ന്യായാധിപന്റെ പക്ഷപാത(ക)ങ്ങള്‍

ന്യായാധിപന്റെ പക്ഷപാത(ക)ങ്ങള്‍

‘…ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഇന്ത്യന്‍ യൂണിയന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും എന്നില്‍ നിക്ഷിപ്തമായ ചുമതല, ഭീതിയോ പ്രീതിയോ ഭയമോ പക്ഷപാതമോ കൂടാതെ എന്റെ കഴിവിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ വിശ്വസ്തതയോടെ നിറവേറ്റുമെന്നും ഭരണഘടനയും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും….” സുപ്രീം കോടതിയില്‍ ജഡ്ജിമാരാകുന്നവര്‍ രാജ്യത്തോടായി ചെയ്യുന്ന സത്യപ്രതിജ്ഞയിലേതാണ് ഈ വാക്യങ്ങള്‍.

ഈ പ്രതിജ്ഞയിലെ വാക്യങ്ങളുടെ അന്തസ്സത്തയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നീതിനിര്‍വഹണം രാജ്യത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പലകുറി ഉയര്‍ന്നിട്ടുണ്ട്. അവ്വിധമുള്ള നീതിനിര്‍വഹണം നടന്നില്ല എന്ന് സുപ്രീം കോടതി തന്നെ ഏറ്റുപറഞ്ഞ സന്ദര്‍ഭങ്ങള്‍ അപൂര്‍വമായെങ്കിലുമുണ്ട്. ഭീതിയോ പ്രീതിയോ കൂടാതെയുള്ള നീതിനിര്‍വഹണമല്ല നടക്കുന്നത് എന്ന തോന്നലുണ്ടാകുമ്പോള്‍ വിയോജന വിധിയെഴുതി നീതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജഡ്ജിമാരും നമ്മുടെ സുപ്രീം കോടതിയുടെ ചരിത്രത്തിലുണ്ട്. ഇതിനെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രീം കോടതിക്ക് പുറത്തിറങ്ങി, വാര്‍ത്താസമ്മേളനം നടത്തി ജനങ്ങളോട് സംസാരിച്ചത്. നീതിന്യായ സംവിധാനത്തിന് സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് ജസ്റ്റിസുമാരായ ജെ ചലമേശ്വര്‍, മദന്‍ ബി ലോകുര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കാന്‍ ഇടയുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍, തിരഞ്ഞെടുത്ത ജഡ്ജിമാരടങ്ങുന്ന ബഞ്ചുകളിലേക്ക് ചീഫ് ജസ്റ്റിസ് (അക്കാലത്ത് ജസ്റ്റിസ് ദീപക് മിശ്ര) കൈമാറുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇത്തരം കേസുകള്‍ തിരഞ്ഞെടുത്ത ജഡ്ജിമാരടങ്ങുന്ന ബഞ്ചുകളിലേക്ക് കൈമാറുന്നത് കേന്ദ്രഭരണകൂടത്തിന്റെ ഇടപെടല്‍ മൂലമാണെന്ന സംശയമാണ് അവര്‍ പ്രകടിപ്പിച്ചത്. തിരഞ്ഞെടുത്ത ജഡ്ജിമാരെന്ന വിശേഷണത്തിനു കീഴില്‍ അന്നവര്‍ പരസ്യമായി ഉള്‍പ്പെടുത്തിയ പേരുകളിലൊന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടേതായിരുന്നു. സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ സമര്‍പ്പിച്ച ഹരജി പരിഗണിച്ചിരുന്ന പ്രത്യേക കോടതിയുടെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന് കൈമാറിയതാണ് ജഡ്ജിമാരുടെ പരസ്യപ്രതികരണത്തിന് കാരണമായത്. ജസ്റ്റിസ് ലോയ കേസാണ് മുഖ്യ കാരണമെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് സ്ഥാനം അലങ്കരിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ തന്നെ പറയുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം ഹരജി മറ്റൊരു ബഞ്ചിലേക്ക് മാറ്റിയെങ്കിലും അന്വേഷണം വേണ്ടെന്നായിരുന്നു വിധി.

ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തിന് കാരണഭൂതനായ ജസ്റ്റിസ് അരുണ്‍ മിശ്ര അടുത്തിടെ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിറകെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ആറു വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോള്‍ മുന്‍ചൊന്ന സത്യപ്രതിജ്ഞാ വാചകത്തോട് എത്രമാത്രം നീതിപുലര്‍ത്തി എന്നത് തര്‍ക്കവിധേയമാകുന്നുണ്ട്. ജസ്റ്റിസ് ആര്‍ എം ലോധ ചീഫ് ജസ്റ്റിസായിരിക്കെയാണ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ ജഡ്ജിയാകുന്നത്. ജസ്റ്റിസുമാരായ ജെ എസ് ഖഹാര്‍, ദീപക് മിശ്ര, രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ഡെ എന്നീ ചീഫ് ജസ്റ്റിസുമാരുടെ കീഴില്‍ അരുണ്‍ മിശ്ര ജഡ്ജിയായിരുന്നു. ഇതില്‍ ദീപക് മിശ്രയുടെയും രഞ്ജന്‍ ഗൊഗോയുടെയും കാലത്ത്, ഏറെ പ്രധാനപ്പെട്ട പല കേസുകളും താരതമ്യേന ജൂനിയറായ അരുണ്‍ മിശ്ര ഉള്‍പ്പെടുന്ന ബഞ്ചുകളിലേക്ക് കൈമാറപ്പെട്ടു. ജൂനിയറായിരിക്കേ തന്നെ, ബഞ്ചുകളുടെ അധ്യക്ഷ പദവി അരുണ്‍ മിശ്രയെ തേടിയെത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ അംഗമായിരിക്കേ, വിധിന്യായം കുറിക്കാന്‍ അരുണ്‍ മിശ്ര ചുമതലപ്പെടുത്തപ്പെട്ടു. ഇതൊക്കെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വഴക്കമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വഴക്കങ്ങളിലൂടെ തന്റെ മുന്നിലേക്ക് എത്തിയ കേസുകളില്‍ പലതിലും ജസ്റ്റിസ് അരുണ്‍ മിശ്ര എടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സവിശേഷ ഏടുകളായി രേഖപ്പെടുത്തപ്പെടുകയാണ്. ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്, തനിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഉദാഹരണങ്ങളിലൊന്നാണ്. ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവും അരുണ്‍ മിശ്രയുമടങ്ങുന്ന ബഞ്ചില്‍ വിധി കുറിച്ചത് മിശ്ര. സഞ്ജീവ് ഭട്ടിന്റെ അപേക്ഷ കോടതി തള്ളി. സഞ്ജീവ് ഭട്ട് സംശുദ്ധമായ കൈകളുമായല്ല കോടതിയിലെത്തിയിരിക്കുന്നത് എന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര എഴുതിവെക്കുകയും ചെയ്തു. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹരജി പരിഗണിക്കവേ കോടതിക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. വംശഹത്യാശ്രമത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്ന് ഗുജറാത്തില്‍ അഡീഷല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്ത ചോര്‍ത്തിനല്‍കിയെന്നതായിരുന്നു ആരോപണം. ഇതിന് തെളിവായി തുഷാര്‍ മേത്ത അയച്ച മെയിലുകള്‍ സഞ്ജീവ് ഭട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ ഇത് വലിയ പ്രശ്നമല്ലെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുള്‍പ്പെട്ട ബഞ്ചിന്റെ നിലപാട്. കോടതിയില്‍ മറുപടി സമര്‍പ്പിക്കും മുമ്പ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായ തുഷാര്‍ മേത്ത മൂന്നാമതൊരു കക്ഷിയുടെ അഭിപ്രായം തേടിയത് ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഇത് നീതിനിര്‍വഹണത്തെ ഒരു വിധത്തിലും ബാധിക്കുന്നതല്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇരകള്‍ക്ക് വേണ്ടി കേസ് നടത്തുന്ന സര്‍ക്കാറിന്റെ അഭിഭാഷകന്‍, പ്രതികളുമായി ബന്ധമുള്ള ചിലരുമായി കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നത് നീതിനിര്‍വഹണത്തെ ബാധിക്കില്ലെന്ന് വിധിക്കുമ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ആരുടെ പക്ഷത്താണ് എന്ന ചോദ്യം പ്രസക്തമാണ്. തുഷാര്‍ മേത്ത ഇപ്പോള്‍ സോളിസിറ്റര്‍ ജനറലാണ്. ഗുജറാത്ത് സര്‍ക്കാര്‍ പിന്നീട് ഫയല്‍ ചെയ്ത രണ്ട് കേസുകളില്‍ അറസ്റ്റിലായി സഞ്ജീവ് ഭട്ട് ജയിലിലും.
നരേന്ദ്ര മോഡി സര്‍ക്കാര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായി കെ വി ചൗധരിയെ നിയമിക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലെ ഉത്തരവ് മറ്റൊരു ഉദാഹരണമാണ്. സഹാറ – ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോള്‍ അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് കെ വി ചൗധരി. അന്ന് സഹാറ – ബിര്‍ള ഗ്രൂപ്പില്‍ നിന്ന് കണ്ടെടുത്ത ഡയറിയില്‍ കമ്പനികള്‍ നല്‍കിയ കൈക്കൂലികളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത 25 കോടിയടക്കം. ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ട ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി സ്ഥാനത്തിരിക്കെയാണ് കെ വി ചൗധരിയുടെ കേസ് അരുണ്‍ മിശ്ര അടങ്ങുന്ന ബഞ്ചിന് മുന്നിലെത്തുന്നതും ഡയറിയിലെഴുതിയ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നതും. ആധികാരികതയില്ലാത്ത ഏതെങ്കിലും കടലാസുകളെ അവലംബിച്ച് ഭരണഘടനാ സ്ഥാനം വഹിക്കുന്നവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ ഉത്തരവ്. ജസ്റ്റിസ് അമിതാവ റോയിയായിരുന്നു സഹജഡ്ജി. സുപ്രീം കോടതിയിലെ ബഞ്ചിന് നേതൃത്വം നല്‍കാന്‍ മാത്രം മുതിര്‍ന്നിരുന്നില്ലെങ്കിലും ബഞ്ചിന്റെ നേതൃത്വം അരുണ്‍ മിശ്രക്കായിരുന്നു! ഈ വിധി പുറപ്പെടുവിച്ച് അധികം വൈകാതെയാണ് ജസ്റ്റിസ് മിശ്ര, മരുമകന്റെ വിവാഹത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ വസതിയിലും ഉജ്ജയിനിലെ വസതിയിലും വലിയ പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്ക് ക്ഷണിക്കപ്പെട്ടവരേറെയും ബി ജെ പി നേതാക്കള്‍. പങ്കെടുത്തവരില്‍ പ്രമുഖന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനായിരുന്നു. സഹാറ – ബിര്‍ള ഗ്രൂപ്പില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകളിലൊന്ന് ശിവരാജ് സിംഗ് ചൗഹാന്റേതായിരുന്നു. കെ വി ചൗധരിയെ സി വി സിയായി നിയമിക്കുന്നത് ചോദ്യംചെയ്തുള്ള ഹരജി വൈകാതെ തള്ളപ്പെട്ടു. കൈക്കൂലിക്കണക്ക് രേഖപ്പെടുത്തിയ ഡയറി കൈവശം കിട്ടിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്ന ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ, സത്യസന്ധതയുടെ പ്രതീകമായി വിശേഷിപ്പിക്കുന്നതായിരുന്നു ജസ്റ്റിസ് മിശ്രയുടെ വിധി.

രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ പ്രതിചേര്‍ത്ത് കാലിത്തീറ്റ കുംഭകോണത്തില്‍ പല കേസുകള്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലൊന്നില്‍ ലാലു ശിക്ഷിക്കപ്പെടുകയും ചെയ്തു. ഒരേ സ്വഭാവത്തിലുള്ള ആരോപണത്തില്‍ പല എഫ് ഐ ആറും പല വിചാരണയും നീതിയല്ലെന്ന ലാലുവിന്റെ ഹരജി ബിഹാര്‍ ഹൈക്കോടതി അംഗീകരിച്ചു. ഈ ഉത്തരവിന്‍മേല്‍ അപ്പീല്‍ നല്‍കാന്‍ സി ബി ഐ മടിച്ചു. രാഷ്ട്രീയ സമ്മര്‍ദം മൂലമാകണം ഏറെ വൈകി അപ്പീലുമായി സുപ്രീം കോടതിയിലെത്തി. ഹരജി പരിഗണിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച്. അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് സി ബി ഐയെ വിമര്‍ശിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, ഒരേ സ്വഭാവമുള്ളതുകൊണ്ട് കേസുകളുടെ വിചാരണ റദ്ദാക്കാനാകില്ലെന്ന് വിധിച്ചു. ഒരേ കേസില്‍ ഇരട്ട വിചാരണയും ഇരട്ട ശിക്ഷയും പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിന് വിഘാതമായതേയില്ല.

ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേര്‍ക്ക് വിരല്‍ ചൂണ്ടിയ മെഡിക്കല്‍ കോളജ് കോഴക്കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴും ജസ്റ്റിസ് മിശ്രയുടെ അസാധാരണമായ സാന്നിധ്യമുണ്ടായി. ആദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് ജെ ചേലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് വിശാലമായ ബഞ്ച് രൂപീകരിക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവ് വന്നതിന് പിറകെ ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അരുണ്‍ മിശ്രയും ചേര്‍ന്ന ബഞ്ച് വിശാല ബഞ്ച് രൂപീകരിക്കണമെന്ന ഉത്തരവ് അസാധുവാക്കി. പിന്നീട് അരുണ്‍ മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് കേസ് പരിഗണിക്കുകയും മെഡിക്കല്‍ കോളജ് കോഴക്കേസില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിധിക്കുകയും ചെയ്തു.
ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായപ്പോഴും കഥയില്‍ മാറ്റമുണ്ടായില്ല. ചീഫ് ജസ്റ്റിസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് മുന്‍ ജീവനക്കാരി പരാതി നല്‍കിയപ്പോള്‍, ഇക്കാര്യം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രൂപീകരിച്ച ബഞ്ചില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുമുണ്ടായിരുന്നു. പരാതിക്കാരി പ്രതിസ്ഥാനത്ത് നിര്‍ത്തിയ വ്യക്തി തന്നെ പരാതി പരിഗണിക്കുന്നതിലെ അനൗചിത്യമോ നിയമവിരുദ്ധതയോ വലിയതോതില്‍ ചോദ്യംചെയ്യപ്പെട്ടില്ല. നീതിന്യായ സംവിധാനത്തെ അട്ടിമറിക്കാന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് കോടതിയില്‍ ഒരു അഭിഭാഷകന്‍ പറയുകയും ചെയ്തു. പരാതിക്കാരിക്ക് പറയാനുള്ളത് കേള്‍ക്കുക പോലും ചെയ്യാതെ സുപ്രീം കോടതി തീര്‍പ്പാക്കിയ കേസില്‍ വിധിന്യായം എഴുതിയത് ജസ്റ്റിസ് അരുണ്‍ മിശ്രയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ വിമര്‍ശിക്കുകയും ഇത്തരം വാര്‍ത്തകളുടെ കാര്യത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ സന്നദ്ധമാകണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു ആ ഉത്തരവില്‍!

