ഇന്ത്യയിലെ ന്യൂനപക്ഷം: ചരിത്രവും വര്‍ത്തമാനവും കൈമാറുന്ന പാഠങ്ങള്‍

ഇന്ത്യയിലെ ന്യൂനപക്ഷം: ചരിത്രവും വര്‍ത്തമാനവും കൈമാറുന്ന പാഠങ്ങള്‍

നാലുകോടി മുസ്ലിംകളെ പെരുവഴിയില്‍ അനാഥമാക്കി നിര്‍ത്തി, പൊരുതി നേടിയ പാകിസ്ഥാനുമായി വിമാനം കയറാന്‍ മുഹമ്മദലി ജിന്ന തയാറെടുപ്പ് നടത്തിയ ഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിം ലീഗ് നേതാക്കള്‍ ജിന്നയുടെ മുഖത്ത്നോക്കി ഒരു കാര്യം പറഞ്ഞിരുന്നു; ഇനി ഞങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു റോളും വഹിക്കാനില്ല. അതുവരെ ജിന്ന ഇന്ത്യയിലെ മുസ്ലിംകളുടെ നേതാവും സുഹൃത്തും മാര്‍ഗദര്‍ശിയും ആയിരുന്നു. പാകിസ്ഥാന്‍ എന്ന ആശയം യാഥാര്‍ഥ്യമാവുമെന്ന് വന്നതോടെ ചിത്രമാകെ മാറി. 1947ജൂണ്‍ രണ്ടാം വാരത്തില്‍ സര്‍വേന്ത്യ മുസ്ലിംലീഗ് കൗണ്‍സില്‍ ഡല്‍ഹിയില്‍ ചേരുകയുണ്ടായി. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള മദിരാശി സംസ്ഥാനത്തെ ലീഗ് വളരെ ജനകീയാടിത്തറയുള്ള സംവിധാനമാണെന്നും പ്രവിശ്യ, സെന്‍ട്രല്‍ നിയമനിര്‍മാണസഭകളിലേക്ക് നൂറുശതമാനം വിജയം ഉറപ്പിച്ചിട്ടുണ്ടെന്നും ജിന്ന പുകഴ്ത്തിപ്പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകളുടെ ഭാവിക്കു ഉപദേശം തേടിയപ്പോള്‍ അദ്ദേഹത്തിനു കൂടുതലൊന്നും നല്‍കാനുണ്ടായിരുന്നില്ല. രാജ്യത്തോട് കൂറുള്ളവരായി , ഒറ്റക്കെട്ടായി നീങ്ങുക എന്ന ഉപദേശമേ അദ്ദേഹത്തിന് കൈമാറാനുണ്ടായിരുന്നുള്ളൂ. സമുദായത്തിന്റെ താല്‍പര്യം ബലികഴിച്ചുകൊണ്ടുള്ള പ്രലോഭനങ്ങളില്‍ നിങ്ങള്‍ വീണുപോകരുത്. ഐക്യത്തോടെ നില്‍ക്കുകയാണെങ്കില്‍ ഇനിയും നിങ്ങളുടെ മുന്നില്‍ സാധ്യകളുണ്ടെന്നും ജിന്ന ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.1947 ജൂലൈ അന്ത്യത്തില്‍, സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ളി അംഗങ്ങള്‍ ഒത്തുചേര്‍ന്നത് ‘ഖാഇദെ അഅ്സമിന് ‘ യാത്രയയപ്പ് നല്‍കാനാണ്. കൂടിയിരുന്ന പലരും തന്നെ ജിന്നയെപോലുള്ളവര്‍ ഇവിടെ ബാക്കിവെച്ചുപോവുന്ന മുസ്ലിംകളുടെ ഭാവിയെ കുറിച്ച് ആകുലത പങ്കിട്ടു. ഭാവി കരുപ്പിടിപ്പിക്കാനുള്ള ഉപദേശം തേടിയപ്പോള്‍ അദ്ദേഹത്തിന് നല്‍കാന്‍ ഒന്നുമുണ്ടായിരുന്നില്ല.നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഭാവി നിശ്ചയിക്കേണ്ടത് എന്നുമാത്രമേ ജിന്നക്ക് പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴും ഒരുകാര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു: നിങ്ങളുടെ രാജ്യമായ ഇന്ത്യയോട് എന്നെന്നും കൂറുള്ളവരായിരിക്കുക. രണ്ടുതോണിയില്‍ കാല് വെക്കാന്‍ ശ്രമിക്കരുത്. ചൗധരി ഖാലിഖുസ്സമാനെ പോലുള്ള പ്രഗല്‍ഭമതികള്‍ വരുംനാളുകളില്‍ മുസ്ലിംകളെ നയിക്കുമെന്ന വിചാരമായിരുന്നു പലര്‍ക്കും