ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഇനിയുള്ള ആത്മഗതങ്ങള്‍

ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ഇനിയുള്ള ആത്മഗതങ്ങള്‍

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് നാം സംസാരിക്കാന്‍ തുടങ്ങുന്ന ഈ ദിവസം അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിടത്ത്, ബാബരി മസ്ജിദ് സംഘപരിവാര്‍ പൊളിച്ചും പൊടിച്ചും കളഞ്ഞിടത്ത്, ഭൂമിപൂജക്ക് ഒരുങ്ങുകയാണ്. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പിറവിയെടുക്കുകയും, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തണലില്‍ വളരുകയും, മതേതര ദേശീയതയുടെ പ്രതിച്ഛായയില്‍ തഴയ്ക്കുകയും ചെയ്ത ഒരു മലയാള ദിനപത്രം- മാതൃഭൂമി, ഭക്തര്‍ കാലങ്ങളായി കാത്തിരുന്ന നിമിഷമെന്നാണ് ആ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ശിരസാവഹിച്ചുകൊണ്ടാണ് നാം ഈ സംഭാഷണം ആരംഭിക്കുന്നത്. മാറിയ ഇന്ത്യയില്‍ ഇരുന്ന്, ഇന്ത്യന്‍ മാധ്യമങ്ങളുടെ മാറിയ ഭാഷാവരമ്പുകളിലൂടെ തെന്നിത്തെന്നി സഞ്ചരിച്ചുകൊണ്ടല്ലാതെ മാറാന്‍പോകുന്ന ഇന്ത്യയെക്കുറിച്ച് എങ്ങനെ സംസാരിക്കാന്‍? മാറിയ ഇന്ത്യ എന്ന് പറഞ്ഞത് ഒരു കേവല അലങ്കാരമായല്ല. അയോധ്യയില്‍ സംഘപരിവാര്‍ അതിന്റെ ആഗ്രഹപൂര്‍ത്തീകരണം സര്‍വസന്നാഹങ്ങളോടെയും നടത്തുന്നതില്‍ ഒരു വിധത്തിലുള്ള നടുക്കത്തിനോ അത്ഭുതത്തിനോ വകയില്ല. മാത്രമല്ല, അതില്‍ ഒരു രാഷ്ട്രീയ സത്യസന്ധത ഉണ്ടുതാനും. കൊടും കുറ്റകൃത്യങ്ങളും ചിലപ്പോള്‍ സത്യസന്ധമാകാറുണ്ട്.
ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച മൂല്യങ്ങളെ വിപണനം ചെയ്ത പത്രം വായിച്ചുകൊണ്ടാണല്ലോ നാം തുടങ്ങിയത്. ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയ, അല്ലെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പലവിധ ബലങ്ങളാല്‍ രൂപപ്പെട്ട ചില മൂല്യബോധങ്ങള്‍ ഉണ്ട്. അതിന്റെ വിപരീത മൂല്യമാണ് സംഘപരിവാര്‍. അതൊരു രഹസ്യമോ ആക്ഷേപമോ അല്ല. സംഘം എല്ലാക്കാലത്തും അതിനെ സ്വകാര്യ അഭിമാനമായി സ്വീകരിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളില്‍ ഒന്ന് ഗാന്ധിയായിരുന്നു എന്നത് നിങ്ങള്‍ക്കറിയാം. ഒരര്‍ഥത്തില്‍ ദേശീയപ്രസ്ഥാനം പ്രവഹിപ്പിച്ച മൂല്യങ്ങളുടെ കേന്ദ്രബിംബം ഗാന്ധി ആയിരുന്നു. സംഘം അതിനെ നിരാകരിച്ചും റദ്ദാക്കിയും ഇല്ലാതാക്കിയുമാണ് പിറന്നത്, വളര്‍ന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ സംവാദത്തില്‍ ദേശീയപ്രസ്ഥാനം എന്തിന് എന്ന ചോദ്യം സ്വാഭാവികമാണ്. അതിന്റെ ഉത്തരം ഗോപാലകൃഷ്ണ ഗോഖലെ എന്നാണ്.
മിതവാദിയായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. ഗാന്ധിയുടെ രാഷ്ട്രീയ ഗുരു. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയ ഗാന്ധി ലണ്ടനിലെത്തി ഗോഖലെയെ കണ്ടതിന് ശേഷമാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. ഗാന്ധി രൂപപ്പെട്ട പ്രധാന ബലങ്ങളില്‍ ഒന്ന് ഗോഖലെ ആയിരുന്നു. പൂനെയിലെ കോണ്‍ഗ്രസ് ശില്‍പി ആയിരുന്നു ഗോഖലെ. ബ്രിട്ടനുമായി ഇന്ത്യക്കുവേണ്ടി സംഭാഷണങ്ങള്‍ നടത്തുന്നത് ഗോഖലെയായിരുന്നു. സ്വയം ഭരണം എന്ന ആശയം ഗോഖലെ മുന്നോട്ടുവെച്ചു. ഗോപാലകൃഷ്ണ ഗോഖലെയാണ് ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ബില്‍ അവതരിപ്പിക്കുന്നത്; 1911 മാര്‍ച്ച് 17-ന്. അന്ന് അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ഇന്ന് അധികമാരും ഓര്‍മിക്കാത്ത ആ ബില്‍ വിദ്യാഭ്യാസത്തിന്റെ വികേന്ദ്രീകരണം എന്ന ആശയത്തിന്റെ പ്രകാശനങ്ങളില്‍ ഒന്നായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയമാണ് ഗോഖലെ അവതരിപ്പിച്ചത്. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണം. പ്രാദേശിക സര്‍ക്കാറുകള്‍, പ്രാദേശിക തലത്തില്‍ അതിനുള്ള കാര്യങ്ങള്‍ ചെയ്യണം. ആ നയരേഖ ബ്രിട്ടീഷ് താല്പര്യങ്ങള്‍ക്ക് മഹാഭൂരിപക്ഷമുണ്ടായിരുന്ന കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി. ഇന്ത്യന്‍ ജനതയില്‍നിന്ന് അത്തരമൊരു ആവശ്യം ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല എന്നായിരുന്നു വാദം. രേഖ തള്ളിയെങ്കിലും ഗോഖലെ മുന്നോട്ടുവെച്ച ആശയം മാഞ്ഞുപോയില്ല. സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ പരികല്പനകളില്‍ സാര്‍വത്രികതയും വികേന്ദ്രീകരണവും ഇടംപിടിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതികളുടെ അടിവേര് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതുപോലെ ബ്രിട്ടീഷ് ഭരണത്തിലോ, മെക്കാളെയിലോ അല്ല മറിച്ച് ദേശീയ പ്രസ്ഥാനത്തിലാണ് എന്ന് ഓര്‍മിക്കാനാണ് ഗോപാലകൃഷ്ണ ഗോഖലെ എന്ന മഹത്തായ ധിഷണാശാലിയുടെ ഓര്‍മകളെ പുനരാനയിച്ചത്. ഇന്ത്യന്‍ ദേശീയത, ദേശീയതയിലെ ജനാധിപത്യം, ജനാധിപത്യ മൂല്യങ്ങളുടെ സാര്‍വത്രികത, സ്വാതന്ത്ര്യം എന്നിങ്ങനെ അതിവിശാലമായ ഒട്ടേറെ ആശയങ്ങളുടെ ഉത്പാദനശാലയായിരുന്നു ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം. അതിന്റെ മുഖ്യ ആശയങ്ങളില്‍ ഒന്ന് സാര്‍വത്രികവും ആത്മാന്തസുള്ളതുമായ വിദ്യാഭ്യാസമായിരുന്നു.

ഗാന്ധിജി എഴുതുന്നു: ‘ദേശീയവും വിദേശീയവുമായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ തമ്മില്‍ വ്യക്തമായും അവസാനമായും ഒരു തിരഞ്ഞെടുപ്പ് നടത്തണം. തരവും അസ്സലും, അര്‍ഥവും ഉദ്ദേശവും, മാര്‍ഗവും ലക്ഷ്യവും എന്നിവയുടെ തിരഞ്ഞെടുപ്പ്. അത് ഇതേവരെ നടത്തിയിട്ടില്ല. ഈ കാര്യങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നിടത്തോളം കാലം ദേശീയ വിദ്യാഭ്യാസം തഴച്ചുവളരുകയില്ല. പഠിതാക്കളുടെ ഏറ്റവും നല്ല കഴിവുകള്‍ പുറത്തുകൊണ്ടുവരലാണ് ശരിയായ വിദ്യാഭ്യാസം. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങള്‍ കുട്ടികളുടെ തലയില്‍ കൂമ്പാരം കൂട്ടിയതുകൊണ്ട് അത് സാധ്യമാവുകയില്ല. അവരുടെ എല്ലാ വ്യക്തിത്വങ്ങളെയും ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരമാണത്.’ ദേശീയ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കുള്ള ഗാന്ധിയുടെ ആലോചനകളില്‍ മുഖ്യ പങ്ക് വിദ്യാഭ്യാസത്തിനായിരുന്നു. ദേശീയ പ്രസ്ഥാനം വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചിരുന്നു എന്ന് ഓര്‍മിപ്പിക്കാനാണ് ഗാന്ധിയെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിച്ചത്.

ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിയുടെയും ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ചരിത്രഭാരം സംഘപരിവാറിനില്ല. നാം ഇതേ താളുകളില്‍ വളരെയേറെ സംവദിച്ച പ്രമേയമാണത്. അതിന്റെയെല്ലാം എതിര്‍പദമാണ്, വിപരീത പദമാണ് സംഘപരിവാര്‍. ആ വിപരീതത്തിന്റെ അക്രാമകമായ ഉത്സവമാണ് അയോധ്യയിലെ ഭൂമിപൂജയില്‍ നാം കാണുന്നത്. ആ ഉത്സവത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ ഓര്‍മകളുള്ള പത്രവും, ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ നെറ്റിയില്‍ പേറുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും വെണ്‍ചാമരം വീശുന്നതും നമ്മള്‍ കാണുന്നുണ്ട്. ഏകരാഷ്ട്രമാണ്, വൈവിധ്യരഹിതമായ ഏകരാഷ്ട്രമാണ്, ഏകശിലാരൂപമാര്‍ന്ന ഉറച്ച രാഷ്ട്രമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ ദര്‍ശനം. അത് ഒരിടത്തും അവര്‍ മറച്ചുവെച്ചിട്ടില്ലതാനും. ഭാഷാവൈവിധ്യത്തോട് പോലും ആശയപരമായി അവര്‍ അസഹിഷ്ണുത പുറത്തെടുത്ത സന്ദര്‍ഭം വിരളമല്ല. സംവാദത്തോടുള്ള വിമുഖതയാണ് ഉറച്ച രാഷ്ട്രസങ്കല്‍പത്തിന്റെ ഒരു ശീലം. സംഘപരിവാര്‍ സംവാദവിമുഖരാണ്. അതിനാലാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒരു രേഖ പാര്‍ലമെന്റിലൂടെ വരാതിരുന്നത്. കൊവിഡ് അതിനൊരു നിമിത്തമായെന്ന് മാത്രം. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഒരു കാബിനറ്റ് തീരുമാനമായി ഒരു ദീര്‍ഘകാല നയം-ദേശീയ വിദ്യാഭ്യാസ നയം 2020- പുറത്തുവന്നിരിക്കുന്നു. ഭാവി ജനതയെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്നത് തര്‍ക്കമേതുമില്ലാത്ത ഒരു ആശയമാണ്. ഏത് തരം ഭാവിയെയാണ് പുതിയനയം രൂപപ്പെടുത്തുക എന്നത് അതിനാല്‍തന്നെ നമ്മുടെ ആശങ്കയാണ്. ഭാവി നമ്മുടേത് കൂടിയാണല്ലോ? നമ്മള്‍ പ്രജകളല്ല, മറിച്ച് പൗരന്മാരാണല്ലോ?
കസ്തൂരിരംഗന്‍ എന്ന സാങ്കേതികജ്ഞന്‍ അധ്യക്ഷനായ സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ശില്പികള്‍. ഒന്നാം എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്താണ് ദേശീയ വിദ്യാഭ്യാസത്തെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെ നയരൂപീകരണ പ്രക്രിയ തുടങ്ങുന്നത്. ഒന്നാം എന്‍ ഡി എ സര്‍ക്കാറിന്റെ വരവ് നിങ്ങള്‍ മറക്കരുത്. ഇതാ ഞങ്ങള്‍ ഈ രാഷ്ട്രത്തെ മാറ്റാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു ആ വരവ്. പലതരം ശക്തികള്‍ കളംനിറഞ്ഞാടിയ അതിനാടകങ്ങള്‍. ആ സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനങ്ങളില്‍ ഒന്ന് വിദ്യാഭ്യാസത്തിന്റെ നയംമാറ്റമായിരുന്നു. നയം മാറ്റം എന്നാല്‍ സത്താപരമായി മാറ്റുക എന്നായിരുന്നു അവര്‍ സങ്കല്‍പിച്ച അര്‍ഥം. ഭൗതികമായി ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഘടനയെ എളുപ്പത്തില്‍ മാറ്റാനാകില്ല. കാരണം പലതരം മൂലധനശക്തികളുടെ ഇടമാണത്. ലോകബാങ്ക് ഉള്‍കൊള്ളുന്ന സാമ്പത്തികസ്ഥാപനങ്ങളുടെ ഇച്ഛയാണ് ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഘടനയെ നിയന്ത്രിക്കുന്നത്. സ്വകാര്യമൂലധനത്തിന്റെ പ്രധാന കളിയിടം കൂടിയാണത്. സ്വകാര്യ മൂലധനമെന്നാല്‍ ഇന്ത്യയെ നിയന്ത്രിക്കുന്ന മൂലധനമാണ്. ഇന്ത്യന്‍ വന്‍കിട മുതലാളി