വളച്ചൊടിക്കപ്പെടുന്ന വസ്തുതകള്‍

വളച്ചൊടിക്കപ്പെടുന്ന വസ്തുതകള്‍

മൂക്കു മൂടാത്ത മുഖാവരണം ധരിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം ഈ മാസമാദ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശരിക്ക് മാസ്‌ക് ധരിക്കുന്നത് എങ്ങനെയെന്ന് ആരെങ്കിലും അമിത് ഷായ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് അടിക്കുറിപ്പുകള്‍ വന്നു. മുഖാവരണം ശരിക്കു ധരിച്ചില്ലെന്നത് മാത്രമായിരുന്നില്ല പ്രശ്നം. ഡല്‍ഹി വംശഹത്യയെപ്പറ്റിയുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ആധികാരികത നല്‍കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു, ആ ചടങ്ങ്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കൂട്ടക്കൊലകളിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണ സംഘം അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് കൈമാറുന്ന ചടങ്ങായിരുന്നു, അത്. ‘കോള്‍ ഫോര്‍ ജസ്റ്റിസ്’ എന്ന സന്നദ്ധസംഘടനയ്ക്കു വേണ്ടിയാണ് ആറംഗ സംഘം അന്വേഷണം നടത്തിയത്. ഒട്ടേറെ കേസുകളില്‍ സി ബി ഐയെ സഹായിച്ച ഫോറന്‍സിക് വിദഗ്ധനും എന്‍ ഐ എയ്ക്കു വേണ്ടി ഹാജരായിട്ടുള്ള പബ്ലിക് പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയും സിവില്‍ സര്‍വീസില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു വസ്തുതാന്വേഷണ സംഘം.

കലാപമേഖലകളില്‍ സന്ദര്‍ശനം നടത്തിയ സംഘം അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ് ശ്രദ്ധേയം: ഡല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തത് പിന്‍ജ്റാ തോഡ്, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി, പോപ്പുലര്‍ ഫ്രന്‍ഡ് ഓഫ് ഇന്ത്യ, ഭീം ആര്‍മി തുടങ്ങിയ സംഘടനകളും ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ചേര്‍ന്നാണ്. കോണ്‍ഗ്രസും ഇടതു സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും പ്രതിപ്പട്ടികയിലുണ്ട്. പോരാത്തതിന് പാക് ചാരസംഘടനയായ ഐ എസ് ഐയുടെ സഹായവും കിട്ടിയിട്ടുണ്ട്.

ഭരണകൂടത്തിന്റെ പിന്തുണയോടെ ഹിന്ദുത്വ സംഘടനകള്‍ ആസൂത്രണം ചെയ്ത വംശഹത്യയെപ്പറ്റിയാണ് വസ്തുതാന്വേഷണ സംഘം എന്ന് അവകാശപ്പെടുന്നവര്‍ ഇപ്പറയുന്നത്. ഡല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും വിവിധ പൊലീസ് സ്റ്റേഷനുകളിലെ എഫ് ഐ ആറുകളിലും കുറ്റപത്രങ്ങളിലും ആവര്‍ത്തിക്കുന്ന ആരോപണങ്ങള്‍ക്ക് ഏറ്റുപാടുകയാണ് അവര്‍ ചെയ്തത്. തെറ്റെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള വ്യാജവാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളും ഏകപകക്ഷീയമായ വിവര ശേഖരണവും വിശ്വാസ്യതയില്ലാത്ത വെബ്സൈറ്റുകളില്‍ നിന്നുള്ള ഉദ്ധരണികളുമാണ് റിപ്പോര്‍ട്ടില്‍ നിറയെ എന്ന് ‘ആള്‍ട്ട് ന്യൂസ്’ വെബ്സൈറ്റില്‍ അര്‍ച്ചിത് മേത്ത എഴുതിയ ലേഖനം വ്യക്തമാക്കുന്നു.
ഡല്‍ഹി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുള്ള ഖാനാണ് ജാമിഅ നഗറിലെ കലാപത്തിന് നേതൃത്വം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ അമാനത്തുള്ള ഖാന്‍ ഷഹീന്‍ബാഗില്‍ ആയിരുന്നെന്ന് വ്യത്യസ്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് സ്ഥാപിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കണ്ടെത്തലാണ് അടുത്തത്. ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിന് തെരുവിലിറങ്ങണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് കലാപാഹ്വാനമായി വളച്ചൊടിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിന്റെ പ്രസംഗത്തെ കലാപാഹ്വാനമായി മുദ്രകുത്തുന്ന റിപ്പോര്‍ട്ടില്‍ പരസ്യമായി ആക്രമണത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് ഹിന്ദുത്വനേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നേയില്ല. പൗരത്വനിയമത്തിനെതിരെ രാപകല്‍ സമരം നടത്തിയവര്‍ക്ക് ഷിഫ്റ്റ് അനുസരിച്ച് പ്രതിഫലം നല്‍കിയിരുന്നു എന്ന ആരോപണം ശരിയെന്നു തെളിയിക്കാന്‍ സമരക്കാര്‍ക്ക് പണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ആണ് സമിതി നല്‍കിയിരിക്കുന്നത്. ആക്രമണത്തിന്റെ ഇരകള്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ ദൃശ്യമാണ് പ്രതിഫലം നല്‍കുന്നുവെന്ന മട്ടില്‍ നല്‍കിയിരിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.

കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു എന്നു പറയുന്ന റിപ്പോര്‍ട്ട് അതില്‍ നാലില്‍ മൂന്നും മുസ്ലിംകളാണെന്ന വിവരം മറച്ചുവെക്കുന്നു. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ള 27 സത്യവാങ്മൂലങ്ങളില്‍ 21ഉം ഹിന്ദു സമുദായത്തില്‍പെട്ടവരുടേതാണ്. ആധികാരികവിവരം എന്ന പേരില്‍ ചുരുങ്ങിയത് പത്തിടത്താണ് ഒപിഇന്ത്യ എന്ന വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തകള്‍ ഉദ്ധരിക്കുന്നത്. സംഘപരിവാറിനുവേണ്ടി നിര്‍ലജ്ജം നുണകള്‍ പടച്ചുവിടുന്ന ഫാക്ടറിയാണ് ഒപിഇന്ത്യ എന്നത് രഹസ്യമല്ല. ഇന്റര്‍നാഷണല്‍ ഫാക്ട് ഫൈന്‍ഡിങ് നെറ്റ് വര്‍ക്കില്‍ അംഗത്വത്തിനു വേണ്ടി അവര്‍ അപേക്ഷിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാണിച്ച് അംഗത്വം നിരസിക്കുകയാണ് ചെയ്തത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതി പലവട്ടം അവര്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് പൗരത്വനിയമ ഭേദഗതിക്കെതിരായ സമരവേദിയില്‍ ബോംബു സ്ഫോടനം നടത്താന്‍ സമരക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നു എന്ന കഥയാണ് ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് ഹിന്ദുത്വവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദും സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിയുമാണ് ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ജനുവരി എട്ടിനാണ് യോഗം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിവരം പുറത്തുവരുന്നത് ജനുവരി 14നു മാത്രമാണെന്ന് ന്യൂസ് ക്ലിക്കില്‍ താരിഖ് അന്‍വര്‍ എഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പൗരത്വത്തിനു നേരെ നരേന്ദ്രമോഡി ഭരണകൂടം ആസൂത്രണം ചെയ്ത ദ്വിമുഖ ആക്രമണ പദ്ധതിയുടെ തുടര്‍ച്ച മാത്രമാണ് ഡല്‍ഹിയില്‍ കണ്ടതെന്ന് എഴുത്തുകാരനും അധ്യാപകനുമായ മുകുള്‍ കേശവ്, ഗാര്‍ഡിയന്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ രണ്ടു മുസ്ലിം പള്ളികളും ഒരു സൂഫി ദര്‍ഗയുമാണ്. വഴിയില്‍ കിടന്ന മൃതദേഹങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിംകളുടേതായിരുന്നു. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയതും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതും ഹിന്ദു ഗുണ്ടകളായിരുന്നു. മിക്ക വീടുകളും കച്ചവടസ്ഥാപനങ്ങളും മുസ്ലിംകളുടേതായിരുന്നു. ഹിന്ദുത്വവാദികളുടെ ഏകപക്ഷീയമായ ആക്രമണമാണ് അവിടെ നടന്നതെങ്കിലും ഡല്‍ഹിയില്‍ നടന്നത് തുല്യശക്തികളുടെ സംഘട്ടനമാണെന്ന മട്ടിലായിരുന്നു അന്നത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അതിനെയാണ് ഇപ്പോള്‍, ഒരു പടികൂടി കടന്ന് മുസ്ലിംകള്‍ ആസൂത്രണം ചെയ്ത കലാപമായി ചിത്രീകരിക്കുന്നത്.
‘ഹിന്ദുത്വത്തിനെ എതിരിടുന്നവരെ വെട്ടിനുറുക്കണം’ എന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വീഡിയോ സന്ദേശം നല്‍കിയ രാഗിണി തിവാരിയുടെ പേര് അന്വേഷണ റിപ്പോര്‍ട്ടിലോ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തിലോ ഇല്ല. ഡല്‍ഹിയില്‍ അക്രമം പൊട്ടിപ്പുറപ്പടുന്നതിന്റെ തലേന്ന് അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ട് രാഗിണി തിവാരി എന്ന ജാനകി ബഹന്‍ അതേ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘ദ ക്വിന്റി’ല്‍ ആദിത്യ മേനോന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുധാരികളായ സംഘാംഗങ്ങളുമായാണ് അവര്‍ കാറില്‍ വന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുകയായിരുന്ന യുവാക്കള്‍ക്കു നേരേ ആദ്യം വെടിവെച്ചത് രാഗിണി തിവാരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതിന് രേഖയുണ്ട്. എന്നാല്‍, ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല.

