യജമാനരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സികള്‍

യജമാനരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സികള്‍

ഭരണഘടനാ ശില്‍പികള്‍ സ്വപ്‌നേപി നിനച്ചതല്ലാത്തതാണെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയായുധമാണ്. ഏതെങ്കിലും നിര്‍ണായക ഘട്ടത്തില്‍ വലിയ ലക്ഷ്യങ്ങളോടെ രൂപീകരിക്കുന്ന ഭരണഘടനാ-ജനാധിപത്യ ഏജന്‍സികള്‍ അല്‍പം കഴിയുമ്പോഴേക്കും എല്ലാം മറന്ന് ഭരണകര്‍ത്താക്കളുടെ കോടാലിപ്പിടികളായി മാറുന്ന കാഴ്ച ! ജനാധിപത്യമെന്നത് കേവലം വോട്ടെടുപ്പുകളിലും അധികാരാസ്വാദനത്തിലും ഒതുങ്ങി, ജനായത്ത സ്ഥാപനങ്ങളെ ഞെരിഞ്ഞ് പിഴിഞ്ഞ്, ചണ്ടികളാക്കി വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കെട്ടഴിഞ്ഞുവീഴാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) , എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി), ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ, പരിശോധനാ സംവിധാനങ്ങളെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവന്നത് ഈ നൂറ്റാണ്ടിലാണ്. ഈ അപരാധത്തിന് ബി ജെ പിയെയോ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയോ മാത്രം കുറ്റപ്പെടുത്തുന്നത് സത്യസന്ധമാവില്ല. കോണ്‍ഗ്രസിന്റെ നല്ല കാലത്ത് ദേശീയ ഏജന്‍സികളെ കയറൂരി വിട്ട് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാനും ജനാധിപത്യത്തെ ഗളച്ഛേദം നടത്താനും ഒരുമ്പെട്ടതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങള്‍ തന്നെ വഷളാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയ എത്രയോ അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. ഇപ്പോള്‍ കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികള്‍ വന്ന് ഇവിടെ സൃഷ്ടിക്കുന്ന പുകമറയും നിഴല്‍യുദ്ധവും ആസൂത്രിതമായ ചില രാഷ്ട്രീയ നീക്കങ്ങളും വേണ്ടവിധം ചര്‍ച്ചാവിഷയമാവാത്തത് ഇത്തരം നീക്കളുടെ പിന്നിലെ അന്തര്‍ധാര യഥാവിധി മനസിലാക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ അതിനു ശ്രമിക്കാത്തത് കൊണ്ടോ ആവാം.
കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളെ കുറിച്ച് ആഴത്തില്‍ പരിശോധിച്ചാല്‍ മനസിലാക്കാവുന്ന ഒരുകാര്യം ഈ കുളിമുറിയില്‍ എല്ലാവരും നഗ്‌നരാണ് എന്നതാണ്. സി ബി ഐയെ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’എന്ന് പരിഹസിച്ചത് സാക്ഷാല്‍ നരേന്ദ്രമോഡിയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ സംസ്ഥാന പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളുകയും ചില കോടതികള്‍ പ്രതികളെ ഒന്നടങ്കം വെറുതെ വിടുകയും ചെയ്തപ്പോള്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് സംസ്ഥാനം ഭരിക്കുന്ന ഹിന്ദുത്വ സര്‍ക്കാരിന് അശേഷം സഹിച്ചില്ല. വ്യാജ ഏറ്റുമുട്ടലില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്‍ കേസും ഇശ്‌റത്ത് ജഹാന്‍ കേസുമെല്ലാം ഉദാഹരണം. പ്രധാനമന്ത്രി മോഡിയും ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതികളായി വരുന്ന ഈ കേസുകളില്‍ സത്യസന്ധമായ അന്വേഷണം നടന്നുകൂടാ എന്ന് ആര്‍.എസ്.എസിന് നിര്‍ബന്ധമുണ്ടായിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഗുജറാത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സാഹചര്യമൊരുക്കിയപ്പോള്‍ മോഡി പറഞ്ഞു; രാജ്യത്തിന് ഈ ഏജന്‍സിയില്‍ അശേഷം വിശ്വാസമില്ലെന്ന്. രണ്ടാം യു പി എ സര്‍ക്കാരിന്റെ അന്ത്യനാളുകളില്‍ ഗുജറാത്തിന് എതിരെ സി ബി ഐയെ ഉപയോഗിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മോഡി രോഷാകുലനായി. ഇതേ മോഡിയുടെ കൈകളിലേക്ക് 2014ല്‍ ഡല്‍ഹി ചെങ്കോല്‍ എത്തിപ്പെട്ടപ്പോള്‍ രാജ്യത്തുടനീളം സി.ബി.ഐയെയും എന്‍. ഐ.എയെയും ഉപയോഗിച്ച് രാഷ്ട്രീയഅട്ടിമറികളും കുതികാല്‍ വെട്ടും നടത്തി! 2014ല്‍ ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതുമുതല്‍ ക്രമസമാധാനം തകരുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡക്കെതിരെ സി ബി ഐയെ രംഗത്തിറക്കി. ഖനി മുതലാളിമാരില്‍നിന്ന് സ്വന്തം ട്രസ്റ്റിലേക്ക് കോടികള്‍ വാരിക്കൂട്ടിയ കേസില്‍ കര്‍ണാടക ബി.ജെ.പി നേതാവ് യെദ്യൂരപ്പക്കെതിരെ സി ബി ഐ നടത്തിയ അന്വേഷണത്തില്‍ അപരാധിത്വം തെളിഞ്ഞിട്ടും കോടതി വെറുതെവിട്ടു. അതിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. അതേസമയം ബൊഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയതിന് യാതൊരു തെളിവുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിട്ടും 13വര്‍ഷമാണ് ബി ജെ പി മണ്‍മറിഞ്ഞ കോണ്‍ഗ്രസ് നേതാവിന്റെ പിറകെ കൂടിയത്. പശ്ചിമബാംഗാളില്‍ സി ബി ഐ ഓഫീസര്‍മാര്‍ വന്നിറങ്ങിയപ്പോള്‍ മമതയുടെ പൊലീസ് അവരെ അറസ്റ്റ്‌ചെയ്യുന്ന വിചിത്രമായ കാഴ്ച നാം കണ്ടു. ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങള്‍ സി ബി ഐയോട് ഇങ്ങോട്ട് വരേണ്ട എന്ന് മുന്നറിയിപ്പ് നല്‍കി. ഹിമാചല്‍ പ്രദേശില്‍ മുന്‍മുഖ്യമന്ത്രി വീര ഭദ്രസിങ്ങിനെ കേന്ദ്രഏജന്‍സി വേട്ടയാടി.
2004ല്‍വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ജനരോഷം ഏറ്റുവാങ്ങിയത് അഴിമതിയില്‍ മുങ്ങിത്താണത് കൊണ്ടായിരുന്നു. 2ജി സ്‌പെക്ട്രം കേസും കല്‍ക്കരിപ്പാടം കേസുമാണ് യു പി എ ഭരണത്തിന് അന്ത്യം കുറിച്ചത്. മാധ്യമങ്ങള്‍ ‘കോള്‍ഗേറ്റ്’ കേസ് എന്ന വിശേഷിപ്പിച്ച കല്‍ക്കരിപ്പാടം വീതംവെപ്പ് കേസില്‍ സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് ആര്‍.എം ലോധ, തിങ്ങിനിറഞ്ഞ കോടതിമുറിയില്‍, അറ്റോണി ജനറലിന്റെ മുഖത്ത് നോക്കി പറഞ്ഞു: സി ബി ഐ കൂട്ടിലടച്ച തത്തയാണ്; അത് കേള്‍ക്കപ്പിക്കുന്നത് യജമാനന്റെ ശബ്ദമാണ്! 1990കളില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ കള്ളക്കേസുണ്ടാക്കി രാഷ്ട്രീയ അട്ടിമറിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ സി ബി ഐ മേധാവി യോഗേന്ദര്‍ സിംഗിന് മനഃസ്സാക്ഷിയുടെ വിളികേട്ട് സ്ഥാനമൊഴിഞ്ഞുപോവേണ്ടിവന്നു. കേന്ദ്ര ഏജന്‍സി അമിതാധികാരം നടപ്പാക്കി ഡല്‍ഹി ഭരിക്കുന്നവരുടെ രാഷ്ട്രീയ എതിരാളിയെ ഉന്മൂലനം ചെയ്ത ആദ്യസംഭവമാണ് ബിഹാറിലേത്. ബി ജെ പിക്ക് ഇതുവരെ വേരിറക്കാന്‍ സാധിക്കാത്ത തമിഴ്‌നാട്ടില്‍ സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് റെയ്ഡുകളും അറസ്റ്റുകളും നടത്തി ഒരു വിഭാഗം എ ഐ എ ഡി എം കെയെ പാര്‍ട്ടിക്കൊപ്പം നിറുത്താന്‍ ബി ജെ പി നടത്തിയ ശ്രമങ്ങള്‍ ഡി എം കെ നേതാവ് സ്റ്റാലിനാണ് ചെറുത്തുതോല്‍പിച്ചത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയതില്‍ ക്ഷുഭിതരായ ഹിന്ദുത്വവാദികള്‍, 13 എം എല്‍ എമാരെ അറസ്റ്റ് ചെയ്യിക്കുകയും മുഖ്യമന്ത്രി കെജ്രിവാളിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിക്കുകയും ചെയ്തു. കെജ്രിവാളിനെ അഴിമതിക്കേസില്‍ കുടുക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടന്നത് സത്യസന്ധനായ ഒരു ഐ എ എസ് ഓഫീസറാണ് പുറത്തുവിട്ടത്. രാഷ്ട്രീയപ്രതിയോഗികളെ അടിച്ചിരുത്താനും വായ മൂടിക്കെട്ടാനും ഈ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും നൂറുദിവസത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചാണ് മോഡി സര്‍ക്കാര്‍ ചിദംബരത്തെ വളഞ്ഞുവെച്ച് ഭത്സിച്ചത്. മഹാരാഷ്ട്രയില്‍ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലിന് പിന്നാലെ ഭൂമിഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോയപ്പോള്‍ മറ്റൊരു ഭാഗത്ത് രാഷ്ട്രീയതികായന്‍ ശരത് പവാറിനെ മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് കുഭകോണവുമായി ബന്ധപ്പെട്ട് പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അണിയറനീക്കങ്ങള്‍ നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പവാറിനും മരുമകന്‍ അജിത് പവാറിനും ഒട്ടനവധി പാര്‍ട്ടിനേതാക്കള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയത്. രാഷ്ടീയ കാവ്യനീതി എന്നേ പറയേണ്ടൂ; 2004തൊട്ട് 2011വരെ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ അജണ്ടയ്ക്കായി ദുരുപയോഗം ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരിന് നേതൃത്വം കൊടുത്ത അതേ മന്‍മോഹന്‍ സിംഗിന് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പരസ്യമായി രംഗത്തുവരേണ്ടിവന്നു. ഇ ഡിക്ക് മുമ്പത്തെക്കാള്‍ അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് രാഷ്ട്രീയ പകപോക്കാനാണ് നീക്കമെങ്കില്‍ തങ്ങള്‍ നേരിടുമെന്നും സിംഗ് ഭീഷണിപ്പെടുത്തിയെങ്കിലും മോഡി- അമിത്ഷാ പ്രഭൃതികള്‍ കുലുങ്ങിയില്ല.

കേരളത്തില്‍ സംഭവിച്ചത്
ഈ പശ്ചാത്തലത്തില്‍ വേണം നയതന്ത്രബാഗേജിലൂടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലൈ അഞ്ചിന് എത്തിയ 30കി.ഗ്രാം സ്വര്‍ണം പിടികൂടപ്പെട്ടപ്പോള്‍ അതുയര്‍ത്തിവിട്ട രാഷ്ട്രീയവിവാദങ്ങള്‍ സൃഷ്ടിച്ച സ്‌തോഭജനകമായ അന്തരീക്ഷം വിശകലനം ചെയ്യേണ്ടതും വിഷയത്തില്‍ ഇടപെട്ട കേന്ദ്ര ഏജന്‍സികളുടെ ഭാഗഭാഗിത്തം അപഗ്രഥിക്കപ്പെടേണ്ടതും. ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തി എന്ന വാര്‍ത്തയോടൊപ്പം കേരളം ശ്രവിച്ചത് കള്ളക്കടത്തായി വന്ന സ്വര്‍ണം ഏറ്റുവാങ്ങിയ മൂന്നുപേരുകളാണ്. ഇവര്‍ക്ക് തന്റെ പ്രിന്‍സിപ്പല്‍ – ഐ ടി സെക്രട്ടറിയുമായി സമ്പര്‍ക്കമുണ്ടെന്ന് ഫോണ്‍ലിസ്റ്റില്‍നിന്ന് വെളിപ്പെട്ട നിമിഷം, സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറന്നെത്തുന്നു. സ്വപ്ന സുരേഷ് എന്ന പ്രതി മന്ത്രി കെ ടി ജലീലിനെ പലവട്ടം ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായപ്പോള്‍ എന്താവശ്യത്തിനാണ് അവരെ വിളിച്ചതെന്ന് മന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതുകൊണ്ട് മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുക സ്വാഭാവികമാണ്. എന്നാല്‍, പ്രതിപക്ഷവും ബി.