ബെയ്റൂത്ത്: വെടിപ്പുകയില്‍ മറഞ്ഞിരിക്കുന്നത് ആരെല്ലാമാണ്?

ബെയ്റൂത്ത്: വെടിപ്പുകയില്‍ മറഞ്ഞിരിക്കുന്നത് ആരെല്ലാമാണ്?

ബെയ്‌റൂത്ത്! എത്രയോ കൃതഹസ്തരായ എഴുത്തുകാര്‍ക്കും കവികള്‍ക്കും ഗായകര്‍ക്കും സര്‍ഗപ്രതിഭകള്‍ക്കും ജന്മം നല്‍കിയ ദേശം. നാഗരികതയുടെ കുത്തൊഴുക്കില്‍ ഏഴുതവണ ധൂമപടലങ്ങളായി ചരിത്രത്തില്‍ വിലയം കൊണ്ട മഹാനഗരമാണിത്. ഇക്കഴിഞ്ഞ ആഗസ്ത് നാലിന് ബെയ്റൂത്ത് തുറമുഖത്ത് 2750കി.ഗ്രാം അമോണിയം നൈട്രേറ്റ് എന്ന അതിമാരക സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 160മനുഷ്യര്‍ കൊല്ലപ്പെടുകയും 6000പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുലക്ഷം മനുഷ്യര്‍ ഭവനരഹിതരാവുകയും ചെയ്തപ്പോള്‍, നാഗസാക്കിയെ ഓര്‍മിപ്പിക്കുന്ന ആ ദുരന്തത്തിന്റെ വ്യാപ്തി വേണ്ടവിധം നാം ചര്‍ച്ച ചെയ്തില്ല. ഒരു രാജ്യത്തിന്റെ എല്ലാ കരുതലുകളും അതിഭയങ്കര സ്ഫോടനത്തിലൂടെ ഛിന്നഭിന്നമായപ്പോള്‍ ബെയ്റൂത്തിനെ നെഞ്ചോട് ചേര്‍ത്തുവെച്ച കവി, മായ അംഗലേയ വേദനയും രോഷവും ചാലിച്ച വരികളില്‍ ഇങ്ങനെ കുറിച്ചിട്ടു:
You may write me down in history
With your bitter, twisted lies
You may trode me in the very dirt
But still, like dust, I will raise.

മായ അംഗലേയയെ പോലെ, ചാരത്തില്‍നിന്ന് ബെയ്റൂത്തും ലബനാനും പുനര്‍ജനിക്കുമെന്ന പ്രതീക്ഷയാണ് ആ രാജ്യവാസികളെ തെരുവിലിറക്കിയിരിക്കുന്നത്. ആ പ്രക്ഷോഭത്തിനു പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. ലബനാനെ അസ്ഥിരപ്പെടുത്താനും ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാനുമുള്ള വന്‍ശക്തികളുടെയും സയണിസ്റ്റ് പിശാചുക്കളുടെയും ഗൂഢപദ്ധതി. ദുരന്തങ്ങള്‍ ലബനാന്റെ കൂടപ്പിറപ്പാണ്. ‘ലബനാന്റെ ദുരന്തം’ (The Tragedy of Lebonan) എന്ന ശീര്‍ഷകത്തില്‍ തന്നെ നിരവധി രചനകളുണ്ട്. ജൊനാദന്‍ റെന്‍ഡാള്‍ എഴുതിയ ലബനാന്റെ ദുരന്ത പ്രയാണ കഥ, മനുഷ്യന്‍ സ്വാസ്ഥ്യം കെടുത്തിയ, അരാജകത്വത്തിനു വാഴാന്‍ നിലമൊരുക്കിയ ഒരു കൊച്ചുരാജ്യം കടന്നുവന്ന വഴികളിലെ ചോരയും കബന്ധങ്ങളും നിശ്വാസങ്ങളും തൊട്ടുകാണിച്ചുതരുന്നുണ്ട്. റോബര്‍ട്ട് ഫിസ്‌കിന്റെ ‘ദി ഗ്രേറ്റ് വാര്‍ ഓഫ് സിവിലൈസേഷന്‍’ എന്ന ഗഹനമായ പഠനം മത തീവ്രവാദികള്‍, തീവ്രവലതുപക്ഷ ക്രിസ്ത്യന്‍ മിലിഷ്യയും മറോനൈറ്റ് മതപുരോഹിതന്മാരും ഷിയമുസ്ലിംകളും അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നിടത്ത് നടത്തിയ ആഭ്യന്തര യുദ്ധങ്ങളുടെയും കലാപങ്ങളുടെയും വെടിമരുന്ന് മണക്കുന്ന അനുഭവങ്ങളാണ് നിരത്തുന്നത്. ഒരിക്കലും സ്വസ്ഥത വീണ്ടെടുക്കാത്ത ഒരു രാജ്യവും തലസ്ഥാന നഗരിയും ഒരു ജനതയും. മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കായി സിറിയയും ഇസ്രയേലും അതിരിടുന്ന കൊച്ചുരാജ്യത്തെ മൊത്തം ജനസംഖ്യ 6.85 ദശലക്ഷം മാത്രമാണ്. 1932ന് ശേഷം ഔദ്യോഗികമായി സെന്‍സസ് നടത്തിയിട്ടില്ല; മതവിഭാഗങ്ങള്‍ തമ്മിലുള്ള സന്തുലനം തെറ്റിയേക്കാമെന്ന് ഭയന്ന്. ഏകദേശം 55ശതമാനമാണ് മുസ്ലിംകള്‍. ശേഷിക്കുന്നവര്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. മറോനൈറ്റ്, ഓര്‍ത്തഡോക്സ്, ഗ്രീക്ക് കാത്തലിക് തുടങ്ങിയവര്‍. പാര്‍ലമെന്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് മതങ്ങളുടെ പ്രാതിനിധ്യമനുസരിച്ചാണ്. സീറ്റുകള്‍ മുസ്ലിംകളും ക്രിസ്ത്യാനികളും പപ്പാതി വീതിച്ചെടുക്കും. പ്രസിഡണ്ട് ക്രിസ്ത്യാനിയാണെങ്കില്‍ പ്രധാനമന്ത്രി മുസ്ലിമായിരിക്കും. ഒന്നാം ലോകയുദ്ധത്തിനു ശേഷം ബ്രിട്ടനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ലബനാന്‍ ഫ്രാന്‍സിന്റെ കോളനിയായി മാറി. ആ കാലഘട്ടത്തില്‍ എണ്ണമറ്റ ക്രിസ്ത്യാനികള്‍ ഫ്രാന്‍സിലേക്ക് കുടിയേറുകയുണ്ടായി. പശ്ചാത്യശക്തികള്‍ ഈ രാജ്യത്തുനിന്ന് ഇറങ്ങിപ്പോയ സമയമുണ്ടായിട്ടില്ല. ഒരുവേള കിഴക്കിന്റെ സ്വിറ്റ്സര്‍ലന്റായാണ് ബെയ്റൂത്ത് അറിയപ്പെട്ടത്. ലോകത്തിലെ ഏറ്റവും പുരാതനമായ പത്ത് മഹാനഗരങ്ങളിലൊന്ന്. 5000 വര്‍ഷത്തെ അധിനിവേശങ്ങളും പ്രകൃതിദുരന്തങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ബെയ്റൂത്തിന്റെ ചരിത്രം സംഭവബഹുലമാക്കി. ഉസ്മാനിയ്യ കാലഘട്ടത്തില്‍ ജനസംഖ്യ പതിന്മടങ്ങ് വര്‍ധിക്കുകയും പശ്ചിമേഷ്യയിലെ ഏവരാലും ആകര്‍ഷിക്കുന്ന സാംസ്‌കാരിക മതസംഗമഭൂമിയായി മാറുകയും ചെയ്തു. ആ നല്ലകാലം ബഹുസ്വരതയുടെയും സര്‍ഗഭാവനയുടെയും വിളനിലമായിരുന്നു ഈ നഗരം.

