രിസാലതിന്റെ അര്‍ഥവും വ്യാപ്തിയും

രിസാലതിന്റെ അര്‍ഥവും വ്യാപ്തിയും

തൗഹീദ് അഥവാ ഏകദൈവികതയിലുള്ള വിശ്വാസം കഴിഞ്ഞാല്‍ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രവാചകത്വത്തിലുള്ള വിശ്വാസമാണ്. തൗഹീദ് വിശ്വാസകാണ്ഡത്തിന് ആധാരമായിരിക്കുന്നതു പോലെ പ്രവാചകത്വത്തിലുള്ള വിശ്വാസം കര്‍മജീവിതത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു. പ്രവാചകത്വം എന്നതിന് സാങ്കേതികമായി നുബുവ്വത് എന്നാണു പറയുന്നത്. വിവരമറിയിക്കല്‍ എന്നോ പ്രവചിക്കല്‍ എന്നോ ആണ് അതിന്റെ ഭാഷാര്‍ഥം. പ്രവാചകന്‍ എന്ന് ഭാഷാന്തരം ചെയ്യുന്നത് നുബുവ്വത്തില്‍ നിന്നു നിഷ്പന്നമാകുന്ന നബി എന്ന പദത്തെയാണ്. എന്നാല്‍ ഈ പദത്തിന്റെ കേവല അര്‍ഥപരിധിയിലൊതുങ്ങുന്നതല്ല പ്രവാചകത്വം. കാരണം തീര്‍ത്തും ദൈവദത്തമായതും മനുഷ്യപ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്തതുമായ അത്യുത്തമ പദവിയാണ് പ്രവാചകത്വം. പ്രപഞ്ചനാഥന്റെ തിരഞ്ഞെടുപ്പാണത്. അല്ലാഹുവില്‍നിന്നുള്ള വഹ്യ് അഥവാ ദിവ്യബോധനം നല്‍കപ്പെട്ടവര്‍ എന്നാണ് മതപരമായ വിവക്ഷ.
പ്രവാചകന്മാരില്‍ ചിലര്‍ക്ക് തങ്ങള്‍ക്കു ലഭ്യമായ മാതൃകാ ജീവിതത്തിന്റെ അധ്യയനം ബാധ്യതയായി ഏല്‍പിക്കപ്പെട്ടിട്ടുണ്ട്. പ്രബോധനപരമായ ഈ ദൗതൃത്തെ കുറിക്കുന്നതിനു രിസാലത്ത് എന്ന പദമാണ് ഉപയോഗിക്കുന്നത്. ഭാഷയില്‍ സന്ദേശം, ദൂത് എന്നെല്ലാമാണ് അതിനര്‍ഥം. ഏതെങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശമെത്തിക്കുന്നയാളെ റസൂല്‍ എന്നു വിളിക്കാം. സാങ്കേതികമായി, അല്ലാഹുവില്‍നിന്ന് മാനവസഞ്ചയത്തിനുള്ള സന്ദേശവുമായി ആഗതരാവുകയും അവന്റെ മാര്‍ഗത്തിലേക്ക് അവരെ അധ്യയനം ചെയ്തു മാര്‍ഗദര്‍ശനം നടത്തുകയും ചെയ്യുന്നയാളെയാണ് റസൂല്‍ എന്നു വിളിക്കുന്നത്. അയക്കപ്പെട്ടവന്‍ എന്നര്‍ഥമുള്ള മുര്‍സല്‍ എന്ന പദത്തിന്റെ വിവക്ഷയും ഇതു തന്നെ. എല്ലാ നബിമാരും റസൂല്‍ ആകുന്നില്ല എന്നര്‍ത്ഥം. എന്നാല്‍ എല്ലാ റസൂലുമാരും നബിമാരായതിനാല്‍, സാധാരണ ഗതിയില്‍ മലയാളത്തില്‍ വ്യാപകമായി പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നത് ഇരു വിഭാഗത്തില്‍ പെട്ടവരെയും മൊത്തത്തില്‍ ഉദ്ദേശിച്ചാണ്. ഇലാഹിയ്യായ വെളിപാടിന്റെ വെളിച്ചത്തില്‍ ശരിയായ ജീവിതരീതി മാതൃകാപരമായ ചര്യകളിലൂടെയും വിശുദ്ധവചനങ്ങളിലൂടെയും പഠിപ്പിക്കുകയും അങ്ങനെ സാധുവായ ജീവിതദര്‍ശനം പ്രായോഗികമായി അവതരിപ്പിക്കുകയുമാണ് ഈ പ്രവാചകന്മാര്‍ ചെയ്തിട്ടുള്ളത്.

പ്രവാചകത്വത്തിന്റെ അനിവാര്യത
മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിനു ഒരു ദിവ്യബോധനത്തിന്റെ ആവശ്യകതയെന്താണ്, മനസാക്ഷി തന്നെ അതിനു പര്യാപ്തമാണല്ലോ എന്ന് ചിന്തിക്കുന്നവരുണ്ട്. വ്യക്തിജീവിതത്തില്‍ ഒരു പരിധി വരെ അതു ശരിയായിരിക്കാം, നന്മതിന്മകള്‍ വേര്‍തിരിച്ചറിയാന്‍ ആവശ്യമായ അടിസ്ഥാനബോധനം എല്ലാ മനുഷ്യര്‍ക്കും നല്‍പ്പെട്ടിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു. ‘മനസ്സും അതിനെ തികവാര്‍ന്നതാക്കിയതും സാക്ഷി. അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധനവും അവന്‍ നല്‍കി, തീര്‍ച്ചയായും ആരതിനെ സംസ്‌കരിച്ചുവോ അവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു (അശ്ശംസ് : 7-10). എന്നാല്‍, സാമൂഹിക ജീവിതം നിരപായം മുന്നോട്ടു പോകുന്നതിനു മനസ്സാക്ഷിയുടെ ബോധനവും ഉള്‍വിളിയും മാത്രം മതിയാകില്ല. അതിനാല്‍ ഓരോ മേഖലയിലും മാര്‍ഗദര്‍ശനം നല്‍കാന്‍ പ്രാപ്തരായവരുടെ നിര്‍ദ്ദേശങ്ങളും തത്വങ്ങളും അനുസരിക്കുവാന്‍ മനുഷ്യന്‍ എന്നും സന്നദ്ധരായിട്ടുണ്ട്. ഗുരുക്കള്‍, കുടുംബ, ഗോത്ര, രാഷ്ട്രാദികളുടെ തലവന്മാര്‍, പണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു പോരുന്നത് അതുകൊണ്ടാണല്ലോ. എന്നാല്‍, മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും ആത്യന്തിക ജീവിതവിജയത്തിനു പാകമാകുന്ന വിധത്തില്‍ ചിട്ടപ്പെടുത്താന്‍ പ്രവാചക സന്ദേശം കൂടിയേ തീരൂ.
പ്രവാചകത്വം അനിവാര്യമാകുന്നതിനുള്ള അഞ്ചു ന്യായങ്ങള്‍ ഇമാം മാവര്‍ദി റ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഒന്ന്: അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ആവശ്യമായ നന്മകളും ഗുണങ്ങളും യഥാവിധി നല്‍കി അനുഗ്രഹിക്കുന്നു. മനുഷ്യധിഷണക്കു പ്രാപ്യമല്ലാത്ത വിഷയങ്ങളും പാഠങ്ങളും പ്രവാചകനിയോഗം മുഖേന മനുഷ്യര്‍ക്കു കൈവരുന്നു. മാനവതയ്ക്ക് അതിന്റെ സൃഷ്ടികര്‍ത്താവ് ചെയ്യുന്ന ഏറ്റവും ഉദാത്തമായ ഒരു അനുഗ്രഹമാണത്.
രണ്ട്: സത്യസന്ധരും വിശ്വസ്തരും നിസ്വാര്‍ത്ഥരുമായ പ്രവാചകന്മാര്‍ മാതൃകാ പുരുഷന്മാരായി ജീവിക്കുകയും സ്വര്‍ഗത്തെക്കുറിച്ച് സുവിശേഷവും നരകത്തെ കുറിച്ച് താക്കീതും നല്‍കുകയും ചെയ്യുന്നതിനാല്‍ നന്മ പ്രവര്‍ത്തിച്ചു രക്ഷ നേടുന്നതിനും തിന്മയില്‍ നിന്നകന്നു മോക്ഷം നേടാനും സാഹചര്യമുണ്ടാകുന്നു. സൃഷ്ടികള്‍ക്ക് അനായാസേന നന്മയോടിണങ്ങാനും സത്യം സ്വീകരിക്കാനും ഇതവസരമൊരുക്കുന്നു.

മൂന്ന്: ഭൗതികാതീതമായ അനേകം സംഗതികള്‍ സാമാന്യ ബുദ്ധിക്കു ഒരു വിധേനയും വഴങ്ങാത്തതും ഗ്രഹിക്കാനാകാത്തതുമാണ്. പ്രവാചകന്മാരിലൂടെയല്ലാതെ അവ അറിയാന്‍ കഴിയുകയില്ല.

നാല്: അല്ലാഹു മാത്രമാണ് ഇലാഹ് എന്ന വസ്തുത അവനെ അനുസരിക്കുന്ന ഒരു ജീവിതക്രമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. അതു നല്‍കാന്‍ മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച അല്ലാഹുവിനെക്കാള്‍ യോഗ്യനായി മറ്റാരുമില്ല. അല്ലാഹുവില്‍നിന്ന് ആ ഉത്തരവാദിത്തം ജനങ്ങളിലേക്കെത്തിക്കുന്ന ദൂതന്മാരത്രേ പ്രവാചകന്മാര്‍. മനുഷ്യന്റെ മാര്‍ഗ ദര്‍ശനത്തിനായി അവന്റെ തീരുമാനമാണത്.

അഞ്ച്; തുല്യമായ യോഗ്യതയും സവിശേഷതയുമുള്ളവരെ അനുസരിക്കാനും പിന്‍പറ്റാനും പൊതുവെ ആരും സന്നദ്ധരാവുകയില്ല. അതിനാല്‍ പ്രപഞ്ച നാഥന്‍ തന്നെ പ്രത്യേകമായി തെരഞ്ഞെടുത്ത സംശുദ്ധരും ഉത്തമ വ്യക്തിത്വങ്ങളുമായ പ്രവാചകന്മാര്‍ മുഖേന അവനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ മനുഷ്യരെ ഏകോപിപ്പിക്കാനും മതവിശ്വാസത്തിന്റെ കീഴില്‍
അണിനിരത്താനും സാധിക്കും. അങ്ങനെ പ്രവാചകന്മാര്‍ മുഖേനയുള്ള നന്മയും അനുഗ്രഹവും സര്‍വ വ്യാപകമാകുന്നു. ഇങ്ങനെ സാധ്യമാകുന്ന
ഏകോപനം മാത്രമായിരിക്കും സാര്‍വത്രികമായ ഐക്യം സാധ്യമാക്കുക. തര്‍ക്കത്തിന്റെയും പിണക്കത്തിന്റെയും പ്രതിരോധവും തീര്‍പ്പും ഈ പ്രവാചകന്മാരിലൂടെ സാധ്യമാകുന്നു (ആശയ വിവര്‍ത്തനം, അഅ്‌ലാമുന്നുബുവ്വ, പേ. 54, 55).

പലപ്പോഴായി പല ദേശത്തും ജനനായകരായി വന്ന, പ്രവാചകന്മാരല്ലാത്ത ധാരാളം പേര്‍ സ്വന്തമായി ചില ആരാധനാരീതികളും വിശ്വാസപ്രമാണങ്ങളും സാമൂഹിക നിയമങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍, മിക്കപ്പോഴും അവയൊന്നും യുക്തിഭദ്രമോ സത്യസന്ധമോ ആയിരുന്നില്ല. പലപ്പോഴും സത്യവും അസത്യവും കൂടിക്കലര്‍ന്നു കിടന്നു. മാനവസമൂഹത്തിന്റെ നേതൃത്വത്തിലേക്കു വന്ന അത്തരം നേതാക്കളില്‍നിന്നും പ്രവാചകന്മാര്‍ എങ്ങനെ വ്യത്യസ്തരാകുന്നു എന്ന കാര്യം ഈ വിശദീകരണത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. പ്രധാനമായും പ്രവാചകന്മാരുടെ പക്കലുള്ള ജഞാനോപാധി സാധാരണക്കാര്‍ക്കില്ല. വഹ്യ് അഥവാ ദിവ്യബോധനമാണ് പ്രവാചക ജ്ഞാനത്തിന്റെ സ്രോതസ്സ്. അതിനാല്‍ ദൈവത്തെകുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചും അവനെ അനുസരിക്കേണ്ടതിന്റെ രീതിശാസ്ത്രത്തെ കുറിച്ചും ഏറ്റവും ആധികാരികമായ വിജ്ഞാനം നമുക്ക് നല്‍കാന്‍ പ്രവാചകന്മാര്‍ക്ക് മാത്രമാണ് സാധിക്കുക. എത്രതന്നെ വിചാരമതിയായിരുന്നാലും ധൈഷണികൗന്നത്യം പുലര്‍ത്തിയാലും അതിഭൗതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ചു കൃത്യവും വ്യക്തവുമായ ധാരണയിലെത്താന്‍ മനുഷ്യനു സാധിക്കുകയില്ല. എന്നാല്‍ വഹ്യ് എന്ന അതീന്ദ്രിയ വഴിയിലൂടെ നല്‍കപ്പെടുന്ന വിജ്ഞാനം ലൗകികവും പാരത്രികവുമായ സമസ്ത വിഷയങ്ങളിലും നീതിയുക്തവും ധര്‍മനിഷ്ഠവും സന്തുലിതവുമായ ചര്യകളെ ആവിഷ്‌കരിക്കാനും പ്രബോധനം ചെയ്യാനും ദൂതന്മാരെ സജ്ജരാക്കുന്നു. അങ്ങനെ മനുഷ്യ സൃഷ്ടിയുടെ പ്രകൃതം ഏറ്റവും നന്നായി അറിയാവുന്ന സൃഷ്ടികര്‍ത്താവ് തന്നെ അതിന്റെ ലക്ഷ്യത്തിനും താല്പര്യത്തിനും അനുയോജ്യമായ ജീവിതചര്യയുടെ സംസ്ഥാപനം സാധ്യമാക്കുന്നു. പ്രവാചകരിലൂടെ അവതരിപ്പിക്കപ്പെടുന്ന ദര്‍ശനത്തിന്റെ
അസ്സല്‍രൂപം പൂര്‍ണമായും ഇലാഹിപരമാണ് എന്ന് ചുരുക്കം. മനുഷ്യ ജ്ഞാനത്തിന്റെ പരിമിതികള്‍ അതിനെ ഒരു തരത്തിലും ബാധിക്കുന്നില്ല,

