പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ എന്ന അടിയന്തിര അജണ്ട

പ്രശാന്ത് ഭൂഷണ്‍ കേസ് 24 ദിവസത്തിനുള്ളില്‍ പരിഗണിച്ച അതേ സുപ്രീം കോടതിയില്‍ കശ്മീര്‍, സിഎഎ വിഷയങ്ങള്‍ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്നു. ഇനിയും പരിഗണിച്ചിട്ടില്ല.

സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍, സ്വതന്ത്ര്യം, പൗരത്വം, സുതാര്യത എന്നിങ്ങനെയുള്ള അതീവ പ്രധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിന്മേലുള്ള കേസുകള്‍ എന്നിവയൊക്കെ മോചനം കാത്ത് വൈകുകയാണ്.

ഇക്കഴിഞ്ഞ ആഗസ്ത് 20ന് പ്രശാന്ത് ഭൂഷണ്‍ കേസ് പരിഗണിച്ച കോടതി വിധി പറഞ്ഞില്ല. പകരം, കോടതിയലക്ഷ്യമായി കണക്കാക്കാവുന്ന പ്രശാന്തിന്റെ പ്രസ്താവനയില്‍ പുനര്‍വിചിന്തനം നടത്താന്‍ രണ്ടോ മൂന്നോ ദിവസം അനുവദിക്കുകയാണ് ചെയ്തത്. എന്നാല്‍ താന്‍ ഇതിനോടകം കോടതിക്ക് നല്കിക്കഴിഞ്ഞ പ്രസ്താവനയില്‍ ഇനിയൊരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്.
”തനിക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല, കോടതിയുടെ സമയം പാഴാക്കാനേ അതുപകരിക്കൂ”, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഇതായിരുന്നു പ്രശാന്തിന്റെ പ്രസ്താവന:
”ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെതായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായാണ് ഞാന്‍ അപ്രകാരം ട്വീറ്റ് ചെയ്തത്. പൂര്‍ണ ബോധ്യത്തോടെ തന്നെയാണ് ഞാന്‍ അത് ചെയ്തതും. എനിക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ആ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് മാപ്പ് പറയേണ്ടി വരുന്നത് തീര്‍ത്തും കപടവും നിന്ദ്യവുമായിപ്പോവും.”
പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ജൂണില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരില്‍ 108 പേജുള്ള മറുപടിയാണ് സുപ്രീം കോടതി നല്കിയത്. നടപടിക്രമങ്ങള്‍ ആരംഭിച്ച് 24-ാം ദിവസം തന്നെ, പ്രശാന്ത് ഭൂഷണ്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്ന നിഗമനത്തില്‍ സുപ്രീം കോടതിയെത്തി. പ്രശാന്ത് ഭൂഷണ്‍ തെഹല്‍ക മാസികയ്ക്ക് നല്കിയ പഴയൊരു അഭിമുഖത്തിനെതിരെ 2009ല്‍ ഹരീഷ് സാല്‍വേ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസും ഇപ്പോള്‍ കോടതി പുനഃപരിശോധിക്കാന്‍ പോവുകയാണ്. കൊവിഡ് മഹാമാരി കാരണം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും മുടങ്ങിപ്പോയ ഈ സമയത്ത്, കേസുകള്‍ ഏറെയും വെര്‍ച്വലായി നടത്തുമ്പോഴാണ് പ്രശാന്തിന് വേണ്ടി ഇത്രയേറെ സമയം കണ്ടെത്താന്‍ കോടതി തയാറായത്. എന്നാല്‍ അതേസമയം, സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ മുതല്‍ (ആര്‍ട്ടിക്കിള്‍ 370) സ്വാതന്ത്ര്യം (ഹേബിയസ് കോര്‍പ്പസ്), പൗരത്വം (പൗരത്വ ഭേദഗതി നിയമം) എന്നു തുടങ്ങി സുതാര്യതയെ (തിരഞ്ഞെടുപ്പ് ബോണ്ടുകള്‍) വരെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കോടതിക്ക് മുന്‍പില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഈ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാവുന്ന കാലതാമസം തുല്യമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കും. കൃത്യമായ പ്രവര്‍ത്തന സമ്പ്രദായം ഇല്ലാത്തതും കേസുകള്‍ പരിഗണിക്കുന്നതില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് വ്യക്തമായ മേല്‍ക്കൈ നല്കിക്കൊണ്ടുള്ള, കേന്ദ്രീകൃത വിധി കല്പിക്കലുകളും വ്യക്തമാക്കുന്നത് കര്‍മ്മബോധത്തെ കേവല ഉത്തരവാദിത്വത്തിന് വിട്ടുകൊടുക്കുന്ന മനോഭാവമാണ് കോടതി എന്ന സംവിധാനത്തില്‍ നിന്നുണ്ടാവുന്നത് എന്നുള്ളതാണ്. കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥാപനപരമായ സമീപനത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വാദങ്ങള്‍ പല കോണുകളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്. ഈ വാദത്തിന് ഉപോദ്ബലകമായ ചില കേസുകള്‍ ചുവടെ വിവരിക്കുന്നു:

