ജാത്യാ ഉള്ളത് തൂത്താല്‍ പോകില്ലെന്നതിനാല്‍

ജാത്യാ ഉള്ളത് തൂത്താല്‍ പോകില്ലെന്നതിനാല്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വീഡനിലെ ഒരു ചെറിയ നഗരത്തില്‍ പുതിയതായി എത്തിയ ഗവേഷകരായ ഞങ്ങള്‍ രണ്ടുപേരും സര്‍വകലാശാല കാമ്പസിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പോയി. തന്റെ കുട്ടിയോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഒരു ദക്ഷിണേഷ്യക്കാരനെ ഞങ്ങള്‍ കണ്ടു. അയാളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുഖത്തൊരു പുഞ്ചിരിയോടെ അയാള്‍ ഞങ്ങളെ പരിചയപ്പെടാനായി അടുത്തേക്കു വന്നു. പക്ഷേ ഞങ്ങളുടെ പേരുകള്‍ അയാളെ തൃപ്തിപ്പെടുത്തിയില്ല. ”കുടുംബപ്പേര്?” അയാള്‍ ചോദിച്ചു. അയാളതു കേള്‍ക്കണമെന്ന് ശഠിച്ചു. ”എന്തു കുമാര്‍?” ഒരു ഉത്തരത്തിന് പ്രതികരണമെന്ന നിലയില്‍ അയാള്‍ ചോദിച്ചു. മറ്റൊരു ഉത്തരത്തെ സന്തോഷത്തോടെ ”കായസ്തന്‍” എന്ന ആശ്ചര്യപ്രകടനത്താല്‍ അംഗീകരിച്ചു. താന്‍ ബ്രാഹ്മണകുലജാതനാണ് എന്നു ഞങ്ങളെ അറിയിച്ചുകൊണ്ടാണ് ആ സംഭാഷണം അവസാനിച്ചത്.

ജാതിവ്യവസ്ഥയെ അംഗീകരിക്കുന്ന ദക്ഷിണേഷ്യക്കാര്‍ക്ക് അതൊരു ആകസ്മികമായ സംഭാഷണമായിത്തോന്നാം. പ്രത്യേകിച്ചും ആ മനുഷ്യന് ചിലപ്പോള്‍ വര്‍ഗവിവേചനത്തിനുള്ള യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്നിരിക്കാം. എന്നാലും അതയാളുടെ ‘ശ്രേഷ്ഠമായ’ ജാതിയുടെ അവകാശവാദവും സ്വത്വത്തിന്റെ മറച്ചുവെക്കപ്പെട്ട പ്രസ്താവനയുമാണ്. ഞങ്ങളുടേതുമായി തട്ടിച്ചുനോക്കുമ്പോള്‍ അയാളുടെ സ്വത്വത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ മേല്‍ശ്രേണി സൂചിപ്പിക്കലുമാണ്.

അഭ്യസ്തവിദ്യരായ ചില ഇന്ത്യന്‍ വരേണ്യര്‍ അവരുടെ ജാതിക്കോയ്മ മര്യാദയോടെ സൂചിപ്പിക്കാനുപയോഗിക്കുന്ന വഴിയാണ് പലപ്പോഴും ഈ കുടുംബപ്പേര്/വംശപ്പേര് ചോദിക്കല്‍. എന്തുകൊണ്ടാണ് ആളുകള്‍ മറ്റുള്ളവരുടെ ജാതി ചോദിക്കുന്നത്? അതും ജാതിയിലധിഷ്ഠിതമായ മേല്‍ക്കോയ്മയ്ക്ക് പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള ഒരു വിദേശ രാജ്യത്തു വെച്ച്!

സാങ്കേതികവിദ്യയുടെ രംഗത്തെ കരുത്തരായ സിസ്‌കോയ്ക്കെതിരെ, സിലിക്കണ്‍ വാലിയിലെ അവരുടെ ആസ്ഥാനത്തുവെച്ച് ദളിതനായ ഒരു എഞ്ചിനീയറോട് വിവേചനം കാണിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ കാലിഫോര്‍ണിയ നിയമനടപടിക്കൊരുങ്ങിയതിന്റെ വെളിച്ചത്തില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാണ്.

