ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

In journalism just one fact that is false prejudices the entire work. – ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ വാക്കുകളാണ്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്കും നോബല്‍ സമ്മാനത്തിനും കോളറക്കാലത്തെ പ്രണയത്തിനും മുന്‍പ് ഒന്നാംതരം ജേര്‍ണലിസ്റ്റായിരുന്നു മാര്‍ക്വേസ്. ലോകത്തിലെ ഏറ്റവും മഹത്തായ ജോലി എന്നാണ് മാര്‍ക്വേസ് ജേര്‍ണലിസത്തിന് നല്‍കിയ വിശേഷണങ്ങളിലൊന്ന്. അധികാരകേന്ദ്രങ്ങളെ സദാ അസ്വസ്ഥരാക്കി മൂളിപ്പറക്കുന്ന കൊതുകുകളെപ്പോലാവണം ജേര്‍ണലിസ്റ്റെന്നും പറഞ്ഞു ആ പഴയ പോരാളിയായ പത്രപ്രവര്‍ത്തകന്‍. സാഹിത്യത്തെക്കാള്‍ അദ്ദേഹം ജേര്‍ണലിസത്തെക്കുറിച്ച്, അതിന്റെ നൈതികതയെക്കുറിച്ച്, നൈതികതാനഷ്ടത്തെക്കുറിച്ച് സദാ വിചാരപ്പെട്ടു. നൈതികതാ നഷ്ടം ഈ പ്രൊഫഷനെ എങ്ങനെ തകര്‍ക്കുമെന്ന് ആകുലപ്പെട്ടു. കുല്‍സിതമായ വാര്‍ത്ത മാരകമായ ആയുധമാണെന്ന് ഓര്‍മിപ്പിച്ചു. ജേര്‍ണലിസ്റ്റുകള്‍ അകപ്പെടാന്‍ പോകുന്ന മാരകമായ രാവണന്‍കോട്ടകളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടു. എഴുത്തുകാരന്‍ എന്നതിനെക്കാള്‍ ജേര്‍ണലിസ്റ്റ് എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിച്ചു. The best job in the world എന്ന തലക്കെട്ടില്‍ മാര്‍ക്വേസ് എഴുതിയ ജേര്‍ണലിസത്തെക്കുറിച്ചുള്ള ലേഖനം പ്രവചനസ്വഭാവമുള്ള ഒന്നായിരുന്നു. ടെക്‌നോളജിയുടെ വമ്പന്‍ വികാസം ജേര്‍ണലിസത്തില്‍ നിന്ന് ചോര്‍ത്തിക്കളഞ്ഞേക്കാവുന്ന നൈതികതയെക്കുറിച്ചും ജേര്‍ണലിസ്റ്റുകളില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിഭാനഷ്ടത്തെക്കുറിച്ചും ആ ലേഖനത്തില്‍ മാര്‍ക്വേസ് സന്ദേഹിക്കുന്നുണ്ട്. ടേപ്പ് റിക്കോര്‍ഡറുകളുടെ വരവ് റിപ്പോര്‍ട്ടര്‍മാരില്‍ സൃഷ്ടിക്കാവുന്ന സത്താ നഷ്ടത്തെക്കുറിച്ചുപോലും മാര്‍ക്വേസ് ആശങ്കപ്പെടുന്നുണ്ട്. Newsrooms have become a sceptic laboratories for solitary travellers, where it seems easier to communicate with extra terrestrial phenomena than with reader’s hearts. The dehumanisation is galloping എന്ന ഐതിഹാസിക വാചകം ആ ലേഖനത്തിലേതാണ്.
പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം ഒരു മാര്‍ക്വേസ് രചനയാണ്. അതിനാലാണ് മലയാള മാധ്യമങ്ങളുടെ പുതുകാലത്തെക്കുറിച്ചുള്ള ഈ ആലോചന മാര്‍ക്വേസില്‍ നിന്ന് തുടങ്ങിയത്. അസാധാരണമായ കാലം അത്യസാധാരണമായ അനുഭവങ്ങളെ ദൃശ്യപ്പെടുത്തുമെന്നാണല്ലോ മാര്‍ക്വേസ് സാഹിത്യത്തില്‍ എഴുതിയത്. മലയാള വൃത്താന്തമാധ്യമ ലോകം ഇന്നൊരു അസാധാരണ കാലത്തെയാണ് അഭിമുഖീകരിക്കുന്നത്. നൈതികതയുടെ ബാലപാഠങ്ങള്‍ തിരിയാത്ത കോമാളിക്കൂട്ടങ്ങളാല്‍ ആ അന്തസ്സാര്‍ന്ന പ്രൊഫഷന്‍ ആത്മഹത്യക്കുറിപ്പിന് അടിയൊപ്പിടാന്‍ ഒരുങ്ങുന്നു. വാര്‍ത്ത എന്ന അടിത്തറയെ പാടേ നിരാകരിച്ച് വ്യാജങ്ങളുടെ കപ്പലോട്ടങ്ങള്‍ പെരുകുന്നു. വാര്‍ത്തകള്‍ എന്ന് ലേബലൊട്ടിച്ച വ്യാജങ്ങള്‍ തൂക്കിവില്‍ക്കുന്ന കൂറ്റന്‍ ചന്തകളില്‍ ഇടപാടുകാരെ വലവീശിപ്പിടിക്കാന്‍ ഉടുതുണിയുരിഞ്ഞ് കൂത്താടുന്ന അല്‍പവിഭവര്‍ അവതാരകര്‍ എന്ന് ഞെളിയുന്നു. കൂത്തില്‍ സര്‍വസീമകളും കാറ്റില്‍പ്പറത്തുന്നവര്‍ ഖ്യാതി നേടുന്നു. റേറ്റിംഗ് എന്ന വ്യാജവാറോലകള്‍ തൂക്കിയിട്ട വാര്‍ത്താമുറികളാണ് ചുറ്റും. ചിറികോട്ടിയും കള്ളം പറഞ്ഞും അലറിയും കെറുവിച്ചും പൊതുപ്രവര്‍ത്തകരെ അപമാനിച്ചും സത്യസന്ധരായ മനുഷ്യരുടെ അതിസ്വാഭാവിക വികാരങ്ങളെ പരിഹസിച്ചും മുന്നേറുന്ന കൂത്തുകാര്‍ക്ക് ഈ വാറോലകളില്‍ മുന്തിയ ഇടം കിട്ടും. കൂടുതല്‍ വഷളാകൂ എന്ന് ഉടമകള്‍, ഉടമകളെ നിയന്ത്രിക്കുന്ന കച്ചവടക്കാര്‍ അവരോട് പറയും. കച്ചവടം മോശം കാര്യമല്ല. അത് കൊഴുപ്പിക്കാനുള്ള അഴിഞ്ഞാട്ടമാവട്ടെ അത് ചെയ്യുന്നവരുടെ ഗതികേടിനാല്‍ ന്യായീകരിക്കപ്പെടും. പക്ഷേ, ചെയ്യുന്നത് എന്താണ് എന്ന് അവര്‍ക്ക് ബോധ്യം ഉണ്ടാകണം എന്ന് മാത്രം. നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ കാട്ടുന്ന പണിയെ അവര്‍ ജേണലിസമെന്നാണ് സ്വയം വിളിക്കുന്നത്. അവരാല്‍ കച്ചവടം കൂടുന്ന സ്ഥാപനങ്ങളാവട്ടെ അതാണ് ജേര്‍ണലിസമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഫലം, ഗാന്ധിയും മാര്‍ക്വേസും മുതല്‍ ഇങ്ങുകേരളത്തില്‍ സഹോദരന്‍ അയ്യപ്പനും സ്വദേശാഭിമാനിയും കേസരി ബാലകൃഷ്ണപിള്ളയും തുടങ്ങി അനേകം മഹാമനുഷ്യരാല്‍ ജ്വലിക്കപ്പെട്ട ഒരു പ്രൊഫഷന്റെ അകാലമരണമാണ് സംഭവിക്കുന്നത്. അതേക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
