നമ്മള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാകപ്പെട്ടിട്ടുണ്ടോ?

നമ്മള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാകപ്പെട്ടിട്ടുണ്ടോ?

അവസരോചിതമായ അറിവ് ഓരോ വിശ്വാസി, വിശ്വാസിനികള്‍ക്കും നിര്‍ബന്ധമാണ്. ഇതു സംബന്ധമായി തിരുനബിയുടെ (സ്വ) അധ്യാപനമുണ്ട്. പഠനം വിശ്വാസജീവിതത്തിന്റെ ഭാഗമാണ്. അറിവുകളോട് മുഖംതിരിഞ്ഞു നില്‍ക്കുന്നത് വിശ്വാസികളുടെ സ്വഭാവമല്ല.

അനുനിമിഷം മാറുന്നതാണ് അറിവിന്റെ ലോകം. ഇന്നലെ നാം എത്ര സര്‍വജ്ഞരായിരുന്നു എന്നതിലല്ല കാര്യം. ഇന്നും നാളെയും നാം എത്രമാത്രം നേടി/ നേടും എന്നതാണ് നോട്ടം. തുടര്‍ന്നും നാം അറിവുകള്‍ നേടുന്നില്ലെങ്കില്‍ നാം അജ്ഞരായി മാറുമെന്നതില്‍ സംശയമില്ല. പരിപൂര്‍ണ്ണരായി ഒരാളും പിറവിയെടുക്കുന്നില്ല. ഒരാളും പരിപൂര്‍ണ്ണനായി മരിക്കുന്നുമില്ല. തിരുനബി (സ്വ) മാത്രമാണ് പരിപൂര്‍ണ്ണനായ ഏക സൃഷ്ടി. എന്നാല്‍ അവിടുത്തെ പ്രാര്‍ഥനകളില്‍ നിരന്തരം കടന്നുവന്നിരുന്ന വാചകമിതാണ്: ‘അല്ലാഹുവേ, എനിക്ക് നീ അറിവ് വര്‍ധിപ്പിച്ചുതരണേ’. അഥവാ, ജീവിതത്തിന്റെ മുഴുസമയങ്ങളിലും അപ്‌ഡേറ്റഡായി ജീവിക്കുകയായിരുന്നു തിരുനബി(സ്വ).

കഴിഞ്ഞവര്‍ഷം, 2019- ജൂണ്‍മാസം നമ്മുടെ കൊച്ചുകുട്ടികള്‍ പുത്തനുടുപ്പ് ധരിച്ച് പുതിയ ബാഗും കുടയും പഠനോപകരണങ്ങളുമായി വിദ്യാലയങ്ങളിലേക്ക് ആവേശത്തോടെ പോയിരുന്നു. എന്നാല്‍ ഈ വര്‍ഷമോ, ജൂണ്‍ പിറന്നു. നാം അവരെ സ്‌കൂളുകളിലേക്കയച്ചില്ല. എന്നാലോ, അവരുടെ വിദ്യാഭ്യാസവും നാം തടഞ്ഞില്ല. ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ സജ്ജമാക്കി നാം കാലത്തിന്റെ പുതിയൊരു അടരിലേക്ക് മാറി. ഓണ്‍ലൈന്‍ പഠന മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും പ്രയാസങ്ങളും ഒന്നും മറന്നുകൊണ്ടല്ല ഇത് പറയുന്നത്. അവയില്‍ ചിലതെല്ലാം ഞാനിവിടെ വിലയിരുത്താനും ശ്രമിക്കാം. പക്ഷേ, നാം വിദ്യാഭ്യാസ മേഖലയില്‍ ഒരടി പിറകോട്ടുവെച്ചാല്‍ അതൊരു യുഗത്തിന്റെ തന്നെ പിറകോട്ടുപോക്കായി മാറിയേക്കാം.

നിങ്ങളൊന്നാലോചിച്ചു നോക്കൂ, അറബി മലയാളത്തില്‍ എഴുത്തും വായനയും അറിയാത്ത ഒരു മുസ്ലിം വീടും കേരളത്തിലുണ്ടായിരുന്നില്ല. അത്രമേല്‍ സാക്ഷരരായിരുന്നു മുസ്ലിംകേരളം. വിവിധ വിജ്ഞാനീയങ്ങളിലായി അറബി മലയാള മാധ്യമത്തില്‍ അക്കാലത്ത് രചനകളും കുറവല്ല. പാട്ട് മൂളാത്ത പുരകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മലയാളം നമ്മുടെ ഔദ്യോഗിക ഭാഷയായപ്പോള്‍ അറബി മലയാളം അറിയുന്നവര്‍ നിരക്ഷരരായി മാറി. ഇതുപോലെ ഭാവിയില്‍ കേരളത്തിന്റെ സാക്ഷരതയുടെ അളവുകോല്‍ മലയാള ഭാഷയിലുള്ള എഴുത്തും വായനയിലുള്ള പരിജ്ഞാനവുമായിരിക്കുകയില്ല.അത് ഡിജിറ്റല്‍ സാക്ഷരതയിലേക്ക് മാറും. അപ്പോള്‍ നാമെല്ലാം നിരക്ഷരരായി തീരും. അതുകൊണ്ട് നമ്മുടെ അറിവിന്റെ മേഖലകളെ പുതുക്കിക്കൊണ്ടേയിരിക്കണം.