ജെ.പിയും ഭൂരിഭാഗം വരുന്ന മാധ്യമങ്ങളും ചേര്‍ന്ന് ഈ വിഷയത്തെ വികൃതമായും വൈകാരികമായും അസത്യജഢിലമായും അവതരിപ്പിച്ചപ്പോള്‍ കേരളം കുട്ടിച്ചോറായി. കേന്ദ്രസര്‍ക്കാര്‍ അവസരം മുതലെടുത്ത് ഇടതുജനാധിപത്യചേരിക്കും പിണറായി വിജയനും എതിരായ പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങള്‍ക്കും അതുവഴി രാഷ്ട്രീയ അരാജകത്വത്തിനും വഴിയൊരുക്കിക്കൊടുത്തു. കുറെനാള്‍ കഴിഞ്ഞ് ഓര്‍മിച്ചെടുക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ടിവരുന്ന സംഭവങ്ങളാണ് ഇവിടെ ഉതിര്‍ന്നുവീണത്. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വിമാനമിറങ്ങിയ എന്‍ ഐ എ സ്വര്‍ണക്കടത്തിനു പിന്നിലെ കള്ളക്കടത്തുകാരെ പിടികൂടുന്നതിലല്ല, പ്രത്യുത സ്വര്‍ണം വിറ്റ് കിട്ടുന്ന കാശ് ഏത് ഇസ്ലാമിക ഭീകരവാദികളുടെ ഖജനാവിലേക്കാണ് പോകുന്നതെന്ന ചോദ്യത്തിന് ഉത്തരം കാണാനാണ് ശ്രമിച്ചത്. സ്വര്‍ണക്കടത്ത് കേരളതീരത്ത് മാത്രം നടക്കുന്ന ഒരു പ്രതിഭാസമല്ല. 1500കി.ഗ്രാം സ്വര്‍ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുജറാത്ത്തീരത്ത് കൊണ്ടിറക്കിയിരുന്നു. അതിനു പിന്നില്‍ ആരുടെ കരങ്ങളാണെന്നും ഏത് ഭീകരവാദ സംഘത്തിന്റെ കീശയിലേക്കാണ് അത് പോയതെന്നും അറിയാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല! കേരളത്തിലേക്ക് വിമാനം കയറും മുമ്പേ എന്‍.ഐ. എ അധികൃതര്‍ പറഞ്ഞു: ഭീകരവാദികളാണ് സ്വര്‍ണക്കടത്തിനു പിന്നിലെന്ന്. എവിടുന്ന് കിട്ടി ഈ രഹസ്യവിവരം? ഏത് ഭീകരവാദ സംഘത്തിനാണ് ആ പണം ലഭിച്ചത്?

കേന്ദ്ര ഏജന്‍സികള്‍ കേരളം കുട്ടിച്ചോറാക്കാനാണ് ഇവിടെ ഇറങ്ങിക്കളിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അറിയാം കേരളത്തിലെ പ്രമുഖമായ ഒരു ജ്വല്ലറിക്ക് ( ആര്‍ എസ് എസുമായി അടുപ്പമുള്ള) വേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്ന്. പക്ഷേ, ആ ദിശയില്‍ അന്വേഷണം മുന്നോട്ടുപോയില്ല. സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകന്‍ മുസ്ലിം ലീഗ് നേതാവിന്റെ അടുത്ത ബന്ധു റമീസ് മുഹമ്മദാണെന്നും തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദാണ് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം ഇങ്ങോട്ടേക്ക് അയച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയെങ്കിലും അന്വേഷണം ആ ദിശകളിലേക്ക് കൊണ്ടുപോവുന്നതില്‍ കുറ്റകരമായ അലംഭാവം കാണിച്ചു. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ യു.എ.ഇ അധികൃതരോടോ ഇന്റര്‍പോളിനോടോ ആവശ്യപ്പെട്ടില്ല. സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിനും കോണ്‍സല്‍ ജനറലിനും അറ്റാഷെ അടക്കമുള്ളവര്‍ക്കും പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും അവര്‍ക്ക് നാട്ടിലേക്ക് പറക്കാന്‍ തടസ്സമൊന്നുമുണ്ടായില്ല! ഇതിനര്‍ഥം സ്വര്‍ണക്കടത്തിന് അന്ത്യം കാണുന്നതിലല്ല, രാഷ്ട്രീയം കളിക്കുന്നതിലും ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുമാണ് കേന്ദ്ര ഏജന്‍സികള്‍ ഊന്നല്‍ നല്‍കിയതെന്നാണ്. സ്വര്‍ണക്കടത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍, പ്രതിപക്ഷം കണ്ടുപിടിച്ച മാര്‍ഗം യു.