സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

കഴിഞ്ഞ 100വര്‍ഷമായി രാഷ്ട്രാന്തരീയതലങ്ങളില്‍ തണുത്തും തപിച്ചും ചര്‍ച്ചാവിഷയമായി തുടരുന്ന ഫലസ്തീന്‍ രാഷ്ട്രീയം എല്ലാറ്റിനുമൊടുവില്‍ എത്തിനില്‍ക്കുന്നത് വിശുദ്ധ ഹറമിലെ ലോകപ്രശസ്തനായ ഇമാം അബ്ദുറഹ്മാന്‍ സുദൈസിന്റെ വെള്ളിയാഴ്ച ഖുതുബയിലെ ചില പരാമര്‍ശങ്ങളിലാണ്. ഇസ്രയേലുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് ഖുതുബയില്‍ അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത് സലഫീ പണ്ഡിതന്റെ കൊടുംവഞ്ചനയായി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുകയണിപ്പോള്‍. ജൂതരടക്കമുള്ള ഇതരമതവിഭാഗങ്ങളുമായി പ്രവാചകര്‍ (സ) എത്ര ഗാഢമായ സൗഹൃദത്തിനാണ് ശ്രമിച്ചതെന്ന് സമര്‍ഥിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം രാഷ്ട്രീയമായ ചില ലക്ഷ്യങ്ങളോടെയാണ്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള സഊദി സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ ഖുതുബ വിലയിരുത്തപ്പെടുന്നത്.

ജൂലൈ ഒന്നോടെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശ പദ്ധതി നടപ്പാക്കുമെന്ന ഭീതിലായിരുന്നു ലോകം. ഫലസ്തീന്‍ പോരാളികളുമായി തുറന്നയുദ്ധത്തിലേക്ക് അത് വഴിവെക്കുമെന്ന് വിവേകശാലികള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പക്ഷേ, കൊവിഡ്-19ന്റെ ഭയാശങ്കകള്‍ക്കിടയില്‍, ഫലസ്തീന്‍ രാഷ്ട്രീയം അപ്രതീക്ഷിതമായ ഒരു ദിശയിലൂടെ വഴിമാറി സഞ്ചരിച്ചു. ഇക്കഴിഞ്ഞ ആഗസ്ത് 13നാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ‘അബ്രഹാം കരാറില്‍ ‘ ഒപ്പിട്ടതായി യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുന്നത്. ഫലസ്തീനിലെ വിവിധ ഗ്രൂപ്പുകളും തുര്‍ക്കിയും ഇറാനും ഖത്തറുമെല്ലാം മറ്റൊരു വഞ്ചനയായി കണ്ട് കരാറിനെ തള്ളിപ്പറഞ്ഞപ്പോള്‍ സഊദി അറേബ്യ അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിച്ചു. ആ മൗനത്തിന്റെ രാഷ്ട്രീയഭാഷ്യമാണ് പഞ്ചസാരയില്‍ പൊതിഞ്ഞ്, ജുമുഅ ഖുതുബയിലൂടെ മതവകുപ്പ് മേധാവി കൂടിയായ ശൈഖ് സുദൈസ് വിശ്വാസികളുടെ മുമ്പാകെ അവതരിപ്പിച്ചത്. യു.എ.ഇക്കു പിറകെ ഏഷ്യന്‍, ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങള്‍ ഓരോന്നായി ഇസ്രയേലിനെ അംഗീകരിക്കുന്നതോടെ സയണിസ്റ്റുകളുടെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണെന്നാണ് പൊതുവായ വിലയിരുത്തല്‍. ‘കൊടുംകാട്ടിലെ വില്ല’ എന്ന് പടിഞ്ഞാറ് ഇസ്രയേലിനെ വിശേഷിപ്പിക്കുന്നത് പശ്ചിമേഷ്യയില്‍ ജൂതരുടെ മണ്ണില്‍ മാത്രമേ ജനാധിപത്യവും സമാധാനവും ഉള്ളൂവെന്ന പരിഹാസച്ചുവയോടെയാണ്. എന്നാല്‍, കഴിഞ്ഞ 100വര്‍ഷമായി തുടരുന്ന ധിക്കാരത്തിന്റെയും അധികാരപ്രമത്തതയുടെയും ആയുധമുഷ്‌കിന്റെയും രാഷ്ട്രീയം എങ്ങനെ പശ്ചിമേഷ്യയെ പ്രശ്‌നസങ്കീര്‍ണതകളിലേക്ക് ചുഴറ്റിയെറിഞ്ഞു എന്ന് ആഴത്തില്‍ അന്വേഷിക്കുമ്പോഴാണ് ആധുനിക ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയുടെയും തട്ടിപ്പിന്റെയും കഥ പൂര്‍ണമായും വാര്‍ന്നുവീഴുന്നത്.