ചെറിയ അശ്രദ്ധമൂലമാണെങ്കിലും നാം പിറകോട്ടു പോകുന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വാര്‍ത്ത. ലോക റാങ്കിംഗില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നോട്ടാണ്. ലോകത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് താഴേക്കാണെന്നാണ് ആഗോള ഉന്നത വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സിയായ ക്യൂ.എസ്. (ക്വാക്കറലി സൈമണ്ട്‌സ്) പുറത്തിറക്കിയ 2021ലെ പട്ടികയില്‍ കാണിക്കുന്നത്. ആദ്യ 100ല്‍ ഇന്ത്യയില്‍ നിന്ന് ഒരു സര്‍വകലാശാല പോലുമില്ല. 2020ലെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുബൈ(152) ഇത്തവണ 172-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതുപോലെ പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങളെല്ലാം കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തില്‍നിന്ന് പിറകോട്ട് പോവുകയാണ് ചെയ്തത്. സാക്ഷര കേരളം എന്ന് നാം അഭിമാനം കൊള്ളുമ്പോഴും നമ്മുടെ വിദ്യാഭ്യാസം ആഗോളതലത്തില്‍ എത്രമേല്‍ പരിതാപകരമാണെന്ന് നാം സ്വയം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

കൊവിഡ്-19 ലോകത്തെ സര്‍വ മേഖലയേയും മാറ്റിമറിച്ചു. എന്നാല്‍ ഈ മഹാമാരി നമ്മുടെ വിദ്യാഭ്യാസമേഖലയെ എത്രമേല്‍ ബാധിച്ചുവെന്ന് നാം വിലയിരുത്തേണ്ടതാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാശാലകളും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നത് അനിശ്ചിതത്തിലാണ്. സര്‍വകലാശാലകളുടെ പുതുവര്‍ഷ പ്രവര്‍ത്തനം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി നിര്‍ദേശിച്ചിട്ടുണ്ട്. ഇനി പഴയപോലെ ഔപചാരിക വിദ്യാഭ്യാസം സാധിക്കുമോ എന്നും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാരണം സാമൂഹിക അകലം പാലിക്കുക എന്നത് ജീവിതക്രമമായി എന്നതു തന്നെ. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖല നമ്മുടെ മുമ്പില്‍ സാധ്യതയായിവരുന്നതും പലരും അതിനെ പിന്തുടരുന്നതും. എന്നാല്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാത്രം മതി എന്ന വാദം പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവിടെയാണ് ഇത്തരം വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ നാം പഠനവിധേയമാക്കേണ്ടത്. ഡിജിറ്റല്‍ ഡിവൈഡ് (ഡിജിറ്റല്‍ വിഭജനം) ആണ് വിദഗ്ധര്‍ ഇതിന്റെ പ്രധാന പ്രശ്‌നമായി കാണുന്നത്. അഥവാ, വിവര സാങ്കേതിക വിദ്യയുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും അസന്തുലിതമായ ലഭ്യതമൂലം ഒരു പ്രദേശത്തെ ജനങ്ങളനുഭവിക്കുന്ന അസമത്വമാണ് ഡിജിറ്റില്‍ വിഭജനം. ഇന്ത്യ പോലൊരു രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് ഓണ്‍ലൈന്‍ പഠനമേഖലയിലേക്ക് മാറാന്‍ സാധിക്കില്ലായെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള കേരളത്തില്‍ പോലും എല്ലാ വിദ്യാര്‍ഥികളിലേക്കും കൃത്യമായി ഇതിന്റെ ആക്‌സസ് ലഭിക്കുന്നില്ലായെന്നതാണ് നിലവിലെ അവസ്ഥ.
ഇവിടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള ഒരു വിഭജനം രൂപപ്പെടുക. ഇത് വലിയ തരത്തിലുള്ള അസമത്വത്തിനും പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനറിയാം എന്നതുകൊണ്ട് മാത്രം ഒരാള്‍ ഡിജിറ്റല്‍ പരിജ്ഞാനം ഉള്ളയാളാണെന്ന് പറഞ്ഞുകൂടാ. എന്താണ് ഡിജിറ്റല്‍ പരിജ്ഞാനം എന്നതിന് ദേശീയ ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ കൃത്യമായ നിര്‍വചനം നല്‍കുന്നുണ്ട്; ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും അതില്‍ പുതിയ അറിവ് ഉത്പാദിപ്പിക്കാനുള്ള പരിജ്ഞാനവും എല്ലാമുണ്ടെങ്കിലേ ഡിജിറ്റല്‍ സാക്ഷരതയുണ്ടാവുകയുള്ളൂ. അതനുസരിച്ച് ഇന്ത്യയിലെ തുഛംആളുകള്‍ മാത്രമേ ഈ സാക്ഷരത കൈവരിച്ചിട്ടുള്ളൂ.

