കെജ്‌രിവാള്‍ ഒരു വ്യാജനിര്‍മിതിയാണ്; അതിനാലാണ് ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത്

കെജ്‌രിവാള്‍ ഒരു വ്യാജനിര്‍മിതിയാണ്; അതിനാലാണ് ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത്

ഭയം അതിന്റെ സര്‍വസന്നാഹങ്ങളുമായി ഡല്‍ഹിയെ പൊതിഞ്ഞുകെട്ടിയ ദിവസങ്ങളാണിത്. ഡല്‍ഹി ഒരു അര്‍ധസ്വതന്ത്ര സംസ്ഥാനമെന്നതുപോലെ ഇന്ത്യയുടെ തലസ്ഥാന നഗരവുമാണല്ലോ? ആ നഗരത്തില്‍ നിന്നുള്ള എല്ലാ സംഭാഷണങ്ങളും മരണവുമായി അഭിമുഖത്തിനൊരുങ്ങുന്ന മനുഷ്യരുടെ നിസ്സഹായമായ നെടുവീര്‍പ്പുകളിലാണ് അവസാനിക്കുന്നത്. എന്തുചെയ്യണം എന്ന് അറിയില്ല, എങ്ങോട്ടാണ് പോവുക? ആശുപത്രികള്‍ കയ്യൊഴിയുകയാണ്. അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിമിഷംപ്രതി കൊവിഡ് കേസുകള്‍ പെരുകുകയാണ്. മനുഷ്യര്‍ ജീവശ്വാസത്തിനായി ആശുപത്രികളിലേക്ക് കൂട്ടമായെത്തുന്നു. എത്രപേര്‍, എവിടെ നിന്നെല്ലാം വരുന്നു എന്നതിന് കയ്യും കണക്കുമില്ല. എത്രപേര്‍ മരിച്ചു എന്ന് അറിയാത്തതുപോലെ എത്രപേര്‍ രോഗബാധിതരാണ് എന്നും നിശ്ചയമില്ല. ഒരു മുന്നൊരുക്കങ്ങളും സാധ്യമാകാത്ത വിധം ആശുപത്രികളും ഇരുട്ടിലാണ്. പലനാടുകളില്‍ നിന്ന് വന്ന് ഡല്‍ഹിയില്‍ ജീവിതം ഉറപ്പിച്ച മനുഷ്യരാണ് കൂടുതല്‍. ഒറ്റയടിക്ക് തിരിച്ചുപോകാന്‍ നാടുകളോ വേരുകളോ കാര്യമായില്ലാത്ത മനുഷ്യര്‍. കാലങ്ങളായി അവര്‍ ഡല്‍ഹിക്കാരാണ്. ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക് എത്തുമെന്ന് ആം ആദ്മിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിംഗ് സിസോദിയ. അതിന്റെ പത്തിലൊന്ന് താങ്ങാനുള്ള സംവിധാനം ഡല്‍ഹിയിലെ ആശുപത്രികളില്‍ ഇപ്പോഴില്ലെന്ന് വസ്തുത. രോഗികളുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്ന് മെയ് പകുതിയോടെ ആരോഗ്യവിദഗ്ധര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നതോര്‍ക്കുക. ഭരണകൂടം പാഴാക്കിയ നാലുമാസങ്ങള്‍ക്ക് ഡല്‍ഹി നല്‍കേണ്ടി വന്ന ക്രൂരമായ വിലയാണ് പിടഞ്ഞുമരിക്കുന്ന മനുഷ്യര്‍. രൂക്ഷതയെ മറച്ചുവെക്കാന്‍ കളിച്ച നാടകങ്ങള്‍ തിരിഞ്ഞുകൊത്തുകയാണ്. മരണാനന്തരം പോലും നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ജഡം ചവറ്റുകൂനകളില്‍ മറമാടിയതിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. എത്രലക്ഷം