ജാനകി ബഹനെപ്പോലുള്ളവര്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍, സ്വന്തം കല്യാണത്തിന് ജയിലില്‍നിന്ന് ജാമ്യമെടുത്ത് വരേണ്ടിവന്ന ഇസ്രത്ത് ജഹാനെപ്പറ്റി ഐശ്വര്യ എസ് അയ്യര്‍ ‘ദ ക്വിന്റി’ല്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ കുടുംബത്തില്‍ നിന്നുള്ള ഇസ്രത്ത് അവിടത്തെ വാര്‍ഡ് കൗണ്‍സിലറാണ്. ഖുറേജിയില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധപ്രകടനത്തില്‍ സ്വാഭാവികമായും അവര്‍ പങ്കെടുത്തു. പ്രകടനത്തില്‍ ആയിരത്തോളം പേരുണ്ടായിരുന്നെങ്കിലും ഇസ്രത്തായിരുന്നു നോട്ടപ്പുള്ളി. കലാപത്തിന് പ്രേരണയേകി എന്ന കുറ്റം ചുമത്തി ജഗത്പുരി പൊലീസ് ഇസ്രത്തിനെ അറസ്റ്റു ചെയ്തു. ഒരു മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോള്‍ യു എ പി എ ചുമത്തി അടുത്ത അറസ്റ്റ്. ജൂണ്‍ 12 ന് ഇസ്രത്തിന്റെ വിവാഹം നടത്താന്‍ വളരെ നേരത്തേ തീരുമാനിച്ചതായിരുന്നു. കല്യാണത്തീയതി നീട്ടേണ്ടതില്ലെന്ന് വരന്‍ ഫര്‍ഹാന്‍ ഹാഷ്മി തീരുമാനിച്ചു. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിരിച്ച് ജയിലിലേക്ക് പോകാനുള്ളതാണെങ്കിലും ഇസ്രത്തിനെ സ്വന്തമാക്കാനായതിന്റെ ആഹ്‌ളാദത്തിലാണ് മുന്‍മന്ത്രി പര്‍വേശ് ഹാഷ്മിയുടെ മകനായ ഫര്‍ഹാന്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.