ആര്‍ട്ടിക്കിള്‍ 370
ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം അനുച്ഛേദം – ജമ്മു&കശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി ബന്ധിപ്പിക്കുന്ന സവിശേഷ അധികാരം 2019 ആഗസ്ത് അഞ്ചിന് എടുത്തു കളഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി 2019 ആഗസ്ത് പത്താം തീയതിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഈ ഹര്‍ജി കോടതിയിലെത്തിയിട്ട് 378 ദിവസങ്ങള്‍ പിന്നിട്ടു. ഇതുവരെയും കോടതി ഈ ഹര്‍ജിയില്‍ തീര്‍പ്പ് കല്പിച്ചിട്ടില്ല. കേസ് വിശാല ബെഞ്ചിലേക്ക് വിടണോ വേണ്ടയോ എന്ന പ്രാഥമിക തീരുമാനം എടുക്കാന്‍ സുപ്രീം കോടതിക്ക് വേണ്ടി വന്നത് 205 ദിവസമാണ്. മാര്‍ച്ച് രണ്ടാം തീയതിയാണ് ഈ കേസ് കോടതി അവസാനമായി പരിഗണിച്ചത്. അതിന് ശേഷം ഇന്നുവരെ കോടതിയുടെ പരിഗണനയില്‍ എത്താതിരുന്ന പ്രസ്തുത കേസ് ഇനിയെന്ന് പരിഗണിക്കുമെന്ന സൂചന പോലും സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമല്ല.

ഹേബിയസ് കോര്‍പ്പസ്
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ അന്യായമായി ഒരാളെ തടവിലാക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും തുടര്‍ച്ചയായി വാദം കേള്‍ക്കുന്നതിനായി മാറ്റിവയ്ക്കുന്ന പ്രവണത അടുത്തിടെ വര്‍ധിച്ചു. ജമ്മു & കശ്മീരില്‍ അവസാനമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തിയുടെ കേസില്‍ ഹേബിയസ് കോര്‍പ്പസ് എത്രമാത്രം കാലതാമസം ഉണ്ടാക്കിയെന്ന് പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. 1978ലെ ജമ്മു & കശ്മീര്‍ പൊതുസുരക്ഷാ നിയമപ്രകാരം തടവിലാക്കിയ മെഹബൂബ മുഫ്തിയുടെ വിടുതല്‍ ആവശ്യപ്പെട്ടു കൊണ്ട് അവരുടെ മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് ഫെബ്രുവരി 19ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കിയത്. 1973ലെ ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പുകളനുസരിച്ച് ആഗസ്ത് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ കരുതല്‍ തടങ്കലിലാക്കിയത്. പിന്നാലെ ഫെബ്രുവരി അഞ്ചിന് പൊതുസുരക്ഷാ നിയമത്തിലെ വകുപ്പുകളും പ്രയോഗിച്ചു. ഇല്‍ത്തിജ മുഫ്തിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി 26ന് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്കുകയും കേസ് വാദം കേള്‍ക്കുന്നതിലേക്കായി മാര്‍ച്ച് 18ലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പിന്നീട് കേസ് പരിഗണിക്കാനായില്ല.
എന്നാല്‍ ഇതേ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ തന്നെ, പ്രശാന്തിനെതിരായ 11 വര്‍ഷം പഴക്കമുള്ളൊരു കോടതിയലക്ഷ്യ കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി സമയം കണ്ടെത്തി. 2012ല്‍ അവസാനമായി പരിഗണിച്ച ഈ കേസ് പിന്നെ ഇപ്പോഴാണ് കോടതിക്ക് മുമ്പിലെത്തുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതേ മാസം കോടതി അവസാനമായി വാദം കേട്ട ഇല്‍ത്തിജ മുഫ്തിയുടെ ഹര്‍ജി അതില്‍പിന്നെ പരിഗണിച്ചിട്ടുമില്ല. ഈ കേസ് ഇനി എപ്പോള്‍ പരിഗണിക്കുമെന്ന വിവരം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമല്ല. ഈ ഹര്‍ജി കോടതിയിലെത്തിയിട്ട് 183 ദിവസം പിന്നിട്ടു കഴിഞ്ഞു.
2004 ഡിസംബര്‍13ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു:

