ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

‘We will never use this law to defend ourselves. Our defence will be our behaviour, our judgements and our character.The reason we will never use the law of contempt to defend ourselves because it impinges upon freedom of speech. Freedom of speech is the linchpin of democracy.’- Lord Denning

സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും ഫീസ് വാങ്ങാതെ ന്യായാസനങ്ങളില്‍ പാവങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന പ്രശാന്ത് ഭൂഷണ്‍ എന്ന പ്രഗല്‍ഭനായ അഭിഭാഷകന്‍ കോടതിയലക്ഷ്യകേസില്‍ നടത്തിയ നിയമപോരാട്ടം നീതിന്യായവ്യവസ്ഥയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയതും ജനാധിപത്യസമൂഹത്തിന്റെ പൗരാവകാശപ്രഭാവത്തെ തട്ടിയുണര്‍ത്തിയതും ഒരു മഹത്തായ സംഭവമായി ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോവുകയാണ്. ധര്‍മച്യുതി മൂര്‍ധന്യതയിലെത്തുമ്പോള്‍ ഏതെങ്കിലും അവതാരങ്ങള്‍ ജനിക്കുമെന്നും അവര്‍ തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കുമെന്നും വിശ്വസിക്കുന ഇന്ത്യന്‍ ധാര്‍മിക, വിശ്വാസ പരിസരത്ത് പ്രശാന്ത് ഭൂഷണ്‍ ഉയര്‍ത്തിയ വിപ്ലവത്തിന്റെ കൊടിക്കൂറ, എത്ര ഉയരത്തിലാണ് പറക്കുക എന്ന് കാലമാണ് നിശ്ചയിക്കാന്‍ പോകുന്നത്. എങ്കിലും സമീപകാലത്ത് ഇന്ത്യന്‍ ജുഡീഷ്യറിയെ അടിപടലം ഗ്രസിച്ച ധര്‍മച്യുതി തൊട്ടുകാണിച്ചുകൊണ്ടുള്ള രണ്ട് ട്വീറ്റുകള്‍, കോടതിയലക്ഷ്യം എന്ന ബ്രിട്ടീഷ്്രാജിന്റെ കാലത്തെ ആയുധമെടുത്ത് പരമോന്നത നീതിപീഠം ആഞ്ഞുവീശിയതാണ് ന്യായാസനത്തെ തന്നെ വരിഞ്ഞുമുറുക്കിയ ഊരാക്കുടുക്കില്‍ അകപ്പെടുത്തിയത്. ഭരണഘടന വിഭാവന ചെയ്യുന്ന അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേല്‍ കൂച്ചുവിലങ്ങിടാനുള്ള കോടതിയുടെ നീക്കം പൗരസമൂഹം ചെറുത്തുതോല്‍പിക്കാന്‍ പരമാവധി ശ്രമിച്ച ഉജ്വല കാഴ്ച നീതിന്യായവ്യവസ്ഥയുടെ മാത്രമല്ല, ജനാധിപത്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പകുത്തുനല്‍കുന്നുണ്ട്. രാജ്യത്തെ ആക്ടിവിസ്റ്റുകളില്‍ പ്രമുഖനായ പ്രശാന്ത് ഭൂഷണ്‍ തന്റെ കണ്‍മുന്നില്‍ കണ്ട, അല്ലെങ്കില്‍ തനിക്ക് ബോധ്യപ്പെട്ട ചില പരമാര്‍ഥങ്ങള്‍ ട്വീറ്റുകളിലൂടെ ജനങ്ങളുമായി പങ്കുവെച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ, 50ലക്ഷം രൂപ വിലപിടിപ്പുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഹെല്‍മറ്റോ മാസ്‌കോ ധരിക്കാതെ യാത്ര ചെയ്തതും ലോക്ഡൗണ്‍ പ്രോട്ടോകോള്‍ മുഴുവന്‍ കാറ്റില്‍ പറത്തി ആളുകളുമായി അടുത്തിടപഴകിയതും ജൂണ്‍ 29ന് വിമര്‍ശനാത്മകമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് ഒന്നാമത്തെ അപരാധം! കോടതിയെ ലോക്ഡൗണിലാക്കി എന്നുപറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്നും വെര്‍ച്വലായി അത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശാന്ത് ഭൂഷന്റെ പ്രസ്താവം ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും അതുവഴി കോര്‍ട്ടലക്ഷ്യക്കുറ്റം നടത്തിയിരിക്കയാണെന്നും അരുണ്‍മിശ്ര, ബി.ആര്‍. ഗവായ്, കൃഷ്ണ മൂരാരി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചപ്പോള്‍ അത് വന്‍കൊടുങ്കാറ്റ് സൃഷ്ടിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിലപിടിപ്പുള്ള ബൈക്കില്‍ , അതും ഭരണകക്ഷിയുടെ നേതാവിന്റെ ബൈക്കില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സകല കൊവിഡ് ശാസനകളും ലംഘിച്ചുകൊണ്ട് നടത്തിയ യാത്രയെ വിമര്‍ശിക്കുന്നത് തെറ്റാണ് എന്ന് തീര്‍പ്പാക്കുന്നതിലെ നീതിരാഹിത്യവും യുക്തിഹീനതയുമാണ് നിയമജ്ഞരും സിവില്‍ സമൂഹവും ഒന്നടങ്കം ചോദ്യം ചെയ്തത്.

