ഡല്‍ഹിയിലെ സുല്‍ത്താന്മാര്‍

ഡല്‍ഹിയിലെ സുല്‍ത്താന്മാര്‍

ഇസ്ലാമിക കലയുടെയും വാസ്തുവിദ്യയുടെയും അപൂര്‍വ ചാരുതയാര്‍ന്ന മാതൃകകള്‍ ഉടലെടുക്കുകയും അവശേഷിപ്പിക്കുകയും ചെയ്ത ഭൂപ്രദേശമാണ് ഇന്ത്യ. ദീര്‍ഘകാലം മുസ്ലിം ഭരണത്തിലായിരുന്നു അവിഭക്ത ഇന്ത്യ. പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ മുസ് ലിം നാടുകളില്‍ നിന്ന് ഇന്ത്യയിലെത്തിയ രാജാക്കന്മാരും സൂഫികളും കലാകാരന്മാരും കവികളും പണ്ഡിതന്മാരും തൊഴിലാളികളും കൈകോര്‍ത്തപ്പോള്‍ ഇന്ത്യ ഇസ്ലാമിക കലയുടെ മറ്റൊരു ഈറ്റില്ലമായി. ദക്ഷിണേന്ത്യയില്‍ പ്രവാചകന്റെ അല്ലെങ്കില്‍ പ്രവാചക സഖാക്കളുടെ കാലത്തുതന്നെ വണിക്കുകള്‍ വഴി ഇസ്ലാമിന്റെ സന്ദേശം എത്തിയിരുന്നുവെങ്കിലും ക്രി.വ. 711-712 കാലത്ത് ഇമാദുദ്ദീന്‍ മുഹമ്മദ് ബിന്‍ ഖാസിം (695-715) പതിനേഴാം വയസ്സില്‍ പട നയിച്ച് സിന്ധ് താഴ്്വരയില്‍ എത്തിയതോടെയാണ് ഉത്തരേന്ത്യ ഇസ്ലാമിക സംസ്‌കൃതിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. പേര്‍ഷ്യയും മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക പൊക്കിള്‍കൊടി ബന്ധം, ഇങ്ങനെ എട്ടാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ചു. പതിനാലാം നൂറ്റാണ്ടോടുകൂടി ആ ബന്ധം സുദൃഢമായിത്തീരുകയും കലാ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രകടമായ അനുരണനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അപ്പോഴേക്കും ഡല്‍ഹിയില്‍ തുര്‍ക്കി- ഇറാനിയന്‍ സുല്‍ത്താന്‍ വാഴ്ച നിലവില്‍ വന്നിരുന്നു. പേര്‍ഷ്യന്‍ ഭാഷ ഇന്ത്യയുടെ ഭരണ- സാംസ്‌കാരിക ഭാഷയായി മാറി. മതപരം എന്നതിനക്കാളേറെ രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങളാണ് മുസ്‌ലിം സുല്‍ത്താന്മാരെ നയിച്ചിരുന്നത്. അതിനാല്‍ ഇവിടെ നേരത്തെ നിലവിലുണ്ടായിരുന്ന പ്രാദേശിക സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും നോവിക്കാതെ, രഞ്ജിപ്പിന്റെ സുഗമ വഴിയാണ് അവര്‍ തിരഞ്ഞെടുത്തത്. ഇത് രണ്ടു സംസ്‌കാരങ്ങളുടെ ആശ്ലേഷത്തിന് വഴിയൊരുക്കി. ഇന്‍ഡോ- അറബ് മിശ്ര കലാപാരമ്പര്യത്തിന്റെ പിറവിയായിരുന്നു ഈ ആശ്ലേഷത്തിന്റെ ഫലം. ചിത്ര, വാസ്തുവിദ്യാ രംഗങ്ങള്‍ക്കു പുറമെ സംഗീതം, വേഷവിധാനം, കവിത, ഭക്ഷണം തുടങ്ങിയ മേഖലകളിലും ദൂരവ്യാപകവും സുസ്ഥിരവുമായ സ്വാധീനമാണ് ഈ സാംസ്‌കാരികാശ്ലേഷം സൃഷ്ടിച്ചത്.
പള്ളി, മദ്റസ, പൊതുവിശ്രമ മന്ദിരങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, കൊട്ടാരങ്ങള്‍, ഉദ്യാനങ്ങള്‍, നഗരങ്ങള്‍, ശവകുടീരങ്ങള്‍, വിജയസ്തൂപങ്ങള്‍ എന്നിങ്ങനെ കലാപരമായ നിര്‍മാണങ്ങളുടെ പെരുക്കം മുസ്‌ലിം സുല്‍ത്താന്മാരുടെ ഭരണകാലത്തിന്റെ സവിശേഷതയാണ്. കലയ്ക്കും വാസ്തുവിദ്യക്കും സുല്‍ത്താന്‍മാരുടെ പ്രോത്സാഹനം വേണ്ടുവോളം ലഭിച്ചു. കൊട്ടാരങ്ങളില്‍ സംഗീതസദസ്സുകള്‍ പതിവായിരുന്നു. കലിഗ്രഫിയുടെയും ചിത്രകലയുടെയും വളര്‍ച്ചക്കും അന്തരീക്ഷം അനുഗുണമായിരുന്നു. കൈയെഴുത്തു കലാകാരന്മാര്‍ക്ക് വാസ്തുവിദ്യ ധാരാളം അവസരങ്ങള്‍ നല്‍കി.