2018ല്‍ അമേരിക്കയില്‍ നടന്ന ആദ്യത്തെ ജാതി സര്‍വേകളിലൊന്നില്‍ പങ്കെടുത്ത 200 ദക്ഷിണേഷ്യന്‍ വംശജരില്‍ 59 ശതമാനവും തങ്ങള്‍ ജാതിപരമായ അപമാനങ്ങളും തമാശകളും അനുഭവിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ജാതി മൂലം അവരില്‍ കാല്‍ഭാഗം പേര്‍ക്കും ശാരീരികമായ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ദളിതുകളെന്ന പേരില്‍ പുറത്താക്കപ്പെടുമെന്ന് അവരില്‍ പകുതി പേര്‍ക്കും പേടിയുണ്ട്.

കുടുംബപ്പേരിനെക്കുറിച്ചുള്ള സംസാരം എങ്ങനെ ജാതി അധിഷ്ഠിതമായ സവിശേഷാധികാരങ്ങളോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തില്‍ ജാതിയുടെ വ്യാപകമായ സ്വാംശീകരണം മനസ്സിലാക്കാന്‍ ഫ്രഞ്ചു തത്വചിന്തകനും നരവംശ ശാസ്ത്രജ്ഞനുമായ പിയര്‍ ബൊര്‍ദ്യൂവിന്റെ ‘ഹാബിറ്റസ്’ എന്ന ആശയം ഉപകാരപ്രദമാണ്. വ്യക്തികളുടെ പ്രവൃത്തികളും പെരുമാറ്റരീതികളും രൂപംനല്‍കുന്ന, അവര്‍ നിവസിക്കുന്ന പ്രാമാണിക (നോര്‍മേറ്റീവ് )ലോകമാണ് ഹാബിറ്റസ്. ഒരു കാര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വളരുംതോറും ഒരു വ്യക്തി പഠിക്കുന്നത് അവിടെ നിന്നാണ്. ഈ പ്രതികരണങ്ങളില്‍ ധാരണാശക്തി കൊണ്ടറിയുന്ന പ്രതിചേഷ്ടകളും ശാരീരികമായ പെരുമാറ്റരീതികളും ഉള്‍പ്പെടും.

ജാതി ഒരു ഹാബിറ്റസാണ്. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലോകത്തില്‍ നിന്നും കാലക്രമേണ ഒരു വ്യക്തി സ്വാംശീകരിക്കുന്ന സ്വഭാവരീതികള്‍ ഉല്പാദിപ്പിക്കുന്ന ഇടമാണത്. ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലും ആചാരമെന്ന നിലയിലും ജാതി മനുഷ്യസമുദായത്തെ മൂന്ന് വര്‍ണങ്ങളായി വിഭജിക്കാനാണു വികസിച്ചുവന്നത്. ബ്രാഹ്മണര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വര്‍ണങ്ങള്‍ക്ക് അടിമപ്പണി ചെയ്യാനുള്ളവരാണ് ദളിതര്‍. അവര്‍ക്ക് ജാതിശ്രേണിയുടെ പുറത്താണു സ്ഥാനം! ജാതിയുടെ പ്രമാണീകരണം ശ്രേഷ്ഠജാതികള്‍ക്ക് അധികാരവും സാമൂഹികാന്തസ്സും അഹന്തയും നല്‍കുമ്പോള്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളമത് അടിമപ്പണിയും അപമാനവും അവഹേളനവും സഹനവുമാണ്. സാധാരണ സമയത്തും പ്രതിസന്ധികളിലും ആ വിഭജനത്തെ കാത്തുസൂക്ഷിക്കുക എന്നതാണ് ജാതി ഹാബിറ്റസിന്റെ ജോലി. കുടുംബങ്ങളിലൂടെയും പഠനത്തിലൂടെയും ദൈനംദിന സംഭാഷണങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിംസയിലൂടെയും ഈ ഹാബിറ്റസ് ബാല്യകാലം മുതലേ വ്യക്തികളില്‍ കുത്തിവെക്കപ്പെടുന്നു!