മാര്‍ക്വേസ് ടെക്‌നോളജിയുടെ, തൊഴിലുപകരണങ്ങളുടെ വരവും ജേര്‍ണലിസത്തിന്റെ വളര്‍ച്ചയും തമ്മിലെ പൊരുത്തമില്ലായ്മയാണ് ആലോചിച്ചത്. സംഗതമായ ഒന്നായിരുന്നു അക്കാലത്ത് ആ ആലോചന. ആ പൊരുത്തക്കേട് പക്ഷേ, സംഭവിച്ചത് മറ്റൊരു വഴിയിലാണ്. മൂലധനത്തിന്റെ പിടിമുറുക്കം ആയിരുന്നു അതില്‍ പ്രധാനം. വാര്‍ത്ത എന്നത് വന്‍ വിപണിമൂല്യമുള്ള ചരക്കായി മാറി. സ്വാഭാവികമായിരുന്നു ആ മാറ്റം. കോര്‍പറേറ്റിസം മാധ്യമരംഗത്തെ പൊതിഞ്ഞു. സ്വാഭാവികമായും പരസ്യവിപണി മാധ്യമങ്ങളുടെ വിധാതാക്കളായി. അപ്പോഴും മാര്‍ക്വേസ് പറഞ്ഞ ആ മഹിതവര്‍ഗത്തിന് മുന്നില്‍; ജേര്‍ണലിസ്റ്റുകള്‍ക്ക് മുന്നില്‍ തിരഞ്ഞെടുപ്പുകള്‍ ഉണ്ടായിരുന്നു. ഉടമസ്ഥരും വിപണിയും തമ്മിലെ കൊടുക്കല്‍ വാങ്ങലുകളില്‍ മുങ്ങിനിറഞ്ഞ് ഒഴുക്കിനൊപ്പം നീന്തുക എന്നതായിരുന്നു ഒരു തിരഞ്ഞെടുപ്പ്. അത്തരക്കാര്‍ എണ്ണത്തില്‍ കൂടുതലായിരുന്നു എല്ലാകാലത്തും. അവര്‍ അങ്ങാടി നിലവാരത്തിനും അടുക്കളയില്‍ മറവുചെയ്യേണ്ടിവന്ന ദളിതന്റെ മൃതദേഹത്തിനും ഒരേ മഷിയൊഴുക്കി. അവര്‍ സ്ഥാപനങ്ങളിലും സമൂഹത്തിലും ഡര്‍ബാറുകളിലും അട്ടയെപ്പോലെ കൊഴുത്തു. അവര്‍ പക്ഷേ, ചരിത്രത്തോട് ദയനീയമായി തോറ്റു. ചോരകുടിച്ച് വീര്‍ക്കുന്ന കുളയട്ടകളെപ്പോലെ അവര്‍ മാധ്യമചരിത്രത്തില്‍ അല്‍പായുസ്സുകളായി. അവര്‍ ജേര്‍ണലിസ്റ്റുകളായി എണ്ണപ്പെട്ടില്ല. അവനവനോട് അനീതി ചെയ്ത വര്‍ഗമായി അവര്‍ ജീവിച്ചിരിക്കേ മരണപ്പെട്ടു. മറ്റൊരു വഴി ഉണ്ടായിരുന്നു. വഴി എന്നല്ല തിരഞ്ഞെടുപ്പ് എന്ന് തന്നെയാണ് പറയേണ്ടത്. അവര്‍ വിപണിയോടും അതിന്റെ നീതിയോടും സന്ധിചെയ്തില്ല. എന്നുകരുതി സ്വയം തകര്‍ക്കുന്ന രക്തസാക്ഷിത്വത്തിനും മുതിര്‍ന്നില്ല. മനുഷ്യരെക്കുറിച്ച്, മണ്ണിനെക്കുറിച്ച് അവര്‍ സദാ എഴുതി. അവര്‍ അന്തസുള്ളവരായി എഴുതപ്പെട്ടു. ബുദ്ധിയുള്ള കോര്‍പറേറ്റുകള്‍ അവരെ അനിവാര്യരായി കരുതി. അവരെഴുതുന്ന വാര്‍ത്തകള്‍ തങ്ങളുടെ വളര്‍ച്ചക്ക് വേണമെന്നുപോലും അവര്‍ കണക്കുകൂട്ടി. അങ്ങനെ അനുവദിക്കപ്പെട്ട ഇടത്തില്‍ ആ ജേര്‍ണലിസ്റ്റുകള്‍ അന്തസായി പണിയെടുത്തു. ഇടം കിട്ടാത്തപ്പോള്‍ അവിടം വിട്ടു. അവരുടെ മൂര്‍ച്ചയില്‍ വിശ്വാസമുള്ള അനേകര്‍ അവരെ സ്വീകരിച്ചു. അത്തരമൊരുവഴിയും ജേര്‍ണലിസത്തിനുണ്ടായിരുന്നു. ആ വഴി പോയവരെ നാം ഇന്നും അഭിവാദ്യം ചെയ്യാറുണ്ട്. അനേകരുണ്ട് അക്കൂട്ടര്‍. ഇക്കാലത്ത് നിന്ന് ഒരാളുടെ പേര് പറയാം, പി. സായ്‌നാഥ്. മരിച്ചുപോയ ഒരു മലയാളിയുടെ പേര് പറയാം, കെ. ജയചന്ദ്രന്‍. വന്‍കിട മൂലധനത്താല്‍ നയിക്കപ്പെട്ട സ്ഥാപനങ്ങളിലായിരുന്നു ഇരുവരും; ദ ഹിന്ദുവിലും ഏഷ്യാനെറ്റിലും.

