ചൂടാത്ത പുള്ളിക്കുട

ചൂടാത്ത പുള്ളിക്കുട

മാനം കാര്‍മേഘാവൃതമായിരുന്നു. മഴ പെയ്യുന്നതിനു മുമ്പ് വീടെത്തണം. അവള്‍ ആഞ്ഞുനടന്നു.

പെട്ടെന്ന് ചറപറേന്ന് മഴ വന്നുവീണു. കയറിനില്‍ക്കാന്‍ ഒരിടവും കണ്ടില്ല. പുസ്തകസഞ്ചി നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവളോടി. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ പുസ്തകസഞ്ചി തട്ടം കൊണ്ടു മറച്ചുപിടിച്ചു. നടവഴിയിലാകെ വെള്ളം കലങ്ങി ഒഴുകി. അവളാകെ നനഞ്ഞുകുതിര്‍ന്നിരുന്നു. നനഞ്ഞൊട്ടിയ പാവാട അവളുടെ കാലുകളില്‍ വലിഞ്ഞുമുറുകി. ചളിവെള്ളത്തിലേക്ക് അവള്‍ കമഴ്ന്നടിച്ചുവീണു. സഞ്ചിയും അതിലെ പുസ്തകങ്ങളും തെറിച്ചുവീണു. നിലത്തുരഞ്ഞ് കാല്‍മുട്ടിന്റെ തോലു നീങ്ങി. അവള്‍ക്കതെല്ലാം സഹിക്കാമായിരുന്നു. പക്ഷേ, ആളുകളുടെ പരിഹാസച്ചിരി അവളെ മുറിപ്പെടുത്തി. അവള്‍ കരഞ്ഞു. മഴവെള്ളവും കണ്ണീര്‍തുള്ളികളും കവിളിണകളിലൂടെ ഒഴുകിപ്പരന്നു. ഇത്രയൊക്കെയായിട്ടും ഫാത്തിമയെ ആരും കുടക്കീഴില്‍ കേറ്റിയില്ല. അവരെല്ലാം കുടയുമായി മഴവെള്ളം തെറിപ്പിച്ചുകൊണ്ട് നടക്കുന്നു. അപ്പോള്‍ അവള്‍ക്ക് രണ്ടു വേദനയുണ്ടായിരുന്നു. മഴ നനഞ്ഞു വീണതു മൂലവും അപമാനഭാരം മൂലവും. എനിക്കും വേണം ഒരു കുട. എന്നിട്ട് അവരുടെ മുന്നിലൂടെ തല നിവര്‍ത്തിപ്പിടിച്ച് നടക്കണം. പുതിയ കുടയുമായി മഴയത്ത് നടക്കുന്നതോര്‍ത്ത് വീണുനനഞ്ഞ പുസ്തകങ്ങളെടുത്ത് നെഞ്ചോട് ചേര്‍ത്ത്, മഴ നനഞ്ഞ് അവള്‍ വീണ്ടും ഓടി. മഴയും ഒട്ടും അവളോട് കനിഞ്ഞില്ല. വീട്ടുമുറ്റത്തെത്തി അവള്‍ ഉറക്കെ വിളിച്ചു: ‘ഉമ്മാ….. ഉമ്മാ…’ ‘എന്താ മോളേ…’ ഇടിഞ്ഞുവീഴാറായ ആ കൊച്ചു കുടിലിനുള്ളില്‍ നിന്ന് ഒരു തളര്‍ന്ന സ്വരം. അവളുടെ ഉമ്മ പുറത്തേക്ക് വന്നു. അകത്തുപോയി അരിക് കീറിയ കരിമ്പനടിച്ച തോര്‍ത്ത് കൊണ്ടുവന്ന് അവളുടെ തല തോര്‍ത്തിക്കൊടുത്തു. അവളുമ്മയെ കെട്ടിപ്പിടിച്ചു ചൂടുപറ്റി ചേര്‍ന്നുനിന്നു. അവളുടെ നനഞ്ഞ ഉടുപ്പിലെ മഴവെള്ളം ഉമ്മയുടെ പൂക്കളില്ലാത്ത മാക്‌സിയിലേക്ക് പടര്‍ന്നു. ഉമ്മ തളര്‍ന്നിരിക്കുകയായിരുന്നെന്ന് അവള്‍ക്ക് എളുപ്പം മനസ്സിലായി.

സീതേച്ചിയുടെ വീട്ടില്‍നിന്നും ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണ് ഉമ്മ കുടുംബം പോറ്റുന്നത്. അവള്‍ വേഗം പോയി വെള്ളം മുക്കി വച്ചു. പാത്രങ്ങള്‍ കഴുകി. ഉമ്മയ്ക്കും തനിക്കും വേണ്ടി ഒരിച്ചിരി ചായ ഉണ്ടാക്കി. കത്തുന്ന വയറ്റിലെ തീയണക്കാന്‍ ആ വീട്ടില്‍ ആകെയുണ്ടായിരുന്നത് പലപ്പോഴും ചായ മാത്രമായിരുന്നു.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനാണ് ജീവിതം പഠിപ്പിച്ചത്. ചായ കുടിക്കുന്നതിനിടയില്‍ അവള്‍ ഉമ്മയോട് പറഞ്ഞു: ‘ഉമ്മാ .. എനിക്കും വേണം ഒരു കുട.’ ഉമ്മ ഒന്നു ചിരിച്ചു.
ഫാത്തിമക്കറിയാം ഉമ്മ നിത്യചെലവിനു തന്നെ പെടുന്ന പാട്. വീടിന്റെ വാടക തന്നെ അടയ്ക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ കുട ഉമ്മയ്‌ക്കൊരു ഭാരമായിരിക്കാം. ഉപ്പയുണ്ടായിരുന്നെങ്കില്‍… അവള്‍ പലപ്പോഴെന്നപോലെ കൊതിച്ചുപോയി.

