വിലയേറുന്ന വിദ്യാഭ്യാസവും അടിപതറുന്ന തൊഴില്‍ വൈദഗ്ധ്യവും

വിലയേറുന്ന വിദ്യാഭ്യാസവും അടിപതറുന്ന തൊഴില്‍ വൈദഗ്ധ്യവും

വിവിധ പഠനശാഖകളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായവും വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതിയും ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളുമായാണ് 2020 ദേശീയ വിദ്യാഭ്യാസ നയം ഇക്കഴിഞ്ഞ ജൂലൈ 29ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അവതരിപ്പിച്ചത്.
എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച 100 സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിലൂടെ മികച്ച വിദ്യാഭ്യാസത്തിന്റെ ചെലവ് കാര്യമായി വര്‍ധിക്കുമെന്ന് ‘ദ ഐഡിയ ഓഫ് ദ യൂണിവേഴ്സിറ്റി’ പുസ്തകത്തിന്റെ എഡിറ്റര്‍ ദേബാദിത്യ ഭട്ടാചാര്യ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സര്‍വകലാശാലകള്‍ക്ക് സ്വന്തം ഹിതമനുസരിച്ച് ഫീസ് നിര്‍ണയിക്കാനുള്ള അധികാരം ലഭിക്കുമെന്നതാണ് ഇതിന് കാരണം. നയരേഖയിലെ ബഹുമുഖ പാഠ്യവിഷയ സമീപനവും ഒരേസമയം ഒന്നിലധികം കോഴ്സുകളിലേക്ക് പ്രവേശിക്കാനും വിട്ടുപോവാനുമുള്ള അവസരവും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും മറ്റും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ ഒന്നിലധികം വിഷയങ്ങളില്‍ ഒരേസമയം വിദ്യാഭ്യാസം നേടുന്നതിന്റെ ഫലമായി വിദ്യാര്‍ഥികള്‍ക്ക് അതാത് വിഷയങ്ങളില്‍ ഉപരിപ്ലവപരമായ ധാരണ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ദേബാദിത്യ ഭട്ടാചാര്യ അഭിപ്രായപ്പെടുന്നു. ഒരു വിഷയത്തിലും ആഴത്തിലുള്ള അറിവ് നേടാനാവാത്തവരായി വിദ്യാര്‍ഥികള്‍ മാറുമെന്നും ബംഗാളിലെ കാസി നസ്റുല്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ ദേബാദിത്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാതി വെന്ത അറിവുമായി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ വന്‍തോതില്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി നമ്മുടെ സര്‍വകലാശാലകളും കോളജുകളും മാറുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

സര്‍വകലാശാലകള്‍ക്കായി ഗവര്‍ണര്‍മാരുടെ ഒരു സമിതി രൂപീകരിക്കുക എന്നതാണ് ഈ നയരേഖയിലെ മറ്റൊരു പ്രധാന നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകം തരംതിരിച്ച്, അംഗീകാരവും സ്വയംഭരണാവകാശവും നിര്‍ണയിക്കാന്‍ വഴിയൊരുക്കുന്നതിലൂടെ രാജ്യത്തെ എല്ലാ ഉന്നത സര്‍വകലാശാലകളും സ്വയം ഭരണശേഷിയുള്ള, സ്വതന്ത്ര സ്ഥാപനങ്ങളായി മാറുമെന്നാണ് പുതിയ വിദ്യാഭ്യാസ നയരേഖ സമര്‍ഥിക്കുന്നത്.

‘മികച്ച വിദ്യാഭ്യാസ യോഗ്യതയും മത്സരക്ഷമതയുമുള്ള പ്രഗത്ഭരെ ഉള്‍പ്പെടുത്തിക്കൊണ്ട് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് സ്ഥാപിക്കണം. ഇവര്‍ കാര്യക്ഷമത തെളിയിച്ചവരും സ്ഥാപനത്തോട് കൂറുള്ളവരുമായിരിക്കണം” എന്ന് നയരേഖ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമനങ്ങളും ഈ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് നടത്തണമെന്നും ഭരണപരമായ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല ഇവര്‍ക്കായിരിക്കുമെന്നും നയരേഖയില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഈ ബോര്‍ഡിലെ അംഗങ്ങളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിനെപ്പറ്റി നയരേഖ വ്യക്തമാക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ദില്ലി സര്‍വകലാശാലയിലെ അധ്യാപകരുടെ സംഘടന ദേശീയ വിദ്യാഭ്യാസനയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഘടനയെയും സങ്കീര്‍ണതകളെയും പറ്റി ദേബാദിത്യ ഭട്ടാചാര്യയുമായി ഹഫ്പോസ്റ്റ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുമെന്ന് നയരേഖയില്‍ പറയുന്നു. ഇതിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെയാവും? ഈ നടപടി എങ്ങനെയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബാധിക്കാന്‍ പോവുന്നത്?

ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന 100 വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിന് പിന്നാലെ ഇവിടുത്തെ നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ചെലവേറാന്‍ പോവുകയാണ്. വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന തന്ത്രപരമായ ന്യായീകരണമാണ് നയരേഖ സ്ഥാപിച്ചെടുക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ കൂടുതല്‍ പണം മുടക്കണമെന്ന് സര്‍ക്കാര്‍ പറയുന്നു. വിദ്യാഭ്യാസ പ്രക്രിയയില്‍ ഒരുതരം വച്ചുമാറ്റം സാധ്യമാക്കുന്ന വിധത്തിലാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ പോവുന്നത്. അതായത്, ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇവിടുത്തെ വിദേശ സര്‍വകലാശാലകളില്‍ നിന്ന് കോഴ്സുകള്‍ തിരഞ്ഞെടുക്കേണ്ടി വരും. ഈ കോഴ്സുകള്‍ക്ക് വലിയ തുക ഫീസായി നല്‍കണം. ഇന്ത്യയിലേക്ക് വരാന്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതി ഇടുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണവും ഈ ഫീസിന്മേല്‍ കണ്ണ് വെച്ചുള്ള ലാഭം മാത്രമാണെന്ന് വ്യക്തമാണ്.

തങ്ങള്‍ക്ക് തോന്നും പോലെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള സ്വാതന്ത്ര്യം വിദേശ സര്‍വകലാശാലകള്‍ക്ക് നല്കുന്ന സവിശേഷ ഭരണരീതി നടപ്പിലാക്കാനാണ് ശ്രമം. തങ്ങളുടെ കോഴ്സുകള്‍ക്ക് ഇഷ്ടമുള്ളത് പോലെ ഫീസ് ഘടന രൂപകല്പന ചെയ്യാനും ഇവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും. ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ പോവുന്ന മികവുറ്റ വിദേശ സര്‍വകലാശാലകളെ, ഇന്ത്യയിലെ ഒന്നാംതരം (ടൈപ്പ്-1) സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന അതേ നിയമനിര്‍മാണ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുമെന്നും നയരേഖയില്‍ പ്രത്യേകമായ പരാമര്‍ശമുണ്ട്. സാധാരണഗതിയില്‍ ഗവേഷണ സ്ഥാപനങ്ങളെയാണ് രാജ്യത്തെ ഒന്നാംതരം സര്‍വകലാശാലകളായി കണക്കാക്കിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ നയരേഖയില്‍ പറയുന്നതനുസരിച്ച് വിദേശ സര്‍വകലാശാലകളുടെ നിയമനിര്‍മാണം നടത്തുന്ന അതേ ചട്ടക്കൂടിനുള്ളിലാണ് ഇനിമുതല്‍ രാജ്യത്തെ പൊതുഗവേഷക സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ പോവുന്നതെന്ന് അനുമാനിക്കേണ്ടി വരും.
അതായത് വിദേശ സര്‍വകലാശാലകള്‍ക്ക് സ്വന്തം ഇഷ്ടമനുസരിച്ച് ഫീസ് നിര്‍ണയിക്കാനുള്ള അധികാരം ഈ നയരേഖ നല്കുന്നുണ്ടെങ്കില്‍ അതേ യുക്തിയനുസരിച്ച് രാജ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായ ടൈപ്പ്-1 ഗവേഷണ സര്‍വകലാശാലകള്‍ക്കും അവരുടെ ഹിതമനുസരിച്ച് ഫീസ് നിര്‍ണയിക്കാനാവും. അടിസ്ഥാനപരമായി, ഇനി മുതല്‍ നമ്മുടെ പൊതുസര്‍വകലാശാലകളില്‍ ആര്‍ക്കും വന്ന് പഠിക്കാമെന്ന സ്ഥിതി മാറും. ഇവിടെ കാമ്പസുകള്‍ സ്ഥാപിക്കാന്‍ പോവുന്ന വിദേശ സര്‍വകലാശാലകളില്‍ മാത്രമല്ല, രാജ്യത്തെ മികച്ച ഗവേഷക സ്ഥാപനങ്ങളിലും അവര്‍ നിര്‍ദേശിക്കുന്ന ഫീസടച്ച് പഠിക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് മാത്രമേ ഭാവിയില്‍ ഗവേഷണരംഗത്തേക്ക് കടക്കാനാവുകയുള്ളൂ. രാജ്യത്തെ ജനസംഖ്യയുടെ നല്ലൊരു പങ്കിനെയും ഗവേഷക വിദ്യാഭ്യാസത്തിന്റെ അഥവാ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ക്ക് പുറത്തുനിര്‍ത്താനുള്ള തന്ത്രമാണ് ഇതിലൂടെ സാധ്യമാവാന്‍ പോവുന്നത്.

(ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കുന്നുണ്ട്- ലോകോത്തര മികവുളള ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നാംതരം സ്ഥാപനങ്ങള്‍(ടൈപ്പ്-1), ഗവേഷണത്തിന് നിര്‍ണായകസ്ഥാനം നല്‍കിക്കൊണ്ട് വിവിധ മേഖലകളില്‍ ഉയര്‍ന്ന നിലവാരമുള്ള അധ്യാപനം ഉറപ്പ് വരുത്തുന്ന സ്ഥാപനങ്ങള്‍- ടൈപ്പ്2, ബിരുദതലത്തിലെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ മേഖലകളില്‍ മികച്ച അധ്യാപനം ഉറപ്പു വരുത്തുന്ന ടൈപ്പ്-3 സ്ഥാപനങ്ങള്‍ എന്നിവയാണ് അവ).

ടൈപ്പ് 1ല്‍ ഉള്‍പ്പെടുന്ന വിദേശ സര്‍വകലാശാലകള്‍ക്കും ഗവേഷകസ്ഥാപനങ്ങള്‍ക്കും സ്വയം ഫീസ് ഘടന നിര്‍ണയിക്കാനാവുമെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്. ദേശീയ വിദ്യാഭ്യാസനയം ശിപാര്‍ശ ചെയ്തിരിക്കുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന് ഇന്ത്യന്‍ സര്‍വകലാശാലകളിലെ ഫീസ് ഘടന തീരുമാനിക്കാനുള്ള അധികാരം ലഭിക്കുമെന്നാണോ അതിനര്‍ഥ?

ഒരു സ്ഥാപനത്തിന് സ്വയംഭരണാവകാശം ലഭിച്ചു കഴിഞ്ഞതിന് ശേഷമാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെ നിയമിക്കാന്‍ സാധിക്കുക. ഈ ബോര്‍ഡിന് ബാക്കി ഏതൊരു ഭരണസമിതിയെക്കാളും അധികാരം ലഭിക്കും. ഇത് വളരെ അപകടകരമായൊരു സംഗതിയാണ്. നിലവില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും അവരുടേതായ അക്കാദമിക, ഭരണസമിതികളും സര്‍വകലാശാല കോടതികളുമുണ്ട്. നയപരമായ തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ ഈ സമിതികളുടെ കൂടി അനുവാദത്തോടെ മാത്രമേ അവ നിയമങ്ങളാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്(ബിഒജി) യാഥാര്‍ത്ഥ്യമാവുന്നതോടെ മേല്‍പ്പറഞ്ഞ ഭരണസമിതികളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ബിഒജിയില്‍ എല്ലാ അധികാരങ്ങളും നിക്ഷിപ്തമാവും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിലൂടെ ബിഒജിയെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരാനും മറ്റുള്ള എല്ലാത്തരം സമിതികളെയും മറികടന്ന് നയതീരുമാനങ്ങള്‍ എടുക്കാന്‍ ബിഒജിക്ക് അധികാരം ലഭിക്കുകയും ചെയ്യും. ആരെയൊക്കെയാവും ഈ ബിഒജിയില്‍ ഉള്‍പ്പെടുത്താന്‍ പോവുകയെന്നത് ഇപ്പോഴും വ്യക്തമല്ല. ഉന്നതസ്ഥാനീയരായ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാവും ഈ ബോര്‍ഡ് എന്ന് മാതമാണ് നയരേഖയില്‍ പറയുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ സ്വാധീനിക്കാന്‍ പോവുന്ന നിര്‍ണായകസംവിധാനം എന്ന നിലയില്‍ സ്ഥാപനത്തിലെ എല്ലാ നിയമനങ്ങളും ബിഒജി ഏറ്റെടുക്കുകയും നയതീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നാണ് അനുമാനം.

സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തണമെന്ന് പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശമുണ്ട്. ജെഇഇ, എയിംസ്, ക്ലാറ്റ് എന്നിവ പോലുള്ള പ്രവേശന പരീക്ഷകളെല്ലാം റദ്ദാക്കുമെന്നാണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്?

സര്‍വകലാശാലകളിലേക്ക് ഒരൊറ്റ പ്രവേശന പരീക്ഷ നടത്തുന്നതിനെപ്പറ്റി നയത്തില്‍ പറയുന്നുണ്ടെങ്കിലും വിവിധ വിദ്യാഭ്യാസ മേഖലകളിലേക്കുള്ള പൊതു പരീക്ഷ ആയിരിക്കുമോ ഇത് എന്ന കാര്യം നയരേഖ വ്യക്തമാക്കുന്നില്ല. എന്നാല്‍ എല്ലാ പഠനശാഖകളിലേക്കുമായി ഒരു പൊതുപരീക്ഷ നടത്തുമെന്നും ആര്, എവിടെ പഠിക്കണമെന്ന കാര്യം നിശ്ചയിക്കാന്‍ പോവുന്നത് ഈ പരീക്ഷയിലെ പ്രകടനം ആയിരിക്കുമെന്നും ഊഹിക്കാനാവും. എല്ലാത്തരം വിദ്യാര്‍ഥികളെയും ഒരുപോലെ കാണുന്നതും ഏത് സാഹചര്യത്തിനും യോജ്യമായതുമായ ഒരു പരീക്ഷ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. സാമൂഹികമായ അനീതികളെയും ചരിത്രപരമായ വിവേചനങ്ങളെയും കണക്കിലെടുക്കാതെയുള്ള ഇത്തരമൊരു സമീപനമാണ് പുതിയ നയരേഖയില്‍ ഒളിച്ചിരിക്കുന്ന മറ്റൊരു അപകടം.

നിലവിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിശാല ബഹുമുഖ പാഠശാഖകളുള്ള സര്‍വകലാശാലകളാക്കാനുള്ള പുതിയ നയത്തിലെ ശിപാര്‍ശ വഴി ഐഐടിയും എയിംസും പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്നൊരു വാദമുണ്ട്. ഇത് പ്രധാനപ്പെട്ടൊരു ആശങ്കയാണെന്ന് കരുതുന്നുണ്ടോ? ബഹുമുഖ പാഠശാഖകള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന മറ്റ് അപകടങ്ങള്‍ എന്തൊക്കെയാണ്?

ഐഐടികളില്‍ ബഹുമുഖ സ്വഭാവമുള്ള പാഠശാഖകള്‍ അനുവദിക്കണമെന്ന നിര്‍ദേശം 2009ല്‍ തന്നെ യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ ബഹുമുഖ പാഠശാഖകള്‍ നടപ്പിലാക്കുന്നത് വര്‍ഷങ്ങളായി തങ്ങള്‍ ആര്‍ജിച്ച കാര്യശേഷിക്ക് കോട്ടം വരുത്തുമെന്ന ആശങ്ക മൂലം ഐഐടികള്‍ ഈ നിര്‍ദേശം അന്ന് കേട്ടതായി ഭാവിച്ചില്ല. ബഹുമുഖ പാഠശാഖകള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ നാം ഏറെ ആവര്‍ത്തിക്കുന്ന ഈ ബഹുമുഖ പഠനരീതിയോടുള്ള സമീപനം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. അല്പം ചരിത്രവും കുറച്ച് ഗണിതവും അതിന്റെ കൂടെ സ്വല്പം സോഷ്യോളജിയും പഠിക്കാന്‍ അവസരം ലഭിക്കുന്ന ബഹുമുഖ പഠനശാഖാ രീതിയിലൂടെ വളരെ ഉപരിപ്ലവപരമായ വിഷയധാരണകളാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക എന്ന വസ്തുത വളരെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. താന്‍ പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ യാതൊരു വിധത്തിലുള്ള കാര്യമായ വിമര്‍ശനാത്മക പരിജ്ഞാനവും ആര്‍ജിക്കാന്‍ ഇത്തരം പഠനരീതികള്‍ വിദ്യാര്‍ഥിയെ സഹായിക്കുന്നില്ലെന്നതാണ് വാസ്തവം.

