സംവരണം: പിന്നാക്ക വിഭാഗങ്ങളെ സുപ്രീം കോടതിയും കൈവിടുകയാണ് !

സംവരണം: പിന്നാക്ക വിഭാഗങ്ങളെ സുപ്രീം കോടതിയും കൈവിടുകയാണ് !

സംവരണം മൗലികാവകാശമല്ലെന്ന് 2020ല്‍ രണ്ടു വട്ടമാണ് പരമോന്നത കോടതി അഭിപ്രായപ്പെട്ടത്. സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറെടുത്ത തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ആദ്യത്തെ അഭിപ്രായപ്രകടനം. കേസില്‍ വിധി പുറപ്പെടുവിച്ചത് ഫെബ്രുവരി ഏഴിനായിരുന്നു. ജൂണ്‍ 11ന് മെഡിക്കല്‍ കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണം അനുവദിക്കുന്നത് സംബന്ധിച്ച കേസില്‍ പുറപ്പെടുവിച്ച വിധിയിലാണ് രണ്ടാംവട്ടം ഇതേ അഭിപ്രായം പറഞ്ഞത്. സംവരണം മൗലികാവകശമല്ലെന്ന അഭിപ്രായം പരമോന്നത കോടതി ആവര്‍ത്തിക്കുന്നത് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമാണെന്ന് തന്നെ കരുതണം.
സ്ഥാനക്കയറ്റത്തില്‍ സംവരണം വേണ്ടെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, പട്ടിക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ വേണ്ടത്ര പ്രാതിനിധ്യമുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കണമെന്നും അതിനെ ആധാരമാക്കി വേണം സ്ഥാനക്കയറ്റത്തില്‍ സംവരണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനെന്നും നിര്‍ദേശിച്ചിരുന്നു. പ്രാതിനിധ്യം സംബന്ധിച്ച എന്തെങ്കിലും കണക്കുകളുടെ അടിസ്ഥാനത്തിലല്ല സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് കോടതിക്ക് മുമ്പാകെ വെളിവാക്കപ്പെട്ടത്. അതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം ഹൈക്കോടതി നല്‍കിയത്.

സുപ്രീം കോടതിയില്‍ അപ്പീല്‍ പരിഗണിക്കുമ്പോള്‍ മറ്റുചില വിവരങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യം പഠിക്കാന്‍ സര്‍ക്കാറൊരു കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്നാണ് കണ്ടെത്തിയത് എന്നും സുപ്രീം കോടതിയില്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചതിന് ശേഷമാണ് സ്ഥാനക്കയറ്റത്തില്‍ സംവരണം വേണ്ടതില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിവരങ്ങള്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചിരുന്നതുമില്ല.
ഭരണഘടനയിലെ 16 (4-എ) വകുപ്പ് സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. മുന്‍കാല സുപ്രീം കോടതി വിധികളും ഈ അധികാരം ശരിവെക്കുന്നു. അതുപയോഗിക്കുക എന്നതിനപ്പുറത്ത് സ്ഥാനക്കയറ്റത്തില്‍ സംവരണം ഇല്ലാതാക്കുക എന്ന തീരുമാനത്തിന് ആധാരമാക്കുക എന്ന ഉദ്ദേശ്യം ഉത്തരാഖണ്ഡ് സര്‍ക്കാറിനുണ്ടായിരുന്നില്ല എന്നത് വ്യക്തം. ഈ മനോഭാവം ചില ഗൗരവമുള്ള ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന കമ്മിറ്റിയുടെ കണ്ടെത്തല്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം തുടരേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് എത്താന്‍ പ്രേരിപ്പിക്കേണ്ടതായിരുന്നില്ലേ? ഭരണഘടനാ വ്യവസ്ഥയനുസരിച്ച് അത്തരമൊരു തീരുമാനമല്ലേ സംസ്ഥാന സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്? സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് തീര്‍ത്തും ഏകപക്ഷീയമായിരുന്നില്ലേ? സാഹചര്യങ്ങള്‍ വിലയിരുത്തി സംവരണം അനുവദിക്കാന്‍ സര്‍ക്കാറുകള്‍ക്കുള്ള അധികാരം നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുമ്പോള്‍ സംവരണം ഇല്ലാതാക്കാനോ അതിന്റെ തോത് കുറയ്ക്കാനോ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അതും പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതല്ലേ?