അന്ന് ആശ്വാസം പകര്‍ന്നത്. പക്ഷേ, ഖാലിഖുസ്സമാന്‍ ചരിത്രത്തിലെ കൊടുംചതി ഇന്ത്യയിലെ മുസ്ലിംകളോട് ചെയ്തു. ഇവിടെ മുസ്ലിംകള്‍ അന്തസ്സായി,ശിരസ്സുയര്‍ത്തി ജീവിക്കണം, പെരുവഴിയില്‍ അലഞ്ഞുതിരിയുന്നത് കാണാന്‍ ഞാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ലാഹോറിലേക്ക് വണ്ടി കയറിയത്, സിന്ധിലെ ഹിന്ദുക്കളോട് അവിടെ തന്നെ ജീവിതമുറപ്പിക്കാന്‍ പറയണമെന്ന ദൗത്യവുമായാണ്. പക്ഷേ, ജിന്നയെ കണ്ടപ്പോള്‍ കവാത്ത് മറന്ന ചൗധരിയെ പിന്നീട് നമ്മള്‍ കാണുന്നത് പാകിസ്ഥാന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റായാണ്.

1947ഡിസംബര്‍ രണ്ടാം വാരം ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ രണ്ടു രാജ്യത്തിന്റെ രാഷ്ട്രീയമാണ് നിശ്ചയിക്കാനുണ്ടായിരുന്നത്. മുസ്ലിം ലീഗിലുടെ ജിന്ന പാകിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്ട്രം നേടിയെടുത്ത സ്ഥിതിക്ക് അപ്പേരിലൊരു പാര്‍ട്ടി തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ചിലര്‍ വാദിച്ചു. എന്നാല്‍, രാജ്യത്തിന്റെ പിറവിക്ക് നിദാനമായ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗായിരിക്കണം രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്ന് മറുഭാഗവും വാദിച്ചു.ഇന്ത്യയിലെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇനിയും മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുമായി മുന്നോട്ടുപോവുന്നത് അസംബന്ധമായിരിക്കുമെന്നും സമുദായത്തിന് ഗുണകരമാവില്ലെന്നും വാദിച്ചുകൊണ്ട് ഇവിടയുള്ള നേതാക്കളില്‍ പലരും രാജിവെച്ചുപോവുകയോ നിര്‍ജീവമാവുകയോ ചെയ്തു. എന്നാല്‍, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.എം സീതിസാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹീം തുടങ്ങിയ നേതാക്കള്‍ മദിരാശിയില്‍നിന്നും ഹാജി ഹസന്‍ അലി, പീര്‍ ഇബ്രാഹീം തുടങ്ങിയവര്‍ ബോംബെയില്‍നിന്നും കറാച്ചിയിലെത്തി ഡിസംബര്‍ 13ന് ഗവര്‍ണര്‍ ജനറലിന്റെ ( ജിന്നയുടെ ) വസതിയില്‍ മുസ്ലിം ലീഗ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ഡിസംബര്‍ 14ന് ഖാലിഖ് ദാന ഹാളില്‍ ചരിത്രനിര്‍ണായകമായ കൗണ്‍സില്‍ യോഗം ചേരുകയാണ്. ഇരുരാജ്യങ്ങളില്‍നിന്നുമായി 250ഓളം നേതാക്കള്‍! ജിന്നയുടെ തൊട്ടരികെ ഖാലിഖുസ്സമാന്‍ ഇരിക്കുന്നുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കൈവിട്ട മനുഷ്യന്‍ എന്ന അവജ്ഞയോടെ ഇന്ത്യന്‍ സംഘം അദ്ദേഹത്തെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി വൈകാരികമായും വിറച്ചും സംസാരിക്കുന്ന ജിന്നയെയാണ് നേതാക്കള്‍ കണ്ടത്. വിഭിജനം അഴിച്ചുവിട്ട ക്രൂരതകളും ബീഭല്‍സതയും വിവരിച്ചപ്പോള്‍ ജിന്നയുടെ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ കുത്തിയൊലിക്കുന്നുണ്ടായിരുന്നു. ഇമ്മട്ടിലൊരു ദുരന്തം മുന്‍കൂട്ടി കണ്ടിരുന്നുവെങ്കില്‍ പാകിസ്താന്‍ ആവശ്യവുമായി ഞാന്‍ പൊരുതമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ അമ്പരന്നു. അകപ്പെട്ട പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ ചിലര്‍ അശ്രുപൊഴിച്ചു. നീണ്ട മൗനത്തിനും മൂക്കുപിഴിച്ചലിനും ശേഷം പില്‍ക്കാലത്ത് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് എന്ന് അപരനാമത്തില്‍ അറിയപ്പെട്ട ആ വലിയ മനുഷ്യന്‍ ശബ്ദം കുറച്ചെങ്കിലും ഉറച്ച ശബ്ദത്തില്‍ ജിന്നയോട് ഓര്‍മിപ്പിച്ചൂ: നമ്മള്‍ ഇവിടെ വെച്ച് പിരിയുകയാണ്. ഞങ്ങളുടെ രാജ്യത്തിന്റെ സുഖദുഃഖങ്ങള്‍ ഞങ്ങള്‍ അനുഭവിക്കും. ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. മുസ്ലിം ലീഗിന്റെ അവശിഷ്ട ഫണ്ടില്‍നിന്ന് ഞങ്ങള്‍ക്ക് ചില്ലിക്കാശ് വേണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി’

അനുഭവങ്ങളുടെ തീച്ചൂളയില്‍
മുഹമ്മദലി ജിന്ന ബാക്കിയാക്കി വെച്ച അന്നത്തെ നാലുകോടി മുസ്ലിംകള്‍ 70വര്‍ഷം കൊണ്ട് 20കോടിയായി വളര്‍ന്നിട്ടുണ്ടത്രെ. ചോരച്ചാലുകള്‍ കുത്തിയൊഴുകുകയും കബന്ധങ്ങള്‍ കുന്നുകുടുകയും ചെയ്തിരുന്ന ആ ശപ്തകാലഘട്ടത്തിലും നാളെയെ കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്താന്‍ ഇവിടെ ഒരു രാഷ്ട്രീയ സംവിധാനമുണ്ടായിരുന്നു. അതിനെ ജനായത്ത-മതേതരവ്യവസ്ഥ എന്ന വിളിപ്പേരില്‍ നാം ആശ്വാസം കണ്ടെത്തി. വിവേചനവും പീഡനങ്ങളും പക്ഷപാതിത്വങ്ങളും അന്നും ഇവിടെ നടമാടിയിരുന്നുവെങ്കിലും ഭരണകൂടം പരസ്യമായി അത് അംഗീകരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. അലിഖിതമായ ഏതോ രാഷ്ട്രീയമൂല്യങ്ങളുടെ വ്യഭിചാരമായാണ് അത്തരം ദുഷ്ടചിന്തകളെയും ചെയ്തികളെയും രാജ്യം നോക്കിക്കണ്ടിരുന്നത്. ഇന്നാകെ മാറിയപ്പോള്‍, ലോകം ക്യാമറയും തിരിച്ചുപിടിച്ചു ഇന്ത്യയിലേക്ക് കണ്ണുനട്ടിരിക്കയാണ്. മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന, അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന പൊതുഇടമായി ഇന്ത്യ മാറ്റിമറിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ലോകം അംഗീകരിക്കുന്നു. ഈ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പ്രശസ്തമായ പുലിറ്റ്സര്‍ പുരസ്‌കാരം നേടിയത് ജമ്മു-കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേറ്റഡ് പ്രസിന്റെ മൂന്നു ഫോട്ടോഗ്രാഫര്‍മാരാണ്.-ദര്‍ യാസീന്‍, മുഖ്താര്‍ ഖാന്‍ , ചാന്നി ആനന്ദ് എന്നിവര്‍ മോഡി ഭരണകൂടം അടിച്ചമര്‍ത്തിയ ജനകീയ രോഷം ആര്‍ക്കും കിട്ടാത്ത ചിത്രങ്ങളിലുടെ പുറത്തുകൊണ്ടുവന്നതാണ് പുലിറ്റ്സര്‍ പ്രൈസിന് അര്‍ഹരാക്കിയത്. 