തൊഴിലാളികള്‍ നാടുപിടിക്കാനോടി എന്ന ഒരു കണക്കും സര്‍ക്കാരിന്റെ കയ്യിലില്ല. അവരില്‍ എത്രപേര്‍ കുഴഞ്ഞുവീണു, എത്രപേര്‍ മരിച്ചുപോയി എന്നൊന്നും ആര്‍ക്കുമറിയില്ല. ചേരികളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആരും തിരക്കുന്നില്ല. സൗജന്യ വൈദ്യുതിയും വെള്ളവും പാചക ഇന്ധനവുമൊന്നും മനുഷ്യരുടെ ആത്യന്തികമായ നിലനിനില്‍പിന് ഉത്തരമല്ല എന്ന് തിരിച്ചറിയാന്‍ തുടങ്ങുന്നു. അരാഷ്ട്രീയ വെല്‍ഫയറിസം അതിന്റെ ഒളിച്ചുവെച്ച തേറ്റകളാല്‍ ഡല്‍ഹിയെ ആഞ്ഞുകുത്തുകയാണ്. ഡല്‍ഹി ഭരണകൂടം രാഷ്ട്രീയമായി നാണം കെടുകയാണ്. അമിതാധികാരിയായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പിന്നില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ പതുങ്ങി രോഗവിശകലനത്തിനായുള്ള യോഗത്തിലേക്ക് നടന്നുപോകുന്ന അരവിന്ദ് കെജ്്രിവാള്‍ അതിദയനീയമായ ഒരു ചിത്രമായി മാറുകയാണ്. നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു എന്ന സുപ്രീംകോടതിയുടെ അതിരൂക്ഷ ഭാഷയിലുള്ള ചോദ്യത്തിന് ഡല്‍ഹി സര്‍ക്കാറിന് മറുപടിയില്ല. മാര്‍ച്ച് ആദ്യം മുതല്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും കുറവുകളോടെയെങ്കിലും സ്വീകരിച്ച ജാഗ്രതകളെ അവഗണിച്ചതാണ് വിനയായതെന്ന് തെളിഞ്ഞുകഴിഞ്ഞു. അടിസ്ഥാന ജനതയിലേക്ക് രോഗം പടര്‍ന്നതിന്റെ വേഗം അമ്പരപ്പിക്കുന്നതാണ്. ഭരണകൂടം ജനതയെ കൊലക്ക് കൊടുക്കുന്ന കാഴ്ച. ഭരണകൂടവും ജനതയും രണ്ട് വ്യത്യസ്ത സ്വത്വങ്ങളായി പരിണമിച്ചതിന്റെ ബാക്കിപത്രം.

ഈ വരികള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ അമേരിക്കയെ ഓര്‍ത്തുവോ? യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ? ഒട്ടും വ്യത്യസ്തമല്ല അതിപ്രതാപവത്തായ ആ രാഷ്ട്രത്തിന്റെ കൊറോണക്കാലം. വുഹാനില്‍ മാരകവൈറസ് പത്തി ഉയര്‍ത്തിയ അതേ ഘട്ടത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പ് കിട്ടിയതാണല്ലോ? ലോകത്തെ ഏറ്റവും സജ്ജമായ ആരോഗ്യവിഭാഗം പ്രവര്‍ത്തിക്കുന്നത് ആ രാഷ്ട്രത്തിലാണ്. ദേശീയ ബജറ്റില്‍ നിന്ന് വലിയ ഒരു ഭാഗം ആരോഗ്യമേഖലക്ക് നീക്കിവെക്കുന്ന രാഷ്ട്രം. മുന്‍കാല മഹാമാരികള്‍ അത്രയൊന്നും ഏശാത്ത രാജ്യം. അങ്ങനെയുള്ള വനശക്തിയാണ് കൊവിഡിനുമുന്നില്‍ മുട്ടുകുത്തി