ആ ആചാരങ്ങള്‍ നമ്മുടേതല്ല

ആ ആചാരങ്ങള്‍ നമ്മുടേതല്ല

2008 ജനുവരിയിലെ മുഹറം പത്തിനു അലിഗഡിലായിരുന്നു ഞാന്‍. അന്തരീക്ഷോഷ്മാവ് പലപ്പോഴും പൂജ്യം ഡിഗ്രിയില്‍ വരെയെത്തുന്ന അതികഠിനമായ തണുപ്പ്. അവധി ദിവസമായതിനാല്‍ രാവിലെ ഒരല്പം ഉറങ്ങാന്‍ തീരുമാനിച്ച് കിടന്നപ്പോഴാണ് സുഹൃത്തുക്കള്‍ മുഹറം പത്തിന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. കട്ടിയുള്ള രണ്ടു കോട്ടു ധരിച്ചും പുതപ്പുകൊണ്ട് തലയും മുഖവും വരിഞ്ഞുമുറുക്കിയും ഞങ്ങള്‍ പുറപ്പെട്ടു. യൂണിവേഴ്‌സിറ്റിയുടെ തൊട്ടു പിന്നിലായിരുന്നു പരിപാടി. ശിയാക്കളുടെ പരിപാടിയിലേക്കാണ് ക്ഷണിച്ചതെന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. ജീവിതത്തിലെ ഏറ്റവും ക്രൂരമായ ആഘോഷ പരിപാടികള്‍ പിന്നീട് അപ്രതീക്ഷിതമായി കാണേണ്ടിവന്നു. തണുത്തുറഞ്ഞ പ്രഭാതത്തില്‍ ചെറിയ മക്കളും പടുവൃദ്ധന്മാരുമെല്ലാം കുപ്പായം അഴിച്ചിട്ടു വാവിട്ടു കരഞ്ഞു നെഞ്ചത്തും പുറത്തും അടിക്കുന്നു. അടിച്ച് അടിച്ച് ചുവന്ന നിറമായിട്ടുണ്ട്. കുട്ടികളുടെ കരച്ചില്‍ ഒരുകിലോമീറ്റര്‍ അപ്പുറത്തേക്ക് വരെ കേള്‍ക്കാം. അടിക്കാന്‍ തയാറില്ലാത്ത കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും അടിപ്പിക്കുന്നു. വേദന കൊണ്ട് പുളയുന്ന ആയിരങ്ങള്‍. ഈ മഹാത്ഭുതം കാണാന്‍ വന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളടക്കം ആയിരങ്ങള്‍ വേറെയും. എന്തോ ചില പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലുന്നുമുണ്ട്. ഇതിനിടയില്‍ ഒരു പ്രഭാഷണം തുടങ്ങി. ഒരു മനുഷ്യന് കഴിയുന്ന ഏറ്റവും ഉച്ചത്തില്‍ അട്ടഹസിച്ചാണ് പ്രഭാഷണം. കര്‍ബലയിലെ അതിദാരുണമായ സംഭവങ്ങളാണ് വിശദീകരിക്കുന്നത്. ചിലരൊക്കെ കരയുന്നുണ്ട്. ഞങ്ങളില്‍ പലര്‍ക്കും കരച്ചില്‍ വന്നു. അര്‍ധ സത്യങ്ങളായിരുന്നു അയാള്‍ വിളിച്ചുപറയുന്നതെന്ന് പാവം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കറിയില്ലല്ലോ. കരഞ്ഞില്ലെങ്കില്‍ ഉണ്ടാക്കിക്കരയാനും പലപ്രാവശ്യം പ്രഭാഷകന്‍ ആഹ്വാനം നല്‍കുന്നുണ്ടായിരുന്നു. പ്രഭാഷണത്തിനിടയില്‍ അയാള്‍ എന്തോ കല്പിച്ചു. ഉടനെ മറ്റൊരു അതിക്രൂരമായ ആചാരം അവിടെ ആരംഭിച്ചു. ഒരു മീറ്റര്‍ നീളമുള്ള ചങ്ങലയുടെ ഒരു വശം ചെറിയ ബ്ലേഡുകള്‍ ധാരാളം തൂക്കിയിട്ടിരിക്കുന്നു. ഇങ്ങനെയുള്ള ചങ്ങല ഒട്ടുമിക്ക ആളുകളുടെ കയ്യിലുമുണ്ട്. ഇതുകൊണ്ട് പുറത്ത് ആഞ്ഞുവീശി അടിക്കുന്നു. ചെറിയ മക്കളുടെ പുറത്ത് രക്ഷിതാക്കള്‍ തന്നെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. കൊടും ശൈത്യത്തില്‍ വേദനകൊണ്ട് പുളയുന്ന അനേകായിരം പച്ച മനുഷ്യര്‍. ധാരാളം ആംബുലന്‍സുകള്‍ അവിടെ നിര്‍ത്തിയിട്ടിട്ടുണ്ട്. ഓരോ ആംബുലന്‍സും ചീറിപ്പായുന്നതാണ് പിന്നീട് കണ്ടത്. കാരണം ആയുധ പ്രയോഗത്തില്‍ ഗുരുതര പരിക്ക് പറ്റിയവരെയാണ് ആംബുലന്‍സ് കൊണ്ടുപോകുന്നത്.

