ഒരു ഗ്രാമത്തിന്റെ മനസ്സിന് കൊവിഡ് ബാധിച്ചതിങ്ങനെയാണ്

ഒരു ഗ്രാമത്തിന്റെ മനസ്സിന് കൊവിഡ് ബാധിച്ചതിങ്ങനെയാണ്

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം. പ്രദേശവാസിയായ ഒരാള്‍ കൊവിഡ് ബാധിതനായെന്ന വാര്‍ത്ത തീ പോലെ പടര്‍ന്നു. രോഗബാധിതനായത് ഏത് മതത്തില്‍പെട്ടയാളാണ് എന്നതിലായിരുന്നു ഉത്കണ്ഠ. മുസ്ലിംകള്‍ക്കായിരുന്നൂ കൂടുതല്‍ ഉത്കണ്ഠ. മുംബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ പ്രകാശിനാണ് (യഥാര്‍ത്ഥ പേരല്ല) കൊവിഡ് ബാധിച്ചതെന്ന് അറിഞ്ഞതോടെ മുസ്ലിംകള്‍ക്ക് ആശ്വാസമായി. കൊറോണ വൈറസ് പടര്‍ത്തുന്നവര്‍ എന്ന വിശേഷണത്തില്‍ നിന്ന് തത്കാലത്തേക്ക് രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസം.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കൊവിഡ് ബാധയുണ്ടായതോടെയാണ് രാജ്യത്ത് കൊറോണ പടര്‍ത്തുന്നത് മുസ്ലിംകളാണെന്ന വ്യാപക പ്രചാരണമുണ്ടായത്. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരില്‍ പലര്‍ക്കും കൊവിഡ് ബാധയുണ്ടായതിനെത്തുടര്‍ന്ന് അതിനെ ‘കൊറോണ ജിഹാദ്’ എന്നുവരെ വിശേഷിപ്പിക്കാന്‍ കേന്ദ്രാധികാരം കൈയാളുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ മടിച്ചില്ല. ഈ പ്രചാരണത്തെ ഏറ്റെടുക്കാന്‍ മടികാണിക്കാതിരുന്ന ‘മുഖ്യധാരാ മാധ്യമ’ങ്ങള്‍ ‘കൊറോണ ജിഹാദ്’ എന്ന പ്രയോഗത്തെ വളരെപ്പെട്ടെന്ന് ‘വൈറലാ’ക്കുകയും ചെയ്തു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച രാജ്യം അടച്ചിടല്‍ അഞ്ചാം ഘട്ടത്തിലേക്ക് എത്തുമ്പോള്‍ തീവ്രബാധിത മേഖലകളൊഴികെ പ്രദേശങ്ങളിലൊക്കെ ജനജീവിതം ഏതാണ്ട് സാധാരണനിലയിലേക്ക് എത്തുകയാണ്. എങ്കിലും ജനം, വൈറസ് ബാധയെ ഭയക്കുന്നുണ്ട്. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന അറിവ് അവരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. ഭയത്തിന്റെയും അസ്വസ്ഥതയുടെയും ആധിക്യം മതന്യൂനപക്ഷങ്ങളിലാണെന്നത് വസ്തുതയാണ്. രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിന്റെ ആഴം കൂട്ടാനുള്ള ഉപാധികൂടിയായി മഹാമാരിയെ ഉപയോഗിക്കാമെന്ന ദുഷ്ടലാക്കോടെ ബി ജെ പി ആരംഭിച്ച വലിയ പ്രചാരണമാണ് ഇവരുടെ ആധി കൂട്ടുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ ഭരത്ഗഞ്ജിനോട് ചേര്‍ന്നുള്ള പ്രദേശത്തുയര്‍ന്ന ഭീതി, അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വിപുലമായ ധ്രുവീകരണ രാഷ്ട്രീയത്തോടുള്ള പ്രതികരണം കൂടിയായി വേണം ഈ ഭീതിയെ കാണാന്‍.

പ്രകാശിന് കൊവിഡ് സ്ഥിരീകരിച്ച ദിവസം, അതിനെക്കുറിച്ചായിരുന്നു വീട്ടിലെ സംസാരം മുഴുവന്‍. പ്രകാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എന്റെ മാതാവിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു – അവനൊരു മുസ്ലിം ആകാതിരുന്നത് നന്നായി എന്ന്. എന്താണ് അങ്ങനെ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചു.