ഈ ചോദ്യങ്ങളുടെ കാര്യത്തില്‍ പരമോന്നത കോടതി തന്നെ ചില പ്രധാന നിരീക്ഷണങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. ”പിന്നാക്കാവസ്ഥയോ പ്രാതിനിധ്യത്തിലെ കുറവോ കൃത്യമായി അളക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഏകപക്ഷീയമായ തീരുമാനത്തിലേക്ക് സര്‍ക്കാറുകള്‍ എത്തിയേക്കാം… സര്‍ക്കാറുകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരം ഏകപക്ഷീയമായി ഉപയോഗിക്കുന്നത് മൂലം തുല്യതക്കുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍, ഭരണകൂടത്തിന്റെ തീരുമാനങ്ങളെ തിരുത്തേണ്ട ഉത്തരവാദിത്തം കോടതികള്‍ക്കുണ്ട്. ഭരണഘടനയുടെ 16 (4 എ), 16 (5 ബി) വകുപ്പുകളുടെ അടിസ്ഥാനതത്വവും ഇതാണ്”. ഈ വ്യവസ്ഥകള്‍ പൗരന് നല്‍കുന്ന അവകാശങ്ങളെ എടുത്തുകളയുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന നിയമങ്ങളൊന്നും സര്‍ക്കാറുകള്‍ നിര്‍മിക്കാന്‍ പാടില്ല. അഥവാ കൊണ്ടുവന്നാല്‍ തന്നെ അത് അസാധുവായിരിക്കും. അതുകൊണ്ട് തന്നെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എന്നാല്‍ ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഇക്കാര്യങ്ങളൊന്നും പരിഗണിച്ചതേയില്ല.
പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ സമാഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചിരുന്നില്ലെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനക്കയറ്റത്തില്‍ സംവരണം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിന് സാധുത ലഭിക്കാനായി, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കോടതിയില്‍ നിന്ന് മറച്ചുവെച്ച ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ നടപടി തികഞ്ഞ വഞ്ചനയല്ലേ? ഭരണഘടനയെത്തന്നെ വഞ്ചിച്ച സര്‍ക്കാര്‍ നടപടി സുപ്രീം കോടതി അവഗണിച്ചത് എന്തുകൊണ്ട്?
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ തന്നെ ഭരണഘടനാവിരുദ്ധമാണ്. അത് ഹൈക്കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി അസാധുവാക്കുകയാണ് സുപ്രീം കോടതി ചെയ്തത്. സ്ഥാനക്കയറ്റത്തില്‍ സംവരണം വേണ്ട എന്നത് സര്‍ക്കാര്‍ ‘ബോധപൂര്‍വമെടുത്ത തീരുമാന’മാണ് എന്നതാണ് ഹൈക്കോടതി വിധി അസാധുവാക്കുന്നതിന് പറഞ്ഞ കാരണം. 16 (4 എ) വകുപ്പിനെ ഇടുങ്ങിയ മനസ്സോടെ സമീപിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഭരണഘടനയില്‍ തുല്യതയ്ക്കുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നതിന്റെ ഭാഗമായി വേണം ഈ വകുപ്പിനെ കാണാന്‍. അതുകൊണ്ട് തന്നെ ഈ വകുപ്പിനെ മാത്രമായെടുത്ത് വ്യാഖ്യാനിക്കാനാകില്ല. തുല്യത എന്നത് പതിനാലാം വകുപ്പനുസരിച്ചുള്ള മൗലികാവകാശം മാത്രമല്ല, ഭരണഘടനയുടെ ലക്ഷ്യങ്ങളിലൊന്നായി ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഗതിയാണ്. ഭരണഘടനയുടെ തന്നെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നും.

ഒരുപോലെയുള്ള പരിഗണന തുല്യത എന്ന ആശയത്തിന്റെ അടിസ്ഥാനമാകുമ്പോള്‍ തന്നെ പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ വ്യത്യസ്തമായ പരിഗണന ആകാമെന്നതും ആ ആശയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് തുല്യതക്കുള്ള അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥ തരംതിരിക്കാനുള്ള അവസരം തുറന്നിടുന്നത്. പൊതു തൊഴിലവസരങ്ങളില്‍ തുല്യാവസരമെന്നത് തുല്യത എന്ന ആശയത്തിന്റെ മൂര്‍ത്തമായ മുഖങ്ങളിലൊന്നാണ്. ഇത് ഭരണഘനയുടെ 16 (1) വകുപ്പ് ഉറപ്പുനല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്ദ്ര സാഹ്നി കേസില്‍ 16 (1) വകുപ്പനുസരിച്ച് നിയമനങ്ങളോ തസ്തികകളോ ഏതെങ്കിലും വിഭാഗത്തിന് സംവരണം ചെയ്യാവുന്നതാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് വിധിച്ചിട്ടുണ്ട്. ഇതനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം അനുവദിക്കാന്‍ സാധിക്കും. 16 (4), 16 (4 എ) വകുപ്പുകളനുസരിച്ച് സംവരണവും സ്ഥാനക്കയറ്റങ്ങളിലെ സംവരണവും തീരുമാനിക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുകയുംചെയ്യും.