ലോറന്‍സ് പറഞ്ഞ കഥ
വര്‍ത്തമാനകാല പശ്ചിമേഷ്യയുടെ പ്രക്ഷുബ്ധഭരിതമായ രാഷ്ട്രീയസമസ്യകള്‍ക്ക് തുടക്കമിടുന്നത് എന്നാണ്? സ്‌കോട്ട് ആന്‍ഡേഴ്‌സണ്‍ രചിച്ച ലോറന്‍സ് ഇന്‍ അറേബ്യ ( Lawrence in Arabia: :War, Deceit, Imperial Folly and the Making of the Modern Middle East ) എന്ന വിശ്വവിഖ്യാത കൃതി ഒരുവട്ടം വായിച്ചുവേണം അറബ് ഇസ്ലാമിക ലോകത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കാന്‍. ഒന്നാം ലോകയുദ്ധത്തിന് തുടക്കം കുറിക്കാന്‍ നിമിത്തമായത് ആസ്ട്രിയ-ഹങ്കറിയുടെ കിരീടാവകാശി ആര്‍ച്ച്ഡ്യൂക് ഫെര്‍ഡിനാന്റിന്റെ വധമായിരുന്നു. സെര്‍ബിയന്‍ ദേശീയതീവ്രവാദികളായ ‘ബ്ലാക് ഹാന്‍ഡ് ‘ ആയിരുന്നു 1914ജൂണില്‍ നടന്ന കൊലക്കുപിന്നില്‍. യൂറോപ്യന്‍ ശക്തികള്‍ തമ്മിലുള്ള ആ ലോകയുദ്ധം തന്നെ ആവിഷ്‌കരിച്ചത് ഒട്ടോമന്‍ സാമ്രാജ്യം ( ഉസ്മാനിയ്യ ഖിലാഫത്ത്) വിപാടനം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ചോദ്യം ഇന്നും പലകോണുകളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വാസ്തവത്തില്‍ മുസ്ലിം സാമ്രാജ്യം ഈ യുദ്ധത്തില്‍ ആദ്യമൊന്നും കക്ഷിചേര്‍ന്നിട്ടുപോലുമുണ്ടായിരുന്നില്ല. ഒരു ഭാഗത്ത് ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ. മറുപക്ഷത്ത് ജര്‍മനിയും ആസ്ട്രിയ-ഹങ്കറിയും. ക്രിസ്ത്യന്‍ കോളനി ശക്തികളുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട മുസ്ലിംകളെ തങ്ങളുടെ പക്ഷേത്തേക്ക് കൊണ്ടുവരാന്‍ ജര്‍മനിക്ക് മോഹം അങ്കുരിപ്പിച്ചത് കയ്‌റോ കോണ്‍സുലേറ്റില്‍ ജര്‍മനിയുടെ നയതന്ത്രദൗത്യം ഏറ്റെടുത്ത മാര്‍ക്‌സ്്വോണ്‍ ഓപ്പന്‍ഹീം ആയിരുന്നു. കൈസര്‍ വീല്‍ഹെം രണ്ടാമന്റെ മുന്നില്‍ മുസ്ലിംസഖ്യത്തെക്കുറിച്ച് രൂപരേഖ അവതരിപ്പിച്ചപ്പോള്‍, അദ്ദേഹം ചിന്തിച്ചത് ആരുടെ മുന്നിലും തകരാത്ത ജിഹാദിന്റെ ആവേശത്തെക്കുറിച്ചായിരുന്നു. തുര്‍ക്കികളുമായി കൈകോര്‍ത്താല്‍ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള ആക്‌സിസ് പവറിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് കണക്കൂകൂട്ടി. 