വൈവിധ്യാത്മക പഠന പദ്ധതി എന്ന പേരില്‍ ഉള്ളടക്കത്തിന്റെ ഗൗരവം കുറയ്ക്കാനും സ്‌കൂള്‍ നിലവാരത്തിലുള്ള അധ്യാപനം മാത്രം സാധ്യമാക്കാനുമേ ഇത് ഉപകരിക്കുകയുള്ളൂ. പല വിഷയങ്ങളില്‍ ഭാഗികമായി അറിവുള്ള തൊഴിലാളികളാണ് ഇത്തരമൊരു പഠനരീതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇങ്ങനെ ഭാഗികജ്ഞാനം മാത്രമുള്ള വലിയൊരു കൂട്ടത്തെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി സ്‌കൂളുകളും കോളജുകളും മാറും. നിലിവില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിന് ഒത്തവിധത്തിലുള്ള മാനവ വിഭവ ഉല്പാദനരീതിയാണിത്. ഇന്ത്യയില്‍ ഇന്നുള്ള തൊഴില്‍സേനയുടെ 90 ശതമാനവും പണിയെടുക്കുന്നത് അനൗപചാരിക മേഖലയിലാണ് – മിനിമം വേതനത്തിന്റെ ഇരട്ടി ഉല്പാദനം നടത്താന്‍ വിധിക്കപ്പെട്ടവരാണ് നമ്മുടെ തൊഴില്‍സേനയുടെ നല്ലൊരു പങ്കും. കുറഞ്ഞ വേതനത്തിന് പരമാവധി ഉല്പാദനക്ഷമത ഉറപ്പുവരുത്തുന്ന മാതൃകയാണിത്. തൊഴില്‍ സുരക്ഷ കേവലം സങ്കല്പം മാത്രമായൊരു സാമ്പത്തിക വ്യവസ്ഥയില്‍ ഏറ്റവും ചൂഷണസ്വഭാവമുള്ള തൊഴില്‍ സംസ്‌കാരമാണിത്.

വിദ്യാര്‍ഥികള്‍ക്ക് ഒന്നിലേറെ പ്രവേശന, ബഹിര്‍ഗമന സാധ്യതകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നല്‍കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇത് അവരുടെ തൊഴില്‍ക്ഷമത കൂട്ടാന്‍ ഉപകരിക്കുമോ?