വീണത്. അതെങ്ങനെ സംഭവിച്ചുവെന്ന് ഇതേ താളുകളില്‍ നാം സംസാരിച്ചതാണ്. നോം ചോംസ്‌കിയെ ഉദ്ധരിച്ചായിരുന്നു ആ സംഭാഷണം നമ്മള്‍ തുടങ്ങിയത്. അമേരിക്കയുടെ കൊവിഡ് പതനത്തിന്റെ കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഡൊണാള്‍ഡ് ട്രംപിലേക്കാണ് എന്ന് നിങ്ങള്‍ക്കറിയാം. അടിത്തട്ട് രാഷ്ട്രീയം പറയുകയോ പ്രാക്ടീസ് ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഒരു കച്ചവടക്കാരനാണല്ലോ ഡൊണാള്‍ഡ് ട്രംപ്. ഇനിയും മുഴുവനായി വെളിപ്പെട്ടിട്ടില്ലാത്ത പലതും ചേര്‍ന്നാണ് അയാളെ നേതൃത്വത്തില്‍ അവരോധിച്ചത്. മൂലധനോന്‍മുഖമായ തീവ്രവലത് എന്ന് ഇപ്പോള്‍ മനസിലാക്കപ്പെടുന്ന ഒരു രാഷ്ട്രീയനിലയുടെ ലാഭാവകാശിയാണ് ട്രംപ്. അമേരിക്കന്‍ ഭരണനിര്‍വഹണത്തില്‍ നിന്ന് ജനബദ്ധമായ രാഷ്ട്രീയത്തെ ചോര്‍ത്തിക്കളഞ്ഞയാള്‍. ജനങ്ങള്‍ക്ക് മേല്‍ ജനങ്ങളാല്‍ അല്ലാതെ അവരോധിതനായ ആള്‍. ജനങ്ങളാല്‍ അല്ലാതെ എന്ന് പറയാന്‍ കാരണം ജനതാല്‍പര്യത്തെ മൂലധന മായാവിദ്യയാല്‍ അട്ടിമറിച്ചു എന്ന അര്‍ഥത്തിലാണ്. അമേരിക്കയുടെ ദീര്‍ഘകാല ജനാധിപത്യചരിത്രത്തിലെ ആദ്യത്തെ അരാഷ്ട്രീയ ഭരണാധികാരിയും ഡൊണാള്‍ഡ് ട്രംപ് ആണല്ലോ?

അരാഷ്ട്രീയത ജനകീയതയുടെ വിപരീതപദമാണ്. അരാഷ്ട്രീയതക്ക് പക്ഷേ, അംഗീകാരം കിട്ടല്‍ എളുപ്പമാണ്. ജനതയുടെ സ്വതന്ത്ര ഇച്ഛക്ക് മേല്‍ കടന്നുകയറാനുള്ള വിദ്യകള്‍ തീവ്രമുതലാളിത്തം പലരൂപത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് ജനാധിപത്യത്തിന്റെ വീഴ്ചകളെ പര്‍വതീകരിക്കലാണ്. ജനാധിപത്യം ഒരു അയഞ്ഞ പദ്ധതിയാണ്. ഭൂരിപക്ഷത്തിന്റെ ഹിതത്താല്‍ സംസ്ഥാപിതമാകുന്ന ഭരണകൂടമായിരിക്കുമ്പോഴും അത് ഭൂരിപക്ഷ ഹിതത്തിന്റെ നിര്‍വാഹകരായല്ല പ്രവര്‍ത്തിക്കുക. അപ്പോള്‍ ഓരോ നടപ്പാക്കലിനും എതിരഭിപ്രായം സ്വാഭാവികമാണ്. മനുഷ്യരാല്‍ നടത്തപ്പെടുന്നു എന്നതിനാല്‍ വീഴ്ചകള്‍ ജനാധിപത്യത്തിന്റെ കൂടപ്പിറപ്പാണ്. ആ വീഴ്ചകളെ മാത്രം പ്രചരിപ്പിക്കുകയും പര്‍വതീകരിക്കുകയും ചെയ്താല്‍ ജനാധിപത്യവും അതിന്റെ ചാലകശക്തികളായ കക്ഷിരാഷ്ട്രീയവും മറ്റ് തലത്തിലുള്ള സംഘാടനങ്ങളുമെല്ലാം എളുപ്പത്തില്‍ അപഹസിക്കപ്പെടും. അതിലൊന്നാണ് വികേന്ദ്രിതമായ അഴിമതി. എകാധിപത്യത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും കേന്ദ്രീകൃതമായ ഒന്നായിരിക്കും. കാരണം