‘നിയമപരമായ നടപടിക്രമങ്ങള്‍ക്ക് വേണ്ടിയല്ലാതെ ഒരു വ്യക്തിയുടെയും ജീവനും സ്വാതന്ത്ര്യവും ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നു. നിയമവിരുദ്ധമായ തടങ്കലിനെ അതീവ പ്രാധാന്യത്തോടെ കണ്ട് പരിശോധിക്കാനും ചോദ്യം ചെയ്യാനും ഒരു സംവിധാനം തീര്‍ച്ചയായും ഉണ്ടാവുക തന്നെ വേണം. ഇത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്പെടുത്തേണ്ട നിയമസാധ്യതയാണ് ഹേബിയസ് കോര്‍പ്പസ് റിട്ട്.’

മറ്റേതൊരു ശരാശരി കശ്മീര്‍ സ്വദേശിയെക്കാളും അധികാരവും സ്വാധീനവുമുള്ള മെഹബൂബ മുഫ്തിയുടെ കേസില്‍ സുപ്രീം കോടതിയുടെ സമീപനം തീരെ ആശാവഹമല്ലെന്ന് പറയേണ്ടി വരും. 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് പലപ്പോഴായി തടവിലാക്കപ്പെട്ട കശ്മീരികളെ സംബന്ധിച്ചും ഈ സമീപനം ഏറെ നിരാശയുണ്ടാക്കുന്നതാണ്. മാര്‍ച്ച് മാസത്തില്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 7,357 പേരാണ് കശ്മീരില്‍ തടങ്കലിലായത്.

പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളും അറസ്റ്റുകളും പലയിടങ്ങളിലായി സംഭവിച്ചിരുന്നു. 2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം ജനുവരി പത്തിന് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ 12നാണ് ഈ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിക്ക് മുന്‍പാകെ എത്തിയത്. കേന്ദ്ര സര്‍ക്കാരിനോട് നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത് ജനുവരി 22 നായിരുന്നു. സര്‍ക്കാരിന്റെ മറുപടി ലഭിച്ചാല്‍ അടുത്ത അഞ്ച് ആഴ്ചക്കുള്ളില്‍ കോടതി കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഈ സമയപരിധിക്കുള്ളില്‍ പ്രസ്തുത ഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ രാജ്യത്തെ മറ്റ് ഹൈക്കോടതികള്‍ പരിഗണിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയുണ്ടായി. കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഇരുപത്തഞ്ചോടെ കേസ് വീണ്ടും വാദത്തിനായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ നിര്‍ദേശത്തിന് വിരുദ്ധമായി കോടതി ആവശ്യപ്പെട്ടതില്‍ നിന്ന് ഏകദേശം ഒരു മാസത്തോളം വൈകി മാര്‍ച്ചിലാണ് സര്‍ക്കാര്‍ മറുപടി നല്കിയത്.

എന്നാല്‍ പോലും തുടര്‍ന്നുള്ള അഞ്ചാഴ്ചക്കകം, അതായത് ഏപ്രില്‍ അവസാനത്തോടെ സുപ്രീം കോടതി ഈ വിഷയം വീണ്ടും പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ ഏപ്രിലിന് ശേഷം പ്രധാന ഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള മറ്റുള്ള വിവിധ ഹര്‍ജികളില്‍ തുടര്‍ച്ചയായി നോട്ടീസ് നല്കിക്കൊണ്ടിരുന്ന കോടതി പ്രധാന ഹര്‍ജി പരിഗണിക്കാന്‍ തയാറായില്ല. ഈ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ട് 252 ദിവസങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ഓട്ടോമാറ്റിക് തീയതിയില്‍ നിന്നും മനസിലാക്കാനാവുന്നത് ഈ മാസം 25ന് കേസ് പരിഗണിക്കുമെന്നാണ്.