സ്ഥാനക്കയറ്റങ്ങളില്‍ സംവരണം നിഷേധിച്ചുള്ള ഏകപക്ഷീയമായ തീരുമാനം, തുല്യതക്കുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ പതിനാലം വകുപ്പിന്റെ ലംഘനം കൂടിയാണ്. ‘നിയമത്തിന് മുന്നില്‍ തുല്യത, നിയമമനുശാസിക്കുന്ന സംരക്ഷണങ്ങളിലും തുല്യത’ എന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് ഉറപ്പുനല്‍കുന്നു. അതുകൊണ്ട് തന്നെ പൊതുതൊഴിലുകളിലുള്ള സംരവണമെന്നത് പൗരന്റെ മൗലികാവകാശമാണ്. ആ നിലക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നിഷേധിക്കുന്ന സര്‍ക്കാര്‍ ഉത്തരവും ചട്ടപ്രകാരം സീറ്റുകള്‍ സംവരണം ചെയ്യാതെ തൊഴിലവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതും ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് ചോദ്യംചെയ്യാവുന്നതുമാണ്.

സുപ്രീം കോടതി വിധിയിലെ മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം, സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം അനുവദിക്കാന്‍ സര്‍ക്കാറുകള്‍ ബാധ്യതപ്പെട്ടിട്ടില്ല എന്നതാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സംരവണം ചെയ്യാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭരണഘടനയുടെ 16 (4), 16 (4 എ) വകുപ്പുകള്‍. പട്ടിക വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറുകളെ ബാധ്യതപ്പെടുത്തുന്നു ഭരണഘടനയുടെ 46-ാം വകുപ്പ്. ഇതൊക്കെയുണ്ടായിരിക്കെ സര്‍ക്കാറുകള്‍ക്ക് ബാധ്യതയില്ലെന്ന് പരമോന്നത കോടതി പറഞ്ഞുപോകുന്നതെങ്ങനെ?

ദുര്‍ബല വിഭാഗങ്ങളുടെ, പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ചുമതലയുണ്ട്. ഈ വിഭാഗങ്ങളെ സാമൂഹിക അനീതിയില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവും ഭരണകൂടത്തിനാണ് എന്നാണ് 46-ാം വകുപ്പ് പറയുന്നത്. ഈ വകുപ്പ് വിശദീകരിക്കാന്‍ ഉപയോഗിച്ച ഭാഷ തന്നെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ചൂണ്ടിക്കാട്ടുന്നതും ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസരം ഭരണകൂടത്തിന് നിഷേധിക്കുന്നതുമാണ്. പട്ടിക വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.

ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളും അത് നിഷ്‌കര്‍ഷിക്കുന്ന മൗലികാവകാശങ്ങളും തമ്മിലുള്ള സന്തുലനം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവയ്ക്കിടയില്‍ വൈരുധ്യമുണ്ടാകുന്ന സാഹചര്യത്തില്‍ സ്വരച്ചേര്‍ച്ചയോടെ വ്യാഖ്യാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കുന്നു. മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, ഭരണഘടനയുടെ ആമുഖം, തുല്യത വിശദീകരിക്കുന്ന മറ്റ് വകുപ്പുകള്‍ എന്നിവയെ സ്വരച്ചേര്‍ച്ചയോടെ വ്യാഖ്യാനിക്കുമ്പോള്‍ പൊതു സേവന മേഖലയില്‍ സാമൂഹിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ പാകത്തില്‍ നടപടികളെടുക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. പൊതുസേവന മേഖലയില്‍ സംരവണം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന് തിരഞ്ഞെടുക്കാവുന്ന ഒന്നല്ല, മറിച്ച് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്ന് ചുരുക്കം.