പൊട്ടിത്തെറി സൃഷ്ടിച്ച പ്രകമ്പനങ്ങള്‍
ആഭ്യന്തര സംഘര്‍ഷവും കൂട്ടക്കൊലയും വംശീയവും മതപരവുമായ അന്ത:ഛിദ്രതയും വിട്ടുമാറാത്ത ബെയ്റൂത്തില്‍ ആഗസ്ത് നാലിന് സ്ഫോടന രൂപത്തിലെത്തിയ മഹാദുരന്തമാണ് ലബനാനിലേക്ക് വീണ്ടും ലോകശ്രദ്ധ തിരിച്ചുവിട്ടത്. ബെയ്റൂത്ത് തുറമുഖത്ത് സൂക്ഷിച്ച 2750 കിലോ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ ഒരുമേഖല മുഴുവന്‍ കിടുങ്ങുകയും അതിന്റെ ആഘാതത്തില്‍ വീടുകളും ഓഫീസുകളും മസ്ജിദുകളും ചര്‍ച്ചുകളുമെല്ലാം ജനല്‍ പാളികളും കണ്ണാടിച്ചില്ലുകളും കിലോമീറ്ററുകളോളം ചിന്നിച്ചിതറുകയുമായിരുന്നു. 10 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ലബനാന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനത്തോളം വരും ഈ നാശനഷ്ടങ്ങള്‍. മൂന്നുലക്ഷം മനുഷ്യരുടെ ആവാസകേന്ദ്രങ്ങളാണ് നിമിഷാര്‍ധം കൊണ്ട് പൊടിപടലമായത്. കൊവിഡ്-19 പടര്‍ത്തിയ സാമ്പത്തികവും ആരോഗ്യകരവുമായ കെടുതികളും കുതിച്ചുയരുന്ന വിലക്കയറ്റവും അന്നാട്ടിന്റെ അസ്തിവാരം ഇളക്കിയിടുന്നതിനിടയിലുണ്ടായ വന്‍ദുരന്തത്തിന് പൂര്‍ണ ഉത്തരവാദികള്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയ പ്രമാണിമാരും അവര്‍ക്ക് ഒത്താശപാടുന്ന മതനേതാക്കളുമാണെന്ന് തെരുവിലിറങ്ങിയ ജനം വിളിച്ചുപറയുകയാണ്. എങ്ങനെ ഇത്രയും വലിയ അളവില്‍ സ്ഫോടക വസ്തുക്കള്‍ അവിടെ സുക്ഷിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. 2013ല്‍ എം വി റോസസ് (MV Rhosus) എന്ന കാര്‍ഗോ ഷിപ്പിലെത്തിയ സ്ഫോടക വസ്തുക്കള്‍ ലബനാന്‍ അധികൃതര്‍ കണ്ടുകെട്ടിയതായിരുന്നുവത്രേ. കഴിഞ്ഞ ആറുകൊല്ലമായി തുറമുഖത്തെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു അത്. എങ്ങനെയാണ് രാസവസ്തുക്കള്‍ ബെയ്റൂത്തിലെത്തിയതെന്ന് അതിന്റെ ക്യാപ്റ്റന്‍ ബി ബി സിയോട് വെളിപ്പെടുത്തുകയുണ്ടായി. തുര്‍ക്കിയില്‍നിന്ന് മൊസാംബിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 100 കി.ഗ്രാം കൊള്ളുന്ന 275 ചാക്കില്‍ നിറയെ അമോണിയം നൈട്രേറ്റ് എന്ന വളമായിരുന്നു. ഇത്തരം വസ്തുക്കള്‍ കപ്പലില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല. സൂയസ് കനാല്‍ വഴി കടന്നുപോകുമ്പോഴുള്ള ചുങ്കം നല്‍കുന്നതിന് പണം സ്വരൂപിക്കുന്നതിനായി ബെയ്റൂത്ത് തുറമുഖത്തുനിന്ന് കുറച്ചു ചരക്കുകള്‍ എടുക്കാമെന്ന ലക്ഷ്യത്തോടെയാണത്രേ അവിടെ നങ്കൂരമിട്ടത്. പക്ഷേ വിചാരിച്ചത് പോലെ ചരക്കുകള്‍ കയറ്റാന്‍ സാധിച്ചില്ല. എന്നാല്‍ തുറമുഖത്തുനിന്ന് മടക്കയാത്ര തിരിക്കാന്‍ അധികൃതര്‍ അനുവദിച്ചുമില്ല. അങ്ങനെയാണ് കഴിഞ്ഞ ആറ് വര്‍ഷമായി ചരക്ക് വെയര്‍ഹൗസില്‍ കിടന്നത്. ആപദ് വസ്തുക്കളുമായി കപ്പല്‍ യാത്ര നടത്തുന്നതും ആഴക്കടലിലോ ഏതെങ്കിലും തുറമുഖത്തോ അതുപേക്ഷിച്ച് പോകുന്നതോ അത്യപൂര്‍വ സംഭവമല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 2017നുശേഷം ഇങ്ങനെ 97 കപ്പലുകള്‍ ഉപേക്ഷിക്കപ്പെട്ടതായി ഇന്റര്‍നാഷനല്‍ മാറിറ്റൈം ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തുന്നുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന അവശിഷ്ടങ്ങള്‍ വന്‍തോതില്‍ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് കപ്പലുകളില്‍ കടത്തുന്നതും അവ തുറമുഖങ്ങളില്‍ ഉപേക്ഷിച്ചുപോരുന്നതും പതിവ് സംഭവമായിട്ടുണ്ടെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. തുറമുഖങ്ങളിലെ അഴിമതിയാണത്രേ ഇത്തരം ചെയ്തികള്‍ക്ക് അരങ്ങൊരുക്കിക്കൊടുക്കുന്നത്.