ഏകാധിപത്യത്തില്‍ ജനതയില്ല, ജനതയുടെ ഇടപെടല്‍ ഇല്ല. ജനാധിപത്യത്തില്‍ ജനതയുണ്ട്, ജനപങ്കാളിത്തമുണ്ട്. കക്ഷിരാഷ്ട്രീയവും അതിനോട് ഇടഞ്ഞും ചേര്‍ന്നും പ്രവര്‍ത്തിക്കുന്ന അനേകം സംഘാടനങ്ങളുമാണ് ഈ ജനപങ്കാളിത്തത്തിന്റെ പ്രകാശനസ്ഥാനങ്ങള്‍. അവയെല്ലാം ചേര്‍ന്നുള്ള വെളിച്ചമാണ് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നത്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യര്‍ വരെ ഒരുനിലക്ക് അല്ലെങ്കില്‍ മറ്റൊരുനിലക്ക് ഇവയുമായി ചേര്‍ന്നാണ് നില്‍ക്കുക. അതിനാല്‍ത്തന്നെ അടിത്തട്ട് മനുഷ്യര്‍ എന്ന ഒന്നുണ്ട് എന്നും അവര്‍ക്ക് ഇന്നതരം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും അത് ഇന്ന വിധത്തില്‍ പരിഹരിക്കാന്‍ കഴിയും എന്നെല്ലാമുള്ള ധാരണ ജനാധിപത്യത്തില്‍ പ്രകടമായിരിക്കും. അത് പൂര്‍ണമായി പരിഹരിക്കപ്പെടുമോ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. പക്ഷേ, പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന ബോധ്യം ഉണ്ടാവും. അവയ്ക്കുള്ള പലതരം പരിഹാര ശ്രമങ്ങള്‍ ഉണ്ടാവും.
പ്രാദേശിക കക്ഷിരാഷ്ട്രീയത്തിലേക്കും മറ്റ് സംഘാടനങ്ങളിലേക്കും നോക്കുക. ജനാധിപത്യത്തിന്റെ അടിസ്ഥാന യൂണിറ്റ് കുടുംബം അഥവാ ബന്ധുതയുള്ള മനുഷ്യരുടെ ആവാസം ആണല്ലോ. രണ്ടാം യൂണിറ്റ് നിശ്ചയമായും അവര്‍ അംഗങ്ങളായുള്ള വാര്‍ഡുകള്‍ അഥവാ ചെറുകൂട്ടമാണ്. ജനാധിപത്യത്തിലെ നാം ആദ്യം പറഞ്ഞ പ്രകാശനസ്ഥാനങ്ങളെ നമുക്ക് അവിടെ ഉറപ്പായും കാണാം. മിക്കപ്പോഴും നാം അതില്‍ പങ്കാളികളുമാണ്. അതിന്റെ വികാസരൂപമാണ് കക്ഷിരാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെടുന്ന ഭരണകൂടങ്ങള്‍. അടിത്തട്ടില്‍ നിന്ന് പ്രവഹിക്കുന്ന ഒരു പാരസ്പര്യം ഭരണകൂടം വരെ നീളും. ഈ നിര്‍വഹണത്തില്‍ തീര്‍ച്ചയായും താല്‍പര്യങ്ങളും അതിന്റെ ഭാഗമായ അഴിമതികളും സംഭവിക്കും. കൂടുതല്‍ ജനകീയ ഇടപെടലും പൊതുജാഗ്രതയും മാധ്യമ ജാഗ്രതയും കൊണ്ടാണ് അതിനെ പ്രതിരോധിക്കാന്‍ കഴിയുക. അങ്ങനെ പ്രതിരോധിച്ച ചരിത്രം ജനാധിപത്യത്തിന് ഇന്ത്യയിലുണ്ട്, ലോകത്ത് എമ്പാടുമുണ്ട്. പ്രതിരോധിക്കാനും തിരുത്താനും കഴിയും എന്നതാണ് അടിത്തട്ടിന് പങ്കാളിത്തമുള്ള, കക്ഷിരാഷ്ട്രീയത്താല്‍ പ്രശോഭിതമായ ജനാധിപത്യത്തിന്റെ ചിരസൗന്ദര്യം.