പറഞ്ഞുവന്നത് കോര്‍പറേറ്റിസം ജേര്‍ണലിസത്തില്‍ പിടിമുറുക്കിയ ആഗോളസാഹചര്യത്തെക്കുറിച്ചാണ്. മീഡിയ എന്ന വമ്പന്‍ ബിസിനസിനെക്കുറിച്ച്. നാം പറഞ്ഞുതുടങ്ങുന്നത് കേരളത്തെക്കുറിച്ചാണ്. ഇവിടെ തുലോം വ്യത്യസ്തമാണ് സാഹചര്യം. പ്രത്യക്ഷത്തില്‍ മൂന്ന് മീഡിയാ ഹൗസുകളാണ് കേരളത്തിന്റെ മാധ്യമലോകം നിയന്ത്രിക്കുന്നത്. മലയാള മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും. മൂന്നിന്റെയും മുഖ്യമൂലധനം ഭൂതകാലമാണ്. നിങ്ങള്‍ക്കറിയും പോലെ തനിക്കച്ചവടമാണെങ്കിലും മനോരമ അത് പറയില്ല. പകരം ദിവാനെതിരെ പോരാടിയ കഥ പറയും. പത്രം കണ്ടുകെട്ടിയ ചരിത്രം എഴുതിയുണ്ടാക്കും. കേരളത്തിലെ നവോത്ഥാനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് ചരിത്രമെഴുതും. ആദ്യം ചരിത്രം പിന്നെ മൂലധനം എന്ന മട്ടിലാണ് കാര്യങ്ങള്‍. മാതൃഭൂമിയാകട്ടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അതിന്റെ ഉടമസ്ഥത മുഖ്യമായും വ്യക്തികളില്‍ കേന്ദ്രീകരിച്ചിട്ടും അവരുടെ ആദ്യമൂലധനം ചരിത്രം തന്നെയാണ്. ഗാന്ധിയാണ് പ്രതീകം. ഏഷ്യാനെറ്റിനെ ഓര്‍ക്കുമ്പോള്‍ നാം ശശികുമാര്‍ എന്ന മഹാനായ ജേര്‍ണലിസ്റ്റിനെയും സംരംഭകനെയും സാഹസികനെയും ഓര്‍ക്കും. തീരെ ചെറുതാണ് മലയാള മാധ്യമങ്ങളുടെ വിപണി. അത് ഠ വട്ടത്തിന് അപ്പുറമില്ല. ശതകോടികളുടെ കണക്കുകള്‍ ഇല്ല. പരസ്യ വിപണിയും മലയാള മാധ്യമങ്ങളും തമ്മില്‍ വലിയ വടംവലിക്കുള്ള മൈതാനവുമില്ല. രണ്ടുകൂട്ടര്‍ക്കും പരസ്പരം വേണമെന്നതിനാല്‍ മലയാളത്തില്‍ ടൈംസ് ഓഫ് ഇന്ത്യകള്‍ തീരെയില്ല. പത്രാധിപര്‍ എന്നത് കേരളത്തില്‍ ഇതുവരെ ആലങ്കാരികമായ ഒരു പദവിയായി പരിണമിച്ചിട്ടില്ല. ഒരു മാധ്യമം നട്ടെല്ലുയര്‍ത്തി നിവര്‍ന്നുനിന്നാല്‍ കുനിഞ്ഞുപോകുന്ന വിപണിയേ ഇവിടെയുള്ളൂ. സവിശേഷമായ ഒരു പരസ്പര ധാരണ ഉണ്ടെന്നര്‍ഥം. ഇന്നും കേരളത്തിലെ ഏതെങ്കിലും മാധ്യമത്തെ; സംഘടനകളുടെ മാധ്യമങ്ങളല്ല, വിപണി ശക്തികള്‍ക്ക് സമ്പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു നിലയില്ല. സമ്പൂര്‍ണമായി എന്ന വാക്ക് അടിവരയിട്ട് വായിക്കണം. വമ്പന്‍മാരായ ചില പരസ്യദാതാക്കളെ വെളുപ്പിച്ചെടുക്കാന്‍ ചിലവിട്ടുവീഴ്ചകള്‍ ചെയ്യാറില്ല എന്നല്ല. കഴിവും അന്തസുമുള്ള ജേര്‍ണലിസ്റ്റുകള്‍ക്ക് നീന്താന്‍ ഇന്നും ബാക്കിനില്‍ക്കുന്ന പുഴയാണ് മലയാള മാധ്യമ രംഗം എന്നും വായിക്കാം. പക്ഷേ, എന്താണ് സംഭവിക്കുന്നത്?
