ഹിന്ദുത്വയുടെ ആവശ്യങ്ങള്‍ രാഷ്ട്രത്തിന്റേതാകുമ്പോള്‍

ഹിന്ദുത്വയുടെ ആവശ്യങ്ങള്‍ രാഷ്ട്രത്തിന്റേതാകുമ്പോള്‍

എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ശ്രമമുണ്ടായാല്‍ ചെറുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന, മതനിരപേക്ഷമാണ് രാജ്യമെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടന. ആ പ്രഖ്യാപനത്തിന്റെ അന്തസ്സത്തയെ ശരിയാംവിധം വ്യാഖ്യാനിച്ച് പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കുന്ന നീതിന്യായ സംവിധാനം. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം നിയമനിര്‍മാണം നടത്തുന്ന പാര്‍ലമെന്റും അതിനനുസരിച്ച് ചട്ടങ്ങളുണ്ടാക്കി നടപ്പാക്കുന്ന ഉദ്യോഗസ്ഥ സംവിധാനവും. ഇന്ത്യന്‍ യൂണിയനെന്ന സങ്കല്‍പ്പം വിശാലാര്‍ഥത്തില്‍ ഇങ്ങനെയൊക്കെയാണ്, അല്ലെങ്കില്‍ ആയിരുന്നു. ഈ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ രാജ്യമായി ഇന്ത്യന്‍ യൂണിയന്‍ മാറുന്നതിന് മുമ്പ് തന്നെ ഇതിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ യൂണിയന്‍ നിലവില്‍ വന്നതിന് ശേഷം അത് തുടരുകയും ചെയ്തു. ആ ശ്രമത്തില്‍ വലിയ ആയുധമായി ഉപയോഗിക്കപ്പെട്ടതാണ് ബാബരി മസ്ജിദ്.
ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന വാദം ഉയര്‍ത്തിയവര്‍ പില്‍ക്കാലത്ത് രാമന്‍ ജനിച്ച സ്ഥലത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്നതിലേക്ക് മാറി. രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനാണ് 1949 ഡിസംബര്‍ 22നും 23നും ഇടയിലുള്ള രാത്രിയില്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ചത്. അവ നീക്കം ചെയ്ത് ബാബരി മസ്ജിദ്, അതിന്റെ യഥാര്‍ത്ഥ അവകാശികളുടെ സംരക്ഷണയിലാക്കാന്‍ അക്കാലം ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറാകാതിരുന്നത് ഹിന്ദുത്വ ശക്തികള്‍ക്ക് വലിയ അവസരമാണ് തുറന്നിട്ടത്. ആര്‍ എസ് എസിന്റെ രാഷ്ട്രീയരൂപമായ ബി ജെ പി, ഉത്തരേന്ത്യയില്‍ വേരോട്ടമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ആ അവസരം ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചത് എന്നുമാത്രം. ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ ഭൂരിപക്ഷമതത്തെ പ്രീണിപ്പിച്ചുനിര്‍ത്തുകയാണ് വേണ്ടതെന്ന മിഥ്യാധാരണയില്‍ ബാബരി മസ്ജിദ് തുറന്നുകൊടുക്കുകയും അവിടെ ശിലാന്യാസത്തിന് അനുമതി നല്‍കുകയും ചെയ്ത രാജീവ് ഗാന്ധി സര്‍ക്കാര്‍, മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ വിശ്വാസ്യത ഏറ്റുകയായിരുന്നു. മസ്ജിദ് വളപ്പില്‍ കര്‍സേവയ്ക്ക് അനുവാദം നല്‍കുകയും സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറാകാതെ, മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിക്കുകയും ചെയ്തപ്പോഴും വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി.
