ദേശീയ വിദ്യാഭ്യാസ നയം വരേണ്യതയെ പുണരുന്നത് ഇങ്ങനെയൊക്കെയാണ്

ദേശീയ വിദ്യാഭ്യാസ നയം വരേണ്യതയെ പുണരുന്നത് ഇങ്ങനെയൊക്കെയാണ്

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യവിദ്യാഭ്യാസ നയമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നാലര വര്‍ഷത്തിനിടെ ലഭിച്ച രണ്ടു ലക്ഷത്തിലധികം നിര്‍ദേശങ്ങളെ അധികരിച്ചുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ നയം ഉരുത്തിരിഞ്ഞത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കരടുരേഖ അഭിപ്രായ രൂപീകരണത്തിനായി പൊതുജനമധ്യത്തില്‍ വെച്ചിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ മാനിക്കാതെ കരട് നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഭരിക്കുന്നവരുടെ അജണ്ടകളോട് യോജിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രമേ പ്രസ്തുത വിഷയത്തില്‍ പരിഗണിച്ചിട്ടുള്ളൂ എന്ന് വ്യക്തം.
വരുംതലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന നയത്തിനാണ് അംഗീകാരം നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത് . ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന നയം വിപുലമായ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമായും അര്‍ഹിക്കുന്നു. അതുണ്ടായില്ലെന്നതാണ് ആദ്യ വിമര്‍ശനം. എന്തുകൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തില്ലെന്ന പ്രസക്തമായ ചോദ്യം അവശേഷിക്കുന്നു.
വിദ്യാഭ്യാസ വിചക്ഷണര്‍, ഈ മേഖലയില്‍ വിവിധ നിലയില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍, നയം നടപ്പിലാക്കേണ്ട സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരെല്ലാമായുള്ള വിപുലമായ ചര്‍ച്ചകളുടെ അഭാവം ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന പോരായ്മയാണ്.

ഭരണഘടന പ്രകാരം വിദ്യാഭ്യാസ മേഖല കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടവയില്‍ പെട്ടതാണ്. പക്ഷേ സംസ്ഥാനങ്ങളെയും പാര്‍ലമെന്റിനെയും മാറ്റിനിര്‍ത്തി ഏകപക്ഷീയമായി എന്‍ ഇ പി ക്ക് അംഗീകാരം നല്‍കിയത് വര്‍ഗീയവത്കരണവും വാണിജ്യവത്കരണവും അനായാസം നടപ്പിലാക്കാനുള്ള തന്ത്രമാണെന്ന ആരോപണം ശക്തമാണ്.

വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളും വിദ്യാഭ്യാസ രീതികളും വ്യത്യസ്തമാണ്. ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ മേഖല കൈകാര്യം ചെയ്യുന്നത്. കേരളത്തിന് ഈ മേഖലയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത് ഇതുകൊണ്ടാണ്. പുതിയ നയത്തിലെ അമിത കേന്ദ്രീകരണം വിദ്യാഭ്യാസ കാര്യത്തില്‍ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാക്കുകയും കേരളം പോലുള്ള സംസ്ഥാനങ്ങളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറലിസത്തിന്റെ നിരാകരണമാണിത്.

ഭരണഘടനയിലെ കണ്‍കറന്റ് പട്ടികയിലെ (കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും തുല്യ അധികാര പങ്കാളിത്തമുള്ളത്) പല മേഖലയെയും സ്വന്തമാക്കുന്ന കൂട്ടത്തില്‍ വിദ്യാഭ്യാസമേഖലയെയും ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ മോഡി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് സുതരാം വ്യക്തമാണ്.
സ്വന്തം ഭാവനക്കനുസരിച്ച് സാമൂഹിക, രാഷ്ട്രീയ സംവിധാനങ്ങളെ പാകപ്പെടുത്തുന്നതിന് സങ്കുചിത പ്രസ്ഥാനങ്ങളെല്ലാം ആദ്യം കൈവെക്കാറുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്. എല്ലാ കാലത്തും സര്‍ക്കാരുകള്‍ അവരുടെ, സാമ്പത്തിക, സാമൂഹിക, താത്ത്വിക കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാന്‍ ഉതകുന്ന ഏറ്റവും നിര്‍ണായക മാര്‍ഗമായി വിദ്യാഭ്യാസത്തെ ഉപയോഗിച്ചിരുന്നു. അത് കൂടുതല്‍ ദൃശ്യമാകുന്നുണ്ടിവിടെ.