അക്രമങ്ങള്‍ക്കു പിന്നാലെ അറസ്റ്റു ചെയ്യപ്പെട്ട രണ്ടുപേരോട് രണ്ടു നീതി കാണിച്ചതെങ്ങനെയെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാള്‍ കലാപകാരികള്‍ക്ക് ആയുധങ്ങളെത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ഹിന്ദു യുവാവ്. രണ്ടാമത്തേത് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പഠിക്കുന്ന ഗര്‍ഭിണിയായ മുസ്ലിം യുവതി. ഇതിനു മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലാത്ത സഫൂറ സര്‍ഗാറിനെ യു എ പി എ ചുമത്തി ജാമ്യംപോലുമില്ലാതെ ജയിലിലടച്ചു. എന്നാല്‍, ആയുധങ്ങളോടെ പിടിയിലായ മനിഷ് സിരോഹിക്കെതിരേ ആയുധനിയമം മാത്രമാണ് ചുമത്തിയത്. അറസ്റ്റ് ചെയ്ത് ജയിലിലിട്ട മനീഷിന് കൊവിഡ് പിടിക്കാന്‍ സാധ്യതയുണ്ടെന്നത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയും ചെയ്തു. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധപ്രകടനത്തില്‍ സഹപാഠികള്‍ക്കൊപ്പം പങ്കെടുത്തു എന്നതാണ് സഫൂറ ചെയ്ത കുറ്റമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സഫൂറയുടെ തടങ്കല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കലാപശ്രമത്തിന് അറസ്റ്റിലായ ജവഹാര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ദേവാംഗണ കാലിതയെയും ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ യു എ പി ചുമത്തി ജയിലിലിട്ടു.

‘അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും മുസ്ലിംകളാണ്. സ്വത്തുവകകള്‍ നഷ്ടപ്പെട്ടതും അവര്‍ക്കാണ്. എന്നാല്‍ ഏറ്റവുമധികം അറസ്റ്റു ചെയ്യപ്പെടുന്നതും മുസ്ലിംകളാണ്. എല്ലാ കലാപങ്ങളിലും ഇതുതന്നെയാണ് പതിവ്,’ ജംഇയത്ത് ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി പറയുന്നു. കൊവിഡിനെ നേരിടാന്‍ രാജ്യം അടച്ചുപൂട്ടിയിരിക്കുമ്പോള്‍ വിദ്യാര്‍ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും തിരഞ്ഞുപിടിച്ച് ജയിലിലിടുകയാണ് ഡല്‍ഹി പൊലീസ്. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് അറസ്റ്റു ചെയ്യുന്നത്. വെടിവെക്കാനും തീകൊളുത്താനും പരസ്യമായി ആഹ്വാനം ചെയ്തവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. ഭരിക്കുന്നത് ബി ജെ പിയായായലും കോണ്‍ഗ്രസ് ആയാലും സമാജ് വാദി പാര്‍ട്ടി ആയാലും എല്ലാ കലാപങ്ങളെത്തുടര്‍ന്നും നിയമപാലകരാല്‍ വേട്ടയാടപ്പെടുന്നത് ഇരകള്‍ തന്നെയാണെന്ന് ‘ദ പ്രിന്റി’ന് നല്‍കിയ അഭിമുഖത്തില്‍ മദനി പറയുന്നു.
നിയമപാലകരും നീതിന്യായ വ്യവസ്ഥയും സത്യത്തിനു നേരെ കണ്ണടയ്ക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ വസ്തുതാന്വേഷണ സംഘവും സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരുമാണ് കലാപങ്ങളിലെ യഥാര്‍ത്ഥചിത്രം പുറത്തുകൊണ്ടുവരാറ്. ഗുജറാത്ത് വംശഹത്യയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. എന്നാലിവിടെ, അത്തരമൊരു സാധ്യത മുന്‍കൂട്ടിയടയ്ക്കുന്നതിന് വേട്ടക്കാര്‍തന്നെ വസ്തുതകള്‍ അന്വേഷിക്കാത്ത വസ്തുതാന്വേഷണ സംഘത്തെ പടച്ചുവിടുകയാണ്. ‘കോള്‍ ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയും ഇന്ത്യയുടെ ആഭ്യന്തര മന്ത്രി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച അന്വേഷണ റിപ്പോര്‍ട്ടും അക്കൂട്ടത്തില്‍ ഒന്നുമാത്രം.

എസ് കുമാര്‍

You must be logged in to post a comment Login