പിന്നീട് ഡല്‍ഹിയില്‍ പഠിച്ചപ്പോഴും മുഹറം പത്തിന് ആരുവിളിച്ചാലും ജുമാമസ്ജിദ് പരിസരത്തേക്ക് പോകാറില്ലായിരുന്നു. കാരണം ഒരു മനഃസാക്ഷിക്കും കണ്ടിരിക്കാന്‍ കഴിയാത്ത അതികിരാതമായ ആചാരമാണ് അവിടെ നടക്കാറുള്ളത്. 2011 ല്‍ ഇറാനില്‍ പോയതും വളരെ അപ്രതീക്ഷിതമായി ഒരു മുഹറം മാസത്തിലായിരുന്നു. എയര്‍പോര്‍ട്ട് മുതല്‍ തെരുവുകള്‍ മുഴുവനായും കറുത്ത വലിയ പതാക കൊണ്ട് മൂടിയിരിക്കുന്നു. എവിടെയും കറുപ്പന്‍ മയം. റോഡ് നിറയെ കറുത്ത തോരണങ്ങള്‍. ഹോട്ടലിലും റിസപ്ഷനിലും കറുപ്പ് തന്നെ. ആളുകള്‍ വസ്ത്രം ധരിച്ചിരിക്കുന്നതും കറുപ്പ്. മുഹറം ആദ്യ പത്തുദിവസം ഇങ്ങനെയാണ് പോലും. ഓരോ വീട്ടിലും പള്ളിയിലും പൊതുസ്ഥലങ്ങളിലും പ്രത്യേക ചടങ്ങുകളുണ്ടാവും ഈ പത്തുദിവസവും. പ്രധാന ആരാധന കരച്ചിലാണ്. ഉണ്ടാക്കി പൊട്ടിപ്പൊട്ടിക്കരയുക. വായില്‍ വരുന്ന മുഴുവന്‍ അസഭ്യങ്ങളും യസീദിനെതിരെയും ഇബ്‌നു സിയാദിനെതിരെയും വിളിച്ചുപറയുക. വീണ്ടും കരയുക. കരച്ചില്‍ നിര്‍ത്താന്‍ ആഹ്വാനം വന്നാല്‍ കരച്ചില്‍ നിര്‍ത്തുക. എല്ലാം കൊണ്ടും വല്ലാത്തൊരു ദാരുണമായ അന്തരീക്ഷം. അതിലേറെ പരിഹാസ്യവും.