രണ്ടാമത്തെ ട്വീറ്റ് സമീപകാലത്ത്, കൃത്യമായി പറഞ്ഞാല്‍, 2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സംഘ്പരിവാരം അധികാരത്തിലേറിയതിനു ശേഷം ജുഡീഷ്യറിയില്‍ സംഭവിച്ച ധര്‍മച്യുതിയാണ് ഓര്‍മിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ ശിരഛേദത്തില്‍ സുപ്രീം കോടതിയിലെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്ക് ചരിത്രം അടയാളപ്പെടുത്തുമെന്ന ആശയമാണ് ആ ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്. വലിയൊരു രാഷ്ട്രീയമാണ് ഭൂഷണ്‍ ഇതിലൂടെ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം നാശത്തിലേക്കാണ് മുതലക്കൂപ്പ് നടത്തുന്നത്. ഈ പ്രക്രിയക്ക് രാസത്വരകമായി വര്‍ത്തിക്കുന്നതാവട്ടെ നീതിന്യായ വ്യവസ്ഥയും. ജുഡീഷ്യറിയുടെ ഈ അധപ്പതനത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ച് പൊതുചര്‍ച്ചക്ക് അവസരം കൈവന്നുവെന്നതാണ് പ്രശാന്ത്ഭൂഷണ്‍ ഉയര്‍ത്തിയ കലാപത്തിന്റെ ക്രിയാത്മകവശം.

ജനാധിപത്യത്തെ തകര്‍ക്കുന്നതാര്?
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ പൗരന്മാര്‍ക്ക് നീതിന്യായവ്യവസ്ഥയിലും ചീഫ് ജസ്റ്റിസിലുമുള്ള വിശ്വാസ്യത തകര്‍ക്കുമെന്നാണ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ ന്യായീകരണമായി പറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ആറുവര്‍ത്തിനിടയില്‍ ആരാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ തകര്‍ത്തതും ജനങ്ങളില്‍ അശുഭാപ്തി പടര്‍ത്തിയതും? 2019 ആഗസ്ത് 5ന് ജമ്മു-കശ്മീരിന് സവിശേഷ പദവി നല്‍കുന്ന 370ാം ഖണ്ഡിക ദുര്‍ബലപ്പെടുത്തി, ഒരു സംസ്ഥാനത്തെ തന്നെ ഉന്മൂലനം ചെയ്ത്, താഴ്്വരയിലെ രാഷ്ട്രീയക്കാരെ മുഴുവനും ജയിലിലടച്ചപ്പോള്‍ ഭരണഘടനയുടെ കാവലാളുകളായ സുപ്രീംകോടതിക്ക് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചെറുവിരല്‍ അനക്കാന്‍ സാധിച്ചുവോ? വാര്‍ത്താവിനിമയ ബന്ധം അറുത്തുമാറ്റി, സഞ്ചാരസ്വാതന്ത്ര്യം എടുത്തുകളഞ്ഞ്, അന്നത്തെ ഗവര്‍ണര്‍ ‘അപകടം പിടിച്ച ഉപകരണം’ എന്ന് വിശേഷിപ്പിച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ച് 68ലക്ഷം മനുഷ്യരെ തുറന്നജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ ഉന്നതനീതിപീഠം നീതിയുടെയോ ന്യായത്തിന്റെ പക്ഷത്തുനിന്ന് പൗരന്മാരുടെ അഭ്യര്‍ഥനകളെ കൈകാര്യം ചെയ്‌തോ? ആര്‍.എസ്.