ഒന്നുമില്ല. കൊറോണ വൈറസ് പടര്‍ത്തുന്നത് മുസ്ലിംകളാണെന്നാണ് ഏതാനും ദിവസം മുമ്പ് വരെ വാര്‍ത്താചാനലുകള്‍ പറഞ്ഞിരുന്നത് – ഇതായിരുന്നു മാതാവിന്റെ മറുപടി.

കൊവിഡ് ബാധിച്ചയാളിന്റെ കാര്യത്തില്‍ ആശങ്കയില്ലാത്തതു കൊണ്ടല്ല എന്റെ മാതാവ് ഇങ്ങനെ പ്രതികരിച്ചത്. കൊറോണ പടര്‍ത്തുന്നവര്‍ എന്ന ആക്ഷേപം കേള്‍ക്കാന്‍ ഇടവരില്ലല്ലോ എന്ന ആശ്വാസം കൊണ്ടാണ്. ഒരു സമുദായത്തെയാകെ കളങ്കപ്പെടുത്തുന്നത് തുടരുമ്പോള്‍ ഇങ്ങനെ ചിന്തിച്ചു പോകുക സ്വാഭാവികം. അതിലും പ്രധാനം, പകര്‍ച്ചവ്യാധി ലോകത്തെത്തന്നെ മുട്ടുകുത്തിക്കുമ്പോഴും, ജനങ്ങളുടെ മനസ്സും ഹൃദയവും എങ്ങനെയാണ് വിഭജിക്കപ്പെടുന്നത് എന്നതിന്റെ തെളിവായി ഈ വാക്കുകള്‍ മാറുന്നുവെന്നതാണ്.

ബന്ധുവായ സീഷന്റെ പ്രതികരണവും ഏതാണ്ട് ഇതേ സ്വഭാവത്തിലുള്ളതായിരുന്നു. കൊവിഡ് ബാധിതന്‍ തങ്ങളുടെ അയല്‍പക്കത്തു നിന്നല്ല എന്നാണ് സീഷന്‍ പറഞ്ഞത്. സ്വയം അകലം പാലിക്കുക മാത്രമായിരുന്നില്ല. തന്റെ സമുദായത്തില്‍ നിന്നുള്ള അകലം കൂടി സൂചിപ്പിക്കുകയായിരുന്നു സീഷന്‍. മുസ്ലിം സമുദായത്തില്‍പെട്ട ഒരാള്‍ക്ക് കൊവിഡ് ബാധിക്കുമ്പോഴുള്ള മുന്‍വിധിയെക്കുറിച്ച് അവന് നല്ല ധാരണയുണ്ട്.

മാര്‍ച്ചില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിവിധ നഗരങ്ങളില്‍ നിന്നായി ആറായിരത്തോളം പേരാണ് ഞങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. ഇവരില്‍ ഒരാള്‍ക്ക് പോലും കൊവിഡ് ബാധിച്ചിരുന്നില്ല. പ്രകാശിന്റേതാണ് ആദ്യത്തെ കേസ്. പ്രകാശിനും സുഹൃത്ത് വിനയ്ക്കും (പേര് യഥാര്‍ത്ഥമല്ല) മുംബൈയില്‍ വെച്ചുതന്നെ കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് പിന്നീട് മനസ്സിലായത്. അവര്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോന്നു. പ്രത്യേക ട്രെയിനില്‍ കയറി നോട്ടിലെത്തുകയും ചെയ്തു. മുംബൈ റെയില്‍വേ സ്റ്റേഷനിലെ പരിശോധനയും ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള പരിശോധനയും ഒഴിവാക്കാന്‍ രണ്ടു പേര്‍ക്കും സാധിച്ചു.

