രാജ്യം ഹിന്ദുത്വയുടെ കാല്‍ചുവട്ടിലേക്ക് ചുരുങ്ങുകയാണ്

രാജ്യം ഹിന്ദുത്വയുടെ കാല്‍ചുവട്ടിലേക്ക് ചുരുങ്ങുകയാണ്

ഏതായാലും രാമക്ഷേത്രനിര്‍മാണം രാജ്യത്ത് വ്യത്യസ്ത പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ പ്രതികരണങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളില്‍ നിന്ന് രണ്ടായിരത്തി ഇരുപതുകളിലെത്തുമ്പോഴേക്കും ഇന്ത്യയിലെ വ്യത്യസ്തമായ മത സാമുദായിക രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ കടന്നുപോയ മാറ്റങ്ങള്‍ നമുക്ക് വ്യക്തമാവും. രാമക്ഷേത്രം ഹിന്ദു സ്വാഭിമാനത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കുകയും അതില്‍ ആത്മഹര്‍ഷം കൊള്ളുകയും ചെയ്യുന്ന ഒരു വിഭാഗം അന്നും ഇന്നുമുണ്ട്. ‘ഗര്‍വോട് കൂടി പറയുക, ഞങ്ങള്‍ ഹിന്ദുവാണെന്ന്’ എന്ന ഈ വിഭാഗത്തിന്റെ മുദ്രാവാക്യം ഇപ്പോള്‍ പ്രബലമായിരിക്കുകയാണ്. 1992 ല്‍ ഇത്രയധികം ആത്മബലം ഹിന്ദുത്വ തീവ്രവിഭാഗക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. ഹൈന്ദവവിശ്വാസികളില്‍ ഭൂരിപക്ഷവും മസ്ജിദ് തകര്‍ത്തതില്‍ കുറ്റബോധം പുലര്‍ത്തിയിരുന്നു എന്നു പോലും പറയാവുന്നതാണ്. ബി ജെ പി നേതാവായ എ ബി വാജ്പേയി പോലും പള്ളി തകര്‍ത്തതില്‍ ദുഃഖം പ്രകടിപ്പിച്ചതോര്‍ക്കുക. ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന്റെ സാമാന്യമായ ആവേശമായിരുന്നില്ല പള്ളി തകര്‍ത്തു കൊണ്ടുള്ള ക്ഷേത്രനിര്‍മാണം. ഈ മനോനിലയെ മറികടന്ന് ഹിന്ദുപൊതുബോധത്തെ മതതീവ്രതയിലേക്ക് അടുപ്പിക്കുന്നതില്‍ സംഘപരിവാറിന് ഏതാണ്ട് മൂന്നുപതിറ്റാണ്ട് കൊണ്ട് സാധിച്ചിരിക്കുന്നു. എന്ന് മാത്രമല്ല അതിനെതിരായുള്ള പ്രതിഷേധം പോലും വളരെയധികം ദുര്‍ബലമാവുകയും ചെയ്തിരിക്കുന്നു. ലോകത്തുടനീളം കോടിക്കണക്കിന്ന് ആളുകളാണ് ഭൂമിപൂജ കണ്ട് നിര്‍വൃതിയടഞ്ഞത്. ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ നിത്യപ്രതീകമെന്ന നിലയില്‍ പണി തീരാനിരിക്കുന്ന രാമക്ഷേത്രത്തെ കണക്കാക്കുന്ന മാനസികാവസ്ഥയിലേക്ക് ശരാശരി ഹിന്ദുവിനെ എത്തിക്കുന്നതില്‍ ബി ജെ പി വിജയിച്ചു. ഭരണരംഗത്ത് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ വീഴ്ചകള്‍ക്കും മറയിടാന്‍ ഗവണ്‍മെന്റിനും പാര്‍ട്ടിക്കും ഇതു മതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതു തന്നെയായിരിക്കും ബി ജെ പി യുടെ പ്രധാന പ്രചരണായുധം.

