ആഘോഷം അകത്തൊതുങ്ങിയ കാലം

ആഘോഷം അകത്തൊതുങ്ങിയ കാലം

യുദ്ധവും രോഗവും ഒരുപോലെയാണ്. രണ്ടും മനുഷ്യകുലത്തിന് നാശം ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, പ്രവചനാതീതമായ മാര്‍ഗങ്ങളിലൂടെ തലമുറകളുടെ ഭാവിയെ കൂരിരുട്ടിലാഴ്ത്തുകയും ചെയ്യുന്നു. യുദ്ധം പലപ്പോഴും കലാശിക്കാറ് മാരകമായ പകര്‍ച്ചവ്യാധികളിലാണ്. മഹാമാരികള്‍ കടന്നുവരുന്നതാവട്ടെ യുദ്ധം പോലെയാണ്. എന്തു ക്രൂരതകളും അത് പുറത്തെടുക്കും. അതുകൊണ്ടാവണം വില്യം ഷേക്‌സ്പിയറുടെ കാലഘട്ടത്തില്‍ എല്ലാ അനര്‍ഥങ്ങളുടെയും വിളനിലമായി യുദ്ധത്തെയും രോഗത്തെയും കണ്ടത്. വൈറസിനെയും ബാക്ടീരിയെയും കുറിച്ച് പരിജ്ഞാനമില്ലാത്ത ആ കാലഘട്ടത്തില്‍ പ്ലേഗും കോളറയും പരത്തിയ ‘ചെറിയ ജീവികളെ’ കൊടുങ്കാറ്റിനോടാണത്രെ സമീകരിച്ചത്. ആഞ്ഞടിക്കുന്ന കാറ്റില്‍ എത്രയെത്ര മനുഷ്യജന്മങ്ങള്‍ ഉലഞ്ഞുതീര്‍ന്നിട്ടുണ്ട്. അതുപോലെ ‘രാജാവായി’ വന്ന പകര്‍ച്ചവ്യാധികള്‍ എത്രയെത്ര മനുഷ്യരെ കൊന്നൊടുക്കി? വന്‍ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുന്നതെന്തിനെയും രോഗത്തോടാണ് ഉപമിക്കാറ്. 1818ല്‍ മേരി ഷെല്ലി (Mary Shelley) എഴുതിയ ഫ്രാങ്കന്‍സ്‌റ്റൈന്‍ (Frankenstein) ഇന്ന് വായിക്കുമ്പോള്‍, രണ്ടുനൂറ്റാണ്ട് കൊണ്ട് മനുഷ്യര്‍ സഞ്ചരിച്ച ദൂരവും അപ്പോഴും ദുരിതങ്ങളുടെ മുന്നില്‍ നമിക്കുന്ന അവന്റെ നിസ്സാരതയും വല്ലാത്ത ആധി ജനിപ്പിക്കുന്നുണ്ട്. നാശങ്ങള്‍ വിതക്കുന്നത് മനുഷ്യന്റെ ദുഷ്‌ചെയ്തികളാണ്. അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ച് വിവരിക്കുന്ന ബ്ലെയ്ക്‌സിന്റെ (Blake) കവിതയില്‍ യുദ്ധത്തിന്റെ ഭയാനകത വിവരിക്കുന്നത് പ്രകൃതിയുടെ നടുക്കുന്ന പ്രതിഭാസങ്ങളെ ഉപമിച്ചുകൊണ്ടാണ്. അമേരിക്കന്‍ ഐക്യനാടുകള്‍ മഴമേഘങ്ങള്‍ കൊണ്ട് കറുത്തിരുളുകയാണെന്നും മിന്നലില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ അഭയം തേടുകയാണെന്നും നേതാക്കളുടെ ശബ്ദം ഇടിനാദം പോലെ പേടിപ്പെടുത്തുന്നതാണെന്നും പറയുമ്പോള്‍ ഭൂമിയെ ചകിതമാക്കുന്ന, ചുടലക്കളമാക്കുന്ന ആസുരശക്തികളും പ്രാപഞ്ചിക പ്രതിഭാസങ്ങളും ഒന്നായി