ഇവര്‍ രക്ഷപ്പെട്ടുവെന്ന വിവരം അറിഞ്ഞപ്പോള്‍ മുംബൈയിലെ ആശുപത്രിയിലെ അധികൃതര്‍ വിലാസം തേടിപ്പിടിക്കാന്‍ ശ്രമിച്ചു. പരിശോധനയ്ക്ക് എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് രണ്ടു പേരും ആശുപത്രിയില്‍ നല്‍കിയിരുന്നു. ആശുപത്രി അധികൃതര്‍ മൂംബൈ പോലീസില്‍ വിവരം അറിയിച്ചു. അവര്‍ പ്രയാഗ്രാജ് ജില്ലാ അധികൃതരെയും. അങ്ങനെയാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ച ശേഷം ഓടിപ്പോന്നവരാണ് രണ്ടുപേരും എന്ന് തിരിച്ചറിഞ്ഞത്. ഇതൊക്കെ നടക്കും വരെ പ്രകാശിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. അയാളാകട്ടെ, ഗ്രാമത്തില്‍ പലേടത്തും സ്വതന്ത്രമായി സഞ്ചരിച്ചു. തനിക്ക് രോഗമുണ്ടെന്ന വിവരം അയാള്‍ മറച്ചുവെക്കുകയും ചെയ്തു. രോഗമുണ്ടെന്ന് പറഞ്ഞാലുള്ള പ്രതികരണം ഭയന്നാകാം മറച്ചുവെച്ചത്. കൊവിഡ്ബാധിതനായ ഒരാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിലെ അപകടം അറിയാത്തതുകൊണ്ടുമാകാം.
തിരിച്ചെത്തി നാലുദിവസത്തിന് ശേഷമാണ് പ്രദേശത്തെ പൊലീസുകാര്‍ പ്രകാശിനെ കണ്ടെത്തുന്നത്. അതിന് ശേഷവും അയാള്‍ രക്ഷപ്പെട്ടു. തിരിച്ചുവന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ അയാള്‍ തയാറായത്. പ്രകാശിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചു. ഫലം പോസിറ്റീവായിരുന്നു. പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ബന്ധുക്കളെ നിരീക്ഷണത്തിലാക്കി. ഗ്രാമം പൂര്‍ണമായി അടക്കുകയും ചെയ്തു.
പ്രകാശിന്റെ കഥ കേട്ട ഗ്രാമവാസിയായ അഫ്രോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു – ‘ഈ മഹാമാരി എല്ലാവരെയും ബാധിച്ചിരിക്കുന്നു. മുസ്ലിംകളല്ലാത്തവര്‍ക്ക് രോഗം മാത്രമാണ് ബാധിക്കുന്നത്. മുസ്ലിംകള്‍ രോഗം കൊണ്ട് മാത്രമല്ല, അവരുടെ സ്വത്വം കൊണ്ടും ബുദ്ധിമുട്ട് നേരിടുകയാണ്.’
സാമൂഹിക ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി ഗ്രമത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സാമൂഹിക ഇടപെടലുകളെക്കുറിച്ച് ഞാന്‍ പഠിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സംസാരിച്ചപ്പോള്‍ അമ്പതുകാരനായ സെയ്നുല്ലാബിദീന്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവം പറഞ്ഞു. ”കുട്ടിക്കാലം മുതല്‍ ഞാന്‍ ഇവിടെത്തന്നെയാണ്. പല സംഭവങ്ങളും ഇതിനിടെയുണ്ടായി. പക്ഷേ സമുദായങ്ങള്‍ക്കിടയില്‍ ഇതുപോലെ അവിശ്വാസം പടര്‍ന്നത് ഓര്‍മയിലില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെയാണ് ഇത്രയും അവിശ്വാസമുണ്ടായത്.”
കൊവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിത്തുടങ്ങുമ്പോള്‍, ചികിത്സ കണ്ടെത്താത്ത ഒരു രോഗം പടരുന്നതിനെക്കുറിച്ചായിരുന്നു ആദ്യത്തെ ഉത്കണ്ഠ. അതിന് ശേഷമാണ് ഡല്‍ഹിയിലെ തബ്ലീഗ് ജമാഅത്ത് കേന്ദ്രത്തിലുണ്ടായിരുന്നവര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത സംഭവമുണ്ടായത്. ഇതിന് പിറകെയാണ് മുസ്ലിംകളാണ് രോഗം പടര്‍ത്തുന്നത് എന്ന പ്രചാരണം ആരംഭിക്കുന്നതിനുള്ള ഗൂഢാലോചന. ഒരു രോഗാവസ്ഥയെ വര്‍ഗീയവത്കരിച്ച് രാജ്യത്തെ മുസ്ലിംകളെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സ്ഥിതി.
പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അകപ്പെടുമോ എന്ന ഭീതിയ്ക്കൊപ്പം രോഗബാധിതനായാല്‍ വൈറസ് വ്യാപിപ്പിക്കുന്നവനെന്ന ദുഷ്പേരിന് ഇരയാകേണ്ടിവരുമെന്ന ആശങ്കയും. രോഗ ബാധിതരായവര്‍ക്ക് ചികിത്സയും ശുശ്രൂഷയുമൊക്കെയാണ് വേണ്ടതെങ്കില്‍ ഒരു വിഭാഗം രോഗികള്‍ ഇവിടെ രോഗവ്യാപനത്തിന് കാരണക്കാരെന്ന മട്ടില്‍ കുറ്റവാളികളായി മറുകയാണ്. പ്രചരിപ്പിക്കപ്പെടുന്ന വെറുപ്പ്, അതിനെ വലുതാക്കുന്ന പരമ്പരാഗത മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും. ഇതില്‍ നിന്ന് എന്റെ ഗ്രാമത്തിനും രക്ഷപ്പെടാന്‍ സാധിച്ചില്ല. ഗ്രാമത്തിലെ ആകെ ജനസംഖ്യയില്‍ 60 ശതമാനത്തോളം മുസ്ലിംകളാണ്. വികസനത്തില്‍ മുന്നിലുള്ള പ്രദേശമല്ല ഇത്. പക്ഷേ, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നുവെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. രാജ്യത്ത് മറ്റിടങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോഴും സമുദായ സൗഹാര്‍ദം കാത്തുസൂക്ഷിച്ച പ്രദേശം. നിരന്തര സംപ്രേഷണം നടത്തുന്ന ടെലിവിഷന്‍ ചാനലുകളും സാമൂഹിക മാധ്യമങ്ങളും അന്തരീക്ഷത്തില്‍ വിഷം കലര്‍ത്തുന്നതിന് മുമ്പാണിത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഭിന്നസമുദായക്കാരായ അയല്‍ക്കാര്‍ തമ്മിലുള്ള ഇടപെടലുകളെ അത്രത്തോളം ബാധിച്ചിട്ടില്ല. പൊതുവിഷയങ്ങളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും താപനില ഉയരുന്നുണ്ടെങ്കിലും വൈകാതെ ആറുന്നുണ്ട്. പക്ഷേ, ജീവിതത്തിലെ എല്ലാ സംഗതികളെയും വര്‍ഗീയതയുടെ കണ്ണിലൂടെ കാണുന്ന സ്ഥിതി സംജാതമായിരിക്കുന്നു.