പ്രവാചകത്വവും അവതാര സങ്കല്‍പ്പവും
സെമിറ്റിക് മതങ്ങളെല്ലാം പ്രവാചകന്മാരെ അംഗീകരിക്കുന്നുണ്ട്. ഇതര ദര്‍ശനങ്ങളും സമീപനത്തിലും വിശദാംശങ്ങളിലും വ്യത്യാസങ്ങളും വൈജാത്യങ്ങളും പ്രകടമാണെങ്കിലും താത്വികമായി പ്രവാചകത്വത്തെ അംഗീകരിക്കുന്നുണ്ടെന്നു പറയാം. ദൈവസങ്കല്‍പത്തിലും മാലാഖമാരെ കുറിച്ചുള്ള വിഭാവനകളിലുമെന്നതു പോലെ ഇക്കാര്യത്തിലും വളരെയധികം വ്യത്യസ്തമാണ് സെമിറ്റിക്കേതര മതങ്ങളുടെ വിശ്വാസ സങ്കല്‍പങ്ങള്‍. നമ്മുടെ സാംസ്‌കാരിക പരിസരത്ത് പ്രസക്തമായതിനാല്‍ ഹിന്ദുമതത്തിലെ അവതാര സങ്കല്‍പം മാത്രം ഉദാഹരിക്കാം. ദൈവികമായ ധര്‍മസംസ്ഥാപനം നിര്‍വഹിക്കാനാണ് അവതാരങ്ങള്‍ വരുന്നത്. ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് നടത്തുന്ന ഒരു ഉപദേശത്തില്‍നിന്ന് ധര്‍മസംസ്ഥാപനാര്‍ഥം ഓരോ യുഗത്തിലും ചില പുണ്യാത്മാക്കളുടെ ആഗമനം ഉണ്ടാകും എന്ന സങ്കല്‍പമുണ്ടായിരുന്നെന്ന് മനസ്സിലാക്കാവുന്നതാണ്. കാലാകാലങ്ങളില്‍ ഇത്തരം നിയോഗങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കും. ആകെ എത്ര അവതാരങ്ങള്‍ വന്നുവെന്നും ആരെല്ലാമായിരുന്നുവെന്നും ഹൈന്ദവ ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുണ്ട്.
തത്വത്തില്‍ അടുപ്പമുണ്ടെങ്കിലും അവതാര സങ്കല്‍പവും പ്രവാചകത്വവും തമ്മില്‍ വ്യക്തമായ അന്തരമുണ്ട്. ധര്‍മസംസ്ഥാപനം എന്ന ലക്ഷ്യത്തില്‍ മാത്രമാണ് സാമ്യത. അവതാര സങ്കല്‍പ്പത്തില്‍ ദൈവം തന്നെ ശരീരം സ്വീകരിക്കുക അല്ലെങ്കില്‍ പരകായ പ്രവേശം നടത്തുക എന്ന ആശയം ഉള്‍ക്കൊണ്ടിരിക്കുന്നു. ഇത് ഇസ്ലാം അധ്യയനം ചെയ്യുന്ന ഇലാഹീ സങ്കല്‍പ്പത്തിനു കടകവിരുദ്ധമാണ്. അല്ലാഹു എല്ലാ അര്‍ത്ഥത്തിലും പ്രപഞ്ചത്തിനു അതീതനാണ്. എല്ലാ പ്രതിരൂപങ്ങള്‍ക്കും ബിംബങ്ങള്‍ക്കും അതീതനാണവന്‍: ‘അവനാകട്ടെ അവരുടെ വര്‍ണനകള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രേ ‘ (അല്‍അന്‍ആം: 100).

നബിമാര്‍ ദൈവങ്ങളാണെന്നോ ദിവ്യത്വമുള്ളവരാണെന്നോ ഉള്ള വിശ്വാസ സങ്കല്പങ്ങളോട് ഇസ്ലാം വിയോജിക്കുന്നു എന്നു പറഞ്ഞല്ലോ. പ്രത്യുത, അവരും മനുഷ്യരാണ്. എല്ലാ സെമിറ്റിക് വേദങ്ങളും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് വൃക്തമാക്കിയിട്ടുള്ളത്. ദൈവപുത്രനെന്ന് പില്‍ക്കാലത്തു തെറ്റിദ്ധരിപ്പിക്കപ്പെട്ട യേശുക്രിസ്തു അഥവാ, ഈസാനബി (അ) നേരത്തെ തന്നെ ഇതിനെതിരെ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. യഹൂദന്മാര്‍ പിടിവാശിയും മത്സരവും അവിശ്വാസവും പ്രകടിപ്പിക്കുകയും തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, ‘താന്‍ വന്നത് വെറുമൊരു മനുഷ്യനായിട്ടാണ്’ എന്ന് യേശു പറയുന്നത് യോഹന്നാന്‍ സുവിശേഷം ഉദ്ധരിച്ചിട്ടുണ്ട്. ‘ദൈവത്തില്‍ നിന്നു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു (8: 40). ‘അവന്‍ (അല്ലാഹു) ആരുടെയും പിതാവുമല്ല; പുത്രനുമല്ല’ (അല്‍ഇഖ്‌ലാസ് – 3) എന്നു പറഞ്ഞു കൊണ്ട് ഖുര്‍ആനും ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്, ‘അങ്ങ് പറയുക! തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ എനിക്കു ദിവ്യസന്ദേശം നല്‍കപ്പെടുന്നു'(അല്‍കഹ്ഫ്) എന്നു പറയാന്‍ റസൂലിനോട് (സ്വ) ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു.

ദൈവവും പ്രവാചകനും തമ്മിലുള്ള ബന്ധം അടിമ-ഉടമ ബന്ധമത്രേ. പ്രവാചകന്മാരുടെ ഏറ്റവും വലിയ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍ പല തവണ എടുത്തു പറഞ്ഞത് അവര്‍ ‘ഇബാദ്’ അതായത് അടിമകള്‍ ആണ് എന്നാണ്. റസൂലിന്റെ (സ്വ) മഹദ്ജീവിതത്തില്‍ അല്ലാഹു രാപ്രയാണവും വാനാരോഹണവും നടത്തിച്ച സംഭവം ഖുര്‍ആന്‍ പതിനേഴാം അധ്യായത്തിന്റെ ആരംഭത്തില്‍ വിവരിച്ചിട്ടുണ്ട്. റസൂലിന്റെ(സ്വ) ഉത്തമ വിശേഷണം പറയേണ്ട ആ സന്ദര്‍ഭത്തിലും അവിടുന്ന് ‘അബ്ദ്’ ആണെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്നത് എന്ന് പ്രത്യേകം വ്യക്തമാക്കുന്ന ഉപാധികള്‍ ചേര്‍ക്കാതെ എവിടെ ‘അബ്ദ്’ വന്നാലും അത് റസൂലിനെ (സ്വ) കുറിച്ചാണ് എന്നാണു വ്യാഖ്യാതാക്കളുടെ പക്ഷം. യേശു ക്രിസ്തുവിനെ കുറിച്ചും ബൈബിളില്‍ പലവുരു അദ്ദേഹം ദൈവദാസനാണെന്നു പറഞ്ഞിട്ടുണ്ട് (ഉദാ: അ.പ്ര. 3:13).

മനുഷ്യരിലെ ഏറ്റവും ഉന്നതര്‍ പ്രവാചകന്മാരാണ്. പ്രവാചകന്മാരാകട്ടെ, മറ്റേത് വ്യക്തിയുമാകട്ടെ, ആധ്യാത്മിക മണ്ഡലത്തില്‍ എത്ര തന്നെ ഉന്നതി പ്രാപിച്ചാലും അടിമ എന്ന അവസ്ഥയില്‍ നിന്നു മാറുകയില്ല. അവര്‍ ദൈവത്താല്‍ നിയുക്തര്‍ തന്നെയാണ്. അധര്‍മം തുടച്ചു നീക്കുകയും ധര്‍മം സംസ്ഥാപിക്കുകയും ചെയ്യാന്‍ വേണ്ടിയത്രേ നിയോഗം. എന്നാല്‍ അവര്‍ ആരാധ്യരല്ല. ആരാധ്യനെ പരിചയപ്പെടുത്തിയ അവന്റെ അടിമകള്‍ മാത്രമാകുന്നു.

എന്തുകൊണ്ടു പ്രവാചകന്മാര്‍ മനുഷ്യരായി?
പ്രവാചകന്മാരായി മനുഷ്യര്‍ തിരഞ്ഞെടുക്കപ്പെട്ടതിനെപ്പറ്റി പൂര്‍വകാലം മുതലേ രണ്ടു കൂട്ടര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. മനുഷ്യ ലോകത്തിന് അതീതമായിരിക്കണം പ്രവാചകന്മാര്‍ എന്ന് കരുതിയിരുന്നവരാണ് ഒരു വിഭാഗം. മുഹമ്മദ് റസൂലിന്റെ (സ്വ) നിയോഗമുണ്ടായപ്പോള്‍ മക്കയിലെ ചിലരും ഇത്തരം സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ‘ജനങ്ങള്‍ക്കു സന്മാര്‍ഗദര്‍ശനം വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് തടസ്സമായത്, ‘അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്’ എന്ന അവരുടെ വാദം മാത്രമാണ് ‘ (അല്‍ഇസ്‌റാല്‍ : 94).

അര്‍ത്ഥ ശൂന്യമായ ഈ വാദത്തിന്റെ പരിണിതിയായി രണ്ടു തരം മൂഢജനങ്ങള്‍ സമൂഹത്തില്‍ ഉണ്ടായി. മനുഷ്യന്‍ ഒരിക്കലും പ്രവാചകനാവുകയില്ല എന്ന തെറ്റുധാരണ പുലര്‍ത്തിയിരുന്നവരാണ് ഒന്ന്. അതിനാല്‍, എപ്പോഴെങ്കിലും ഒരു പ്രവാചകന്‍ വന്നാല്‍, അദ്ദേഹം മാംസവും മജ്ജയുമുള്ളവനായിക്കണ്ടാല്‍, അന്നപാനീയങ്ങള്‍ ഉപയോഗിക്കുന്നതും ദാമ്പത്യ ജീവിതത്തില്‍ ഏര്‍പ്പെടുന്നതും കണ്ടാല്‍, അത് പ്രവാചകനല്ലെന്ന് അവര്‍ തീര്‍പ്പു കല്‍പിച്ചു; കാരണം, മനുഷ്യനാണയാള്‍! മറ്റു ചിലര്‍ അവര്‍ മനുഷ്യരല്ല, ദൈവമോ ദൈവത്തിന്റെ അവതാര പുരുഷന്മാരോ ദൈവ പുത്രന്മാരോ ആണ് എന്ന് കല്‍പ്പിച്ചു. ചുരുക്കത്തില്‍, മനുഷ്യത്വവും പ്രവാചകത്വവും ഒരാളില്‍ ഒരുമിച്ചു കൂടുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സമസ്യയാണെന്ന് ചിലര്‍ കരുതി.

അതി പുരാതനകാലം മുതല്‍ എക്കാലത്തുമുള്ള ‘വഹ്യ്’ നിഷേധികളും പ്രവാചകദൗത്യം അംഗീകരിക്കാത്തവരുമാണ് രണ്ടാമത്തെ കൂട്ടര്‍. ഇന്നത്തെ നാസ്തികര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ദൈവം ഉണ്ടെന്നും പ്രവാചകത്വം അനിവാര്യമാണ് എന്നും താത്വികമായി അംഗീകരിച്ചാല്‍ തന്നെ അത് മനുഷ്യര്‍ തന്നെയാവണം എന്ന് ശഠിക്കുന്നത് എന്തിനാണെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.
പ്രവാചകന്മാര്‍ മനുഷ്യരായിരിക്കണം എന്നത് യുക്തിയുടെ അനിവാര്യമായ താത്പര്യമാണ്. മനുഷ്യര്‍ക്കിടയില്‍ മനുഷ്യനല്ലാത്ത ഒരാളുടെ പ്രവാചകത്വം ഒരിക്കലൂം പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാനും നിരന്തരമായ സമ്പര്‍ക്കത്തിലൂടെയും ഇടപഴക്കത്തിലൂടെയും മാതൃകാ ജീവിതത്തിലൂടെയും അവരെ സംസ്‌കരിക്കാനും അവരിലൊരാള്‍ക്കു മാത്രമേ സാധിക്കൂ. വിശദീകരിക്കാം.

കേവലം സന്ദേശങ്ങള്‍ കേള്‍പ്പിക്കുക എന്നത് മാത്രമല്ല പ്രവാചകന്‍മാരുടെ ഉത്തരവാദിത്വം. പ്രത്യുത, അധ്യാപനം ചെയ്യുന്ന ധര്‍മ പാഠങ്ങള്‍ക്ക് അനുസാരമായി മനുഷ്യജീവിതത്തെ സംസ്‌കരിക്കുക എന്നതും അവരുടെ ഉത്തരവാദിത്തമാണ്. വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ മനുഷ്യാവസ്ഥയോട് ദിവ്യബോധനത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ സമീകരിക്കേണ്ടതുണ്ട്. സ്വന്തം ജീവിതത്തില്‍ അവയെ പ്രാവര്‍ത്തികമാക്കി മാതൃക കാണിക്കേണ്ടതുണ്ട്. അവരുടെ സന്ദേശം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന വിവിധ തരക്കാരായ എണ്ണമറ്റ മനുഷ്യരുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. സ്വന്തം അധ്യാപനങ്ങള്‍ പാലിക്കുന്ന ഒരു സമൂഹം നിലവില്‍ വരേണ്ടതിന് അതംഗീകരിക്കുന്നവരെ സംഘടിപ്പിക്കുകയും അവസരോചിതം വളര്‍ത്തിക്കൊണ്ടു വരുകയും ചെയ്യേണ്ടതുണ്ട്. തിന്‍മയെ സഹായിക്കുന്ന ശക്തികളെ താഴ്ത്തിക്കാണിക്കുകയും ആര്‍ക്കു വേണ്ടിയാണോ ദൈവം പ്രവാചകന്‍മാരെ അയച്ചിട്ടുള്ളത്, അവരെ നന്നാക്കിത്തീര്‍ക്കാന്‍ സാധിക്കുന്നതിനു വേണ്ടി, നിഷേധികള്‍ക്കും ശത്രുക്കള്‍ക്കുമെതിരില്‍ ത്യാഗപരിശ്രമങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യര്‍ക്കിടയിലാണ് ചെയ്യേണ്ടതെങ്കില്‍ അതിന് ഒരു മനുഷ്യനെയല്ലാതെ മറ്റാരെയാണ് അയക്കുക?
മലക്കോ മറ്റേതെങ്കിലും സൃഷ്ടിയോ ആയിരുന്നു പ്രവാചകനെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ മനുഷ്യരെപ്പോലെ ജീവിച്ച് ദൈവത്തിന്റെ ജീവത്പദ്ധതിക്കൊത്തു യഥാര്‍ത്ഥമായ ജീവിത പാഠങ്ങളും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ചെയ്തു കാണിക്കണമെങ്കില്‍ അവര്‍ മനുഷ്യരൂപം പൂണ്ട് വരേണ്ടി വരും എന്നത് മാത്രമായിരിക്കും ശരിയായ പരിഹാരം. അപ്പോള്‍ അത് മലക്കോ മനുഷ്യനോ എന്നു തെളിയിക്കുന്നതിനു മറ്റൊരു വഴി അവലംബിക്കേണ്ടി വരും, മനുഷ്യരില്‍നിന്ന് തന്നെയുള്ള ഉത്തമരായ ഒരു വിഭാഗം തന്നെ ആയിരിക്കണം അവരുടെ മാതൃകാ ഗുരുക്കള്‍. അങ്ങനെയുള്ള മനുഷ്യരത്രേ പ്രവാചകന്മാര്‍. പ്രവാചകന്‍മാര്‍ ആവശ്യമില്ലെന്നു പറയുന്നത് ബുദ്ധിശൂന്യതയാണ്. അവര്‍ മനുഷ്യരല്ല എന്ന വിശ്വാസം അബദ്ധവും അസംഗതവുമാണ്. അവരും നമ്മെപ്പോലെ സാധാരണ മനുഷ്യരാണെന്നു പറയുന്നതും ശരിയല്ല. അനുഗൃഹീതനായ ഒരു അറബിക്കവി റസൂലിനെക്കുറിച്ച്(സ്വ) എഴുതിയ പോലെ ‘മാണിക്യം ഒരു കല്ലാണ്; പക്ഷേ സാധാരണ ചരല്‍കല്ലു പോലെയല്ല. മുഹമ്മദ് നബി ഒരു മനുഷ്യനാണ്; എന്നാല്‍ സാധാരണ മനുഷ്യനെപ്പോലെയല്ല’.