ഇതിന്റെ വിപരീത നിലയാണ് കക്ഷിരാഷ്ട്രീയ ബാഹ്യമായ ജനാധിപത്യത്തിനുള്ളത്. അതില്‍ അടിത്തട്ടിന്റെ സക്രിയ പങ്കാളിത്തമുണ്ടാവില്ല. അത് മേല്‍ത്തട്ടില്‍ നിന്ന് പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. അത് കക്ഷിരാഷ്ട്രീയത്തിന്റെ വീഴ്ചകളെ മാത്രം ചൂണ്ടിക്കാട്ടി അവയെ റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ്. ജനാധിപത്യത്തിന്റെ അടിത്തട്ട് പ്രവര്‍ത്തനങ്ങളില്‍ നിന്ന് പലകാരണത്താല്‍ മാറിനില്‍ക്കുന്ന മധ്യ-ഉപരി വര്‍ഗത്തെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയും എന്നതാണ് അതിന്റെ വലിയ നേട്ടം. ഉദാഹരണത്തിന് അഴിമതി. അഴിമതി എന്ന പ്രക്രിയയുടെ അടിസ്ഥാന കാരണത്തിലേക്ക് പോകാതെ അഴിമതി എന്ന പ്രക്രിയയിലേക്ക് മാത്രം അത് ദൃഷ്ടിയൂന്നും. അഴിമതി സ്വാഭാവികമായും അതില്‍ പങ്കാളിത്തമില്ലാത്തവരില്‍ രോഷവും ഇച്ഛാഭംഗവും അവമതിപ്പും സൃഷ്ടിക്കുന്ന ഒന്നാണ്. ആ അഴിമതി എങ്ങനെ ഈ വ്യവസ്ഥയില്‍ സംഭവിച്ചു എന്ന ആലോചന അവിടെ ഉണ്ടാവില്ല. മറിച്ച് അഴിമതി നടത്തിയവരോടുള്ള, അവര്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിയോടുള്ള അവമതിപ്പായി പെട്ടെന്ന് മാറുകയും ചെയ്യും. കാരണത്തില്‍ ഊന്നാതെ കാര്യത്തെ പരിഗണിക്കുന്ന രീതി ഒരു എളുപ്പവഴിയാണല്ലോ?
ഈ വഴിയിലൂടെയാണ് അരവിന്ദ് കെജ്്രിവാള്‍ ഉണ്ടായത്. അതൊരു വലിയ വലതുപക്ഷ പദ്ധതി ആയിരുന്നു എന്ന് ഇന്ന് നമുക്കറിയാം. അത് സംഘപരിവാറിന്റെ വഴിയൊരുക്കലായിരുന്നു. അതൊരു കിടയറ്റ നാഗ്പൂര്‍ പദ്ധതി ആയിരുന്നു. അണ്ണാ ഹസാരെയെ മുന്‍നിര്‍ത്തി തീവ്രവലതുപക്ഷം ആടിയ ഒന്നാംതരം നാടകം. ലോക്പാല്‍ സമരത്തെ ഓര്‍ക്കാനാണ് ക്ഷണിക്കുന്നത്. തീവ്രഹിന്ദുത്വ ഒരു തിരഞ്ഞെടുപ്പ് ടിക്കറ്റ് അല്ലെന്ന് ആര്‍.എസ്.എസിന് മനസിലായിരുന്നു. കോണ്‍ഗ്രസാവട്ടെ അഴിമതിയുടെ ആറാട്ടുത്സവത്തില്‍ അഭിരമിക്കുകയായിരുന്നു. അതുതന്നെ സന്ദര്‍ഭമെന്ന് സംഘപരിവാറും അവരെ തുണച്ച മൂലധനശക്തികളും തിരിച്ചറിഞ്ഞു. അസ്വസ്ഥരും അസംതൃപ്തരുമായ യുവതയോട് അവര്‍ അഴിമതിയെക്കുറിച്ച് മാത്രം പറഞ്ഞു. മാധ്യമങ്ങളാവട്ടെ ജനാധിപത്യം എന്ന സമ്മോഹനമായ ആശയത്തെ മറന്നു. പകരമോ ആള്‍ക്കൂട്ടം പ്രതിഷ്ഠിക്കപ്പെട്ടു. മധ്യേഷ്യയില്‍ ഏകാധിപത്യത്തിനെതിരില്‍ ജനസഞ്ചയരാഷ്ട്രീയം തിളച്ചുമറിഞ്ഞ കാലമായിരുന്നു. ലോക്പാല്‍ തരംഗമായി, അഥവാ തരംഗമാക്കപ്പെട്ടു. ബാബാ രാംദേവും കിരണ്‍ ബേദിയും പോലുള്ള സംഘപരിവാര്‍ മാനസസന്തതികളുടെ പ്രകടനവും ഓര്‍ക്കുക.