തിരഞ്ഞെടുപ്പ് ബോണ്ടുകള്‍
2017ലെ ധനകാര്യ ബില്ലിലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അഥവാ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2018 ജനുവരി രണ്ടാം തീയതി ഇവ പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവായി. രാഷ്ട്രീയ നിക്ഷേപങ്ങളുടെ സുതാര്യത ഇല്ലാതാക്കുന്ന ഒരു പിന്തിരിപ്പന്‍ നടപടിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് അതിനെ വിശേഷിപ്പിച്ചത്. 2017 സെപ്തംബര്‍ നാലിനാണ് ഇലക്ടറല്‍ ബോണ്ടുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ട് 1,081 ദിവസം കഴിഞ്ഞെങ്കിലും ഇതേവരെ ഈ വിഷയത്തില്‍ കോടതിയുടെ തീര്‍പ്പ് കല്പിച്ചിട്ടില്ല. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് ജനുവരി 20നായിരുന്നു. കമ്മീഷന്റെ മറുപടി ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 27ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ മറുപടി നല്കി. എന്നാല്‍ ജനുവരിയില്‍ അവസാനമായി പരിഗണിച്ച ഈ കേസ് പിന്നീട് ഇതുവരെയും കോടതിയില്‍ എത്തിയിട്ടില്ല. ഈ വിഷയത്തിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ഓട്ടോമാറ്റിക് തീയതി വിശ്വസിക്കാമെങ്കില്‍ സെപ്തംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ കാലഘട്ടത്തിനിടയില്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും 2019ല്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. 2018 മാര്‍ച്ചിനും 2020 ജനുവരിക്കുമിടയില്‍ 6,210 കോടി രൂപ മൂല്യമുള്ള 12,452 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോടതിയുടെ മുന്‍ഗണനകള്‍
സുപ്രീം കോടതിയുടെ സ്വന്തം വാക്കുകളും പ്രശാന്ത് ഭൂഷണ്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ കോടതി കാട്ടിയ കണിശതയും പരിശോധിച്ചാല്‍ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ മുന്‍ഗണനകള്‍ വ്യക്തമാവും.
‘പൗരന് കാലതാമസം കൂടാതെ നീതി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ നീതിയിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗത്തിന് ഭരണഘടനാപരമായ മൂല്യവും പ്രസക്തിയും ഉണ്ടെന്നും അതിന്റെ പ്രയോജനം പൗരന് ലഭിച്ചുവെന്നും നമുക്ക് ഉറപ്പിച്ച് പറയാനാവൂ. അല്ലാത്തപക്ഷം, നീതി ലഭിക്കാനുള്ള അവകാശം എന്നത് പൗരന് യാതൊരു പ്രയോജനവും ലഭിക്കാത്ത, അവരെ പ്രചോദിപ്പിക്കാന്‍ പോലുമാവാത്ത വെറും പൊള്ളയായ മുദ്രാവാക്യം മാത്രമായി മാറും. ‘ – കോടതി പറഞ്ഞു.
ലഭ്യമായ തെളിവുകള്‍ പരിശോധിച്ചാല്‍, ചില കേസുകള്‍ മാത്രം പരിഗണനയില്‍ എടുക്കാനും മറ്റു ചിലത് പിന്നത്തേക്ക് മാറ്റി വയ്ക്കാനുമുള്ള വിവേചനാധികാരം അടുത്തിടെയായി കോടതി വലിയ തോതില്‍ പ്രയോഗിച്ചിട്ടുണ്ട് എന്ന് വ്യക്തമാവും. പ്രശാന്ത് ഭൂഷണ്‍ കേസില്‍ കാണിച്ചത് പോലുള്ള അടിയന്തര പ്രാധാന്യം പല കേസുകളിലും കോടതി പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. മേല്‍പറഞ്ഞ പല കേസുകളും പരിഗണിക്കുന്നത് താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതും അവ നിരന്തരമായി പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള കോടതിയുടെ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥ ഇത്തരത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞുനില്ക്കുന്നതിലൂടെ ഭരണനിര്‍വഹണ വിഭാഗം ഈ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും അത് ജനാധിപത്യ വ്യവസ്ഥയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനും ഇടയാക്കും.
നീതി വൈകിക്കുന്നതിലൂടെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നീതി നിഷേധിക്കുകയാണ് ചെയ്യുന്നത്.

കടപ്പാട്: Article-14.com

സെയ്ദ് വാഹിദി

You must be logged in to post a comment Login