അന്ത്യപ്രവാചകത്വത്തിന്റെ വ്യതിരിക്ത ഭാവങ്ങള്‍
ഓരോ ദേശത്തും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ശില്പികളായത് പ്രവാചകന്മാര്‍ ആണ്. ദൈവദൂതന്മാര്‍ നിയോഗിക്കപ്പെടാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഇവിടെയെല്ലാം സമുദായം എന്ന അര്‍ത്ഥത്തില്‍ ഉമ്മത്ത് എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഭാഷ, മതവിശ്വാസം, സാമ്പത്തിക നയങ്ങള്‍, ചരിത്ര ദര്‍ശനം തുടങ്ങി പൊതുവായി ബന്ധിപ്പിക്കാവുന്ന ഒരു ചരടില്‍ കോര്‍ത്തിണക്കപ്പെട്ട ഒരേ ദേശത്ത്, ഒരേ കാലപരിധിയില്‍ താമസിക്കുന്ന ജനപഥം എന്നാണ് ഉമ്മത്ത് എന്ന പദത്തിന്റെ വിവക്ഷ. ഇങ്ങനെയുള്ള എല്ലാ സമൂഹങ്ങളിലും പ്രവാചകന്‍മാരുടെ നിയോഗം ഉണ്ടായിട്ടുണ്ട്. അങ്ങനെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വിശ്വാസപരവും സാമൂഹികവുമായ നാഗരിക ജീവിതത്തിന്റെ മൂലപാഠങ്ങള്‍ അധ്യയനം ചെയ്യപ്പെടുകയും അവ ആധാരമാക്കിയുള്ള ജീവത്പദ്ധതികള്‍ വികസിച്ചു പോരുകയും ചെയ്തു. തദ്വാരാ, സാര്‍വ്വലൗകികമായ ഒരു നാഗരികതയുടെ സംസ്ഥാപനത്തിന് ആവശ്യമായ നിലമൊരുക്കപ്പെട്ടു. മനുഷ്യ ചരിത്രാനുഭവത്തിന്റെ ഏറ്റവും അനിവാര്യമായ മുഹൂര്‍ത്തത്തില്‍ ഏറ്റവും ഉദാത്തവും തനിമയാര്‍ന്നതുമായ സാംസ്‌കാരിക പാഠങ്ങളും നാഗരികമൂല്യങ്ങളും ധാര്‍മികനിയമങ്ങളും ആവിഷ്‌കരിച്ചു കൊണ്ട് സയ്യിദുനാ മുഹമ്മദുന്‍ റസൂലുല്ലാഹിയുടെ(സ്വ) രംഗപ്രവേശം ഉണ്ടായി.

എല്ലാ പ്രവാചക ദര്‍ശനങ്ങളെയും ഒരു പോലെ അംഗീകരിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്റെ സമീപനം. ‘പ്രവാചകന്മാര്‍ക്കിടയില്‍ ഒരു വേര്‍തിരിവും കാണിക്കുകയില്ല’ എന്നു പ്രഖ്യാപിക്കുവാന്‍ വിശുദ്ധ ഖുര്‍ആന്‍ പലവുരു വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട് (അല്‍ബഖറ: 136, 285, ആലുഇംറാന്‍: 84). അതോടൊപ്പം അന്ത്യപ്രവാചകത്വത്തിന് അതിന്റേതായ സവിശേഷതകളും വ്യതിരിക്തതകളുമുണ്ട്. അതു മാനവ സമൂഹത്തിനാകമാനം നല്‍കപ്പെട്ട വിശ്വാസ ദര്‍ശനത്തിന്റെ മൂലസിദ്ധാന്തങ്ങളാണ്.

റസൂലിനെ (സ്വ) ഇതര പ്രവാചക വ്യക്തിത്വങ്ങളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നതിനു ചില പ്രാഥമിക ധാരണകള്‍ ആവശ്യമുണ്ട്.
ഒന്ന്: അവിടുത്തെ ആഗമനത്തിനു മുന്‍പു തന്നെ അനേകം പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അവരുടെ എണ്ണം കൃത്യമായി പ്രസ്താവിച്ചിട്ടില്ല. അതേസമയം, നടേ പറഞ്ഞ പോലെ ‘എല്ലാ സമുദായത്തിലേക്കും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്’ എന്നു പലയിടത്തും പറഞ്ഞിട്ടുണ്ട് (അന്നഹ്ല്‍ : 25, അല്‍ഫാത്വിര്‍ : 24 കാണുക). അവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ആണെന്നു റസൂലില്‍ (സ്വ) നിന്ന് ശിഷ്യനായ അബൂദര്‍റ് (റ)നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. പൂര്‍വ കാലത്ത് നിലനിന്നിരുന്ന ഓരോ ജനപഥങ്ങളിലേക്കും ധാരാളം പ്രവാചകന്‍മാരുണ്ടായിട്ടുണ്ടാകണം. എന്നാല്‍, ചരിത്രം ഓര്‍മയില്‍ സൂക്ഷിച്ചവരുടെ എണ്ണം വളരെ തുച്ഛവും പരിമിതവുമാണ്. പലരുടെയും അധ്യാപനങ്ങള്‍ ശേഖരിക്കപ്പെട്ടില്ല. സ്വഭാവഗുണങ്ങള്‍ അറിയപ്പെട്ടിട്ടില്ല. ജീവിച്ച കാലമോ ദേശമോ അറിയില്ല. വംശമോ കുലമോ മാതാപിതാക്കളോ മക്കളോ മിത്രങ്ങളോ ശത്രുക്കളോ ആരെല്ലാമാണെന്ന് അറിയാന്‍ നിവൃത്തിയില്ല. അവരുടെ നിയോഗം കാലത്തിന്റെയും ദേശത്തിന്റെയും നിശ്ചിതമായ ചില വൃത്തങ്ങളില്‍ പരിമിതമായിരുന്നു എന്നു മനസ്സിലാക്കാം. പ്രത്യുത, സാര്‍വജനീനമോ സാര്‍വകാലികമോ ആയിരുന്നു അവയുടെ മൗലികസ്വഭാവമെങ്കില്‍ അവ ചരിത്രത്തിന്റെ സ്മൃതിപഥങ്ങളില്‍ ശേഷിക്കണമായിരുന്നു.

രണ്ട്: നമുക്കറിയാവുന്ന പ്രവാചകന്മാരുടെ ജീവിതം തന്നെ പരിശോധിച്ചാല്‍ അവരെന്നു ജനിച്ചു, എങ്ങനെ വളര്‍ന്നു, എത്ര കാലം ജീവിച്ചു, എവിടെ മരിച്ചു എന്നീ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതു സംബന്ധമായി പല അനുമാനങ്ങളും ഊഹാപോഹങ്ങളും ധാരണകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ചരിത്ര നിരൂപണത്തിന്റെ (Historical Criticism) ഉരക്കല്ലുകളില്‍ ഉരസി നോക്കിയാല്‍ സ്ഖലിത മുക്തമാണെന്ന് തെളിയുന്നവ അവയില്‍ വളരെ തുച്ഛമാണ്.

ചിലരുടെ നാമധേയത്തില്‍ പോലും ചരിത്ര നിരൂപകര്‍ തര്‍ക്കം ഉന്നയിക്കുന്നുണ്ട്. മുസ്ലിംകളല്ലാത്തവര്‍ പ്രവാചകന്മാരായി അംഗീകരിക്കുന്നവരുടെയും നില ഇതുതന്നെ. ബുദ്ധന്‍, സരതുഷ്ടര്‍, കൃഷ്ണന്‍ തുടങ്ങി പുണ്യപുരുഷന്മാരായി വിശ്വസിക്കപ്പെടുന്ന അനേകം പേരുടെ ജീവിത വൃത്താന്തങ്ങളെ സംബന്ധിച്ച് നമുക്ക് ലഭ്യമായ അറിവിന്റെ സര്‍വ സ്രോതസ്സുകളെയും ആധാരമാക്കിയാലും അവ അപൂര്‍ണമാണ്. മാത്രമല്ല, യുക്തിയുടെയോ കറയറ്റ വിശ്വാസത്തിന്റെയോ വീക്ഷണകോണുകളിലൂടെ വിലയിരുത്തുന്ന പക്ഷം ഒരിക്കലും അംഗീകരിക്കാനാകാത്ത സദചാരവിരുദ്ധമായ കഥകള്‍ അവരില്‍ പലരെയും കുറിച്ച് പ്രചരിച്ചിട്ടുണ്ട്. ലഭ്യമായ പാഠങ്ങളെ ആസ്പദമാക്കി കുറ്റമറ്റതും ധാര്‍മികവുമായ ഒരു ജീവിതവ്യവസ്ഥയും ഭദ്രവും അന്യൂനവും പൂര്‍ണവുമായ നിയാമകതത്വങ്ങളും എന്നെങ്കിലും രൂപപ്പെടുമെന്നു വിചാരിക്കുന്നത് പോലും മൗഢ്യമായിരിക്കും.

മൂന്ന്: ഉപര്യുക്ത വ്യക്തികളോ അവരുടെ അനുയായികളോ അവരുടെ പ്രബോധനത്തിനും ജീവിത സന്ദേശങ്ങള്‍ക്കും സാര്‍വകാലികതയോ സാര്‍വജനീനതയോ അവകാശപ്പെട്ടിട്ടില്ല; അവ തങ്ങള്‍ക്കു മാത്രം ബാധകമാണെന്നാണ് അവരും കരുതിപ്പോന്നിട്ടുള്ളത്. ഇതിന് അപവാദമായി പറയാവുന്നത് ഇസ്ലാം, ബുദ്ധമതം, ക്രിസ്തുമതം എന്നിവ മാത്രമാണ്. ഈ മൂന്നു മതങ്ങള്‍ മിഷനറി സ്വഭാവമുള്ളവയാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സര്‍ തോമസ് ആര്‍നോള്‍ഡിന്റെ The Preaching of Islam: A History of the Muslim Faith എന്ന ഗ്രന്ഥം കാണുക.

എന്നാല്‍ ഇസ്ലാമല്ലാത്ത മതങ്ങളുടെയൊന്നും പ്രമാണ പാഠങ്ങള്‍ നിശ്ചിതമായ സമൂഹവൃത്തത്തിനു പുറത്തുള്ള പ്രബോധന പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നില്ല. മത്തായി സുവിശേഷത്തിലെ അവസാന വാചകമാണ് ക്രൈസ്തവ മിഷനറിമാര്‍ അതിന്റെ സാര്‍വലൗകികതക്ക് ആധാരമായി ഉദ്ധരിക്കാറുള്ളത്. എന്നാല്‍, ഈ വാചകം സുവിശേഷത്തില്‍ തെറ്റായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘താന്‍ യിസ്രയേല്‍ ജനത്തിലേക്കു മാത്രം നിയോഗിക്കപ്പെട്ടിരിക്കുന്നു’ എന്ന് യേശുക്രിസ്തു പലവുരു അവകാശപ്പെടുന്നത് ബൈബിള്‍ ഉദ്ധരിക്കുന്നുണ്ട്.

നാല്: ഇപ്പറഞ്ഞവയെല്ലാം ഇവരുടെ വേദഗ്രന്ഥങ്ങള്‍ക്കും ബാധകമാണ്. വളരെ കുറഞ്ഞ വേദപുസ്തകങ്ങളാണ് ചരിത്രം ബാക്കി വെച്ചിട്ടുള്ളത്. അവയില്‍, വിശുദ്ധ ഖുര്‍ആനല്ലാത്തവയൊന്നും മൂലസ്രോതസ്സില്‍ നിന്നു ലഭിച്ച അതേ വിധത്തിലും പ്രകാരത്തിലും ലഭ്യമല്ല. ലഭ്യമായവ തന്നെ അപൂര്‍ണമാണ് എന്ന് പ്രസ്തുത ഗ്രന്ഥങ്ങള്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല, ഒരേ വേദത്തിന്റെ തന്നെ അനേകം പാഠഭേദങ്ങള്‍ പ്രചരിച്ചു പോന്നിട്ടുമുണ്ട്. ഇവയില്‍ ‘ഏതാണ് ശരി, ഏതാണ് കൂടുതല്‍ ശരി, ഇതു ശരിയാണോ’എന്ന് അത് വായിക്കുന്നവര്‍ അന്യോന്യം ചോദിക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളം. വിശുദ്ധ ഖുര്‍ആന്‍ ഒഴിച്ചുള്ള വേദങ്ങളൊന്നും മൂലഭാഷയില്‍ നിന്നുള്ള പ്രതികളെയല്ല അവലംബിക്കുന്നത്. ഹീബ്രുവിലും സുരിയാനിയിലുമുള്ള ബൈബിള്‍ പ്രതികള്‍ ഇന്ന് ലഭ്യമാണെങ്കിലും അവ മൂല പ്രതികള്‍ നഷ്ടപ്പെട്ടു പോയ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഗ്രീക്കില്‍ നിന്നോ ലാറ്റിനില്‍ നിന്നോ ഒക്കെ അതേ ഭാഷയിലേക്ക് തിരിച്ചു വിവര്‍ത്തനം ചെയ്തവയാണെന്നത് ബൈബിള്‍ പണ്ഡിതന്മാര്‍ സമ്മതിക്കുന്ന കാര്യമാണ്. മിക്ക വേദങ്ങളും എഴുതപ്പെട്ട ഭാഷകള്‍ ഇപ്പോള്‍ ജീവത്ഭാഷകളല്ല. പലതും നിലനില്‍ക്കുന്നേയില്ല – ഇതെല്ലാം ആ പ്രവാചകന്മാരുടെ അധ്യാപനങ്ങളെ മൂല സ്രോതസ്സുകളില്‍ നിന്നു പഠിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നവയാണ്.

അഞ്ച്: പരാമൃഷ്ടവിഷയങ്ങളിലെല്ലാം നിസ്തുലമാണ് റസൂലിന്റെ (സ്വ) ജീവിതം. തിരുജീവിതത്തിന്റെ നിഖിലമേഖലകളും പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജനനം മുതല്‍ ഭൗതിക വിയോഗം വരെ മാത്രമല്ല, അവിടുത്തെ പാരലൗകിക ജീവിതത്തെക്കുറിച്ചു പോലും നല്‍കപ്പെട്ടിട്ടുള്ള വിശദീകരണങ്ങള്‍ കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ ലഭ്യമാണ്. അവിടത്തെ സംശുദ്ധമായ ജീവിതം, ജീവിതപങ്കാളികള്‍, മാതാപിതാക്കള്‍, സന്താനങ്ങള്‍, ബന്ധുമിത്രാദികള്‍, കൂട്ടുകാര്‍, അനുചരന്മാര്‍, പ്രതിനിധികള്‍, എഴുത്തുകാര്‍, സന്ദേശവാഹകര്‍ എല്ലാവരും ചരിത്രത്തിനു സുപരിചിതരാണ്. ഉപയോഗിച്ചിരുന്ന വസ്ത്രവും വാളും വാഹനവും വീടും വിരിപ്പും ചീര്‍പ്പുമെല്ലാം അവയുടെ സമ്പൂര്‍ണമായ വിശേഷണങ്ങളോടെ തിരുസഖാക്കള്‍ കാലത്തിനു കൈമാറിയിട്ടുണ്ട്. തിരുശേഷിപ്പുകളില്‍ പലതും ഇന്നും ലോകത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നു. അവിടുത്തെ ജീവിതവും അങ്ങനെ തന്നെ. ഒരു നിമിഷാര്‍ദ്ധം പോലും വിനഷ്ടമാകാത്ത വിധം ഏതെങ്കിലുമൊരാളുടെ ജീവിതം ഗ്രന്ഥത്താളുകളില്‍ വാായിക്കാമെങ്കില്‍ അത് റസൂലിന്റെത് (സ്വ) മാത്രമാണ്. അവയത്രയും നിവേദനം ചെയ്ത മഹാപുരുഷന്മാരും അവരുടെ ജീവിതവും ഉള്‍പ്പടെ ചരിത്രത്തിനു സുപരിചിതം! തിരുചരിത്ര നിവേദകരെ പഠിക്കുവാന്‍ മാത്രമായി പഠനശാഖകള്‍ വരെ ഉടലെടുത്തിട്ടുണ്ട്

ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ ജീവിതപദ്ധതിയാണ് അവിടുന്ന് ആവിഷ്‌കരിച്ചത്; പൂര്‍ണവളര്‍ച്ച പ്രാപിച്ച ഏതു നാഗരിക സമൂഹത്തിനും അതിലെ പാഠങ്ങള്‍ ഒന്നു പോലും അപരിഷ്‌കൃതമായി തോന്നിയിട്ടില്ല. ഏതെങ്കിലും വശം അവിടുന്ന് സ്പര്‍ശിക്കാതെ പോയെന്നോ അനാവശ്യമായിപ്പോയെന്നോ പറയാനില്ല. പൂര്‍വകാലത്തെ പല പ്രവാചകന്മാരുടെയും പല പാഠങ്ങളും നമുക്ക് ഇപ്പോഴും ലഭ്യമാണല്ലോ. സ്‌നേഹവും സഹാനുഭൂതിയും ധീരതയും ധാര്‍മികതയും നീതിയും വിശ്വാസവും പറയുമ്പോള്‍ അവരില്‍ പലരെയും നാം സ്മരിക്കുന്നു. വേറെയും ചിലത് നമുക്ക് സുപരിചിതമാണ്. എന്നാല്‍, ആ പാഠങ്ങളെല്ലാം പൂര്‍ണമായി റസൂലില്‍ (സ്വ) നിറഞ്ഞു നില്‍ക്കുന്നു. അവരെല്ലാവരും പഠിപ്പിച്ച ഒരു പാഠവും ആ ജീവിതത്തില്‍ ഇല്ലാതില്ല. അവിടന്ന് പഠിപ്പിച്ചതെല്ലാം ഉള്ളത് അവിടത്തെ ജീവിതത്തില്‍ മാത്രം! ആദരവായ റസൂലിന് (സ്വ) അല്ലാഹു ഗുണവും ശാന്തിയും അഭംഗുരം ഏകട്ടെ.
പൂര്‍വ പ്രവാചകരില്‍ നിന്ന് റസൂലിന്റെ (സ്വ) വ്യക്തിത്വത്തെ വേറിട്ട് അടയാളപ്പെടുത്തുന്ന സുപ്രധാനഘടകം അവിടുന്ന് സാര്‍വലൗകികതയും സാര്‍വജനീനതയും പ്രവാചകത്വ പരിസമാപ്തിയും അവകാശപ്പെട്ടുവെന്നതത്രേ. അവിടുത്തെ ദര്‍ശനം സമ്പൂര്‍ണമാണ്, ലോകം നിലനില്‍ക്കുന്ന കാലത്തോളം പ്രസക്തവും പ്രയോഗക്ഷമവുമാണ്. അത് അറേബ്യക്കു മാത്രമുള്ളതല്ല, ആറാം നൂറ്റാണ്ടിനു മാത്രമുള്ളതല്ല, ആണുങ്ങള്‍ക്ക് മാത്രമുള്ളതുമല്ല. ദേശ ഭാഷ വര്‍ഗ വര്‍ണ വൈജാത്യങ്ങള്‍ക്ക് അത് വില കല്‍പിക്കുന്നില്ല. ലോകാവസാനം വരെയുള്ള മാനവസഞ്ചയത്തെ ഒരേ വിശ്വാസത്തിന്റെയും കര്‍മപദ്ധതിയുടെയും ഏകമാനമായ പന്ഥാവിലൂടെ നയിക്കുക എന്ന കാര്യം അവിടുത്തേക്ക് മാത്രമാണ് നല്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് മാത്രമാണ് താന്‍ മാനവരാശിക്കാകമാനം നിയുക്തനാണ് എന്നു പറഞ്ഞത്. സ്വാഭാവികമായും അതിന്റെ അനിവാര്യമായ താല്‍പര്യങ്ങളായി രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ടാകുന്നു; ഒന്ന്, അവിടുത്തെ വേദഗ്രന്ഥത്തിന്റെ പൂര്‍ണത. രണ്ട്, പ്രവാചകത്വ പരിസമാപ്തി.
അവിടുത്തെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ അന്യൂനതയും സമ്പൂര്‍ണതയും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അവ അതിന്റെ മൂലസ്രോതസ്സില്‍നിന്നു ലഭിച്ച പ്രകാരം തന്നെ ഇന്നും മാറ്റങ്ങള്‍ക്കു വിധേയമാകാതെ നിലനില്‍ക്കുന്നു. മൂലഭാഷ നഷ്ടപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, മനുഷ്യനാഗരികതയിലും സാമൂഹ്യജീവിതത്തിലും എണ്ണമറ്റ പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടും അതിലെ ഭാഷ അപരിഷ്‌കൃതമാവുകയോ പദപ്രയോഗങ്ങള്‍ പോലും അപ്രസക്തമാവുകയോ ചെയ്തിട്ടുമില്ല. ഇന്നും അറബിഭാഷാ സാഹിത്യത്തിന്റെ മൂല്യനിര്‍ണയത്തിനുള്ള അളവുകോല്‍ ഖുര്‍ആന്റെ സാഹിതീയ പ്രയോഗങ്ങളാണ്. ഇപ്പോഴും ഖുര്‍ആന്റെ ഭാഷാസൗന്ദര്യവും സാഹിതീയ സൗകുമാര്യതയും വിവരണം ചെയ്യുന്ന ഉന്നത നിലവാരമുള്ള അനേകം പഠനങ്ങളും രചനകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. ശാസ്ത്രം എത്ര വികസിച്ചാലും അതിനോട് വിമുഖത പുലര്‍ത്തുന്നില്ലെന്നു മാത്രമല്ല, ഓരോ പ്രസ്താവനകളിലും അത് ഋജുവായ കാഴചപ്പാടുകളോടൊപ്പം അനുയാത്ര ചെയ്യുകയും നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും നവംനവങ്ങളായ ചക്രവാളങ്ങള്‍ വെട്ടിത്തുറക്കുകയും ചെയ്യുന്നു. ആധുനികരും അല്ലാത്തവരുമായ അനേകം ശാസ്ത്രജ്ഞന്മാരും അഭിജ്ഞരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
പ്രവാചകത്വ പരിസമാപ്തി അവിടുത്തെ നിയോഗത്തിന്റെ അനിവാര്യമായ താത്പര്യമായി മനസ്സിലാക്കാം. അതില്‍ പ്രധാനം, അവിടുത്തെ ദര്‍ശനങ്ങളുടെ അന്യൂനമായ തുടര്‍ച്ചയാണ്. പൂര്‍വകാലങ്ങളില്‍ ഒന്നിനു പിറകെ മറ്റൊരു നിയോഗത്തിന്റെ ആവശ്യമുണ്ടായത് ആദ്യത്തെ അധ്യാപനങ്ങള്‍ വിസ്മൃതമായിത്തുടങ്ങിയതുകൊണ്ടാണ്. ഓരോ പ്രവാചകനും പഠിപ്പിച്ച പാഠങ്ങള്‍ മാത്രമല്ല, അവരുടെ സാന്നിധ്യം പോലും വിസ്മരിക്കപ്പെട്ടു. ശിക്ഷണരീതികളും ജീവിതമാതൃകകളും കാലഹരണപ്പെട്ടു. നിലനിന്നിരുന്ന പലതിനും കാലത്തിന്റെ വളര്‍ച്ചയെയും നാഗരികതകളുടെ വികാസത്തെയും സമൂഹത്തിന്റെ പരിഷ്‌കൃത ഭാവങ്ങളെയും ഉള്‍കൊള്ളാന്‍ നിയോഗമുണ്ടായതുമില്ല. സ്വാഭാവികമായും പുതിയ അധ്യാപനങ്ങളും വ്യാഖ്യാനങ്ങളും അനിവാര്യമായി. എന്നാല്‍ ആധികാരികതയിലോ സമഗ്രതയിലോ സന്മാര്‍ഗദര്‍ശനത്തിലോ തെല്ലും മാറ്റങ്ങളില്ലാതെ വിശുദ്ധഖുര്‍ആന്റെ സാക്ഷാല്‍രൂപവും അതിന്റെ വ്യാഖ്യാനമായ തിരുജീവിതവും നിലനില്‍ക്കുന്നു. അതാകട്ടെ, അവസാനം വരേയ്ക്കും അപ്പടി തുടരുകയും ചെയ്യുമെന്നു വ്യക്തവുമാണ്. സാര്‍വലൗകികവും സാര്‍വജനീനവുമായി സത്യജ്ഞാനത്തിന്റെയും സത്യവിശ്വാസത്തിന്റെയും സമ്പൂര്‍ണമാതൃക നിലനില്‍ക്കെ വേറൊരു ദൈവദൂതന്റെ ആഗമനം അപ്രസക്തമാണ്.

റസൂല്‍ (സ്വ): പ്രവാചകത്വത്തിന്റെ ബൗദ്ധിക ആധാരങ്ങള്‍
മുഹമ്മദ് റസൂലിന്റെ (സ്വ) പ്രവാചകത്വം കൃത്യവും വ്യക്തവും ബുദ്ധിപരവുമായ തെളിവുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ള ഒരു പരമ യാഥാര്‍ത്ഥ്യമാകുന്നു. അതംഗീകരിക്കുന്നതിന്നു മതവിശ്വാസിക്ക് കൃത്യമായ ചില പ്രചോദനങ്ങള്‍ ഉണ്ട്. അതിലേക്കു വരുന്നതിനു മുമ്പ് ഭൗതികമായ ചില ചിന്തകളുടെ അടിത്തറയില്‍ അവിടുത്തെ പ്രവാചകത്വത്തെ നിഷേധചിന്തകളോടെ സമീപിക്കുന്നവരുടെ നിലപാടിലെ യുക്തിരാഹിത്യം പരിശോധിക്കാം.

റസൂല്‍ (സ്വ) പ്രവാചകത്വം അവകാശപ്പെട്ടു രംഗത്ത് വന്നു എന്നത് അവിതര്‍ക്കിതമായ ഒരു വസ്തുതയാണല്ലോ. അതിനു പിന്‍ബലമായി വിശുദ്ധ ഖുര്‍ആന്‍ എന്ന പുതിയ വേദസംഹിത പരിചയപ്പെടുത്തുന്നു. ആ വേദമാകട്ടെ, ഭൂതകാലത്തെയും ഭാവിയെയും സ്പര്‍ശിക്കുന്ന അതിശയകരമായ വൃത്താന്തങ്ങള്‍ പറയുന്നു. ബൗദ്ധികവും ശാസ്ത്രീയവുമായ തെളിവുകള്‍ ആധാരമായിട്ടുള്ള ശക്തമായ ഒരു വിശ്വാസസംഹിത പഠിപ്പിക്കുന്നു. ഏറ്റവും ഭദ്രവും കണിശവും സമുന്നതവുമായ സദാചാരനിഷ്ഠകളും പെരുമാറ്റനിയമങ്ങളും ആവിഷ്‌കരിക്കുന്നു. കായികവും ആത്മീയവുമായ പ്രയോജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരാധനാ രീതികള്‍ അഭ്യസിപ്പിക്കുന്നു. സുശക്തവും സമഗ്രവുമായ സാമ്പത്തിക, സാമൂഹിക നിയമങ്ങള്‍ നിര്‍വചിക്കുന്നു. നിഷ്പക്ഷവും നീതിപൂര്‍വകവുമായ നയതന്ത്ര, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നു. ഇതിന്റെയെല്ലാം ആധാരമായി അതേ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിക്കുന്നു.
സുദീര്‍ഘമായ കാലത്തെ നിരന്തരമായ ഇടപെടലുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രം സാധിക്കുന്ന മഹാകൃത്യങ്ങള്‍ റസൂല്‍ (സ്വ) മുഖേന നടന്നു. ദുരഭിമാനികളും കുലപ്പെരുമ നടിച്ചിരുന്നവരുമായിരുന്ന, അതിന്റെ പേരില്‍ തമ്മിലടിച്ച് ചിന്നിച്ചിതറി ശിഥില ഗോത്രങ്ങളായി കഴിഞ്ഞു വന്നിരുന്ന അറബികളെ ഒരു വിശ്വാസ കര്‍മ പദ്ധതിയില്‍ ഏകീകരിച്ചു. സുദീര്‍ഘമായ നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന വിഗ്രഹപൂജാ സംസ്‌കാരത്തെ നിര്‍മാര്‍ജ്ജനം ചെയ്തു. തല്‍സ്ഥാനത്ത്, മനുഷ്യനെ ബൗദ്ധികമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ധിഷണാപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടികര്‍ത്താവുണ്ടെന്നും അവന്‍ ഏകനാണ് എന്നുമുള്ള വിശ്വാസം സ്ഥാപിക്കുകയും ചെയ്തു. ഇസ്‌ലാം പൂര്‍വ കാലത്ത് നിലനിന്നിരുന്ന യാഥാസ്ഥിതികത്വത്തില്‍ അധിഷ്ഠിതമായ അറബികളുടെ ദുരാചാരങ്ങളെയും നിലപാടുകളെയും തിരുത്തി. അവര്‍ക്കിടയില്‍ നിലനിന്നിരുന്ന കെട്ട സാമൂഹിക നിയമങ്ങളുടെ ഭാഗമായി ഉടലെടുത്ത ശബ്ദഹീനരുടെയും ബലഹീനരുടെയും അവകാശധ്വംസനം, ഇക്കിളിപ്പെടുത്തുന്ന കാമവികാരങ്ങളെ താലോലിക്കല്‍ തുടങ്ങിയ ദുര്‍ഗുണങ്ങളെ വിപാടനം ചെയ്തു. ധനികനെയും ദരിദ്രനെയും ശക്തനെയും ദുര്‍ബലനെയും അറബിയെയും അനറബിയെയും തുല്യരായി കാണുന്ന സാമൂഹ്യനീതി സാക്ഷാത്കരിക്കുകയും സമൂലമായ ഒരു സാമൂഹികവിപ്ലവം ഉണ്ടാക്കുകയും ചെയ്തു. ഹ്രസ്വമായ ഒരു വിവരണത്തില്‍ ഒതുക്കാവുന്നതല്ല അവിടുന്ന് നേടിയെടുത്ത മുന്നേറ്റങ്ങള്‍.
നമ്മളിന്ന് സമാധാനത്തിനും ചരിത്രത്തിനും ശാസ്ത്രത്തിനുമൊക്കെ വെവ്വേറെ വേര്‍തിരിച്ച് ബഹുമതി കൊടുക്കുന്ന കാലമാണല്ലോ. റസൂല്‍ (സ്വ) സാധിച്ച മഹാ വിപ്ലവങ്ങളില്‍ ഏതെങ്കിലും ഒന്നു മതിയാകും അതിന്റെ കര്‍ത്താവിനെ മഹത്വത്തിന്റെയും പ്രശസ്തിയുടെയും ഉന്നതങ്ങളില്‍ അവരോധിക്കാനും ചരിത്രത്തില്‍ അനശ്വരനാക്കാനും. എന്നാല്‍ ഇപ്പറഞ്ഞവയെല്ലാം റസൂലില്‍ (സ്വ) സംഗമിക്കുന്നു. തുല്യതപെടുത്താനാവാത്ത അനുപമമായ ജീവിത മാതൃകകള്‍ അവിടുന്ന് പ്രകടമാക്കുന്നു.

