സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

സത്യാനന്തര കാലത്തെ വാരിയന്‍കുന്നന്‍ ഒരു തിരഞ്ഞെടുപ്പ് നിക്ഷേപമാണ്!

2016ലെ ഇംഗ്ലീഷ് പദമായി ഓക്സഫഡ് ഡിക്ഷ്ണറി തിരഞ്ഞെടുത്തത് സത്യാനന്തരം എന്ന വാക്കാണ്. വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിന് മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭം എന്ന് അര്‍ഥം. Circumstances in which object fatsc are less influential in shaping public opinion than appeal to emotion and peronsal belief. വളച്ചൊടിച്ച് അവതരിപ്പിക്കുന്ന വസ്തുതകളെ നിങ്ങള്‍ക്ക് ശരിയായ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാം. സത്യാനന്തര ലോകത്ത് ഇത് സാധ്യമല്ല. കാരണം അവിടെ വസ്തുതകള്‍ എന്ന ഒന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അവ അപ്രധാനമാണ്.
‘we, as a free people, have freely decided that we want to live in some post-truth world.’ സെര്‍ബിയന്‍ അമേരിക്കന്‍ നാടകകൃത്തായ സ്റ്റീവ് ടെസിച്ചിന്റെ ദ നേഷനിലെഴുതിയ പ്രബന്ധത്തിലെ ഈ പ്രയോഗമാണ് പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം എന്ന വാക്കിന്റെ പിറവി നിമിഷം. 2004-ല്‍ റാല്‍ഫ് കെയാസ് സത്യാനന്തര യുഗം എന്ന തലക്കെട്ടില്‍ പുസ്തകവുമെഴുതി. അതീവ ഗൗരവമാര്‍ന്നത് എന്ന നിലയില്‍ ഒരു സംവാദപ്രമേയമാക്കി ജനതക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന സംഗതികള്‍ സത്യാനന്തര കാലത്തിന്റെ സൃഷ്ടികളാണെന്നും ഉള്ളടക്കത്തില്‍ തന്നെ വ്യാജമാണെന്നും ലളിതമായി മനസ്സിലാക്കാന്‍ പറ്റിയ പദം സത്യാനന്തരമാണ്. സത്യാനന്തരത എന്ന വിധ്വംസക ആശയത്തിന്റെ സൃഷ്ടി ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുനില്‍ പി. ഇളയിടം എഴുതുന്നു: ”പിന്നിട്ട വര്‍ഷങ്ങളില്‍ ലോകമെമ്പാടും അരങ്ങേറിയ വലതുപക്ഷരാഷ്ട്രീയത്തിന്റെ കുതിച്ചുചാട്ടത്തിന്റെ സന്ദര്‍ഭത്തിലാണ് ‘സത്യാനന്തരം’ എന്ന പദവും, അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാമൂഹികവിശകലനങ്ങളും ഉയര്‍ന്നുവന്നത്. നവ ഫാഷിസത്തിന്റെ പ്രയോഗരൂപങ്ങളിലൊന്നായി നമുക്കതിനെ മനസ്സിലാക്കാനാവും.
വസ്തുതകളെയും യുക്തിബോധത്തെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സംവാദങ്ങളും ആശയരൂപീകരണവും അസാധ്യമാവുന്ന ഒരു കാലം സംശയരഹിതമായും, ഫാഷിസം ചുവടുറപ്പിക്കുന്നതിന്റെ അടയാളമാണ്.”