എസ് ദശാബ്ദങ്ങളായി കൊണ്ടുനടക്കുന്ന കുല്‍സിത പദ്ധതി മോഡി സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍, അടിയന്തരപ്രാധാന്യത്തോടെ വിഷയം കേള്‍ക്കണമെന്ന് പോലും സുപ്രീംകോടതിക്കു തോന്നാതിരുന്നത് എന്തുകൊണ്ടാണ്? ആരും സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കേണ്ട എന്നാണ് കോടതി ഉപദേശിച്ചത്. വീട്ടറസ്റ്റില്‍ കഴിഞ്ഞ പാര്‍ട്ടി എം.എല്‍.എ യൂസുഫ് തരിഗാമിയെ കാണാന്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയോട് അനുമതി തേടിയപ്പോള്‍, കണ്ടോളൂ,പക്ഷേ രാഷ്ട്രീയം പറയാന്‍ പാടില്ല എന്നാണ് കോടതി താക്കീത് നല്‍കിയത്. പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെമേല്‍ വ്യക്തിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍, കോടതിമുറി അടച്ചുപൂട്ടി പോയ്‌ക്കോ എന്ന് നിര്‍ദേശിച്ച ജുഡീഷ്യല്‍ ആര്‍ജവത്തിന്റെ നിഴല്‍ ബാക്കിവെച്ചിരുന്നുവെങ്കില്‍ മെഹ്ബൂബ മുഫ്തിക്കുവേണ്ടിയുള്ള മകളുടെ തെരച്ചില്‍ അനന്തമായ അലച്ചിലായി മാറുമായിരുന്നുവോ? ജുഡീഷ്യറിയുടെ അകത്തളങ്ങളില്‍ കൊള്ളരുതായ്മകള്‍ നടമാടുന്നുണ്ടെന്ന് ഏറ്റവും സീനിയര്‍മാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ലോക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി വിളിച്ചുപറഞ്ഞപ്പോള്‍ രാജ്യം ഞെട്ടിയത്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റ രീതികള്‍ കണ്ടാണ്.

ജുഡീഷ്യറിയുടെ നീതിരഹിതവും പക്ഷപാതപരവുമായ മുഖം ലോകം ദര്‍ശിച്ചത് 2019 നവംബര്‍ 9ന് അയോധ്യാവിധിയിലൂടെയാണ്. ആ വിധി പൗരസമൂഹത്തില്‍ സൃഷ്ടിച്ച ആശങ്കകളും സന്ദേഹങ്ങളും ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ചുള്ള അവസാനത്തെ പ്രതീക്ഷയും തകര്‍ത്തു. പരമോന്നത നീതിപീഠം ആര്‍.എസ്.എസിന്റെ വക്കാലത്ത് സ്വയം ഏറ്റെടുത്ത പ്രതീതി സൃഷ്ടിച്ചപ്പോള്‍ നിഷ്പക്ഷമതികള്‍ ചില നിരീക്ഷണങ്ങള്‍ നടത്തി. അതിലും കോടതിയലക്ഷ്യമുണ്ടെന്ന് പറഞ്ഞ് സംഘികളില്‍ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചു. അതിന്റെ ഒരു ഇരയാണ് സ്വര ഭാസ്‌കര്‍. നടിയും ഇടതുപക്ഷ ചിന്തകയുമായ സ്വര, ബാബരി മസ്ജിദ് ഹിന്ദുത്വര്‍ക്ക് താലത്തില്‍വെച്ച് കൊടുത്തതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞു: ”ബാബരി പള്ളി പൊളിച്ചവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കോടതി, പള്ളി പൊളിച്ച കുറ്റവാളികള്‍ക്ക് ആ കെട്ടിടം സമ്മാനിക്കുന്ന