വരുന്നു. അതിനിടയിലേക്കാണ്, അല്ലെങ്കില്‍ അതിന്റെ ഉപോല്‍പന്നമായാണ് മഹാമാരികള്‍ കോളറ, അല്ലെങ്കില്‍ പ്ലേഗ് എന്ന വിളിപ്പേരുകളില്‍ കടന്നുവന്ന് വന്‍നാശങ്ങള്‍ വിതയ്ക്കുന്നത്. സാമുവല്‍ ടെയ്‌ലര്‍ കോള്‍റിഡ്ജ് (Samual Taylor Coleridge) പ്രശസ്തമായ ‘Fears in Solitude’ എന്ന കവിതയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭീകരമുഖം അനാവൃതമാക്കുന്നത്, വിദൂരതയിലെവിടെയോ ഗോത്രവര്‍ഗങ്ങള്‍ക്കിടയിലും ആദിമമനുഷ്യരിലും പകര്‍ച്ചവ്യാധികള്‍ പരത്തുന്ന നിഷ്ഠുരതക്ക് നേരെ വിരല്‍ ചൂണ്ടിയാണ്. പി ബി ഷെല്ലി കുറച്ചുകൂടി തെളിയിച്ചുപറയുന്നത് ഇങ്ങനെ: ‘vultures to the conqueror’s banner true…whose wings rain contagion.’ (Adonais). അധിനിവേശ കഴുകന്മാരുടെ ചിറകുകള്‍ വിതറുന്നത് മഹാമാരികളാണെന്ന്. അതെ, മഹാമാരികള്‍ എന്നും മനുഷ്യന്റെ സൃഷ്ടിയാണ്. ആസുരശക്തികള്‍ ഏതോ തരത്തില്‍ പടര്‍ത്തുന്ന സൂക്ഷ്മജീവികള്‍ (ഇന്ന് നാമതിനെ വൈറസ് എന്ന് വിളിക്കുന്നു) എക്കാലത്തും മനുഷ്യകുലത്തെ പിന്തുടരുന്നുണ്ടായിരുന്നു. പലപ്പോഴും യുദ്ധം കഴിഞ്ഞാല്‍ പിന്നെ പകര്‍ച്ചവ്യാധിയാണ്. ചീഞ്ഞളിഞ്ഞ ശവകൂമ്പാരങ്ങളില്‍ പിറവിയെടുക്കുന്ന അണുക്കള്‍ കോളറയായും പ്ലേഗായും നാടാകെ പരന്നൊഴുകി ശേഷിക്കുന്ന മനുഷ്യരെയും കൊന്നുതിന്നുകയാണ്. കൊവിഡ്-19ന്റെ കാര്യത്തില്‍ ഇപ്പോഴും വന്‍ശക്തികള്‍ തുടരുന്ന പ്രഭവകേന്ദ്ര തര്‍ക്കത്തില്‍ തന്നെ മനുഷ്യന്റെ കള്ളത്തരങ്ങള്‍ കാണാം. യുദ്ധവും പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സാമൂഹിക ജീവിതത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന പ്രതിഭാസങ്ങളാണ്. അതോടെ ഭൂമിയില്‍ സമാധാനമോ മനുഷ്യന് സ്വസ്ഥതയോ വരുംതലമറുക്ക് പ്രതീക്ഷയോ നഷ്ടപ്പെടുന്നു. ആഘോഷിക്കാനോ സന്തോഷിക്കാനോ വക നല്‍കാത്ത അത്തരമൊരു ദുരന്തസന്ധിയെ എങ്ങനെ തരണം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു മനുഷ്യകുലത്തിന്റെ ഭാവി. അത്തരം സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയാണ് മതത്തിന്റെയും മതനേതൃത്വത്തിന്റെയും ക്രിയാത്മകമുഖം നിര്‍ണയിക്കപ്പെടുന്നത്.
