ഭരണകൂടത്തിന്റെ മൃഗയാ വിനോദങ്ങള്‍

ഭരണകൂടത്തിന്റെ മൃഗയാ വിനോദങ്ങള്‍

കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് മുഖ്യധാരാ ഇന്ത്യയില്‍ അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇബുംഗോ നാംഗാമിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ 1980ല്‍ സ്ഥാപിതമായ തീവ്ര ഇടതു സംഘടനയാണത്. മണിപ്പൂരിന്റെ പൗരാണികനാമമാണ് കാംഗ്ലായിപാക്. ഇന്ത്യയുടെ ആധിപത്യത്തില്‍നിന്ന് മണിപ്പൂരിനെ മോചിപ്പിക്കുകയെന്നതുകൂടി ആ നിരോധിത സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മറ്റെല്ലാ മാവോവാദി സംഘടനകളെയും പോലെ കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പത്തോ പന്ത്രണ്ടോ വിഭാഗങ്ങളായി പിളര്‍ന്നു. അതിലൊന്നിന്റെ പേര് കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(മിലിറ്ററി കൗണ്‍സില്‍) എന്നാണ്. നിര്‍ബന്ധിത പണപ്പിരിവുമായി നടക്കുന്ന എത്രയോ വിഘടനവാദി സംഘടനകളില്‍ ഒന്നായാണ് മണിപ്പൂരുകാര്‍ ഈ സംഘടനയെ കാണുന്നത്.
ഡല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളിയായ പ്രൊഫസര്‍ ഹാനി ബാബു കാംഗ്ലായിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. രണ്ടര വര്‍ഷം മുമ്പു നടന്ന ഒരു ദളിത് സംഗമത്തിന്റെ സംഘാടനത്തില്‍ പങ്കാളിയാണെന്നു പറഞ്ഞ് കഴിഞ്ഞ മാസം അറസ്റ്റു ചെയ്യപ്പെട്ട ഹാനിബാബുവിന് ഈ നിരോധിത സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ ഐ എ) കണ്ടെത്തല്‍. മണിപ്പൂരിലെ ഈ സംഘടനയുടെ പ്രചാരണവിഭാഗം സെക്രട്ടറി പൈക്കോംബ മെയ്‌ത്തേയിയുമായി ഹാനി ബാബു നടത്തിയ കത്തിടപാടുകള്‍ വീണ്ടെടുത്തതായി എന്‍ ഐ എ ആഗസ്ത് രണ്ടിന് പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.

ജാതിവിരുദ്ധ പ്രവര്‍ത്തകനായാണ് ഡോ. ഹാനി ബാബു അറിയപ്പെടുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ അക്കാദമിക് രംഗങ്ങളില്‍ ദളിത്, പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് അവസരസമത്വം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരുന്നത്. ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ തുടര്‍ച്ചയാണ് ഹാനിബാബുവിന്റെ അറസ്റ്റെന്ന് ലോകമറിയുന്ന 2,000 പണ്ഡിതരും സാമൂഹിക പ്രവര്‍ത്തകരും കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്പാടും കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ രാജ്യത്തെ സ്വതന്ത്ര ബുദ്ധിജീവികളെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ഹാനിബാബുവിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ബദല്‍ രൂപങ്ങളോട് ഹിന്ദു ഫാഷിസത്തിനുള്ള ഭയമാണ് ഹാനിബാബുവിന്റെ അറസ്റ്റിനു പിന്നിലെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞിട്ടുണ്ട്. ഹാനിബാബു ഉള്‍പ്പെടെയുള്ള വ്യക്തികള്‍ പ്രതിനിധാനം ചെയ്യുന്ന മതനിരപേക്ഷ, ജാതിവിരുദ്ധ, മുതലാളിത്തവിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാഷിസത്തിന് വ്യക്തമായ ബദല്‍ ആഖ്യാനം നല്‍കുമെന്ന് ഭരണകൂടത്തിനറിയാം. രാജ്യത്തെ പ്രതിസന്ധിയിലേക്കു നയിക്കുകയും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദുഫാഷിസത്തിനും അതിന്റെ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും ഇവരുടെ രാഷ്ട്രീയം സാംസ്‌കാരികമായും രാഷ്ട്രീയമായും ഭീഷണി ഉയര്‍ത്തുകയാണെന്ന് ഭരണകൂടം കരുതുന്നു. ആ ഭയത്തിന്റെ പ്രകടിതരൂപമാണ് ഈ അറസ്റ്റുകളെന്ന് അരുന്ധതി റോയ് അഭിപ്രായപ്പെടുന്നു.