അച്ചടി പത്രങ്ങളുടെ മരണം പലവട്ടം പ്രവചിക്കപ്പെട്ടതാണ്. ടെലിവിഷന്റെ വരവായിരുന്നു അതിലൊരുഘട്ടം. ഒരു രൂപമെന്ന നിലയില്‍ അച്ചടിപത്രങ്ങള്‍ പഴഞ്ചനാവുമെന്നാണ് കരുതപ്പെട്ടത്. അതുണ്ടായില്ല. മറ്റൊന്നുണ്ടായി. അത് അച്ചടിപത്രങ്ങളുടെ ഉള്ളടക്കത്തെ ടെലിവിഷന്‍ സ്വാധീനിച്ചതാണ്. സ്വാധീനിച്ചു എന്ന വാക്കിനേക്കാള്‍ നിര്‍ണയിച്ചു എന്ന വാക്കാണ് കൂടുതല്‍ ഉചിതം. ലോകമെമ്പാടുമുള്ള ഒന്നാംനിര പത്രങ്ങള്‍ തങ്ങളുടെ ഉള്ളടക്കത്തെ വാര്‍ത്താ ചാനലുകള്‍ പുറത്തുവിടുന്ന വാര്‍ത്തകളോട് ബന്ധിപ്പിക്കാന്‍ തുടങ്ങി. ചാനലുകളില്‍ തെളിയാത്തത് പ്രഭാതങ്ങളില്‍ അച്ചടിക്കപ്പെട്ടു. അഥവാ ചാനലുകളെ പത്രങ്ങള്‍ സര്‍ഗാത്മകമായി മറികടന്നു. അച്ചടി മാധ്യമപ്രവര്‍ത്തനത്തിന് ലഭിക്കുന്ന കൂടുതല്‍ സമയവും അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിലിടത്തില്‍ നിന്ന് ആര്‍ജിക്കാന്‍ കഴിഞ്ഞ വൈദഗ്ധ്യവുമാണ് അതിന് സഹായകമായത്. ഇന്ത്യയിലെ ഒന്നാംനിര പത്രമായ ഹിന്ദു ഒരുപടികൂടി കടന്ന് തങ്ങള്‍ തുടര്‍ന്നുപോന്ന വാര്‍ത്താ രീതികളെ അതേപടി നിലനിര്‍ത്തി കൂടുതല്‍ സമഗ്രമാക്കി. അവര്‍ ചാനലുകള്‍ക്ക് പിന്നാലെ പോയില്ല. കേരളത്തില്‍ മറിച്ചാണ് സംഭവിച്ചത്. കേരളത്തിലെ ന്യൂസ് ഡെസ്‌കുകളിലേക്ക് തള്ളിവന്ന പുതുതലമുറ ചെറുപ്പക്കാര്‍ ചാനലുകളെ സ്വപ്നഭൂമിയായി കണ്ടു. ഇറങ്ങി നടന്ന് കണ്ടെത്തേണ്ട ഒന്നാണ് വാര്‍ത്ത എന്ന പ്രാഥമികമായ പണി വിസ്മരിക്കപ്പെട്ടു. സുഖിയന്‍മാരുടെ ഒരു തലമുറ ജേര്‍ണലിസത്തില്‍ വേരാഴ്ത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയക്കാലമായപ്പോഴേക്കും ഫേസ്ബുക്കും വാട്‌സാപ്പും മാത്രമായി സോഴ്‌സുകള്‍. വാര്‍ത്ത കണ്ടെത്താനുള്ള ശേഷിയില്ലായ്മയില്‍ നിന്നാണ് മലയാള പത്രങ്ങളില്‍ ഉണ്ടത്രേകളും ആണത്രേകളും സൂചനകളും പിടിമുറുക്കിയത്. അച്ചടിപത്രങ്ങളുടെ മരണം കേരളത്തില്‍ സംഭവിച്ചത് അങ്ങനെയാണ്. ഉണ്ടത്രേ ജേര്‍ണലിസത്തിന്റെ വലിയ പോരായ്മ ഓരോ ദിവസവും അത് ജേര്‍ണലിസ്റ്റിന്റെ സത്താപരമായ മരണത്തെയും ഉറപ്പാക്കുന്നു എന്നതാണ്. അങ്ങനെ മരിച്ചു തീരുന്നവര്‍ പിന്നെ നിലനില്‍പിനായുള്ള പാട്ടുകുര്‍ബാനകള്‍ ആരംഭിക്കും. മാനേജ്‌മെന്റിന് ഉണ്ടെന്ന് ജേര്‍ണലിസ്റ്റുകള്‍ കരുതുന്ന രാഷ്ട്രീയ നിലപാടിനുമുന്നില്‍ മുട്ടിലിഴയും. കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാം എന്ന ഒറ്റക്കാരണത്താല്‍ അവര്‍ വലതുപക്ഷമാകും. ചാനല്‍ ജേര്‍ണലിസ്റ്റുകള്‍ അല്‍പം സമയവും അതിനേക്കാള്‍ അല്‍പമായ ശേഷിയും കൊണ്ട് പകലും രാത്രിയുമായി പടക്കുന്ന ഉണ്ടത്രേകള്‍ക്ക് ടിപ്പണി എഴുതുന്നവരായി റിപ്പോര്‍ട്ടര്‍മാരും അതിനെ തൊണ്ടതൊടാതെ അച്ചടിക്കാന്‍ വിടുന്നവരായി ഡസ്‌കില്‍ കഴിയുന്നവരും മാറി. കേരളത്തില്‍ സംഭവിച്ചത് അതെല്ലാമാണ്.
