ് പോംവഴിയെന്നും കരുതുന്നവരുടെ എണ്ണം ലോകമെങ്ങും കൂടിവരികയാണ്. കൊറോണയ്‌ക്കൊപ്പം പോയ്മറയുക ജനാധിപത്യം കൂടിയായിരിക്കും എന്ന് ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ ജ്യോതി യാദവ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ജനാഭിലാഷം കണക്കിലെടുക്കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ വീട്ടിലിരിക്കില്ല. പുറത്തിറങ്ങുന്നവരെ പിടികൂടി ഏത്തമിടീക്കുകയേ വഴിയുള്ളൂ എന്ന് അവര്‍ കരുതുന്നു. ഉരുക്കുമുഷ്ടികൊണ്ട് കൊറോണയെ നേരിട്ട ചൈനയെയാണ് ഇന്ത്യ മാതൃകയാക്കേണ്ടത് എന്ന് വിശ്വസിക്കുന്നു. വലിയൊരു പ്രതിസന്ധി മുന്നില്‍ നില്‍ക്കുമ്പോള്‍ പൗരസ്വാതന്ത്ര്യവും വ്യക്തികളുടെ സ്വകാര്യതയും ബലികൊടുക്കേണ്ടിവരുമെന്നാണ് വാദം. അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ അസാധാരണ നടപടികള്‍തന്നെ വേണ്ടിവരും.

ഉരുക്കുമുഷ്ടി ഉപയോഗിച്ച് നാടിനെ അടച്ചുപൂട്ടിക്കൊണ്ടുമാത്രമല്ല ചൈന കൊവിഡിനെ നേരിട്ടത്. ഓരോ വ്യക്തിയുടെയും ചലനത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണവര്‍ രോഗവ്യാപനം തടഞ്ഞത്. ജനങ്ങളുടെ കൈയിലുള്ള സ്മാര്‍ട് ഫോണിന്റെയും നാടിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ള മുഖം തിരിച്ചറിയാന്‍ കഴിവുള്ള ക്യാമറകളുടെയും സഹായത്തോടെയായിരുന്നു അത്. സ്മാര്‍ട് ഫോണിലെ ആപ്പില്‍ ഓരോരുത്തരുടെയും ശരീര താപനിലയും ആരോഗ്യവിവരവും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കുക വഴി രോഗലക്ഷണമുള്ളവരുടെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കാനും രോഗികളുടെ സമീപത്തെത്തുമ്പോള്‍ രോഗമില്ലാത്തവര്‍ക്ക് മുന്നറിയിപ്പു നല്‍കാനും ചൈനീസ് അധികൃതര്‍ക്കു കഴിഞ്ഞു. ഈ മാതൃക ഇന്ത്യയും സ്വീകരിക്കുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ആരോഗ്യസേതു എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൗരന്റെ ഓരോ നീക്കവും നിരീക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി.

കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച ആരോഗ്യസേതു ഏപ്രില്‍ രണ്ടിനാണ് അവതരിപ്പിക്കപ്പെടുന്നത്. കൊവിഡ് നേരിടുന്നതിനുള്ള രാജ്യവ്യാപക ലോകൗ ഡൗണ്‍ മേയ് മൂന്നുവരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലാണ് എല്ലാവരും ഇത് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തത്. നിയമപ്രാബല്യം നല്‍കി നിര്‍ബന്ധമാക്കാതെ സ്വന്തം ഇഷ്ടപ്രകാരം മാത്രം ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ഘട്ടംഘട്ടമായി ആരോഗ്യസേതുവിന്റെ ഉപയോഗം നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് നിര്‍ബബന്ധമായി ഉപയോഗിക്കണമെന്ന് ഉത്തരവിറക്കിക്കഴിഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരോട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് കടക്കുന്നവര്‍ വൈകാതെ ഇ-പാസ് ആയി ഇത് ഉപയോഗിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ലോകൗ ഡൗണ്‍ കഴിഞ്ഞ് പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുമ്പോള്‍ അത് ഉപയോഗിക്കണമെങ്കില്‍ ആരോഗ്യസേതു വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസേതു പതുക്കെപ്പതുക്കെ നിര്‍ബന്ധമാക്കുന്നത് ആശങ്കാജനകമാണെന്നു ചൂണ്ടിക്കാണിച്ച് 35 സംഘടനകളും വ്യക്തികളും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ഉപഗ്രഹ സാങ്കേതികവിദ്യയായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റവും(ജി.പി.എസ്.) മൊബൈല്‍ ഫോണുകളിലെ ബ്ലൂ ടൂത്തും ഉപയോഗിച്ചാണ് ആരോഗ്യസേതു പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സേതുവുള്ള ഫോണുമായി ഒരാള്‍ അതേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട മറ്റൊരു മൊബൈല്‍ ഫോണിന്റെ ബ്ലൂടൂത്ത് പരിധിയില്‍ വരുമ്പോള്‍ ഈ ആപ്പുകള്‍ തമ്മില്‍ പരസ്പരം സാങ്കേതിക വിവരങ്ങള്‍ കൈമാറുകയും അത് അവരവരുടെ ഫോണില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ ഏതെങ്കിലും ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞാല്‍ ആ വിവരവും കൈമാറപ്പെടും. അതേസമയം, കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി എപ്പോഴെങ്കിലും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്ന് നമ്മുടെ മൊബൈല്‍ ഫോണിലെ ആപ്പ് പരിശോധിക്കുകയും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. സമ്പര്‍ക്കപ്പട്ടികയനുസരിച്ച് അപകടസാധ്യതയുണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടുകയും പരിശോധനയോ സമ്പര്‍ക്ക വിലക്കോ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഭൂരിപക്ഷമാളുകളും ഉപയോഗിക്കാന്‍ തുടങ്ങിയാലേ, സ്വാഭാവികമായും, അതിന്റെ പ്രയോജനം ലഭിക്കൂ.

ചൈന, സിംഗപ്പൂര്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ആപ്ലിക്കേഷനുകളുടെ മാതൃകയില്‍ ആണ് ആരോഗ്യസേതു ഉണ്ടാക്കിയിരിക്കുന്നത്. ചൈനയിലിത് ഹെല്‍ത്ത് കോഡ് ആപ്പ് എന്നാണ് അറിയപ്പെടുന്നത്. ട്രെയ്‌സ് ടുഗദര്‍ എന്നാണ് സിംഗപ്പുരിലെ ആപ്പിന്റെ പേര്. ഇസ്രയേലില്‍ പെഗാസസ് നിരീക്ഷണ സോഫ്റ്റ് വെയര്‍ വികസിപ്പിച്ച എന്‍.എസ്.ഒ. ഗ്രൂപ്പിനാണ് നിരീക്ഷണസംവിധാനത്തിന്റെ ചുമതല. മറ്റു രാജ്യങ്ങളിലും സമാന സംവിധാനങ്ങളുണ്ട്. പോളണ്ടില്‍ ഹോം ക്വാറന്റൈന്‍ എന്ന ആപ്പാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. ഇതുപയോഗിക്കുന്നവര്‍ നിശ്ചിത ഇടവേളകളില്‍ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യണം. എടുക്കുന്ന ചിത്രങ്ങളില്‍ നമ്മള്‍ ഏതു സ്ഥലത്തു നില്‍ക്കുന്നു എന്ന വിവരംകൂടിയുണ്ടാകും. റാങ്കിങ് സി-19 എന്നാണ് ഐസ്ലന്‍ഡിലെ ആപ്പ് അറിയപ്പെടുന്നത്. സ്വകാര്യവിവരങ്ങള്‍ അധികം ശേഖരിക്കുന്നില്ലെങ്കിലും കൊവിഡ് സെയ്ഫ് എന്ന പേരില്‍ ഓസ്‌ട്രേലിയയിലുമുണ്ട് ഒരു ആപ്പ്. സമ്പര്‍ക്കവിവരം ശേഖരിക്കുന്നതിനുള്ള സാങ്കേതിവിദ്യ വികസിപ്പിക്കാന്‍ ഗൂഗിളും ആപ്പിളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ബ്ലൂടുത്ത് ഉപയോഗിച്ചുള്ള സമ്പര്‍ക്ക വിവര ശേഖരണ സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിലാണ്.