2019 ആഗസ്റ്റ് അഞ്ചിന് അത്യപൂര്‍വ ഭരണകൂട നീക്കങ്ങളിലൂടെ ജമ്മു-കശ്മീരിന് സവിശേഷാധികാരം നല്‍കുന്ന 370ാംഖണ്ഡിക എടുത്തുകളയുകയും ജനാധിപത്യ സംവിധാനം മുഴുവന്‍ മരവിപ്പിച്ചുകൊണ്ട് നേതാക്കളെ മുഴുവനും അറസ്റ്റ് ചെയ്യുകയും വാര്‍ത്തയുടെ ഒഴുക്ക് തടയുകയും ചെയ്തിട്ടും താഴ്വരയിലെ ജീവിതത്തിന്റെ യഥാര്‍ഥ നിഴലാട്ടങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുത്തതാണ് ഈ ഫോട്ടോഗ്രാഫര്‍മാരുടെ ദൗത്യം മഹത്തരമാക്കിയത്. ഇവിടെ, വിഷയം കേവലം ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു മേഖലയുടെ രാഷ്ട്രീയത്തെ ഭരണവര്‍ഗം വര്‍ഗീയവത്കരിച്ചതാണ്. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ കവര്‍ന്നെടുത്ത്, സവിശേഷാധികാരങ്ങള്‍ അട്ടിമറിച്ച് ഭരണഘടനാവിരുദ്ധമായ മാര്‍ഗത്തിലൂടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കി, അവിടെ ജീവിക്കുന്ന ഒരുകോടിയോളം മനുഷ്യര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ചതിന്റെ ആകത്തുകയാണ് കശ്മീര്‍ സമസ്യ. കശ്മീര്‍ കഴിഞ്ഞ പത്തുമാസത്തിനിടയില്‍ ഏതെല്ലാം സംഭവവികാസങ്ങളിലൂടെ കടന്നുപോയി എന്നതിനപ്പുറം, ലോകം തര്‍ക്കഭൂമിയായി എണ്ണുന്ന ആ താഴ്്വരയിലെ ജനങ്ങള്‍ അനുഭവിച്ചുതീര്‍ത്ത ദുരിതങ്ങളും കഷ്ടനഷ്ടങ്ങളും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം അനുഭവിച്ചുതീര്‍ക്കുന്ന വിവേചനത്തിന്റെയും ഭരണകൂട ഭീകരതയുടെയും ജീവിക്കുന്ന ഉദാഹരണമാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലിംന്യൂനപക്ഷം ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിട്ട ഒരു വര്‍ഷം കടന്നുപോയപ്പോള്‍, സ്വതന്ത്ര ഇന്ത്യ ഒരിക്കലും നിനച്ചിരിക്കാത്ത അരുതായ്മകളുടെ മറുകര താണ്ടി എന്നത് ലോകം ഗൗരവപൂര്‍വമാണ് കണ്ടത്. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്ററുമൊക്കെ മുസ്ലിം ന്യൂനപക്ഷങ്ങളെ അന്യവത്കരിക്കാനും അവരുടെ നിലനില്‍പ് തന്നെ അവതാളത്തിലാക്കാനുമുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമായി അപഗ്രഥിക്കപ്പെട്ടപ്പോള്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് രാജ്യം വേദിയായി. ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ ‘മാഗ്നാകാര്‍ട്ടയായി’ വാഴ്ത്തപ്പെട്ട നെഹ്റു -ലിയാഖത്തലി ഖാന്‍ ഉടമ്പടിക്കു ശേഷവും ഇന്ത്യയിലെ മുസ്ലിംകളുടെ അസ്തിത്വവും മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥാവിശേഷം ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനും ബഹുസ്വരരാഷ്ട്രീയത്തിനും എതിരായ പരസ്യമായ വെല്ലുവിളിയായി മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കുന്ന ലോകരാജ്യങ്ങള്‍ വിധി എഴുതി. ഐക്യരാഷ്ട്ര സഭയും യു.