വര്‍ഗം വലിയതോതില്‍ മുതല്‍മുടക്കിയിട്ടുള്ള ഇടമാണ് വിദ്യാഭ്യാസം. ആ വന്‍കിട മൂലധനത്തിന്റെകൂടി സൃഷ്ടിയായിരുന്നു ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍. അതിനാല്‍ സ്ഥാപനപരമായ ഘടനാമാറ്റമല്ല, സത്താപരമായ ഉള്ളടക്കമാറ്റമാണ് ലക്ഷ്യമെന്ന് തീര്‍പ്പായിരുന്നു. എന്താവും ആ ഉള്ളടക്കമെന്നതിനെ സംബന്ധിച്ച ആശങ്കകള്‍ സ്വാഭാവികമായും ഉയര്‍ന്നുവരികയും ചെയ്തു. സ്മൃതി ഇറാനിയായിരുന്നു അന്ന് മാനവശേഷി വികസന മന്ത്രി. കാബിനറ്റ് സെക്രട്ടറി ആയിരുന്ന ടി എസ് ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നയരേഖ നിര്‍മാണത്തിനായി നിയോഗിച്ചു. പൂര്‍ണമായും ഒരു ഉദ്യോഗസ്ഥതല സമിതി ആയിരുന്നു അത്. 2016 മെയ് 27ന് സുബ്രഹ്മണ്യന്‍ സമിതി റിപ്പോര്‍ട്ട് നല്‍കി. 230 പേജുള്ള ഒന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പിന്നീട് വെളിച്ചത്ത് വന്നില്ല. സാധാരണമായി അത്തരത്തില്‍ ഒരു നയരൂപവത്കരണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് പൊതു ചര്‍ച്ചക്ക് സമര്‍പ്പിക്കുകയാണ് പതിവ്. അതുണ്ടായില്ല. സാധാരണ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു സര്‍ക്കാറല്ല തങ്ങളുടേത് എന്ന വിളംബരമുണ്ടായിരുന്നു ആ ചെയ്തിയില്‍. പൊതു ചര്‍ച്ചക്ക് സമര്‍പ്പിച്ചില്ല എന്ന് മാത്രമല്ല, ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തില്ല. പകരമോ, മാനവശേഷി വികസന മന്ത്രാലയം സ്വന്തം നിലയില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കി. Some Inputs or Drafting Education policy- 2016 എന്നായിരുന്നു അതിന്റെ പേര്. ആ രേഖയാണ് പൊതുജനാഭിപ്രായത്തിന് സമര്‍പ്പിക്കപ്പെട്ടത്. വിദ്യാഭ്യാസം പോലെ ഒട്ടേറെ ധൈഷണികര്‍ ഇടപെടുന്ന ഒരു മേഖലയെ സംബന്ധിച്ച റിപ്പോര്‍ട്ട് ആയതിനാല്‍ വലിയ തോതിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായി. അക്കാദമിക്കുകളും സംഘടനകളും വ്യക്തികളും പലതരം നിര്‍ദേശങ്ങള്‍ സമര്‍പിച്ചു. എന്നാല്‍ അവയൊന്നും മന്ത്രാലയം ചര്‍ച്ചക്കെടുത്തില്ല. ആ റിപ്പോര്‍ട്ട് ഏത് വഴി മാഞ്ഞുപോയി എന്ന് ഇന്നും തിട്ടമില്ല. തുടര്‍ന്നാണ് പ്രകാശ് ജാവേദ്കറുടെ വരവ്. മാനവശേഷി വികസന മന്ത്രാലയത്തില്‍ സ്മൃതി ഇറാനിയുടെ പിന്‍ഗാമി. ജാവേദ്കറാണ് ഐ എസ് ആര്‍ ഒ മുന്‍ അധ്യക്ഷന്‍ കസ്തൂരിരംഗനെ അധ്യക്ഷനാക്കി പതിനൊന്നംഗ കമ്മിറ്റിയെ നിയമിക്കുന്നത്. പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് തയാറാക്കുക എന്നതായിരുന്നു ദൗത്യം. സ്വാഭാവികമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ടി എസ് ആര്‍ സുബ്രഹ്മണ്യം സമര്‍പിച്ച റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചു എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം. എന്തുകൊണ്ടാണ് ഏറെ കൊട്ടിഘോഷിച്ച് തയാറാക്കിയ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതിരുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നു. ആ സമിതി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കസ്തൂരിരംഗനോട് ആവശ്യപ്പെട്ടതായി സൂചനകള്‍ ഉണ്ടായിരുന്നില്ല. സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറയത്ത് നിര്‍ത്തി, മാനവശേഷി വികസന വകുപ്പ് തയാറാക്കിയ ഡ്രാഫ്റ്റിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ആ റിപ്പോര്‍ട്ടിനുമേല്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ അവഗണിച്ചു എന്ന വിമര്‍ശനമായിരുന്നു പ്രധാനമായി ഉയര്‍ന്നത്. പതിവുപോലെ ആ വിമര്‍ശനങ്ങള്‍ അവഗണിക്കപ്പെട്ടു. 