മതജീവിതത്തിന്റെ വിവിധ മാനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെട്ട കാലസന്ധിയാണിത്. കൊവിഡ് ഭീഷണി സൃഷ്ടിച്ച അത്യപൂര്‍വമായ പ്രതിസന്ധിയില്‍ മതസമൂഹത്തിന് എങ്ങനെ വിശ്വാസം മുറുകെപിടിച്ച്, ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്ന അന്വേഷണത്തിന് രാഷ്ട്രീയ പ്രസക്തി കൈവന്ന കാലഘട്ടമാണിത്. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും പ്രാര്‍ഥനകള്‍ വീടകങ്ങളില്‍ ഒതുക്കിനിറുത്തുകയും സാമൂഹിക ഒത്തുചേരലുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത ഒരു സാഹചര്യത്തില്‍ മതപരമായ ആഘോഷങ്ങള്‍ എങ്ങനെ നിര്‍വഹിക്കും എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇസ്ലാമിന്റെ 1500 വര്‍ഷത്തെ ചരിത്രത്തിലാദ്യമാവാം ലോകത്താകമാനം പള്ളികള്‍ അടച്ചിട്ട ഒരു റമളാന്‍ മാസം കടന്നുപോകുന്നത്. വാങ്ക് വിളിക്കപ്പുറം, അല്ലെങ്കില്‍ പ്രതീകാത്കമായ പ്രാര്‍ഥനകള്‍ക്കപ്പുറം എല്ലാം നിറുത്തിവെച്ച ഒരു കാലം. നൂറുശതമാനം പൗരന്മാരും വിശ്വാസികളായ ഒരു രാജ്യത്തിന് പോലും വരുംവരായ്കകളെ തൃണവത്ഗണിച്ച് ഇത്തരമൊരു ചുറ്റുപാടില്‍ മതാനുഷ്ഠാനങ്ങളെ പഴയത് പോലെ ആവിഷ്‌കരിക്കാന്‍ സാധ്യമല്ല. അപ്പോഴാണ് നാഗരിക സമൂഹത്തിന്റെ ജൈവികമായ അന്തസ്ഥലികളെ, യുക്തിപൂര്‍വം തൊട്ടുതലോടി, സാമൂഹികജീവിതത്തിന്റെപരിമിതികളെ മതവിശ്വാസികള്‍ക്ക് അംഗീകരിക്കേണ്ടിവരുന്നത്. ഭരണകൂടം എന്ന സ്ഥാപനത്തെ അനുസരിക്കാനും ജനായത്ത ജീവിതക്രമത്തെ ആദരിക്കാനും നാം ബാധ്യസ്ഥരാകുന്ന ഇത്തരം ഘട്ടങ്ങളില്‍ തനിക്ക് തോന്നിയത് പോലെ ജീവിക്കുന്നതല്ല ആചാരമെന്നും അനുഷ്ഠാനമെന്നും വിളിക്കുന്നതെന്ന് നാം സ്വയം തിരിച്ചറിയുന്നു. ഇക്കുറി ഈദുല്‍ഫിത്വ്‌റിനോടനുബന്ധിച്ചുള്ള പെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ വെച്ച് വേണ്ടാ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരും പണ്ഡിതസഭകളും ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ അന്തര്‍ധാര മനസ്സിലാക്കുമ്പോള്‍, പ്രതിസന്ധികള്‍ക്ക് പ്രതിവിധി കാണുന്നിടത്ത് ചിന്തയുടെ പുതിയ വാതായനങ്ങള്‍ തുറന്നുകിട്ടുന്നുണ്ട്.

