വിശുദ്ധ ഖുര്‍ആന്‍: ആവര്‍ത്തനങ്ങളിലെ സൗന്ദര്യം

വിശുദ്ധ ഖുര്‍ആന്‍: ആവര്‍ത്തനങ്ങളിലെ സൗന്ദര്യം

‘പൂര്‍വ്വ സമുദായങ്ങളുടെ ചരിത്രകഥകളും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുമെല്ലാം അടങ്ങുന്ന ധാരാളം ആവര്‍ത്തനങ്ങള്‍ ഖുര്‍ആനിലുണ്ട്. അവ ഒഴിച്ചുനിര്‍ത്തിയാല്‍ വിധിവിലക്കുകളും വിശ്വാസകാര്യങ്ങളും സ്വഭാവഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കൊച്ചു ഗ്രന്ഥമായിരിക്കും ഖുര്‍ആന്‍. ഈ ആവര്‍ത്തനങ്ങള്‍ മുഹമ്മദ് നബിയുടെ(സ) വ്യാജസൃഷ്ടിയാണ് ഖുര്‍ആന്‍ എന്നത് സാക്ഷ്യപ്പെടുത്തുന്നുണ്ട്’ എന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഈ ആരോപണത്തെ ഒന്നു വിശകലനം ചെയ്യാം.

പ്രഥമമായി, വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനമെന്ന ‘പ്രതിഭാസം’ രണ്ടു തരത്തിലാണ് പ്രകടമായിട്ടുള്ളത്. ഒന്ന്: സമാന വാക്കുകളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം. രണ്ട്: ചില ആശയങ്ങളുടെ ആവര്‍ത്തനം (പൂര്‍വ്വ സമുദായങ്ങളുടെ കഥകളും മരണാനന്തരകാര്യങ്ങളും ആവര്‍ത്തിച്ചുവരുന്നത് ഉദാഹരണം).

വാക്കുകളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം
വാക്കുകളുടെ ആവര്‍ത്തനത്തെ ആദ്യം പരിശോധിക്കാം. സ്പഷ്ടമല്ലാത്ത, അഗാധമായ അര്‍ഥതലങ്ങള്‍ കുറിക്കുന്ന വാക്കുകളാണ് ഖുര്‍ആനില്‍ ആവര്‍ത്തിച്ചിട്ടുള്ളത്. ചില സാങ്കേതിക അര്‍ഥങ്ങള്‍ക്കാണ് പൊതുവേ അത്തരം പദങ്ങള്‍ ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടത്. അത്തരം പദങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതിലൂടെ അവയുടെ വിശാലമായ അര്‍ഥങ്ങള്‍ സംബോധിതരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നു. ‘അല്‍ ഖാരിഅ’, ‘അല്‍ഹുത്വമ’, ‘സഖര്‍’ തുടങ്ങിയ പദങ്ങളുടെ ആവര്‍ത്തനം ഉദാഹരണം.

പദ പ്രയോഗത്തിനു പിന്നിലെ താല്‍പര്യം സാക്ഷാത്കരിക്കാന്‍ അങ്ങേയറ്റം അനുപേക്ഷണീയമാണ് എന്നതുകൊണ്ട് ‘മഖ്ബൂല്‍’ (സ്വീകാര്യം) ആയ സാഹിത്യ സങ്കേതമായാണ് അറബി സാഹിത്യലോകം ഇത്തരം ആവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നത്. കൂടുതല്‍ ബോധ്യപ്പെടുന്നതിന് ചുവടെ നല്‍കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക.