നാല്‍പതു വയസ്സിനു ശേഷം, അവിടുന്ന് പ്രവാചകത്വം അവകാശപ്പെട്ട് രംഗത്ത് വരുമ്പോള്‍ മുതലാണ് ചിത്രങ്ങള്‍ ഇവ്വിധം മാറിമറിയുന്നത്. അതിനു മുമ്പുള്ള അവസ്ഥ വ്യത്യസ്തമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ശാസ്ത്രീയമായ പഠന മനനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നിട്ടും അത്തരം കാര്യങ്ങളില്‍ തീര്‍ത്തും ബധിരരും മൂകരുമായിരുന്നു അറബികള്‍. അതേസമയം അവര്‍ ഭാഷയുടെ രാജാക്കന്മാരായിരുന്നു. സാഹിത്യത്തിലും കവിതയിലും പ്രസംഗത്തിലും ഉള്ള അഭിരുചി അവരുടെ കൂടപ്പിറപ്പായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ നിരക്ഷരനായാണ് റസൂല്‍ (സ്വ) വളര്‍ന്നത്. അവിടുന്ന് ഒരു ഗ്രന്ഥവും വായിച്ചില്ല. ഒരു കവിത പോലും രചിക്കുകയും ആലപിക്കുകയും ചെയ്തതായി അറിവില്ല. പ്രസംഗവേദികളില്‍ വാഗ്‌ധോരണികള്‍ കൊണ്ട് കിടിലം കൊള്ളിച്ചില്ല. ഏതെങ്കിലും ഗോത്രത്തിന്റെ നേതൃപദവി വഹിച്ചില്ല. പുരോഹിതനോ ജോത്സ്യനോ ആയിരുന്നില്ല. സമൂഹങ്ങളെയോ മതങ്ങളെയോ കുറിച്ച് പഠനങ്ങളോ അന്വേഷണങ്ങളോ നടത്തിയിരുന്ന ഗവേഷകനായിരുന്നില്ല. ഈ രീതിയില്‍ വല്ലതും സംഭവിച്ചിരുന്നുവെങ്കില്‍ പ്രവാചകത്വത്തിന്നു മുമ്പും പിമ്പുമുള്ള അവിടുത്തെ ജീവചരിത്രം സസൂക്ഷ്മം കൈമാറിയ അനുയായികളോ ചരിത്രകാരന്മാരോ ചരിത്ര നിരൂപകരോ, ആരെങ്കിലും ഒരാളെങ്കിലും അത് വെളിപ്പെടുത്തുമായിരുന്നു. അവിടുത്തെ പ്രവാചകത്വത്തെ തള്ളിപ്പറയാന്‍ വ്യഗ്രത പൂണ്ട ശത്രുക്കള്‍ അത് കൊട്ടിഘോഷിക്കുമായിരുന്നു.

നാല്‍പതു വയസ്സ് വരെ ഈ അവസ്ഥ തുടരുന്നു. ഒരു വ്യക്തിക്ക് ഏതെങ്കിലും വിജ്ഞാനശാഖയില്‍ വാസനയുണ്ടെങ്കില്‍ അതിന്റെ സൂചനകള്‍ യുവത്വത്തില്‍ പ്രകടമാവേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ റസൂലില്‍ (സ്വ) ഈ നീണ്ട കാലയളവില്‍ അത്തരത്തിലുള്ള ഒരു സൂചനയും കണ്ടില്ല. വിശ്വസ്തത, സത്യസന്ധത, വിനോദങ്ങളില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും അകന്നു നില്‍ക്കുക എന്നിവയില്‍ കവിഞ്ഞ്, വൈജ്ഞാനികമായ എന്തെങ്കിലും പ്രത്യേകതകള്‍ അവിടുത്തേക്ക് ഉണ്ടായിരുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടിട്ടില്ല.

എങ്കില്‍ അവിടുന്ന് അധ്യയനം ചെയ്ത വിശ്വാസ-കര്‍മ പദ്ധതികള്‍ക്കും പ്രകടിപ്പിച്ച മാതൃകാ ജീവിതത്തിനും കൈവരിച്ച സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കുമെല്ലാം സ്വീകാര്യവും സംതൃപ്തവുമായ വ്യാഖ്യാനം കണ്ടെത്തേണ്ടതുണ്ട്. രണ്ടിലൊരു നിഗമനത്തിനേ ബുദ്ധിപരമായ പ്രസക്തിയുള്ളൂ. ഒന്നുകില്‍, വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുകയും നിഷ്പക്ഷബുദ്ധി അംഗീകരിക്കുകയും ചെയ്യുന്നതു പോലെ അവിടുന്ന് പ്രവാചകനാണെന്ന അവകാശവാദം സത്യമാകണം, അല്ലെങ്കില്‍ അസത്യമാകണം. പ്രവാചകത്വത്തെ നിഷേധിക്കുന്നവരുടെ അഭിപ്രായത്തില്‍ അവിടുന്ന് പറഞ്ഞത് അസത്യമാണ്. വാദത്തിനു വേണ്ടി അതിനെ ഒരു സാധ്യതയായി ചര്‍ച്ചക്കെടുത്താല്‍ അതിന്റെ കാരണങ്ങളും പ്രേരകങ്ങളുമായി വര്‍ത്തിച്ചത് താഴെപ്പറയുന്ന അനുമാനങ്ങളില്‍ ഏതെങ്കിലുമൊന്ന് ആയിരിക്കണം.
ഒന്ന്. അവിടുന്ന് കളവു പറഞ്ഞതാവാം.

രണ്ട്. മാനസികവിഭ്രാന്തി കാരണം അവിടുത്തേക്ക് ഉണ്ടായ തോന്നലുകളാവാം.
മൂന്ന്. ജനങ്ങളുടെ മുമ്പില്‍ കാണിച്ച വെറും കപടനാട്യമാകാം.
നാല്. ജാലവിദ്യകളിലൂടെ ജനങ്ങളെ വശീകരിച്ചതാകാം.
അഞ്ച്. പൂര്‍വ വേദങ്ങളെ പകര്‍ത്തിയതോ മറ്റേതെങ്കിലും അഭിജ്ഞരായ വ്യക്തികളില്‍ നിന്ന് കേട്ട് പഠിച്ചതോ ആകാം.
വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിനു പകരം ഇവ ഓരോന്നും വിശുദ്ധ ഖുര്‍ആന്‍ തന്നെ എടുത്തുദ്ധരിക്കുകയും കൃത്യമായി ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാചകത്വം വ്യാജമായ അവകാശവാദം ആണോ?
റസൂല്‍(സ്വ) പ്രവാചകനാണ് എന്നത് വ്യാജമായ അവകാശവാദമായിരുന്നു, അവിടുന്നു കളവ് പറയുകയായിരുന്നു – മആദല്ലാഹ് – എന്ന സങ്കല്‍പം തീര്‍ത്തും യുക്തിഹീനമാണ്.

പ്രവാചകത്വം അവകാശപ്പെട്ട ശേഷം ഇരുപത്തിമൂന്ന് വര്‍ഷക്കാലം അവിടുന്ന് ജീവിച്ചിട്ടുണ്ട്. ഇക്കാലമത്രയും ഒരാള്‍ക്ക് താന്‍ അബ്രഹാമിനെയും മോശെയെയും യേശുവിനെയും പോലുള്ള ഒരു പ്രവാചകനാണെന്നും തനിക്ക് ശേഷം ഇനി പ്രവാചകന്മാര്‍ ഉണ്ടാകില്ലെന്നും ദൈവം തനിക്കയച്ച തിരുവെഴുത്ത് ഒരു കാലത്തും തിരുത്തലുകള്‍ക്ക് വിധേയമാകാതെ നിലനില്‍ക്കുമെന്നും ഇച്ഛാശക്തിയോടെ നുണ പറയാന്‍ കഴിയുമോ? പൂര്‍വ വേദങ്ങളിലെ കൈകടത്തലുകളും ദുര്‍വ്യാഖ്യാനങ്ങളും കൃത്യമായി സൂചിപ്പിക്കുവാനും അന്ത്യനാള്‍ വരെ വരാനിരിക്കുന്ന എല്ലാവരെയും സ്പര്‍ശിക്കുന്ന നിയാമക തത്വങ്ങള്‍ പ്രായോഗിക ക്ഷമതയോടെ അവതരിപ്പിക്കുവാനും സാധിക്കുമോ? താന്‍ തന്നെ ആ നുണ സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അതനുസരിച്ച് കര്‍മപഥത്തില്‍ കൊണ്ടുവരികയും ചെയ്യുമോ?

നുണയനാണെങ്കില്‍ സംസാരത്തില്‍ ഒരിക്കലെങ്കിലും തെറ്റിപ്പോകാതിരിക്കുമോ? തന്റെ കൂട്ടുകാരോടോ കുടുംബാംഗങ്ങളോടോ അനുയായികളോടോ സംസാരിക്കുമ്പോള്‍ വല്ലപ്പോഴുമെങ്കിലും അബദ്ധം സംഭവിക്കേണ്ടതല്ലേ. അതുണ്ടാകാതിരുന്നത് എന്തുകൊണ്ടാണ്? പ്രവാചകത്വം അവകാശപ്പെട്ടു കൊണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി അവിടുന്ന് നടത്തിയ സംസാരങ്ങളിലും പ്രഭാഷണങ്ങളിലും ഇടപെടലുകളിലും ഒരിക്കല്‍ പോലും പറഞ്ഞത് മാറ്റിപ്പറയുകയോ വൈരുധ്യം ഉണ്ടാവുകയോ ചെയ്യുന്നില്ല. അതേസമയം അവിടുന്ന് സംസാരിച്ചതും ദിവ്യബോധനമായി പരിചയപ്പെടുത്തിയ വിശുദ്ധവചനങ്ങളും ആന്തരിക പൊരുത്തക്കേടുകളില്‍ (internal inconsistencies) നിന്ന് പൂര്‍ണമായും സ്വതന്ത്രമാണ്. അവിടുത്തെ ദീര്‍ഘമായ ദൗത്യകാലത്തുടനീളം തന്റെ വാക്കുകളിലും അവകാശവാദത്തിലും സ്ഥൈര്യവും ധൈര്യവും പുലര്‍ത്തുന്നുണ്ട്. കലുഷമായ ജീവിത രംഗങ്ങളിലും – യുദ്ധത്തിനിടയില്‍ പോലും – അവിടുന്ന് തന്റെ പ്രവാചകത്വം പ്രഖ്യാപിച്ചു!

പ്രവാചകത്വം വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ദുഷ്ടമനസ്‌കനും ദുര്‍മോഹിയും ദുര്‍വൃത്തനും ദൈവ വിചാരമില്ലാത്തവനുമായ ഒരാളല്ലാതെ ഇത് വ്യാജമായി അവകാശപ്പെടുവാന്‍ ധൈര്യപ്പെടുകയില്ല. ഇത്തരം വ്യക്തികളുടെ ജീവിതം പാപങ്ങളുടെയും പാതകങ്ങളുടെയും ദുര്‍വൃത്തികളുടെയും കൂത്തരങ്ങായിരിക്കും. ഒരു നന്മയും അവരില്‍ നിന്നു ഉണ്ടാവുകയില്ല. എന്നാല്‍ ഈ നിലക്കാണോ റസൂല്‍ (സ്വ) വളര്‍ന്നുവന്നത്? എല്ലാവര്‍ക്കും വായിക്കാനാവുന്ന ഒരു തുറന്ന പുസ്തകമാണ് അവിടുത്തെ ജീവിതം. പ്രവാചകത്വത്തിനു മുമ്പ് അല്‍അമീന്‍/ വിശ്വസ്തന്‍ എന്നു സമകാലീനരുടെ ബഹുമതി ആര്‍ജ്ജിക്കത്തക്ക വണ്ണം അവിടുന്നു സല്‍ഗുണ സമ്പന്നനായിരുന്നുവെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.

പുഴുക്കുത്തില്ലാത്തതായിരുന്നു ആ ജീവിതം. എന്തെങ്കിലുമൊരു പാതകമോ ദുര്‍വൃത്തിയോ അവിടുന്ന് ചെയ്തതായി ഒരാളു പോലും ആരോപിച്ചിട്ടില്ല. ഇത്തരത്തില്‍ നിര്‍മല ജീവിതം നയിച്ചുവന്ന അവിടുന്ന് നാല്‍പതിനു ശേഷം തലതിരിഞ്ഞുവെന്നു വിചാരിക്കാന്‍ ന്യായമെന്ത്? ഇരുപത്തിമൂന്ന് വര്‍ഷം സ്ഥിരമായി ഒരു നുണ പറയാനും അതില്‍ തന്നെ അള്ളിപ്പിടിച്ചു കൂടാനും അവിടുത്തേക്കു സാധിച്ചുവെന്നോ? അതും എമ്മാതിരി നുണ – അതിന്റെ പേരില്‍ എന്തെല്ലാം വിപത്തുകള്‍ സഹിക്കേണ്ടി വരുന്നു. സ്വന്തം ദേശത്തുനിന്നു തന്നെ ബഹിഷ്‌കൃതനാവുന്നു. ഇതെല്ലാം നുണയന്മാരുടെ മനഃശാസ്ത്രത്തിന് എതിരാണ്.