സിദ്ധാന്തം പറഞ്ഞുകഴിഞ്ഞാല്‍ ഉദാഹരണമാണ് നടപ്പുശീലം. സത്യാനന്തര ലോകത്ത് സംവാദകേന്ദ്രനിര്‍മിതി എങ്ങനെ സംഭവിക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് ഉദാഹരണം പറയാം- വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
കൊവിഡ് കാലമാണ്. തുടക്കത്തിലേ സ്വീകരിച്ച കെട്ടുറപ്പുള്ള ജാഗ്രതയുടെ ഗുണഫലങ്ങള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. നിര്‍ബന്ധിത ലോക്ഡൗണ്‍ എന്തിനുവേണ്ടി ആയിരുന്നു എന്ന് മനസ്സിലാക്കുന്നതില്‍ കേരളത്തിലെ പൊതുസമൂഹം പരാജയപ്പെടുന്ന കാഴ്ച തെരുവുകളിലും ചന്തകളിലുമുണ്ട്. വരാനിരിക്കുന്ന കാലത്ത്, കൊവിഡ് പിന്‍മാറുമെന്ന് ഒരുറപ്പുമില്ലാത്ത നാളുകളില്‍ നാം ജീവിക്കേണ്ടതും പൊതുവിടത്തില്‍ പെരുമാറേണ്ടതും എങ്ങനെ എന്നുള്ളതിന്റെ റിഹേഴ്സലായി ലോക്ഡൗണ്‍ മനസ്സിലാക്കപ്പെടുന്നില്ല. സമ്പൂര്‍ണ ലോക്ഡൗണില്‍ പിടിച്ചുനിര്‍ത്തിയ രോഗികളുടെ എണ്ണം ക്രമാതീതമാവുന്നു. അത് അപ്രതീക്ഷിതമല്ല എന്ന് ആരോഗ്യവകുപ്പും സര്‍ക്കാര്‍ ഒന്നാകെയും പറയുന്നുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും ആളുകള്‍ വന്ന് തുടങ്ങുമ്പോള്‍ രോഗികളുടെ എണ്ണം ഉയരുന്നത് സ്വാഭാവികമാണ്. അന്ന് ഇത്ര കണ്ട് ഉയരുമെന്നതിനാല്‍ത്തന്നെയാണ് ജാഗ്രതയുടെ പാഠങ്ങള്‍ ജനതയെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പണിപ്പെട്ടത്. ഒറ്റക്കെട്ടായി സമൂഹവും അതിലെ നാനാവിധ സംഘാടനങ്ങളും സര്‍ക്കാരിനൊപ്പം, മിനിമം കേരളത്തിനൊപ്പം നിന്നിരുന്നുവെങ്കില്‍ ഭയക്കേണ്ട സാഹചര്യങ്ങള്‍ ഒഴിവായിപ്പോകുമായിരുന്നു. അതുണ്ടായില്ല. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഇന്ത്യയിലും ലോകത്തെമ്പാടും കര്‍ശന വിലക്കുകള്‍ ഉണ്ടായിരുന്ന കാലത്ത് വിദേശത്ത് വെച്ച് രോഗബാധിതരായി മരിച്ചുപോയ നിര്‍ഭാഗ്യരായ മനുഷ്യരുടെ പോലും മൃതദേഹങ്ങളുടെ കണക്കും പടവും വെച്ച് രാഷ്ട്രീയമാടുന്ന കാഴ്ചയുണ്ട് കേരളത്തില്‍. ദിനം പ്രതി രോഗബാധിതരുടെ എണ്ണം കൂടുകയാണ്. രാജ്യം തുറന്നിട്ടതിനാല്‍ കേരളത്തിന് അടച്ചിടല്‍ സാധ്യമല്ല. തുറന്ന ലോകത്തിന് ജാഗ്രതയില്ലെങ്കില്‍ കൊവിഡ് പടരും. മനുഷ്യരുടെ ജീവനും ജീവിതവും തകരും. സര്‍ക്കാര്‍ പരിമിതികള്‍ ഉള്ള ഒരു സംവിധാനമാണ്. രോഗം സംവിധാനത്തെയല്ല വ്യക്തിയെ ആണ് ആദ്യം ബാധിക്കുക. വ്യക്തികള്‍ക്ക് ബാധിക്കുന്ന രോഗം സംവിധാനത്തെ ദുര്‍ബലപ്പെടുത്തും എന്നേയുള്ളൂ. അതിനാല്‍ ഉത്തരവാദിത്തവും സാമൂഹികതയുമുള്ള മനുഷ്യരും സംഘടനകളും ഇപ്പോള്‍ സംസാരിക്കേണ്ടത് അയഞ്ഞുപോയ നമ്മുടെ വൈയക്തിക ജാഗ്രതകളെ എങ്ങനെ മുറുക്കിക്കെട്ടാം എന്നാണ്. ചെവിയില്‍ തൂങ്ങിയാടുന്ന മാസ്‌കുകളെ എങ്ങനെ വൃത്തിയായി മുഖത്തുറപ്പിക്കാം എന്നാണ്. അരക്കിലോ തക്കാളി വാങ്ങാന്‍ കുഞ്ഞുകുട്ടികളുമായി കുടുംബം ഉള്‍പ്പടെ ചന്തകള്‍ നിരങ്ങരുത് എന്ന് ഉദ്ബോധിപ്പിക്കാനാണ്. വര്‍ത്തമാന ജീവിതത്തെ നിലനിര്‍ത്താനുള്ള പാഠം പഠിപ്പിക്കാനാണ്. വര്‍ത്തമാനത്തിലിരുന്ന് വായിക്കേണ്ട ഒരു സംഗതിയാണല്ലോ ചരിത്രം. അതല്ല പക്ഷേ, നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് ആക്രോശിക്കുകയാണ്. അത് യാദൃച്ഛികമല്ല. അതാണ് സത്യാനന്തര കാലത്തിന്റെ വിളയാട്ടം. കൃത്യമായ ലക്ഷ്യത്തോടെ പറയപ്പെട്ടതിനാല്‍ വാരിയന്‍ കുന്നനിലേക്ക് പോകാം.