സമീപകാലത്തെ ഒരുദാഹരണം ഇപ്പോള്‍ പറഞ്ഞതിനെ അതിവാദമല്ലെന്ന് തെളിയിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ ഉണ്ടായ അഗ്‌നിബാധയാണത്. നിശ്ചയമായും സെക്രട്ടറിയേറ്റില്‍ ഉണ്ടാകുന്ന എന്ത് അസാധാരണ സംഭവങ്ങള്‍ക്കും വാര്‍ത്താമൂല്യമുണ്ട്. അതിലേറെ രാഷ്ട്രീയ മൂല്യമുണ്ട്. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് അന്വേഷണ പരിധിയിലാണെന്ന് വാര്‍ത്തകള്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ അവിടെ നിന്ന് ഉയരുന്ന പുക രമേശ് ചെന്നിത്തലക്കും കെ. സുരേന്ദ്രനും എല്ലാം രാഷ്ട്രീയ ആയുധമാണ്. പക്ഷേ, വാര്‍ത്തകള്‍ വിലയിരുത്താന്‍ ധാരാളം സമയമുള്ള, ഇഴകീറാന്‍ സമയമുള്ള അച്ചടി പത്രങ്ങള്‍ എന്താണ് ചെയ്തത്? ഒരു ഫയല്‍ രൂപപ്പെടുന്നതിന്റെ ഘട്ടത്തെ സംബന്ധിച്ച വസ്തുതകള്‍, തീപിടിച്ചാല്‍ ഫയലുകള്‍ എന്നേക്കുമായി നശിക്കുമോ, ഇ ഫയലിംഗ്, പ്രാഥമികാന്വേഷണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയ ഒരുപാട് വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കേ മാതൃഭൂമിയും മനോരമയും ആ വാര്‍ത്തയും വെച്ച് കേരളത്തോട് പറഞ്ഞത് എന്തായിരുന്നു? നമ്മളാദ്യം പറഞ്ഞ സത്താ നഷ്ടം വന്ന, മരിച്ചുകൊണ്ടിരിക്കുന്ന ജേര്‍ണലിസ്റ്റുകളുടെ നാണംകെട്ട മുട്ടിലിഴയലുകളായിരുന്നു ആ പത്രങ്ങളുടെ ഒന്നാംപേജുകള്‍. ഇത് യാദൃച്ഛികമല്ല. ഏഷ്യാനെറ്റ് സ്ഥാപകനും രാജ്യത്തെ മുതിര്‍ന്ന ജേര്‍ണലിസ്റ്റുമായ ശശികുമാര്‍ പറഞ്ഞ വിമോചനസമരമാണ്. വിമോചനസമരം എന്ന വാക്ക് പ്രധാനമാണ്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ വിധ്വംസക കൂട്ടുകെട്ടില്‍ നിന്നാണ് വിമോചന സമരം പിറന്നത്. കേരളീയ നവോത്ഥാനം നേരിട്ട കടുത്ത പിന്നോട്ടടി അതായിരുന്നു. അന്നുവരെ നാം തടഞ്ഞുനിര്‍ത്തിയിരുന്ന അഴുക്കുകള്‍ തീന്‍മുറിയിലേക്ക് പ്രവഹിച്ച സന്ദര്‍ഭം. അത്തരമൊരു അശ്ലീലവും അവിശുദ്ധവുമായ കൂട്ടുകെട്ടിന് കാര്‍മികരാവുകയാണോ മാധ്യമങ്ങള്‍?