സാധാരണയായി ഈ ജാതി ഹാബിറ്റസിന് ജാതിയിലധിഷ്ഠിതമായ അസമത്വം പ്രയോഗിക്കാന്‍ ഒരിടം വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിലിടങ്ങളോ വീടുകളോ പോലെയുള്ള ചിലത്. പക്ഷേ അത് ആകസ്മികവും സ്വാഭാവികവുമായ സംഭാഷണങ്ങളിലൂടെയും കുംടുംബപ്പേരിന്റെയും വംശപ്പേരിന്റെയും സംസ്‌കാരത്തിലൂടെയും ഉല്പാദിപ്പിക്കാനും വളര്‍ത്താനും സാധിക്കും. ഇന്ത്യക്കാരായ ഏറെ പ്രവാസികളുള്ള പാശ്ചാത്യലോകത്ത് സ്വകാര്യവും സാംസ്‌കാരികവുമായ മണ്ഡലമാണ് ജാതി ഹാബിറ്റസ് പുനരുല്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. അഭ്യസ്തവിദ്യനും ഉന്നതകുലജാതനുമായ ഒരച്ഛന്‍ ഒരിക്കല്‍ ജാതിവിരുദ്ധയും അമേരിക്കയിലെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവളുമായ മകളെ ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്: ”ആശങ്കകളുണ്ടാകുമ്പോള്‍ ഓര്‍ക്കൂ. നീ ഒരു ബ്രാഹ്മണന്റെ മകളാണ്. തല എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിക്കൂ.” ഇത്തരം ഉദാഹരണള്‍ നിരവധിയുണ്ട്. അമേരിക്കയില്‍ പ്രവാസികളായ, ഉന്നതകുല ജാതിസമുദായങ്ങളില്‍ പെട്ട ഏറെപ്പേര്‍ തങ്ങളുടെ കുട്ടികള്‍ക്കായി ഉപനയനച്ചടങ്ങു നടത്തുകയും അവരെ തങ്ങളുടെ സാംസ്‌കാരികമായ വരേണ്യതയെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ ജാതിവിവേചനം നടത്തുന്നില്ലായിരിക്കാം. പക്ഷേ ജാതിയെന്നത് പൗരാണികകാലത്തു നിലനിന്നിരുന്ന വിവേചനപരമായ ആചാരമാണെന്നും ദളിതരും സ്ത്രീകളും അതിനു പുറത്തായിരുന്നുവെന്നും അവര്‍ ഓര്‍ക്കേണ്ടതുണ്ട്.

ജാതി ഹാബിറ്റസിനെ നിലനിര്‍ത്തുന്ന മറ്റൊരു ഘടകമാണ് ജാതിക്കുള്ളില്‍ മാത്രമൊതുങ്ങുന്ന വിവാഹങ്ങളും അവയെക്കുറിച്ചുള്ള പരസ്യങ്ങളും. പ്രവാസി സമൂഹത്തില്‍ ഏറെ പ്രചാരമുള്ള വിവാഹ സൈറ്റായ ശാദി ഡോട്ട് കോം ജാതി തിരിച്ചുള്ള വിവരങ്ങളാണു നല്‍കുന്നത്. ബ്രാഹ്മണകുലത്തില്‍ മാത്രം അറുപതോളം ഉപജാതികള്‍ അവരുടെ സൈറ്റിലുണ്ട്! മറ്റു ജാതികളുടെ കാര്യവും അതുപോലെത്തന്നെ. അമേരിക്കയിലെ ‘ഡേറ്റിംഗ് റിയാലിറ്റി ഷോകള്‍’ മത്സരാര്‍ഥികളെ അവരുടെ ആദ്യത്തെ പേരു ചൊല്ലി മാത്രം പരിചയപ്പെടുത്തുന്നത് സാംസ്‌കാരിക നിരീക്ഷകനായ കരീം ഖൂബ്ചന്ദാനി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ നെറ്റ്ഫ്ലിക്സിലെ ജനകീയ ഷോ ആയ ‘ഇന്ത്യന്‍ മാച്ച് മേക്കിംഗില്‍’ മത്സരാര്‍ഥികളുടെ കുടുംബപ്പേരിന് /വംശപ്പേരിന് വലിയ പ്രാധാന്യമുണ്ട്. കുടുംബപ്പേരുകള്‍ ജാതി ഏതാണെന്നു തുറന്നുപറയുന്നതു കൊണ്ടാണത്.