ചരിത്രം എന്നത് ഉപകരണങ്ങളിലൂടെ, രീതിശാസ്ത്രങ്ങളിലൂടെ രൂപപ്പെടുത്തുന്ന നിഗമനമാണ്. ഭൂതകാലം പലരൂപങ്ങളില്‍ അവശേഷിപ്പിച്ച അടയാളങ്ങളാണ് ചരിത്രത്തിലേക്കുള്ള തെളിവ് വെട്ടം. അതിസൂക്ഷ്മമായി നിര്‍വഹിക്കേണ്ട ഒരു പ്രക്രിയ ആണത്. നിര്‍വാഹകന്റെ രാഷ്ട്രീയതാല്‍പര്യം എല്ലാം പലരൂപത്തില്‍ പ്രക്രിയയില്‍ പടരും. പിന്നാലെ വരുന്നവര്‍ ആ നിഗമനങ്ങളെ അവരുടെ കാഴ്ചയാല്‍ തിരുത്തും. അപ്പോഴും തെളിവുകള്‍ക്കാണ് പ്രാമുഖ്യം. അവരും തിരുത്തപ്പെടും. ഒടുവില്‍ പടര്‍ന്നു പരക്കുന്ന അനേകം നിഗമനങ്ങള്‍ അവശേഷിക്കും. അതില്‍ വസ്തുതകളാല്‍ സമൃദ്ധമായ നിഗമനങ്ങള്‍ അംഗീകരിക്കപ്പെടും. ചരിത്ര വിജ്ഞാനീയം അങ്ങനെയാണ് ലോകമാകെ നിലനില്‍ക്കുന്നത്. ഏത് നിഗമനങ്ങളാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്നത് നിങ്ങളുടെ രാഷ്ട്രീയ നിലയുമായി ബന്ധപ്പെടുന്ന ഒന്നാണ്. അത്തരം രാഷ്ട്രീയ നിലകളില്ലാത്തവര്‍ ചരിത്രത്താല്‍ കബളിപ്പിക്കപ്പെടും.
വാരിയന്‍കുന്നന്‍ ചരിത്രപുരുഷനാണ്. ഏറനാട്ടില്‍ നടന്ന വിപ്ലവം ചരിത്രസംഭവമാണ്. വാരിയന്‍ കുന്നന്‍ ചരിത്രപുരുഷനായത് സത്യാനന്തര കാലത്തിന്റെ ഉപകരണങ്ങളിലൂടെ കടന്നല്ല. ഏറനാട്ടിലെ സ്വാതന്ത്ര്യസമരം മാപ്പിള ലഹള എന്ന് അപഹസിക്കപ്പെട്ടിട്ടും ചരിത്രത്തിന്റെ നാനാതരം അരിപ്പകളിലൂടെ ഊറിത്തെളിഞ്ഞുവന്നതാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ വിളിച്ചത് ശിപായി ലഹള എന്നായിരുന്നു. അതങ്ങനെ അല്ല എന്ന് ചരിത്രം തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. ചരിത്രത്തിന് അങ്ങനെയുമുണ്ട് ചില ശീലങ്ങള്‍. ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ പിന്നെ സന്ദേഹങ്ങള്‍ക്ക് ഇടമില്ലാത്ത വിധത്തില്‍ അത് തീര്‍പ്പുകള്‍ നടത്തും. 1921 ചരിത്രം തീര്‍പ്പാക്കിയ ഒന്നാണ്. ഒരു തലമുറ, ഏറിയാല്‍ രണ്ട് തലമുറ മുന്‍പുള്ള ഓര്‍മകളാണല്ലോ?