ജനങ്ങളുടെ സിമ്പതി അഥവാ സഹതാപം വാങ്ങി ജീവിക്കാനും വളരാനും പഠിച്ച രണ്ടു പ്രസ്ഥാനങ്ങളാണ് ജൂദായിസവും ശീഇസവും. മൂസാനബിയുടെ കാലാനാന്തരം ആധുനിക ഹോളോകോസ്റ്റ് വരെ ജൂതന്മാര്‍ ചെയ്തുവെച്ചത് ഇതിനു തെളിവാണ്. തങ്ങളുടെ കോടിക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കി എന്ന ഒരൊറ്റ വികാരപ്രപഞ്ചത്തിലാണ് ഇന്നും ജൂദായിസം വളരാന്‍ ശ്രമിക്കുന്നത്. ഹോളോകോസ്റ്റ് നിഷേധിക്കുന്നത് രാജ്യദ്രോഹവും മതവിരുദ്ധവുമാകുന്നത് ഈയൊരു ചിന്താഗതി കൊണ്ടുമാത്രമാണ്. എന്നാല്‍ അനേകം കാര്യങ്ങളില്‍ ജൂത പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുള്ള ശീഇസത്തിനു ഒരു ഹോളോകോസ്റ്റ് വീണുകിട്ടിയില്ലെന്നു പറയാം. പകരം ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും കിരാതമായ കര്‍ബല യുദ്ധത്തെ വളരെ തന്ത്രപരമായി അവര്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് തുന്നിച്ചേര്‍ക്കാനാണ് ശ്രമിച്ചത്. പ്രവാചകരുടെ പൗത്രന്‍ ഹുസൈനെയും(റ) സന്താനങ്ങളെയും കുടുംബത്തെയും ഇബ്‌നു സിയാദിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മേലാളന്മാര്‍ ക്രൂരമായി കൊല ചെയ്തപ്പോള്‍ മുസ്ലിം ലോകം മുഴുവനും പൊട്ടിക്കരഞ്ഞു. എത്ര മറക്കാന്‍ ശ്രമിച്ചാലും ചരിത്രമറിയുന്ന ഓരോ മുസ്ലിമിന്റെ മനസ്സിലും ഈ കിരാത വാഴ്ച മാറാതെ ഒരു ദുഃഖമായി അവശേഷിക്കുകയും ചെയ്യും. മുസ്ലിം ലോകത്തുനടന്ന ഈ വിഷമസന്ധിയെ എത്രമാത്രം സഹതാപപൂര്‍ണമായി അവതരിപ്പിക്കാമെന്നും അതെങ്ങനെ തങ്ങളുടെ സ്വകാര്യ അജണ്ടകള്‍ക്ക് വളം നല്‍കാനുള്ള ആയുധമാക്കാമെന്നുമാണ് ശിയാക്കള്‍ എപ്പോഴും ചിന്തിച്ചത്. ഇതിനു വ്യത്യസ്ത ശിയാ വിഭാഗങ്ങള്‍ പരസ്പരം മത്സരിക്കുകയും ഇസ്ലാമിനെ പൂര്‍ണമായും നാണിപ്പിക്കുന്ന വിധത്തില്‍ വളരെ കിരാതമായ ആചാരങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. അങ്ങനെ മുഹറം ശിയാ ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും ഏറ്റവും പുണ്യമുള്ള ദിവസങ്ങളും കര്‍ബല ഏറ്റവും പുണ്യമുള്ള സ്ഥലവുമായി മാറി.