വീടകങ്ങളിലെ ആഘോഷങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ഡിതസംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് ഇത്തവണ പള്ളികളിലോ ഈദ്ഗാഹുകളിലോ വെച്ച് പെരുന്നാള്‍ നിസ്‌കാരം വേണ്ടെന്നും അത് വീടുകളില്‍വെച്ചാവാമെന്നും ധാരണയായത്. മുസ്ലിംകളുടെ രണ്ടുപെരുന്നാളുകളില്‍ റമളാന്റെ പരിസമാപ്തി കുറിക്കുന്ന ഈദുല്‍ഫിത്വ്ര്‍, ഭക്തിനിര്‍ഭരമായി സാഘോഷം കൊണ്ടാടപ്പെടുന്ന സുദിനമാണ്. പുതുവസ്ത്രമണിഞ്ഞ് ചെറിയ കുട്ടികളടക്കം കൂട്ടമായി തക്ബീര്‍ മുഴങ്ങുന്ന പള്ളികളിലേക്ക് ഒഴുകുന്നതും നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുത്ത് മടങ്ങുന്നതും ലോകത്താകമാനം മനോഹര കാഴ്ചയാണ്. പെരുന്നാളാഘോഷിക്കാത്ത ഒരു വിശ്വാസിയും ഭൂമുഖത്തുണ്ടാവില്ല. കൊവിഡ് 19 കിളച്ചുമറിച്ചിട്ട പുതിയ സാമൂഹികസാഹചര്യം അവിടെയും മാറ്റങ്ങള്‍ അനിവാര്യമാക്കി. ഇന്നത്തെ സാഹചര്യത്തില്‍ ഓരോ നാട്ടിലെയും മുസ്ലിം സമൂഹം മണിക്കൂറുകളോളം പള്ളിയില്‍ ഒരുമിച്ചിരിക്കുന്നതും കൂട്ടപ്രാര്‍ഥനയിലേര്‍പ്പെടുന്നതും അചിന്തനീയമാണ്. അത്തരമൊരു സാഹചര്യത്തിലാണ് മതപരമായ വിഷയത്തില്‍ ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കുന്നതിനു പകരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ചിന്താധാരകളെ പ്രതിനിധാനം ചെയ്യുന്ന മതപണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്തിയത്. റമളാന് പള്ളികള്‍ അടച്ചുപൂട്ടുന്ന വിഷയത്തിലും മുമ്പ് ഇതുപോലെ കൂടിയാലോചനകള്‍ നടന്നിരുന്നു. ജനാധിപത്യത്തെ ബ്രിട്ടീഷ് രാഷ്ട്രീയ ചിന്തകനായ ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍ നിര്‍വചിക്കുന്നത് ‘കൂടിയാലോചനയിലൂടെയുള്ള ഭരണം’ ( ‘A Government with Discussion’) എന്നാണ്. ഇത്തരം കൂടിയാലോചനകള്‍ക്കും അതിലെ തീരുമാനങ്ങള്‍ക്കും മതസമൂഹം വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. മാത്രമല്ല, ഭാവിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ഒരു കവാടം കൂടിയാണിത്. എന്നിട്ടും മെയ് 18ന് നടന്ന ചര്‍ച്ചയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആരൊക്കെ പങ്കെടുത്തുവെന്ന് പോലും പത്രത്തില്‍ വായിക്കാനാവുന്നില്ല. വിഷയം വളരെ സെന്‍സിറ്റീവായത് കൊണ്ടുതന്നെ, ആരെല്ലാം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നറിയാന്‍ വിശ്വാസിസമൂഹത്തിന് താല്‍പര്യമുണ്ടാവും. വരുംതലമുറ കൗതുകത്തോടെയാവും ഈ ചരിത്രത്തെ വായിക്കുക! വീടകങ്ങളിലേക്ക് പെരുന്നാള്‍ ഒതുങ്ങാന്‍ ഇടയാക്കിയ കൊവിഡ് കാലഘട്ടത്തിന്റെ മതചരിത്രം ഇവിടം കൊണ്ടവസാനിക്കുന്നില്ല. വൈകാരികമായാണ് മുഖ്യമന്ത്രി പോലും ഈ വിഷയത്തെ പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചതെന്ന് എന്നിലെ വിശ്വാസിയെയും മാധ്യമപ്രവര്‍ത്തകനെയും ഒരുപോലെ കൗതുകത്തിലാഴ്ത്തുന്നു. മുഖ്യമന്ത്രി പറഞ്ഞു: ”കുടുംബാംഗങ്ങള്‍ ഒന്നാകെ ഈദ് നിസ്‌കാരത്തിന് പോകുന്നതാണ് പതിവ്. രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാനാണ് മുസ്ലിം മത നേതാക്കളുമായും മതപണ്ഡിതന്മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. പെരുന്നാള്‍ ദിനത്തിലെ കൂട്ടായ പ്രാര്‍ഥന ഒഴിവാക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വേദനയുളവാക്കുന്നതാണ്. എന്നിട്ടും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളികളിലെയും ഈദ്ഗാഹുകളിലെയും നിസ്‌കാരം ഒഴിവാക്കാന്‍ തീരുമാനമെടുത്ത മതനേതാക്കളെ അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ”
അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്ന വിഷയത്തില്‍ ഇസ്ലാമിക കര്‍മശാസ്ത്രം മറ്റേത് മതത്തെക്കാളും പ്രായോഗികവും ബുദ്ധിപൂര്‍വവുമായ പോംവഴികള്‍ മുന്നില്‍വെക്കുന്നുണ്ട് എന്ന വലിയ പാഠമാണ് ഈ പ്രതിസന്ധി മനുഷ്യരാശിയെ പഠിപ്പിക്കുന്നത്. പെരുന്നാള്‍ ആഘോഷം കെങ്കേമമല്ലാത്തതുകൊണ്ട് അസ്തമിക്കുന്നതല്ല ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയസത്ത. പുത്തന്‍ ഉടയാടകളിലോ പരമ്പരാഗത അനുഷ്ഠാന ശീലങ്ങളിലോ അല്ല മതത്തിന്റെ ആന്തരിക ചൈതന്യമെന്നും കാലത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള സക്രിയതയാണ് അതിനെ കാലാതിവര്‍ത്തിയായ പ്രത്യയശാസ്ത്രമാക്കുന്നതെന്നും എല്ലാവരും മനസ്സിലാക്കേണ്ട മുന്തിയ അവസരമാണിത്.

ചുറ്റും തിരിഞ്ഞുനോക്കാതെ എന്ത് പെരുന്നാള്‍?
എന്താണ് ആത്മീയത? ദൈവഭയത്തിനപ്പുറം അതിന്റെ മാനവിക മാനമെന്താണ്? മനുഷ്യസമൂഹത്തെ പൂര്‍ണമായും വിസ്മരിച്ചുകൊണ്ട് ആത്മീയതയുടെ ഉത്തുംഗതയിലേക്ക് പറന്നെത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? വ്രതം കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത വിശ്വാസിയുടെ മനസ്സിന്റെ പുതിയ തേട്ടങ്ങളും നോട്ടങ്ങളും എന്തായിരിക്കണം? ഈദുല്‍ ഫിത്വ്‌റിനെ കുറിച്ചുള്ള കണിശമായ വിചാരങ്ങളെക്കാള്‍ മുസ്ലിം സമൂഹം എന്ന ജൈവിക പ്രതിഭാസം ഓരോരുത്തരില്‍നിന്നും