ബി ജെ പിയുടെ അതിസമര്‍ഥമായ ഈ രാഷ്ട്രീയ തന്ത്രത്തിന്നെതിരായി ദുര്‍ബലമായ പ്രതിഷേധം പോലും പ്രകടിപ്പിക്കുവാന്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും സാധിച്ചില്ല എന്നതാണ് മൂന്നു പതിറ്റാണ്ടു കൊണ്ട് ഹിന്ദുത്വ ആശയങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ എത്രമാത്രം പിടിമുറുക്കിക്കഴിഞ്ഞു എന്നതിന്റെ പ്രകട സൂചന. ബി ജെ പി വെച്ചുപുലര്‍ത്തുന്ന തീവ്രഹിന്ദുത്വത്തോട് എതിര്‍പ്പു പുലര്‍ത്തുന്നവരാണ് ഇന്ത്യയിലെ ദേശീയ പ്രാദേശിക കക്ഷികളില്‍ മിക്കവയും. ദളിത് സംഘടനകള്‍ക്ക് ഹിന്ദുത്വത്തോട് യാതൊരാഭിമുഖ്യവുമില്ല. ഹിന്ദി ഹൃദയഭൂമിയില്‍ സാമാന്യം നല്ല ജനസ്വാധീനമുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് (സമാജ് വാദി, ആര്‍ ജെ ഡി, ബിജു ജനതാദള്‍ തുടങ്ങിയവ) ഹിന്ദുത്വ രാഷ്ട്രീയത്തോട് ഒട്ടും ചേര്‍ച്ചയില്ല. 1990 സെപ്തംബര്‍ 5-നു രാമക്ഷേത്രനിര്‍മാണത്തിന്നനുകൂലമായ ജനാഭിപ്രായം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അയോധ്യയിലേക്ക് നടത്തിയ എല്‍ കെ അദ്വാനിയുടെ രഥയാത്ര തടഞ്ഞത് സോഷ്യലിസ്റ്റായ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവാണ്. ഇതേപോലെ തന്നെ തീവ്രഹിന്ദുത്വ വിരുദ്ധമാണ് ഡി എം കെ, തെലുങ്കുദേശം പോലെയുള്ള പാര്‍ട്ടികളുടെ മതേതര സങ്കല്‍പ്പവും. എന്നാല്‍ എല്ലാ ഭരണഘടനാ വ്യവസ്ഥകളെയും ലംഘിച്ചുകൊണ്ട് രാമക്ഷേത്രനിര്‍മാണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്മാവിഷ്‌കാരമെന്ന നിലയില്‍ മുന്നോട്ട് വെക്കുന്ന യജ്ഞം പ്രധാനമന്ത്രിയും സംഘപരിവാര്‍ ശക്തികളും തികഞ്ഞ മിടുക്കോടെ പൂര്‍ത്തീകരിക്കുമ്പോള്‍ അത് ഏറെക്കുറെ നിസ്സംഗമായി കണ്ടു നില്‍ക്കുകയാണ് ഈ കക്ഷികളെല്ലാം ചെയ്തത്. ബി ജെ പിയുടെ പ്രഖ്യാപിത ശത്രുവായ മമതാ ബാനര്‍ജി പോലും ഇപ്പോള്‍ നടന്ന രാമക്ഷേത്രനിര്‍മാണത്തി ന്റെ ഭൂമി പൂജക്ക് പിന്നിലെ വര്‍ഗീയ വിവക്ഷകള്‍ അതുള്‍ക്കൊള്ളുന്ന ഗൗരവത്തോടെ കണക്കിലെടുത്തിട്ടില്ല. മൂന്നു പതിറ്റാണ്ട് കൊണ്ട് നമ്മുടെ മതേതര രാഷ്ട്രീയം അതിന്റെ വിപരീതദിശയിലേക്ക് എത്രയധികം ദൂരം സഞ്ചരിച്ചു കഴിഞ്ഞു എന്നതിന്റെ പ്രകടമായ തെളിവാണ് ഇത്.

