വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

വെളുത്തവന്റെ ക്രൂരത; കറുത്തവന്റെ നിലവിളി

” Enough is enough. Our pain, our cries, and our need to be seen and heard resonate throughout this entire country. We demand acknowledgment and accountability for the devaluation and dehumanization of Black life at the hands of the police. We call for radical, sustainable solutions that affirm the prosperity of Black lives.”
Black Lives Matter

അമേരിക്കന്‍ പ്രസിഡന്റിന്റെ വാസഗൃഹമായ വൈറ്റ് ഹൗസിന്നടിയില്‍ ഒരു നിലവറയുണ്ട്. ഭീകരാക്രമണമോ ബോംബാക്രമണമോ ആസന്നമാണെന്ന് അറിഞ്ഞാല്‍ ഒളിച്ചിരിക്കാന്‍ വേണ്ടി നിര്‍മിച്ചതാണത്. സമീപകാലത്തൊന്നും ഏതെങ്കിലും പ്രസിഡന്റ് ആ അറയിലേക്ക് മാറിയിരുന്നതായി കേട്ടിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ മെയ് 29ന് വെള്ളിയാഴ്ച പ്രസി.ഡൊണാള്‍ഡ് ട്രംപ് അണ്ടര്‍ഗ്രൗണ്ട് ബങ്കറില്‍ അഭയം തേടിയ വിവരം ജൂണ്‍ ഒന്നിനാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്‌നി മെലാനിയ ട്രംപും പുത്രന്‍ ബറോണും ഒപ്പമുണ്ടായിരുന്നുവത്രെ. വൈറ്റ്ഹൗസിന് പുറത്ത് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ ജ്വാലകളുയര്‍ത്തി സ്വയം തീപന്തങ്ങളാവാന്‍ തീരുമാനിച്ചപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചനയെത്തുടര്‍ന്നാണ് ഈ അപൂര്‍വ ഒളിച്ചോട്ടം. രോഷാകുലരായ ജനക്കൂട്ടം കമ്പി വേലി ചാടിക്കടന്ന് വൈറ്റ്ഹൗസിനകത്തേക്ക് ചരിത്രത്തിലാദ്യമായി ഇരച്ചുകയറി. രാത്രിവെളിച്ചത്തില്‍ വൈറ്റ് ഹൗസ് അങ്കണത്തിലേക്ക് ഓടിക്കയറുന്ന ജനങ്ങളെ കണ്ടാല്‍ തോന്നുക അമേരിക്കയില്‍ ഭരണകൂട അട്ടിമറി സംഭവിച്ചിരിക്കുന്നുവെന്നാവും. സുരക്ഷാഭടന്മാര്‍ക്ക് ലൈറ്റണച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി വീശേണ്ടിവന്നു. ട്രംപ് കുടുംബസമേതം കാന്‍സാസിലേക്ക് ഓടിരക്ഷപ്പെട്ടിരിക്കയാണെന്ന അഭ്യൂഹങ്ങള്‍ അപ്പോള്‍ പരക്കുന്നുണ്ടായിരുന്നു. ജനം എന്തിനും തയാറായാണ് കുതിച്ചെത്തിയിരിക്കുന്നതെന്ന മുന്നറിയിപ്പ് കിട്ടിയപ്പോള്‍, യു.