അഹ്‌ലുബൈത്തിനെയും അവര്‍ നേരിട്ട പ്രയാസങ്ങളെയും ഏറ്റവും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയ പ്രസ്ഥാനമാണ് ശീഇസം. ഇസ്ലാമിക ചരിത്രത്തിന്റെ ആദ്യ ദശകങ്ങളില്‍ തീര്‍ത്തും അഹ്‌ലുബൈത്തിനു അനുകൂലവുമായിരുന്നു മുസ്ലിംകളില്‍ മഹാ ഭൂരിഭാഗവും. അന്ന് രണ്ടു വിഭാഗം മുസ്ലിം ലോകത്ത് അറിയാതെ രൂപപ്പെടുകയും ചെയ്തു. ശീഅത്തു അലി എന്ന് പറയുന്ന വിഭാഗം അലിയെ(റ) പിന്തുണക്കുകയും ശേഷം ഈ പിന്തുണ കുറച്ചുകാലത്തേക്കെങ്കിലും അഹ്‌ലുബൈത്തിനു ആശ്വാസമാവുകയും ചെയ്തു. മറുപക്ഷത്തുള്ളവരാവട്ടെ, മുആവിയ(റ) പക്ഷമായിരുന്നു. ഇവരെല്ലാവരും ഒന്നുകില്‍ സ്വഹാബികളോ അല്ലെങ്കില്‍ താബിഉകളോ ആയിരുന്നു താനും. ഇജ്തിഹാദില്‍ സ്വഹാബികള്‍ക്കിടയില്‍ ചില എതിരഭിപ്രായങ്ങള്‍ സംഭവിക്കുകയും ചെയ്തു. അഹ്‌ലുബൈത്തിനോടുള്ള ആദരവ് നിലനിര്‍ത്തിയായിരുന്നു ഈ അഭിപ്രായാന്തരങ്ങള്‍. പക്ഷേ പിന്നീട് ചിലയാളുകളുടെ അമിത സ്‌നേഹം വിനയായി എന്നുപറയാം. ഇബ്‌നു സിയാദിനെതിരെയും യസീദിനെതിരെയും യുദ്ധം നയിക്കാന്‍ ഹുസൈനെ(റ) ക്ഷണിക്കുന്നതും വഞ്ചിച്ച് ഓടിക്കളഞ്ഞതും ഈ വിഭാഗത്തിലെ ന്യൂനപക്ഷമായിരുന്നു. ഇവര്‍ തന്നെയാണ് പിന്നീട് തങ്ങളുടെ വഞ്ചനയില്‍ മനംനൊന്ത് അഹ്‌ലുബൈത്തിന്റെയാളുകളായി രംഗത്തുവന്നതും.

കര്‍ബലക്കു ശേഷം അഹ്‌ലുബൈത്തിനോട് മുസ്ലിം ലോകത്ത് നിലനിന്ന സ്‌നേഹവും സഹതാപവും രാഷ്ട്രീയപരമായി ഉപയോഗിക്കാന്‍ പലരും പിന്നീട് മുന്നോട്ടുവന്നു. ഫത്വിമി ഭരണകൂടവും മംലൂക്കുകളുമെല്ലാം പിറവിയെടുക്കുന്നത് അങ്ങനെയാണ്. ഫാത്വിമയിലേക്ക്(റ) ചേര്‍ത്തി തന്നെ ഭരണകൂടം സ്ഥാപിക്കാനുണ്ടായ ഉദ്യുക്തി അതായിരുന്നു. അഹ്‌ലുബൈത്തിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച ഈജിപ്തും പരിസര പ്രദേശങ്ങളുമാണ് ഈ ഭരണകൂടങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനം ലഭിച്ചതും. ഈ രാഷ്ട്രീയക്കാര്‍ തന്നെയാണ് വിശ്വാസപരമായി ശിയാക്കള്‍ക്ക് മറ്റൊരു ഇസ്ലാമിനെ പണിതുണ്ടാക്കിയത്. ഓരോ രാജാക്കന്മാരും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നിലനിര്‍ത്താന്‍ പുതിയ ഇസ്ലാമിനെ നിര്‍മിച്ചു. അവ ഇസ്ലാമെന്നുപോലും അവകാശപ്പെടാനാവാത്ത വിധം വികലവും വിചിത്രവുമായി മാറി. ഇതിനു ഏറ്റവും വലിയ തെളിവായിരുന്നു ഇസ്മാഈലി ശിയാക്കള്‍. ദീര്‍ഘകാലം ഭരണം നടത്തിയ ഈ വിഭാഗം രാജാവിന്റെ അധീശത്വം ഉറപ്പിക്കാന്‍ രാജാവിനെ നബിയും ദൈവവും വരെയാക്കി. രാജാവ് പറയുന്നതായിരുന്നു ഇസ്ലാം. ഇന്നും ഈ വിശ്വാസങ്ങള്‍ പേറിനടക്കുന്ന ശിയാക്കളുണ്ടെന്നു മാത്രമല്ല, ലോകത്തെ പ്രബലമായ ശിയാ ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനം ഇവര്‍ക്കാണ്. സിറിയയിലെ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നത് ഈ വിഭാഗം ശിയാക്കളാണ്.