രാഷ്ട്രീയത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്… നമ്മെ ഭരിക്കുന്നത് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു ഭരണകൂടമാണ്. നമ്മെ ഭരിക്കുന്നത് ഭരണഘടനയില്‍ വിശ്വാസമില്ലാത്ത ഒരു പൊലീസാണ്. അതിലുപരി, ഇപ്പോള്‍ നാം എത്തിപ്പെട്ടത് നമ്മുടെ കോടതികളും ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത ചുറ്റുപാടിലാണ്”. സ്വര ഭാസ്‌കറിന്റെ ഈ വാക്കുകളില്‍ കോടതിയലക്ഷ്യം ആരോപിച്ച് അനുജ് സക്‌സേന എന്ന അഭിഭാഷകന്‍ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം അപേക്ഷ തള്ളി. കോടതിയുടെ അധികാരത്തെ കുറച്ചുകാണിക്കുന്നതോ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്നതോ അല്ല ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുംബൈ കളക്റ്റീവ് 2010 ഫെബ്രുവരി ഒന്നിന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണത്രെ സ്വര ഭാസ്‌കര്‍ കോടതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍ നടത്തിയത്. പ്രശാന്ത് ഭൂഷന്റെ കാര്യത്തില്‍ സംഭവിച്ചത് ഇത്തരം വിഷയങ്ങളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും സുപ്രീംകോടതി കാറ്റില്‍ പറത്തി എന്നതാണ്. 1971ലെ കോടതിയക്ഷ്യനിയമം 15ാം വകുപ്പ് അനുസരിച്ച് കോര്‍ട്ടലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിന് അറ്റോണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി ആവശ്യമാണ്. അതൊന്നും പാലിക്കാതെയാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണെതിരെ സ്വമേധയാ കേസെടുത്തത്. എന്നിട്ടും വിചാരണവേളക്കിടയില്‍ , അറ്റോണി ജനറല്‍ ഒരു ഇടപെടല്‍ നടത്താന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അത് തടയുകയായിരുന്നു. സുപ്രീംകോടതിക്ക് അതിന്റെ ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടുവെന്നും അഴിമതി അരങ്ങുവാഴുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണല്ല ആദ്യമായി പറഞ്ഞതെന്നും ഒമ്പത് ചീഫ് ജസ്റ്റിസുമാര്‍, വിരമിക്കും മുമ്പോ ശേഷമോ ഇത് തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് വേണുഗോപാല്‍ വിശദീകരിക്കാന്‍ ശ്രമിച്ചതെന്ന് പിന്നീട് ‘ദി വയര്‍ ‘ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജുഡീഷ്യറിയെ ബാധിച്ച അഴിമതി അര്‍ബുദത്തെ തൊട്ടുകാണിച്ച ഒമ്പത് ജഡ്ജിമാരുടെ പേരുകള്‍ അതില്‍ അക്കമിട്ട് നിരത്തുന്നുണ്ട്.