എസ് ചരിത്രത്തിലെ വെറുക്കപ്പെട്ട പ്രസിഡന്റിന് നിലയറയില്‍ മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ടിവന്നു. മെയ് ഏഴിന് കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ ഡെറക് ഷേവിന്‍ എന്ന പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് അമര്‍ത്തിപ്പിടിച്ച് ലോകം നോക്കിനില്‍ക്കേ കഴുത്ത്‌ഞെരിച്ച് കൊന്നതാണ് അമേരിക്കയെ പിടിച്ചുകുലുക്കിയ രോഷപ്രകടനത്തിനും വൈറ്റ്ഹൗസ് വരെ നീണ്ട പ്രതിരോധജ്വാലകള്‍ക്കും തീകൊളുത്തിയത്. ‘എനിക്കു ശ്വാസം മുട്ടുന്നു’എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ കിടന്ന് മരിച്ചുകൊണ്ടിരിക്കെ ജോര്‍ജ് ഫ്‌ളോയിഡ് അവസാനമായി മൊഴിഞ്ഞ വാക്കും അതായിരുന്നല്ലോ. ലോകം അത് കേട്ടിട്ടും വര്‍ണവെറിയനായ ആ പൊലീസുകാരന്‍ കേട്ടതായി ഭാവിച്ചില്ല. ഒരു സ്റ്റോറില്‍ കള്ളനോട്ട് ഹാജരാക്കി എന്ന കുറ്റം ചുമത്തിയാണ് ഡെറക് ഷേവിനും മറ്റുമൂന്നു പൊലീസുകാരും ചേര്‍ന്ന് ജോര്‍ജിനെ ദാരുണമായി കഴുത്ത്‌ഞെരിച്ചുകൊന്നത്. പക്ഷേ, അവര്‍ ഒരുകാര്യം ഓര്‍ത്തില്ല; കറുത്തവര്‍ഗക്കാരനു വേണ്ടി ശബ്ദിക്കാന്‍ അമേരിക്കയിലും ലോകത്തെമ്പാടും മനസ്സാക്ഷി മരവിക്കാത്ത മനുഷ്യരുണ്ടെന്ന്. വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധങ്ങള്‍ നാടാകെ ആളിപ്പടരുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ബോസ്റ്റണ്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ ജനം തെരുവിലിറങ്ങി. ലോക്ഡൗണ്‍ നടപ്പാക്കിയും കര്‍ഫ്യു ഏര്‍പ്പെടുത്തിയും ടിയര്‍ഗ്യാസ് പൊട്ടിച്ചും ലാര്‍ത്തിച്ചാര്‍ജ് നടത്തിയും ജനത്തെ നേരിടാന്‍ ശ്രമിച്ചപ്പോള്‍ ഞായറാഴ്ച്ച രാത്രി കണ്ടത് വൈറ്റ്ഹൗസിന് ചുറ്റും തീ ആളിക്കത്തുന്നതാണ്. ആയിരക്കണക്കിന് നാഷനല്‍ഗാര്‍ഡ് സൈനികര്‍ സുരക്ഷാചുമതല ഏറ്റെടുത്തിട്ടും ജനം വീടുകളിലേക്ക് തിരിച്ചുപോയില്ല. ഫ്‌ളോയിഡിന്റെ ദാരുണാന്ത്യത്തിന് സാക്ഷിയായ മിനിയപൊളിസ് നഗരത്തില്‍ ക്ഷുഭിതരായ ജനം നൂറുകണക്കിന് ഷോപ്പുകള്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍ ഭരണകൂടത്തിന് പട്ടാളത്തെ ഇറക്കേണ്ടിവന്നു. പക്ഷേ ജനം അതൊന്നും ഗൗരവത്തിലെടുക്കാന്‍ തയാറായില്ല. എല്ലാം കൈവിട്ട്‌പോവുന്നത് കണ്ട് ക്ഷുഭിതനായ ട്രംപ് ആപത്‌സന്ധിയിലും കഴിവുകേട് മറച്ചുപിടിക്കാന്‍ പരസ്യമായി പ്രതിക്കൂട്ടില്‍ കയറ്റിയത് ഗവര്‍ണര്‍മാരെയാണ്. ‘നിങ്ങളില്‍ ഭൂരിഭാഗവും ദുര്‍ബലരാണ്! നിങ്ങള്‍ ആധിപത്യം സ്ഥാപിക്കണം.അങ്ങനെ സ്ഥാപിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സമയം പാഴാക്കുകയാണ്. അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ തലയില്‍ കയറും. നിങ്ങള്‍ക്ക് ഈ കൊള്ളക്കാരെ അടിച്ചമര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എനിക്കു വിട്ടുതരൂ!’