രോഗസാധ്യതയുള്ളയാളുകളുമായി ബന്ധപ്പെടുന്നതില്‍നിന്ന് നമ്മളെ തടയുകയും നമ്മള്‍ക്ക് രോഗസാധ്യതയുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയുമാണ് പ്രത്യക്ഷത്തില്‍ ആരോഗ്യസേതുവിന്റെ ദൗത്യം. ഒറ്റനോട്ടത്തില്‍ നിര്‍ദ്ദോഷമാണത്. എന്നാല്‍ ഈ ചുമതല നിറവേറ്റുന്നതിനു വേണ്ടി ഓരോ വ്യക്തിയില്‍ നിന്നും ഏതൊക്കെ വിവരങ്ങളാണ് അത് ശേഖരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ വിവരങ്ങള്‍ ഭാവിയില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കുവേണ്ടിയാവും ഉപയോഗിക്കുക എന്ന ആശങ്ക സ്വാഭാവികമായും അതിന്റെ ഉപോല്‍പന്നമാണ്. ആരോഗ്യസേതുവില്‍ ഒരു ഡിവൈസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആണ് വ്യക്തി വിവരങ്ങള്‍ക്ക് പകരമായി പൊതുഇടങ്ങളിലും ഡാറ്റാ വിശകലനത്തിനുമെല്ലാം ഉപയോഗിക്കുന്നത് എങ്കിലും ഒരു കേന്ദ്രീകൃത ഡാറ്റാബേസില്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. അത് ദുരുപയോഗം ചെയ്യപ്പെടാനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. പൗരന്‍മാരുടെ ചലനങ്ങളെയെല്ലാം നിരീക്ഷിക്കാനുള്ള ഒരു മാസ് സര്‍വലൈന്‍സ് ടൂള്‍ ആയി കേന്ദ്രസര്‍ക്കാര്‍ ഇതിനെ മാറ്റിയെടുക്കുമോ എന്ന ഭീതി പലര്‍ക്കുമുണ്ട്.
വിവര സംരക്ഷണത്തിന് വ്യക്തമായ നിയമംപോലുമില്ലാത്ത ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനം കാരണമുണ്ടാകുന്ന പ്രത്യാഘാതം കനത്തതായിരിക്കുമെന്ന് ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ദിനപത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സുതാര്യതയില്ല എന്നതാണ് ആരോഗ്യസേതുവിന്റെ പ്രധാന പ്രശ്‌നം. സോഴ്‌സ് കോഡ് തുറന്നതല്ലാത്തതുകൊണ്ട് ഇതിന്റെ വിശദാംശങ്ങളൊന്നും പൊതുജനത്തിന് ലഭ്യമല്ല എന്ന് സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ ചൂണ്ടിക്കാണിക്കുന്നു. പുറത്തേക്കു പറയുന്ന വിവരങ്ങള്‍ മാത്രമാണോ നമ്മളില്‍നിന്ന് ശേഖരിക്കപ്പെടുന്നത് എന്ന് പരിശോധിച്ചറിയാനാവില്ല എന്നതാണ് അതുകൊണ്ടുള്ള കുഴപ്പം. നിതാന്ത നിരീക്ഷണ സംവിധാനമായി ഇതു മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അപര്‍ ഗുപ്ത പറയുന്നു. ഇത്തരം ആപ്പുകള്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് വിവര സാങ്കേതികരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ലൈവ് മിന്റില്‍ എഴുതിയ ലേഖനത്തില്‍ പ്രസീദ് ബാനര്‍ജി ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യസേതു നിര്‍ബന്ധമാക്കാന്‍ ഇപ്പോഴുള്ള നിയമങ്ങളുടെ പിന്‍ബലമില്ലെന്ന് ലൈവ് ലോയില്‍ എഴുതിയ ലേഖനത്തില്‍ ഗൗതം ഭാട്യ വ്യക്തമാക്കുന്നു. എന്നാല്‍, കൊവിഡ് എന്ന മഹാമാരിയെ നേരിടാനായി അസാധാരണമായ സാഹചര്യങ്ങളില്‍ അസാധാരണമായ നിയമങ്ങളും നീക്കങ്ങളും നടപടിക്രമങ്ങളും ആകാമെന്ന് എല്ലാവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ നാളെ കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം ഈ ആപ്പ് നിര്‍ബന്ധമാക്കിയാല്‍ പോലും എതിര്‍സ്വരങ്ങളുടെ മുനയൊടിയപ്പെടും.