കോര്‍ട്ടലക്ഷ്യം എന്ന തുരുമ്പെടുത്ത ആയുധം
എന്താണ് കോടതിലക്ഷ്യം എന്ന കുറ്റം കൊണ്ട് വിവക്ഷിക്കുന്നത്? കോടതിവിധിയെയോ ന്യായാധിപന്മാരുടെ പ്രവൃത്തിയെയോ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും മഹാപാപമായി കാണുന്ന വിചാരഗതി ശരിയോ? അത് പ്രായോഗികതലത്തില്‍ പൗരന്മാരുടെ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള പച്ചയായ കൈകടത്തലല്ലേ എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ സജീവമായി എന്നതാണ് പ്രശാന്ത് ഭൂഷണ്‍ വിവാദത്തിന്റെ ക്രിയാത്മക നേട്ടം. ബ്രിട്ടീഷ്്രാജില്‍നിന്ന് നാം പൈതൃകമായെടുത്ത കരിനിയമമാണിത്. എന്നാല്‍ 1930ന് ശേഷം ബ്രിട്ടനില്‍ ഒരാളുടെനേരെയും കാലഹരണപ്പെട്ട ഈ നിയമം പ്രയോഗിച്ചിട്ടില്ല. ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിച്ചാല്‍ പോലും വിവേകശാലികളായ ന്യായാധിപന്മാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. 1987ല്‍ സ്‌പൈകാച്ചര്‍ കേസില്‍ ഹൗസ് ഓഫ് ലോര്‍ഡിന്റെ വിധി വന്നപ്പോള്‍, തീര്‍പ്പ് പറഞ്ഞ മൂന്ന് ജഡ്ജിമാരുടെ പടങ്ങള്‍ തലകീഴ്‌മേല്‍മറിച്ച് കൊടുത്തുകൊണ്ട് ‘ദി ഡെയ്‌ലി മിറര്‍’ പത്രം ‘You Old Fools’ എന്ന് അടിക്കുറിപ്പ് നല്‍കി. കോടതിലക്ഷ്യ അപേക്ഷ ലോര്‍ഡ് ടെംപിള്‍ടന്റെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ വയോധികനാണ് എന്ന കാര്യത്തില്‍ സംശയമില്ല, എന്നാല്‍ വിഡ്ഢിയാണോ അല്ലേ എന്നത് വ്യക്തികളുടെ കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും.’ ബ്രെക്‌സിറ്റ് വിധി വന്നപ്പോള്‍ തീര്‍പ്പാക്കിയ ന്യായാധിപന്മാരെ ‘ജനങ്ങളുടെ ശത്രുക്കള്‍’ എന്നാണ് ഇതേ പത്രം വിമര്‍ശിച്ചത്. അവിടെയൊന്നും കോടതിയലക്ഷ്യത്തിന്റെ വാള്‍ ഉയര്‍ത്താന്‍ ആരും തയാറായില്ല. ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന അമേരിക്കയിലും കാനഡയിലുമൊന്നും തന്നെ പൗരന്മാരെ ഭീഷണിപ്പെടുത്തി അടക്കിയിരുത്താന്‍ കോടതിയലക്ഷ്യനിയമം ആയുധമാക്കാറില്ല. യു.എസ്. സുപ്രീംകോടതി ജഡ്ജി ഹ്യൂഗോ ബ്ലാക്ക് 1941ല്‍ തന്നെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് തുറന്നുപറയുകയുണ്ടായി : The assumption that respect for the judiaciary can be wone by shielding judges from published criticism wrongly appraises the character of American public openion. An enforced silence, however limited, solely in the name of preserving the dignity of the bench, would probably engender resentment, suspicion, and contempt much more than it, would enhanse respect’- പൊതുവിമര്‍ശനത്തില്‍നിന്നും കവചം തീര്‍ത്ത് ജുഡീഷ്യറിയുടെ ആദരവ് നേടാമെന്ന് കരുതുന്നത് അമേരിക്കന്‍ ജനതയുടെ അഭിപ്രായത്തെ തെറ്റായി വിലയിരുത്തുന്നതാവും. ബെഞ്ചിന്റെ അന്തസ്സ് നിലനിലനിര്‍ത്താന്‍ നിര്‍ബന്ധിതമായ മൗനം നടപ്പാക്കുന്നത്, പരിമിതമായ തോതിലാണെങ്കിലും ബഹുമാനം കൂട്ടുന്നതിനു പകരം ജനങ്ങളില്‍ വിയോജിപ്പും സംശയവും വെറുപ്പും ഉല്‍പാദിപ്പിക്കുകയേയുള്ളൂ.