യൂ ടൂ കോണ്‍ഗ്രസ്
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷം ഇന്നും കോണ്‍ഗ്രസ് തന്നെയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതിനിധാനം എന്ന പാര്‍ട്ടിയുടെ അവകാശവാദത്തില്‍ ഒട്ടൊക്കെ ശരിയുമുണ്ട്. അത് ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് ബി ജെ പിയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ട ശക്തമായി ബി ജെ പി മുന്നോട്ടു വെക്കുന്നത്. കോണ്‍ഗ്രസ്സാണ് തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്നുള്ള പ്രധാന തടസ്സമെന്ന് സംഘപരിവാറിന് നന്നായറിയാം. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതേതര ദര്‍ശനങ്ങളുടെ അടിത്തറമേലാണ് കോണ്‍ഗ്രസ് കെട്ടിപ്പടുത്തിട്ടുള്ളതെന്നും അവര്‍ക്കറിയാം. ഗാന്ധിജിയെയും നെഹ്റുവിനെയും അവര്‍ ഉയര്‍ത്തിപ്പിടിച്ച മതേതര ആശയങ്ങളെയും തകര്‍ക്കുക എന്നത് ബി ജെ പി മുഖ്യ ലക്ഷ്യമാക്കുന്നത് അതുകൊണ്ടാണ്. നരേന്ദ്ര മോഡിയും അമിത് ഷായും ഒരു കുടുംബത്തെ നിരന്തരമായി ആക്രമിക്കുന്നത് വെറുതെയാണോ? ഈ അവസ്ഥയില്‍ ബി ജെ പിയുടെ മത തീവ്ര രാഷ്ട്രീയത്തെ മതേതര രാഷ്ട്രീയം ഉപയോഗപ്പെടുത്തി എതിര്‍ത്തു തോല്‍പ്പിക്കേണ്ട ചുമതല പ്രധാനമായും കോണ്‍ഗ്രസിനാണ്. അതിനാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഭൂമിപൂജയാണ് അയോധ്യയില്‍ നടന്നത് എന്ന് തിരിച്ചറിഞ്ഞ് മതേരത്വത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് അതിനെ ഏറ്റവും ശക്തമായി എതിര്‍ക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയാണ്. കര്‍സേവകര്‍ പള്ളി പൊളിച്ചപ്പോള്‍ ഒരു നടപടിയുമെടുക്കാതെ മിണ്ടാതിരിക്കുകയായിരുന്നു നരസിംഹറാവു എന്നൊക്കെപ്പറഞ്ഞ് കോണ്‍ഗ്രസ് തങ്ങളുടെ മതേതര പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കുകയായിരുന്നു എന്ന് ആക്ഷേപിക്കുന്നവരുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ മതേതര പരിപ്രേക്ഷ്യം സംശയിക്കാവുന്നതല്ല. പള്ളി തകര്‍ത്തതിന്റെ പിറ്റേദിവസം തന്നെ തകര്‍ന്ന പള്ളിയുടെ സ്ഥാനത്ത് പുതിയ ഒരു മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പ്രഖ്യാപിച്ചിരുന്നു എന്നോര്‍ക്കുക. ഈ ദിശയില്‍ കാര്യമായി യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും രാമക്ഷേത്രനിര്‍മാണമെന്ന ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന വിശ്വാസം രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്നുണ്ട്. മതേതര ചിന്താഗതിക്കാരായ ആളുകള്‍ക്ക് സാമാന്യമായി ഈ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ ഭൂമി പൂജയോടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണം ഇത്തരം വിശ്വാസങ്ങളെയെല്ലാം തകിടം മറിച്ചു. മൂന്നു പതിറ്റാണ്ടു കൊണ്ട് ഗാന്ധിയുടെയും നെഹ്റുവിന്റെയും പാര്‍ട്ടിക്കുണ്ടായ വ്യതിചലനമാണ് ഇത് വിളിച്ചോതുന്നത്. നാല്‍പ്പത്തിരണ്ടാം ഭേദഗതി വഴി ഇന്ത്യന്‍ ഭരണഘടനയില്‍ മതേതര റിപ്പബ്ലിക്ക് എന്ന പദം എഴുതിച്ചേര്‍ത്തത് ഇന്ദിരാഗാന്ധിയാണ്. ഇതേ ഇന്ദിരാഗാന്ധിയുടെ ചെറുമകള്‍ തന്നെ സ്വന്തം ടീറ്റ് വഴി ഈ വാക്കുകള്‍ മായ്ച്ചു കളഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ മതേതരത്വവുമായി ഇതിനെ താരതമ്യം ചെയ്യുന്നു പലരും. 1951 ല്‍ പഴയ ജുനഗഢിലെ (ഇപ്പോള്‍ ഗുജറാത്ത്) പുതുക്കിപ്പണിത സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കാന്‍ സമ്മതം പ്രകടിപ്പിച്ച രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനെ വിലക്കിക്കൊണ്ട് നെഹ്റു ഒരു കത്തയക്കുകയുണ്ടായി. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം ഒരു ക്ഷേത്രം പണിയുകയല്ല ജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ ദൂരീകരിക്കാനുള്ള പദ്ധതികളാണ് എന്നായിരുന്നു നെഹ്റുവിന്റെ കാഴ്ചപ്പാട്. അതിനാല്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം രാജേന്ദ്രപ്രസാദിന് കത്തെഴുതി. രാഷ്ട്രപതി ആ കത്ത് അവഗണിച്ചു. എന്നാല്‍ ഒരു കാര്യമുണ്ട് – ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതത്രയും മതമൈത്രിയുടെ ആശയങ്ങളായിരുന്നു. അത്തരത്തില്‍ മതാത്മകതയും മതേതര ചിന്തയും സമന്വയിപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയമായിരുന്നു കോണ്‍ഗ്രസിന്റേത്. അതിന് കാരണവുമുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന മതാത്മകതയെക്കുറിച്ച് പൂര്‍ണമായും ബോധവാനായിരുന്നു പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായിരുന്ന നെഹ്റു. ഒരിക്കല്‍ ആന്ദ്രേ മാള്‍ റോ എന്ന ഫ്രഞ്ച് എഴുത്തുകാരനോട് തന്റെ ദൗത്യമെന്താണ് എന്നതിനെപ്പറ്റി നെഹ്‌റു പറഞ്ഞ വാക്കുകളില്‍ നിന്ന് അദ്ദേഹത്തിന്റെ രാഷ്ട്ര സങ്കല്‍പ്പം നമുക്ക് മനസ്സിലാക്കാം. മതാത്മകമായ ഒരു രാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുകയാണ് താന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. മതവും മതേതരത്വവും തമ്മില്‍ കൃത്യമായ വിഭജനരേഖ വരയ്ക്കുവാന്‍ അദ്ദേഹത്തിന്ന് സാധിച്ചു. എന്നാല്‍ ഭൂമിപൂജയെ ആഘോഷിച്ച കമല്‍ നാഥിനോ പ്രിയങ്കാ ഗാന്ധിക്കോ ഈ വിഭജനരേഖ കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ മുസ്ലിം ജനസാമാന്യത്തിന്റെ അഭൂതപൂര്‍വ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ ജയിച്ചു പാര്‍ലമെന്റംഗം ആയ രാഹുല്‍ ഗാന്ധിക്ക് പോലും അതിന് കഴിഞ്ഞില്ല.