എസ്. കമീഷനും ( മതസ്വാതന്ത്ര്യത്തിനായുള്ള അന്താരാഷ്ട്ര യു.എസ് കമീഷന്‍ -യു.എസ്.സി.ഐ.ആര്‍.എഫ് ) ഇന്ത്യയില്‍ മുസ്ലിംകള്‍ കടുത്ത വിവേചനവും അസ്തിത്വപ്രതിസന്ധിയും നേരിടുകയാണെന്ന് തുറന്നെഴുതി. ഫെബ്രുവരിയില്‍ യു.എസ്. പ്രസിഡന്റ് റോണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മുസ്ലിം പീഡനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ , ഇവിടെ ആ വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത് കണ്ടില്ലേ, പീഡനമുണ്ടെങ്കില്‍ അത് സാധ്യമാണോ എന്ന ഉത്തരം കേട്ടപ്പോള്‍ നമ്മുടെ നാട്ടിലെ മന്ദബുദ്ധികള്‍ക്ക് സന്തോഷമായത്രെ. പൗരത്വസമരം ആളിക്കത്തിയ ഫെബ്രുവരി24ന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ ഏകപക്ഷീയ വംശീയഹത്യയുടെ ഞെട്ടിക്കുന്ന കഥ, ഒരിക്കല്‍ കൂടി ഇന്ത്യയില്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന കടുത്ത അനീതിയുടെയും നിഷ്ഠൂരതയുടെയും നടുക്കുന്ന ചിത്രങ്ങള്‍ ലോകത്തിനു കൈമാറി. മാധ്യമങ്ങള്‍ വര്‍ഗീയ കലാപം എന്ന് പേരിട്ട് ഗൗരവം കുറക്കുന്ന ‘എത്നിക് ക്ളെന്‍സിങ്’ പ്രക്രിയ മൂന്നുദിവസം നീണ്ടുനിന്നപ്പോള്‍ 53പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതില്‍ 45പേരും മുസ്ലിംകളായിരുന്നു. അഞ്ഞൂറോളംപേര്‍ക്ക് പരിക്കേറ്റു. കൈകാലുകള്‍ ഛേദിക്കപ്പെട്ടവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. 16 മുസ്ലിം പള്ളികള്‍ തകര്‍ക്കുകയോ ചുട്ടുചാമ്പലാക്കുകയോ ചെയ്തു. ഭരണസിരാകേന്ദ്രത്തിനു മൂക്കിനു താഴെ നടന്ന ഈ കിരാതങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഏതാനും മനുഷ്യവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷകമീഷന്‍ ചെയര്‍മാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാര പാര്‍ട്ടികള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചു.

ഭരണകൂട ഭീകരത അഴിച്ചുവിടുന്നത്
മോഡി-അമിത് ഷാ പ്രഭൃതികള്‍ സ്ഥാപിച്ചെടുത്ത ‘ഹിന്ദുരാഷ്ട്രം ‘ മുസ്ലിംകളുടെ അസ്തിത്വം ചോദ്യം ചെയ്യുകയും മൗലികാവകാശങ്ങള്‍ പരസ്യമായി പിച്ചിച്ചിന്തുകയുമാണ്. ന്യുനപക്ഷങ്ങളുടെ അന്യവത്കരണം പൂര്‍ത്തിയാക്കാന്‍ രാക്ഷസീയവത്കരണം തകൃതിയായി പൂര്‍ത്തിയാക്കുന്നു. അതിനായി പച്ചക്കളം പ്രചരിപ്പിക്കാന്‍ മാധ്യമവിശാരദ വേഷമിട്ട ചിലരെ തീറ്റിപ്പോറ്റി നിര്‍ത്തുന്നു. കൊവിഡ്-19നെ നേരിടുന്ന വിഷയത്തില്‍ ലോകസമൂഹത്തോടൊപ്പം ഇന്ത്യയിലെ 130കോടി ജനങ്ങളും ഭയവിഹ്വലരായി കഴിയുമ്പോള്‍ ആര്‍.എസ്.