തൊഴിലാളികളല്ല, അടിമകള്‍

തൊഴിലാളികളല്ല, അടിമകള്‍

ഏഴു രാത്രിയും ഏഴു പകലും വിനോദ് കാപ്രി അവര്‍ക്കൊപ്പം യാത്ര ചെയ്തു. രണ്ടു സംസ്ഥാനങ്ങള്‍, 1200 കിലോമീറ്റര്‍. തിളയ്ക്കുന്ന വെയിലില്‍ പൊള്ളിയടര്‍ന്ന പാദങ്ങളുമായി കാല്‍നടയായി ജന്‍മനാട്ടിലേക്കു പോകുന്ന തൊഴിലാളികളുടെ പലായനം പകര്‍ത്തുകയായിരുന്നു പുരസ്‌കാര ജേതാവായ ഈ ചലച്ചിത്രസംവിധായകന്‍.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍നിന്ന് ബിഹാറിലെ സഹര്‍സയിലേക്ക് ഏഴു മറുനാടന്‍ തൊഴിലാളികള്‍ നടത്തിയ യാത്രയ്‌ക്കൊപ്പം ചേര്‍ന്ന വിനോദ് കാപ്രി താന്‍ കണ്ട കാര്യങ്ങള്‍ ഔട്ട് ലുക്ക് വാരികയുമായി പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായവരാണ് ഇവര്‍. കൈയില്‍ കാശില്ല. നാട്ടിലേക്ക് തിരിച്ചുപോകാന്‍ വണ്ടിയില്ല. വേറെ വഴിയില്ലാതെ നടന്നുപോകാന്‍ തീരുമാനിച്ച ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രതിനിധികള്‍. പട്ടിണി കിടന്നു മരിക്കുകയാണെങ്കില്‍ അതു നാട്ടിലെത്തിയിട്ടു മതി എന്നു തീരുമാനിച്ചവര്‍.

മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്ന് മധ്യപ്രദേശിലെ ജന്‍മഗ്രാമത്തിലേക്ക് ഇതുപോലെ നടക്കാന്‍ തീരുമാനിച്ച 16 തൊഴിലാളികളാണ് കഴിഞ്ഞയാഴ്ച തീവണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞത്. ലോക് ഡൗണില്‍, ജല്‍നയിലെ ഉരുക്കു കമ്പനി അടച്ചപ്പോള്‍ പട്ടിണിയായ തൊഴിലാളികള്‍ കുറച്ചുദൂരം റോഡു വഴി നടന്ന ശേഷം തീവണ്ടിപ്പാളത്തിലേക്കു മാറുകയായിരുന്നു. പലായനത്തിനിടെ രാത്രി വൈകി എപ്പോഴോ ഔറംഗാബാദിനടുത്ത് പാളത്തില്‍ തളര്‍ന്നുറങ്ങിപ്പോയവര്‍ക്കു മുകളിലൂടെ ചരക്കുവണ്ടി ചീറിപ്പാഞ്ഞുപോയി. സേവ് ലൈഫ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് കൊവിഡിനെ നേരിടുന്നതിനുള്ള രാജ്യവ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 140 പേരാണ്. ജന്‍മനാട്ടിലേക്ക് നടന്നുപോകാന്‍ നിര്‍ബന്ധിതരായ മറുനാടന്‍ തൊഴിലാളികളാണ് ഇതില്‍ 42 പേരും. ഔറംഗാബാദില്‍ തീവണ്ടി തട്ടി മരിച്ചവര്‍ ഈ കണക്കില്‍പ്പെടുന്നില്ല. മധ്യപ്രദേശിലെ നര്‍സിങ്പുരില്‍ മെയ് പത്തിന് തൊഴിലാളികളെയുംകൊണ്ടുപോയ ലോറി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ച സംഭവവും അതില്‍പെട്ടിട്ടില്ല.
മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്കുള്ള ആയിരം കിലോമീറ്റര്‍ ദൂരം കാല്‍നടയായി താണ്ടാന്‍ തീരുമാനിച്ച തൊഴിലാളികളുടെ സംഘത്തിലുള്ള ശകുന്തളയെന്ന യുവതിയുടെ കഥ മേയ് പത്തിന്റെ ടൈംസ് ഓഫ് ഇന്ത്യയിലുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ ശകുന്തളയ്ക്ക് പിമ്പല്‍ഗാവിലെത്തിയപ്പോള്‍ പ്രസവ വേദന തുടങ്ങി. കൂടെയുള്ള സ്ത്രീകള്‍ റോഡരികില്‍വെച്ചുതന്നെ പ്രസവമെടുത്തു. കഷ്ടിച്ച് ഒരു മണിക്കൂര്‍ വിശ്രമിച്ച ശേഷം ചോരക്കുഞ്ഞിനെയുമെടുത്ത് ശകുന്തള പൊരിവെയിലില്‍ യാത്ര പുനരാരംഭിച്ചു. 160 കിലോമീറ്റര്‍കൂടി പോയി മധ്യപ്രദേശിലെ ബിജാസാലിനെത്തിയപ്പോഴാണ് ചോരക്കുഞ്ഞുമായി വരുന്ന യുവതിയെ ഒരു പോലീസുകാരി ശ്രദ്ധിക്കുന്നതും സഹായമെന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നതും. ജോലിപോയി ജീവിക്കാന്‍ വഴിയില്ലാതായവര്‍ക്ക് എങ്ങനെയും നാട്ടിലെത്തുകയല്ലാതെ വേറെന്തുവഴി എന്നാണ് ഭര്‍ത്താവ് രാകേഷ് കൗള്‍ ചോദിക്കുന്നത്.