പൊളിച്ച പള്ളിയുടെ സ്ഥാനത്ത് പുതിയ മസ്ജിദ് പണിയുമെന്ന വാഗ്ദാനത്തില്‍ നിന്ന് ഭൂമിപൂജയില്‍ തുടിക്കുന്നത് രാജ്യത്തിന്റെ പൊതുവികാരമാണെന്ന സങ്കല്‍പ്പത്തിലേക്ക് കോണ്‍ഗ്രസ് സഞ്ചരിച്ച വഴികളേതൊക്കെയാണെന്ന് പരിശോധിക്കേണ്ടത് ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് പാര്‍ട്ടി ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. വിശേഷിച്ചും യു പിയില്‍ നിന്ന്. യു പിയിലാണ് പ്രിയങ്കാ ഗാന്ധി പാര്‍ട്ടിക്ക് അടിത്തറയുണ്ടാക്കേണ്ടത്. മദ്ധ്യപ്രദേശിലാകട്ടെ രാജസ്ഥാനിലാകട്ടെ, ഉത്തരേന്ത്യയില്‍ മറ്റെവിടെയെങ്കിലുമാവട്ടെ മതേതരമുഖം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഒരു തിരിച്ചുവരവ് പാര്‍ട്ടിക്ക് അസാധ്യമാണെന്ന് ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. പാര്‍ട്ടിയെ ഒരു കാലത്ത് കാര്യമായി പിന്തുണച്ചിരുന്നത് മുസ്ലിം ന്യൂനപക്ഷവും ദളിത് പിന്നോക്ക വിഭാഗവുമായിരുന്നു. പലകാരണങ്ങളാലും ഈ പിന്തുണ നഷ്ടപ്പെട്ടു. ഒരു മതേതര പ്പാര്‍ട്ടിയെന്ന നിലയില്‍ മുസ്ലിം ന്യൂനപക്ഷത്തോട് ചേര്‍ന്നുനിന്നാലുണ്ടാവുന്ന നഷ്ടം തിരിച്ചറിഞ്ഞതാണ് മൃദുഹിന്ദുത്വത്തിലേക്ക് നീങ്ങുക എന്ന പ്രായോഗികതയിലേക്ക് പാര്‍ട്ടിയെ നയിച്ചത്. ഇങ്ങനെയൊരവസ്ഥയിലേക്ക് കോണ്‍ഗ്രസ്സിനെ കൊണ്ടുചെന്നെത്തിച്ചതില്‍ ബി ജെ പിയിതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. കോണ്‍ഗ്രസിന്നെതിരായി ബി ജെ പിയുമായി ഒരിക്കലെങ്കിലും സഖ്യമുണ്ടാക്കിയവരാണ് ഇന്ത്യയിലെ മിക്ക പ്രതിപക്ഷ കക്ഷികളും. എന്‍ സി പിയും തൃണമൂലും ബി എസ് പിയുമെന്ന് വേണ്ട സി പി ഐയും സി പി എമ്മും പോലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വേണ്ടി ബി ജെ പിയോടും അതിന്റെ പ്രാഗ് രൂപമായ ജനസംഘത്തോടും കൂട്ടു ചേര്‍ന്നവരാണ് (ഒരു പക്ഷേ ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡി യൊഴിച്ച്). അടിയന്തരാവസ്ഥക്കാലത്തെ ജനസംഘവുമായുള്ള ചാര്‍ച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് ലിബറല്‍ ഗ്രൂപ്പുകളില്‍ പോലും സ്വീകാര്യതയുണ്ടാക്കിയതായി കാണാം. അധികാര രാഷ്ട്രീയത്തിന്റെ പ്രായോഗിക യുദ്ധവേളകളില്‍ ഇവരെയാരെയും പൂര്‍ണമായി വിശ്വസിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരിക്കണം കോണ്‍ഗ്രസ് മൃദുഹിന്ദുത്വമെന്ന ഹോബ്സന്റെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചത്. മണിശങ്കര്‍ അയ്യരോ ടി എന്‍ പ്രതാപ നോ മറ്റോ ഉയര്‍ത്തിയ ചില എതിര്‍പ്പുകളല്ലാതെ കാര്യമായി മറ്റാരും പാര്‍ട്ടിയുടെ ഈ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല എന്നോര്‍ക്കണം. അതൊരു ഗത്യന്തരമില്ലായ്മയിലേറെ ചൂതുകളിയാണ്. ബി ജെ പിക്ക് ഒരു മതേതര ബദല്‍ എന്ന നിലയില്‍ ഇനി സ്ഥാനമുറപ്പിച്ചു നിര്‍ത്താന്‍ പാര്‍ട്ടിക്ക് എത്രത്തോളം സാധിക്കും? മതേതര ശക്തികളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ഇനി പാര്‍ട്ടിക്ക് എത്രത്തോളം ശേഷിയുണ്ട്? ന്യൂനപക്ഷങ്ങളുടെ പിന്തുണ എത്ര കണ്ട് പാര്‍ട്ടിക്ക് ഉറപ്പിച്ചു നിര്‍ത്താന്‍ സാധിക്കും? താരതമ്യേന പാര്‍ട്ടിക്ക് വേരോട്ടം കൂടുതലുള്ള, ബി ജെ പിക്ക് വലിയ പിന്തുണയില്ലാത്ത ദക്ഷിണദേശങ്ങളില്‍ ഈ നിലപാട് എന്ത് പ്രതിഫലനമാണുണ്ടാക്കുക – ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം പാര്‍ട്ടി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ ഗൗരവപൂര്‍വം ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിന് ശേഷിയുള്ള നേതൃത്വം ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് ഇല്ല എന്നതാണ് സങ്കടകരം.