റസൂലുമായി ഇടപഴകിയവര്‍ക്കെല്ലാം അവിടുത്തെ വാക്കിലും നിലപാടുകളിലും മതിപ്പു തോന്നി. സത്യ സന്ദേശങ്ങളാണ് അവിടുന്ന് പ്രബോധനം ചെയ്യുന്നതെന്ന് അവര്‍ക്ക് നേര്‍ക്കുനേരെ ബോധ്യപ്പെട്ടു. അവിടുത്തെ കണ്ട മാത്രയില്‍ ‘തീര്‍ച്ചയായും ഇതൊരു കള്ളവാദിയുടെ മുഖമല്ല ‘ എന്നഭിപ്രായപ്പെട്ട് ഇസ്ലാം മതം സ്വീകരിച്ചവരുടെ അനുഭവങ്ങള്‍ ചരിത്രത്തിലുണ്ട്. അവിടുന്ന് നിഷ്‌കളങ്കനും വിശ്വസ്തനുമാണെന്ന് കൂടെ ജീവിച്ചവരെല്ലാം അംഗീകരിച്ചിരുന്നു. ദിവ്യസന്ദേശം ലഭിച്ച പ്രഥമഘട്ടത്തില്‍ ‘എന്നെപ്പറ്റി ഭയമാവുന്നു’ എന്നു അവിടുന്ന് സഹധര്‍മിണിയോടു പറഞ്ഞപ്പോഴുള്ള അവരുടെ പ്രതികരണം എന്തായിരുന്നു: ‘അല്ലാഹു താങ്കളെ കയ്യൊഴിക്കുകയില്ല. കാരണം അങ്ങ് കുടുംബബന്ധം നിലനിര്‍ത്തുന്നു, അവശന്റെ ഭാരം പേറുന്നു, അതിഥിയെ സത്കരിക്കുന്നു, നിസ്വനെ സഹായിക്കുന്നു, സത്യത്തിന്നു വേണ്ടിയുള്ള സമരങ്ങളെ പിന്തുണക്കുന്നു ‘ (ബുഖാരി).

ഇനി, വ്യാജമായി പ്രവാചകത്വം അവകാശപ്പെട്ടതാണ് എന്ന് വെച്ചാല്‍ അതിന്റെ പ്രേരകങ്ങള്‍ എന്തെല്ലാം ആയിരിക്കും – പ്രശസ്തി, അധികാരം, പണം, പദവി?
പ്രശസ്തിയും അധികാരവും ഭൗതികമായ യശസ്സും നേടാന്‍ വേണ്ടിയാണ് അവിടുന്ന് പ്രവാചകത്വം വാദിച്ചതെന്ന് പറഞ്ഞാല്‍, അനുഭവ ചരിത്രത്തിന്റെ നേര്‍വിപരീതമാണ് അതെന്നു നിഷ്പ്രയാസം മനസ്സിലാക്കാം. അവിടുന്ന് പ്രവാചകത്വം അവകാശപ്പെടുന്നതിനു മുമ്പ് തന്നെ സാമൂഹികമായി ഉയര്‍ന്ന പദവി ആസ്വദിച്ചിരുന്നു. അറബികള്‍ക്കിടയിലെ ഉന്നതമായ ഗോത്രത്തിലെ ശ്രേഷ്ഠകുടുംബത്തിലെ അംഗമായിരുന്നു അവിടുന്ന്. സത്യസന്ധതയ്ക്ക് പേരുകേട്ടവനായിരുന്നതിനാല്‍ എല്ലാവരും വിശ്വാസപൂര്‍വം സ്വന്തം സ്വത്തുവകകള്‍ അവര്‍ അമാനത്തായി ഏല്‍പ്പിച്ചിരുന്നത് അവിടുത്തെ കൈവശമായിരുന്നു. ഇത് അവിടുത്തേക്ക് ഉണ്ടായിരുന്ന പൊതുസ്വീകാര്യതയുടെ ഒരു അടയാളമാണ്. ഹജറുല്‍ അസ്്വദ് യഥാ സ്ഥാനത്ത് പുനസ്ഥാപിക്കുക പോലെയുള്ള നയതന്ത്രപരമായ വിഷയങ്ങളില്‍ പോലും അവിടുത്തെ മാധ്യസ്ഥം അവര്‍ക്ക് സ്വീകാര്യമായിരുന്നു.
എന്നാല്‍ പ്രവാചകത്വം അവകാശപ്പെട്ടു രംഗത്തു വന്നതോടുകൂടി കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ് ഉണ്ടായത്. അവിടുത്തേക്ക് നാള്‍ക്കു നാള്‍ ശത്രുക്കള്‍ ഏറിവന്നു. അവിടുന്ന് പ്രബോധനം ചെയ്ത ആശയത്തെ ആദ്യഘട്ടത്തില്‍ സ്വീകരിച്ചവര്‍ തുലോം തുച്ഛമായിരുന്നു. പല തരത്തിലുള്ള പരിഹാസത്തിനും ഉപദ്രവങ്ങള്‍ക്കും ഇടയായി. നടവഴിയില്‍ കല്ലും മുള്ളും വിതറി. നിസ്‌കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല തലയില്‍ കൊണ്ടിട്ട് ഉപദ്രവിച്ചു. തന്നെയും മറ്റു വിശ്വാസികളെയും മൂന്നു വര്‍ഷത്തോളം ഉപരോധിച്ചു. അഭയം തേടിച്ചെന്നപ്പോള്‍ ത്വാഇഫിലെ ബന്ധുക്കള്‍ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിച്ചു കല്ലെറിഞ്ഞോടിച്ചു. മക്കയില്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷവും റസൂലും (സ്വ) അനുയായികളും കഠിനമായ പീഡനങ്ങള്‍ അഭിമുഖീകരിച്ചു. പലരും കൊല ചെയ്യപ്പെട്ടു. അവിടുത്തേക്കെതിരെ പല തവണ വധശ്രമങ്ങളുണ്ടായി. വിശ്വാസവും അനുയായികളുടെ ജീവനും സംരക്ഷിക്കുന്നതിനു വേണ്ടി ജനിച്ചുവളര്‍ന്ന നാടുവിട്ടു ദിവസങ്ങളോളം യാത്ര ചെയ്തു മറ്റൊരിടത്ത് അഭയം പ്രാപിക്കേണ്ടിവന്നു. അവിടുന്ന് പ്രശസ്തിക്ക് വേണ്ടിയാണ് രംഗത്ത് വന്നിരുന്നതെങ്കില്‍ ഇതൊന്നും അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

ഒരിക്കല്‍ അബൂജഹ്ല്‍ അവിടത്തോടുള്ള സംഭാഷണ മധ്യേ ഇപ്രകാരം പറഞ്ഞതായി അലി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ കള്ളവാദിയാക്കുന്നില്ല. പ്രത്യുത, നീ ഉന്നയിച്ചിട്ടുള്ള മതത്തെയാണ് ഞങ്ങള്‍ കള്ളമാക്കുന്നത് ‘. ബദ്‌റ് യുദ്ധവേള. അഖ്നസു ബ്നു ശരീഖ് രഹസ്യമായി അബൂജഹ്ലിനോട് പറഞ്ഞു: ‘ഇവിടെ ഞാനും നിങ്ങളുമല്ലാതെ മൂന്നാമതൊരാളില്ലല്ലോ. നേരു പറയണം. നിങ്ങള്‍ തിരുമേനിയെ സത്യവാദിയെന്നാണോ കള്ളവാദിയെന്നാണോ മനസ്സിലാക്കുന്നത്?’ അബൂജഹ്ലിന്റെ മറുപടി: ‘അല്ലാഹുവാണ് സത്യം, സത്യസന്ധനായ ഒരാളാണ് മുഹമ്മദ്. ജീവിതത്തിലൊരിക്കലും കളവ് പറഞ്ഞിട്ടില്ല. പക്ഷേ ‘ലിവാഉം’ (യുദ്ധത്തില്‍ കൊടിപിടിക്കല്‍) ‘സിഖായത്തും’ (ഹാജിമാര്‍ക്ക് ജലദാനം) ‘ഹിജാബത്തും’ (കഅ്ബാസംരക്ഷണം) ‘നുബുവ്വത്തും’ (പ്രവാചകത്വം) എല്ലാം ഖുസയ്യിന്റെ മക്കള്‍ക്കായാല്‍ പിന്നെ മറ്റു ഖുറൈശികള്‍ക്കെന്താണ് അവശേഷിക്കുന്നത്?’ ഈ ദുരഹങ്കാരമായിരുന്നു ശത്രുക്കളെ റസൂലിനെതിരെ(സ്വ) ഉന്തിയിളക്കി വിട്ടത്.
അക്കാലത്തു സമൂഹത്തില്‍ ഒരു വ്യക്തിക്ക് പ്രശസ്തി നേടാന്‍ കഴിയുന്ന മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നു. ആയോധന കലയും സാഹിത്യവും ആയിരുന്നു അവയില്‍ ഏറ്റവും മുഖ്യം. റസൂലിന് (സ്വ) ആയോധന കല നന്നായി വശമുണ്ടായിരുന്നു. വേണമെങ്കില്‍ കൂടുതല്‍ പരിശീലനം നേടി കൂടുതല്‍ പ്രശസ്തി നേടാമായിരുന്നു. പക്ഷേ അവിടുന്ന് അതിനു മുതിര്‍ന്നില്ല. സാഹിത്യത്തിന്റെ കാര്യം അത്യത്ഭുതമാണ്. നില നിന്നിരുന്ന എല്ലാ സാഹിതീയ വിസ്മയങ്ങളെയും കവച്ചുവെക്കുന്നതായിരുന്നല്ലോ അവിടുന്ന് അവര്‍ക്ക് മുന്നില്‍ ഓതിക്കേള്‍പ്പിച്ച വിശുദ്ധ ഖുര്‍ആന്‍. അത് സ്വന്തം രചനയാണ് എന്ന് വാദിച്ചിരുന്നുവെങ്കില്‍ വിശുദ്ധ കഅ്ബാലയത്തിനു മുകളില്‍ അവിടുത്തെ നാമവും തങ്കലിപികളാല്‍ കുറിക്കപ്പെട്ട് സര്‍വരാലും ആദരിക്കപ്പെടുമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശസ്തിയും ബഹുമതിയും നേടിയെടുക്കുന്നതിനു പകരം ഈ വെളിപാടിന്റെ രചയിതാവ് താനല്ലെന്നും അത് ഇന്നോളം ആരും കണ്ടിട്ടില്ലാത്ത സര്‍വ്വശക്തനായ സൃഷ്ടികര്‍ത്താവിന്റെ വചനങ്ങളാണ് എന്നു പ്രഖ്യാപിക്കുകയുമാണ് അവിടുന്നു ചെയ്തത്. അതിന്റെ പേരില്‍ പരിഹാസവും കുത്തുവാക്കുകളും ആക്ഷേപങ്ങളുമാണ് അവിടുന്ന് ദീര്‍ഘകാലം ഭൂരിപക്ഷം പേരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്.

റസൂല്‍ (സ്വ) മക്കയിലെ ഏറ്റവും ധനികയായ ഒരു വ്യാപാരിയുടെ ഭര്‍ത്താവായിരുന്നു. അവിടുന്ന് ഇച്ഛിച്ചിരുന്നുവെങ്കില്‍ ഏറ്റവും മികച്ച ജീവിത സൗകര്യങ്ങള്‍ ആസ്വദിക്കാമായിരുന്നു. എന്നാല്‍ പ്രവാചകത്വം അവകാശപ്പെട്ട് വന്നതിനു ശേഷം ആ സമ്പാദ്യങ്ങളെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിച്ചു. ദരിദ്രരായ ആളുകളില്‍ ഒരാളായി. അവിടുത്തെ വീട്ടിലെ അടുപ്പില്‍ തീ പുകയാത്ത നാളുകളുണ്ടായി. വിശപ്പ് സഹിക്കാതെ വയറ്റില്‍ കല്ലുവെച്ചുകെട്ടി ശത്രു സൈന്യത്തെ പ്രതിരോധിക്കാന്‍ കിടങ്ങ് കുഴിക്കുന്ന അവസ്ഥയുണ്ടായി. ജീവന്‍ നിലനിര്‍ത്താന്‍ പച്ചില പറിച്ച് കഴിച്ച ദിവസങ്ങള്‍ അനുഭവിച്ചു. തന്റെ ആദര്‍ശ പ്രബോധനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ധനികനാക്കാം, ഏറ്റവും മികച്ച കൊട്ടാരം പണിതുതരാം, ഏറ്റവും സുന്ദരികളായ തരുണികളെ വിവാഹം ചെയ്തുതരാം, അറബികളുടെ നേതാവാക്കാം എന്നെല്ലാം മക്കയിലെ നേതാക്കള്‍ അവിടുത്തോട് പല തവണ വാഗ്ദാനം ചെയ്തു. അവരുടെ വാഗ്ദാനത്തോടുള്ള പ്രതികരണമായി അവിടുന്നു ഖുര്‍ആനിലെ വാക്യങ്ങള്‍ പാരായണം ചെയ്തു:
‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങി വന്ന് ഇങ്ങനെ പറയും: ‘നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്ക് അവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും. ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്? നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല (ഖുര്‍ആന്‍ 41: 30-35).

പ്രവാചകന്‍, അധ്യാപകന്‍, ന്യായാധിപന്‍, സൈന്യാധിപന്‍, കുടുംബനാഥന്‍ തുടങ്ങി ബഹുമുഖമായ ഉത്തരവാദിത്വങ്ങളാണ് അവിടുന്ന് നിര്‍വഹിച്ചുകൊണ്ടിരുന്നത്. അതിനിടയിലും ആടിനെ കറക്കുകയും വസ്ത്രങ്ങള്‍ തുന്നുകയും ചെരിപ്പു നന്നാക്കുകയും ഭാര്യമാരെ വീട്ടുവേലകളില്‍ സഹായിക്കുകയും ചെയ്തു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും അത്യത്ഭുത മാതൃകയായിരുന്നു ആ ജീവിതം. അവിടുന്ന് നിലത്താണ് കിടന്നിരുന്നത്. അകമ്പടിയും പരിചാരകപ്പടയുമില്ലാതെ അങ്ങാടിയില്‍ ഇറങ്ങിനടന്നിരുന്നു. ആര്‍ക്കും തടഞ്ഞുനിര്‍ത്തി സംസാരിക്കാം. ശ്രദ്ധാപൂര്‍വം കേള്‍ക്കും, വിനയപൂര്‍വം മറുപടി പറയും. പാവപ്പെട്ടവരുടെ ക്ഷണം നിരസിക്കാറുണ്ടായിരുന്നില്ല. അവര്‍ വിളമ്പിക്കൊടുക്കുന്ന ഏത് ഭക്ഷണവും സംതൃപ്തിയോടെ കഴിക്കും. ഒരിക്കല്‍ അനുചരന്മാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ ഒരിടത്ത് താവളമടിച്ചു. ഭക്ഷണം പാകം ചെയ്യാനായി അവര്‍ ജോലികള്‍ പങ്കുവെക്കാന്‍ തുടങ്ങി. വിറക് കൊണ്ടു വരുന്ന ജോലി റസൂല്‍ (സ്വ) സ്വയം ഏറ്റെടുത്തപ്പോള്‍ അനുചരന്മാര്‍ സമ്മതിച്ചില്ല. അത് തങ്ങള്‍ തന്നെ ചെയ്തുകൊള്ളാമെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുത്തെ മറുപടി : ‘നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു പദവി ഞാന്‍ ആഗ്രഹിക്കുന്നില്ല’. നേതൃമോഹിയായ ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല ഇത്തരം സംഭവങ്ങള്‍.
അവിടുത്തെ ആത്യന്തികമായ ജീവിതലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ആശയത്തിന്റെ പ്രചാരണവും സമൂഹത്തിന്റെ ധാര്‍മിക പരിഷ്‌കരണവുമായിരുന്നല്ലോ. നുണ പറയരുത് എന്നു പഠിപ്പിക്കുവാന്‍ വന്ന അവിടുന്ന് നുണ പറഞ്ഞെന്നോ? എത്ര അസംബന്ധമാണീ വാദം!