ക്രി.വ. 727ല്‍, സിന്ധു നദീതടത്തിലെ ബംബോഡയിലാണ് ഉത്തരേന്ത്യയിലെ പ്രഥമ ജുമുഅ മസ്ജിദ് നിര്‍മിക്കപ്പെടുന്നത്. കൂഫിയിലെയും വസീതിലെയും പള്ളികളുടെ മാതൃകയില്‍, ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജിബ്‌നു യൂസുഫിന്റെ കല്പന പ്രകാരം ആണ് ഈ മസ്ജിദ് പണിതത്. പള്ളിയോടനുബന്ധിച്ച് കൊട്ടാരവും അനുബന്ധ വസതികളും കാര്യാലയങ്ങളും പണിതു.

സിന്ധു നദീതീരത്ത് ആദ്യകാലം മുസ്‌ലിം ഭരണകര്‍ത്താക്കള്‍ സ്ഥാപിച്ച അല്‍മന്‍സൂറ പട്ടണം ഡമാസ്‌കസിന്റെ ഒരു കൊച്ചുപതിപ്പായിരുന്നു എന്നാണ് ഒമ്പതാം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെയും ഭൂമിശാസ്ത്രകാരന്‍മാരുടെയും ലിഖിതങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. മുസ്ലിം ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ശ്രദ്ധേയമായ നഗരം മുള്‍ത്താന്‍ ആണ്. അല്‍മന്‍സൂറയുടെ മാതൃകയിലാണ് ഈ നഗരം സംവിധാനിച്ചത്. പ്രശസ്ത ഭൂമിശാസ്ത്രകാരനായ അല്‍മഖ്ദീസി ഈ നഗരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജിപ്തിലെ ഫാത്വിമീ ഖലീഫമാരോട് കൂറുപുലര്‍ത്തിയിരുന്നവരായിരുന്നു മുള്‍ത്താനിലെ മുസ്‌ലിം ഭരണാധികാരികള്‍. ഇവര്‍ വഴി ഇസ്‌ലാമിക വേഷ വിധാനവും ഉപചാര മാതൃകകളും ഭാഷയും ഇന്ത്യയില്‍ പ്രചരിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സംസ്‌കാരിക ബഹുസ്വരതയ്ക്ക് അതു കാരണമായി.

ക്രി.വ. 1010ല്‍ മഹ്മൂദ് ഗസ്‌നി മുള്‍ത്താന്‍ കീഴടക്കി. വാസ്തുവിദ്യയിലെ ഗസ്നവീ സംഭാവനകള്‍ ഇന്ത്യയില്‍ എത്തുന്നതിന് ഈ വരവ് വഴിതെളിയിച്ചു. ഉയരം കൂടിയ മിനാരങ്ങള്‍, ഖുബ്ബകള്‍, കമാനങ്ങള്‍ എന്നിവ ഇന്ത്യന്‍ വാസ്തുവിദ്യയുടെ ഭാഗമായത് ഗസ്നവികള്‍ മുഖേനയാണ്.

1186ല്‍ മുഇസ്സുദ്ദീന്‍ മുഹമ്മദ് ഗൂറി ഗസ്നവികളില്‍നിന്ന് ലാഹോര്‍ പ്രിന്‍സിപ്പാലിറ്റി പിടിച്ചെടുക്കുകയും അഫ്ഗാനിസ്ഥാന്‍, വടക്കേ ഇന്ത്യ, ഇന്നത്തെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവക്കുപുറമെ താജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും ഉള്‍പ്പെടുന്ന വിശാലമായ ഗൂറി സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു. ഡല്‍ഹിയും അജ്മീറും ബനാറസും കന്നൗജുവും ഒരു ദശകത്തിനുള്ളില്‍ ഗൂറികളുടെ ഭരണത്തിനു കീഴിലായി. വ്യവസ്ഥാപിതമായ ഡല്‍ഹി സല്‍ത്തനത്തിന് ഗൂറികള്‍ തുടക്കമിട്ടു.
ഇല്‍തുമിഷ് (1210-1236) ഡല്‍ഹിയെ ഒരു സ്വതന്ത്രരാഷ്ട്രമാക്കി. അടിമരാജവംശം(1206-1290), ഖില്‍ജികള്‍(1290-1320), തുഗ്ലക്കുകള്‍(1320-1414), സയ്യിദുകള്‍(1414-1451), ലോദികള്‍(1451-1526), സൂരികള്‍(1540-1555) എന്നീ രാജവംശങ്ങള്‍ തുടര്‍ന്നു ഡല്‍ഹി ഭരിച്ചു. തുടരെത്തുടരെ വന്ന ഓരോ രാജവംശവും തങ്ങളുടെ വിജയം വിളംബരം ചെയ്തത് മനോഹരങ്ങളായ വാസ്തുശില്പങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ്. ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദും അതിന്റെ മിനാരമായി പിന്നീടു നിര്‍മിച്ച ഖുതുബ് മിനാറുമാണ് ഈ വിജയസ്തംഭങ്ങളില്‍ ആദ്യത്തേത്. 1193ല്‍ ആണ് അതിന്റെ പണി ആരംഭിച്ചത്. ഇന്‍ഡോ- ഇസ്ലാമിക് വാസ്തുവിദ്യയുടെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നതാണ് ഈ നിര്‍മിതി. ടര്‍ക്കിഷ്, പേര്‍ഷ്യന്‍ വാസ്തു വിദഗ്ധരും കയ്യെഴുത്തു കലാകാരന്മാരും തങ്ങളുടെ പ്രാഗത്ഭ്യം ധാരാളിത്തത്തോടെ ഇതിനുവേണ്ടി ചെലവഴിച്ചു. പ്രാദേശിക നിര്‍മാണ വസ്തുക്കളാണിതിന് ഉപയോഗിച്ചത്. പള്ളിയോട് ചേര്‍ന്നുനിര്‍മിച്ച ഖുതുബ് മിനാര്‍ ‘ദൈവത്തിന്റെ നിഴല്‍ കിഴക്കും പടിഞ്ഞാറും’ വിളംബരം ചെയ്തു.