ദില്ലി സര്‍വകലാശാലയില്‍ 2013ല്‍ നടപ്പിലാക്കിയ നാല് വര്‍ഷ ബിരുദ പദ്ധതിക്ക് സമാനമാണ് ഇതും. കോഴ്സുകള്‍ക്ക് ചേരാനും ഇടയ്ക്ക് മതിയാക്കി പോരാനുമുള്ള സൗകര്യം ഈ ദില്ലി മോഡലിലുമുണ്ടായിരുന്നു. ഈ പരിഷ്‌കാരം എടുത്തുകളയുമെന്നത് ബിജെപിയുടെ 2014ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ ഭരണത്തിലേറിയ ഉടനെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആദ്യം ചെയ്തതും ഈ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇന്ന് അതേ മോഡല്‍ നയപരമായ ചട്ടക്കൂടിലൂടെ അവര്‍ വീണ്ടും നടപ്പിലാക്കാന്‍ പോവുകയാണ്. ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ഏതെങ്കിലുമൊരു അക്കാദമിക് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികളുടെ കയ്യിലുണ്ടാവുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. അതായത് ഒരു വര്‍ഷം പഠിക്കാനുള്ള കാശ് മാത്രമാണ് കയ്യിലുള്ളതെങ്കില്‍ വര്‍ഷാവസാനം വിദ്യാര്‍ഥിക്ക് ഒരു പഠന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സര്‍വകലാശാലയില്‍ ഫീസ് അടച്ച് രണ്ട് വര്‍ഷം പഠിക്കാനാവുന്നൊരാള്‍ക്ക് ഡിപ്ലോമ യോഗ്യത ലഭിക്കും. മൂന്ന് വര്‍ഷവും ഫീസ് അടയ്ക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് ബിരുദവും ലഭിക്കും. കോളജ് ഫീസ് അടയ്ക്കാനുള്ള കഴിവിനെ മാത്രം ആശ്രയിച്ച് ഒരു വിദ്യാര്‍ഥിയുടെ ബിരുദത്തിന്റെ വിലയും വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയും നിശ്ചയിക്കുന്നു എന്നതാണ് ഈ മോഡലിന്റെ പ്രശ്നം. ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാവുന്ന ഡിപ്ലോമ കോഴ്സുകളും ഇന്ന് രാജ്യത്ത് ലഭ്യമാണെന്നിരിക്കുമ്പോഴാണ് പുതിയ പരിഷ്‌കാരമനുസരിച്ച് കേവലമൊരു സര്‍ട്ടിഫിക്കറ്റ് കോഴ്സിന് വേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഫീസടക്കേണ്ടി വരുന്നത്. അടിസ്ഥാനപരമായി, ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് വര്‍ധിക്കുമ്പോഴും അതില്‍ നിന്ന് കാര്യമായി വിദ്യാര്‍ഥിക്ക് പ്രയോജനമൊന്നും ലഭിക്കാത്തൊരു മാതൃകയാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണം കൂട്ടാനേ ഇത് ഉപകരിക്കൂ. ഒരാളുടെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ പഠനത്തിലും പഠനഫലങ്ങളിലും ചില ശ്രേണികള്‍ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇത് തൊഴില്‍ക്ഷമതയെ പൊതുവായി ബാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം. സര്‍ട്ടിഫിക്കറ്റ് കോഴ്സായും ഡിപ്ലോമ കോഴ്സായും പഠിപ്പിക്കുന്ന ഒരു വിഷയത്തിന്റെ ആദ്യ മൂന്ന് വര്‍ഷ പഠനകാലത്ത് വിഷയത്തെ ആഴത്തില്‍ പഠിപ്പിക്കുന്നുണ്ടാവില്ല. ഒരു ബിരുദ കോഴ്സിന്റെ ആദ്യ 2-3 വര്‍ഷത്തിനുള്ളില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ തീരെ ആഴമില്ലാത്തതായിരിക്കും. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക സമ്പ്രദായത്തിനുള്ളില്‍ നിന്നുകൊണ്ട്, ഇത്തരത്തില്‍ ഭാഗിക വിവരം മാത്രം ആര്‍ജിച്ച തൊഴില്‍സേനയില്‍ എന്ത് പ്രതീക്ഷയാണ് വയ്ക്കാനാവുക? അനൗപചാരിക മേഖലയിലേക്കുള്ള തൊഴില്‍ ഒഴുക്ക് മാത്രമേ ഇതിലൂടെ കൂടാനിടയുള്ളൂ.

വിവിധ ഘട്ടങ്ങളായി അവസാനിപ്പിച്ചു പോരാനാവുന്ന ഒരു കോഴ്സിന്റെ ഘടനയെപ്പറ്റി ഇപ്പോഴും തീരെ വ്യക്തത ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ നേരിടാന്‍ പോവുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

2010ന് ശേഷം വ്യാപകമായ ഘടനാമാറ്റങ്ങള്‍ക്കും അഴിച്ചു പണികള്‍ക്കും വിധേയമായൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഇത്തരമൊരു കോഴ്സ് ഘടന എപ്രകാരമായിരിക്കും എന്ന് മുന്‍കൂട്ടി കാണാനും നമുക്ക് നിലവില്‍ സാധിക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ത്തു കളഞ്ഞ സെമസ്റ്റര്‍ സംവിധാനവും ചോയിസ് ബെയ്സ്ഡ് ക്രെഡിറ്റ് സിസ്റ്റവും (സിബിസിഎസ്) മേല്‍പ്പറഞ്ഞ ഘടനാമാറ്റങ്ങളില്‍ ചിലത് മാത്രമാണ്. വിദ്യാര്‍ഥികളുമായോ അധ്യാപകരുമായോ കാര്യമായി ചര്‍ച്ച പോലും ചെയ്യാതെ കോളജുകളിലും സര്‍വകലാശാലകളിലും നടപ്പില്‍ വരുത്തിയ നിരവധി ഘടനാപരമായ മാറ്റങ്ങള്‍ ഇപ്പോഴും നമ്മുടെ സംവിധാനത്തിനുള്ളിലുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പോലും മുക്തി നേടാനാവാതെ നാം ഇപ്പോഴും ഇതിനുള്ളില്‍ പമ്പരം പോലെ കറങ്ങികൊണ്ടിരിക്കുകയാണ്. വാര്‍ഷിക അടിസ്ഥാനത്തില്‍ നിന്ന് സെമസ്റ്റര്‍ അടിസ്ഥാനത്തിലേക്ക് പറിച്ച് നട്ടതിന്റെ ക്ഷീണം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
ഒരുപക്ഷേ നാം വാര്‍ഷിക പഠനരീതി തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടാക്കിയ ആഘാതം ഇത്രയും രൂക്ഷമാകില്ലായിരുന്നു. വാര്‍ഷികരീതിയിലെ, പഠിപ്പിക്കാനായി അധ്യാപകര്‍ക്ക് 9 മുതല്‍ 9.5 മാസം വരെ ലഭിച്ചിരുന്ന സ്ഥാനത്ത് സെമസ്റ്റര്‍ സംവിധാനത്തില്‍ അധ്യാപകര്‍ക്ക് ആകെ ലഭിക്കുന്നത് കഷ്ടിച്ച് മൂന്ന് മുതല്‍ മൂന്നര മാസം വരെയുള്ള സമയമാണ്. ഇത്തരം ഘടനാപരമായ മാറ്റങ്ങള്‍ നല്‍കിയ ക്ഷീണം പരിഹരിക്കാന്‍ പോലും സാധിക്കാത്തിടത്താണ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്!