ഇന്ത്യന്‍ കാസ്റ്റ് ഹബ് എന്ന ആപ്പിന്റെ ടാഗ് ലൈന്‍ ഇതാണ്. ”നിങ്ങള്‍ കുടുംബപ്പേര്/വംശപ്പേരു പറയൂ, ഞങ്ങള്‍ ജാതി കണ്ടെത്താം.” നമ്മള്‍ ജാതി ഇല്ലാത്ത സമൂഹത്തിലാണ് ജീവിക്കുന്നതെന്ന നിരവധി നാഗരികരും അഭ്യസ്തവിദ്യരുമായ ഇന്ത്യക്കാരുടെ അവകാശവാദത്തിനാണ് ഇതിനു മുമ്പില്‍ പ്രതിരോധമില്ലാതാകുന്നത്. ജാതി ഇല്ലെന്നു നടിക്കുന്ന ഒരു സമൂഹത്തില്‍ നേരിട്ട് ജാതി ചോദിക്കുന്നത് മോശമായിരിക്കാം. എന്നാല്‍ കുടുംബപ്പേരോ വംശപ്പേരോ ചോദിക്കുന്നത് ഇന്നും അനുവദനീയമാണ്. ജാതി ഹാബിറ്റസിന്റെ ഈ പുതിയ ഘടനയെ വെല്ലുവിളിക്കണമെങ്കില്‍ കുടുംബപ്പേരുകള്‍ നല്‍കുന്ന സവിശേഷാധികാരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

പേരിനോട് കൂട്ടിച്ചേര്‍ക്കുന്ന കുടുംബപ്പേരുകള്‍ക്കും വംശപ്പേരുകള്‍ക്കും ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങളുണ്ട്. ചിലപ്പോഴവ അടിച്ചമര്‍ത്തലിന്റെ ക്രൂരമായ ചരിത്രം പോലും പേറുന്നവയായിരിക്കാം. സ്പെയിനില്‍ നിന്നുള്ള അധിനിവേശക്കാര്‍ ഫിലിപ്പിനോകളുടെ വംശപ്പേരുകള്‍ തീരുമാനിച്ചിരുന്നു. ബള്‍ഗേറിയന്‍ മുസ്ലിംകളുടെയും തുര്‍ക്കികളുടെയും വശംപ്പേരുകള്‍ അവിടത്തെ കമ്യൂണിസ്റ്റു ഭരണകൂടം തീരുമാനിച്ചിരുന്നു. മധ്യ, പൗരസ്ത്യ യൂറോപ്പില്‍ ജീവിച്ചിരുന്ന ജൂതന്മാര്‍ പലപ്പോഴും ഇത്തരം അക്രമത്തിന് അടിമപ്പെട്ടിരുന്നു. അവര്‍ പലപ്പോഴും സ്വന്തം പേരുകളോട് ജര്‍മന്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി. ചെടികളുടെയും (റോസെന്‍സ്വെയ്ഗ് പോലുള്ളവ) കല്ലുകളുടെയും (സ്റ്റെയിന്‍ബെര്‍ഗ് പോലുള്ളവ) ശാരീരിക പ്രത്യേകതകളുടെയും (ഗ്രോസ് പോലുള്ളവ) ജോലികളുടെയും (സിമ്മര്‍മാന്‍ പോലുള്ളവ) നല്ലതല്ലാത്ത ഓര്‍മയുണര്‍ത്തുന്ന പേരുകള്‍ അവയിലുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേല്‍ രൂപീകരിച്ചപ്പോള്‍ പല ജൂതന്മാരും യൂറോപ്യന്‍ വംശപ്പേരുകളുപേക്ഷിച്ച് ഹീബ്രൂ വാക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ഇന്ത്യയില്‍ വംശപ്പേരുകള്‍ ഉപയോഗിക്കുന്നതിന് വളരെ പഴയ പാരമ്പര്യമുണ്ട്. എന്നാല്‍ ജാതിവ്യവസ്ഥയാണതിന് തനതായ സ്വഭാവം നല്‍കിയത്. പിതാവിന്റെയും മാതാവിന്റെയും ഗോത്രത്തിന്റെയും പ്രവിശ്യയുടെയും പേരുകളില്‍ നിന്നുണ്ടായി വന്ന കുടുംബപ്പേരുകള്‍/വംശപ്പേരുകള്‍ വേദകാല സാഹിത്യത്തിലുണ്ട്. എന്നാല്‍ പിന്നീടുവന്ന ഗൃഹ്യസൂത്രവും മനുസ്മൃതിയും ജാതിയിലധിഷ്ഠിതമായ വംശപ്പേരുകള്‍ നിര്‍ദേശിച്ചു. ബ്രാഹ്മണന്മാര്‍ ‘ശര്‍മ്മന്‍’ എന്നും ക്ഷത്രിയന്മാര്‍ ‘വര്‍മ്മന്‍’ എന്നും വൈശ്യന്മാര്‍ ‘ഗുപ്ത’നെന്നും ശൂദ്രന്മാര്‍ ‘ദാസ’നെന്നുമുള്ള വാക്കുകള്‍ സ്വന്തം പേരുകളോട് കൂട്ടിച്ചേര്‍ത്തു. ബ്രാഹ്മണന്മാരുടെ പേരുകള്‍ ഐശ്വര്യവും ക്ഷത്രിയന്മാരുടെ പേരുകള്‍ ശക്തിയും വൈശ്യന്‍മാരുടെ പേരുകള്‍ സമ്പത്തും ശൂദ്രന്മാരുടെ പേരുകള്‍ അവജ്ഞയുമുണ്ടാക്കണമെന്നാണ് മനു വിധിച്ചത്.
ജാതിയില്‍ അധിഷ്ഠിതമായ കുടുംബപ്പേരുകള്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ശക്തി പ്രാപിച്ചു. ദളിതുകളാകട്ടെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ ഭാഗമായി അപഹാസ്യമായ കുടുംബപ്പേരുകള്‍/വംശപ്പേരുകള്‍ ഉപേക്ഷിച്ച് യാദവെന്നും ജാതവെന്നും യദുവംശിയെന്നും മറ്റുമുള്ള പേരുകള്‍ സ്വീകരിച്ചു. ‘ദാസന്‍’ എന്ന പേരു പോലും അവര്‍ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ദൈവത്തോടുള്ള ദാസ്യമാക്കി മാറ്റി!