ഒരു ഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയതയുടെ ഏകീകരണത്തിനുള്ള ആയുധമായി രാമക്ഷേത്ര നിര്‍മാണത്തെ ബി ജെ പി ഉപയോഗിക്കുമ്പോള്‍ മറു ഭാഗത്ത് ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഭരണകൂടമെടുത്ത എല്ലാ പ്രതികൂലതീരുമാനങ്ങളും ആത്യന്തികമായി അതിന്റെ തകര്‍ച്ചയും രാജ്യത്തെ ജനസംഖ്യയില്‍ 20 ശതമാനം വരുന്ന മുസ്ലിംകളെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. തങ്ങള്‍ കൂടി പങ്കാളികളായ ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന സര്‍ക്കാരുകളെ, ഇതര ഭരണഘടനാ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് അവരെത്തി. ഏറ്റവുമൊടുവില്‍ ബാബരി മസ്ജിദ് തകര്‍ത്തത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു തന്നെ, മസ്ജിദ് നിലനിന്ന പ്രദേശം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ നീതിന്യായ സംവിധാനം പോലും ആശ്രയിക്കാവുന്ന ഒന്നായി മുന്നിലില്ലാത്ത അവസ്ഥയുമുണ്ടായി. അരക്ഷിതമായ അവസ്ഥയില്‍ കൂടുതല്‍ ഐക്യപ്പെടുകയോ വ്യക്തിത്വ സംരക്ഷണത്തിന് യത്‌നിക്കുകയോ ചെയ്യുന്ന ന്യൂനപക്ഷത്തെപ്പോലും ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍ പാകത്തില്‍ ഉപയോഗിക്കുകയാണ് സംഘപരിവാരം.
രാമക്ഷേത്ര നിര്‍മാണത്തിന് ബാബരി ഭൂമി വേണമെന്ന് ആവശ്യപ്പെട്ട സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അല്ല, സുപ്രീം കോടതി ഉടമാവകാശം കൈമാറിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ ഭൂമിയുടെ ഉടമാവകാശം ഹിന്ദുക്കള്‍ക്കാണ് എന്നാണ് വിധിച്ചത്. രാമക്ഷേത്ര നിര്‍മാണമെന്നത് രാജ്യത്തെ ഹിന്ദുക്കളുടെയാകെ ആവശ്യമാണെന്ന സംഘപരിവാര്‍ വാദത്തിന് ബലമേകുകയാണ് ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തതും. ഹിന്ദുക്കളുടെയാകെ ആവശ്യമെന്ന് അധികാരം കൈയാളുന്ന സംഘപരിവാരം, ചിത്രീകരിക്കുന്നതിനെ നീതിനിര്‍വഹണ വിഭാഗം സാധൂകരിച്ച് നല്‍കുമ്പോള്‍ ഹിന്ദുത്വ അജണ്ടകള്‍ക്ക് നേരത്തെ തന്നെ വഴങ്ങിക്കൊടുത്ത ഭരണഘടനാ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് പരമോന്നത നീതിപീഠം കൂടി എത്തുകയാണ്.
ഈ സാഹചര്യത്തില്‍ വേണം 2020 ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെ കാണാന്‍. രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ട്രസ്റ്റ് നിര്‍മിക്കുന്ന ക്ഷേത്രമെന്നതിനപ്പുറത്ത്, രാജ്യം നിര്‍മിക്കുന്ന ക്ഷേത്രമെന്ന പ്രതീതി ജനിപ്പിക്കാനും രാജ്യത്തിന്റെയാകെ ആവശ്യമാണ് ക്ഷേത്ര നിര്‍മാണമെന്ന് വരുത്താനുമാണ് തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പ്രധാന പുരോഹിതനായത്. അതങ്ങനെ പ്രചരിപ്പിക്കാന്‍ രാജ്യത്തെ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം തയാറായി. പല ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ നിന്നും ‘ജയ് ശ്രീരാം’ വിളികള്‍ മുഴങ്ങി. ചാനലിന്റെ മുഖങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ആങ്കര്‍മാര്‍ ‘ജയ് ശ്രീരാം’ വിളികളുമായി സ്‌ക്രീനില്‍ നിറഞ്ഞു. ഇവിടെ കേരളം മാത്രമാകും ഒരുപക്ഷേ ഇതിനൊരു അപവാദമായത്.
