ദേശീയ വിദ്യാഭ്യാസനയം: സംഘ് പരിവാര്‍ അജണ്ടളുടെ സര്‍ക്കാര്‍ നിര്‍വഹണം

ദേശീയ വിദ്യാഭ്യാസനയം: സംഘ് പരിവാര്‍ അജണ്ടളുടെ സര്‍ക്കാര്‍ നിര്‍വഹണം

ഇന്ത്യയിലെ വിദ്യാഭ്യാസരംഗം വാണിജ്യവല്‍ക്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി . അതിന് ആക്കം കൂട്ടും വിധത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

35 വര്‍ഷം മുമ്പ് അംഗീകരിച്ച വിദ്യാഭ്യാസ നയമാണ് നിലവിലുള്ളത്. അതിനാല്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ പുതിയ വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുമ്പോള്‍ അതിനനുസൃതമായ പരിഷ്‌കാരങ്ങള്‍ സംഭവിക്കണം. ലക്ഷ്യങ്ങള്‍ വഴിതെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ ഇത് രണ്ടും സംഭവിച്ചില്ലെന്നു മാത്രമല്ല വിരുദ്ധ ധ്രുവങ്ങളില്‍ സഞ്ചരിക്കുക കൂടി ചെയ്തിരിക്കുന്നു. അതാണ് ദേശീയ വിദ്യാഭ്യാസനയത്തോടുള്ള വിയോജിപ്പിന്റെ കാതലായ കാരണം.
ചില നല്ല നിര്‍ദേശങ്ങള്‍ ഈ നയം മുന്നോട്ട് വെക്കുന്നുണ്ട് എന്നതിനെകാണാതിരിക്കുന്നില്ല. കാടടച്ച് വെടി വെക്കുന്നത് ഉചിതമല്ല. എങ്കിലും ഒരടി മുന്നോട്ട് രണ്ടടി പുറകോട്ട് എന്നത് ഗുണകരമല്ലല്ലോ.
നിലവില്‍ ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി സാര്‍വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസാവകാശം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. പുതിയ നയമനുസരിച്ച് 3 മുതല്‍ 18 വയസ്സു വരെ എന്ന് അതിനെ വിപുലപ്പെടുത്തുന്നുണ്ട്. സാര്‍വത്രികമായ പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന ആശയം നല്ലതാണ്.
പരീക്ഷപരിഷ്‌കരണം, എല്ലാവര്‍ക്കും തൊഴിലധിഷ്ഠിത പഠനം, അധ്യാപക വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന തുടങ്ങിയവയെല്ലാം സ്വാഗതാര്‍ഹമാണ്.
കോത്താരി കമ്മീഷന്‍ പറയുന്ന ജി ഡി പിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്ന സമീപനം പുതിയ നയത്തിലും ആവര്‍ത്തിക്കുന്നു. (ഇതുവരെയുള്ള ബിജെപിയുടെ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ എന്ത് നല്ല നടക്കാത്ത സ്വപ്നം എന്നതായിരിക്കും ഇതിനെ കുറിച്ച് അധികമാളുകളും വിലയിരുത്തുക)

ശാസ്ത്ര-മാനവിക വിഷയങ്ങളിലുള്ള വേര്‍തിരിവ് റദ്ദാക്കാനുള്ള ശ്രമങ്ങള്‍, പഠനം പാതിവഴിയില്‍ നിര്‍ത്താനും പിന്നീട് പുനരാരംഭിക്കാനുമുള്ള സംവിധാനങ്ങള്‍, കരിക്കുലത്തിന്റെ ഭാരം കുറച്ച് വിഷയ കേന്ദ്രീകൃതമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാണ്. ഇവയെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള വഴിയും, രീതിയും നിര്‍ദേശിക്കുന്നിടത്ത് പരിമിതികള്‍ ഏറെയുണ്ടെങ്കിലും.

സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്‌കാരിക അജണ്ടകള്‍ കൃത്യമായി പ്രതിഫലിക്കുന്നുണ്ട് പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്നതാണ് വിപ്ലവമാകേണ്ടിയിരുന്ന ഒരു നയം വിനാശമാകാനുള്ള കാരണം. തങ്ങള്‍ മുന്നോട്ടുവെച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടതായി സംഘ പരിവാര്‍ ചായ്്വുള്ള സംഘടനകള്‍ സന്തോഷത്തോടെ അവകാശപ്പെടുന്നുണ്ട്.
മാനവവിഭവശേഷി മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനര്‍ നാമകരണം ചെയ്യുക, രാഷ്ട്രീയ ശിക്ഷ ആയോഗ്, നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപവത്കരണം, അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിപ്പിക്കുക തുടങ്ങി തങ്ങളുടെ സുപ്രധാന നിര്‍ദേശങ്ങളെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇടം പിടിച്ചുവെന്ന് ആര്‍ എസ് എസിന്റെ കീഴിലുള്ള ഭാരതീയ ശിക്ഷാ മണ്ഡല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

പ്രൈമറി വിദ്യാഭ്യാസം, മാതൃഭാഷയിലാക്കുക, പാഠപുസ്തകങ്ങള്‍ പുതുക്കാനുള്ള കമ്മിറ്റി രൂപവത്കരിക്കുക, റിസര്‍ച്ച് ഫൗണ്ടേഷനെ പ്രഖ്യാപിക്കുക തുടങ്ങി തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ശിക്ഷാ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് ദേശീയ സെക്രട്ടറി അതുല്‍ കോത്താരി പറയുന്നു. ആര്‍ എസ് എസ് നേതാവ് ബാലാ മുകുന്ദ് പാണ്ഡെ പ്രതികരിച്ചത് ഞങ്ങള്‍ സമര്‍പ്പിച്ച 80% നിര്‍ദേശങ്ങളും സമിതി അംഗീകരിച്ചുവെന്നാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയമാണ് രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ്. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ഹിന്ദുത്വവത്കരണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ രേഖയെന്ന് ജനം സംശയിക്കുന്നതും അതുകൊണ്ടാണ്.

സംഘപരിവാര്‍ അധികാരമേറിയത് മുതല്‍ നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണം ലക്ഷ്യംവെച്ചിട്ടുളളതായിരുന്നു എന്നത് രഹസ്യമല്ലല്ലോ.
ചരിത്രത്തിന്റെ പൊളിച്ചെഴുത്ത്, ദേശീയതയേയും, രാജ്യസ്നേഹത്തേയും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസാചാര രീതികളുമായി കൂട്ടിക്കെട്ടല്‍, മുത്തലാക്ക് നിരോധനം, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വനിര്‍ണയം, സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാരം കുറയ്ക്കാന്‍ എന്ന പേരില്‍ സെക്കുലറിസം , നാഷണലിസം, ഫെഡറലിസം, പൗരത്വം തുടങ്ങിയവ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ വെട്ടിമാറ്റല്‍, ബാബരി മസ്ജിദ് ഭൂമിയിലെ ക്ഷേത്രനിര്‍മാണം തുടങ്ങി വിദ്യാഭ്യാസനയത്തിലെ കാവിവല്‍ക്കരണം വരെ എത്തിനില്‍ക്കുന്ന ഹിന്ദുത്വ അജണ്ടകള്‍ ഇന്ത്യ എന്ന ആശയത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് .