എ.ഇ കോണ്‍സുലേറ്റ് ഇവിടെ വിതരണം ചെയ്യാന്‍ മന്ത്രി കെ.ടി ജലീലിനെ ഏല്‍പിച്ച 1000 റമളാന്‍ കിറ്റും 32പാക്കറ്റ് ഖുര്‍ആന്‍ പ്രതികളും കൊണ്ടുവന്നതിനു പിന്നിലെ ‘ഭരണഘടനാവിരുദ്ധതയും’ പ്രോട്ടോകോള്‍ ലംഘനവും ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന മഹാഅപരാധമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിവേകശൂന്യമായ മുറവിളികളാണ്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തി എന്ന ഗുരുതരമായ ആരോപണം സമുദായനേതാക്കള്‍ പോലും നിയമസഭയുടെ അകത്തളത്തില്‍ ഉന്നയിക്കാന്‍ ഉദ്യുക്തരായി. 2017കാലം തൊട്ട് ഇവിടെ ഇറക്കുമതി ചെയ്ത ഈത്തപ്പഴത്തില്‍ കുരുവായിരുന്നില്ല, കള്ളക്കടത്ത് സ്വര്‍ണമായിരുന്നുവെന്ന് തട്ടിവിടാന്‍ പോലും ഉത്തരവാദപ്പെട്ട സമുദായനേതാക്കള്‍ മുന്നോട്ടുവന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം പിരിമുറുക്കത്തിലാക്കി. എന്നാല്‍, ഈ വിഷയം വളരെ സ്‌തോഭജനകമായി അവതരിപ്പിക്കാനും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുമാണ് കേന്ദ്ര ഏജന്‍സികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഒരു സാക്ഷി എന്ന നിലയില്‍ ജലീലിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റും എന്‍ ഐ എയുമൊക്കെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ആരും പറഞ്ഞില്ല കാവിരാഷ്ട്രീയമാണ് ഇതിന്റെയൊക്കെ പിന്നിലെന്ന്. ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ജലീലിനെ പോലുള്ള ഒരാളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍, ‘ഭീകരവാദികളുടെ താവളമായി’ ആര്‍ എസ് എസ് എന്നോ പ്രചരിപ്പിക്കുന്ന നമ്മുടെ നാട്ടിലെ ഏത് ന്യൂനപക്ഷനേതാവിനെയാണ് പിടികൂടാന്‍ ഭയപ്പെടേണ്ടത്?

സ്വര്‍ണക്കടത്തും ഖുര്‍ആന്‍ ‘കടത്തും’ ഉയര്‍ത്തിയ വിവാദം ഒരുപക്ഷേ അധികം വൈകാതെ കെട്ടടങ്ങാം. എന്നാല്‍ അതിന്റെ പേരില്‍ മോഡിയുടെ കാലാള്‍പ്പട ഇവിടെ അഴിച്ചുവിട്ട രാഷ്ട്രീയ പ്രഹേളികയുടെ അനുരണനങ്ങള്‍ പെട്ടെന്നൊന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ നിലവിലെ സന്തുലനം തെറ്റിച്ച് തങ്ങളുടെ സാന്നിധ്യം അറിയിക്കണമെന്ന് ലക്ഷ്യമിടുന്ന ‘മത രാഷ്ട്രീയവാദി’കള്‍ ഇറങ്ങിക്കളിക്കുകയും അവരുടെ മീഡിയ സേവനം ആര്‍ എസ് എസ് അടക്കമുള്ള ശക്തികള്‍ക്ക് ദാനം ചെയ്തതുമാണ് വിഷയം ഇത്രക്കും കോലാഹലമയമാക്കിയത്. വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ സത്യസന്ധമായ വിലയിയിരുത്തലുകള്‍ക്ക് ശ്രമിച്ചാല്‍, സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും എന്‍ ഐ എയെയും ഉപയോഗിച്ച് കാവിരാഷ്ട്രീയത്തിന് ഇവിടെ ആഴത്തില്‍ വേരൂന്നാന്‍ നടത്തിയ പാഴായ ശ്രമങ്ങളുടെ ആകെത്തുകയാണ് സ്വര്‍ണക്കടത്ത് വിവാദമെന്ന് കാണാം. കേരളം വിഴുങ്ങാന്‍ എത്തിയ അധിനിവേശ ഏജന്‍സികളെ കുറിച്ച് കേവല ധാരണപോലും ഇല്ലാതെ പോയ പ്രതിപക്ഷ രാഷ്ട്രീയനേതൃത്വം അധികം വൈകാതെ തങ്ങളുടെ രാഷ്ട്രീയ മണ്ടത്തരം തിരിച്ചറിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login