ബാബരി മസ്ജിദിനെ തീവ്ര ഹിന്ദുത്വത്തിന് വേരോട്ടമുണ്ടാക്കാന്‍ പാകത്തിലുള്ള ആയുധമായി വികസിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും രാമക്ഷേത്രമെന്നത് രാജ്യത്തിന്റെയാകെ ആവശ്യമാണെന്നും കാലങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് നടക്കാന്‍ പോകുന്നതെന്നുമുള്ള പ്രസ്താവനകളുമായി രംഗത്തുവന്നു. ഭൂരിപക്ഷ മതവിഭാഗത്തെ പ്രീണിപ്പിച്ചു നിര്‍ത്തുക എന്ന കേവലമായ അജണ്ടയേ ഈ നേതാക്കള്‍ക്കുള്ളൂവെങ്കിലും ദുര്‍ബലമെങ്കിലും പ്രതിപക്ഷത്തെ ശക്തമായ സാന്നിധ്യമായ കോണ്‍ഗ്രസ് പോലും രാമക്ഷേത്രത്തെ രാജ്യത്തിന്റെ പൊതു ആവശ്യമായി കാണുന്നുവെന്ന തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്. അതിന്റെ ഊര്‍ജത്തില്‍ കൂടിയാണ് 130 കോടിയിലേറെ വരുന്ന ജനങ്ങളുടെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി, പ്രധാന പുരോഹിതനാകുമ്പോള്‍ അത് നല്‍കുന്ന സന്ദേശം, രാജ്യം ഈ മതവിഭാഗത്തിന്റേതാണ് എന്നോ ഈ മതവിഭാഗത്തിന്റേത് മാത്രമാണ് എന്നോ ആണ്. രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ 130 കോടിയിലേറെ വരുന്ന ജനങ്ങളുടെയാകെ ആഗ്രഹമാണ് സഫലമാകുന്നത് എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഹൈന്ദവ പാരമ്പര്യം അംഗീകരിക്കുന്നവരാണ് രാജ്യത്തെ ജനങ്ങളെന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെക്കുന്നത്. ആ പാരമ്പര്യം അംഗീകരിക്കാത്തവരൊന്നും ഈ രാജ്യത്തെ പൗരന്മാരല്ല എന്ന് കൂടിയാണ് അതിനര്‍ത്ഥം. ഹൈന്ദവ പാരമ്പര്യം അംഗീകരിക്കുന്നവരെ മാത്രമേ, അവരേത് വിശ്വാസധാര പിന്തുടരുന്നവരായാലും, രാജ്യത്തെ പൗരന്മാരായി കണക്കാക്കേണ്ടതുള്ളൂവെന്ന സംഘപരിവാര്‍ വീക്ഷണം രാജ്യത്തിന്റെ പൊതുവീക്ഷണമായി ഭരണകൂടം അംഗീകരിക്കുന്നുവെന്ന് കൂടിയാണ്. മതനിരപേക്ഷ ജനാധിപത്യമെന്ന് ഭരണഘടന പ്രഖ്യാപിക്കുന്ന, ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം പുലര്‍ത്താനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന് രേഖപ്പെടുത്തിയ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്താണ് ഇത് സംഭവിക്കുന്നത്. അതുതന്നെയാണ് അതിലെ അപകടവും. ഭരണഘടനയെ സ്പര്‍ശിക്കാതെ, അതില്‍ മാറ്റം വരുത്താതെ തന്നെ ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് നടക്കുകയാണ് സംഘപരിവാരം.
2019ല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ആ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ മണിക്കൂറുകള്‍ കൊണ്ടാണ് തീരുമാനിച്ചത്. ജമ്മു കശ്മീരിനെ ഏതാണ്ടൊരു തുറന്ന ജയിലാക്കി മാറ്റിയും അവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളെയാകെ തടങ്കലിലാക്കിക്കൊണ്ടുമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. അതുമൊരു ആഗസ്ത് അഞ്ചിനായിരുന്നു, 2019ല്‍. ഇതിന് പിറകെയാണ് പൗരത്വ നിയമം ഭേദഗതി ചെയ്ത്, ഭൂരിപക്ഷ മതവിഭാഗങ്ങള്‍ക്ക് ഈ രാജ്യത്തുള്ള അവകാശങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കുണ്ടാകില്ല എന്ന് വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കാന്‍ വേണ്ട രേഖകള്‍ കൈവശമില്ലെങ്കില്‍ പുറംതള്ളപ്പെടുമെന്ന ഭീതി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടര്‍ത്തിയത്, ഭരണകൂടത്തിന്റെ തീരുമാനങ്ങളെ വിസമ്മതം കൂടാതെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്. ഭൂരിപക്ഷ മതത്തിന്റെ, അല്ലെങ്കില്‍ അവരുടേത് എന്ന് സംഘപരിവാരം വ്യാഖ്യാനിക്കുന്നവയ്ക്ക് വഴങ്ങി ജീവിക്കുന്നവരായി മാത്രമേ ഈ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് കൂടി വ്യക്തമാക്കുകയായിരുന്നു നരേന്ദ്ര മോഡി സര്‍ക്കാര്‍.
പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിലും പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിലും പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നിര്‍ത്താനും മോഡി സര്‍ക്കാരിനും സംഘപരിവാരത്തിനും സാധിച്ചു. രാജ്യനന്മയ്ക്ക് എന്ന പേരിലോ ഭൂരിപക്ഷ മത വിഭാഗത്തിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് എന്ന പേരിലോ നടപ്പാക്കപ്പെടുന്ന സംഗതികളെ, മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്ന് എതിര്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഏകധ്രുവ യാത്ര കൂടുതല്‍ എളുപ്പമാകുകയുംചെയ്തു. അതിന്റെ വേഗം കൂട്ടുന്നതാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്.
ഈ ചടങ്ങ്, അടിമത്വത്തില്‍ നിന്നുള്ള മോചനം പ്രഖ്യാപിക്കല്‍ കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെച്ചു. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഹിന്ദുക്കള്‍ അടിമത്വത്തില്‍ തുടരുകയായിരുന്നുവെന്നും ഇതര അധിനിവേശങ്ങളുടെ ശേഷിപ്പുകളെന്ന് സംഘപരിവാരം കരുതുന്നതൊക്കെ അവസാനിപ്പിക്കുമ്പോഴാണ് അതില്ലാതാകുകയെന്നും പറയാതെ പറയുകയായിരുന്നു പ്രധാനമന്ത്രി. കാശി, മധുര എന്ന് തുടങ്ങി താജ് മഹല്‍ വരെ നീളുന്ന സംഘപരിവാര്‍ അവകാശവാദങ്ങളുടെ പൂര്‍ത്തീകരണവും ലക്ഷ്യമാകാം. അങ്ങനെയെങ്കില്‍ നിലവില്‍ തന്നെ രാജ്യത്ത് അഭയാര്‍ഥികളുടെ അവസ്ഥയിലേക്ക് എത്തിയ ന്യൂനപക്ഷങ്ങള്‍, ഭരണഘടനാദത്തമായ അവകാശങ്ങള്‍ നിലനില്‍ക്കെത്തന്നെ, ഏതാണ്ട് അനാഥരായി മാറും. അവര്‍ മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്നവരും. അവര്‍ക്ക് ആശ്രയിക്കാന്‍ ഭരണ സംവിധാനങ്ങളോ നിയമപാലന – നീതി നിര്‍വഹണ സംവിധാനങ്ങളോ ഉണ്ടാകില്ല. വര്‍ഗീയ വികാരമിളക്കിവിട്ടും തീവ്ര ദേശീയ വികാരമുണര്‍ത്തിയും അട്ടിമറിക്കപ്പെടുന്ന ജനാധിപത്യ പ്രക്രിയയും ഇവര്‍ക്ക് തുണയായില്ല. ഈ പ്രചാരണങ്ങളെ എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത പ്രതിപക്ഷവും ഇന്ത്യന്‍ യൂണിയനെന്ന സങ്കല്‍പ്പത്തിന്റെ തിരിച്ചെടുപ്പിന് തടസ്സമാണ്.
ഭരണഘടനയെ ഇപ്പോഴുള്ള അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ അട്ടിമറിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇന്ത്യന്‍ യൂണിയന്‍ ആഭ്യന്തരമായി ഹിന്ദു രാഷ്ട്രമായി പെരുമാറുമ്പോഴും പുറമേയ്ക്ക് മതനിരപേക്ഷ ജനാധിപത്യമായി തുടരണമെന്ന നിര്‍ബന്ധമുണ്ട് നരേന്ദ്രമോഡി സര്‍ക്കാരിന്. അതുകൊണ്ട് തന്നെ മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാവാക്യം മാറ്റമില്ലാതെ തുടര്‍ന്നേക്കും. രാജ്യാന്തരതലത്തിലെ അന്തസ്സ് നിലനിര്‍ത്താനുള്ള, വിദേശബന്ധങ്ങളില്‍ വലിയ ഉലച്ചിലുകളുണ്ടാകാതെ കാക്കാനുള്ള വിശേഷണവാക്യമായി.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login