2019 മെയ് 31ന് കസ്തൂരിരംഗന്‍ സമിതി 484 പേജുകളുള്ള കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു രേഖയാക്കിയ ആ കരടിനുമേലും നിരവധി നിര്‍ദേശങ്ങള്‍ സമര്‍പിക്കപ്പെട്ടതായി മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. ആ നിര്‍ദേശങ്ങള്‍ പരിഗണിച്ചുവോ എന്ന സുപ്രധാന ചോദ്യത്തില്‍ മന്ത്രാലയത്തിന് പക്ഷേ, മൗനമാണ് മറുപടി. ഒടുവില്‍ 2020 ജൂലൈ 30ന്, കൊവിഡ് കാലത്തെ മറവിനിടയില്‍ എന്നും വായിക്കാം 65 പേജുള്ള വിദ്യാഭ്യാസ നയരേഖ കാബിനറ്റ് അംഗീകരിച്ചു. ഇത്രയുമാണ് ദേശീയ വിദ്യാഭ്യാസ നയം2020ന്റെ ഏകദേശവും ഉപരിതലസ്പര്‍ശിയുമായ ചരിത്രം. 1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് കൊണ്ടുവന്ന ദേശീയ നയത്തില്‍നിന്നും അടിമുടി മാറിയ കുതിച്ചുചാട്ടം എന്ന വിശേഷണത്തോടെയാണ് നയരേഖ അവതരിപ്പിച്ചത്.

നാലുഭാഗങ്ങളായി തയാറാക്കപ്പെട്ട രേഖ നമുക്ക് മുന്നിലുണ്ട്. ഒട്ടും ദീര്‍ഘമല്ലാത്തതും എന്നാല്‍ എന്താണ് ഈ നയരേഖയുടെ ആന്തരിക ധ്വനി എന്ന് വ്യക്തമാക്കുന്നതുമായ ആമുഖവും. ഒരു ആഗോള പൗരനായി, മാറുന്ന കാലത്തിന്റെ അതിവേഗ ചലനങ്ങളെ സംബോധന ചെയ്യാന്‍ പ്രാപ്തനായ ഒരു പൗരനെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ആമുഖം പറയുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാതൃകാ മാറ്റങ്ങളാണ് ആദ്യഭാഗം. ദീര്‍ഘകാലമായി തുടരുന്ന 10 + 2 സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കാന്‍ അത് നിര്‍ദേശിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയും പത്താം തരം ബോര്‍ഡ് പരീക്ഷക്ക് ശേഷം രണ്ട് വര്‍ഷത്തെ ഹയര്‍സെക്കണ്ടറിയും ചേര്‍ന്ന സംവിധാനം ഇനി വേണ്ട എന്ന് പ്രഖ്യാപിക്കുന്നു. മൂന്നുമുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികളെ കേന്ദ്രീകരിക്കുന്ന 5+3+3+4 എന്ന ഘടനയിലേക്കാണ് രാജ്യത്തെ സ്‌കൂളുകള്‍ മാറുക. അത് അംഗന്‍വാടി ഉള്‍പെടെയുള്ള പ്രീപ്രൈമറിയെ-പ്രീ പ്രൈമറി എന്നതിന് പ്രീ സ്‌കൂള്‍ എന്ന പ്രയോഗമാണ് അഭികാമ്യം- സ്‌കൂളിംഗിന്റെ ഭാഗമായി വിഭാവനം ചെയ്യുന്നു. അംഗന്‍വാടി, പ്രീസ്‌കൂള്‍, ബാലവാടി, ഒന്നാംക്ലാസ്, രണ്ടാംക്ലാസ് എന്നിങ്ങനെ എട്ടുവയസ്സുവരെയാണ് ഫൗണ്ടേഷന്‍, അഥവാ അടിത്തറ പഠനം. മൂന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെ, അതായത് എട്ടുവയസ്സുമുതല്‍ പതിനൊന്ന് വയസ്സുവരെ പ്രിപ്പറേറ്ററി ഘട്ടം. ആറാം തരംമുതല്‍ എട്ടാംതരം വരെ മിഡില്‍ എന്ന് വിഭാവനം ചെയ്യുന്നു. പതിനൊന്ന് വയസ്സുമുതല്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ ഈ ഘട്ടത്തിലാണ്. നാലാം ഘട്ടമാണ് സെക്കന്ററി. അത് ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ്. കാലേക്കൂട്ടിയുള്ള ശിശുപാലനം, അടിത്തറ സാക്ഷരതയും സംഖ്യാബോധവും, കൊഴിഞ്ഞുപോകല്‍ കുറയ്ക്കല്‍, സമഗ്ര ബോധനം, തുടങ്ങിയ ലക്ഷ്യങ്ങള്‍ രേഖ എണ്ണിപ്പറയുന്നു.