ഏറെ വൈകി റെയില്‍വേ ശ്രമിക് എക്‌സ്പ്രസുകള്‍ തുടങ്ങിയെങ്കിലും, ഘട്ടംഘട്ടമായി തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മറുനാടന്‍ തൊഴിലാളികള്‍ നടന്നും സൈക്കിളോടിച്ചും നൂറു കണക്കിന് കിലോമീറ്ററുകള്‍ താണ്ടി പലായനം തുടരുകയാണെന്ന് വിവിധ പട്ടണങ്ങള്‍ സന്ദര്‍ശിച്ചശേഷം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരുടെ കൈയിലും തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍വേണ്ട രേഖകളില്ല. ചിലരുടെ നാട്ടിലേക്കുള്ള വണ്ടിയ്ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയിട്ടില്ല. ചിലര്‍ക്ക് ഇനിയും കാത്തുകിടക്കാനുള്ള ക്ഷമയില്ല. കര്‍ണാടകത്തില്‍നിന്ന് മറുനാടന്‍ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തിയ തീവണ്ടി മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിര്‍ദ്ദേശപ്രകാരം അവസാനനിമിഷം റദ്ദാക്കിയത് അവര്‍ കണ്ടതാണ്. തൊഴിലാളികളെ പോകാന്‍ അനുവദിച്ചാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ ഭീഷണിയ്ക്കു വഴങ്ങിയായിരുന്നൂ കര്‍ണാടകത്തിന്റെ ക്രൂരത.