രഞ്ജന്‍ ഗൊഗോയിക്ക് ശേഷം ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് ജമ്മുകശ്മീരില്‍ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലുള്ള ഹേബിയസ് കോര്‍പ്പസ് സുപ്രീം കോടതിയുടെ മുന്നിലെത്തിയത്. മഹ്ബൂബ മുഫ്തിയുടെയും സെയ്ഫുദ്ദീന്‍ സോസിന്റെയും കാര്യത്തിലുള്ള ഹരജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേക്ക് കൈമാറി. ഹേബിയസ് കോര്‍പ്പസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് തോന്നിയില്ല. പരിഗണിച്ചപ്പോള്‍ തന്നെ ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ സത്യവാങ്മൂലം മുഖവിലക്കെടുത്ത് തള്ളുകയും ചെയ്തു. വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കുന്ന സെയ്ഫുദ്ദീന്‍ സോസിന്റെ ദൃശ്യങ്ങള്‍ പിന്നീട് രാജ്യം കണ്ടു. അപ്പോഴും ഭരണഘടനയെയും നിയമങ്ങളെയും ഉയര്‍ത്തിപ്പിടിക്കുമെന്ന സത്യവാചകം ചൊല്ലിയ ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയിലുണ്ടായിരുന്നു!
മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹബലേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവലിംഗത്തിന്റെ കേടുപാട് തീര്‍ക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ വിധി പറഞ്ഞതും ജസ്റ്റിസ് അരുണ്‍ മിശ്രയായിരുന്നു. ശിവലിംഗം തകരാറിലാകാതെ നോക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു വിധി. 2002ലെ വംശഹത്യാ ശ്രമത്തിന്റെ കാലത്ത് തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പുനര്‍ നിര്‍മിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി പൊതുപണം വിനിയോഗിക്കരുതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നേരത്തെ വിധിച്ചിരുന്നു. ഈ വിധി, മഹബലേശ്വര്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് തടസ്സമായില്ല. ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധിക്ക് വിരുദ്ധമായ വിധി പുറപ്പെടുവിക്കുന്നതിലെ അനൗചിത്യം നമ്മുടെ നീതിന്യായ സംവിധാനത്തിന് പ്രശ്നമായതുമില്ല. മതം, രാഷ്ട്രീയം, അധികാരത്തിന്റെ ഇംഗിതം എന്നിങ്ങനെ പലതിനാലും സ്വാധീനിക്കപ്പെട്ടതായി വേണം, ഭീതിയോ പ്രീതിയോ നോക്കാതെ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്ത ന്യായാധിപന്റെ തീരുമാനങ്ങള്‍. അങ്ങനെ തീരുമാനങ്ങളെടുക്കുമ്പോള്‍ ചോദ്യംചെയ്യാന്‍ പരമോന്നത നീതിപീഠത്തില്‍ അവസരമില്ലാതായി മാറിയെന്നത് രാജ്യത്തിന്റെ ഇപ്പോഴത്തെ നിസ്സഹായതയും.
ഏറ്റവുമൊടുവില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കുമ്പോഴും പുനപ്പരിശോധനകളില്‍ അധിഷ്ഠിതമാണ് ഇന്ത്യയുടെ നീതിന്യായ സംവിധാനമെന്നതും അത്തരം പുനപ്പരിശോധനകള്‍ക്ക് പൊതു സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ പ്രേരകമാകാറുണ്ടെന്നതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന് ഓര്‍മവന്നതേയില്ല. ഭരണഘടനയ്ക്കും അതിനനുസൃതമായി നിര്‍മിച്ച നിയമങ്ങള്‍ക്കും അനുസൃതമായാണോ ആറുവര്‍ഷത്തെ സേവനകാലയളവില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേനത്തുമ്പില്‍ നിന്നുതിര്‍ന്ന വിധികളെന്നത് പില്‍ക്കാലത്ത് വിലയിരുത്തപ്പെടുമായിരിക്കാം. അപ്പോഴാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നീതിന്യായ സംവിധാനം ചൂട്ടുപിടിക്കുകയായിരുന്നുവെന്ന പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനത്തിന് അര്‍ഥമുണ്ടാകുക.

(ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ
ഉപജീവിച്ചെഴുതിയ ലേഖനം)

രാജീവ് ശങ്കരന്‍

You must be logged in to post a comment Login