മൂന്ന് വയസ്സുകാരെ മുതല്‍ ഉള്‍ക്കൊള്ളുന്ന സാര്‍വത്രികതയിലാണ് ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഊന്നല്‍. അത് ചലനാത്മകതയുള്ള ഒരു അറിവ് സമൂഹത്തെയാണ് ഉന്നംവെക്കുന്നത്.

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചാണ് രേഖയുടെ രണ്ടാം ഭാഗം സംസാരിക്കുന്നത്. സര്‍വകലാശാലകള്‍ കോളേജുകള്‍ എന്നിവയെക്കുറിച്ച് ദീര്‍ഘമായി നിരീക്ഷിക്കുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസമാണ് മൂന്നാം ഭാഗത്തെ ഊന്നല്‍. ഈ മാറ്റങ്ങള്‍ നടപ്പാക്കാനുള്ള വഴികളാണ് നാലാംഭാഗം.

https://static.pib.gov.in/WriteReadData/userfiles/NEP_Final_English_0.pdf എന്ന സൈറ്റില്‍ രേഖയുണ്ട്. വായിക്കേണ്ടതാണ്.

അങ്ങനെ വായിക്കുമ്പോള്‍ അറിവ്, നൈപുണി എന്നീ പ്രമേയങ്ങളില്‍ മാത്രം വട്ടംചുറ്റുന്ന നയത്തെ കണ്ടുമുട്ടും. അറിവിന്റെ ആര്‍ജനവും പ്രയോഗവും, ആ പ്രയോഗത്തിന്റെ സാധ്യതയിലേക്ക് വിദ്യാര്‍ഥിയെ പരുവപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണല്ലോ വിദ്യാഭ്യാസ രേഖ ദീര്‍ഘമായി പരിഗണിക്കുന്നതെന്നും ബോധ്യപ്പെടും. ആഗോള തൊഴില്‍ വിപണിയിലേക്കുള്ള പരുവപ്പെടലാണല്ലോ ഊന്നലെന്ന് തെളിയും. ഒപ്പം പാഴായിപ്പോകുന്ന വൈദഗ്ധ്യങ്ങളെക്കുറിച്ചുള്ള രേഖയിലെ ഉത്കണ്ഠകളും. കൊഴിഞ്ഞുപോക്കിനെ യാഥാര്‍ഥ്യമായി തിരിച്ചറിയുന്ന രേഖ അത്തരം കൊഴിഞ്ഞുപോകലിനെ വിദ്യാര്‍ഥിക്ക് പ്രയോജനകരമായ ഒന്നാക്കി മാറ്റാനാവുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട്. കൊഴിഞ്ഞുപോകലിന്റെ സാമ്പത്തിക-സാമൂഹിക കാരണങ്ങളില്‍ മൗനപ്പെടുന്നുണ്ട്. വിദ്യാഭ്യാസം എന്നാല്‍ വിദ്യ, അഥവാ ഏതെങ്കിലും നൈപുണികത ആര്‍ജിക്കലാണ് എന്ന ആശയത്തിലാണ് കസ്തൂരിരംഗന്‍ രേഖ- അങ്ങനെ വിദ്യാഭ്യാസ രേഖയെ വിളിക്കുമ്പോള്‍ അതിന് മറ്റൊരു രാഷ്ട്രീയ ഉള്ളടക്കം വന്നു ഭവിക്കുന്നുണ്ട്- ചുറ്റി സഞ്ചരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ, അതിന്റെ മതേതര ബഹുസ്വര സ്വഭാവത്തെ, കാഴ്ചപ്പാടുകളെ വളര്‍ത്താനുതകുന്ന ഒരു സമൂഹ രൂപവത്കരണത്തെക്കുറിച്ചല്ല, മറിച്ച് വിപണിയിലെ കൂലികളുടെ നിര്‍മിതിയിലേക്കാണ് രേഖ ഊന്നുന്നത് എന്ന് ചുരുക്കം.