‘വഴിയെ ഞാന്‍ അവനെ സഖറില് (നരകത്തില്) ഇട്ട് എരിക്കുന്നതാണ്. ‘സഖര്‍’ എന്നാല്‍ എന്താണെന്ന് അങ്ങേയ്ക്ക് അറിയുമോ? അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല. അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്. അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്'(മുദ്ദസ്സിര്‍/26-30). ഇവിടെ രണ്ടാമത് നല്‍കിയ സൂക്തത്തില്‍ ‘സഖര്‍’ എന്ന പദത്തിന്റെ ‘ളമീര്‍’ (ഗോപ്യനാമം) ഉപയോഗിച്ചുകൊണ്ട് ‘അതെന്താണെന്ന് അറിയുമോ?’ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ അറബികള്‍ക്കിടയില്‍ വ്യാപകമായി കേട്ടുകേള്‍വിയില്ലാത്ത പദമായിരുന്നു ‘സഖര്‍’. അതോടൊപ്പം ഭീതിദമായ അര്‍ഥത്തെയാണ് (നരകം) ആ പദം കുറിക്കുന്നത്. ഈ കാരണം കൊണ്ട് സഖര്‍ എന്ന പദത്തെ സ്പഷ്ടമായി തന്നെ ഉപയോഗിക്കുന്നത് സംബോധിതരില്‍ ഭയം സൃഷ്ടിക്കാന്‍ സഹായകമായിത്തീരുന്നു. അറബി സാഹിത്യ പരിജ്ഞാനമുള്ള ആര്‍ക്കും ഇത്തരം ഖുര്‍ആനിക ആവര്‍ത്തനങ്ങളിലെ സാഹിത്യഭംഗി അനുഭവിച്ചറിയാന്‍ സാധിക്കും. അത്തരത്തില്‍, പര്യാപ്തമായ അറബി സാഹിത്യ പരിജ്ഞാനം നേടാത്തത് കൊണ്ടാണ് പടിഞ്ഞാറന്‍ ഓറിയന്റല്‍ വായനകളില്‍ ആരോപണങ്ങളുടെ വളക്കൂറുള്ള മണ്ണ് കാണാന്‍ കഴിയുന്നത്. അറേബ്യന്‍ പാരമ്പര്യമുള്ള ചിലര്‍തന്നെ പടിഞ്ഞാറന്‍ വിമര്‍ശനങ്ങള്‍ തലയില്‍ ഏറ്റുന്നതിലൂടെ ഓറിയന്റലിസ്റ്റുകളുടെ ദാസ്യപ്പണി ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.

അറബിസാഹിത്യലോകത്ത് സുപരിചിതവും സുപ്രസിദ്ധവുമായ രണ്ടുവരി കാവ്യശകലങ്ങള്‍ ഇങ്ങനെ വായിക്കാം;

‘ഫലൈതല്‍ ഗളാ ലം യഖ്ത്വഇ റക്ബു ഹൗലഹു/ വലൈതല്‍ ഗളാ മാഷാ രികാബ ലയാലിയാ,

ലഖദ് കാന ഫീ അഹ്‌ലില്‍ ഗളാ ലൗ ദനല്‍ ഗളാ/ മസാറുന്‍ വലാകിന്നല്‍ ഗളാ ലൈസ ദാനിയാ’.

മാതൃനാടിന്റെ ഓര്‍മകള്‍ അയവിറക്കുകയും അവിടെ ചെന്നെത്താന്‍ വെമ്പല്‍കൊള്ളുകയുമാണ് കവി. വിരഹത്തിന്റെ പ്രതീകമായ ‘ഗളാ’ (ഒരു മരം) എന്ന പദമാണ് തീക്ഷ്ണമായ കവിവികാരങ്ങളെ മനോഹരമായി വരച്ചിടുന്നത്. ചുരുക്കത്തില്‍, വാക്കുകള്‍ ആവര്‍ത്തിക്കുന്നത് എപ്പോഴും ആരോചകമാണെന്ന പാശ്ചാത്യ വിമര്‍ശകരുടെ സാഹിത്യ സങ്കല്പം തീര്‍ത്തും അന്തസാരശൂന്യവും വാസ്തവവിരുദ്ധവുമാണ്.