ഗ്രാമങ്ങളില്‍നിന്നു പട്ടണങ്ങളിലേക്കും അവിടന്ന് വന്‍നഗരങ്ങളിലേക്കും കുടിയേറിയ ഈ തൊഴിലാളികളാണ് യഥാര്‍ത്ഥത്തില്‍ ആധുനിക ഇന്ത്യയുടെ ശില്‍പികള്‍. അവരുടെ വിയര്‍പ്പിലാണ് ഇന്നുകാണുന്ന ബഹുനിലമന്ദിരങ്ങളും പാതകളും പാലങ്ങളുമെല്ലാമുയര്‍ന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കാരണം ജോലി നഷ്ടപ്പെട്ട് അവര്‍ പട്ടിണിയായി കൂട്ടപ്പലായനത്തിനൊരുങ്ങുമ്പോള്‍ ജനാധിപത്യ ഭരണകൂടം അവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നല്ലേ സ്വാഭാവികമായും പ്രതീക്ഷിക്കുക. മറ്റു രാജ്യങ്ങള്‍ അതാണ് ചെയ്തത്. കാനഡ അടിസ്ഥാനമേഖലയില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്കായി 210 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും അടുത്ത മൂന്നു മാസത്തേക്ക് മാസം 70 ഡോളര്‍ വെച്ച് നല്‍കാനാണ് വിയറ്റ്‌നാമിന്റെ തീരുമാനം. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ബോണസും മുഴുവന്‍ തൊഴിലാളികള്‍ക്കും ആശ്വാസധനവും നല്‍കിയിട്ടുണ്ട് ബംഗ്ലാദേശ്. നാലുമാസക്കാലം അടച്ചിടേണ്ടിവരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇപ്പോഴത്തെ ശമ്പളത്തിന്റെ 80 ശതമാനം നല്‍കുമെന്നാണ് ബ്രിട്ടന്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ ഇന്ത്യയില്‍ സംഭവിക്കുന്നതോ? കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാനുള്ള നിയമഭേദഗതികളാണ് വന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗുജറാത്തുമാണ് തൊഴില്‍ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയത്. അത്ര ഭീകരമല്ലെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പഞ്ചാബും ബി.ജെ.ഡി. ഭരിക്കുന്ന ഒഡിഷയും ചില ഭേദഗതികള്‍ കൊണ്ടുവന്നു. ത്രിപുരയും ഹരിയാനയും സമാന നടപടിക്കൊരുങ്ങുന്നു. യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശ് ഫലത്തില്‍ മൂന്നു വര്‍ഷത്തേക്ക് എല്ലാ തൊഴില്‍ നിയമങ്ങളും മരവിപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഉദിത് മിശ്രയും നുഷൈബാ ഇക്ബാലും എഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനപ്പെട്ട തൊഴില്‍ നിയമങ്ങള്‍ 1,000 ദിവസത്തേക്ക് ഇളവു ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പ്രഖ്യാപിച്ചു. തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. ലോക് ഡൗണ്‍ നീക്കിയാല്‍ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലുടമകള്‍ക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂലി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളാവും ഇവര്‍ നേരിടേണ്ടിവരിക
ഏറ്റവും കൂടുതല്‍ തൊഴില്‍ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇരുനൂറിലേറെ സംസ്ഥാന നിയമങ്ങളും അന്‍പതോളം കേന്ദ്ര നിയമങ്ങളുമുണ്ട്. ചുരുങ്ങിയ വേതനം ഉറപ്പുനല്‍കുകയും തൊഴില്‍ സുരക്ഷ മുതല്‍ തൊഴിലാളികളുടെ ആരോഗ്യസുരക്ഷ വരെ ഉറപ്പാക്കുന്നതുമാണ് ഇവ. സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങള്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ദോഷമാണെന്ന് സംരംഭകര്‍ പറയാന്‍ തുടങ്ങിയിട്ട് കുറേയായി. അവ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടും കുറച്ചായി. ചര്‍ച്ചയില്ലാതെ, നിയമനിര്‍മാണ സഭകളുടെ അനുമതിപോലുമില്ലാതെ മഹാമാരിയുടെ മറവില്‍ തൊഴില്‍സുരക്ഷ അട്ടിമറിക്കാനാണ് ഇപ്പോള്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. മിനിമം വേജസ് ആക്ട് ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നതോടെ ചൂഷണത്തിനുള്ള ഉത്തമാന്തരീക്ഷമാണ് ഒരുങ്ങുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സിലെ രാധിക കപൂര്‍ പറയുന്നു. സംഘടിത തൊഴിലാളികള്‍ ഇതോടെ അസംഘടിതരായി മാറും. കൂലി തീരെ കുറയും. നിലവിലുള്ള സ്ഥിരം ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ട് കുറഞ്ഞ കൂലിക്ക് താത്ക്കാലികക്കാരെ നിയമിക്കാന്‍ തൊഴിലുടമയ്ക്ക് അവസരം ലഭിക്കും.
പതിറ്റാണ്ടുകളോളം സമരം ചെയ്ത് സംഘടിച്ച് തൊഴിലാളി വര്‍ഗ്ഗം നിയമപരമാക്കിയ അവകാശങ്ങളാണ് കൊവിഡിന്റെ മറവില്‍ ജനാധിപത്യവിരുദ്ധമായി കവരുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അരുണാ റോയ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ഭരണഘടനപ്രകാരം തൊഴിലാളികള്‍ അടിമകളല്ലെന്നും തൊഴില്‍ നിയമങ്ങള്‍ നിഷേധിക്കുന്നത് അതുകൊണ്ടുതന്നെ ഭരണഘടനയുടെ നിഷേധമാണെന്നും ഏഴു രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ. എം-എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.പി. ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, രാഷ്ട്രീയ ജനതാദള്‍ ജനറല്‍ സെക്രട്ടി മനോജ് ഝാ, വിടുതലൈ ചിരുത്തൈകള്‍ കച്ചി ജനറല്‍ സെക്രട്ടറി ഡോ. തിരുമവാളന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ലോക് ഡൗണില്‍ തളര്‍ന്നുകിടക്കുന്ന വ്യവസായമേഖലയെ പുനരുജ്ജീവിപ്പിക്കാനും സമ്പദ്‌മേഖലയെ ശക്തമാക്കാനുമാണ് ഈ നടപടിയെന്നാണ് ഭരണകൂടങ്ങള്‍ പറയുന്നത്. എന്നാല്‍, വ്യവസായാനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം സ്ഥിതി വഷളാക്കാനേ ഇത് വഴിയൊരുക്കൂ എന്ന് സെന്റര്‍ ഫോര്‍ എംപ്ലോയ് മെന്റ് സ്റ്റഡീസ് ഡയരക്ടര്‍ രവി ശ്രീവാസ്തവ പറയുന്നു. വരുമാനം കുറയുന്നതോടെ ഡിമാന്റ് കുറയും. ജോലിസമയം കൂടുന്നത് തൊഴിലവസരങ്ങള്‍ കുറയ്ക്കും. ഫലത്തില്‍, സമ്പദ് മേഖല ഇനിയും തളരും. തൊഴിലാളിവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം അവര്‍ക്ക് വരുമാനം ഉറപ്പുവരുത്തുകയും ശമ്പള ഭാരം താങ്ങാന്‍ തൊഴില്‍സംരംഭകരെ സഹായിക്കുന്നതിന് പണം മാറ്റിവെക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.

എസ് കുമാര്‍

You must be logged in to post a comment Login