വിചിത്രമാണ് ആ അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ തന്നെ. ഹാനിബാബുവിന്റെ നോയ്ഡയിലെ വീട്ടില്‍ 2019 സെപ്തംബര്‍ 10ന് മഹാരാഷ്ട്ര പൊലീസ് റെയ്ഡിനു വരുന്നതോടെയാണ് തുടക്കം. ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിന് പൂനെയ്ക്കടുത്ത് കോറേഗാവിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ഹാനിബാബുവിന് ബന്ധമുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു റെയ്ഡിന്റെ ഉദ്ദേശ്യം. സെര്‍ച് വാറന്റ് പോലുമില്ലാതെ വന്ന പൊലീസ് സംഘം ആറു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഹാനിബാബുവിന്റെ പുസ്തകങ്ങളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കൊണ്ടുപോയി.

ഏതാണ്ട് ഒരു വര്‍ഷം തികയാറാവുമ്പോള്‍ ഈ ജൂലായ് മാസത്തിലാണ് ഹാനിബാബുവിന് സമന്‍സ് വരുന്നത്. അപ്പോഴേക്ക് മഹാരാഷ്ട്രയില്‍ ഭരണമാറ്റമുണ്ടാവുകയും ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷിമൊഴി നല്‍കാനെത്തണമന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടത്. കൊവിഡിന്റെ ഭീഷണിക്കിടെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ഹാനിബാബുവിനെ നാലഞ്ചു ദിവസം ചോദ്യംചെയ്ത ശേഷമാണ് ജൂലൈ അവസാനം അറസ്റ്റു രേഖപ്പെടുത്തിയത്. മാവോവാദം പ്രചരിപ്പിക്കുകയും നക്‌സലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നയാളാണ് ഹാനിബാബു എന്ന് ബോധ്യപ്പെട്ടതായും ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് മനസ്സിലായതായും എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം നോയ്ഡയിലെ വസതിയില്‍ വീണ്ടും തിരച്ചില്‍ നടത്തിയ ശേഷമാണ് മണിപ്പൂരിലെ സംഘടനയുമായുള്ള ബന്ധത്തിന്റെ കഥ വരുന്നത്.
തന്റെ വിദ്യാര്‍ഥികളെ ഭാഷയിലും സംസ്‌കാരത്തിലും താല്പര്യം ജനിപ്പിക്കാന്‍ പരിശ്രമിച്ചു എന്നതാണ് ഹാനിബാബു ചെയ്ത കുറ്റമെന്ന് അദ്ദേഹത്തിന്റെ ശിഷ്യനും അശോക സര്‍വകലാശാലയില്‍ സീനിയര്‍ ഫെലോയുമായ ജ്യോതിര്‍മയ് താലൂക്ദര്‍ ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സഹപ്രവര്‍ത്തകന്‍ എന്ന പരിഗണന മാത്രം വെച്ചാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫ.ജി എന്‍ സായിബാബയുടെ മോചനത്തിനായി ഹാനിബാബു രംഗത്തിറങ്ങിയതെന്ന് മിരാന്‍ഡ ഹൗസില്‍ ഇംഗ്ലീഷ് അധ്യാപികയായ ജെന്നി റൊവേന ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്ര ഇടതു സംഘടനകളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ലെന്നും ജെന്നി റൊവേന പറയുന്നു. മാവോവാദി ബന്ധം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സായിബാബയ്ക്ക് നീതി നല്‍കണം എന്നാവശ്യപ്പെട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതാണ് ഹാനിബാബുവിനെ നോട്ടപ്പുള്ളിയാക്കിയതെന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ സഹപ്രവര്‍ത്തകനായ അപൂര്‍വാനന്ദ് ‘ദ സ്‌ക്രോളില്‍’ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാവോവാദി ബന്ധം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സായിബാബ നാഗ്പുര്‍ ജയിലിലാണിപ്പോള്‍. 90 ശതമാനം അംഗവൈകല്യമുള്ള സായിബാബ ജയിലില്‍ കൊവിഡ് പടരുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. കൊവിഡ് പടരുന്നത് തടയാന്‍ ജയിലധികൃതര്‍ മതിയായ മുന്‍കരുതലുകളെടുത്തിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. സായിബാബയുടെ തടവുശിക്ഷയെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് ഹാനിബാബു. ഡല്‍ഹി സര്‍വകലാശാലയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്നു സായിബാബ എന്നതുകൊണ്ടാണ് അദ്ദേഹം ഈ വിഷയം ഏറ്റെടുത്തതെന്ന് ഹാനിബാബുവിന്റെ ഭാര്യ പറയുന്നു. പക്ഷേ അതോടെ അദ്ദേഹം അധികൃതരുടെ നോട്ടപ്പുള്ളിയായി. സര്‍വകലാശാലാ അധ്യാപകനായിരിക്കുകയും സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നതോടെ നിങ്ങള്‍ നോട്ടപ്പുള്ളികളാകുന്നു എന്ന് അറസ്റ്റിനു മുമ്പ് കാരവന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഹാനിബാബു പറഞ്ഞിരുന്നു. എല്‍ഗാര്‍ പരിഷത്തുമായി ഒരു ബന്ധവുമില്ലെന്നും അതു സംബന്ധിച്ച യോഗങ്ങളില്‍ ഒന്നില്‍പോലും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
രണ്ടര വര്‍ഷം മുമ്പ് കോറേഗാവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ചുമത്തി അറസ്റ്റിലാവുന്ന പന്ത്രണ്ടാമത്തെയാളാണ് ഹാനിബാബു. ആദ്യം കേസന്വേഷിച്ച പൂനെ പൊലീസാണ് ഒമ്പതു പേരെ അറസ്റ്റു ചെയ്തത്. പിന്നീട് കേസ് ഏറ്റെടുത്ത എന്‍ ഐ എ മൂന്നുപേരെ അറസ്റ്റു ചെയ്തു. ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ കോറേഗാവിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്നാരോപിച്ചായിരുന്നു ഈ അറസ്റ്റുകളെല്ലാം. കവി വരവര റാവു, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് റോണ വില്‍സണ്‍, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, വനിതാവിമോചന പ്രവര്‍ത്തകയും നാഗ്പൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെന്‍, മറാഠി ബ്ലോഗ് എഴുത്തുകാരന്‍ മഹേഷ് റാവുത്ത്, കമ്യൂണിസ്റ്റ് നേതാവ് സുധ ഭരദ്വാജ്, അഭിഭാഷകന്‍ അരുണ്‍ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, പൗരാവകാശ പ്രവര്‍ത്തകനും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രൊഫസറുമായ ആനന്ദ് തെല്‍ത്തുംബ്‌ഡേ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലാഖ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