ഈ മേഖലയിലെ വിദഗ്ധര്‍ക്കു പകരം രാജ്യത്തെ പ്രധാനമന്ത്രിയുടെ തന്നെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ ശിക്ഷ ആയോഗിലൂടെ വിദ്യാഭ്യാസമേഖലയെ ഒരു രാഷ്ട്രീയ അജണ്ട മാത്രമായി പരിമിതപ്പെടുത്താനാണ് പോകുന്നത്. മറ്റാരെയും കേള്‍ക്കാതെ മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുള്ള ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നിശ്ശബ്ദമായി അംഗീകരിക്കേണ്ടിവരും. അതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അധികാര കേന്ദ്രീകരണം നടപ്പാവുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കപ്പെടുകയും ചെയ്യും.
നാം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഘടനയും സമ്പ്രദായവുമുണ്ട്. അത് നിലനിര്‍ത്താനും ഉചിതമായ ഭേദഗതിക്ക് നമുക്ക് തന്നെ തീരുമാനം എടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.

സംസ്ഥാനങ്ങളെ ഇങ്ങനെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ വിടില്ലെന്ന തീരുമാനത്തിനു പിന്നില്‍ സ്വന്തം അജണ്ടകള്‍ ദേശവ്യാപകമായി വളര്‍ത്താന്‍ സംസ്ഥാനങ്ങളെ കൂച്ചുവിലങ്ങിടുക എന്ന തന്ത്രമാണുള്ളത്.
നാളിതുവരെ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്നതു കൊണ്ട് സംഘപരിവാര്‍ അജണ്ടകള്‍ പലതും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
സംസ്ഥാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും എല്ലാം അഭിപ്രായം അറിയിക്കാനായി നിര്‍ദ്ദേശം നല്‍കിയെങ്കിലും കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് പുതിയ നയത്തില്‍ സ്വീകാര്യത ലഭിക്കാതിരുന്നതും, പുറന്തള്ളപ്പെട്ടതും അതുകൊണ്ടാണ്.

നവ ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ചേരുവകള്‍ മുഴച്ചുനില്‍ക്കുന്നുവെന്നതും ബ്രാഹ്മണ്യ വിദ്യാഭ്യാസ രീതിയോടു ചേര്‍ന്നുപോകുന്നുവെന്നതും പുതിയ വിദ്യാഭ്യാസനയം പ്രതിലോമകരവും രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് ആട്ടിത്തെളിക്കുമെന്നതിനും തെളിവാണ്. റിപ്പോര്‍ട്ടിലെ നിര്‍ണായക നിര്‍ദേശമായ ഏകീകൃത സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായമെന്നത് സംഘ പരിവാര്‍ സ്വപ്നം കാണുന്ന ഏകശിലാത്മക സംസ്‌കാരത്തിലേക്ക് ഇന്ത്യയെ നയിക്കും. നിലവില്‍ എന്തുതരം വിദ്യാഭ്യാസം വേണമെന്ന് വിദ്യാര്‍ഥികള്‍ക്കോ മാതാപിതാക്കള്‍ക്കോ തീരുമാനിക്കാം. എന്നാല്‍ എന്തു പഠിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സാഹചര്യം സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യമാണ് അവസാനിപ്പിക്കുക. എന്തു പഠിക്കണം, എന്തു ചിന്തിക്കണം എന്നത് ഭരണകൂടം തീരുമാനിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടം ചെറുതല്ല. നാളിതു വരെയായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച ശാസ്ത്രാവബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തി മിത്തുകളില്‍ അഭിരമിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത് എന്ന വസ്തുത മുന്നില്‍ വെച്ച് പരിശോധിക്കുമ്പോള്‍ ആ അപകടത്തിന്റെ വ്യാപ്തി ചെറുതായിരിക്കില്ല. പുരാണ കഥാപാത്രങ്ങളായ കര്‍ണന്റെ ജനനത്തിനും ഗണപതിയുടെ തുമ്പിക്കൈക്കും ശാസ്ത്രീയത നല്‍കാന്‍ പ്രധാനമന്ത്രി തന്നെ നടത്തിയ പരിഹാസ്യമായ ശ്രമങ്ങള്‍ ഓര്‍ക്കുക. ഈ വിദ്യാഭ്യാസ നയം കൂടുതല്‍ സങ്കുചിതവും വര്‍ഗീയവുമായ സാമൂഹിക നില രൂപപ്പെടാന്‍ ഇടവരുത്തും.

കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനവും പ്രവ്യത്തിയും മറ്റെല്ലാ വിഷയത്തിലുമെന്ന പോലെ പുതിയ വിദ്യാഭ്യാസ നയത്തിലും പ്രതിഫലിച്ചിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിതമായ പരിശീലനം നല്‍കുമെന്ന് നയത്തില്‍ പറയുന്നുണ്ട്. തൊഴിലിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനും ഇത് ലക്ഷ്യമിടുന്നു. അതേസമയം അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ക്കും മാനവിക വിഷയങ്ങള്‍ക്കും കാര്യമായ പരിഗണനയില്ല. തൊഴില്‍ നൈപുണ്യം സൃഷ്ടിക്കുക എന്നതിലുപരി സമഗ്ര വ്യക്തിത്വം സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മഹിത ലക്ഷ്യം ഇതോടെ അട്ടിമറിക്കപ്പെടുന്നു. അതുപോലെ കൊളേജുകള്‍ക്ക് നിലവിലുള്ളതു പോലെ സര്‍വകലാശാലകള്‍ക്കു കീഴിലുളള അംഗീകാരം ആവശ്യമില്ലെന്നും ബിരുദങ്ങള്‍ സ്വയം നല്‍കാമെന്നും നയരേഖയില്‍ പറയുന്നുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം കുറക്കുകയും വാണിജ്യാടിസ്ഥാനത്തിലുള്ള ബിരുദക്കച്ചവടത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

പത്താം ക്ലാസ് കഴിഞ്ഞ ശേഷം പരമ്പരാഗത വിദ്യാഭ്യാസം വേണോ, പോളിടെക്നിക്, ഐ ടി ഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസം വേണോ എന്നു തിരഞ്ഞെടുക്കാനുള്ള അവസരം പുതിയ നയം ഇല്ലാതാക്കുന്നു. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം വൊക്കേഷണല്‍ ട്രൈനിംഗും നടപ്പിലാക്കുന്നതു പോലുള്ള നിര്‍ബന്ധ പരിഷ്‌കാരങ്ങള്‍ എന്തു പഠിക്കണം എന്നു തീരുമാനിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശമാണ് നിഷേധിക്കുന്നത്.

