പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് വലിയ പ്രതിരോധം

പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് വലിയ പ്രതിരോധം

വൈകിയെങ്കിലും ദേശവ്യാപകമായി ചില ഉണര്‍വുകള്‍ അനുഭവപ്പെടുന്നു എന്ന ആഹ്ലാദമുണ്ട് ഈ കുറിപ്പിന്റെ പശ്ചാത്തലമായി. പാരിസ്ഥിതികാഘാത നിര്‍ണയത്തിന്റെ കരട് തുടക്കത്തില്‍ ഉണ്ടായിരുന്ന വലിയ നിശബ്ദതയെ ഭേദിച്ച് ചില പ്രതിഷേധങ്ങളെ ഉയര്‍ത്തിയിരിക്കുന്നു. എന്താണ് ആ വ്യവസ്ഥയുടെ അപകടമെന്ന വിശദീകരണങ്ങള്‍ വന്നുതുടങ്ങുന്നു. പൊതുവില്‍ മൗനം ദീക്ഷിച്ചുപോരുന്ന രാഹുല്‍ ഗാന്ധി വരെ സുചിന്തിതവും ശക്തവുമായ അഭിപ്രായങ്ങള്‍ പറയുന്നു. കൊവിഡ് കാലമായിട്ടും ചെറിയതോതില്‍ അനക്കങ്ങള്‍ ഉണ്ടാകുന്നു. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ നയത്തെ തിരുത്തുക എളുപ്പമല്ല. അതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. പക്ഷേ, ആ ശ്രമങ്ങള്‍ ഉണ്ടാക്കുന്ന കമ്പനങ്ങള്‍ ചരിത്രത്തില്‍ ഉണ്ടാകും. വരുംകാലത്തിന് ചലിക്കാനുതകുന്ന പലതും ആ കമ്പനങ്ങളില്‍ നിന്ന് കണ്ടെടുക്കാനുമാവും. കൊവിഡ് ലോകഗതിയെ അടിമുടി മാറ്റിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാരിസ്ഥിതികാഘാത നിര്‍ണയത്തെക്കുറിച്ചുള്ള സംഭാഷണത്തില്‍ കൊവിഡ് എന്ന് പറഞ്ഞത് ബോധപൂര്‍വമാണ്. കൊവിഡുമായി അത്ര വിദൂരമല്ലാത്ത ബന്ധം ഈ കരട് വിജ്ഞാപനത്തിനുണ്ട്.

ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന്റെ താല്‍ക്കാലികമായ കൂപ്പുകുത്തലിന് ആക്കം കൂട്ടിയിട്ടുണ്ട് കൊവിഡ്. താല്‍ക്കാലികമെന്ന് പറഞ്ഞത് സുചിന്തിതമായാണ്. ഇത്തരം പ്രതിസന്ധികളെ പോയ നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ പലവട്ടം ആ വ്യവസ്ഥ അഭിമുഖീകരിച്ചിട്ടുണ്ട് എന്ന തിരിച്ചറിവുകൊണ്ടാണ്. ആ അഭിമുഖീകരണങ്ങളെ മുതലാളിത്തത്തിന്റെ ചാക്രിക പ്രതിസന്ധികളായാണ് മനസ്സിലാക്കിപ്പോരാറ്. സൈക്ലിക് ക്രൈസിസ്. ആ പ്രതിസന്ധികള്‍ മിക്കവയും അതത് കാലങ്ങളില്‍ സമര്‍ഥമായി പരിഹരിക്കപ്പെട്ടിട്ടുണ്ട്. അത്തരം പരിഹാരം സാധ്യമാകുന്ന ഒരു ഘടന മുതലാളിത്ത വ്യവസ്ഥ അന്തര്‍വഹിക്കുന്നുമുണ്ട്. പ്രധാനമായും ഭരണകൂട നയങ്ങളുടെ രൂപത്തിലാണ് പരിഹാരങ്ങള്‍ ഉണ്ടായിവരിക. തീവ്രവലതുപക്ഷ ആശയങ്ങളെ സാമൂഹികതയുടെ വിവിധങ്ങളായ അടരുകളില്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ടാണ് മുതലാളിത്തം പടരുന്നത് എന്ന് ഇന്ന് നമുക്കറിയാം. അതേ തീവ്രവലതുപക്ഷത്തിന് അധികാരമാര്‍ജിക്കാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കാന്‍ മുതലാളിത്തം സദാ ജാഗ്രത്തായിരിക്കും. അതീവപ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഭരണകൂട നിര്‍മാണത്തിന് മുതലാളിത്തം തയാറാവുക. കാരണം പ്രതിസന്ധികള്‍ ഇല്ലാതെ സുഗമമായി മുന്നോട്ടുപോകുന്ന ഘട്ടങ്ങളില്‍ ഭരണകൂട നിര്‍മാണവും പോറ്റലും പോലുള്ള ചെലവുകള്‍ മുതലാളിത്തം ഏറ്റെടുക്കാറില്ല. പ്രതിസന്ധിയുടെ ഘട്ടത്തിലാവട്ടെ വലിയതോതില്‍ ധനമൊഴുക്കി അത് ഭരണകൂടത്തെ നിര്‍മിക്കും. രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന ഘട്ടങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം അഴിമതിയിലും ആഭ്യന്തരക്കുഴപ്പങ്ങളിലും പെട്ട് അമ്പേ ദുര്‍ബലമായിരുന്നത് നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അക്കാലമാകട്ടെ ഇന്ത്യന്‍ വന്‍കിട മുതലാളിത്തം ലോകസാഹചര്യങ്ങളുടെ കൂടി ഭാഗമായി പ്രതിസന്ധികളിലായിരുന്നു. അവിടെ നിന്നുള്ള കരകയറ്റമായിരുന്നു 2014-ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ കണ്ട സമാനതകള്‍ തീരെയില്ലാത്ത പണമൊഴുക്ക്. ഒന്നാം മോഡി സര്‍ക്കാരിന്റെ നിര്‍മിതിയില്‍ വന്‍കിട കോര്‍പറേറ്റുകളുടെ പങ്ക് തെളിഞ്ഞുകിട്ടിയ യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥ സമ്പൂര്‍ണമായി കോര്‍പറേറ്റ് ഉടമസ്ഥതയിലായി. ഇന്ത്യന്‍ വന്‍കിടമുതലാളിത്തത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായി മുകേഷ് അംബാനി മാറി. നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കേണ്ടത് 2016-ലെ നോട്ട് നിരോധനമാണ്. അക്കാര്യങ്ങള്‍ സംശയങ്ങളൊന്നുമില്ലാതെ നമുക്കിപ്പോള്‍ വ്യക്തമാണ്. ആര്‍ക്കാണ് നോട്ട് നിരോധനം ഗുണം ചെയ്തത് എന്ന് നാം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. തീര്‍ന്നില്ല, 2014 മുതല്‍ തീവ്രമായി തുടങ്ങിയ നയങ്ങള്‍ ആരെയാണ് സഹായിച്ചതെന്ന് നമ്മള്‍ എന്നും ഓര്‍ക്കാറുണ്ട്. നോക്കൂ, ബി എസ് എന്‍ എല്‍ ഇല്ലാതെയായതെങ്ങനെ എന്ന് മാത്രം ഇപ്പോള്‍ ഓര്‍ക്കുക. ലോകത്തെ ഏറ്റവും മുന്തിയ ക്യാപിറ്റലിസ്റ്റുകളുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരനുണ്ടെന്നും അറിയുക; പേര് മുകേഷ് അംബാനി. ചാക്രിക പ്രതിസന്ധികളെ മുതലാളിത്തം മറികടക്കുന്നതിന്റെ ഒന്നാംതരം കഥയാണ് മുകേഷ് അംബാനിയുടെ സാമ്പത്തിക ജീവചരിത്രം. അതിനാല്‍ നമ്മുടെ ദേശീയ ഭരണകൂടം ഒരു പുതിയ നയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍, അത് വിദ്യാഭ്യാസനയമാകട്ടെ പരിസ്ഥിതിനയമാകട്ടെ നാം കൂടുതല്‍ ജാഗ്രതയോടെ നമ്മുടെ ആലോചനകളെ നിര്‍മിക്കേണ്ടിയിരിക്കുന്നു. അതിനാലാണ് ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന്റെ താല്‍ക്കാലികമായ കൂപ്പുകുത്തലിന് ആക്കം കൂട്ടിയിട്ടുണ്ട് കൊവിഡ് എന്ന് ആദ്യവാചകമായി എഴുതിയത്. വിശദീകരിക്കാം.