1914ല്‍ ഓപ്പന്‍ഹീന്റെ കത്തില്‍ പറയുന്നത് ഇങ്ങനെ: ” In the battle against England, Islam will become one of our most important weapons – ഇംഗ്ലണ്ടിന് എതിരായ യുദ്ധത്തില്‍ ഇസ്ലാം സുപ്രധാനമായ ആയുധമായിരിക്കും”. സുല്‍ത്താന്‍ മഹമൂദ് അഞ്ചാമന്‍ ജര്‍മന്‍- ഓട്ടോമന്‍ സഖ്യത്തെക്കുറിച്ച് കോണ്‍സ്റ്റാന്റിനോപ്പ്‌ളിലെ ഒരു പള്ളിയില്‍ വെച്ച് പരസ്യപ്രഖ്യാപനം നടത്തി. ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഇസ്ലാമിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു. തങ്ങളുടെ മര്‍ദ്ദകര്‍ക്കെതിരെ പോരാടാന്‍ ഈ രാജ്യങ്ങളിലെയും കോളനികളിലെയും മുസ്ലിംകളോട് ഒരു ഫത്്വയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യ, ആഫ്രിക്കന്‍ കോളനികള്‍, ക്രീമിയ, കാസന്‍, കോക്കസസ് എന്നിവിടങ്ങളില്‍നിന്ന് പിടിച്ചുകൊണ്ടുവരുന്ന മുസ്ലിംകളെ പാര്‍പ്പിക്കാന്‍ രണ്ടു തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചപ്പോള്‍ ജര്‍മനി വശീകരണതന്ത്രങ്ങള്‍ എടുത്തുപയറ്റി. അവയ്ക്ക് താഴികക്കുടങ്ങളും മിനാരങ്ങളും നല്‍കി മുസ്ലിംകള്‍ക്ക് മതപരമായ സംതൃപ്തി പ്രദാനം ചെയ്യാന്‍ ശ്രമിച്ചു. തടവുകാര്‍ ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ വരെ നിയോഗിച്ചു. അഞ്ചുനേരത്തെ നിസ്‌കാരം മുറ തെറ്റാതെ പൂര്‍ത്തിയാക്കുന്നതില്‍ ജര്‍മന്‍ ഉദ്യോഗസ്ഥരാണ് ശുഷ്‌കാന്തി കാട്ടിയതെന്ന് ചരിത്രകാരന്‍ റീന്‍ഹാര്‍ഡ് ബെര്‍ബെക്ക് രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരം രാഷ്ട്രീയപ്രചാരണത്തിന് പരമാവധി പ്രയോജനപ്പെടുത്തി. ജിഹാദ് എന്ന പേരില്‍ പത്രം ക്യാമ്പില്‍ വിതരണം ചെയ്തു. താത്താറിസ്ഥാനില്‍നിന്ന് 1,100പേരും 1,084 അറബികളും 49 ഇന്ത്യക്കാരും മാത്രമേ ജര്‍മന്‍ പക്ഷത്ത് പോരാടാന്‍ ഉണ്ടായിരുന്നുള്ളൂ. പദ്ധതി വിജയപ്രദമല്ലെന്ന് കണ്ടപ്പോള്‍ 15വര്‍ഷത്തിനുള്ളില്‍ പള്ളികളെല്ലാം പൊളിച്ചുമാറ്റി. യുദ്ധത്തടവുകാരെ റൊമാനിയയിലെ തൊഴില്‍ പാളയത്തിലേക്ക് ഓടിച്ചു. എന്നിട്ടും 2015ലെ കണക്കുപ്രകാരം 82ദശലക്ഷം ജനസംഖ്യയില്‍ അഞ്ചുദശലക്ഷം മുസ്ലിംകള്‍ ജര്‍മനിയില്‍ ബാക്കിയായി.