ഇതിനിടയില്‍ സൈദിയ്യ വിഭാഗം യമനില്‍ പിടിമുറുക്കി. വിശ്വാസപരമായി അഹ്‌ലുസ്സുന്നയോട് അധികം കലഹിക്കാത്ത ഈ വിഭാഗവും അധികാരത്തിനുവേണ്ടിയാണ് അഹ്‌ലുബൈത്തിനെയും ഇസ്ലാമിനെയും ദുരുപയോഗം ചെയ്തത്. ഇങ്ങനെയെല്ലാം ശ്രമിച്ചിട്ടും എല്ലായിടത്തും ശിയാ ഭരണകൂടത്തിന് അധികം പിടിച്ചുനില്‍ക്കാനായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശുയുദ്ധത്തില്‍ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനു മുമ്പ് ശിയാ ഭരണം ലോകത്ത് നിന്നും പിഴുതെറിയാനാണ് ശ്രമിച്ചത്. കാരണം ഒറ്റുകാരും ഇസ്ലാമിനെ നശിപ്പിക്കാന്‍ ഇറങ്ങിയവരുമാണ് ശിയാക്കളെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഏറ്റവും കൂടുതല്‍ ശിയാ സ്വാധീനമുള്ള ഈജിപ്ത് അങ്ങനെയാണ് സ്വലാഹുദ്ദീന്‍ അയൂബി പിടിച്ചടക്കുന്നത്. ഇതിനുശേഷം വളരെ വൈകിയാണ് ഇറാന്‍ കേന്ദ്രമായി സ്വഫവിയ്യ ഭരണകൂടം സ്ഥാപിതമാകുന്നത്. പണ്ട് മുതലേ പേര്‍ഷ്യക്കാരില്‍നിന്നും ജൂതന്മാരില്‍ നിന്നും കണ്ടു ശീലിച്ച ആചാരങ്ങള്‍ ദീനില്‍ കടത്തിക്കൂട്ടിയാണ് ഇവര്‍ ശിയായിസത്തെ വളര്‍ത്തിയത്. ശിയാക്കള്‍ പറയുന്ന ഇമാമുമാരെല്ലാം മരിച്ചുപോയതിനുശേഷം അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി ശിയാക്കള്‍ പിരിഞ്ഞു. ഇതിലെ പ്രബല വിഭാഗമായ ഇസ്‌നാ അശ്രികളാണ് സ്വഫവിയ്യ ഭരണകൂടത്തില്‍ പിടിമുറുക്കിയിരുന്നത്. ഇന്ന് ലോകത്ത് ഇറാന്‍, അഫ്ഗാന്‍, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ ധാരാളം സ്ഥലങ്ങളിലുള്ള ശിയാക്കള്‍ ഇവരാണ്. ഇവരിലൂടെയാണ് അഹ്‌ലുബൈത്തിനെയും ഇസ്ലാമിനെയും ഏറ്റവും വികൃതമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നതും ഇസ്ലാമിനെ പരമാവധി മലിനമാക്കുന്നതും.