എം ഫില്‍ റദ്ദാക്കാനുള്ള തീരുമാനം വിദ്യാര്‍ഥികളെ ഏതു തരത്തിലാവും ബാധിക്കുകയെന്ന് പറയാമോ?

എം ഫില്‍ കോഴ്സ് സമയം പാഴാക്കലാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് പലരും എം ഫില്‍ റദ്ദാക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എം ഫില്‍ കോഴ്സിന്റെ സാധുതയെ നിരസിക്കുന്ന വിധത്തിലുള്ള സര്‍ക്കാര്‍ നടപടികളാണ് ഈ മൂല്യശോഷണത്തിന് കാരണമായത്. മുന്‍പ് എം ഫിലിനെ നെറ്റിന് തത്തുല്യമായി പരിഗണിച്ചിരുന്നതിനാല്‍ എം ഫില്‍ ബിരുദധാരികള്‍ക്ക് കോളജ് അധ്യാപന ജോലി ലഭിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എം ഫില്‍ തന്നെ റദ്ദാക്കപ്പെട്ടതോടെ ഈ പദവിയും നഷ്ടപ്പെട്ടു. പിഎച്ച്ഡിയിലേക്ക് കടക്കുന്നതിന് മുന്‍പേ വിദ്യാര്‍ഥിക്ക് ഗവേഷണ സംബന്ധമായ പ്രക്രിയകളെപ്പറ്റി ബോധ്യപ്പെടുത്തികൊടുക്കാന്‍ സഹായിക്കുന്ന ഒരു പാഠ്യപദ്ധതി എന്ന നിലയിലാണ് എം ഫിലിന് അക്കാദമികമായി പ്രാധാന്യമുണ്ടെന്ന് പറയുന്നത്. 2018-2019 അധ്യയന വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്ത് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ആകെ എണ്ണം ചേര്‍ത്ത് വെച്ചാല്‍ അത് 26.3 ശതമാനമാണെന്ന് കാണാം. ഇതില്‍ത്തന്നെ 0.5ശതമാനം പേരാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. ബിരുദാനന്തര ബിരുദവും ഗവേഷണ കോഴ്സുകളും തമ്മില്‍ ഇത്രയേറെ വൈജാത്യം നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലാക്കണം.
നിരവധി കാരണങ്ങളാല്‍ ഗവേഷണ മേഖലയിലെ വിദ്യാഭ്യാസം ഇന്നും പലര്‍ക്കും അസാധ്യമായ സ്വപ്നം മാത്രമാണ്. ഗവേഷണത്തില്‍ കാര്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു പ്രധാന കാരണമാണ്. എം ഫിലിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നു എന്നതാണ് സത്യം. പിഎച്ഡി പൂര്‍ത്തിയാക്കാന്‍ 4 മുതല്‍ 6 വര്‍ഷം വരെ സമയമെടുക്കുമ്പോള്‍ എം ഫില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമായിരുന്നു. ഒരു പിഎച്ഡിയിലേക്ക് കടക്കുന്നതിന് വേണ്ട സാമൂഹിക മൂലധനവും സാമ്പത്തിക ഭദ്രതയും ആര്‍ജിക്കാനാവാതെ പോവുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. അതുകൊണ്ടാണ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ എം ഫിലിന് ചേരാന്‍ താല്പര്യം കാണിക്കുന്നത്. അതിലൂടെ നേടിയെടുക്കുന്ന ഗവേഷണ ബിരുദം അവരെ തൊഴില്‍ വിപണിക്ക് അനുയോജ്യരാക്കാന്‍ സഹായിക്കുന്നതാണ്. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ പിഎച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഏറെയും.
(2018-19ലെ ആള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആഭ്യന്തര പ്രവേശന നിരക്ക് 26.3 ശതമാനമാണ്. 18-23 വയസിനിടയില്‍ പ്രായമുള്ളവരുടെ കണക്കാണിത്. ആകെ വിദ്യാര്‍ഥികളില്‍ 0.5 ശതമാനം മാത്രമാണ് പിഎച്ഡിക്ക് പ്രവേശനം നേടുന്നതെന്നും ഈ സര്‍വേ ഫലം സൂചിപ്പിക്കുന്നു).