സുപ്രീം കോടതി വിധിയില്‍ മറ്റ് ഗൗരവമുള്ള പരാമര്‍ശങ്ങളുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലെന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും അത് പരിഹരിക്കാന്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല എന്ന് സുപ്രീം കോടതി പറയുന്നു. ഈ പരാമര്‍ശം തുല്യത ഉറപ്പാക്കണമെന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ നിര്‍മാതാക്കളുടെ ഉദ്ദേശ്യത്തിന് നിരക്കാത്തതുമാണ്. അസമത്വം ഇല്ലാതാക്കി, സാമൂഹിക നീതി ഉറപ്പാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണകൂടങ്ങളെ മോചിപ്പിക്കുകാണ് സുപ്രീം കോടതി. ഒപ്പം ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. തുല്യത, സാമൂഹിക – സാമ്പത്തിക നീതി എന്നിവയൊക്കെ രാഷ്ട്രീയാധികാരത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിധേയമാണെന്ന് പറയാതെ പറയുകയാണ് സുപ്രീം കോടതി.
തമിഴ്നാട്ടിലെ മെഡിക്കല്‍ സീറ്റുകളിലെ സംവരണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ സുപ്രീം കോടതി വിധി. പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംവരണം ചെയ്ത സീറ്റുകള്‍ സംവരണത്തിന് പുറത്തുള്ളവര്‍ക്കായി നല്‍കാന്‍ കേന്ദ്രസര്‍ക്കാറും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തീരുമാനിച്ചു. ഇത് ചോദ്യംചെയ്ത് സമര്‍പിച്ച ഹരജി പരിഗണിക്കാന്‍ പോലുമാകില്ലെന്നാണ് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അഭിപ്രായപ്പെട്ടത്. സംവരണം മൗലികാവകാശമല്ലെന്ന ന്യായമാണ് അപ്പോഴും സുപ്രീം കോടതി പറഞ്ഞത്. കേന്ദ്രസര്‍ക്കാറും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമെടുത്ത തീരുമാനം തീര്‍ത്തും ഏകപക്ഷീയവും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്കുള്ള അവകാശം കണക്കിലെടുത്താല്‍ അസാധുവായി പ്രഖ്യാപിക്കേണ്ടതുമാണ്. എന്നാല്‍ അതിനല്ല സുപ്രീം കോടതി തയാറായത്.

സംവരണവിരുദ്ധവും ദളിത് വിരുദ്ധവുമായ ആശയങ്ങള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, രാജ്യത്ത് ശക്തമായിട്ടുണ്ട്. സംവരണത്തില്‍ വെള്ളം ചേര്‍ക്കും വിധത്തിലുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത്, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായിരുന്ന പ്രധാന പേടി, ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട അധികാരികളാല്‍ തങ്ങള്‍ അടിമത്തത്തിലേക്ക് തള്ളിവിടപ്പെടുമോ എന്നതായിരുന്നു. അത് ഏതാണ്ട് യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട അനീതിയുടെ പിടിയില്‍ നിന്ന് അല്‍പ്പമെങ്കിലും പിന്നാക്ക വിഭാഗം മോചിപ്പിക്കപ്പെട്ടത്. എന്നാല്‍ പുതിയ കാലത്ത് സംവരണം നിഷേധിക്കാനും അതുവഴി ഉന്നത വിദ്യാഭ്യാസത്തിലും അധികാരത്തിന്റെ ഉയര്‍ന്ന തലത്തിലും അവസരം ഇല്ലാതാക്കാനും സംഘടിതായ ശ്രമം നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നീതി നിഷേധിക്കപ്പെട്ടവന്റെ അവസാനത്തെ അത്താണി നീതിപീഠമാണ്. അവിടെ ഭരണഘടനാ തത്വങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് തീരുമാനമെടുക്കാതെ സങ്കുചിതമായി ചിന്തിക്കുകയാണ് നീതിപീഠം; ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത വിധം. സുപ്രീം കോടതിയില്‍നിന്ന് അടുത്തിടെയുണ്ടായ വിധികള്‍, വെറുപ്പ് വിതയ്ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്രത്തിന് കരുത്തേകുകകയും പിന്നാക്ക വിഭാഗങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുകയും ചെയ്യുന്നതാണ്.

കടപ്പാട് :ദി വയര്‍

കൈലാസ് ജീന്‍ഗെര്‍

You must be logged in to post a comment Login