വാക്യങ്ങളുടെ ആവര്‍ത്തനവും നിര്‍ണിത മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അറബി സാഹിത്യലോകം അംഗീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിനു പുറമേ അറബി ഗദ്യ-പദ്യ സാഹിത്യ രൂപങ്ങളിലെല്ലാം ഇത്തരം ആവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിയും. വിശുദ്ധ ഖുര്‍ആനില്‍ ‘മുര്‍സലാത്’ അധ്യായത്തില്‍ ആവര്‍ത്തിച്ചുവരുന്ന വചനം ഇങ്ങനെ വായിക്കാം; ‘അന്നേദിവസം നിഷേധിച്ചുതള്ളിയവര്‍ക്കാണ് നാശം’ (15/77). പ്രസ്തുത അധ്യായത്തിലെ ഹ്രസ്വമായ സൂക്തങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഈ വചനം ആവര്‍ത്തിക്കുന്നു. അതിന്റെ സാഹിത്യഭംഗി പൂര്‍ണമായി അനാവൃതമാകുന്നത് മുര്‍സലാത്ത് അധ്യായത്തിലെ സുപ്രധാന പ്രതിപാദ്യ വിഷയങ്ങളെ കൃത്യമായി മനസ്സിലാക്കുമ്പോഴാണ്.

അല്ലാഹുവിന്റെ ദൈവികത, സര്‍വ സൃഷ്ടികള്‍ക്കും മീതെയുള്ള അവന്റെ അപ്രമാദിത്വം, അത് സ്ഥാപിക്കാന്‍ ഉപോല്‍ബലകമാകുന്ന തെളിവുകള്‍- തുടങ്ങിയ കാര്യങ്ങളാണ് ഉദ്ധൃത അധ്യായം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. തികച്ചും സ്പഷ്ടവും യാഥാര്‍ത്ഥ്യവുമായ ഉപരിസൂചിത വസ്തുതകള്‍ തള്ളിപ്പറയുകയും മുഖം തിരിച്ചുകളയുകയും ചെയ്യുന്നവര്‍ക്ക് ഭയാനകമായ ശിക്ഷ പാരത്രിക ലോകത്ത് ലഭിച്ചേക്കും എന്ന് ആവര്‍ത്തിച്ചുപറയുന്നത് പ്രതിപാദ്യ വിഷയങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളാനും വലിയതോതില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാനും സഹായകമായിത്തീരുന്നു. ചുവടെ ചേര്‍ത്തിരിക്കുന്ന മുര്‍സലാത് അധ്യായത്തിലെ ഏതാനും ചില സൂക്തങ്ങള്‍ സശ്രദ്ധം വായിച്ചുനോക്കിയാല്‍ ഈ യാഥാര്‍ഥ്യം പൂര്‍ണമായും ബോധ്യപ്പെടും.

‘നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. നിശ്ചിതമായ ഒരു അവധി വരെ. അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്! അന്നേ ദിവസം നിഷേധിച്ചുതള്ളിയവര്‍ക്കാകുന്നു നാശം. ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം ജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ചുതള്ളിയവര്‍ക്കാകുന്നു നാശം'(മുര്‍സലാത്ത്/ 21-28).
സമാന രീതിയില്‍ അധ്യായം റഹ്മാനില്‍ പലതവണ ആവര്‍ത്തിച്ച വചനമാണ് ‘അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും (മനുഷ്യരും ജിന്നുകളും) രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?’ ഈ ആവര്‍ത്തനത്തിന്റെ സൗന്ദര്യത്തെയും നമുക്ക് പരിശോധിക്കാം. സത്യസരണിയില്‍ നിന്നും നിരന്തരം വ്യതിചലിച്ചുകൊണ്ടിരിക്കുന്ന പ്രകൃതക്കാരാണല്ലോ മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍. അല്ലാഹു നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ സദാ വിസ്മരിക്കുന്നവരാണ് അധികപേരും. അത്തരം അനുഗ്രഹങ്ങളെ പറ്റി എണ്ണിപ്പറയുകയാണ് അധ്യായം റഹ്മാനിലൂടെ അല്ലാഹു. അപ്പോള്‍ ഓരോ അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ച ഉടനെയും ‘ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്’ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നത്, അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകാശിപ്പിക്കും വിധം സംബോധിതനെ പാകപ്പെടുത്താന്‍ വളരെയധികം സഹായകമായിത്തീരുന്നു.
കൂടുതല്‍ വ്യക്തത വരുത്താന്‍ അധ്യായം റഹ്മാനിലെ ഏതാനും വചനങ്ങള്‍ ചുവടെ നല്‍കാം:

‘ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു. അതില്‍ പഴങ്ങളും ഈന്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിഷേധിക്കുന്നത്? കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില്‍ നിന്ന് മനുഷ്യനെ അവന്‍ സൃഷ്ടിച്ചു. തീയ്യിന്റെ, പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു. അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?'(റഹ്മാന്‍/11-17).