ചരിത്രം തീര്‍പ്പാക്കിയ ഒരു കാര്യം, 1921 എന്ന് വര്‍ഷക്കണക്കിട്ട് ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് എന്നെല്ലാം പേര് പറഞ്ഞ് രേഖപ്പെടുത്തപ്പെട്ട പോരാട്ടം, ഒറ്റ സംഭവമായിരുന്നില്ല എന്നാണ്. അത് തുടര്‍ച്ച ആയിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുന്‍പേ മലപ്പുറം എന്ന് ഇന്ന് വിളിക്കുന്ന പ്രദേശം വലിയ പോരാട്ടങ്ങളുടെ ഭൂമിക ആയിരുന്നു. 1849 ആഗസ്ത് 27-ന് മാപ്പിള പോരാളികള്‍ കൊലപ്പെടുത്തിയ ഏന്‍സണ്‍ വൈസ് എന്ന ബ്രിട്ടീഷുകാരന്റെ ഖബര്‍ കണ്ട അനുഭവം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വി. മുസഫര്‍ അഹമ്മദ് എഴുതുന്നുണ്ട്; ട്രൂകോപ്പിയില്‍. കര്‍ഷകരില്‍ നിന്നും കൂടിയ നികുതി പിരിക്കാനുള്ള ബ്രിട്ടന്റെ നീക്കത്തെ മലപ്പുറത്തുകാര്‍ നേരിട്ടതിന്റെ കഥയാണത്. മാപ്പിളമാരും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടി. 61 മാപ്പിളമാര്‍ കൊല്ലപ്പെട്ടു. അതിനുള്ള തിരിച്ചടിയിലാണ് ഏന്‍സണ്‍ വൈസ് കൊല്ലപ്പെട്ടത്. മഞ്ചേരി ബോയ്സ് ഹൈസ്‌കൂളില്‍ വൈസിന്റെ ഖബറുണ്ട്. ഇങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂന്നാം പാദം മുതല്‍ ഇന്നാട്ടില്‍ നടന്ന പിന്നീട് ഓര്‍ക്കപ്പെടാന്‍ യോഗ്യമായ മിക്കതും കണ്ടും കടന്നും വളര്‍ന്ന മനുഷ്യരോട് മലബാര്‍ മുന്നേറ്റത്തെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. മതാത്മക ഉള്ളടക്കം നിശ്ചയമായും പ്രബലമായിരുന്ന, കാര്‍ഷിക ബന്ധങ്ങളാല്‍ നിര്‍ണിതമായ, അതിനാല്‍ തന്നെ ജന്മിത്തത്തിനെതിരായി നിലകൊണ്ട സ്വാതന്ത്ര്യസമരമായി മലബാര്‍ വിപ്ലവം ഇന്ന് സംശയരഹിതമായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷിക ബന്ധങ്ങളാല്‍ നിര്‍ണിതമായ ജന്മിത്ത വിരുദ്ധത മലബാര്‍ വിപ്ലവത്തിന് ഉണ്ടായിരുന്നോ എന്ന തര്‍ക്കം സാധുവാണ്. ആയിരുന്നു എന്നാണ് മുന്‍നില്‍ക്കുന്ന വ്യാഖ്യാനം. ജന്മിത്തത്തിന് എതിരെ കൂടി ആയിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമരം ആയതിനാല്‍ പ്രാദേശികമായ അക്രമങ്ങളിലേക്ക് വീണിരുന്നു എന്നതിലും ചരിത്രത്തില്‍ വലിയ തര്‍ക്കങ്ങളില്ല. ലോകത്ത് എല്ലാ വിപ്ലവവും തദ്ദേശീയരിലെ ചിലവിഭാഗങ്ങളുമായി സംഘര്‍ഷപ്പെട്ടാണ് സംഭവിച്ചത്. ആ വിപ്ലവങ്ങളെ പരിഗണിക്കുമ്പോള്‍ ആരും സംഘര്‍ഷങ്ങളെ മാത്രമായി പരിഗണിക്കാറില്ലല്ലോ?
ഇതൊന്നും ആവര്‍ത്തിക്കേണ്ട കാര്യങ്ങളല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സര്‍വ ഘട്ടങ്ങളോടും എതിര്‍പ്പുള്ളവരാണ് ഇന്ത്യന്‍ തീവ്രവലതുപക്ഷമായ സംഘപരിവാര്‍. അവര്‍ക്ക് തരിമ്പും പങ്കാളിത്തമില്ലാത്ത ഒരിടം അവരെ സംബന്ധിച്ച് അഭിമതവുമല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം സംഘപരിവാറിന് ഒരുനിലക്കും വൈകാരിക അനുഭവമല്ല. 1857-ന് മുന്‍പ് പലനിലകളില്‍ നടന്ന ആദിവാസി മുന്നേറ്റങ്ങളെ, തങ്ങളുടേതാക്കി മാറ്റാനുള്ള വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ആ മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ചക്കാരാല്‍ അവയൊക്കെയും പരാജയപ്പെട്ടു.