ഇതുപോലുള്ള ഒരുപാട് ഡിജിറ്റല്‍ അസമത്വങ്ങളും അദൃശ്യമായ വിഭജനങ്ങളും വിവേചനങ്ങളുമെല്ലാം ഈ മേഖലയിലും രൂപപ്പെടുന്നുണ്ട്. അതുകൊണ്ട് പുതിയ ഡിജിറ്റല്‍ സംവിധാനത്തെ നിലവിലെ നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അനുബന്ധമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള സാമൂഹികവും സര്‍ഗാത്മകവുമായ ബന്ധത്തിലുണ്ടാകുന്ന കുറവാണ് മറ്റൊന്ന്. ഒരു ക്ലാസ്‌റൂം എന്നാല്‍ അറിവുകളുടെ കൈമാറ്റം മാത്രം നടക്കുന്ന സ്ഥലമല്ല. മറിച്ച്, ഒരു സാമൂഹിക ജീവിതക്രമം കൂടെ അവിടെ രൂപപ്പെടുന്നുണ്ട്. സഹവര്‍ത്തിത്വവും ആദരവും ബഹുമാനവും കലയും സാഹിത്യവും എല്ലാം ക്ലാസ്‌റൂമുകളില്‍ ഉത്ഭവിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കലാത്മകമായ എല്ലാ വിഷയങ്ങള്‍ക്കും മങ്ങലേല്‍ക്കും.
പക്വമാകുന്നതിന് മുമ്പ് കൊച്ചുകുട്ടികള്‍ക്ക് ഡിജിറ്റല്‍ മേഖലയിലുണ്ടാകുന്ന പ്രായത്തില്‍ കവിഞ്ഞ അറിവും അത് അവരിലുണ്ടാക്കുന്ന സ്വത്വബോധ നിര്‍മിതിയും ഇതുവരേയുണ്ടായിരുന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. മൊബൈല്‍ ഫോണില്‍ നിന്ന് വേര്‍പിരിഞ്ഞൊരു ജീവിതം അവര്‍ക്ക് സാധ്യമാകുകയില്ല. ഇത് മാനസികമായ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് അവരെ വലിച്ചിഴക്കാന്‍ ഇടവരുത്തും.

നിരന്തരമായി ഫോണിലേക്കോ സ്‌ക്രീനിലേക്കോ നോക്കുന്ന ഒരാളുടെ കാഴ്ചശക്തിയെയും അത് പ്രതികൂലമായി ബാധിക്കും. കണ്ണടകളില്‍ നിന്ന് മുക്തമായ ഒരു തലമുറ നമുക്കിനി സാധ്യമാകുമോ?

ചുരുക്കത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖല നമുക്ക് നല്‍കുന്ന സാധ്യതകള്‍ക്ക് സമാനമായോ അതില്‍ കൂടുതലോ പ്രത്യാഘാതങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അതിനാല്‍ പൂര്‍ണാര്‍ഥത്തില്‍ ഇതിനെ പിന്തുടരണമെങ്കില്‍ ഈ മേഖലയെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ സജ്ജരാണെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഈ മഹാമാരി സമയത്ത് അതിജീവനത്തിന് വേണ്ടി നാം തിരഞ്ഞെടുത്ത ഒരു വിദ്യാഭ്യാസ സംവേദന മാര്‍ഗമായി മാത്രം കണ്ടതിന് ശേഷം വീണ്ടും പഴയ തരത്തിലേക്ക് തന്നെ തിരിച്ചുപോകുമെന്ന് നമ്മുടെ കുട്ടികളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി

You must be logged in to post a comment Login