അതേ എന്ന സൂചന ചാനലുകളിലുണ്ട്. ഭരണകൂടങ്ങള്‍ വിമര്‍ശിക്കപ്പെടണം. പ്രത്യേകിച്ച് ഇടതുപക്ഷം. എന്തെന്നാല്‍ അവരാണ് സമര്‍പ്പിത ഭൂതകാലത്തെയും അടിസ്ഥാന ജനതയെയും ഏറ്റവും കൂടുതല്‍ മൂലധനമാക്കുന്നത്. ഇടതുപക്ഷമാണ് രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ആണയിട്ട് അധികാരം പിടിക്കുന്നത്. ഇടതുപക്ഷമാണ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരപരമ്പരകള്‍ അഴിച്ചുവിടുന്നത്. അതിനാല്‍ അവര്‍ വിമര്‍ശിക്കപ്പെടണം. പക്ഷേ, എങ്ങനെ? വസ്തുതകള്‍ നിരത്തി ഇതാ ഇവിടെ നിങ്ങള്‍ പിഴച്ചില്ലേ എന്ന് ചോദിക്കണം. പിഴവുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടണം. അതിന് പക്ഷേ ജേര്‍ണലിസം അറിയണം. പണിയെടുക്കണം. സോഴ്‌സുകളില്‍ നിന്ന് കിട്ടുന്നത് വാര്‍ത്തയല്ല, താല്‍പര്യങ്ങളുടെ ഭാരമുള്ള സൂചനയാണെന്ന് മനസിലാക്കാനുള്ള വിവേകം വേണം. അല്‍പവിഭവന്‍മാര്‍ക്ക് ഇല്ലാതെ പോകുന്നത് വിവേകമാണ്. പകരം സംഭവിക്കുന്നതോ? മാതൃഭൂമിയിലെ സ്മൃതി പരുത്തിക്കാടിന് സംഭവിച്ച ഒരു വീഴ്ച ചൂണ്ടിക്കാട്ടാം. പി.എസ്.സി യെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയാല്‍ അത് വാര്‍ത്തയാണ്. രൂക്ഷമായ വാര്‍ത്ത. അക്കാര്യം ചാനലുകള്‍ ചര്‍ച്ച ചെയ്യണം. തൊഴില്‍ സമരങ്ങളാല്‍ കേരളത്തെ മുഖരിതമാക്കിയ ഡി.വൈ.എഫ് ഐ നേതാവിനോട് ചോദ്യശരങ്ങള്‍ എയ്യണം. അത് ജേര്‍ണലിസമാണ്. പക്ഷേ, അതിന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരും അവതാരകരും അവരെ സഹായിക്കുന്ന സംഘവും ഗൃഹപാഠം ചെയ്യണം. ഒഴിവ് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച പ്രാഥമിക ധാരണകള്‍ ഇല്ലാതെയാണ് അവതാരക ഡി.വൈ.എഫ്.ഐ നേതാവിനോട് സംവാദത്തിന് ഒരുങ്ങിയത്. അവരുടെ ധാരണ തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടപ്പെട്ടതോടെ അപമാനകരമായ ചേഷ്ടകളും വെല്ലുവിളികളും നടത്തി അവതാരക തടിതപ്പി. അത് ഒരു അവതാരകയുടെ പതനമല്ല, മറിച്ച് മലയാള ടെലിവിഷന്‍ ജേര്‍ണലിസത്തില്‍ പിടിമുറുക്കിയ സര്‍വനാശത്തിന്റെ പ്രകാശനമാണ്. മനോരമയിലെ തന്നെ നിഷ പുരുഷോത്തമനും ഏഷ്യാനെറ്റിലെ വിനു വി ജോണും മാതൃഭൂമിയിലെ വേണുവും തുടരുന്നത് അതേ പ്രകാശനങ്ങളാണെന്നത് ഉദാഹരണങ്ങള്‍ ആവശ്യമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. തര്‍ക്കിച്ച് അപമാനിക്കാനല്ല, സംവദിക്കാനും സംവാദത്തിന് എത്തുന്നവരുടെ വാക്കുകളില്‍ നിന്ന് വാര്‍ത്തയെ ഇഴകീറിയെടുത്ത് അവതരിപ്പിക്കാനുമാണ് തങ്ങള്‍ ഇരിക്കുന്നത് എന്ന ബോധ്യത്തിന്റെ അഭാവത്തില്‍ നിന്നാണ് ആ അപമാനകരമായ നിമിഷങ്ങള്‍ ഉണ്ടാവുന്നത്. ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ അന്തകസ്ഥാനങ്ങളില്‍ ഒന്നായി പരിഗണിക്കേണ്ട അര്‍ണബ് ഗോസാമിയുടെ ഭൂതങ്ങളാണ് മലയാള ചാനല്‍ മുറികളില്‍ വിളയാടുന്നത് എന്ന് ചുരുക്കം.