പുതിയ വിദ്യാഭ്യാസ നയരേഖ ഒരിടത്തും മതേതരത്വത്തെക്കുറിച്ചോ, ജനാധിപത്യത്തെകുറിച്ചോ പറയുന്നില്ല എന്നത് തന്നെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്‌കൂളിലും, ഉന്നത വിദ്യാഭ്യാസരംഗത്തും സംസ്‌കൃതത്തിന് പ്രാമുഖ്യം നല്‍കുന്നത് തന്നെ പരിഷ്‌കരണത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു. ഭാവിയില്‍ സംസ്‌കൃതം അടിച്ചേല്‍പ്പിക്കുന്ന രൂപത്തില്‍ ഈ നയം വികസിക്കുമെന്ന് ന്യായമായും കരുതേണ്ടിയിരിക്കുന്നു. ആധുനികവത്കരണമാണ് ഈ നയത്തിന്റെ മുഖമുദ്ര എന്ന് പറയുകയും, അതിനു വിരുദ്ധമായി സംസ്‌കൃതത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുകയാണ് സര്‍ക്കാര്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ നടത്തിപ്പില്‍ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ ഇ പി 2020) വലിയ മാറ്റങ്ങളാണ് നിര്‍ദേശിക്കുന്നത്. ലോ കോളജുകളും മെഡിക്കല്‍ കോളജുകളും ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുമ്പോള്‍ സര്‍ക്കാരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
നിശ്ചിത കാലശേഷം കോളജുകള്‍ സ്വയംഭരണ സ്ഥാപനമായോ, സര്‍വകലാ ശാലയുടെ അനുബന്ധ കോളജ് ആയോ മാറ്റുമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രഖ്യാപനം. കല്‍പ്പിത സര്‍വകലാശാലകളിലും, സ്വയംഭരണ സ്ഥാപനങ്ങളിലും തീരുമാനമെടുക്കാന്‍ അധികാരം മാനേജ്മെന്റിനാ ണെന്നിരിക്കെ സംഘപരിവാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുമെന്നര്‍ഥം.
ഇന്ത്യ അടക്കിഭരിക്കുമ്പോഴും രാജ്യത്തെ കാമ്പസുകളിലൊന്നും ബിജെപി യുടെ വര്‍ഗീയ രാഷ്ട്രീയത്തിന് വേരോട്ടമില്ല. അത്തരമൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് വിദ്യാര്‍ഥി മുന്നേറ്റങ്ങളെ അടിച്ചൊതുക്കാമെന്നാണ് സര്‍ക്കാര്‍ ഈ നയത്തിലൂടെ കരുതുന്നത്.
ഗവേഷണം പൂര്‍ണമായും ദേശീയ താല്‍പര്യത്തില്‍ അധിഷ്ഠിതമാ യിരിക്കണമെന്നാണ് എന്‍.ഇ. ഇ.പി 2020 യുടെ നിര്‍ദേശം. ബി ജെ പി ഭരണത്തില്‍ ദേശീയ താല്‍പര്യങ്ങളെന്നത് സംഘപരിവാറിന്റെ ഇഷ്ടങ്ങള്‍ ആകുമ്പോള്‍ ഗവേഷണ മേഖല എവിടെ എത്തുമെന്ന് കണ്ടറിയണം. ഉന്നത ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പുരോഗമന ആശയക്കാരും, മതേതര ചിന്താഗതിക്കാരുമാണെന്നത് ബിജെപിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ബിജെപിയുടെ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ അംഗീകരിക്കാത്ത അത്തരക്കാരെ അവസരം നിഷേധിച്ചോ, വിഷയനിര്‍ണയത്തിലെ സ്വതന്ത്രാധികാരം ഇല്ലാതാക്കിയോ അരികുവല്‍ക്കരിക്കാനുള്ള ശ്രമം കൂടിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. അതോടൊപ്പം ശാസ്ത്രത്തെക്കാള്‍ ഇന്ത്യന്‍ മിത്തുകളെ ശാസ്ത്രം എന്ന രീതിയില്‍ അവതരിപ്പിക്കാനും അതിന് തയാറാകുന്നവരെ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കം കൂടിയായി ഇതിനെ വിലയിരുത്തേണ്ടി വരും. 2013 ലാണ് ഇന്ത്യ നൂറാം ശാസ്ത്രകോണ്‍ഗ്രസ് നടത്തിയത്. അന്നത്തെ തീം ശാസ്ത്ര പുരോഗതി ഭാവി ഇന്ത്യക്ക് എന്നതായിരുന്നുവെങ്കില്‍ മോഡി കാലത്ത് ശാസ്ത്രകോണ്‍ഗ്രസ് എത്തുമ്പോള്‍ രൂപവും, ഭാവവും, വിഷയങ്ങളുമെ ല്ലാം അമ്പേ മാറിയിരിക്കുന്നു. സയന്‍സിന് പകരം ചര്‍ച്ച ചെയ്യപ്പെട്ടത് മിത്തുകളും, കെട്ടുകഥകളും ആയിരുന്നു.
വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വസ്തുതകള്‍ക്ക് നിരക്കാത്ത പേപ്പറുകളാണ് 2019 ലെ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടത്. അത്തരം അയുക്തികതയെ വിതരണം ചെയ്യുന്ന, അങ്ങനെ വൈകാരികമായി ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന ഗവേഷണങ്ങളും, ഗവേഷകരെയുമാണ് ഇതിലൂടെ സംഘപരിവാരം സ്വപ്നം കാണുന്നത്.

സംഘ സാംസ്‌കാരിക സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും, ആശയപ്രചാരണം സുഗമമാക്കുകയും ചെയ്യുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് സുതരാം വ്യക്തമാണ്.

എ പി മുഹമ്മദ് അശ്ഹര്‍

You must be logged in to post a comment Login