മുസ്ലിം ലോകത്തിന്റെ അധീശതത്വവും ഇസ്ലാമിനെ നശിപ്പിക്കലുമായിരുന്നു ഇവരുടെ അടിസ്ഥാനലക്ഷ്യം. കേവലം പതിമൂന്നു സ്വഹാബികളല്ലാത്ത മുഴുവന്‍ സ്വഹാബികളെയും ഇവര്‍ കാഫിറുകളാക്കി പ്രഖ്യാപിച്ചു. ഏറ്റവും വലിയ കാഫിറുകളായി അബൂബക്കറിനെയും(റ) ഉമറിനെയും(റ) പരിചയപ്പെടുത്തി. ഇവര്‍ക്കെതിരെ ശാപവാക്കുകള്‍ വര്‍ഷിക്കാന്‍ പ്രത്യേകം മജ്‌ലിസുകള്‍ വരെ സംഘടിപ്പിക്കുകയും ഇന്നും അതൊരു ആചാരമായി നിലനില്‍ക്കുകയും ചെയ്യുന്നു. ശിയാ ജീവിതത്തിലെ ഏറ്റവും പുണ്യമുള്ള ഒരു ആരാധന സ്വഹാബികളെ ശപിക്കുന്ന ഈ ‘ദിക്‌റുകളാ’ണ്. അഥവാ ഇത് മുഖേന അവര്‍ ലക്ഷ്യം വെച്ചത് ഇസ്ലാമിന്റെ അടിത്തറ നശിപ്പിക്കാനായിരുന്നു. ഖുര്‍ആനിനും സുന്നത്തിനും അടിസ്ഥാനമില്ലെന്ന ആത്യന്തികവാദമാണ് അവര്‍ ലക്ഷ്യം വെച്ചതില്‍ ഒന്ന്. ഖുര്‍ആനില്‍ ഒരുപാട് തെറ്റുകളുണ്ടെന്ന് പറഞ്ഞ ശിയാക്കള്‍ പുതിയ സൂറത്തുകള്‍ ഖുര്‍ആനില്‍ ആവിഷ്‌കരിക്കുകയും ഇന്നും ഓതിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ബുഖാരി, മുസ്ലിം തുടങ്ങിയ ഒരു ഹദീസ് നിവേദനവും സ്വീകരിക്കാത്ത ഈ വിഭാഗം പുതിയ ഹദീസ് ഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കൂടാതെ നിസ്‌കാരത്തിന്റെയും നോമ്പിന്റെയും ശൈലി മാറ്റുകയും ജുമുഅ ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കാരണം അവരുടെ വിശ്വാസപ്രകാരമുള്ള പന്ത്രണ്ടാം ഇമാം മരിച്ചിട്ടില്ലെന്നും അദ്ദേഹം ഗുഹയില്‍ ഒളിച്ചിരിക്കയുമാണെന്നാണ്. ഈ ഇമാം വന്നാല്‍ മാത്രമേ ജുമുഅ നിര്‍ബന്ധമുള്ളൂ.
നേരത്തെ പറഞ്ഞതുപോലെ പേര്‍ഷ്യന്‍-ജൂത വിശ്വാസങ്ങളാണ് ഇവരുടെ അടിസ്ഥാന വിശ്വാസങ്ങളെ രൂപപ്പെടുത്തിയത്. പേര്‍ഷ്യന്‍ വിശ്വാസപ്രകാരം രാജാവിന്റെ മൂത്തമകനാണ് രാജാധികാരം. ഇസ്‌നാ അശ്രികള്‍ എന്ന വിഭാഗം തന്നെ ജനിക്കുന്നത് ഈ ആശയത്തില്‍ നിന്നുമാണ്. ഇമാമത്തിന്റെ അവകാശം മൂത്ത മകനാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. പക്ഷേ ഇതൊന്നുമല്ല രസം, എല്ലാം കഴിഞ്ഞുപോയതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. അഥവാ അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയവരും അലിയും(റ) ശേഷമുള്ള മുഴുവന്‍ ഭരണാധികാരികളും ജീവിച്ചു മരിച്ചുപോയതിനു ശേഷമാണ് ആരാണ് ഇമാം എന്ന് ചര്‍ച്ച ചെയ്യുന്നത്. അവരല്ലായിരുന്നു വേണ്ടിയിരുന്നത് ഇവരായിരുന്നു എന്നു പറഞ്ഞ് മുസ്ലിം ലോകത്തെ മുഴുവന്‍ കാഫിറാക്കാനാണ് ശ്രമിച്ചത്. ഇതിന്റെ പിന്നിലുള്ള വികാരം മതത്തെ പൊളിക്കല്‍ മാത്രമായിരുന്നുവെന്നതിനു ഇനി മറ്റൊരുതെളിവ് ആവശ്യമില്ലല്ലോ.