അലാവുദ്ദീന്‍ ഖില്‍ജി(1296-1316) നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്പര്യമെടുത്ത സുല്‍ത്താനാണ്. ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് അദ്ദേഹം വിപുലീകരിക്കുകയും ഖുതുബ് മിനാറിന്റെ ഇരട്ടി വലുപ്പത്തില്‍ അലാഇ മിനാര്‍ നിര്‍മിക്കുന്നതിനു തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ പൂര്‍ത്തീകരിക്കാനായില്ല. അദ്ദേഹത്തിന്റെ നിര്‍മാണ ചാതുര്യത്തിന്റെ തെളിവാണ് പല ഖുബ്ബകളോടു കൂടിയ അലാഇ ദര്‍വാസ. ചെങ്കല്ലും വെള്ള മാര്‍ബിളും ഉപയോഗിച്ചായിരുന്നു അലാഉദ്ദീന്‍ ഖില്‍ജിയുടെ നിര്‍മിതികള്‍. രാജാക്കന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പേര്‍ഷ്യന്‍ കയ്യെഴുത്തുകളാണ് അലങ്കാരത്തിനായി പ്രയോജനപ്പെടുത്തിയത്. പിന്നീട് മുഗളന്മാര്‍ ഈ രീതി അനുകരിച്ചു.

1320ല്‍ നിലവില്‍ വന്ന തുഗ്ലക്ക് സല്‍ത്തനത്തിന്റെ സ്ഥാപകനായ ഗിയാസുദ്ദീന്‍ തുഗ്ലക്ക് തന്റെ ആസ്ഥാനമായ തുഗ്ലക്കാബാദില്‍ 1321-1325 കാലത്ത് ഭീമാകാരമായ ഒരു കോട്ട പണിതു. അതിന്റെ അവശിഷ്ടങ്ങളൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് (11325-1351) പണി കഴിപ്പിച്ചതെന്നു കരുതാവുന്ന അദ്ദേഹത്തിന്റെ ശവകുടീരം നല്‍കുന്ന സൂചന ഖില്‍ജി വാസ്തുവിദ്യയുടെ തുടര്‍ച്ചയായിരുന്നു തുഗ്ലക്കുകളുടേത് എന്നാണ്. മുഹമ്മദ് ബിന്‍ തുഗ്ലക്ക് തലസ്ഥാനം ദൗലതാബാദിലേക്ക് മാറ്റി.

ഡല്‍ഹി സല്‍ത്തനത്ത് പിന്നീട് ശിഥിലമായി. പ്രവിശ്യകളില്‍ പലതും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു വിഘടിച്ചുപോയി. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പിന്‍ഗാമി ഫിറോസ് ഷാ തുഗ്ലക്കാണ്(1351-1380) അവസാനത്തെ ഡല്‍ഹി സുല്‍ത്താന്‍. കൈറോവിലെ അബ്ബാസീ ഖലീഫയുടെ സാമന്തനായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ഫിറൂസാബാദിലെ അദ്ദേഹത്തിന്റെ കൊട്ടാരവും കോട്ടയും കോട്ടയ്ക്കകത്തെ പള്ളിയും ഉദ്യാനങ്ങളും ഭവനങ്ങളും സ്നാനഗൃഹങ്ങളും തുഗ്ലക്ക് വാസ്തുവിദ്യയുടെ ഗാംഭീര്യം വിളിച്ചോതുന്നവയായിരുന്നു. 1399ലെ തിമൂര്‍ ആക്രമണം ഡല്‍ഹിയെ ഒരു ശവപ്പറമ്പാക്കി മാറ്റി.

എ കെ അബ്ദുല്‍ മജീദ്

You must be logged in to post a comment Login