ബിര്‍സാമുണ്ട അങ്ങനെ സംഘപരിവാര്‍ സ്വന്തമാക്കാന്‍ പണിപ്പെട്ട ഐതിഹാസിക പോരാളിയാണ്. ബിര്‍സാമുണ്ടയെ ഓര്‍ക്കണം. വാരിയന്‍ കുന്നനില്‍ നിന്ന് ബിര്‍സാ മുണ്ടയിലേക്കും തിരിച്ചും വഴികളുണ്ട്. Abua raj seter jana, maharani raj tundu jana. റാണിയുടെ വാഴ്ച അവസാനിക്കട്ടെ, ഞങ്ങളുടെ രാജ്യം വരട്ടെ എന്ന മുദ്രാവാക്യം പടര്‍ത്തിയ ആദിവാസി നേതാവ്. ഒഡീഷയിലും ബിഹാറിലും ബംഗാളിലും വീരപുരുഷനാണ്. ആദിവാസികള്‍ക്ക് ഗാന്ധിയേക്കാള്‍ പ്രിയന്‍. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗത്തിന്റെ അമരനേതാവ്. സമ്പൂര്‍ണ വിമോചനത്തിനായുള്ള സായുധ പോരാട്ടമായിരുന്നു ബിര്‍സയുടേത്. മലബാര്‍ വിപ്ലവത്തില്‍ എന്നതുപോലെ അത് കാര്‍ഷിക സമരമായിരുന്നു. ആ സമരം ബ്രിട്ടണ്‍ ചോരയില്‍ മുക്കി. ബിര്‍സ മരിച്ചു. മഹാശ്വേത ദേവിയുടെ ആരണ്യ അധികാര്‍ ബിര്‍സയുടെ കഥയാണ്. ഈ ബിര്‍സയെ സ്വന്തമാക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമം വിഫലമായി. ഗോത്രമേഖലയിലെ ഹിന്ദുത്വവല്‍കരണത്തിന് എതിരായ ഉഗ്രശബ്ദമാണിന്ന് ബിര്‍സ ഓര്‍മ. ഫലം ഒന്നര നൂറ്റാണ്ടിന്റെ ഉജ്വലകഥയുള്ള ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തില്‍ മരുന്നിന് പോലും സംഘപരിവാര്‍ ഇല്ലെന്നായി. അപ്പോള്‍ സംഭവിച്ചത് വര്‍ത്തമാനത്തിലുണ്ട്. ക്ഷേത്രം കേന്ദ്രമാക്കി പുതിയ ചരിത്രനിര്‍മാണം കൊണ്ടുപിടിച്ച് നടന്നു. അധികാരമുള്ളിടങ്ങളിലെ പാഠപുസ്തകങ്ങളിലേക്ക് ആ നിര്‍മിത ചരിത്രം പ്രവഹിച്ചു. ഗൊരഖ് പൂരിലെ ഗിതാപ്രസ് രാവും പകലും ഈ ചരിത്രം അച്ചടിച്ചു. വാക്കിന്റെ വാളുകള്‍ സത്യത്തെ അരിഞ്ഞുതള്ളി. ആ വാളുമായാണ് അവര്‍ വാരിയന്‍കുന്നനെയും ആലി മുസ്‌ലിയാരെയും മലബാര്‍ വിപ്ലവത്തെയും തിരഞ്ഞുനടക്കുന്നത്. അവര്‍ക്ക് വാളൂരാന്‍ കിട്ടിയ സന്ദര്‍ഭമാണ് ആഷിഖ് അബുവിന്റെ സിനിമാ പ്രഖ്യാപനം. ആ പ്രഖ്യാപനവും അതിനോടുള്ള ഉറഞ്ഞുതുള്ളലും ഒരു സത്യാനന്തര നിര്‍മിതിയാണെന്നതിനാല്‍ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.