സയണസിറ്റ് ഗൂഢാലോചനയും സൈക്‌സ് -പീകോ വഞ്ചനയും
ഒന്നാം ലോകയുദ്ധം തുടങ്ങും മുമ്പേ ആഗോളതലത്തില്‍ ഒരു വന്‍ ഗൂഢാലോചന നടന്നുകഴിഞ്ഞിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം ആ ഗൂഢാലോചന പ്രയോഗവത്കരിക്കാനുള്ള കരുനീക്കങ്ങള്‍ മാത്രമാണെന്ന് കാണാം. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സയണിസം എന്ന തീവ്ര ജൂത ദേശീയപ്രസ്ഥാനം യൂറോപ്പില്‍ പൊട്ടിമുളക്കുന്നത് നൂറ്റാണ്ടുകളായി ഈ വിഭാഗം അനുഭവിച്ചുപോരുന്ന പീഡനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അന്ത്യം കാണാന്‍ സ്വന്തമായി ഒരു രാജ്യം എന്ന ആശയം ഉയര്‍ത്തിയാണ്. 1897ല്‍ ചേര്‍ന്ന ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസ് ഫലസ്തീനിലാവണം അങ്ങനെയൊരു രാജ്യമെന്ന് തീരുമാനിച്ചു. ഉസ്മാനിയ്യ ഖിലാഫത്തിന്റെ നിയന്ത്രണത്തിലായിരുന്നു അന്ന് ഫലസ്തീന്‍ എന്നോര്‍ക്കണം. സയണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ തിയോഡര്‍ ഹെര്‍സല്‍ ( Theodor Herzl ) 150ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് പകരം ഫലസ്തീന്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് പറഞ്ഞപ്പോള്‍, ഉസ്മാനിയ്യ ഖലീഫ അബ്ദുറഹ്മാന്‍ രണ്ടാമന്‍ നിര്‍ദേശം അപ്പടി തള്ളി. എന്നിട്ടും പടിഞ്ഞാറന്‍ ശക്തികള്‍ തങ്ങളുടെ ഗൂഢാലോചനയില്‍നിന്ന് പിന്‍വാങ്ങിയില്ല. എന്നല്ല, ഓരോരോ പ്രദേശങ്ങള്‍ കീഴടക്കി ഓട്ടോമന്‍ സാമ്രാജ്യത്തെ ദുര്‍ബലമാക്കാന്‍ വിവിധ ക്രൈസ്തവശക്തികള്‍ അണിയറയില്‍ പദ്ധതികളാവിഷ്‌കരിച്ചു. ഇന്നും പശ്ചിമേഷ്യയെ പ്രശ്‌നകലുഷമാക്കി നിറുത്തുന്ന സങ്കീര്‍ണതകളുടെ തുടക്കം ഈ കാലഘട്ടത്തില്‍നിന്നാണ്. അന്നത്തെ കരുത്തുറ്റ കോളനിവാഴ്ചക്കാരായ ബ്രിട്ടനാണ് എല്ലാ കുതന്ത്രങ്ങള്‍ക്കും നെടുങ്കന്‍ വഞ്ചനകള്‍ക്കും പരസ്യമായോ രഹസ്യമായോ നേതൃത്വം കൊടുത്തത്. 2014ല്‍ ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോഴേക്കും തുര്‍ക്കിയില്‍ നാമമാത്രപദവി അലങ്കരിക്കുന്ന ഖലീഫയാണുണ്ടായിരുന്നത്. യുവതുര്‍ക്കികള്‍ എന്നറിയപ്പെടുന്ന , പടിഞ്ഞാറന്‍ മതേതരത്വവും വേഷവിധാനവും മറ്റും കടമെടുത്ത മൂന്നു പാഷമാര്‍, 1908തൊട്ട് സൈനിക സര്‍ക്കാരിന്റെ അധിപതികളായി രാജ്യം ഭരിക്കുന്നുണ്ടായിരുന്നു. 