ചാക്രിക പ്രതിസന്ധികളെ മുതലാളിത്തം മറികടക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു. മുകേഷ് അംബാനിയെ ഓര്‍മിച്ചു. കൊവിഡ് പക്ഷേ, ചാക്രികപ്രതിസന്ധികള്‍ പോലെ മുതലാളിത്തത്തിന് എളുപ്പത്തില്‍ മറികടക്കാവുന്ന-അതെ, സാമന്തഭരണകൂടത്തെ നിര്‍മിക്കുക എന്നത് കോര്‍പറേറ്റുകള്‍ക്ക് അതിലളിതമായ ഒരു പണിയാണ്- ഒന്നല്ല. ഇപ്പോഴത്തെ ധാരണകള്‍ അനുസരിച്ച് ഈ നിശ്ചലത നീണ്ടുപോകും. മുതലാളിത്തം പ്രകടിപ്പിച്ചിരുന്ന മാനുഷികത (ലാഭം വര്‍ധിപ്പിക്കാനുള്ള ഏറ്റവും വലിയ ഉപാധി കച്ചവടത്തിന് മാനുഷികതയുടെ മുഖംമൂടി നല്‍കുക എന്നതാണ്. നാട്ടിന്‍ പുറങ്ങളിലെ ദൃഷ്ടാന്തങ്ങളെ കോര്‍പറേറ്റ് തലത്തില്‍ ആലോചിക്കുക) ജോസഫ് സ്റ്റിഗ്‌ളിസ് നിരീക്ഷിച്ച വ്യവസ്ഥാപരമായ പ്രതിസന്ധിയിലേക്കാണ് കൊവിഡ് കാലത്ത് വന്‍കിട മുതലാളിത്തത്തെ നയിക്കുക. കാരണം അടിസ്ഥാനപരമായി മുതലാളിത്തത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യവിരുദ്ധത ഒന്നാകെ കൊവിഡ് കാലത്ത് പുറത്തുവന്നത് നാം കണ്ടു. അമേരിക്കയുള്‍പ്പടെ കൊവിഡിനെ കൈകാര്യം ചെയ്തതും ബ്രസീല്‍ നിലവിളിയായി മാറിയതും ഇന്ത്യയിലെമ്പാടും നടന്ന കൂട്ടപ്പലായനങ്ങളും ഓര്‍ക്കുക. തൊഴില്‍ നഷ്ടത്തെ ഓര്‍ക്കുക. പ്രതിസന്ധി പരിഹാര പാക്കേജുകളുടെ വര്‍ഗ സ്വഭാവം ഓര്‍ക്കുക. ഇത് സ്വാഭാവികമായും വ്യവസ്ഥക്കെതിരായ മുന്നേറ്റങ്ങളെ സൃഷ്ടിക്കും. അതിനാല്‍ തങ്ങള്‍ സൃഷ്ടിച്ച ഭരണകൂടങ്ങളില്‍ നിന്ന് കോര്‍പറേറ്റിസം ഇപ്പോള്‍ ആവശ്യപ്പെടുന്നത് അതിതീവ്രമായ നയംമാറ്റങ്ങളാണ്. ഇപ്പോള്‍ നാം ചര്‍ച്ച ചെയ്യാനൊരുങ്ങുന്ന, കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പാരിസ്ഥിതികാഘാത നിര്‍ണയ കരട് ( Environmental Impact assesment Draft 2020) അത്തരത്തില്‍ ഒന്നാണ്.