അടുക്കളയില്‍ പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടാണ് അവളുടെ ആ ദിനം ഉണര്‍ന്നത്. ഉമ്മയ്‌ക്കെന്താ ഇന്ന് ഇത്ര ധൃതി. പക്ഷേ ഉമ്മയോടത് ചോദിച്ചില്ല. ഉമ്മയെ സഹായിക്കാനായി വടക്കിനിയിലേക്കിറങ്ങി. പാത്രങ്ങള്‍ അടുക്കിവെച്ച് കഷ്ടിച്ച് കുളിച്ച് എന്ന് വരുത്തി ഉമ്മാനോട് സലാം പറഞ്ഞ് അവള്‍ സ്‌കൂളിലേക്ക് നടന്നു. തലേന്ന് കൊണ്ട മഴ ജലദോഷമായി. വിറച്ചുകൊണ്ടാണവള്‍ സ്‌കൂള്‍ വിട്ടു വന്നത്. കൊലായയില്‍ ഒരു പുള്ളിക്കുട. അവള്‍ക്ക് ഉമ്മയോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. പാവം ഉമ്മ എനിക്കു വേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു. അവള്‍ കുടയും ചൂടി മുറ്റത്തേക്കിറങ്ങി. വെറുതെ കുട ചൂടിയിട്ട് കാര്യമില്ലല്ലോ, മഴ പെയ്യണ്ടേ… കുട മടക്കിവെച്ച് കുളിച്ചു വരട്ടെ. ഉമ്മ വന്നിട്ടില്ല. സീത ചേച്ചിയുടെ വീട്ടിലായിരിക്കും. കുട വാങ്ങാന്‍ പോയിട്ട് സീത ചേച്ചിയുടെ വീട്ടിലെത്താന്‍ വൈകിയിട്ടുണ്ടാകും. കുളി കഴിഞ്ഞ് വന്ന് അവളൊരു ഉടുപ്പെടുത്തിട്ടു. നല്ല ക്ഷീണമുണ്ട്. കൈകാലുകള്‍ തളരുന്നു. മേലൊന്നാകെ തണുത്ത് വിറയുന്നു. ഒരു പായ കൈയില്‍ തടഞ്ഞതോര്‍മയുണ്ട്. അവളതില്‍ ചുരുണ്ട് കൂടിക്കിടന്നു. ഉമ്മ മുറ്റത്തു നിന്നേ വിളിച്ചു. വിളി കേട്ടില്ല. അവള്‍ വന്ന് വാതില്‍ തുറന്നില്ല. താന്‍ നിവര്‍ത്തി വെച്ച അവളുടെ പുള്ളിക്കുട ഒരരുകില്‍ മടക്കി വെച്ച നിലയില്‍ കാണുന്നു. അവള്‍ അതും കണ്ടില്ലേ? ഉമ്മ വാതില്‍ തുറന്ന് അകത്ത് വന്നു വിളിച്ചു.. അവള്‍ ഉണര്‍ന്നില്ല. അവള്‍ ഇനി ഉണരില്ല എന്ന സത്യം ആ ഉമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവര്‍ നിലവിളിച്ചു. അയല്‍വാസികളും ബന്ധുക്കളും ഓടിക്കൂടി. പക്ഷേ എന്തുചെയ്യാന്‍, അവള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നല്ലോ പള്ളിത്തൊടിയിലെ ആറടിമണ്ണ്. ആ പുള്ളിക്കുട അനാഥമായി കിടന്നു. ഒരു തവണ പോലും അത് ചൂടാനാവാതെയാണല്ലോ അവള്‍ പോയത്.

ഖബറടക്കം കഴിഞ്ഞു. ആളുകള്‍ പിരിഞ്ഞു. കരഞ്ഞു തളര്‍ന്ന് ആ ഉമ്മ എപ്പഴോ ഉറങ്ങി. ചറപറാ പെയ്യുന്ന മഴയുടെ ഇരമ്പല്‍ കേട്ട അവര്‍ ആ പാതിരാനേരത്ത് ഞെട്ടിയുണര്‍ന്നു. മടങ്ങിക്കിടക്കുന്ന കുടയെടുത്ത് അവര്‍ പുറത്തേക്ക് ഓടി. പള്ളിപ്പറമ്പിലേക്ക്…

– ദാനീന്‍ എട്ടാം തരത്തില്‍ പഠിക്കുന്നു. കവി റഫീഖ് അഹമ്മദിന്റെ ‘തോരാമഴ’ എന്ന കവിതയാണ് ഈ കഥയുടെ പ്രേരകം.

മുഹമ്മദ് ദാനീന്‍ എം

You must be logged in to post a comment Login