അപ്പോള്‍ ഉയരുന്ന ചോദ്യം സര്‍ക്കാരിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തേണ്ട പി.ആര്‍ പണിയാണോ ഞങ്ങളെടുക്കേണ്ടത് എന്നാണ്. നിശ്ചയമായും അല്ല. പ്രതിപക്ഷമാണ് എപ്പോഴും മാധ്യമങ്ങള്‍. പ്രതിപക്ഷമെന്നാല്‍ പ്രതിപക്ഷനേതാവ് എന്ന് വായിക്കരുത് എന്ന് മാത്രം. പ്രതിപക്ഷ നേതാവിനെ നയിക്കേണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒന്നുമാത്രമാണ്. മാധ്യമങ്ങളെ നയിക്കേണ്ടത് അതല്ല. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷമാണ് മാധ്യമങ്ങള്‍. അത് കേരളത്തില്‍ ഉണ്ടാകുന്നില്ല. പണിയറിയാവുന്ന ഒരു ജേര്‍ണലിസ്റ്റ്, ആഞ്ഞിറങ്ങിയാല്‍ ഒറ്റ ദിവസം കൊണ്ട് വ്യക്തമാകും കെ.ടി ജലീല്‍ എന്ന മന്ത്രിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വാര്‍ത്തകളുടെ കാമ്പ്. അത് സംഭവിച്ചാല്‍ അന്ന് തീരും കെ.ടി ജലീല്‍ അല്ലെങ്കില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍. രണ്ടിലൊരു തീര്‍പ്പിലേക്ക് പോകാതെ പുകമറകള്‍ നിരന്തരം സൃഷ്ടിക്കുന്ന പണിയല്ല മാധ്യമപ്രവര്‍ത്തനം. സംഭവിക്കുന്നത് പക്ഷേ, അതാണ്. അതുതന്നെയാണ് വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ നിര്‍മിതിയുടെ കാര്യവും. അങ്ങനെ തീരരുത് എന്നാഗ്രഹിക്കുന്നവരുടെ കാഴ്ചക്കുരങ്ങുകളായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നു കേരളത്തില്‍. അങ്ങനെ ആഗ്രഹിക്കുന്നവരുടെ സായാഹ്നക്കൂത്താട്ടക്കാരായി തീരുന്നു അവതാരകര്‍. വെഞ്ഞാറമ്മൂട് ഇരട്ടക്കൊല സംഭവിക്കുമ്പോള്‍ അതിന്റെ പിന്നാമ്പുറങ്ങളിലേക്കല്ല കേരളത്തിലെ മാധ്യമങ്ങളും അവതാരകരും നമ്മെ ക്ഷണിക്കുന്നത്. മുന്നാമ്പുറത്തെ ചക്കളത്തിക്കാഴ്ചകളിലേക്കാണ്. ക്രൂരമായ സെലക്ടീവിസത്തിന്റെ പേര് ജേര്‍ണലിസമെന്നല്ല. ശരീരഭാഷയാല്‍ ചതിക്കപ്പെട്ട് അപഹാസ്യരാവുകയാണ് തങ്ങളെന്ന് അവതാരകരും ഉണ്ടത്രേകളാല്‍ നയിക്കപ്പെട്ട് പരാജിതരാവുകയാണ് തങ്ങളെന്ന് റിപ്പോര്‍ട്ടര്‍മാരും ചാനലുകളുടെ അകമ്പടിസേവയെ പത്രപ്രവര്‍ത്തനമെന്ന് വിശ്വസിച്ച് കുലംമുടിക്കുകയാണ് തങ്ങളെന്ന് പത്രങ്ങളും തിരിച്ചറിയുന്നില്ല. അഥവാ അറിഞ്ഞിട്ടും അറിഞ്ഞെന്ന് നടിക്കാതിരിക്കാന്‍ ആരോ അവരെ നിര്‍ബന്ധിക്കുന്നു. ഒരു ചെറിയ കള്ളം, ഒരു പിഴവ് വാര്‍ത്തകളെ മുഴുവനായും കൊല്ലുമെന്ന് ചൂണ്ടിക്കാട്ടിയ മഹാനായ ജേര്‍ണലിസ്റ്റിന്റെ പേര് മാര്‍ക്വേസ് എന്നാണ്.
തിരുത്താന്‍ ഇനിയും സമയമുണ്ട്. അതിമഹത്തായ ഒരു പ്രൊഫഷന്റെ അന്തസിനെ വീണ്ടെടുക്കാന്‍ കഴിയണം. എല്ലാ മൂലധനങ്ങളും ലാഭത്തെയാണ് കാംക്ഷിക്കുന്നത്. വാര്‍ത്തകളുടെ ലോകത്ത് അസത്യത്തേക്കാള്‍ മൂര്‍ച്ചയും വിലയുമുണ്ട് സത്യങ്ങള്‍ക്ക്. സത്യം ചെരുപ്പിടുമ്പോഴേക്കും ലോകം ചുറ്റിവരുന്ന നുണ അല്‍പായുസ്സാണ്. അത് മുതല്‍മുടക്കുന്നവര്‍ക്ക് അറിയാം. സത്യമാണ് ശാശ്വതമായ ലാഭത്തെ സൃഷ്ടിക്കുക. അതിനാല്‍ ആത്മഹത്യക്കുമുന്‍പ് അല്‍പം ചിന്തിക്കുക.

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login