അധികാരകേന്ദ്രീകരണവും സ്യൂഡോ ജനാധിപത്യവുമാണ് കോര്‍പറേറ്റ് നിര്‍മിത തീവ്രവലതിന്റെ മുഖച്ഛായ. ജനാധിപത്യമാണ് എന്ന തോന്നല്‍ നിലനിര്‍ത്താന്‍ ഡ്രാഫ്റ്റുകള്‍ ചര്‍ച്ചയ്ക്ക് വെക്കും. നിയമത്തില്‍ ചര്‍ച്ച പരിഗണിക്കണമെന്നില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം നിങ്ങള്‍ക്ക് ഓര്‍ക്കാവുന്നതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കരടുരൂപത്തില്‍ ചര്‍ച്ചക്ക് വന്നിരുന്നു. എന്നിട്ടോ? എന്നിട്ടെന്തുണ്ടായി എന്ന് നാം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ അതീവ ഭീതിയോടെ നാം ഈ പാരിസ്ഥിതികാഘാത നിര്‍ണയ കരടിനെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം അതെന്താണെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു. അറിഞ്ഞുകൊണ്ടെങ്കിലും കീഴടങ്ങാമല്ലോ?

1986-ലാണ് ഇന്ത്യക്ക് ഒരു പരിസ്ഥിതി സംരക്ഷണ നിയമം ഉണ്ടാകുന്നത്. മറ്റേതൊരു നിയമവും പോലെ ചരിത്രവും സാമൂഹിക സന്ദര്‍ഭങ്ങളും സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ നിന്നാണ് ആ നിയമത്തിന്റെയും പിറവി. ലോകവ്യാപകമായി പാരിസ്ഥിതിക അവബോധം ശക്തമായ കാലമായിരുന്നല്ലോ എഴുപതുകള്‍. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ ഒരു മുതലാളിത്ത പ്രതിസന്ധിയുടെ ഉപോല്‍പന്നം. വ്യവസായത്തിന്റെ ലക്കും ലഗാനുമില്ലാത്ത പാച്ചില്‍, ലാഭകേന്ദ്രിതമായി മാത്രം പ്രകൃതിവിഭവങ്ങളെ സമീപിക്കാനുള്ള ത്വര തുടങ്ങിയവ പരിസ്ഥിതിക്കുമേല്‍ കനത്ത നാശം വിതച്ചു. പക്ഷികള്‍ ഇപ്പോള്‍ പാടാത്തതെന്ത് എന്ന കാല്‍പനികവും രാഷ്ട്രീയ ഉള്ളടക്കമുള്ളതുമായ ചോദ്യം പാട്ടുകളായി പടര്‍ന്നു. റേച്ചല്‍ കാഴ്‌സന്റെ നിശബ്ദവസന്തം പാരിസ്ഥിതികതയുടെ പടപ്പാട്ടായി. ഇമ്മട്ടില്‍ ഇനി മുന്നോട്ടുപോവാനാവില്ല എന്ന് ലോകത്തെ ജനാധിപത്യമുള്ള മനുഷ്യര്‍ തിരിച്ചറിഞ്ഞു. അവര്‍ പലരൂപത്തില്‍ സംഘടിച്ചു. അതിന്റെ ഫലമായിരുന്നു സ്റ്റോക്ക്‌ഹോമില്‍ 1972-ല്‍ നടന്ന ഐക്യരാഷ്ട്ര സഭാ കണ്‍വെന്‍ഷന്‍. വികസന പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതികാഘാതം പഠിക്കപ്പെടണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അതിനുള്ള നിയമനിര്‍മാണങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടായി. പലരാജ്യങ്ങളും നിയമം നിര്‍മിച്ചു. ഇന്ത്യയിലും വായു-ജല മലിനീകരണ നിയന്ത്രണത്തിന് നിയമങ്ങള്‍ ഉണ്ടായി. അതിനിടയിലാണ് 1984-ല്‍ രാജ്യത്തെ ആകെ നടുക്കിയ ഭോപ്പാല്‍ കൂട്ടക്കൊല സംഭവിക്കുന്നത്. വിഷവാതകം ചോര്‍ന്ന് ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചു. അതോടെയാണ് ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്നത്. ഈ നിയമത്തിന്റെ ഭാഗമായാണ് 1994 ലെ പാരിസ്ഥിതിക ആഘാത പഠനം വന്നത്. ഇതനുസരിച്ച് സൈനികേതരമായ മുഴുവന്‍ നിര്‍മാണത്തിനും പാരിസ്ഥിതിക അനുമതി അനിവാര്യമാണ്. നിങ്ങള്‍ ഓര്‍ക്കുന്നതുപോലെ തൊണ്ണൂറുകള്‍ ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക ഉദാരവത്കരണത്തിന്റെ കൊടുമ്പിരി കാലമാണ്. സ്വാഭാവികമായും ഇ ഐ എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ സൃഷ്ടിച്ചു. നിയമത്തില്‍ ഭേദഗതി വേണം എന്ന് മുറവിളി ഉയര്‍ന്നു. മുതലാളിത്തത്തിന്റെ ചാക്രിക പ്രതിസന്ധിയെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞത് ഓര്‍ക്കുക. ഭരണകൂടം ഇടപെട്ടു. 