പ്രതീക്ഷിക്കുന്നത് ഈ ദിശയിലുള്ള അന്വേഷണങ്ങളാണ്. കൊറോണ വൈറസ് എന്ന മാരകാണുക്കള്‍ ലോകത്തിന്റെ മുഴുവന്‍ വ്യാകരണവും തിരുത്തിക്കുറിച്ചു. അധികാരം, ശക്തി, ആയുധം, കരുത്ത്, സമ്പന്നത, അധീശത്വം തുടങ്ങിയ എല്ലാ പദങ്ങളുടെയും അര്‍ഥവ്യാപ്തി എത്ര നിസ്സാരമാണെന്ന് പഠിപ്പിച്ചു. ലോകത്തെ കൊവിഡ് മഹാമാരി കെട്ടിപ്പുണര്‍ന്നപ്പോള്‍ വികസിത, വികസ്വര, അവികസിത അന്തരമില്ലാതെ ലോകം ഒന്നായിചുരുങ്ങി. എല്ലായിടങ്ങളിലും ഒരേ ഭയം! ഒരേ ചിന്ത! എല്ലാവരും നിസ്സഹായര്‍! ആരും ആരെക്കാളും കേമന്മാരല്ല എന്ന് അഞ്ചുമാസം കൊണ്ട് ലോകം പഠിച്ചു. കഴിഞ്ഞ അഞ്ചുനൂറ്റാണ്ടായി തുടരുന്ന അനീതിയില്‍ കെട്ടിപ്പടുത്ത ഒരു ലോകക്രമം ഇവിടെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷെല്ലി പറഞ്ഞ, ആയുധങ്ങള്‍ കൊണ്ട് മഹാമാരികളെ വര്‍ഷിച്ച് മനുഷ്യരിലെ ദുര്‍ബലരെ കൂട്ടംകൂട്ടമായി കൊന്ന ഒരു വ്യവസ്ഥിതിയുടെ അവശേഷിപ്പ്. അമേരിക്കയിലെയും ആഫ്രിക്കയിലെയും ആദിമനിവാസികളെ പകര്‍ച്ചവ്യാധി അണുക്കള്‍ നിറഞ്ഞ പുതപ്പില്‍ ഉറക്കിക്കിടത്തി കൂട്ടനിര്‍മാര്‍ജനം ചെയ്ത ഒരു സംസ്‌കാരത്തിന്റെ സൃഷ്ടി. അത്തരം ക്രൂരതകള്‍ക്കും കൈരാതങ്ങള്‍ക്കും കാലം പകരം വീട്ടുകയാണോ? കാലമാണ് സാക്ഷി എന്ന് വിശുദ്ധ ഖുര്‍ആന്‍ പലവട്ടം ഉണര്‍ത്തിയതാണ്. എന്നിട്ടും മനുഷ്യര്‍ പഠിക്കുന്നില്ല. ഭരണാധികാരികളുടെ കൊള്ളരുതായ്മകൊണ്ട്, ദീനാനുകമ്പയില്ലാത്ത ഹൃദയകഠോരത കൊണ്ട് എത്രയെത്ര കുടിയേറ്റ തൊഴിലാളികളാണ് പാതിവഴിയില്‍ മരിച്ചുവീഴുന്നത്? സ്വന്തം കുടില്‍ തേടി 1000 കിലോ മീറ്റര്‍ വരെ നടന്നുതീര്‍ക്കേണ്ടിവന്ന ഹതഭാഗ്യരുടെ രോദനങ്ങളും കണ്ണീരും കാണാതെ നമുക്ക് എങ്ങനെ പെരുന്നാള്‍ ആഘോഷിക്കാനാവും? പൗരത്വപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും എന്തിന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെ പോലും പ്രതിക്കൂട്ടിലാക്കി കരിനിയമമനുസരിച്ച് കേസെടുക്കുകയും ജയിലലടക്കുകയും ചെയ്യുന്ന കിരാതവാഴ്ച നമ്മുടെ കണ്‍മുമ്പില്‍ നടമാടുമ്പോള്‍ എങ്ങനെ സ്വസ്ഥമായി നമുക്ക് വീടകങ്ങളില്‍ പോലും പെരുന്നാള്‍ കൊണ്ടാടാനാവും? പുതിയ ലോകത്തെയും ജീവിതപരിസരത്തെയും അധര്‍മകാരികളെയും നേരിടാനുള്ള ഊര്‍ജം വ്രതത്തിലൂടെ നാം ആര്‍ജിച്ചെടുത്തിട്ടുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കാനുള്ള കരുത്താവട്ടെ ഈ പെരുന്നാളിന്റെ സന്ദേശം!

kasim Irikkoor

You must be logged in to post a comment Login