വെടിയൊച്ചയും ബോംബൊച്ചയും നിലക്കാത്ത ബെയ്റൂത്തില്‍ ആഗസ്ത് നാലിനുണ്ടായ വിസ്ഫോടനവും അതു വിതച്ച കൊടിയ നാശനഷ്ടങ്ങളും ഭരണാധികാരികള്‍ക്കും ഇതുവരെ രാജ്യം ഭരിച്ച വരേണ്യവര്‍ഗത്തിനും നേരെ ലാവ കണക്കെ രോഷം പൊട്ടിയൊഴുകാന്‍ കാരണമായത് സ്വാഭാവികം. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ലബനാന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. മതഭേദമില്ലാതെ, വരേണ്യവര്‍ഗം ഖജനാവിലെ പണം കൊള്ളയടിക്കുകയും ജനങ്ങളെ പിഴിയുകയുമാണെന്ന മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും സമീപകാലത്ത് രാജ്യമകപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കും വികസന മുരടിപ്പിനും കാരണം ഭാവനാശേഷിയോ പ്രാപ്തിയോ ഇല്ലാത്ത ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണെന്നാണ് പരക്കെ വിമര്‍ശനമുയരുന്നത്. ആ മനോഗതിയിലാണ് ജനങ്ങളെ സര്‍ക്കാരിനെതിരെ തെരുവിലിറക്കിയത്. അതോടെ കഴിഞ്ഞ ഡിസംബറില്‍ അധികാരമേറ്റ ഹസന്‍ ദിയാബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച രാജിവെച്ചിരിക്കയാണ്. ജനവികാരം ആളിക്കത്തുന്നത് കണ്ട് നാല് മന്ത്രിമാരും നിരവധി പാര്‍ലമെന്റംഗങ്ങളും സ്ഫോടനം നടന്ന ഉടന്‍ തന്നെ രാജിവെച്ച് പുതിയൊരു ക്രമീകരണത്തിനായി മാറിനിന്നിരുന്നു. ബെയ്റൂത്തിലെ രക്തസാക്ഷി മണ്ഡപത്തില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ പ്രസിഡണ്ട് മൈക്കല്‍ ഔവിനെയടക്കം പ്രതീകാത്മകമായി തൂക്കിലേറ്റിയത് ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസറുല്ലയും ഒരു വിഭാഗത്തിന്റെ രോഷം ഏറ്റുവാങ്ങുന്നുണ്ട്. ലബനാന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് ഇരച്ചുകയറി ജനം രാജ്യത്തിനു ഇന്നത്തെ നിലയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് രാഷ്ട്രീയ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. സ്ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന്റെ കറുത്തകരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. ഈ ദുരന്തം കൊണ്ട് ഒന്നാമതായി ഗുണം കിട്ടുന്നത് അമേരിക്കക്കാണെന്നും രണ്ടാമതായി ഇസ്രയേലിനാണെന്നുമാണ് ലബനാനിലെ ഇറാന്‍ അംബാസഡറുടെ വീട്ടില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

എല്ലാവരും വിലപിക്കുന്നത് അഴിമതിയെ കുറിച്ചാണ്. രാജി സമര്‍പ്പിക്കാന്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബും കണ്ണീര്‍വാര്‍ക്കുന്നത് ഇത് പറഞ്ഞുതന്നെയാണ്. ”അഴിമതിയുടെ വ്യവസ്ഥിതി രാജ്യത്തെക്കാള്‍ ശക്തമാണ്. ഈ വ്യവസ്ഥയെ നേരിടാനോ അഴിമതി ഉന്മൂലനം ചെയ്യാനോ സാധ്യമല്ല. ബെയ്റൂത്തിലെ സ്ഫോടനം ഇതിന്റെ ഉദാഹരണമാണ്. വിവരണാതീതമാണ് ആ പൊട്ടിത്തെറി സൃഷ്ടിച്ച നാശങ്ങള്‍”-ഒരു പ്രധാനമന്ത്രിക്ക് ഇമ്മട്ടില്‍ സമ്മതിക്കേണ്ടിവന്നത് ഇതാദ്യമായിരിക്കാം. ഹസ്സന്‍ ദിയാബിന്റെ വാക്കുകള്‍ റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ‘Between us and change, a