മുസ്ലിംകളും ഇടതുപക്ഷവും
ബാബരിമസ്ജിദിന്റെ തകര്‍ച്ചയും തല്‍സ്ഥാനത്ത് രാമക്ഷേത്രത്തിന്റെ നിര്‍മാണവും ഏറ്റവുമധികം മുറിവേല്‍പ്പിച്ചിട്ടുള്ളത് മുസ്ലിം മനസ്സിനാണ്. പക്ഷേ പള്ളി തകര്‍ന്നത് ഒരു അനിവാര്യദുരന്തമായി അംഗീകരിക്കുന്നതിനുള്ള മനോബലം അവര്‍ നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് നിയമപരമായ അവകാശമൊന്നുമില്ലെങ്കിലും പള്ളി നില്‍ക്കുന്ന സ്ഥലം ക്ഷേത്രനിര്‍മാണത്തിന്നു വേണ്ടി വിട്ടുനല്‍കിക്കൊണ്ടുള്ള കോടതിവിധി അവരെ പ്രകോപിപ്പിക്കാഞ്ഞത്. പള്ളി നിര്‍മാണത്തിന്ന് അഞ്ചേക്കര്‍ കൊടുത്തിട്ടുമുണ്ടല്ലോ. രാജ്യത്തുടനീളം ഹിന്ദുത്വ ശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ തങ്ങള്‍ സഹായിക്കാനാരുമില്ലാത്ത തരത്തില്‍ അനാഥമാക്കപ്പെട്ടു എന്ന ചിന്ത മുസ്ലിം സമൂഹത്തിലുണ്ട്. ഗോ രക്ഷകരുടെ ആക്രമണങ്ങള്‍, വ്യക്തി നിയമങ്ങളുടെ നേരെയുള്ള കയ്യേറ്റം, ആള്‍ക്കൂട്ടക്കൊല, പൗരത്വ നിഷേധം, ദേശക്കൂറ് ചോദ്യം ചെയ്യല്‍- ഇങ്ങനെ പല വഴികളിലൂടെയും നിരന്തരം തോറ്റുകൊണ്ടിരിക്കുകയാണ് മുസ്ലിം സമൂഹം. എങ്കിലും അവര്‍ കാര്യങ്ങളോട് പൊരുത്തപ്പെടാന്‍ തയാറായിരുന്നു. ബാബരി മസ്ജിദ് കേസിലെ കോടതിവിധി പൊതുവില്‍ അംഗീകരിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ ഭൂമിപുജ എന്ന ചടങ്ങ് നടത്തിയ രീതിയും അതിന് കല്‍പ്പിച്ചുനല്‍കിയ ഔദ്യോഗിക സ്വഭാവവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ധ്വനികളുമെല്ലാം ചേര്‍ന്നപ്പോള്‍ അവര്‍ക്ക് കൂടുതല്‍ മുറിവേറ്റിരിക്കുകയാണ്. ഈ മുറിവാണ് ബാബരി മസ്ജിദ് എന്നും ബാബരി മസ്ജിദായിരിക്കുമെന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. മുസ്ലിംകളെ കൂടുതല്‍ അന്യവല്‍ക്കരിക്കാനേ ഇപ്പോഴത്തെ നടപടി സഹായകമാവുകയുള്ളൂ. തങ്ങള്‍ രണ്ടാം തരം പൗരന്മാരാണ് എന്നവര്‍ ഏറെക്കുറെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതേസമയം മറ്റൊരു ചിന്താധാര മുസ്ലിം സമുദായത്തില്‍ രൂപപ്പെടുന്നതും കാണാതിരുന്നു കൂടാ. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് തങ്ങളുടെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുക എന്നതാണ് ഈ ചിന്തയുടെ അടിത്തറ. ബി ജെ പി യോ സംഘപരിവാര്‍ രാഷ്ടീയമോ സെക്കുലര്‍ സമൂഹം തന്നെയോ നിര്‍ണയിച്ചു തരുന്ന അജണ്ടകളോട് പ്രതിപ്രവര്‍ത്തനം നടത്തി സ്വന്തം ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയല്ല സുഭദ്രമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കുകയായിരിക്കണം നമ്മുടെ വഴി എന്ന് ഈ ചിന്ത വിളിച്ചോതുന്നു. ഈ രണ്ട് പുല്‍ക്കെട്ടുകള്‍ക്കുമിടയില്‍ തീരുമാനമെടുക്കാനാവാതെ നിന്ന് ബറിഡന്റെ കഴുതയെപ്പോലെ വിശന്ന് ചാവാനായിരിക്കുമോ മുസ്ലിം ന്യൂനപക്ഷത്തിന്റെ നിയോഗം?
