ഡല്‍ഹി വംശഹത്യ: ഭരിക്കുന്നവര്‍ക്കുവേണ്ടിയുള്ള പൊലീസ് തിരക്കഥ

ഡല്‍ഹി വംശഹത്യ: ഭരിക്കുന്നവര്‍ക്കുവേണ്ടിയുള്ള പൊലീസ് തിരക്കഥ

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി അവസാനത്തില്‍ അരങ്ങേറിയ ആസൂത്രിതമായ കലാപത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് വേദിയാകുകയാണ് ഡല്‍ഹി. പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചവര്‍ പങ്കാളികളായ ഗൂഢാലോചന കലാപത്തിന് പിറകിലുണ്ടെന്ന് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ പാകത്തില്‍ കഥ മെനയുകയാണ് ഡല്‍ഹി പൊലീസ്. പ്രതിഷേധത്തില്‍ പങ്കാളികളായവരില്‍ ചിലര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവാക്കളും വിദ്യാര്‍ഥികളും മുസ്ലിംകളായ പൊതുപ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. അതില്‍ തന്നെ ഏറെയും സ്ത്രീകള്‍. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്. ചിലര്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) ചുമത്തുകയും ചെയ്തിരിക്കുന്നു.

ഡല്‍ഹി പൊലീസ് ഇപ്പോള്‍ മെനയുന്ന കഥയുടെ തന്തു, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ മേലാളന്‍മാരുടെ സംഭാവനയാണ്. ബി ജെ പി അംഗം പാലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ‘യുണൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേറ്റ്’ പോലുള്ള സംഘടനകളും ഉമര്‍ ഖാലിദിനെപ്പോലുള്ള വ്യക്തികളും പ്രകോപനമുണ്ടാക്കിയതാണ് അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്ന് ആരോപിച്ചിരുന്നു. ഹര്‍ഷ് മന്ദര്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഉദ്ധരിച്ച് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയാണ് ചെയ്തതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം ആരോപണങ്ങളെ വികസിപ്പിച്ചെടുക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ആ തിരക്കഥക്ക് യോജിക്കും വിധത്തിലുള്ള കഥാപാത്രങ്ങളെ കണ്ടെത്തുകയും. ഈ തിരക്കഥയാണ് യാഥാര്‍ത്ഥ്യമെന്ന് കോടതികളെയും പൊതുജനത്തെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് അവര്‍. എങ്കിലും ഈ നിര്‍മിതിയെ തിരിച്ചറിയാന്‍ ഒരു സെഷന്‍സ് കോടതിക്ക് സാധിച്ചിരിക്കുന്നു. ഒരു വിഭാഗത്തെ കേന്ദ്രീകരിച്ചാണ് നിങ്ങള്‍ അന്വേഷണം നടത്തുന്നത് എന്ന് ആ കോടതി അന്വേഷണ ഏജന്‍സിയെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഭിമ കൊറേഗാവില്‍ അരങ്ങേറിയ അക്രമത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ടുപോയ രീതിയെ ഓര്‍മിപ്പിക്കുന്നുണ്ട് ഡല്‍ഹി പൊലീസിന്റെ നടപടികള്‍. ഭിമ കൊറേഗാവില്‍ തടിച്ചുകൂടിയ ദളിതുകള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തെ ജനത്തിന്റെ ഓര്‍മയില്‍ നിന്ന് തുടച്ചുനീക്കുന്നതായിരുന്നു അന്നത്തെ അന്വേഷണം. ആക്രമണത്തിന്റെ ഉത്തരവാദികള്‍ സര്‍വതന്ത്ര സ്വതന്ത്രരായി വിഹരിക്കുന്നു. ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും കേസില്‍ പ്രതികളാകുകയും ചെയ്തു. അക്രമത്തിന് കാരണമായ ഗൂഢാലോചനയില്‍ പങ്കാളികളായത് ഇവരാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ വാദം. യഥാര്‍ത്ഥത്തില്‍ അരങ്ങേറിയ അക്രമം മറവിയിലാകുകയും പ്രധാനമന്ത്രിയെ വധിക്കാന്‍ ബുദ്ധിജീവികളടക്കമുള്ളവര്‍ പദ്ധതിയിട്ടുവെന്നതടക്കം അന്വേഷണ ഏജന്‍സി തയാറാക്കിയ തിരക്കഥ ജനം വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥ.