1888 മുതല്‍ ഈജിപ്തും 1857തൊട്ട് ഇന്ത്യയും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായിരുന്നു. ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ ഹിജാസിലെ ഗവര്‍ണര്‍ ശരീഫ് ഹുസൈനെ രംഗത്തിറക്കി അറബ് കലാപത്തിന് പ്രേരണ നല്‍കിയത് മറ്റൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഉസ്മാനിയ്യ ഖലീഫക്കെതിരെ കലാപം കൂട്ടാന്‍ അറബികളെ പ്രചോദിപ്പിക്കുകയായിരുന്നു തന്ത്രങ്ങളിലൊന്ന്. ഇതിനായി മക്ക ഗവര്‍ണര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി രഹസ്യധാരണയിലെത്തി. ഈ അന്തര്‍നാടകങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചത് നേരത്തെ സൂചിപ്പിച്ച കേണല്‍ തോമസ് എഡ്വേഡ് ലോറന്‍സ് ആയിരുന്നു. (അതെ, ലോറന്‍സ് ഇന്‍ അറേബ്യയിലെ ലോറന്‍സ് ) . യുദ്ധത്തിനു ശേഷം അറേബ്യന്‍ ഉപവന്‍കരയും സിറിയയും ഇറാഖും ചേര്‍ത്ത് സ്വന്തമായൊരു അറബ് ഭരണകൂടം നല്‍കാമെന്നായിരുന്നു ശരീഫ് ഹുസൈന് നല്‍കിയ വാഗ്ദാനം. അന്നത്തെ ഈജിപ്തിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ഹെന്‍ട്രി മക്‌മോഹനുമായി ശരീഫ് ഹുസൈന്‍ നടത്തിയ കത്തിടപാടുകള്‍ പരിശോധിച്ചാല്‍ അറിയാം അറബ് കലാപത്തിന്റെ ആസൂത്രിതനീക്കങ്ങള്‍. ‘അറബ് കലാപത്തിന്റെ പതാക’ ഉയരത്തില്‍ പറപ്പിക്കാനൊരുങ്ങുമ്പോഴേക്കും ചരിത്രത്തിന്റെ ഗതി മറ്റൊരു ദിശയിലൂടെ പൂര്‍ത്തിയാക്കുന്നുണ്ടായിരുന്നു.

യുദ്ധം തുടങ്ങിയപ്പോഴേക്കും രണ്ടു നയതന്ത്രപ്രതിനിധികള്‍, ബ്രിട്ടന്റെ മാര്‍ക്ക് സൈക്‌സും (Mark Sykes – 1879-1919) ഫ്രാന്‍സിന്റെ ഫ്രാന്‍സ്വാ ജോര്‍ജ് പീകോയും ( Francois Georges-Picot – 18791951 ) 2016 മെയ് 16ന് അതീവരഹസ്യമായി ഒരു ഉടമ്പടിയിലേര്‍പ്പെട്ടു. ചരിത്രപുസ്തകത്തില്‍ പിന്നീട് സൈക്‌സ്-പീകോ കരാര്‍ ( Sykes-Picot Agreement ) എന്നറിയപ്പെട്ട, വഞ്ചനയില്‍ കുതിര്‍ത്തിയെടുത്ത ഒരേട്. യുദ്ധാനന്തരം ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രവിശാലമായ ഭൂപ്രദേശങ്ങള്‍ ഓഹരി വെച്ചെടുക്കുന്നത് എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണിത്. യുദ്ധത്തിന് മുമ്പ് ബെയ്‌റൂത്തിലെ ഫ്രഞ്ച് കോണ്‍സല്‍ ജനറല്‍ ആയിരുന്നു പീകോ. 