2006-ല്‍ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് ഇളവുകള്‍ വന്നു. സൈനികമല്ലാത്ത ചില മേഖലകള്‍ക്കുകൂടി ഇളവ് ലഭിച്ചു. മാത്രവുമല്ല പാരിസ്ഥിതിക ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യമായി ലഘൂകരിച്ചു. അപ്പോഴും പരിസ്ഥിതി സംരക്ഷണമെന്ന വിശാലതാല്പര്യത്തില്‍ ഊന്നുന്ന ഒന്നായി പാരിസ്ഥിതിക ആഘാത പഠനം ഇന്ത്യയില്‍ നിലകൊണ്ടു. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന നിര്‍മാണങ്ങള്‍ക്കുമേല്‍ അത് തടയണകെട്ടാന്‍ ശ്രമിക്കുക എങ്കിലും ചെയ്തു. ആ തടയണയാണ് കൊവിഡ് കാലത്ത് രണ്ടാം മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഇപ്പോള്‍ പൊളിക്കാന്‍ ഒരുങ്ങുന്നത്. പൊളിച്ചുനീക്കാനുള്ള നോട്ടീസ് പതിച്ചതിനെയാണ് നാം കരട് എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നത്.

രാഹുല്‍ഗാന്ധിയെ കേള്‍ക്കാം: ‘The EIA 2020 draft is a disaster. It seeks to silence the voice of communities who will be directly impacted by the environmental degradation it unleashes. Not only does it have the potential to reverse many of the hard-fought gains that have been won over the years in the battle to protect our environment, it could potentially unleash widespread environmental destruction and mayhem across India.’ കരട് വിജ്ഞാപനത്തിനെതിരെ രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകരും വൃന്ദാ കാരാട്ട് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിയ വിമര്‍ശനങ്ങളുടെ സാരസംഗ്രഹമുണ്ട് രാഹുലിന്റെ വാക്കുകളില്‍. നടപടിക്രമങ്ങള്‍ സുതാര്യവും വേഗത്തിലുമാക്കാനാണ് 2006ലെ വിജ്ഞാപനത്തില്‍ മാറ്റം കൊണ്ടുവരുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആര്‍ക്ക് വേഗത്തിലാക്കാന്‍ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നാം അന്വേഷിക്കുന്നതും.

കരട് വിജ്ഞാപനത്തിലെ ഒന്നാം കെണി പാരിസ്ഥിതിക ക്ലിയറന്‍സ് സംബന്ധിച്ച വ്യവസ്ഥയാണ്. നിലവിലെ രീതി അനുസരിച്ച് ഒരു പദ്ധതി നടപ്പാക്കും മുന്‍പാണ് ആ പദ്ധതി ഉളവാക്കാവുന്ന പാരിസ്ഥിതിക ആഘാതം പഠിക്കപ്പെടുന്നത്. ആ പഠനശേഷമാണ് അനുമതി ലഭിക്കുന്നത്. എന്നാല്‍ 2020-ലെ കരട് അങ്ങനെയല്ല. പദ്ധതിക്ക് മുന്‍കൂര്‍ അനുമതി കിട്ടും. പഠനം പിന്നീടാണ്. പ്രവര്‍ത്തനം തുടങ്ങിയാല്‍ ആഘാതവും തുടങ്ങും. പഠനത്തിന് മുന്നേ സംഭവിക്കുന്ന ആഘാതത്തെ അപ്പോള്‍ എന്ത് ചെയ്യും?