ഇതേ മാതൃകയാണ് ഡല്‍ഹിയിലും ഉപയോഗിക്കുന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ അറുപതോളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പല പള്ളികള്‍ക്കും വലിയ കേടുപാടുണ്ടായി. ആക്രമണത്തിന് ഇരയായവരില്‍ ഹിന്ദുക്കളുമുണ്ടായിരുന്നു. എങ്കിലും ഡല്‍ഹിയില്‍ അരങ്ങേറിയത് മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള അക്രമമായിരുന്നുവെന്നത് വ്യക്തമാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങളൊന്നും അവിടെ ആക്രമിക്കപ്പെട്ടില്ല. അതേസമയം പള്ളികള്‍ അക്രമികളുടെ ലക്ഷ്യകേന്ദ്രങ്ങളായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യ മണിക്കൂറുകളില്‍ ആക്രമണത്തിലും പ്രത്യാക്രമണത്തിലും ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പരുക്കേറ്റിരുന്നു. പക്ഷേ അക്രമത്തിന്റെ തുടര്‍ച്ചയില്‍ അത് മുസ്ലിംകളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് വ്യക്തമായി. മുസ്ലിംകള്‍, അവരുടെ ഉപജീവനോപാധികള്‍, സ്വത്തുവകകള്‍, ചിഹ്നങ്ങള്‍ എന്നിവയൊക്കെയാണ് ആക്രമിക്കപ്പെട്ടത്. അക്രമങ്ങളില്‍ പൊലീസ് നേരിട്ട് പങ്കാളിയായതും അവര്‍ മുസ്ലിംകളോട് പക്ഷപാതപരമായി പെരുമാറിയതും മാധ്യമപ്രവര്‍ത്തകരും നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ മുസ്ലിംകള്‍ക്ക് വൈദ്യ സഹായം നിഷേധിക്കപ്പെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ചിലപ്പോഴെങ്കിലും ബലംപ്രയോഗിച്ച് തടഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ മുന്നില്‍ അര്‍ധരാത്രിയെത്തിയ ഹരജിയും അത് പരിഗണിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവുമാണ് അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുന്നതിലേക്ക് പൊലീസിനെ നയിച്ചത്.

പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗ് മാതൃകയില്‍ സമരം നടന്ന കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നത് ഈ കലാപത്തിന്റെ ലക്ഷ്യമായിരുന്നു. ഇത്തരം പ്രതിഷേധങ്ങളിലുയര്‍ന്നിരുന്ന പ്രധാന മുദ്രാവാക്യം ‘ആസാദി’ (സ്വാതന്ത്ര്യം) എന്നതായിരുന്നു. സമരകേന്ദ്രങ്ങള്‍ ആക്രമിച്ചവര്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരോട് ‘ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരില്‍ ചിലരും ഇതേ വാക്യം പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. ഇതൊക്കെ നമ്മുടെ പൊതുസമൂഹത്തിന് മുന്നിലുള്ള കാര്യങ്ങളാണ്.
അക്രമം ആരംഭിക്കുന്നതിന് മുമ്പ് പ്രകോപനപരമായ പ്രസ്താവനകളിലൂടെ അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നത് മറന്നുകൂട. സി എ എ വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യമിട്ടായിരുന്നു അത്തരം പ്രസ്താവനകളെല്ലാം. പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രങ്ങളില്‍ നിന്ന് തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പറഞ്ഞു. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നാണ് കേന്ദ്ര മന്ത്രിമാരിലൊരാള്‍ ഡല്‍ഹിയിലെ തന്റെ അനുയായികളോട് ആവശ്യപ്പെട്ടത്. സി എ എ വിരുദ്ധ പ്രതിഷേധത്തില്‍ സ്ത്രീ പീഡകരും ഭീകരവാദികളും ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഹിന്ദുക്കളെ ഭീതിയിലാഴ്ത്താന്‍ ശ്രമിച്ചു മുതിര്‍ന്ന പാര്‍ലിമെന്റംഗം.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കാനുള്ള ശ്രമം കൃത്യമായി നടന്നുവെന്ന് നമുക്ക് പറയാനാകും. പ്രതിഷേധക്കാരില്‍ ബഹുഭൂരിപക്ഷവും മുസ്ലിംകളാണെന്നതു കൊണ്ടുതന്നെ ഈ മാനസികാവസ്ഥയുടെ സൃഷ്ടി എളുപ്പമായി. വ്യക്തികളെന്ന നിലയ്ക്ക് മുസ്ലിംകള്‍ നല്ലവരാണെങ്കിലും അവരുടെ കൂട്ടായ്മ അത്യന്തം അപകടരമാണെന്ന ചിന്ത സാധാരണക്കാരായ ഹിന്ദുക്കളുടെ മനസ്സില്‍ ജനിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ കൂടി ഫലം.
ആ പ്രതിഷേധങ്ങള്‍ക്ക് ചില പ്രത്യേകതകളുമുണ്ടായിരുന്നു. സമരക്കാരില്‍ ഭൂരിഭാഗവും സ്ത്രീകള്‍. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ അലോസരപ്പെടുത്താതെ രാജ്യതലസ്ഥാനത്തെ ഇരുപതിലധികം കേന്ദ്രങ്ങളില്‍ അവര്‍ തമ്പടിച്ചു. ഭരണഘടനയുടെ ആമുഖം പ്രതിരോധ കവചമായി. പ്രതിഷേധക്കാരുടെ പതാകയായി ത്രിവര്‍ണപതാക മാറി. ഇതെല്ലാം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. അത്തരമൊരു സമരം ജനങ്ങളെ അത്ഭുതപ്പെടുത്തുകയും ചെയ്തു. സമരത്തിന്റെ ആസൂത്രണത്തില്‍ ചിലപ്പോഴെങ്കിലും പ്രശ്നങ്ങളുണ്ടായെങ്കിലും അതില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആവേശഭരിതരായിരുന്നു. തങ്ങളുന്നയിക്കുന്ന ആശങ്കകള്‍ മനസ്സിലാക്കി ഇതര വിഭാഗങ്ങളും സമരത്തിന്റെ ഭാഗമാകണമെന്ന സന്ദേശം അവര്‍ നല്‍കിയിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരായ രഹസ്യ പ്രചാരണവും ഇതിനിടയില്‍ നടന്നു. പ്രതിഷേധിക്കുന്നവരൊക്കെ ഇന്ത്യാവിരുദ്ധരും ഹിന്ദുവിരുദ്ധരുമാണെന്നതായിരുന്നു ആ പ്രചാരണത്തിന്റെ കാതല്‍. അയല്‍പക്കത്തെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ പീഡനം ഭയന്ന് ഇന്ത്യയിലേക്ക് എത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ഇവര്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്ന് അത്ഭുതപ്പെടുന്നവരും കുറവായിരുന്നില്ല. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ ഉന്നയിച്ച ആവശ്യങ്ങളുടെ തെറ്റായ വ്യാഖ്യാനമായിരുന്നു ഇത്. എന്നിട്ടും ഇത് ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും ഒരു വിഭാഗം മാധ്യമങ്ങള്‍ മടിച്ചില്ല.