പൊതു ആരോഗ്യ പ്രശ്നമോ മറ്റേതെങ്കിലും സാമൂഹിക വിഷയമോ എന്റെ ഗ്രാമത്തില്‍ വര്‍ഗീയവത്കരിക്കപ്പെട്ടത് ഓര്‍മയിലില്ല. ഈ മഹാമാരിയെ വര്‍ഗീയമായി ഉപയോഗിക്കാനുള്ള ശ്രമം ഈ സാധാരണക്കാരുടെ മനസ്സിലുണ്ടാക്കിയ മാറ്റം എന്നെ വലിയ നിരാശയിലാഴ്ത്തുകയാണ്. സമൂഹത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയേക്കാള്‍ ഉപരി, സാധാരണനിലയിലേക്ക് തിരിച്ചെത്താനാകാത്ത വിധം വര്‍ഗീയ ധ്രുവീകരണം സംഭവിച്ചുകഴിഞ്ഞുവെന്ന ദുഃഖമാണ് ഇപ്പോഴുള്ളത്. വലിയ ദുഃഖം. ഒപ്പം ഞാനും എന്റെ സ്വത്വവും ലക്ഷ്യമിടപ്പെട്ടിരിക്കുന്നുവെന്ന ഉറച്ച ബോധ്യവും.

(കടപ്പാട് – ദി വയര്‍)

ഇശ്തിഖാര്‍ അലി

You must be logged in to post a comment Login