ആശയങ്ങളുടെ ആവര്‍ത്തനം
ചരിത്ര വിവരണങ്ങള്‍, പാരത്രികലോകത്തു നടക്കാനിരിക്കുന്ന സംഭവവികാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലുള്ള ഖുര്‍ആനിലെ ആവര്‍ത്തനങ്ങളാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍, വിശുദ്ധ ഖുര്‍ആനില്‍ ചില ചരിത്രസംഭവങ്ങളും മറ്റും ആവര്‍ത്തിക്കുന്നുണ്ടെന്നു പറയാമെങ്കിലും നാം പരിചയിച്ചിട്ടുള്ള, മടുപ്പുളവാക്കുന്ന സാധാരണ ആവര്‍ത്തനങ്ങളായി അവയെ വിധിയെഴുതാന്‍ കഴിയില്ല. ഉദാഹരണത്തിന് നൂഹ് നബിയുടെ (അ) ചരിത്രവിവരണം നോക്കുക, മൂന്നുതവണയാണ് അടിസ്ഥാനപരമായി പ്രസ്തുത വിഷയം ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടത്. ഓരോ തവണ പ്രസ്തുത സംഭവം വിവരിക്കുമ്പോഴും പുതിയതും വ്യതിരിക്തവുമായ ധാരാളം ചിന്തകളും വികാരങ്ങളുമാണ് വിശുദ്ധ ഖുര്‍ആന്‍ വായനക്കാരനു സമ്മാനിക്കുന്നത്. ഓരോ തവണയും ഖുര്‍ആനിക ആവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്നത് പ്രതിപാദ്യ വിഷയങ്ങളുടെ വ്യത്യസ്ത കോണുകളിലാണ്. മാസ്മരികവും അപ്രാപ്യവുമായ വ്യത്യസ്ത വാക്യ ഘടനകളും സാഹിത്യ സങ്കേതങ്ങളുമാണ് ഓരോ വിവരണത്തിലും ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. അധ്യായം ഹൂദ് 25, 49 വചനങ്ങള്‍, അധ്യായം ഖമര്‍ 9-15 വചനങ്ങള്‍, അധ്യായം നൂഹ്- എന്നീ ഭാഗങ്ങള്‍ അറബി ഭാഷാ സാഹിത്യ പ്രാവീണ്യമുള്ള ഏതൊരാളും നിഷ്പക്ഷമായി മനസ്സിരുത്തി വായിച്ചാല്‍ എത്ര മനോഹരമായാണ് മൂന്നുതവണയും വിശുദ്ധ ഖുര്‍ആന്‍ പ്രസ്തുത ചരിത്രം ആഖ്യാനം ചെയ്തതെതെന്ന് ബോധ്യപ്പെടും. ത്വാഹ, അഅ്റാഫ്, ഖസസ് എന്നീ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന മൂസാ നബിയുടെ (അ) ചരിത്രവും ഇത്തരത്തില്‍ പഠനവിധേയമാക്കിയാല്‍, ഓരോ തവണയും വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെ വായനക്കാരന് മുന്നില്‍ ഖുര്‍ആന്‍ തുറന്നുവെക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.

ഇതേ പ്രതിഭാസം തന്നെയാണ് പരലോക വിഷയങ്ങളിലുള്ള ആവര്‍ത്തനങ്ങളിലും പ്രകടമാകുന്നത്. അതെല്ലാം വിശദീകരിച്ച് കുറിച്ചിടാന്‍ ചുരുങ്ങിയ താളുകള്‍ അപര്യാപ്തമാണ്. ‘അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി'(റഹ്മാന്‍/113).

വിവ: സിനാന്‍ ബശീര്‍

ശൈഖ് റമളാന്‍ ബൂതി

You must be logged in to post a comment Login