സത്യസന്ധനും സമര്‍പ്പിതനുമായ ഒരു എന്‍.ജി.ഒ ആയിരുന്നല്ലോ അരവിന്ദ് കെജ്്രിവാള്‍. മധ്യവര്‍ഗത്തിന് ആഘോഷിക്കാവുന്ന എല്ലാ വ്യക്തിഗുണങ്ങളും തികഞ്ഞ മനുഷ്യന്‍. എന്‍.ജി.ഒ എന്നാല്‍ എന്താണെന്ന് വിശദീകരിക്കേണ്ടതില്ല. കാന്‍സറിന് പാരസെറ്റമോളാണ് മരുന്നെന്ന് വിശ്വസിപ്പിക്കുന്ന പണിയാണത്. പ്രശ്‌നത്തിന്റെ കാരണത്തിലല്ല കാര്യത്തിലാണ് കാമ്പ് എന്ന് വിശ്വസിക്കുന്ന കൂട്ടര്‍. ആഗോള മുതലാളിത്തം അതിന്റെ ക്ഷയഘട്ടത്തില്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ആശയമാണത്. അടിസ്ഥാന നയത്താല്‍ പാപ്പരീകരിക്കപ്പെട്ട, തീവ്രമുതലാളിത്തത്തിന്റെ പാര്‍ശ്വഫലങ്ങളാല്‍ നരകിക്കുന്ന മനുഷ്യരെ താല്‍ക്കാലികാശ്വാസങ്ങള്‍ നല്‍കി വന്ധ്യംകരിക്കുന്ന പരിപാടി. അതൊരു രാഷ്ട്രീയ വന്ധ്യംകരണമാണ്. പിന്നെ പ്രതിഷേധങ്ങള്‍ മുളപൊട്ടില്ല. അങ്ങനെയൊന്നും ചിന്തിച്ചല്ല ആളുകള്‍ അത്തരം എന്‍.ജി.ഒകളില്‍ എത്തുന്നത്. പ്രതിഫലം മുഖ്യ ആകര്‍ഷണമാണ്. എളുപ്പവഴിയിലൂടെയുള്ള നേതൃരസം മറ്റൊന്നാണ്. ആളുകളെ നയിക്കുക എന്നത് ആകര്‍ഷകമായ പണിയാണ്. അതൊരു ജോലിയായി, പ്രൊഫഷനായി വാഗ്ദാനം ചെയ്യുന്നിടത്താണ് എന്‍.ജി.ഒകളുടെ ആകര്‍ഷണീയത. കെജ്്രിവാള്‍ അങ്ങനെ ഉണ്ടായ നേതാവാണ്. അത് തീവ്ര വലതുപക്ഷത്തിന്റെ, തീവ്രമുതലാളിത്തത്തിന്റെ ഒരു നിര്‍മിതിയാണ് ഒരുപക്ഷേ, അങ്ങനെ അയാള്‍ മനസിലാക്കുന്നില്ല എങ്കിലും. അതിനാലാണ് പൗരത്വ ഭേദഗതി പോലെ അതിപ്രധാനമായ ഒന്നില്‍ അയാള്‍ മനുഷ്യവിരുദ്ധമായ ഒരു നിലപാട് കൂസലില്ലാതെ എടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വയെ വാരിപ്പുണരാന്‍ മടിക്കാതിരുന്നത്.