സംഘപരിവാര ഇന്ത്യയില്‍, കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയാന്‍ ഭൂമിപൂജ ചെയ്യുന്ന ഇന്ത്യയില്‍ ചര്‍വിതചര്‍വണമായിത്തീര്‍ത്ത പുരാണ കഥാഖ്യാനങ്ങള്‍ രേഖയിലുണ്ട്. പൂര്‍ണമായും ഇന്ത്യയെ കേന്ദ്രീകരിച്ചുള്ളതെന്ന് പല സന്ദര്‍ഭങ്ങളില്‍ അഭിമാനപ്പെടുന്ന രേഖ ഇന്ത്യാ ചരിത്രത്തിലെ അതിനിര്‍ണായക സന്ദര്‍ഭമായ ദേശീയ പ്രസ്ഥാനത്തെയോ ഗോപാലകൃഷ്ണ ഗോഖലയെയോ ഓര്‍മിക്കാന്‍ തയാറാകുന്നില്ല. വൈജ്ഞാനിക പാരമ്പര്യം സംബന്ധിച്ച പരാമര്‍ശങ്ങള്‍ നിലവിലെ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ രേഖപ്പെടുത്തുന്നുമുണ്ട്. ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക് നിര്‍ദേശിക്കപ്പെടുന്ന കമ്യൂണിറ്റി ക്ലാസിന്റെ വേരുകള്‍ ഗുരുകുല വിദ്യാഭ്യാസമെന്ന പഴമയിലാണ്. തിരിച്ചുവരാന്‍ പാടില്ലാത്ത ഒരു പഴമ കൂടിയാണ് അത്.
ഇത്രയും പറഞ്ഞതില്‍നിന്ന്, അടിമുടി ജനാധിപത്യവിരുദ്ധവും പൂര്‍ണമായി റദ്ദാക്കപ്പെടേണ്ടതുമായ ഒന്നാണ് വിദ്യാഭ്യാസനയം എന്ന് വായിച്ചുവോ? നിശ്ചയമായും ഈ സംഭാഷണത്തിന്റെ ഊന്നല്‍ അതല്ല. കുട്ടികളുടെ പ്രഭാതഭക്ഷണം സംബന്ധിച്ച നിര്‍ദേശം വലിയ മാറ്റത്തിന്റെ സൂചകമാണ്. നൈപുണികളെ വികസിപ്പിക്കാനുള്ള അവസരങ്ങള്‍, പ്രാഥമിക, ദ്വിതീയ തലത്തില്‍ തദ്ദേശ ഭാഷ, മാതൃഭാഷ എന്നിവക്ക് നല്‍കുന്ന പ്രാധാന്യം, ഭാഷ സംബന്ധിച്ച കടുംപിടുത്തങ്ങളില്ല എന്ന കസ്തൂരിരംഗന്‍ നേരിട്ട് നല്‍കിയ വിശദീകരണം, ഉച്ചഭക്ഷണത്തിന്റെ പോഷക സമൃദ്ധി സംബന്ധിച്ച ഉറച്ച നിലപാടുകള്‍ എല്ലാം പുതിയ കാലത്തേക്കുള്ള ചുവടുവെപ്പുകള്‍ തന്നെയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉള്‍കൊള്ളല്‍നിധി ( inclusive fund) എന്ന നിര്‍ദേശം ശ്രദ്ദേയവുമാണ്. എത്ര നിഷേധിച്ചാലും പ്രൈമറി തരത്തിലെ നിരക്ഷരതയും മിഡില്‍ ക്ലാസുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. ആ വസ്തുതകളെ പുതിയനയം സംബോധന ചെയ്യുന്നുണ്ട്. കൊഴിഞ്ഞുപോകല്‍ എവിടേക്ക്, ഏത് മേഖലയിലേക്ക് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം പുതിയ നയം വിദ്യാര്‍ഥിക്ക് നല്‍കുന്നുമുണ്ട്. നോളജ് എക്കോണമി എന്ന പുതുകാല യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ പലനിലകളില്‍ വ്യത്യസ്ത സമീപനം രേഖ പുലര്‍ത്തുന്നുമുണ്ട്.

പക്ഷേ, പ്രശ്നം ഭരണകൂടത്തിന്റെ ആത്യന്തിക സ്വഭാവമാണ്. അതിന്റെ തീവ്ര വലതുപക്ഷോന്മുഖത ഈ നയത്തെ ജനാധിപത്യവിരുദ്ധവും ഫെഡറലിസത്തോടുള്ള വെല്ലുവിളിയുമായി മാറ്റുന്നു. ത്രിഭാഷ സംവിധാനത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിക്കഴിഞ്ഞു. പാര്‍ലമെന്റിനെ അവഗണിച്ചുള്ള നിയമനിര്‍മാണം തന്നെ അതിന്റെ ഉള്ളടക്കത്തില്‍ ജനാധിപത്യ വിരുദ്ധതയെ ഉള്‍വഹിക്കുന്നുണ്ട്. വിദ്യാഭ്യാസം പ്രാഥമികമായി ഒരു സംസ്ഥാന സര്‍ക്കാര്‍ പരിപാടി ആയിരിക്കെ സംസ്ഥാനങ്ങളുടെ കലവറയില്ലാത്ത പിന്തുണയില്ലാതെ ഒരു നയവും നടപ്പാക്കുക സാധ്യമല്ലല്ലോ.