എല്‍ഗാര്‍ പരിഷത്തിന്റെ സംഘാടകര്‍ തങ്ങളായിരുന്നെന്ന് വിരമിച്ച ന്യായാധിപന്‍മാരായ ബി ജി കോല്‍സെ പാട്ടീലും പി ബി സാവന്തും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയതക്കെതിരായ പ്രചാരണം അല്ലാതെ മറ്റൊരു ലക്ഷ്യവും അതിനില്ലായിരുന്നുവെന്നും മറ്റാരും അതിനു പിന്നിലില്ലായിരുന്നുവെന്നും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. എല്‍ഗാര്‍ പരിഷത്ത് അല്ല, യുദ്ധവാര്‍ഷികത്തിനു വന്ന ദളിത് പ്രവര്‍ത്തകര്‍ക്കുനേരെ ഹിന്ദുത്വ നേതാക്കളായ സംഭാജി ഭിഡേയും മിലിന്ദ് ഏക്‌ബോട്ടേയും ആസൂത്രണം ചെയ്ത അക്രമ സംഭവങ്ങളാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇവര്‍ക്കെതിരേയാണ് പൊലീസ് ആദ്യം കേസെടുത്തതും. എന്നാല്‍, എല്‍ഗാര്‍ പരിഷത്തില്‍ ചിലര്‍ നടത്തിയ വിപ്ലവ പ്രസംഗങ്ങളാണ് കലാപത്തിന് വഴിവെച്ചതെന്ന് കാണിച്ച് തുഷാര്‍ ദാംഗുഡേ എന്ന വ്യാപാരി നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിന്റെ ഗതി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ജാമ്യം നിഷേധിച്ച് തടങ്കലിലിട്ടു.