ഡൊണാള്‍ഡ് ട്രംപ് മറ്റൊരു വഴിയിലൂടെയുള്ള ഒരു വലതുപക്ഷ നിര്‍മിതിയാണെന്ന് അറിയുമല്ലോ? അവിടെ തീവ്രവലതുപക്ഷവും കൂറ്റന്‍ മൂലധനവും ചേര്‍ന്ന് സമൂഹമാധ്യമങ്ങളുടെ ചാരപ്പണിയിലൂടെ ഒരു അരാഷ്ട്രീയ നേതാവിനെ സൃഷ്ടിക്കുകയായിരുന്നു. അതൊരു ക്രിമിനല്‍ നിര്‍മിതിയാണ്. കെജ്്രിവാളിന്റേത് പ്രത്യക്ഷത്തില്‍ അങ്ങനെയല്ല. പക്ഷേ, രണ്ടുപേരും ഒരേ പോലെ മഹാമാരിക്ക് മുന്നില്‍ തുന്നംപാടി.

ജനാധിപത്യ രാഷ്ട്രീയത്തിന് മുന്നില്‍ നിര്‍മിത രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ തെളിവാണിത്. ഡല്‍ഹിയുടെ യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ കെജ്്രിവാള്‍ പരാജയപ്പെട്ടു. ജനതയുടെ ആരോഗ്യം അടിത്തട്ട് പ്രവര്‍ത്തനത്തിലൂടെ ഉറപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലോ എന്നാണ് ചോദ്യമെങ്കില്‍ അവിടങ്ങള്‍ ഡല്‍ഹിയേക്കാള്‍ വിസ്തൃതവും വ്യത്യസ്തവുമാണ് എന്നാണ് ഉത്തരം. ഡല്‍ഹി സര്‍വസന്നാഹങ്ങളും പ്രാപ്യമായ മഹാനഗരമാണ്. ഭരണകൂടങ്ങളുടെ സിരാകേന്ദ്രമാണ്. അവിടെ മനുഷ്യര്‍ പിടഞ്ഞു വീഴുന്നതുപോലെയല്ല വിസ്തൃത സംസ്ഥാനങ്ങളിലെ വീഴ്ചകള്‍. സൗജന്യങ്ങള്‍ കൊണ്ടും നാടകങ്ങള്‍ കൊണ്ടുമല്ല നാടുഭരിക്കേണ്ടത് എന്ന് ചുരുക്കം.
കൊവിഡ് മനുഷ്യരാശിക്ക് അനേകം തിരിച്ചറിവുകള്‍ കൂടി നല്‍കിയാണ് നാശം വിതക്കുന്നത്. അതിലൊന്ന് പാരിസ്ഥിതികതയെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചയാണ്. മറ്റൊന്ന് അടിത്തട്ടുമുതല്‍ ബലവത്താവേണ്ട സാമൂഹികതയെക്കുറിച്ചുള്ള പാഠമാണ്. ഒറ്റയുടെ രാഷ്ട്രീയമാണ് ആം ആദ്മിയും കെജ്്രിവാളും പ്രചരിപ്പിച്ച സഹായസംഘരാഷ്ട്രീയം. സാമൂഹികതയുടെ രാഷ്ട്രീയത്തെ മാത്രമാണ് നാം ജനാധിപത്യമെന്ന് മനസിലാക്കേണ്ടത്. കെജ്്രിവാളിന്റേത് ഒരു രാജിയില്‍ അവസാനിക്കുന്ന രാഷ്ട്രീയമാണ്. അതിനാല്‍ അതിന് ആഴത്തിലുള്ള സാമൂഹിക ബാധ്യതകള്‍ തരിമ്പുമില്ല. ആ ബാധ്യതാരാഹിത്യമാണ് ഡല്‍ഹിയിലെ ജനതയെ ഇപ്പോള്‍ ശ്വാസം മുട്ടിക്കുന്നത്. ജനപക്ഷ -അടിത്തട്ട് രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും ജനസഹിത സാമൂഹികതയെയും ബലവത്താക്കാതെ നമുക്ക് മഹാമാരികളെ അതിജയിക്കുക സാധ്യമല്ല.

കെ കെ ജോഷി

You must be logged in to post a comment Login