ഭരണഘടനവ്യവസ്ഥകളാല്‍ പ്രത്യേക സംരക്ഷണത്തിന് അര്‍ഹതയുളള ന്യൂനപക്ഷ വിദ്യാഭ്യാസ മേഖല പുതിയ നയത്തില്‍ ചിത്രത്തിലേ ഇല്ലെന്നത് സര്‍ക്കാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും വേഗപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുളളത്. ഉയര്‍ന്ന ഫീസ്, സര്‍വകലാശാലകളുടെ സ്വയംഭരണത്തിന്‍ മേലുള്ള കടന്നുകയറ്റം, അധ്യാപകജോലിയില്‍ സ്ഥിരതയില്ലായ്മ എന്നിവയായിരിക്കും ഇതിന്റെ അനന്തരഫലം. 50000വിദ്യാഭ്യാസ സ്ഥാപനങ്ങളെ 15,000 ആയി കുറയ്ക്കുകയും മുവ്വായിരത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള എല്ലാ കൊളേജുകളും അടച്ചുപൂട്ടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യുമെന്നും വ്യക്തമാക്കുന്നു. ഇത് പ്രാദേശികമായ അസന്തുലിതാവസ്ഥക്ക് കാരണമാകും.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്ന തിനപ്പുറം വിദ്യാഭ്യാസ കമ്പോളങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതിനും, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിരസിക്കുന്നതിനുമാണിത് വഴിവെക്കുക. കൂടുതല്‍ സ്വയം ഭരണ കോളേജുകളും സ്വാശ്രയ സര്‍വകലാശാലകളും വരുന്നത് പാവപ്പെട്ടവരെ ഉന്നതവിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റും. എല്ലാവരുടെയും അവകാശത്തിനപ്പുറം വിദ്യാഭ്യാസമെന്നത് സമ്പന്നരുടേതാക്കി മാറ്റുകയും, സാധാരണക്കാരെ സംബന്ധിച്ച് ഔദാര്യമായി തീരുകയും ചെയ്യുന്ന നിര്‍ദ്ദേശങ്ങളാണ് നയത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ദേശീയ വിദ്യാഭ്യാസനയം വൈകാരിക രേഖകൂടിയായതും ശാസ്ത്രീയ സമീപനങ്ങള്‍ക്കും യുക്തിക്കും പകരം ഭരണകൂട താത്പര്യങ്ങള്‍ മേധാവിത്വം നേടിയതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു. ലോകാംഗീകൃതമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ നയിക്കുന്ന വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങളെ സ്വംശീകരിക്കാന്‍ ശ്രമിച്ചില്ലെന്നതും വലിയ കുറവായി അവശേഷിക്കുന്നു. അതിലെല്ലാമുപരി പുതിയ നയം പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഒരു തിരിച്ചുപോക്ക് എന്നത് പ്രയാസമാകും. കാരണം. ഇന്ത്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന നിര്‍ബന്ധ പദ്ധതിയാണിത്. കരടുരേഖയില്‍ കാണാത്ത പലതും അന്തിമ രേഖയില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. തെറ്റുതിരുത്താന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറല്ലെങ്കില്‍ ദുരന്തം ഭീകരമായിരിക്കും.

രാജ്യത്തിന്റെ ഭാവി ഇന്നത്തെ ക്ലാസ് മുറികളിലാണ് എന്നതുകൊണ്ടുതന്നെ വിദ്യാഭ്യാസ നയം അത്യധികം ഗൗരവത്തോടെ നടക്കേണ്ട ആശയരൂപീകരണമാകേണ്ടതായിരുന്നു. വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം നിര്‍മിക്കപ്പെട്ട വിദ്യാഭ്യാസ നയമായി ചുരുങ്ങിയെന്നതാണിതിലെ വലിയ ദുരന്തം.
പാര്‍ലമെന്റിനെ മറികടന്നും ദുര്‍ബലപ്പെടുത്തിയും ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ നവഉദാരവല്‍ക്കരണ അജണ്ട ആക്രമണോത്സുകമായി മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍. ഇത് രാജ്യത്തിന്റെ ഭാവിയിലും ജനാധിപത്യ സംവിധാനത്തിലും ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത്.

എ പി മുഹമ്മദ് അശ്ഹര്‍
(ജനറല്‍ സെക്രട്ടറി, SSF കേരള)

You must be logged in to post a comment Login