സര്‍ക്കാര്‍ രൂപകല്‍പന ചെയ്ത ആരോഗ്യസേതുവിന് പുറമേ ഏതാണ്ട് ഇതേ ജോലിചെയ്യുന്ന ഡ്രോര്‍ എന്നൊരു സ്വകാര്യ ആപ്പും ഇന്ത്യയില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണിലെ ബ്ലൂ ടൂത്ത് കണക്ഷന്‍ വഴിയാണിത് സാമൂഹിക അകലം നിരീക്ഷിക്കുന്നത്. കൊവിഡ് തടയുന്നതിനുള്ള സാമൂഹിക അകലനിബന്ധന ഒരു വര്‍ഷമെങ്കിലും തുടരുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരമൊരു ആപ്പിന് രൂപം നല്‍കിയതെന്ന് ഡ്രോര്‍ സി.ഇ.ഒ ധീരജ് നൗഭാര്‍ പറയുന്നു. ഡ്രോര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ നിലവില്‍ സര്‍ക്കാറുമായി പങ്കുവെക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതു ചെയ്യേണ്ടിവരും. കൊറോണ വൈറസ് വ്യാപനം നിരീക്ഷിക്കുന്നതിനുവേണ്ടി വെരിലി തയാറാക്കിയ വെബ്‌സൈറ്റിന്റെ സുരക്ഷയില്‍ ഡിജിറ്റല്‍ ലോകത്തെ പൗരാവകാശ സംരക്ഷണത്തിന് നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയായ ഇലക്ട്രോണക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ (ഇ.എഫ്.എഫ്.) ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ ആരോഗ്യ വിഭാഗം സബ്‌സിഡിയറിയാണ് വെരിലി. ഇതുവഴി ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ എന്തിനുവേണ്ടിയാണവ ഉപയോഗിക്കുക എന്ന് വെളിപ്പെടുത്തുന്നില്ല.
കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കേരള സര്‍ക്കാര്‍ സ്പ്രിങ്ക്‌ളര്‍ എന്ന വിദേശ കമ്പനിയെ ഏല്‍പ്പിച്ചത് ഡാറ്റാ സ്വകാര്യതയെപ്പറ്റിയുള്ള ചര്‍ച്ചയായി തുടങ്ങി, രാഷ്ട്രീയവിവാദവും വ്യക്തിഗത അഴിമതിയാരോപണവുമായി ഒടുങ്ങിയത് നമ്മള്‍ കണ്ടതാണ്. കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ബാധിത മേഖലകളുടെ ഉപഗ്രഹമാപ്പ് രോഗികളുടെ വീട്ടുവിലാസവും ഫോണ്‍ നമ്പറും സഹിതം സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതു സംബന്ധിച്ച ചര്‍ച്ചയുടെ നിലവാരവും അതുതന്നെയായിരുന്നു. എന്നാല്‍, ഭരണകൂടം തന്നെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണസംവിധാനമൊരുക്കുന്ന ആരോഗ്യസേതുവിന്റെ ഭീഷണി വലിയ ചര്‍ച്ചപോലുമായില്ല. ആരോഗ്യസേതു ഇതുവരെ നിയമപരമായി നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ത്തന്നെ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളോട് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് ‘മിന്റ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകൗ ഡൗണ്‍ കാരണം ഇന്ത്യയിലിപ്പോള്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണം നടക്കുന്നില്ല. അതിനു ശേഷം നിര്‍മിക്കപ്പെടുന്ന ഫോണുകളില്‍ നമുക്കു വേണ്ടെങ്കിലും ആരോഗ്യസേതുകൂടിയുണ്ടാവും. കൊറോണ കഴിഞ്ഞാലും നിരീക്ഷണം കഴിയില്ല എന്നര്‍ഥം.

എസ് കുമാര്‍

You must be logged in to post a comment Login