very thick wall is protected by a class that resists with all dirty methods in order to control the state. We fought fiercely and with honor, but this battle has no equivalence. ഞങ്ങള്‍ക്കും മാറ്റത്തിനും ഇടയില്‍, കനമുള്ള ഒരു ഭിത്തിയുണ്ട്. രാജ്യത്തെ നിയന്ത്രിക്കുന്നതിന് എല്ലാ വൃത്തികെട്ട രീതികളും സ്വീകരിച്ച് മാറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒരു വര്‍ഗം. ഞങ്ങള്‍ ശക്തമായും മാന്യമായും പോരാടി. പക്ഷേ ഈ യുദ്ധം തുല്യതയില്ലാത്തതാണ്.’ ആരാണീ ദുശ്ശക്തികള്‍? 18 അംഗീകൃത മതവിഭാഗങ്ങള്‍ കൊണ്ടുനടക്കുന്ന കുറെ മിലിഷ്യകള്‍, ബാഹ്യമായി ഇടങ്കോലിടുന്നവര്‍, വന്‍ ശക്തികള്‍. എല്ലാവരും ഇറങ്ങിക്കളിക്കുകയാണീ ഗോദയില്‍.

അനിവാര്യമായ രാഷ്ട്രീയമാറ്റം
അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലബനാന്റെ ‘സെപ്തംബര്‍ 11’ ഭരണകര്‍ത്താക്കളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റിനിറുത്തിയിരിക്കുന്നു. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിക്കു മുമ്പ് ഉറപ്പുനല്‍കിയതെന്നും ജനം മുഖവിലക്കെടുത്തില്ല. ബെയ്റൂത്ത് ‘വിപ്ലവത്തിന്റെ പ്രഭവകേന്ദ്രം’ ആവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നിലവിലെ മുഴുവന്‍ രാഷ്ട്രീയനേതാക്കളും സ്ഫോടനത്തിനു ഉത്തരവാദികളാണെന്നും അന്താരാഷ്ട്രഏജന്‍സി ദുരന്തത്തെകുറിച്ചന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് തെരുവ് കൈയടക്കിയ ജനം ആശ്യപ്പെടുന്നത്. പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ അന്താരാഷ്ട്ര സഹായം ലഭിച്ചേപറ്റൂ. ലബനാന്റെ മുന്‍ ‘യജമാനന്മാരായ’ ഫ്രാന്‍സ് സഹായഹസ്തവുമായി കടന്നുവന്നപ്പോള്‍ വിചിത്രമായ രാഷ്ട്രീയ ആവശ്യങ്ങളാണ് നിവേദനങ്ങളില്‍ നിറഞ്ഞുനിന്നത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം ബെയ്റൂത്ത് സന്ദര്‍ശിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തപ്പോള്‍, പഴയ ഫ്രഞ്ച് ‘മാന്‍ഡേറ്റി’ലേക്ക് തിരിച്ചുപോവണമെന്നുവരെ ജനം ആവശ്യപ്പെട്ടത് ലോകത്തെ അമ്പരപ്പിച്ചു. 60,000പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനത്തിലാണ് ലബനാന്‍ ഭരണകൂടം അഴിമതി, മിലിഷ്യ, ഭീകരവാദം, തകരുന്ന വ്യവസ്ഥിതി എന്നിവ മൂലം ഇന്നത്തെ പ്രതിസന്ധിനേരിടാന്‍ തീര്‍ത്തും അശക്തമാണെന്നിരിക്കെ, ഫ്രാന്‍സ് പഴയ മാന്‍ഡേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ലബനാന്‍ വീണ്ടും ഫ്രഞ്ച് കോളനിയാവുകയോ എന്ന തരത്തിലുള്ള ചോദ്യം അതോടെ ഉയര്‍ന്നു. സ്ഫോടനത്തിനു മുമ്പ് തന്നെ രാജ്യമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ നിലവിലെ ഭരണസംവിധാനത്തിന് സാധിക്കില്ല എന്നും ലബനാന്‍ കറന്‍സിയുടെ മൂല്യം 80ശതമാനം കുറഞ്ഞത് തിരിച്ചുപോവാന്‍ സാധിക്കാത്തവിധം ധനക്കെണിയിലേക്ക് ലബനാനെ കൊണ്ടെത്തിച്ചിരിക്കയാണെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് കൊവിഡ് പിടിച്ചുലച്ചത്.