ഇമാം മഅ്‌സൂമായിരിക്കുമെന്ന(പാപസുരക്ഷിതന്‍) വാദവും ജൂത-പേര്‍ഷ്യന്‍ ചിന്താഗതിയുടെ ഭാഗമായിരുന്നു. രാജാവ് തെറ്റൊന്നും ചെയ്യാത്ത ആളായിരിക്കുമെന്ന പേര്‍ഷ്യന്‍ പൊതുവിശ്വാസം ഇവര്‍ ഇസ്ലാമിലേക്ക് കടമെടുത്തു. അങ്ങനെ അവര്‍ പറയുന്ന ഇമാമുമാരെല്ലാം പാപസുരക്ഷിതരാണെന്നും ജീവിതത്തില്‍ ഒരിക്കലും തെറ്റുചെയ്യില്ലെന്നും വിശ്വസിച്ചു. അതുകൊണ്ടുതന്നെ ഇവരുടെ വാക്കുകള്‍ക്ക് ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ സ്ഥാനമാണുള്ളത്. എന്നല്ല, ഇറാന്‍ വിപ്ലവ നേതാവും ശിയാക്കളുടെ ആത്മീയ നേതാവുമായ ഖുമൈനി പറഞ്ഞത് ഇമാമുമാരുടെ സ്ഥാനത്തേക്ക് ഒരു മലക്കും ഒരു നബിയും എത്തില്ലെന്നാണ് (അല്‍ ഹുകൂമത്തുല്‍ ഇസ്ലാമിയ്യ/ ഖുമൈനി; പേജ് 52). ആധുനിക ശിയാ നേതാക്കളില്‍ പ്രമുഖനായ മുഹമ്മദ് സ്വാദിഖ് റൂഹാനി പറഞ്ഞത് നുബുവ്വത്തിനേക്കാളും വലുത് ഇമാമതാണ് എന്നായിരുന്നു. ഇങ്ങനെ നീണ്ടുപോകുന്ന ഒരായിരം കള്ളവാദങ്ങള്‍ ഇസ്ലാമില്‍ നിരത്തിയതിനു പിന്നിലുള്ള പ്രചോദനം ദീന്‍ പൊളിക്കലും അതിന്റെ ഉറവിടം ജൂത-പേര്‍ഷ്യന്‍ ആചാരങ്ങളുമായിരുന്നുവെന്നതാണ് സത്യം. അങ്ങനെയാണ് മുഹറം പത്തിലെ ആചാരങ്ങളും ശിയാ ഭാഗമാകുന്നത്.

ഇത് മുഖേന ജൂത തന്ത്രങ്ങള്‍ ഇസ്ലാമിലവര്‍ ആവിഷ്‌കരിക്കുകയും അത് മുഖേന ആളെക്കൂട്ടുകയും പ്രസ്ഥാനം വളര്‍ത്തുകയും ചെയ്തു. സഹതാപ തരംഗം സൃഷ്ടിച്ച് ആളെക്കൂട്ടുന്ന പരിപാടി എക്കാലത്തും വളരെ ജനകീയമാണല്ലോ. എന്നാല്‍ ഇസ്ലാം ഇതില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു. ഇസ്ലാമിലെ ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചില ലക്ഷ്യങ്ങളും മാനദണ്ഡങ്ങളുമുണ്ട്. അവ മനുഷ്യന്റെ ചിന്ത ഉദ്ധീപിപ്പിക്കുന്നതും അവനില്‍ പ്രതീക്ഷകള്‍ നല്‍കുന്നതും മുന്നോട്ടുള്ള ഗമനത്തിനു വഴി തുറക്കുന്നതുമായിരിക്കണം. മനുഷ്യനെ അനാവശ്യമായി വേദനിപ്പിക്കുന്ന ഒന്നും ഇസ്ലാം ആവിഷ്‌കരിച്ചിട്ടില്ലെന്നല്ല, അവയൊക്കെ നിഷിദ്ധമാക്കുകയാണ് ചെയ്തത്. പക്ഷേ ഹോളോകോസ്റ്റ് ഫിലോസഫി പിന്തുടരുന്ന ശിയാ വിഭാഗത്തിന്റെ ഇസ്ലാം ഇതായിരുന്നില്ല. ഇവിടെയും ശിയാക്കള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചതെന്ന് വ്യക്തമാണ്. ഹുസൈന്റെ(റ) പിതാവും ആഗോള അഹ്‌ലുബൈത്തുകളുടെ ഏറ്റവും വലിയ പിതാവുമായ അലിയുടെ(റ) ശഹാദത്ത് ഒരു നിലക്കും ആഘോഷിക്കാനോ ആചരിക്കാനോ ഇവര്‍ തയാറായില്ല. കാരണം അതില്‍ ഹോളോകോസ്റ്റ് സിദ്ധാന്തം പ്രയോഗിക്കാന്‍ കിട്ടില്ലെന്നവര്‍ക്കറിയാം. അതേസമയം ഹുസ്സൈന്റെ(റ) ശഹാദത് ആഘോഷിക്കുന്നു താനും. വര്‍ഷങ്ങള്‍ പിന്നിടും തോറും മുഹറം പത്തിന്റെ ആചരണങ്ങള്‍ക്ക് എരുവും പുളിയും നല്‍കി ശിയാക്കള്‍ വികസിപ്പിച്ചെടുക്കുന്നതും ഈ ഫിലോസോഫിയുടെ ഭാഗമായിട്ടാണ്. ഇതിലപ്പുറം ഇസ്ലാമിനെ നശിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യവും അവര്‍ നേടുന്നു. കാരണം വളരെ പ്രാകൃതമായ ഒരു ആചരണ രീതിയാണല്ലോ ഇതിനവര്‍ തിരഞ്ഞെടുത്തത്. ഇസ്ലാം അറേബ്യയില്‍ വരുന്നതിനു മുമ്പുള്ള ജാഹിലിയ്യാ രീതിയായിരുന്നുവിത്. ഇത്തരം രീതികള്‍ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടുന്നതില്‍ വളരെ ശക്തമായ ബാഹ്യ സ്വാധീനവും അജണ്ടകളുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലിം ലോകത്തെ രാഷ്ട്രീയമായി ശിഥിലമാക്കാനുള്ള ശിയാക്കളുടെ കുതന്ത്രങ്ങളുടെ അതേ അജണ്ട തന്നെ. യമനിലെ സൈദിയ്യ വിഭാഗം സുന്നികളുമായി രമ്യതയില്‍ പോയപ്പോള്‍ അവിടെപ്പോയി ഹൂതികളെ സൃഷ്ടിച്ച അജണ്ട, ഇറാഖിലെ ലക്ഷക്കണക്കിന് സുന്നികളെ നിഷ്‌കാസനം ചെയ്ത അജണ്ട, സിറിയയില്‍ ബശ്ശാറുല്‍ അസദിന് ആളും ആയുധവും നല്‍കുന്ന അജണ്ട… ശിയാ സ്വാധീനവും ആസൂത്രണവും നമ്മെ ഞെട്ടിക്കും. അത്തരം ചില പ്ലാനുകളുടെ ദുരന്തമാണ് മുഹറം പത്ത്.
എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മുഹറം പത്ത് വളരെ പുണ്യമുള്ള ദിവസമാണ്. അത് കര്‍ബല നടന്നത് കൊണ്ടുമാത്രമല്ല, ധാരാളം കാരണങ്ങളുണ്ടതിന്. അന്ന് നോമ്പനുഷ്ഠിച്ചും കൂടുതല്‍ ഇബാദത്ത് ചെയ്തും ശഹീദാവുകയും മരണപ്പെടുകയും ചെയ്ത മഹാന്മാരെ മാന്യമായി സ്മരിച്ചുമാണ് മുസ്ലിംകള്‍ ഈ ദിവസം ആചരിക്കുന്നത്. ഇത്തരം പരിപാടികളെല്ലാം ശിയാക്കള്‍ ഹറാമാക്കി. അന്നേദിവസം നോമ്പനുഷ്ഠിക്കുന്നത് അവര്‍ ഹറാമാക്കിയത് ഇതിന്റെ ബലത്തിലായിരുന്നു.
ചുരുക്കത്തില്‍ അനേകായിരം ദുരുദ്ദേശ്യങ്ങളോടെ മുസ്ലിംകളെ നശിപ്പിക്കാനിറങ്ങിയ ഒരു വികല പ്രസ്ഥാനത്തിന്റെ വഴിതിരിഞ്ഞ ആചാരങ്ങളാണ് ഇന്ന് പല സ്ഥലത്തും കണ്ടുവരുന്നത്. ഇതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login