പ്രശാന്ത് ഭൂഷന്റെ കാര്യത്തില്‍ സുപ്രീംകോടതിക്ക് പറ്റിയ അമളി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു സാധാരണ അഭിഭാഷകനല്ല പ്രശാന്ത് ഭൂഷണ്‍ എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചാണ് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യനടപടിയുമായി മുന്നോട്ടുപോയത്. ഭരണഘടനയുടെ അലകും പിടിയും മാറ്റിയ 1976ലെ 42ാം ഭരണഘടന ഭേദഗതി ബില്ലിലൂടെ നടത്തിയ ഹീനശ്രമങ്ങളുടെ കരാളത ദുര്‍ബലപ്പെടുത്താന്‍ ജനതാപാര്‍ട്ടി ഭരണകാലത്ത് 43, 44 ഭേദഗതികള്‍ കൊണ്ടുവന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും കാത്തുസൂക്ഷിച്ച അന്നത്തെ നിയമമന്ത്രി ശാന്തിഭൂഷന്റെ പുത്രനാണ് പ്രശാന്ത് ഭൂഷണ്‍ എന്ന് കോടതി മറന്നു. പൗരാവകാശത്തിലുള്ള അചഞ്ചലമായ വിശ്വാസവും നെറികേടുകള്‍ക്ക് എതിരെ പോരാടാനുള്ള തളരാത്ത കര്‍മാഗ്‌നിയും നീതിപീഠത്തിനു മുന്നില്‍ ആവശ്യമില്ലാതെ തലകുനിക്കാന്‍ തന്നെ കിട്ടില്ല എന്ന ഉറച്ച ബോധ്യവും, ഇദ്ദേഹത്തിന് എതിരെ കോടതിയലക്ഷ്യം ആരോപിച്ച മൂന്നംഗ ബെഞ്ചിനെ നിരായുധമാക്കി. മാപ്പ് പറഞ്ഞാല്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കാമെന്ന കോടതിയുടെ ‘ഒത്തുതീര്‍പ്പ്’ വ്യവസ്ഥ നിരാകരിച്ചുകൊണ്ട് അദ്ദേഹം സമര്‍പ്പിച്ച വാക്കുകള്‍, 1922ല്‍ ഗാന്ധിജിയില്‍നിന്ന് കടമെടുത്തതാണെന്ന് അറിഞ്ഞപ്പോള്‍, ചിലര്‍ മഹാത്മജിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും നീതിക്കായുള്ള പോരാട്ടമായി അദ്ദേഹത്തിന്റെ യത്‌നങ്ങളെ വാഴ്ത്തുന്ന അവസ്ഥപോലുമുണ്ടായി. പക്ഷേ അദ്ദേഹം വിനയാന്വിതനായി പറഞ്ഞു: ”തനിക്ക് ഇത്തരം പോരാട്ടങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്നത് ജനപിന്തുണയില്‍നിന്നാണ്. എന്റെ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നീതിപീഠത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടിയാണ്. അതേസമയം, താന്‍ കുറ്റം ചെയ്തതായി കോടതിക്ക് ഉത്തമ ബോധ്യമുണ്ടെങ്കില്‍ തനിക്കെതിരെ ശിക്ഷ വിധിക്കട്ടെ. അതേറ്റുവാങ്ങാന്‍ സന്നദ്ധമാണ്. എന്നാല്‍ മാപ്പിന് യാചിക്കില്ല. ആരുടെയും ദയാദാക്ഷിണ്യത്തിനായി കൈനീട്ടില്ല.” വീണ്ടും വീണ്ടും കോടതി ചോദിച്ചു: ‘മാപ്പപേക്ഷിച്ചാല്‍ എന്താണ് സംഭവിക്കുക.’ അദ്ദേഹത്തിന്റെ മറുപടിയിലാണ് ഒരു ഗാന്ധിയന്‍ മുല്യം നാം കണ്ടെത്തുന്നത്; മനസ്സാക്ഷിയെ വഞ്ചിക്കാന്‍ ഞാനില്ലെന്ന്.
ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍നിന്ന് എന്നോ പിഴുതുമാറ്റിയ ഒരു വാക്കാണ് മനസ്സാക്ഷി എന്നത് . അതിന്റെ പുനര്‍പ്രയോഗം രാജ്യത്തെ മറ്റൊരു ദിശയിലൂടെ നടത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജീവിതപരിസരത്തു നടമാടുന്ന ആസുരതകളെ തൊട്ടുകാണിക്കുമ്പോള്‍ നാവ് പിഴുതെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ന്യായാസനത്തിന് എതിരെ ജനകോടികളുടെ മനസ്സാക്ഷി ഉണര്‍ന്നിരിക്കുമെന്നതിലും സംശയമില്ല.

KASIM IRIKKOOR

You must be logged in to post a comment Login