ഭരണകൂട ഭീകരതക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കുകയെന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ അജണ്ടയാണ് പൊലീസ് നടപടിയിലൂടെ വെളിപ്പെടുന്നതെന്ന് കോല്‍സേ പാട്ടീലും പി ബി സാവന്തും പറയുന്നു. അറസ്റ്റു ചെയ്യപ്പെട്ട മിക്ക സാമൂഹിക പ്രവര്‍ത്തകര്‍ക്കും എല്‍ഗാര്‍ പരിഷത്തുമായി ഒരു ബന്ധവുമില്ല. അറസ്റ്റു ചെയ്യപ്പെടും മുമ്പ് അവരില്‍ പലരെയും തനിക്ക് അറിയുക പോലുമില്ലായിരുന്നെന്ന് കൊല്‍സേ പാട്ടീല്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ശേഷം ഗുജറാത്ത് കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തിയ കമ്മീഷന്റെ ഭാഗമാവുകയും നരേന്ദ്രമോഡിക്കെതിരേ വിമര്‍ശനമുന്നയിക്കുകയും ചെയ്തതു മുതല്‍ ഹിന്ദുത്വ ശക്തികളുടെ കടുത്ത വിമര്‍ശകനാണ് ജസ്റ്റിസ് സാവന്ത്. പൂനെയിലെ ശനിവാര്‍ വാഡയില്‍ ആര്‍ എസ് എസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി പരിപാടി സംഘടപ്പിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയത്തടവുകാരുടെ പട്ടിക നീണ്ടുപോകുമ്പോഴും മൗനം ഭജിച്ചതില്‍ ഇന്ത്യക്കാര്‍ ഖേദിക്കേണ്ടിവരുമെന്ന് ‘ദ പ്രിന്റില്‍’ എഴുതിയ ലേഖനത്തില്‍ ശിവം വിജ് പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തിയവര്‍ക്കെതിരേ ഇതേ രീതിയാണ് അവലംബിക്കുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞ കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തകരോട് സ്വീകരിച്ചത് ഇതേ നയമാണ്.
രാജ്യത്തെ ജനകീയ സമരങ്ങളെയും മുന്നേറ്റങ്ങളെയുമെല്ലാം എല്ലാ തരത്തിലും ഇല്ലാതാക്കുക എന്ന ഹിന്ദുത്വ ഭരണകൂട അജണ്ടയാണ് ഇപ്പോള്‍ എന്‍ ഐ എ നടപ്പാക്കുന്നത്. ഡല്‍ഹിയില്‍ മുസ്ലിംകളെ കൊന്നുതള്ളാന്‍ ആഹ്വാനം നല്‍കിയ സംഘപരിവാര്‍ ഭീകരവാദികളും അത് നടപ്പാക്കിയ ഹിന്ദുത്വ ഭീകരന്മാരും സ്വതന്ത്രരായി നടക്കുമ്പോഴാണ് ഭരണഘടനാപരമായ പൗരാവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന മനുഷ്യരെ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നത്. വ്യാജ തെളിവുകള്‍ ചമച്ച് ഹാനിബാബുവിനെ ജയിലിലടച്ച് വേട്ടയാടാനാണ് എന്‍ ഐ എ ശ്രമമെന്ന് ഭാര്യ ജെന്നി റൊവേന പറയുന്നു. ഗുരുതര സാഹചര്യമാണിത്. കൃത്രിമമായി തെളിവുണ്ടാക്കി ആരെയും വേട്ടയാടാം എന്ന ദുരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. നമ്മള്‍ കേട്ടിട്ടുപോലുമില്ലാത്ത ഏതെങ്കിലും തീവ്രവാദ സംഘടനയുമായി നമുക്കു ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ നാളെ കണ്ടെത്തിയേക്കാം.

വി ടി സന്തോഷ്

You must be logged in to post a comment Login