സിഖിസത്തിന്റെ വരവോടെ ജാതിയില്‍ അധിഷ്ഠിതമായ കുടുംബപ്പേര്/വംശപ്പേര് സംസ്‌കാരം കഠിനമായി വിമര്‍ശിക്കപ്പെട്ടു. അവര്‍ സ്ത്രീകള്‍ക്ക് ‘കൗര്‍’ എന്നും പുരുഷന്മാര്‍ക്ക് ‘സിങ്’ എന്നും പേരുനല്‍കി ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കി. എങ്കിലും പ്രായോഗികതലത്തില്‍ ഇപ്പോഴും ജാതിയില്‍ അധിഷ്ഠിതമായ കുടുംബപ്പേരുകള്‍/വംശപ്പേരുകള്‍ അവര്‍ക്കിടയില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിട്ടില്ല.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി കുടുംബപ്പേരുകളിലും വംശപ്പേരുകളിലും മാറ്റമുണ്ടായി. പലരും ജാതിവാലുകള്‍ ഉപേക്ഷിച്ചു. എന്നാല്‍ കുടുംബപ്പേരുകള്‍/വംശപ്പേരുകള്‍ ഉല്പാദിപ്പിക്കുന്ന സവിശേഷാധികാരങ്ങള്‍ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതിലൂടെ ജാതി ഹാബിറ്റസിന്റെ പൂര്‍ണമായ തകര്‍ച്ചയാണു വേണ്ടത്. അതിന് നിയമങ്ങളോടൊപ്പം സ്വകാര്യ ഇടങ്ങളിലും പൊതു ഇടങ്ങളിലും എല്ലാ മനുഷ്യരുടെയും തുല്യത ഉറപ്പുവരുത്തുന്ന, സ്ഥാപനവല്‍കരിക്കപ്പെട്ടതും സാമൂഹികവും സാംസ്‌കാരികവുമായ ചട്ടക്കൂടുകളും വേണം.

(കടപ്പാട്: scroll.in)

അമൃത ഘോഷ്, അരുണ്‍ കുമാര്‍

You must be logged in to post a comment Login