എസിന്റെ പോരാട്ടം ആ മഹാമാരി പരത്തുന്ന കൊറോണ വൈറസിനോടല്ല, പ്രത്യുത, നിതാന്ത ശത്രുക്കളായ മുസ്ലിംകളോടാണ്. മുസ്ലിംകളാണ് കൊവിഡ് രോഗത്തിന് കാരണക്കാര്‍ എന്ന ദുഷ്പ്രചാരണത്തിലൂടെ ഏറ്റവും വെറുക്കപ്പെട്ട, അകറ്റി നിര്‍ത്തേണ്ട വിഭാഗമാണീ കൂട്ടരെന്ന് പ്രചരിപ്പിക്കാന്‍ മുന്നിട്ടറങ്ങിയപ്പോള്‍ തബ്‌ലീഗ് ജമാഅത്തുകാരുടെ പിരടിയില്‍ മൂഴുവന്‍ പാപഭാരവും കെട്ടിവെച്ചു. ലോകം മുഴുവനും ഹിന്ദുത്വ പ്രൊപ്പഗാണ്ട പദ്ധതി വ്യാപകമായപ്പോള്‍ സ്വാഭാവികമായ ചില പ്രതികരണങ്ങളുണ്ടായി. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഏതാനും സംഘികള്‍ വിദ്വേഷജഢിലമായ പോസ്റ്റുകള്‍ ഇട്ടത് ആ രാജ്യത്തെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. രാജകുടുബാംഗങ്ങള്‍ വിഷയത്തില്‍ ഇടപെട്ടു എന്ന് മാത്രമല്ല, വിദ്വേഷപ്രചാരണത്തിന്റെ ശിക്ഷ കര്‍ക്കശമാക്കി. ഏതാനും സംഘികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. രാജകുടുംബാംഗവും ഗവേഷകയുമായ ഹിന്ദ് അല്‍ ഖാസിമി ‘ഗള്‍ഫ് ന്യൂസില്‍ ‘ എഴുതിയ ഒരു ലേഖനം ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. സംഘര്‍ഷഭരിതമായ ലോകത്തിന് മറ്റൊരു ഹിറ്റ്ലറെ ആവശ്യമില്ലെന്നും മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവങ്ങള്‍ മാനവകുലത്തെ പഠിപ്പിച്ച ഗാന്ധിജിയിലേക്കാണ് മടങ്ങേണ്ടതെന്നും അവര്‍ കുറിച്ചിട്ടപ്പോള്‍ മോഡിയുടെ ഇന്ത്യ ലോകത്തിനു മുന്നില്‍ പരിഹാസ്യരായി. ആര്‍.എസ്.എസ് എന്ന വിഷം കായ്ക്കുന്ന വടവൃക്ഷം ആര്‍ഷഭാരത സംസ്‌കൃതിലെ എത്ര കണ്ട് കാര്‍ന്നുതിന്നുന്നുവെന്ന് നിഷ്പക്ഷമതികള്‍ ടിപ്പണി എഴുതി. എന്നിട്ടും മോഡിയുടെ ഭരണകൂടം, അമിത് ഷായുടെ പോലിസ് വിവേകം തിരിച്ചുപിടിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മോഡി ഭരണകൂടവും യു.പിയിലെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരുമാണ്. പൗരത്വസമരത്തില്‍ പങ്കാളികളായ ജാമിയ മില്ലിയ്യയിലെയും ജെ.എന്‍.യുവിലെയും ഒട്ടനവധിവിദ്യാര്‍ഥികളുടെമേല്‍ കരിനിയമമായ യു.എ.പി.എ ചുമത്തി കൊടിയ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വേദിയൊരുക്കിയിരിക്കുന്നു. ജാമിയ മില്ലിയ്യയില്‍ പ്രക്ഷോഭരംഗത്ത് സജീവമായുണ്ടായിരുന്ന സഫൂര്‍ സര്‍ഗറിനെ യു.എ.പി.എ ചുമത്തി തീഹാര്‍ ജയിലില്‍ അടിച്ചിട്ടിരിക്കയാണ്. ഒട്ടനവധി വിദ്യാര്‍ഥികളെയും കാത്തിരിക്കുന്നത് ഇതേ അനുഭവമാണ്. എല്ലാറ്റിനുമൊടുവില്‍ ഇത്തരം അതിക്രമങ്ങളും ഭണകൂട ഭീകരതയും കണ്ടെത്തി ഭരണഘടനാപരമായി പ്രതിവിധി കാണേണ്ട ന്യൂനപക്ഷകമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി തുറുങ്കിലടക്കാനാണ് നീക്കം നടക്കുന്നത്. വിദ്വേഷപ്രചാരണത്തിന് എതിരെ കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യത്തോട് അനുകൂലമായി ട്വിറ്ററില്‍ പ്രതികരിച്ചതാണ് വലിയ അപരാധമായി ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്.

കാസിം ഇരിക്കൂർ

You must be logged in to post a comment Login