സ്ഥിരാധ്യാപക നിയമനവും ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ നല്‍കലും മികച്ച അധ്യാപകരെ വിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്നും ഇത് അധ്യാപക നിയമനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും എന്‍ഡിടിവിയുടെ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഒരു എന്‍ഇപി ലേഖകന്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരാധ്യാപക നിയമനത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?

ഉന്നത വിദ്യാഭ്യാസരംഗത്ത് സ്ഥിരാധ്യാപക നിയമനം നടപ്പിലാക്കാന്‍ പോവുന്നുവെന്ന് ഇതാദ്യമായാണ് നയരേഖയില്‍ ഔദ്യോഗികമായി പറയുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടന്ന പദവികളില്‍ പൂര്‍ണമായും നിയമനം നടത്തിയെന്ന് നയരേഖയിലെ അധ്യാപകരെ സംബന്ധിച്ചുള്ള ഭാഗത്തില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതില്‍ യാതൊരു സത്യവുമില്ല. 40ശതമാനം അധ്യാപക നിയമനങ്ങള്‍ നടത്താനാവാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന സര്‍ക്കാരിന്റെ തന്നെ കണക്കിനെ (2018-19ലെ ആള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എജ്യൂക്കേഷന്‍) ഖണ്ഡിക്കുന്നതുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ സര്‍വകലാശാലകളിലും കോളജുകളിലും നിന്നായി ഏതാണ്ട് 57,000 അധ്യാപക ജോലികള്‍ നഷ്ടമായെന്നും ഇതേ കണക്കില്‍ പറയുന്നുണ്ട്.
മുന്‍പ് അധ്യാപക ജോലിയിലെ ഒഴിവുകളെ സ്ഥിരജോലികളായി തന്നെയാണ് കാണിച്ചിരുന്നത്. എന്നിരുന്നാലും ഈ സ്ഥിരാധ്യാപക ഒഴിവുകള്‍ വര്‍ഷങ്ങളോളം ഒഴിഞ്ഞുതന്നെ കിടക്കുകയോ കരാര്‍ അധ്യാപകരെ നിയമിക്കുകയോ ആയിരുന്നു രീതി. സ്ഥിരാധ്യാപക നിയമനം ഉണ്ടാവുന്നതോടെ കരാര്‍ അധ്യാപക ഒഴിവുകളും സൃഷ്ടിക്കപ്പെട്ടേക്കാം. താല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ഥിയുടെ പ്രകടനം, അവരുടെ സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഒരു വിലയിരുത്തല്‍ നടത്തി അവരെ സ്ഥിരപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് ടെന്യൂര്‍ ട്രാക്ക് അഥവാ സ്ഥിരാധ്യാപക നിയമനം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ സഹപ്രവര്‍ത്തകരെ വിമര്‍ശിക്കാനോ ശബ്ദമുയര്‍ത്താനോ തയാറാവാത്ത, എളുപ്പത്തില്‍ വഴങ്ങുന്ന വലിയൊരു കൂട്ടം അധ്യാപകരടങ്ങിയ തൊഴില്‍സേനയെ സൃഷ്ടിക്കുകയാണ് ആത്യന്തികമായി ഇവിടെ സംഭവിക്കുന്നത്.

അഭിമുഖം: ദേബാദിത്യ ഭട്ടാചാര്യ
വിവര്‍ത്തനം : സിന്ധു മരിയ നെപ്പോളിയന്‍

You must be logged in to post a comment Login