സമാധാനപരമായി പ്രതിഷേധിക്കാന്‍ ഇറങ്ങിയ പൗരസഞ്ചയത്തെ സൈനികബലം കൊണ്ട് അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്ത ട്രംപ് നെഞ്ചേറ്റി നടക്കുന്ന അധീശപ്രത്യയശാസ്ത്ര വിളംബരമാണ് വൈറ്റ്ഹൗസില്‍നിന്ന് ലോകം നടുക്കത്തോടെ കേട്ടത്. പ്രതഷേധക്കാര്‍ കയറിനിരങ്ങിയ റോസ് ഗാര്‍ഡനില്‍ വന്നുനിന്ന് തിങ്കളാഴ്ച രാത്രി ഗവര്‍ണര്‍മാരോടും മേയര്‍മാരോടും പറഞ്ഞത് നാഷനല്‍ ഗാര്‍ഡിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ പിടിച്ചുകൊണ്ടുപോയി പത്ത് വര്‍ഷത്തേക്ക് ജയിലിലടക്കൂ എന്നാണ്. കറുത്തവര്‍ഗത്തിന്റെ ശബ്ദം ഇനിയും ഉച്ചത്തില്‍ മുഴങ്ങാന്‍ പാടില്ല എന്ന ധിക്കാരത്തിന്റെ സ്വരം കേട്ടപ്പോള്‍ മുന്‍നിര മാധ്യമങ്ങള്‍ ‘ലീഡ്‌സ്റ്റോറി’ക്ക് കൊടുത്ത തലക്കെട്ട് ഇങ്ങനെ:
‘ TYRANT: TRUMP DECLARES WAR ON AMERICANS ‘ -അമേരിക്കക്കാരോട് ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

വംശവെറിയുടെ അറ്റമില്ലാത്ത ക്രൂരതകള്‍
അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ അജ്ഞത കൊണ്ടോ മനപൂര്‍വമോ തമസ്‌കരിക്കപ്പെടുന്ന കുറേ യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്നും തൊലി വെളുത്തവന്‍ കൊണ്ടുനടക്കുന്ന ലജ്ജാവഹമായ വംശവെറിയുടെയും വംശീയാധിപത്യ മനസ്ഥിതിയുടെയും കെട്ടുനാറുന്ന പൈതൃകമാണത്. 16ാം നൂറ്റാണ്ടിലെ അടിമക്കച്ചവടത്തിന്റെ ശേഷിപ്പായി അമേരിക്കന്‍ മണ്ണില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട കറുത്തവര്‍ഗം-ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന ചെല്ലപ്പേരില്‍ ഇന്നും അരികുവത്കരിക്കപ്പെട്ടവരാണ്. പീഢനങ്ങളും വ്യവസ്ഥിതിയുടെ ക്രൂരതകളും ഏറ്റുവാങ്ങി പുറമ്പോക്കില്‍ ജീവിക്കുന്നവരാണ്. നീഗ്രോകള്‍ ചവിട്ടുമെതിക്കപ്പെടാനും കഴുത്ത് ഞെരിച്ച് കൊല്ലപ്പെടാനും വിധിക്കപ്പെട്ടവരാണെന്ന വ്യവസ്ഥിതിയുടെ മനോഘടനയില്‍ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. ബറാക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ അമേരിക്കന്‍ എട്ടുവര്‍ഷം ഭരണത്തിലിരുന്ന വൈറ്റ്ഹൗസിലേക്ക് നീതിക്കുവേണ്ടി യാചിച്ചുകൊണ്ട് വീണ്ടും കറുത്ത വര്‍ഗക്കാരന് ഇരച്ചുകയറേണ്ടിവന്നിട്ടുണ്ടെങ്കില്‍ എന്തുമാത്രം ആഴത്തിലാണ് വംശവെറിയുടെ വേരുകള്‍, ജനാധിപത്യവും സംസ്‌കാരവും പഠിപ്പിക്കാനിറങ്ങിയ ഈ വെളുത്ത കാട്ടാളന്മാരുടെ മസ്തിഷ്‌ക്കത്തില്‍ ആണ്ടിറങ്ങിയതെന്ന് അനുമാനിക്കാം. ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണാന്ത്യമറിഞ്ഞ് നെടുവീര്‍പ്പിടുന്ന ബറാക് ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ ട്വിറ്ററില്‍ കുറിച്ചിട്ടത് ഇങ്ങനെ: ‘നിലക്കാത്ത ഹൃദയവേദന കൊണ്ട് ഞാന്‍ തളര്‍ന്നുവീഴുകയാണ് . ഇന്നിപ്പോള്‍ ജോര്‍ജ്, ബ്രോണ, അഹ്മദ്; മുമ്പത് എറിക്, സാന്ദ്ര, മൈക്കിള്‍….’ അതെ, തൊലി വെളുത്തവന്റെ അറ്റമില്ലാത്ത ക്രൂരതയുടെ അള്‍ത്താരയില്‍ എത്രയെത്ര നിരപരാധരാണ് ജീവിതം ഹോമിക്കേണ്ടിവന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ക്രൂരതകളുടെയും വര്‍ണമേധാവിത്വത്തിന്റെയും അറ്റമില്ലാത്ത ദുഷ്‌ചെയ്തികള്‍ക്ക് മുന്നില്‍ അവസാനം കൊഴിഞ്ഞുവീണ കറുത്ത ജീവനാണ് ഈ 40കാരനെന്ന് തിരിച്ചറിയുക. 2014 ജൂലൈയില്‍ ഫെര്‍ഗൂസണ്‍ പട്ടണത്തില്‍ നടന്ന സമാനമായ ക്രൂരത ആരും മറന്നുകാണില്ല. മൈക്കള്‍ ബ്രൗണ്‍ എന്ന 18വയസ്സുള്ള കറുത്തവനായിരുന്നു അന്നത്തെ ഇര. ഡാറന്‍ വില്‍സണ്‍ എന്ന വെള്ള പൊലീസുകാരന്‍ അവനെ വെടിവെച്ചുകൊല്ലുകയായിരുന്നു. അന്ന് കത്തിപ്പടര്‍ന്ന പ്രതിഷേധം ‘കറുത്തവന്റെ ജീവനും വിലയുണ്ട്’ (Black Lives Matter) എന്ന പ്രസ്ഥാനത്തിന്റെ ഉയിര്‍പ്പിന് കാരണമായി. കറുത്തവനും മനുഷ്യരാണ് എന്ന് വ്യവസ്ഥിതിയെ കൊണ്ട് അംഗീകരിപ്പിക്കുകയും അന്തസ്സാര്‍ന്ന ഒരു ജീവിതം പ്രാന്തവത്കൃതസമൂഹത്തിന് നേടിയെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ക്ക് ഓര്‍ക്കാനും പ്രചോദനമാവാനും നിരവധി പേരുകളുണ്ടായിരുന്നു. എറിക് ഗാര്‍ണര്‍, ജോണ്‍ ക്രോഫോര്‍ഡ്, താമിര്‍ റൈസ്, വാള്‍ട്ടര്‍ സ്‌കോട്ട്, ഫ്രെഡി ഗ്രേ, സാന്ദ്ര ബ്‌ളാന്‍ഡ്…എല്ലാവരും ഭരണകൂട ഭീകരതയുടെ ഇരകള്‍ തന്നെ! പൊലീസിന്റെ ക്രൂരതകളേറ്റുവാങ്ങി രക്തസാക്ഷ്യം വരിച്ചവരാണ് ഇവരെല്ലാം.. എറിക് ഗാര്‍ണര്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പോലെ ശ്വാസംമുട്ടിയാണ് മരിച്ചത്. ഡാനില്‍ പണ്ടാലിയോ എന്ന പൊലീസുകാരന്‍ കഴുത്ത് ഞെരിച്ചപ്പോള്‍ എനിക്കു ശ്വാസംമുട്ടുന്നുവെന്ന് 11 തവണ ആവര്‍ത്തിച്ചിട്ടും പിടി അയഞ്ഞില്ല. ഒടുവില്‍ ആ വെള്ളവെറിയന്റെ കൈകളിലേക്ക് മരിച്ചുവീഴുകയായിരുന്നു അയാള്‍. പക്ഷേ കറുത്തവനെ സ്വസ്ഥമായും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ അനുവദിക്കരുത് എന്ന വെള്ളക്കാരന്റെ ഡി.എന്‍.എയില്‍ ലീനമായി കിടക്കുന്ന കറുപ്പിനോട് പൊരുതുകയായിരുന്നു മരണം കൊണ്ട് ഈ മനുഷ്യരെല്ലാം. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂഥര്‍ കിങും എല്ലാം ത്യജിച്ച് എന്തിനുവേണ്ടിയാണോ പോരാടിയത് ആ പോരാട്ടത്തിന്റെ ഉജ്വല പൈതൃകങ്ങളെ നിഷ്പ്രഭവും നിര്‍വീര്യവുമാക്കുകയാണ് ട്രംപിനെപോലുള്ള വൈറ്റ് സൂപ്പര്‍മാസിസ്റ്റുകള്‍. വായ തുറന്നാല്‍ കളവ് മാത്രം പറയുന്ന, വംശീയതയും പരവിദ്വേഷവും അലങ്കാരമായി കൊണ്ടുനടക്കുന്ന, കറുത്തവര്‍ഗക്കാരെയും കുടിയേറ്റക്കാരെയും സ്ത്രീകളെയും വെറുക്കുന്ന വെളുത്ത മതഭ്രാന്തന്മാരെ വൈറ്റ്ഹൗസിലേക്ക് ആനയിച്ച അമേരിക്കന്‍ വോട്ടര്‍മാരുടെ വിചിത്രമായ മനോഘടനയുണ്ടല്ലോ, അതാണ് സ്ഥാപനവത്കരിക്കപ്പെട്ട വംശീയചിന്തയുടെ, വര്‍ണവെറിയുടെ കൊടിയടയാളം. അത് നിലനില്‍ക്കുന്ന കാലത്തോളം ജോര്‍ജ് ഫ്‌ളോയിഡുമാരുടെ ബലിദാനങ്ങള്‍ തുടര്‍ക്കഥയായി നിലനില്‍ക്കും.

1992ലെ ലോസ് ഏഞ്ചല്‍സ് കലാപം നീതിരഹിതമായ ഒരുവ്യവസ്ഥക്കെതിരായ കറുത്ത വര്‍ഗക്കാരുടെ പോരാട്ടത്തിലെ ഒരധ്യായമായിരുന്നു. 1992 മാര്‍ച്ചില്‍ റോഡ്‌നി കിങ് എന്ന ആഫ്രിക്കന്‍ വംശജശനായ മോട്ടോറിസ്റ്റിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ച കേസില്‍ നാല് വെള്ളക്കാരായ പൊലീസുകാരെ വെറുതെ വിട്ടതിലുള്ള രോഷം അണപൊട്ടിയൊഴുകിയപ്പോള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച കലാപമായി അത് മാറി. 92 ഏപ്രിലില്‍ തുടക്കമിട്ട കലാപത്തില്‍ 50പേര്‍ കൊല്ലപ്പെടുകയും 2300 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1100 കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ഒരു ബില്യന്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുകയും ചെയ്തു. 1965ലെ വാട്‌സ് കലാപവും കറുത്തവര്‍ഗക്കാരനോടുള്ള ക്രൂരതയുടെ പ്രത്യാഘാതമായിരുന്നു. അടിമകളെ വരുതിയില്‍ നിറുത്താന്‍ ഉണ്ടാക്കിവെച്ച നിയമങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ ചൂഷണത്തിന്റെ ഉപാധികളായി പ്രാബല്യത്തിലുണ്ടായിരുന്നു. 1700 ന്റെ ആരംഭത്തില്‍ തന്നെ സൗത്ത് കരോലിന പോലുള്ള സംസ്ഥാനങ്ങളില്‍ ‘സ്ലൈവ് പട്രോളിങ്’ നിലവില്‍വന്നിരുന്നു. സ്ലൈവ് പട്രോളിങ്ങിന്റെ പേരില്‍ പൊലീസുകാര്‍ക്ക് ഏത് വീടും പരിശോധിച്ച് ഉടമകളില്‍നിന്ന് ഓടിപ്പോയ അടിമകളെ പിടിച്ചെടുക്കാന്‍ അവകാശമുണ്ടായിരുന്നു. വെള്ളക്കാരായ പുരുഷന്മാര്‍ മാത്രമേ അന്ന് പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. കുറ്റകൃത്യങ്ങള്‍ തടയുന്നതിലല്ല, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിലാണ് ഊന്നല്‍ നല്‍കിയത്. കറുത്തവര്‍ഗക്കാരന്റെ സമീപ്യം തന്നെ ക്രമസമാധാന ലംഘനമായാണ് കണ്ടിരുന്നത്. വെളുത്ത പെണ്‍കുട്ടി നില്‍ക്കുന്ന ബസ് വെയ്റ്റിങ് ഷെഡില്‍ മഴയത്ത് കുടുങ്ങിപ്പോയ 17വയസ്സുള്ള നീഗ്രോചെറുപ്പക്കാരനെ ഒറ്റയടിക്ക് കൊന്നത് പെണ്‍കുട്ടിയെ തുറിച്ചുനോക്കി എന്ന അപരാധം ചുമത്തിയാണ്. ‘ഡെയ്ഞ്ചറസ് അണ്ടര്‍ക്‌ളാസി’നെ കുറിച്ചാണ് അന്ന് പൊലീസും ഭരണാധികാരികളും ചര്‍ച്ച ചെയ്തത് മുഴുവനും. കുറത്തവര്‍ഗക്കാരും മതന്യൂനപക്ഷങ്ങളും ജീവിക്കാന്‍ ഗതിയില്ലാത്ത പാവങ്ങളുമായിരുന്നു പൊലീസും വെള്ളസമൂഹവും ശല്യമായി കണ്ട ഈ ‘അണ്ടര്‍ക്ലാസ്’. അമേരിക്കന്‍ സ്വാതന്ത്ര്യപോരാട്ടത്തില്‍ വിജയം വരിച്ചിട്ടും പഴയ അടിമകളുടെ പിന്‍തലമുറക്കാര്‍ക്ക് മോചനമോ സ്വാതന്ത്ര്യമോ വകവെച്ചുകൊടുത്തില്ല. ‘ബ്‌ളാക് കോഡുകള്‍’ ഉണ്ടാക്കി ആഫ്രിക്കന്‍ വംശജരുടെ ചലനങ്ങളും നീക്കങ്ങളും ജോലി തിരഞ്ഞെടുക്കലുകളെയും ഭരണകൂടം നിയന്ത്രിച്ചു. അവരുടെ വോട്ടവകാശത്തിന് കടിഞ്ഞാണ്‍ ഏര്‍പ്പെടുത്തി, സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തി. വണ്ടിയുടെ പിന്‍വാതിലില്‍ കൂടി മാത്രമേ കയറാന്‍ അനുവാദമുണ്ടായിരുന്നുള്ളു. വെള്ളക്കാരായ യാത്രക്കാരോടൊപ്പം ഇരിക്കുന്നത് ശിക്ഷാര്‍ഹമായിരുന്നു. 1868ല്‍ 16ാം ഭരണഘടന ഭേദഗതിയിലുടെ ബ്‌ളാക് കോഡ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചെങ്കിലും നിയമത്തിനുമുന്നില്‍ തുല്യപരിഗണന വകവെച്ചുകൊടുക്കാന്‍ വര്‍ണചിന്ത അനുവദിച്ചില്ല. അങ്ങനെയാണ് രണ്ടുപതിറ്റാണ്ടിനുശേഷം ജിം ക്രോസ് ലോസ് ചുട്ടെടുക്കുന്നത്. ആഫ്രിക്കന്‍ വംശജരുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുകയും അവരെ ചൂഷണത്തിന് വിട്ടുകൊടുക്കുന്ന വ്യവസ്ഥിതിയെ സ്ഥാപനവത്കരിക്കുകയുമായിരുന്നു ലക്ഷ്യം. അതോടെ, ആണാവട്ടെ പെണ്ണാവട്ടെ നീഗ്രോകളെ പച്ചക്ക് കൊന്നാല്‍ പോലും ആരും ചോദിക്കാത്ത സാഹചര്യം ഏറെനാള്‍ നിലനിന്നു. ആള്‍കൂട്ടക്കൊല (Lyinching ) അമേരിക്കന്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാവുന്നത് അതോടെയാണ്. അത്തരം കൊടിയ വിവേചനങ്ങളില്‍ നിന്ന് പ്രാന്തവത്കൃത സമൂഹത്തെ മോചിപ്പിച്ചെടുക്കാനുള്ള പോരാട്ടമാണ് മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ലൂഥര്‍ കിങ്ങും നടത്തിയത്. 1960കളോടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി വരുകയും സുപ്രീംകോടതിയില്‍ വരെ കറുത്തവന്റെ പ്രതിനിധികള്‍ക്ക് ഇരിപ്പിടം കിട്ടുന്ന സ്ഥിതി വരുകയും ചെയ്തു. പക്ഷേ, വര്‍ണവിവേചനം സമൂഹത്തിന്റെ ഡി.എന്‍.എയില്‍നിന്ന് വേര്‍തിരിച്ചെടുത്ത് ഉന്മൂലനം ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ല. അതുകൊണ്ട് ഇപ്പോഴും വര്‍ണവെറിയുടെയും വംശീയവാദത്തിന്റെയും ഹോട്ട്‌സ്‌പോട്ടുകളായി യു.എസ് നഗരങ്ങള്‍ ലോകത്തിനുമുന്നില്‍ നാണംകെടുന്നു.

ഹിന്ദുത്വയുടെ കൂട്ടുകാരന്‍
കറുത്തവന്റെ ഏത് വിമോചന പോരാട്ടത്തെയും തകര്‍ത്ത ചരിത്രമേ അമേരിക്കക്ക് പറയാനുള്ളൂ. വര്‍ണവിവേചനത്തിലൂടെ ആഫ്രോ-ഏഷ്യന്‍ വംശജരുടെ ജീവിത വിമോചന മാര്‍ഗങ്ങളെ പരാജയപ്പെടുത്താന്‍ വെള്ളക്കാര്‍ പൊലീസിനെയാണ് മുഖ്യ ആയുധമാക്കിയത്. കൂക്ലക്‌സ്‌ക്ലാന്‍ പോലുള്ള ഭീകരസംഘടനകളുണ്ടാക്കി വെള്ളക്കാരന്റെ ആധിപത്യത്തിനായി പരിധികടന്ന് പലതും ചെയ്തു. ഇത് മനസ്സിലാക്കി മാര്‍ക്‌സ് ഗാര്‍വിയെ പോലുള്ള ചിന്തകര്‍ നീഗ്രോകളോട് ആഫ്രിക്കയിലേക്ക് മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു. വെള്ളക്കാരായ നല്ല ക്രിസ്ത്യാനികളെ കുറിച്ചാണ് പലപ്പോഴും സുവിശേഷപ്രസംഗങ്ങളില്‍ പോലും കേട്ടതെന്ന് മാല്‍ക്കംഎക്‌സ് ഓര്‍ത്തെടുക്കുന്നുണ്ട്. ഇന്നലെ ബുഷിന്റെ വായില്‍നിന്ന് നല്ല ക്രിസ്ത്യാനികളെ കുറിച്ച് ലോകം കേട്ടു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്ത ട്രംപ് വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തകൃതിയായി നീക്കം ചെയ്തത് സെന്റ് ജോണ്‍ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലേക്കുള്ള വഴി സുരക്ഷിതമാക്കാന്‍ വേണ്ടിയാണ്. ചര്‍ച്ചില്‍ ചെന്ന് അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തു. ജനം കൈവിട്ടപ്പോള്‍ മറ്റേത് ഏകാധിപതിയെയും പോലെ ദൈവത്തെ കൂട്ട് പിടിക്കുകയാണ് നരേന്ദ്രമോഡിയുടെ ആത്മസുഹൃത്ത്. അവിടെ വെള്ളക്കാരന്റെ ആധിപത്യത്തിനായി കറുത്തവര്‍ഗക്കാരെ അടിച്ചമര്‍ത്തുമ്പോള്‍ ഇവിടെ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും കൊന്നൊടുക്കിയും പൗരത്വം കവര്‍ന്നെടുത്തും ബ്രാഹ്മണിക്കല്‍ ഹെജിമണിക്ക് തിമിര്‍ത്താടാന്‍ നിലമൊരുക്കുന്നു. വംശീയതയും വര്‍ഗീയതയും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാണ്. മോഡിയെയും ട്രംപിനെയും കൂട്ടിയിണക്കുന്ന കണ്ണി വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രമാണ്. മനുഷ്യര്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുകയേ നിവൃത്തിയുളളൂ.

Kasim Irikkoor

You must be logged in to post a comment Login