മറ്റൊന്ന് വന്‍കിട വികസന പദ്ധതികളുടെ ഇരകളെക്കുറിച്ചുള്ള മൗനമാണ്. ആരാണ് അതിവന്‍കിടയായ പദ്ധതികളുടെ, അത് ആണവനിലയമാവാം അണക്കെട്ടാവാം ഖനനമാവാം, ആത്യന്തിക ഇരകള്‍? അത് ആദിവാസികളാണ്. അവരുടെ അവകാശങ്ങളെക്കുറിച്ച് പുതിയ വിജ്ഞാപനം മിണ്ടുന്നില്ല. ഖനനം പോലെ ദീര്‍ഘകാല ആഘാതമുള്ള പദ്ധതികളില്‍ ആരാണ് നഷ്ടം നികത്തേണ്ടത് എന്നതിനും പുതിയ വിജ്ഞാപനത്തില്‍ ഉത്തരമില്ല. മറ്റൊന്ന് ഫെഡറലിസത്തിന്റെ ലംഘനമാണ്. Expert Appraisal Committee (E-AC),State Level Environment Impact Assessment Authority or Union Territory Level Environment Impact Assessment Author-ity,State or Union Territory or District Level Expert Appraisal Committee,Technical Expert Committee, എന്നിങ്ങനെ 6,7,8,9 വകുപ്പുകളിലായി വിവരിക്കുന്ന കമ്മിറ്റികളില്‍ ആളുകളെ നിയമിക്കാനുള്ള അധികാരം കേന്ദ്രത്തില്‍ നിക്ഷിപ്തമാണ്. പ്രാദേശികമായ ആഘാതപഠനത്തില്‍ നിന്ന് പ്രാദേശിക സര്‍ക്കാരുകള്‍ പുറത്താകുന്നു. പരിസ്ഥിതി സംബന്ധിച്ച അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാവുക എന്ന് വരുന്നു. അതിനേക്കാള്‍ അപകടകരമാണ് സ്‌കോപിംഗ് എന്ന് തലക്കെട്ടിട്ട വകുപ്പ് 12. All projects listed under Category ‘B2′ of the Schedule shall not require Scoping. ബി 2 വില്‍ പെട്ട പദ്ധതികള്‍ക്ക് പാരിസ്ഥിതിക ആഘാതം സംബന്ധിച്ച പൊതുതെളിവെടുപ്പ് വേണ്ട എന്നര്‍ഥം. തങ്ങളുടെ ആവാസത്തെ നേരിട്ട് ബാധിക്കുന്ന പദ്ധതികളെക്കുറിച്ച് അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലാതാവും.
മണ്ണ് ഖനനം, ഒരുകോടി രൂപവരെ മുതല്‍മുടക്കുള്ള ധാതുഖനനങ്ങള്‍, സിമന്റ് ഉത്പാദന യൂണിറ്റുകള്‍, പെട്രോളിയം രാസവസ്തു നിര്‍മാണ യൂണിറ്റുകള്‍, ഹൈറേഞ്ചില്‍ അടക്കമുള്ള ദേശീയപാതകളുടെ നിര്‍മാണവും വിപുലീകരണവും, വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ ഇവയ്ക്കൊന്നും പാരിസ്ഥിതികാനുമതി എന്ന കടമ്പ ഇനിയില്ല. ആരെയാണ് ഇത് ബാധിക്കുക എന്ന് ആദ്യമേ പറഞ്ഞു. ഇത് കേള്‍ക്കൂ. 70 മീറ്ററില്‍ കുറവ് വീതിയുള്ള ഹൈവേകളുടെ നിര്‍മാണത്തിന് ഇനി പാരിസ്ഥിതിക അനുമതി വേണ്ട ( ഇന്ത്യയില്‍ ഹൈവേകളുടെ പരമാവധി വീതി 60 ആണ്). 