1917-19 കാലഘട്ടത്തില്‍ സിറിയയിലെയും ഫലസ്തീനിലെയും നയതന്ത്രപ്രതിനിധിയായി. മുഖ്യദൗത്യം ലബനാനിലെ മറോനൈറ്റ് ക്രിസ്ത്യാനികളുടെയും സിറിയയിലെ കത്തോലിക്കരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ യത്‌നിക്കുകയും ചെയ്യുക എന്നതുതന്നെ. ബാല്‍ക്കനിലേക്കും തുര്‍ക്കിയിലേക്കും ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധിയായി അവരോധിക്കപ്പെട്ട മാര്‍ക് സൈക്‌സ് ഫ്രാന്‍സുമായും സാറിസ്റ്റ് റഷ്യയുമായും ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് നിയോഗിക്കപ്പെട്ടു. ഉസ്മാനിയ്യ ഖിലാഫത്തിനെ ഖബറടക്കുന്ന വിഷയത്തില്‍ പശ്ചാത്യന്‍ ശക്തികള്‍ക്കിടയില്‍ അഭിപ്രായാന്തരം അശേഷമുണ്ടായിരുന്നില്ല. ബ്രിട്ടന്‍ നേരത്തെ തന്നെ ഈജിപ്ത്, കുവൈത്ത്, സുഡാന്‍ എന്നീ രാജ്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. അള്‍ജീരിയയും തുണീഷ്യയും ഫ്രാന്‍സിന്റെ ആധിപത്യത്തില്‍ കഴിഞ്ഞു. 1911 തൊട്ട് ലബനാന്‍ ഫ്രാന്‍സിന്റെ കോളനിയായി. ബ്രിട്ടീഷ്-ഫ്രഞ്ച് രഹസ്യകരാര്‍ പ്രകാരം ബഗ്ദാദ് മുതല്‍ കുവൈത്ത് വരെയുള്ള ഭൂപ്രദേശം ബ്രിട്ടന്റെ ആധിപത്യത്തിലായിരിക്കും. ഉത്തര ഇറാഖ്, ജോര്‍ദാന്‍, എന്നിവ ഉള്‍കൊള്ളുന്ന മേഖല ബ്രിട്ടന്റെ മേല്‍നോട്ടത്തിലും ആയിരിക്കും. ദക്ഷിണ ലബനാന്‍ തൊട്ട് മെര്‍സിന്‍, ഇസ്‌ക്കന്തൂര്‍, അദാന പ്രവിശ്യകള്‍ ഫ്രാന്‍സിന്റെ കടിഞ്ഞാണിലായിരിക്കും. ഉസ്മാനിയ്യ ജറുസലം ( ഫലസ്തീന്റെ വടക്കുഭാഗം) എല്ലാ ശക്തികള്‍ക്കും പ്രവേശനമുള്ള ‘ഇന്റര്‍നാഷനല്‍ സോണ്‍’ ആണ്. ഫലസ്തീന്റെ ഭാഗമായ ഹൈഫയും അക്‌റും ബ്രിട്ടീഷ് നിയന്ത്രണത്തിലായിരിക്കും. ഫലസ്തീന്റെ യഥാര്‍ത്ഥ പദവി പിന്നീട് തീരുമാനിക്കുമെന്നും കരാറില്‍ പറയുന്നു. 1917വരെ ഈ കരാര്‍ ലോകത്തിന്റെ കണ്ണില്‍നിന്ന് മറച്ചുപിടിക്കുകയായിരുന്നു. എല്ലാറ്റിനുമൊടുവില്‍, റഷ്യന്‍ വിപ്ലവത്തിനു ശേഷം ബോള്‍ഷവിക് കമ്യൂണിസ്റ്റ് നേതാവ് വ്‌ലാഡ്മിന്‍ ലെനിന്‍ ആണ് കരാറുമായി ബന്ധപ്പെട്ട രഹസ്യം പുറത്തുവിട്ടത്.

Kasim Irikkoor

You must be logged in to post a comment Login