ഒന്നാം ലോകയുദ്ധത്തിനു ശേഷം ഓട്ടോമന്‍ സാമ്രാജ്യത്തെ (ഉസ്മാനിയ്യ ഖിലാഫത്ത്) പടിഞ്ഞാറന്‍ ശക്തികള്‍ വീതം വെച്ചെടുത്തപ്പോള്‍ സിറിയയും ലബനാനും ഫ്രഞ്ച് അധീനതയിലാണ് വന്നത്. പതിനാറാം നൂറ്റാണ്ടില്‍ തന്നെ, ഉസ്മാനിയ്യ ഖിലാഫത്തിന് പശ്ചിമേഷ്യയുടെ മേല്‍ പൂര്‍ണ ആധിപത്യം ഉണ്ടായിരുന്നപ്പോഴും ലബനാനും ഫ്രാന്‍സും ഉറ്റ സൗഹാര്‍ദത്തിലായിരുന്നു. ലബനാനിലെ ക്രിസ്ത്യാനികളുടെ ക്ഷേമവും മേല്‍ഗതിയും ഫ്രഞ്ച് ഭരണകൂടം ഗൗരവമായി എടുത്തു. നിരവധി ഫ്രഞ്ച് വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. ഫ്രഞ്ച് ഭാഷ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചു. 1920തൊട്ട് 1946വരെ ഫ്രാന്‍സിന്റെ ചിറകിന്നടിയിലായിരുന്നു ലബനാന്‍. 47ല്‍ ഇസ്രായേലിന്റെ രൂപീകരണത്തോടെ സിറിയയും ലബനാനുമൊക്കെ സ്വതന്ത്രരാഷ്ട്രമായി മാറിയെങ്കിലും ഒരിക്കലും അവിടെ സമാധാനം പുലരാന്‍ അനുവദിച്ചില്ല. ഒരു ഭാഗത്ത് സയണിസ്റ്റ് രാജ്യം പരമാവധി അസ്വാസ്ഥ്യങ്ങള്‍ വിതച്ചു. ദക്ഷിണ ലബനാന്‍ യുദ്ധക്കളമായി മാറി. 1948ലെ ഇസ്രയേല്‍ യുദ്ധം പതിനായിരക്കണക്കിന് ഫലസ്തീനികളെ ലബനാനിലെത്തിച്ചു. സമീപകാലത്ത് സിറിയയിലും ഇറാഖിലും യു.എസിന്റെ നേതൃത്വത്തിലുള്ള വന്‍ശക്തികള്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ അഭയം തേടിയെത്തിയത് ലബനാനിലാണ്. 54 ശതമാനം വരുന്ന മുസ്ലിംകളില്‍ സുന്നികളും ശിയാക്കളും 27ശതമാനം വീതമാണ്. ഇറാഖ്, ഇറാന്‍, സിറിയ, ലബനാന്‍ എന്നീ രാജ്യങ്ങളെ ശിയാ താല്പര്യങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്നു. ഇവിടെയാണ് ശിയാ മിലിഷ്യയായ ഹിസ്ബുല്ലയുടെയും അതിന്റെ നേതാവ് ഹസന്‍ നസ്റുല്ലയുടെയും നിര്‍ണായക പങ്കും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കടിഞ്ഞാണും കിടക്കുന്നത്.

ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലെ പോരാട്ടം
ബെയ്റൂത്തിലെ സ്ഫോടനത്തിനു ശേഷം ലബനാന്‍ ഭരണകര്‍ത്താക്കളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുമ്പോള്‍ അമേരിക്കയും ഇസ്രയേലും സൗദി അറേബ്യയും കുറ്റപ്പെടുത്തുന്നത് മുഴുവന്‍ ഹിസ്ബുല്ലയെയും ഹസന്‍ നസ്റുല്ലയെയുമാണ്. ലബനാന്റെ ഗ്രാമപ്രദേശങ്ങളില്‍ പോലും സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഹിസ്ബുല്ല ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നും ഏത് സമയവും ബെയ്റൂത്തില്‍ സംഭവിച്ചതുപോലുള്ള ദുരന്തങ്ങളുണ്ടാവാമെന്നും യു എസ് പ്രതിരോധ സെക്രട്ടറി അഭിപ്രായപ്പെടുകയുണ്ടായി. ഗസ്സയിലും പടിഞ്ഞാറെ കരയിലും ഫലസ്തീനികള്‍ പൂര്‍ണമായും നിരായുധീകരിക്കപ്പെടുമ്പോള്‍ ജൂതരാഷ്ട്രത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ദക്ഷിണ ലബനാനിലെ ശിയാ മിലിഷ്യ തന്നെയാണ്. ബെയ്റൂത്ത് സ്ഫോടനത്തിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടോ എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. സ്ഫോടനത്തിനു തൊട്ടുമുമ്പ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനിക മേധാവികള്‍ക്ക് കൈമാറിയ ഒരു മുന്നറിയിപ്പ് പ്രശസ്ത കോളമിസ്റ്റ് റംസി വറൂദി പുറത്തുവിടുകയുണ്ടായി. ‘We hit a cell and now we hit the dispatchers. I suggest to all of them, including Hezbollah, to consider this,’
എന്താണിതിനര്‍ഥം? സ്ഫോടനത്തിനു പിന്നില്‍ തെല്‍അവീവിന്റെ കരങ്ങളുണ്ടെന്നല്ലേ? ആ ദിശയിലേക്ക് ചര്‍ച്ചകള്‍ കടക്കുന്നേയില്ല. ജനത്തെ തെരുവിലിറക്കിയവര്‍ ആരാണ്? സ്ഫോടനത്തെ കുറിച്ച് ഇപ്പോള്‍ ആരും കൂടുതല്‍ സംസാരിക്കുന്നില്ല. എന്തുകൊണ്ട് കഴിഞ്ഞ ആറ് വര്‍ഷമായി അമോണിയം നൈട്രേറ്റ് തുറമുഖത്തുനിന്ന് മാറ്റിയില്ല എന്ന ചോദ്യവും ആരും ഉന്നയിക്കുന്നില്ല. പശ്ചിമേഷ്യയില്‍ എന്തു ദുരന്തമുണ്ടായാലും അതിലെ രാഷ്ട്രീയമേ ചര്‍ച്ചക്കെടുക്കൂ.
ഹിസ്ബുല്ലയെ തകര്‍ക്കാന്‍ ജൂതരാഷ്ട്രം ഏത് വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്ന് ആദ്യം മനസ്സിലാക്കുക. ലബനാനെ തകര്‍ക്കാനായിരുന്നു ഇസ്രയേല്‍ ഇതുവരെ ശ്രമിച്ചത്. അത് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ തങ്ങളുടെ നിതാന്തവെല്ലുവിളിയായ ഹിസ്ബുല്ലയുടെ ഉന്മൂലനമായി ലക്ഷ്യം. 2000 മേയില്‍ ഇസ്രയേലിന്റെ ലബനാന്‍ അധിനിവേശത്തിന് അന്ത്യം കുറിക്കുന്നതില്‍ ഹിസ്ബുല്ല നിര്‍ണായക പങ്ക് വഹിച്ചു. 2006ല്‍ ഇസ്രയേലിന്റെ ആധിപത്യശ്രമം ശിയ മിലിഷ്യ പരാജയപ്പെടുത്തി. 2019ലും സയണിസ്റ്റ് അതിക്രമങ്ങളില്‍നിന്ന് ലബനാനെ രക്ഷിച്ചത് ഹിസ്ബുല്ലയാണ്. ഇറാന്‍, സിറിയ, ലബനാന്‍ കൂട്ടുകെട്ട് തെല്‍അവീവിന്റെ ഉറക്കം കെടുത്തുന്നുണ്ട്. അപ്പോള്‍ ലബനാനെ ശിഥിലീകരിക്കുന്ന ഏത് നീക്കവും നെതന്യാഹു നടത്തുമെന്ന് തന്നെയാണ് വിശ്വസിക്കേണ്ടത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍, തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സഹിക്കവയ്യാതെ ഇസ്രയേല്‍ ജനത തെരുവിലിറങ്ങിയ ഘട്ടത്തില്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ഇനിയും വന്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഭയപ്പെടേണ്ടത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login