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് പാര്‍ലമെന്റില്‍ തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. പാര്‍ലമെന്റ് പരാജയപ്പെട്ടപ്പോള്‍ രാജ്യത്തെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശിലുള്ള സര്‍ക്കാരും ഡല്‍ഹിയിലെ പൊലീസും ശ്രമിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. ജാമിഅ മിലിയ ഇസ്ലാമിയയിലും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും പൊലീസിന്റെ തേര്‍വാഴ്ചയുണ്ടായി. ഭരണകൂടം അഴിച്ചുവിട്ട അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി പ്രതിഷേധക്കാര്‍ തെരുവില്‍ നിന്ന് പിന്‍മാറിയാലേ അവരുടെ ഭാഗം കേള്‍ക്കൂ എന്ന് കൂടി പറഞ്ഞു. പ്രതിഷേധങ്ങള്‍ നിയമവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള അവസരമായി സര്‍ക്കാര്‍ ഇതിനെ ഉപയോഗിച്ചു. പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു അവരുടെ വാദം. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ആ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്കു നേര്‍ക്കുള്ള പ്രതിഷേധമാണ്. ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നത് സര്‍ക്കാര്‍ മാത്രമാണെന്നായിരുന്നു അവരുടെ പക്ഷം.
ഈ ഘട്ടത്തിലാണ് ഷഹീന്‍ ബാഗ് ഉദയം കൊള്ളുന്നത്. തെരുവിന്റെ ഒരു ഭാഗത്ത് സംഘടിച്ച മുസ്ലിം സ്ത്രീകള്‍ നിയമ ഭേദഗതി പിന്‍വലിക്കുംവരെ ഇവിടം വിട്ടുപോകില്ലെന്ന് പ്രഖ്യാപിച്ചു. അധികം വൈകാതെ ഈ മാതൃക ഡല്‍ഹിയിലെ പല ഭാഗങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു; രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും.
രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള സമരത്തെ എങ്ങനെ സമീപിക്കണമെന്ന് ഭരണകൂടത്തിന് ധാരണയുണ്ടായിരുന്നില്ല.. അപകടകാരികളായ മുസ്ലിം യുവാക്കള്‍ക്ക് മറ തീര്‍ക്കുകയാണ് സ്ത്രീകള്‍ എന്ന സിദ്ധാന്തം അവര്‍ പ്രചരിപ്പിച്ചു. ഇവര്‍ക്കെല്ലാം പിറകില്‍ മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും അര്‍ബന്‍ നക്സലുകളുമാണെന്നും. ഈ പ്രചാരണം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനും ബി ജെ പി മടിച്ചില്ല. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ഈ പ്രതിഷേധങ്ങള്‍ക്ക് പിറകിലെന്നും അവര്‍ പ്രചരിപ്പിച്ചു. ഷഹീന്‍ ബാഗ് സമരത്തില്‍ നിന്ന് അകലം പാലിച്ചുകൊണ്ടാണ് കെജ്രിവാള്‍ ഇതിനെ നേരിട്ടത്. പ്രതിഷേധം തുടരാന്‍ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാറാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹി പൊലീസ് തന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ രണ്ട് ദിവസം കൊണ്ട് ഷഹീന്‍ ബാഗ് ഒഴിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊക്കെ മൗനം പാലിച്ചു. പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം നിന്നാല്‍ ഹിന്ദു വോട്ടര്‍മാര്‍ അകലുമെന്ന ഭീതിയാകണം അവരെ നയിച്ചിട്ടുണ്ടാകുക. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ ഒറ്റപ്പെടുത്തുക എന്ന ബി ജെ പിയുടെ ലക്ഷ്യത്തെ സഹായിക്കുകയാണ് ഇതെല്ലാം ചെയ്തത്.

അവരെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നല്ല. സ്ത്രീകളുടെ, ദളിതുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമരത്തെ പിന്തുണച്ച് രംഗത്തുവന്നു. ഇവരുടെ പങ്കാളിത്തം ‘ജിഹാദി മുസ്ലിംകളും’ ‘അര്‍ബന്‍ നക്സലുകളും’ തമ്മിലുള്ള ബന്ധത്തിന് തെളിവായി ചിത്രീകരിക്കുകയാണ് ബി ജെ പി ചെയ്തത്. ഇതിനൊപ്പം തന്നെ അക്രമത്തിനുള്ള ആഹ്വാനം പതുക്കെ ഉയര്‍ന്നു. ‘മോഡിജി ലാത്തി വീശിക്കോളൂ, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന അസാധാരണമായ മുദ്രാവാക്യം ആ സമയത്ത് ഉയര്‍ന്നു. ‘ഡല്‍ഹി പൊലീസ് ലാത്തി വീശട്ടെ, ഞങ്ങള്‍ ഒപ്പമുണ്ട്’ എന്നായി പിന്നീടുള്ള മുദ്രാവാക്യം. തെരുവിലെ ശക്തി, ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്ലിംകളായ പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് തിരിയുകയായിരുന്നു.

ഈ അന്തരീക്ഷത്തിലാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അക്രമങ്ങള്‍ അഴിച്ചുവിടപ്പെടുന്നത്. ഇതേക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണമാണ് നടക്കേണ്ടത്. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളെ എതിര്‍ത്തിരുന്നവര്‍ അക്രമത്തിന് പ്രേരിപ്പിക്കും വിധത്തില്‍ നടത്തിയ പ്രസ്താവനകളും അവിടെ അരങ്ങേറിയ അതിക്രമങ്ങളും തമ്മിലുള്ള ബന്ധം നമ്മള്‍ മനസ്സിലാക്കണം.
ഡല്‍ഹി പൊലീസ് ഇപ്പോള്‍ നടത്തുന്നത് എതിര്‍ ദിശയിലുള്ള അന്വേഷണമാണ്. വിദ്യാര്‍ഥികളെയും യുവാക്കളെയും അറസ്റ്റ് ചെയ്ത്, രാഷ്ട്രീയ നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച് തയാറാക്കിയ തിരക്കഥയിലെ കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ച് നടത്തുന്ന അന്വേഷണം.

(കടപ്പാട് ദി വയര്‍)

അപൂര്‍വാനന്ദ്

You must be logged in to post a comment Login