വ്യാജചരിത്രം നിര്‍മിക്കുന്നതുപോലെ അപകടകരമാണ് ചരിത്രത്തിന് വ്യാജാവകാശികള്‍ ഉണ്ടാകുന്നതും. സംഘപരിവാറിന് എന്നതുപോലെ പൊളിറ്റിക്കല്‍ ഇസ്ലാമിനും ഇന്ത്യാ ചരിത്രത്തില്‍ ഒരിടത്തും സ്ഥാനമില്ല. ബഹുസ്വരതയുടെ വിപരീതപദമാണ് പൊളിറ്റിക്കല്‍ ഇസ്ലാം. ബഹുസ്വരമായതല്ലാതെ ഒന്നും ഇന്ത്യാചരിത്രത്തില്‍ ഇല്ല. പില്‍ക്കാലത്ത് സംഘപരിവാര്‍ മുന്‍കൈയില്‍ എഴുതപ്പെട്ട ചരിത്രത്തിലാണ് ബഹുസ്വരത ഇല്ലാതായതും ഏകപക്ഷീയമായതും. അങ്ങേയറ്റം ഇഴചേര്‍ന്ന ഇടകലര്‍ന്ന ഒരു സാമൂഹികതയിലാണ് മലബാര്‍ വിപ്ലവം സംഭവിച്ചത്. അത് മുസ്ലിംകള്‍ നടത്തിയ ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനം ആയിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ അതിനെ അങ്ങിനെ കരുതുന്നു. സമീപകാലത്ത് അവരുടെ മുന്‍കൈയില്‍ ഗവേഷണം എന്ന പേരിലുള്ള വായന സജീവമായതോര്‍ക്കുക. ചരിത്രത്തെ അതിന്റെ അനിവാര്യമായ ജൈവികതയില്‍ നിന്ന് അടര്‍ത്തിവായിക്കുന്ന ഇടപാടാണ് അത്. നിര്‍ഭാഗ്യകരമെന്ന് വീണ്ടും പറയട്ടെ, ആഷിഖ് അബു ഇപ്പോള്‍ പ്രഖ്യാപിച്ച സിനിമയുടെ അണിയറയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭൂതവര്‍ത്തമാനമുള്ളവര്‍ ധാരാളമായുണ്ട്. അവരുടെ സാന്നിധ്യം ചര്‍ച്ചകളെ കൊഴുപ്പിക്കും.

അതിനെന്ത് എന്ന് ചോദിക്കാം. ഉണ്ട്. കൊവിഡ് കാലമാണ്. ജീവിതം തിരിച്ചുവന്നിട്ടില്ല. അടുത്തെങ്ങും തിരിച്ചുവരുമെന്ന് തോന്നുന്നില്ല. ലോകത്തെ മൂലധന ഒഴുക്ക് നിശ്ചലമാണ്. മനുഷ്യര്‍ വിനോദങ്ങളിലേക്ക് കൂട്ടമായി പോകുന്നില്ല. വിനോദങ്ങളില്‍ മനുഷ്യര്‍ നിക്ഷേപിക്കുന്നില്ല. സിനിമകള്‍ അടുത്തകാലത്ത് നടക്കില്ല. വാരിയന്‍കുന്നന്‍ പോലെ കോടികള്‍ മുതല്‍മുടക്കേണ്ട, നൂറുകണക്കിന് ആളുകള്‍ പങ്കാളികള്‍ ആകേണ്ട സിനിമ ഒട്ടും നടക്കില്ല. അടുത്ത തിരഞ്ഞെടുപ്പ് വരികയാണ്. ഭരണഘടനാ പ്രതിസന്ധി വരും എന്നതിനാല്‍ കൊവിഡ് കാലത്തും തിരഞ്ഞെടുപ്പ് നടക്കും. അപ്പോള്‍ വാരിയന്‍കുന്നന്‍ നിക്ഷേപം നടത്തിയത് തിരഞ്ഞെടുപ്പിലാണ്. അതാണ് സത്യാനന്തരത എന്ന് തുടക്കത്തില്‍ പറഞ്ഞത്. വികാരങ്ങള്‍ വിചാരങ്ങളെ കീഴടക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കാണ് വാരിയന്‍കുന്നനെ ഇറക്കി വിട്ടതെന്ന് തീര്‍ച്ച. പൊളിറ്റിക്കല്‍ ഇസ്ലാമും സംഘപരിവാറും നേര്‍ക്കുനേര്‍ വരുന്ന ഒരു മായാസിനിമ തുടങ്ങാന്‍ പോകുന്നു. ഇടയില്‍ മാര്‍ക്സിസ്റ്റുകളും വന്നേക്കാം. ആരാണ് അപ്പോള്‍ ജാഗ്രതപ്പെടേണ്ടത്?

കെ കെ ജോഷി

You must be logged in to post a comment Login