മതേതരത്വത്തോടും ബഹുസ്വരതയോടും നാനാത്വത്തോടും പുതിയ വിദ്യാഭ്യാസ നയം സ്വീകരിക്കുന്ന മുഖം തിരിക്കല്‍ മറ്റൊരു തിരിച്ചടിയാണ്. ഇന്ത്യന്‍ സാമൂഹികതയുടെ അടിത്തറയായ വൈവിധ്യത്തെ അവഗണിച്ചു ഏകശിലാത്മകവും യൂണിഫോമുമായ ഒരു സംവിധാനമായി വിദ്യാഭ്യാസത്തെ മാറ്റാനുള്ള നിര്‍ദേശങ്ങളാണ് പരിഷ്‌കരണത്തിന്റെ സിംഹഭാഗവും.

ഇനി പൗലോഫ്രെയറെ വായിക്കാം. മര്‍ദിതരുടെ ബോധന ശാസ്ത്രം പൗലോ ഫ്രെയറുടെ ഒരു സങ്കല്പനമാണ്. തന്റെ ദേശമായ ബ്രസീലിലെ യാഥാര്‍ത്ഥ്യങ്ങളാണ് പൗലോ ഫ്രെയറെ മര്‍ദിതരുടെ ബോധനശാസ്ത്രം എന്ന ആശയത്തിലേക്ക് വഴിനടത്തിയത്. കുനിഞ്ഞ ശിരസ്സുകളുടെ നാടായിരുന്നു ബ്രസീല്‍. സാമ്രാജ്യത്വത്തിന് കീഴ്പെട്ട ജനത. അടിമത്തം ആഘോഷമാക്കിയ ജനത. ജനാധിപത്യവിരുദ്ധതയില്‍ അഭിരമിക്കുന്ന ജനത. കുനിഞ്ഞ ശിരസുമായി അവര്‍ വളര്‍ന്നു. രാജാക്കന്മാരോട് വിധേയപ്പെട്ട് ജീവിച്ചു. ഈ യാഥാര്‍ത്ഥ്യത്തെയാണ് പൗലോ ഫ്രെയര്‍ പ്രശ്നവത്കരിച്ചത്. കാരണമെന്ത് എന്ന് ഫ്രെയര്‍ തിരഞ്ഞു. മനുഷ്യരെയും മൃഗങ്ങളെയും ഫ്രെയര്‍ താരതമ്യപ്പെടുത്തി. മൃഗങ്ങള്‍ പരിതാവസ്ഥകളുമായി ഇണങ്ങി ജീവിക്കുന്നു. മനുഷ്യര്‍ അങ്ങനെയല്ല. മൃഗങ്ങള്‍ക്ക് ചരിത്രമില്ല. ചരിത്രബോധമില്ല. സംസ്‌കാരമില്ല. അവ വ്യവസ്ഥകളുടെ ഇരകളാണ്. ഇണങ്ങിച്ചേരുക എന്നത് സ്വയം പ്രതിരോധിക്കാനുള്ള കഴിവിനെ തകര്‍ക്കുന്നു. ഇണക്കിച്ചേര്‍ക്കുന്ന വിദ്യാഭ്യാസം, വ്യവസ്ഥയോട് ഇണങ്ങി മാത്രം ജീവിക്കുന്ന വിദ്യാഭ്യാസം മനുഷ്യരെ അപമാനവീകരണത്തിലേക്ക് നയിക്കും. അതിനെതിരെയാണ് ഫ്രെയര്‍ വിമോചനാത്മക വിദ്യാഭ്യാസത്തെ അവതരിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ നയരേഖകളും ഇണക്കിച്ചേര്‍ക്കലാണ് നിര്‍ദേശിക്കുന്നത്. കസ്തൂരിരംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഗുണപരമായ നിരീക്ഷണങ്ങളെ ബഹുമാനിക്കുമ്പോഴും അതിന്റെ സമഗ്രതയില്ലായ്മയും ഭാവിലോക നിര്‍മിതിക്കുള്ള അപ്രാപ്യതയും നമ്മെ നിരാശപ്പെടുത്തും. വിദ്യാഭ്യാസം വിമോചനത്തിന്റെ പതാകയാണല്ലോ പേറേണ്ടത്?
ഇണങ്ങുന്നവരുടെയും വിധേയരുടെയും ലോകത്തെ ആരാണ്, ഏത് സംവിധാനമാണ് ആഗ്രഹിക്കുന്നത് എന്നത് നിങ്ങള്‍ക്ക് ഏറെ പരിചിതമായ ഒരു കാര്യമാണല്ലോ? ഭൂമിപൂജക്ക് ഇരമ്പിയെത്തുന്ന ജനത ഏതുതരം വിദ്യാഭ്യാസം നേടിയവരാണെന്നും അറിയുമല്ലോ!

കെ കെ ജോഷി

You must be logged in to post a comment Login