രാമക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കൈക്കൊണ്ടിട്ടുള്ള നിലപാടുകളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പള്ളി പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നത് ഇന്ത്യയുടെ മതേതരത്വത്തോടുള്ള വെല്ലുവിളിയാണെന്നും പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും ഭൂമിപൂജ ചടങ്ങില്‍ പങ്കെടുത്തത് ഭരണഘടനാലംഘനമാണെന്നും ഇടതുപക്ഷകക്ഷികള്‍ നിര്‍വിശങ്കം പ്രഖ്യാപിക്കുന്നു. ഇത് ബാബരി മസ്ജിദ് തര്‍ക്കം നിലവിലുണ്ടായിരുന്ന കാലത്തെ ഇടതുപക്ഷനിലപാടുകളില്‍ നിന്ന് പല നിലയ്ക്കും വിഭിന്നമാണ്. തര്‍ക്ക സ്ഥലത്ത് പള്ളിയും വേണ്ട ക്ഷേത്രവും വേണ്ട, രാമജന്മസ്ഥാനമെന്ന് ഹിന്ദുക്കളും മസ്ജിദ് എന്ന് മുസ്ലിംകളും അവകാശപ്പെടുന്ന കെട്ടിട സമുച്ചയം ചരിത്ര സ്മാരകമാക്കാം എന്നും മറ്റും അക്കാലത്ത് പ്രമുഖരായ മുഖ്യധാരാ ഇടതുപക്ഷ നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ നിലപാട്. തര്‍ക്കകാലത്ത് നിന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കെത്തിച്ചേര്‍ന്ന കൊല്ലങ്ങള്‍ കൊണ്ട് ഇടതുപക്ഷം പുതിയ തിരിച്ചറിവുകളിലെത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ആ സമയത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മില്‍ ഇത്രയും ഗാഢമായ ഒരു വിഭജനം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ആശങ്കിക്കപ്പെട്ടിരുന്നുമില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന തൊണ്ണൂറുകളില്‍ കൈക്കൊണ്ട നിലപാടില്‍ നിന്ന് ഹിന്ദു രാഷ്ട്രനിര്‍മിതിക്കു വേണ്ട ശിലാന്യാസം നടക്കുന്ന മോഡിക്കാലത്ത് കൈക്കൊള്ളുന്ന നിലപാട് വ്യത്യസ്തമാകുന്നതും അതില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തിന്റെ സാന്നിധ്യമുണ്ടാവുന്നതും സ്വാഭാവികമാണല്ലോ.