2006ലെ വിജ്ഞാപനത്തില്‍ സൈനികം എന്ന് വിശേഷിപ്പിച്ച് അനുമതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത് പ്രതിരോധത്തെയും രാജ്യസുരക്ഷയെയുമാണ്. പുതിയ കരടില്‍ ഒന്നുകൂടിയുണ്ട്, തന്ത്രപ്രധാനം. എന്താണ് ഈ തന്ത്രപ്രധാനമെന്ന് നിര്‍വചനമില്ല. ആരുടെ തന്ത്രവുമാകാം. അതുപോലെ ഖനനപദ്ധതികളുടെ കാലാവധി മുപ്പത് കൊല്ലം എന്നത് 50 കൊല്ലമാക്കി വര്‍ധിപ്പിച്ചു. ആരാണ് ഇന്ത്യയിലെ ഖനനത്തിന്റെ ഉടമസ്ഥര്‍? ആര്‍ക്കാണ് ഈ വിജ്ഞാപനവും അതിന്റെ പിന്നാലെ വരാന്‍ പോകുന്ന നിയമവും വഴിവെട്ടുക? വ്യവസ്ഥാപരമായ കൂപ്പുകുത്തലിനെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ വന്‍കിട മുതലാളിത്തത്തിന് അവരാല്‍ സൃഷ്ടിക്കപ്പെട്ട സര്‍ക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഊന്നുവടിയാണ് ഈ വിജ്ഞാപനം. പ്രകൃതിയോടും മനുഷ്യരോടുമുള്ള തീവ്രമുതലാളിത്തത്തിന്റെ ഹിംസ നാമിന്ന് മനസിലാക്കിയിട്ടുണ്ട്. ആ ഹിംസയുടെ ഫലമാണ് കാലാവസ്ഥാമാറ്റങ്ങള്‍. ആ ഹിംസയുടെ ഫലമാണ് പ്രകൃതി ദുരന്തങ്ങള്‍. ആ ഹിംസയുടെ ഫലമാണ് വിശാലമായ അര്‍ഥത്തില്‍ മഹാമാരികള്‍.

ഫ്രെഡറിക് ഏംഗല്‍സിനെ ഓര്‍ത്തുകൊണ്ട് അവസാനിപ്പിക്കാം. ഒരു ഭരണരൂപമെന്ന നിലയില്‍ നടപ്പാക്കിയ ഇടങ്ങളില്‍ പരാജയപ്പെട്ട ഒന്നാണ് മാര്‍ക്‌സിസം. സോവിയറ്റ് റഷ്യ ഉദാഹരണം. പക്ഷേ, ഒരു സാമൂഹിക വിമര്‍ശന പദ്ധതി, അല്ലെങ്കില്‍ ഒരു സാമൂഹ്യ പാഠ ഉപകരണം എന്ന നിലയില്‍ മാര്‍ക്‌സിസത്തിന് അനന്യതയുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും ഉജ്വലമായ വിമര്‍ശന സ്ഥാനവും അതാണ്. വിമര്‍ശനമെന്നാല്‍ ഗ്വാ ഗ്വാ വിളിയല്ല. മനസ്സിലാക്കി ചൂണ്ടിക്കാട്ടലാണ്. അത്തരത്തില്‍ മുതലാളിത്തത്തിന്റെ എതിര്‍പക്ഷത്തെ ജ്ഞാനവ്യവസ്ഥ മാര്‍ക്‌സിസമാണ്. ഏംഗല്‍സ് എഴുതുന്നു: ”എങ്കിലും പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നേടിയ വിജയങ്ങളെച്ചൊല്ലി അതിരുകവിഞ്ഞ ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകവീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമതായി ഉളവാക്കുന്നത് നമ്മള്‍ പ്രതീക്ഷിച്ച ഫലങ്ങളാണെന്നത് ശരിതന്നെ. എന്നാല്‍ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്. അന്യജനതയെ കീഴടക്കിയ ജേതാവിനെ പോലെ, പ്രകൃതിയുടെ വെളിയില്‍ നില്‍ക്കുന്ന ഒരാളെപ്പോലെ, നമ്മള്‍ പ്രകൃതിയെ ഭരിക്കുകയല്ല. മാംസവും രക്തവും തലച്ചോറുമെല്ലാമായി നമ്മള്‍ പ്രകൃതിയുടെ വകയാണ്’. ആ വാക്കുകളില്‍ ഒരു മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ പരിസ്ഥിതിക്ക് മേല്‍ ഉയരാന്‍ പോകുന്ന മാരക നശീകരണം എന്താണ് ബാക്കിവെക്കുക എന്ന ചോദ്യമുണ്ട്. പ്രതിരോധിക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യത്തെ പ്രതിരോധം. അത് ഉയരുക തന്നെ വേണം.

കെ കെ ജോഷി

You must be logged in to post a comment Login