മത രാഷ്ട്രവും മതേതര രാഷ്ട്രവും
ഭൂമിപൂജ നടന്നത് ആഗസ്ത് 5-നു ആണ്. നമ്മുടെ സ്വാതന്ത്ര്യദിനം ആഗസ്ത് 15-നും . സ്വാതന്ത്ര്യദിനം ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരു പുതുയുഗപ്പിറവിയായിരുന്നു. ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കുമുള്ള തുറവി. എന്നാല്‍ ആഗസ്ത് അഞ്ചും പുതുയുഗപ്പിറവിയുടെ ദിവസമാണെന്നാണ് പ്രധാനമന്ത്രിയടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ പറയുന്നത്. ശരിയാവാം. ആഗസ്ത് 15, അടിമത്തത്തിന്റെ യുഗത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിക്കുന്നതിന്റെ തുടക്കം കുറിക്കുന്ന ദിനമായിരുന്നുവെങ്കില്‍ ആഗസ്റ്റ് 5 ഹിന്ദു രാഷ്ട്രത്തിലേക്കുള്ള സഞ്ചാരപാതയിലെ ആദ്യ കാല്‍വെപ്പാണ്. ഇനി വരാനുള്ളത് മതേതര ഇന്ത്യ അല്ല എന്നതിന്റെ അടയാളം. ഇതിനെ ലാഘവപൂര്‍വം കണ്ടുകൂടാ. കാരണം ഹിന്ദുത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സാമൂഹിക സ്ഥാപനങ്ങളും ഇന്നു ദുര്‍ബലമാണ്. ജുഡീഷ്യറി, മീഡിയ, സര്‍വകലാശാലകള്‍, ബ്യൂറോക്രസി- എല്ലാം സംഘപരിവാര്‍ കൈയടക്കിയിരിക്കുന്നു. ദി ആര്‍ എസ് എസ് ആന്‍ഡ് ദി മെയ്ക്കിംഗ് ഓഫ് ദി ഡീപ് നാഷന്‍ (The R S S and the making of the Deep Nation) എന്ന ദിനേശ് നാരായണന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാമെങ്കില്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ 4000 പേര്‍ ആര്‍ എസ് എസ് കാഡര്‍ ആണ്. ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളവരെ ബ്യൂറോക്രസിയുടെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കുവാന്‍ നടത്തുന്ന ശ്രമം പണ്ടും ഇന്നും ഫലപ്രദവുമാണ്.

സംഘപരിവാര്‍ അതിന്റെ അജണ്ടകള്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട് എന്നതും കാണാതിരുന്നു കൂടാ. പഴയ കാലത്ത് ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായിരുന്നു ബി ജെ പിയുടെ രാഷ്ട്രീയ ദര്‍ശനം. യാഥാസ്ഥിതിക പുരോഹിതന്മാരായിരുന്നു കര്‍മ്മ പരിപാടികള്‍ നിയന്ത്രിച്ചിരുന്നത്. ഇന്ന് അതെല്ലാം മാറി. ഭൂമിപൂജയുടെ കാര്യമെടുക്കുക. ആഗസ്ത് 5-നു ഭൂമിപൂജ നടത്തുന്നതിന് എതിരായിരുന്നു അയോധ്യയിലെ പുരോഹിതര്‍. കൃഷ്ണപക്ഷത്തിന് തൊട്ടുപിന്നാലെ വരുന്ന ബുധനാഴ്ച ശുഭദിനമല്ല. പക്ഷേ ഈ എതിര്‍പ്പ് പരിഗണിക്കപ്പെട്ടില്ല. യാഥാസ്ഥിതികരായ പുരോഹിതരല്ല, മദ്ധ്യവര്‍ഗ ഇടത്തരക്കാരാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്. പ്രകടമായും പിന്നാക്ക ജാതിക്കാര്‍, നരേന്ദ്ര മോഡി അതിന്റെ പ്രതീകമാണ്. പിന്നാക്കക്കാരന്‍, ചായവിറ്റു നടന്ന ഭൂതകാലങ്ങളില്‍ നിന്ന് മദ്ധ്യവര്‍ഗ ശ്രേണിയിലേക്ക് ഉയര്‍ന്നയാള്‍. ഇത്തരക്കാരെ ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്തുക എളുപ്പമാണെന്ന് 2002 ലെ ഗുജറാത്ത് തെളിയിച്ചു. പിന്നാക്കക്കാരനായ നരേന്ദ്ര മോഡിയെ യജമാനനാക്കി നടത്തിയ ഭൂമിപൂജ ദേശീയ രാഷ്ട്രീയത്തില്‍ സമാനമായൊരു പരീക്ഷണത്തിലേക്കുള്ള കാല്‍വെപ്പാണ്.

എ പി കുഞ്ഞാമു

You must be logged in to post a comment Login