മാനസികവിഭ്രാന്തി ആണോ?
റസൂലിന് (സ്വ) ലഭിച്ച വഹ്യ് എന്ന ദിവ്യബോധനം ഹിസ്റ്റീരിയ പോലെയുള്ള എന്തോ മാനസിക വിഭ്രാന്തിയാണ് എന്ന ആരോപണം ചില വെസ്റ്റേണ്‍ എഴുത്തുകാര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. ഇത് യുക്തിയുടെയോ അനുഭവത്തിന്റെയോ പിന്‍ബലമില്ലാത്ത പൊള്ളയും അര്‍ഥശൂന്യവുമായ ഒരു സങ്കല്പമാണ്.

മാനസികവിഭ്രാന്തി മറ്റുള്ളവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചുവെക്കാവുന്ന തരത്തിലുള്ള ഒരു രോഗമല്ല. അത്തരം രോഗികളുമായി ഇടപെട്ട ഏതൊരാള്‍ക്കും അവരുടെ ലക്ഷണങ്ങളാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിയുമെന്ന് അറിയാം. നിലത്തു വീണുപിടയുക, നിലവിളിക്കുക, അട്ടഹസിക്കുക തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നുള്ള പിച്ചും പേയുമാണ് ഹിസ്റ്റീരിയ ബാധിച്ചവരില്‍ ഉണ്ടാകാറുള്ളത്. റസൂലിന് (സ്വ) ഇത്തരത്തിലുള്ള ലക്ഷണങ്ങളെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഇരുപത്തിമൂന്ന് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ചുറ്റുമുള്ളവര്‍ക്ക് അത് വ്യക്തമാകുമായിരുന്നു, അതുണ്ടായില്ല. മാത്രമല്ല ഹിസ്റ്റീരിയ പോലെയുള്ള മാനസികവിഭ്രാന്തി കൊണ്ട് ഉണ്ടാകുന്ന പിച്ചും പേയും ആ രോഗം അനുഭവപ്പെടുന്ന സമയത്ത് മാത്രമേ ഉണ്ടാകാറുള്ളൂ, ബോധം തെളിഞ്ഞാല്‍ രോഗിക്ക് താന്‍ പറഞ്ഞതൊന്നും ഓര്‍മയുണ്ടാവുകയില്ല. എന്നാല്‍, റസൂലിന്റെ (സ്വ) അനുഭവം നേരെ മറിച്ചാണ്. അവിടുന്ന് ദിവ്യബോധനം ലഭിക്കുമ്പോള്‍ സമാപിക്കുന്നത് വരെ സംസാരിക്കാതെ ശ്രദ്ധാലുവായി ഇരിക്കുന്നു. കഴിഞ്ഞാല്‍ പൂര്‍ണ്ണ രൂപത്തില്‍ ശിഷ്യന്മാരെ ഓതിക്കേള്‍പ്പിക്കുകയും രേഖപ്പെടുത്തി വെക്കുവാന്‍ കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

തന്നെ ആരോ ഉപദ്രവിക്കാന്‍ വരുന്നു, കൊല്ലാന്‍ ശ്രമിക്കുന്നു തുടങ്ങിയ രീതിയിലുള്ള അട്ടഹാസങ്ങളും വിഭ്രാന്തി പ്രകടനങ്ങളുമാണ് ഹിസ്റ്റീരിയ രോഗികളില്‍ നിന്ന് ഉണ്ടാകാറുള്ളത്. ലോകത്ത് ഇന്നുവരെ ഏതെങ്കിലും ഒരു ഹിസ്റ്റീരിയ രോഗി പിച്ചും പേയും പുലമ്പിയത് സുഭദ്രവും സമഗ്രവുമായ നിയമദര്‍ശനമായി പ്രബോധനം ചെയ്യപ്പെട്ടത് ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുകയില്ല. നേരേമറിച്ച്, റസൂല്‍ (സ്വ) ഉപദേശിക്കുന്നു, പ്രസംഗിക്കുന്നു, ആരാധനകള്‍ക്കു നേതൃത്വം നല്‍കുന്നു, മനശ്ശാന്തി നല്‍കുന്ന അധ്യാത്മിക പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു, സാമൂഹിക പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നു. സാമ്പത്തിക ക്രയവിക്രയങ്ങളെ ശാസ്ത്രീയമായി ഏകീകരിക്കുന്നു, ഗോത്രപ്പോരും ജാതീയതയും വംശീയതയും അവസാനിപ്പിക്കുന്നു, അങ്ങനെയങ്ങനെ സര്‍വതല സ്പര്‍ശിയായ ജീവിത വ്യവസ്ഥ പഠിപ്പിക്കുന്നു. നിരന്തരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുകയും പ്രവാസം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാവുകയും എന്നിട്ടും വിടാതെ നിലകൊണ്ടപ്പോള്‍ യുദ്ധരംഗത്തേക്ക് വലിച്ചിഴക്കപ്പെടുകയും, ഒടുവില്‍ എല്ലാം അതിജയിച്ചു സ്വന്തം ദേശങ്ങളുടെ ഭരണാധികാരിയായിത്തീരുകയും ചെയ്യുന്നു. ആ വിജയത്തിന് നൂറ്റാണ്ടുകള്‍ നീളുന്ന തുടര്‍ച്ചയുണ്ടാകുന്നു. ഇതൊന്നും ഒരിക്കലും മാനസിക വിഭ്രാന്തിയുടെ ഫലങ്ങളല്ല. ചരിത്രത്തില്‍ ഇങ്ങനെ ലോകം കീഴടക്കിയ ഒരു ഭ്രാന്തനെ ചൂണ്ടിക്കാണിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.

ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, മക്കയിലെ തന്നെ ചില ശത്രുക്കള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ മുതിര്‍ന്നപ്പോള്‍ തൂലികയെയും വേദത്തെയും സാക്ഷിയാക്കി സത്യം ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പ്രതികരിച്ചത്. അവിശ്വാസികളുടെ ആരോപണത്തെ തള്ളിക്കളയാന്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ മതിയായ തെളിവാകുന്നു എന്നാണതിന്റെ സംക്ഷിപ്തം.
പ്രവാചകത്വം വാദിക്കുന്നതിനു മുമ്പ് മക്കയിലെ ശ്രേഷ്ഠനായ വ്യക്തിത്വമായി അംഗീകരിക്കപ്പെട്ടിരുന്ന ആളായിരുന്നല്ലോ റസൂല്‍ (സ്വ). അവിടുത്തെ സത്യസന്ധതയിലോ വിശ്വസ്തതയിലോ ബുദ്ധി വൈഭവത്തിലോ വിവേകത്തിലോ ഉത്തരവാദിത്വ ബോധത്തിലോ ആര്‍ക്കും ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എന്നാല്‍, ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കാന്‍ തുടങ്ങിയതോടെ ചിലരുടെ മട്ടുമാറി. ഒരു വിഭാഗം അവിടുത്തേക്ക് ഭ്രാന്ത് ആരോപിക്കാന്‍ തുടങ്ങി. അവരുടെ ദൃഷ്ടിയില്‍ അതിന്റെ ഒരേയൊരു കാരണം ഈ ഖുര്‍ആന്‍ മാത്രമാണ് എന്നാണല്ലോ ഇതിനര്‍ഥം. അതുകൊണ്ടാണ് ഈ ആരോപണത്തെ ഖണ്ഡിക്കാന്‍ അതേ ഖുര്‍ആന്‍ തന്നെ മതിയായ തെളിവാകുന്നു എന്ന് അല്ലാഹു അരുളിയത്. വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ന്ന സാഹിത്യ നിലവാരമുള്ള, മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാരസമ്പൂര്‍ണമായ വചനങ്ങളാണ്. ഇന്നോളം അങ്ങനെയൊരു ഭ്രാന്തന്‍ ജല്പനം ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

റസൂലിന്റെ(സ്വ) ഭാര്യമാരില്‍ യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ടവരും ഉണ്ടായിരുന്നല്ലോ. അവിടുന്ന് അവരെ മോചിപ്പിക്കുകയും അവരുടെ കൂടി സമ്മതത്തോടെ ജീവിതത്തിലേക്ക് സ്വീകരിക്കുകയുമാണ് ചെയ്തത്. അവരില്‍ ആദ്യ ഭര്‍ത്താവും ബന്ധുക്കളും കൊല്ലപ്പെട്ടവരും ഉണ്ടായിരുന്നു. റസൂലിന്റെ(സ്വ) പത്‌നിമാര്‍ എന്ന നിലയില്‍ അവിടുത്തോട് അടുത്തിടപഴകി ജീവിച്ച അവര്‍ക്ക് എപ്പോഴെങ്കിലും ഇതെല്ലാം ഭ്രാന്തന്‍ ജല്പനങ്ങള്‍ ആണെന്നു തോന്നിയിരുന്നെങ്കില്‍ മറ്റാരേക്കാളും ശക്തമായി അവര്‍ തന്നെ അത് തുറന്നുകാണിക്കുമായിരുന്നു. അവര്‍ക്ക് നഷ്ടബോധം ഉണ്ടാകുമായിരുന്നു. എന്നാല്‍ മറിച്ചായിരുന്നു കാര്യങ്ങള്‍. അവര്‍ കൂടുതല്‍ സന്തുഷ്ടരും തിരുഭവനത്തിലെ പത്‌നിമാര്‍ എന്ന നിലയില്‍ ആ ചര്യയുടെ കാവല്‍ക്കാരും പ്രബോധകരുമായി തീരുകയാണ് ഉണ്ടായത്.

കപടനാട്യം ആണോ?
റസൂല്‍ (സ്വ) പഠിപ്പിച്ച ഖുര്‍ആനിക അധ്യാപനങ്ങളും മാതൃകാ ജീവിതത്തിനുള്ള ആഹ്വാനങ്ങളും സുഭദ്രമായ നിയമവ്യവസ്ഥയും തുടങ്ങിയ എല്ലാമെല്ലാം ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവിടുത്തെ വെറും കപടനാട്യങ്ങളായിരുന്നു എന്ന ആരോപണമാകട്ടെ, ഇതിനു മുമ്പ് പറഞ്ഞവയെക്കാള്‍ ദുര്‍ബലവും ബാലിശവുമാണ്. കാരണം ഏതു കപടനാട്യത്തിനും കൃത്യമായ ഒരു ലക്ഷ്യം ഉണ്ടാകും. ഉടനെയോ വൈകിയോ അതു സാധിച്ചുകഴിഞ്ഞാല്‍ അതിന്റെ വീര്യം കുറയും. അതിന് ഉള്‍പ്രേരകമായി വര്‍ത്തിച്ച പൂച്ചും ദുരുദ്ദേശ്യവും വൈകാതെ പുറത്തുചാടും. കപടനാട്യക്കാരെ ശ്രദ്ധിക്കുക, അവരുടെ മനസ്സ് അധഃപതിച്ചതായിരിക്കും. വിജയ ലക്ഷണം കണ്ടു തുടങ്ങുമ്പോള്‍ തന്നെ അയാളുടെ കള്ളിയും പൊളിഞ്ഞുതുടങ്ങും.
റസൂലിന്റെ (സ്വ) ലക്ഷ്യം ഭൗതികമായ യശസ്സോ പ്രീതിയോ ആയിരുന്നുവെങ്കില്‍ അവിടുന്ന് സുഖാഡംഭരങ്ങളില്‍ അഭിരമിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അവിടുന്ന് നിര്‍ധനനായി ജീവിക്കുകയും മരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അറേബ്യയുടെ ആകമാനം അധികാരച്ചെങ്കോല്‍ കൈവശം വന്നിട്ടും ഭൗതികമായ ആഡംബരങ്ങളില്‍ അവിടുന്ന് താല്‍പര്യം പ്രകടിപ്പിച്ചില്ല. ഒരിക്കല്‍ പോലും പട്ടുമെത്ത വിരിച്ചില്ല; പട്ടാടയണിഞ്ഞില്ല; തങ്കാഭരണം ധരിച്ചില്ല. അനാര്‍ഭാടമായി വസ്ത്രങ്ങള്‍ ധരിച്ച് ഒരു കൊച്ചുവീട്ടില്‍ ഇടത്തരക്കാരെപ്പോലെ താമസിച്ച് സത്യപ്രബോധനവുമായി നിലകൊണ്ടു.

ഒരിക്കല്‍ തിരുപത്‌നി ഹഫ്‌സ്വ (റ) പറഞ്ഞു: ‘ചണം കൊണ്ടുള്ള ഒരു തുണിയിലാണ് അവിടുന്ന് കിടന്നിരുന്നത്. ഞാനത് രണ്ട് മടക്കായി വിരിച്ച് കൊടുക്കും. ഒരിക്കല്‍ റസൂലിന് (സ്വ) അല്പം സുഖം കിട്ടിക്കോട്ടേ എന്ന് കരുതി ഞാനത് നാലായി മടക്കി വിരിച്ചുകൊടുത്തു. പിറ്റേന്ന് പ്രഭാതത്തില്‍ അവിടുന്ന് ചോദിച്ചു : ഇന്നലെ രാത്രി നീ എനിക്ക് വിരിച്ചുതന്നത് എന്തായിരുന്നു? ഞാന്‍ പറഞ്ഞു: അതേ തുണി തന്നെ. പക്ഷേ ഞാനത് നാലായി മടക്കിയിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ‘അത് പഴയ മാതിരി തന്നെ വിരിച്ചു തന്നാല്‍ മതി. മാര്‍ദവം കൂടിയാല്‍ അത് തഹജ്ജുദിനു (നിശാനിസ്‌കാരം) തടസ്സമാകും.’

ഒരിക്കല്‍ ഹഫ്‌സ്വ ബീവിയുടെ ഉപ്പ കൂടിയായ ഉമര്‍ (റ) അവിടുത്തെ കാണാന്‍ വന്നു. റസൂലിന്റെ(സ്വ) മുറിയില്‍ ഊറക്കിട്ടു പതം വരുത്തിയ മൂന്ന് തോല്‍കഷ്ണങ്ങളും ഒരു പിടി ബാര്‍ലിയും മാത്രമാണ് കണ്ടത്. ‘ഞാന്‍ ചുറ്റും കണ്ണോടിച്ച് നോക്കി. മറ്റൊന്നും കാണാന്‍ സാധിച്ചില്ല. അറിയാതെ വിതുമ്പിപ്പോയി. അത് കണ്ട് എന്തിനാണ് കരയുന്നതെന്ന് അവിടുന്ന് അന്വേഷിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, അവിടുത്തെ ശരീരത്തില്‍ പായയുടെ അടയാളം പതിഞ്ഞുകിടക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് കരയാതിരിക്കുക. അവിടുത്തെ മുറിയില്‍ ആകെയുള്ള സാധനങ്ങള്‍ എന്തെന്നും ഞാന്‍ കണ്ടു. അല്ലാഹുവിന്റെ ദൂതരേ, നമുക്ക് മതിയായ ഭക്ഷണം തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. പേര്‍ഷ്യക്കാരും റോമാക്കാരും വിശ്വാസികളല്ല. അവര്‍ അല്ലാഹുവിനെ ആരാധിക്കുന്നവരല്ല. എന്നിട്ടും അവരുടെ രാജാക്കന്മാരായ കുസ്രുവും സീസറും ഇടയിലൂടെ ആറുകള്‍ ഒഴുകുന്ന ആരാമങ്ങളിലാണ് താമസിക്കുന്നത് ‘. റസൂല്‍ (സ്വ) തലയിണയില്‍ ചാരികിടക്കുകയായിരുന്നു. എന്റെ വാക്കുകള്‍ കേട്ട് എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു : ‘താങ്കള്‍ക്ക് ഈ മതത്തെ പറ്റി ഇപ്പോഴും സന്ദേഹമാണോ? ഇഹലോക സുഖത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പരലോക സുഖം.’

ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടിയെടുക്കുക ലക്ഷ്യമിട്ടു കൊണ്ട് പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങുന്ന പലരെയും നാം കണ്ടിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്കൊപ്പം നടക്കുകയാണെങ്കില്‍ മുന്‍നിരയില്‍ നടക്കുകയും തന്നെ കണ്ടാല്‍ മറ്റുള്ളവര്‍ തല കുനിക്കുന്നതും സാഷ്ടാംഗം ചെയ്യുന്നതും ഇഷ്ടപ്പെടുകയും മോഹിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ റസൂല്‍ (സ്വ) ആകട്ടെ സദസ്സ് അവസാനിക്കുന്നേടത്ത് ചെന്നിരിക്കുകയും ജനങ്ങളുടെ ഒപ്പം നടക്കുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം.

ഒരിക്കല്‍ അവിടുന്നു ശിഷ്യന്മാരുടെ സഭയിലേക്ക് കടന്നുവന്നപ്പോള്‍ ബഹുമാന സൂചകമായി അവര്‍ എഴുന്നേറ്റു നിന്നു. ‘അറബികളല്ലാത്തവര്‍ രാജാക്കന്മാരെ കണ്ടാല്‍ എഴുന്നേല്‍ക്കുന്ന മാതിരി എനിക്കു വേണ്ടി നിങ്ങള്‍ എഴുന്നേല്‍ക്കരുത്; ഞാന്‍ രാജാവല്ല!’ എന്ന് അവരെ ഉപദേശിക്കുകയാണ് അവിടുന്നു ചെയ്തത്. ജനങ്ങള്‍ അവിടുത്തെ കുറിച്ച് മുഖസ്തുതി പറയുന്നത് അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നില്ല. തന്നെ വാനോളം പുകഴ്ത്തരുതെന്നു അവിടുന്ന് അവരെ ഉപദേശിച്ചു. ‘ക്രിസ്ത്യാനികള്‍ മറിയമിന്റെ പുത്രനെ അതിരുകവിഞ്ഞ് വാഴ്ത്തിയതു പോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ ഒരു അടിമ മാത്രം. അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനും എന്നേ നിങ്ങള്‍ പറയാവൂ. ‘

അധികാരവും രാജപദവിയും നേടലായിരുന്നു ഈ കപടനാട്യത്തിന്റെ ലക്ഷ്യമെങ്കില്‍ പ്രജകള്‍ രാജാക്കന്മാരോട് പെരുമാറുന്ന രീതിയില്‍ തന്നോട് പെരുമാറരുതെന്നു റസൂല്‍ അവരെ ഉപദേശിക്കുമായിരുന്നോ? അവിടുത്തേക്ക് വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയാറാകുമാറ് സ്വാധീനവും ആജ്ഞാശക്തിയും അനുയായികളില്‍ അവിടുത്തേക്കുണ്ടായിരുന്നു. അറേബ്യയുടെ അധികാരവും കൈവന്നു.പക്ഷേ പഴയ നിലപാടു തന്നെ തുടര്‍ന്നു. ആഹാര രീതിയില്‍ മാറ്റം വരുത്തിയില്ല. വേഷവിധാനങ്ങള്‍ പരിഷ്‌കരിച്ചില്ല. ആത്മരക്ഷാ നടപടികള്‍ കൈക്കൊണ്ടില്ല. സ്വേച്ഛാധിപത്യം കാണിച്ചില്ല. ഒരിക്കല്‍ ഒരു ഗ്രാമീണ അറബി വസ്ത്രത്തില്‍ കേറിപ്പിടിച്ച് അവിടുത്തോട് പരുഷമായി സംസാരിച്ചു. അതു കണ്ടുനിന്ന ചില ശിഷ്യന്‍മാര്‍ അയാളെ നിലക്കുനിര്‍ത്താന്‍ ഭാവിച്ചുവെങ്കിലും അവിടുന്ന് തടഞ്ഞു. മക്ക എന്നന്നേക്കുമായി തന്റെ അധീനത്തില്‍ വന്ന ദിവസം. പേടിച്ചുവിറച്ച് തന്റെ മുമ്പില്‍ വന്നു നിന്ന ഒരാളെ തന്റെ അടുത്തേക്ക് ചേര്‍ത്തുനിര്‍ത്തി സ്‌നേഹപുരസ്സരം അയാളുടെ ചുമലില്‍ തട്ടിക്കൊണ്ട് റസൂല്‍ (സ്വ) പറഞ്ഞു: ‘സഹോദരാ, ധൈര്യമായിരിക്കൂ; ഉണക്കറൊട്ടി തിന്നു ശീലിച്ച ഒരു ഖുറൈശി വനിതയുടെ പുത്രനാണു ഞാന്‍ ‘.

ഇനി മറ്റൊരു വശം ചിന്തിച്ചുനോക്കൂ, റസൂലിന്റെ (സ്വ) സ്വന്തം പത്‌നിമാര്‍, ഏറ്റവും അടുത്ത ശിഷ്യന്‍മാര്‍ എന്നിവരില്‍ നിന്നു പോലും അവസാനം വരെ ഈ കാപട്യം മറച്ചുപിടിക്കാന്‍ കഴിഞ്ഞു എന്ന അനുമാനം എത്രത്തോളം വിശ്വസനീയമാണ്?! ഏത് ആദര്‍ശവാദിക്കും തന്നെപ്പോലുള്ള അനുയായികളാണ് ഉണ്ടാവുക. ഇതൊരു ചരിത്രവസ്തുതയാണ്. ആദര്‍ശവാദി കപടനാണെങ്കില്‍ അയാളുടെ അടുപ്പക്കാരും അത്തരക്കാരായിരിക്കും. നേതാവിന്റെ ലക്ഷ്യം സഫലമാകാന്‍ അവര്‍ മെയ്യഴിഞ്ഞു സഹായിക്കുകയും നേട്ടങ്ങള്‍ പങ്കുവെക്കുകയും ചെയ്യും. എന്നാല്‍ റസൂലിന്റെ (സ്വ) ഏറ്റവും അടുത്ത സഹചാരികളായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) എന്നിവരുടെയെല്ലാം ജീവിതം പരിശോധിക്കൂ. സുഖഭോഗ വിരക്തിയിലും അര്‍പ്പണമനോഭാവത്തിലും അവരും റസൂലിന്റെ (സ്വ) അതേ മാതൃകയാണ് പിന്തുടര്‍ന്നത്. അവിടുത്തെ കാല ശേഷം ഭരണസാരഥ്യം അവര്‍ക്കായിരുന്നല്ലോ. അധികാരത്തിന്റെ നിറപ്പകിട്ടില്‍ അവര്‍ വഞ്ചിതരായില്ല. ജീവിതരീതികള്‍ പരിഷ്‌കരിച്ചില്ല. സുഖലോലുപതയില്‍ ആറാടിയില്ല. പ്രത്യുത, പ്രജകളുടെ സേവകരായിരുന്നു അവര്‍. പ്രജകള്‍ അണിയുന്നതിനേക്കാള്‍ മോശപ്പെട്ട വസ്ത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. അവര്‍ കഴിക്കുന്നതിനേക്കാള്‍ താണ ആഹാരം കഴിച്ചു. പകല്‍ അവരെ സേവിച്ചും രാത്രി സാഷ്ടാംഗം ചെയ്തും ജീവിതം കഴിച്ചു. തിരുപത്‌നിമാരും തഥൈവ. ഏറ്റവും മികച്ച ധാര്‍മിക ജീവിതത്തിന്റെ മാതൃകകള്‍ ആയിരുന്നു അവര്‍. മരണം വരെ അവര്‍ തികഞ്ഞ ഭൗതിക വിരക്തിയും സന്മാര്‍ഗവും ഉയര്‍ത്തിപ്പിടിച്ച് ജീവിച്ചു. കാപട്യം ഇത്രത്തോളം സല്‍ഗുണ സമ്പന്നമാണോ! എങ്കില്‍ സല്‍സ്വഭാവവും കാപട്യവും തമ്മില്‍ എന്താണ് വ്യത്യാസം?

ജാലവിദ്യകള്‍ കാട്ടി വശീകരിച്ചതാണോ?
റസൂലിന്റെ (സ്വ) സന്ദേശത്തിന് മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സമകാലീനരായ ശത്രുക്കളിലെ ഒരു ചെറിയ പറ്റം ഇങ്ങനെയൊരു വാദം ഉന്നയിച്ചിരുന്നു. അവിടുന്ന് ആഭിചാരം ചെയ്തു ജനങ്ങളെ വശീകരിക്കുകയാണ് എന്നായിരുന്നു അവരുടെ വിമര്‍ശം. ‘എന്തായാലും ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ തന്നെയല്ലയോ? പിന്നെ നിങ്ങളെന്താ കണ്ടുകൊണ്ട് ആഭിചാരത്തിന്റെ കെണിയില്‍ ചെന്നുപെടുകയാണോ? ‘ എന്ന് അക്രമികള്‍ തമ്മില്‍ മന്ത്രിക്കുന്നതു വിശുദ്ധ ഖുര്‍ആന്‍ (21/3) ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് തന്നെ അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല എന്നതാണു സത്യം, വിശദീകരിക്കാം.
റസൂലിന്റെ (സ്വ) പ്രബോധനത്തെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ചായിരുന്നു മക്കയിലെ സത്യനിഷേധികളുടെ രഹസ്യാലോചനകള്‍ മുഴുവന്‍. അവര്‍ പറഞ്ഞു: ഇയാള്‍ ഒരിക്കലും ഒരു പ്രവാചകനാവുക വയ്യ. കാരണം, നമ്മളെപ്പോലെ ഇയാളും തിന്നുന്നു, കുടിക്കുന്നു, അങ്ങാടികളില്‍ നടക്കുന്നു, വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നു, ദാമ്പത്യം നയിക്കുന്നു… പിന്നെ നമ്മില്‍ നിന്നെല്ലാം വ്യതിരിക്തമായ, ദൈവവുമായി ഒരസാധാരണ ബന്ധത്തിന് അര്‍ഹത നല്‍കുന്ന എന്തു വിചിത്രഗുണമാണ് ഇയാളിലുള്ളത്?! ഇയാളുടെ സംസാരത്തിനും വ്യക്തിത്വത്തിനും ഒരാഭിചാര ശക്തിയുണ്ടെന്നു മാത്രം. ആ വാക്കുകള്‍ ശ്രദ്ധിക്കുന്നവരും ഇയാളുടെ സമീപത്ത് ചെല്ലുന്നവരും അതിന്റെ മാന്ത്രിക സ്വാധീനത്തില്‍ കുടുങ്ങിപ്പോവുകയാണ്. അതുകൊണ്ട് സ്വന്തം നന്മ ഉദ്ദേശിക്കുന്നവര്‍ ഇയാളുടെ വാക്കുകള്‍ ശ്രദ്ധിക്കാതിരിക്കുക, ഇയാളുമായി ഇടപെടാതിരിക്കുക. ഇയാളുടെ സംസാരം ശ്രവിക്കുന്നവരും അടുത്തു ചെല്ലുന്നവരും അറിഞ്ഞുകൊണ്ട് ആഭിചാരത്തിന്റെ വലയില്‍ ചെന്നുചാടുകയാണ്. ഇതായിരുന്നു അവരുടെ വാദം.
റസൂലിന്റെ (സ്വ) പേരില്‍ ആഭിചാരം ആരോപിക്കാന്‍ അവരെ പ്രേരിപ്പിച്ച ചില സംഭവങ്ങളുണ്ട്. ഉദാഹരിക്കാം. ഹംസ (റ) ഇസ്ലാമിലേക്ക് വന്ന ഉടനെ റസൂലിന്റെ (സ്വ)കാര്യത്തില്‍ ഒരുറച്ച തീരുമാനത്തിലെത്താന്‍ ഖുറൈശി മുഖ്യന്മാരുടെ നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നു. ദിനംപ്രതി റസൂലിന്റെ (സ്വ) അനുയായികളുടെ അംഗബലം വര്‍ധിക്കുന്നതില്‍ അവരാകെ പരിഭ്രാന്തരായിരുന്നു. പ്രമുഖ നേതാവായ ഉത്ബതുബ്നു റബീഅ എഴുന്നേറ്റു നിന്നു സംസാരിച്ചു. അബൂസുഫ്യാന്റെ ഭാര്യ ഹിന്ദിന്റെ പിതാവാണ് അദ്ദേഹം. ‘നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ മുഹമ്മദിനെ പോയിക്കണ്ട് കാര്യങ്ങള്‍ അയാള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കാം.’ അവര്‍ ഉത്ബയോട് പറഞ്ഞു: ‘ഓ അബുല്‍ വലീദ്, തീര്‍ച്ചയായും താങ്കള്‍ പോയി സംസാരിച്ചു നോക്കൂ.’ അങ്ങനെ അദ്ദേഹം റസൂലിനെ (സ്വ) ചെന്ന് കണ്ടു. സംസാരിച്ചു തുടങ്ങി; ‘സഹോദരപുത്രാ, ഞങ്ങള്‍ക്കിടയില്‍ നീ എത്ര അന്തസ്സുള്ളവനാണെന്ന് നിനക്കു തന്നെ അറിയാം. കുടുംബമഹിമയിലാണെങ്കില്‍ നീ ഏറ്റവും ആഢ്യ കുടുംബത്തിലെ അംഗമാണല്ലോ. എന്നിട്ടും സ്വന്തം സമുദായത്തില്‍ എന്തിനീ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു? ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, ആളുകളെ വിഡ്ഢികളെന്നാരോപിച്ചു, അവരുടെ മതത്തെയും ആരാധ്യരെയും ദുഷിച്ചുപറഞ്ഞു, പൂര്‍വ പിതാക്കളെയും പ്രപിതാക്കളെയുമെല്ലാം മാര്‍ഗഭ്രംശം സംഭവിച്ചവരും സത്യനിഷേധികളുമാക്കി. എന്തിനിതെല്ലാം? വലിയ ധനികനാവലാണ് ഉദ്ദേശ്യമെങ്കില്‍ വേണ്ടത്ര പണം തന്ന് നിന്നെ ഏറ്റവും വലിയ ധനികനാക്കാം. നേതൃത്വമാണാഗ്രഹമെങ്കില്‍ നിന്നെ നേതാവായി അംഗീകരിക്കാം. രാജത്വമാണ് വേണ്ടതെങ്കില്‍ ഞങ്ങളുടെ രാജാവായി വാഴിക്കാം, ഇതൊന്നുമല്ല, നിനക്ക് വല്ല രോഗവുമുണ്ടോ? അതുമൂലം ഉറക്കിലോ ഉണര്‍വിലോ വല്ല മനോവിഭ്രാന്തിയും ഉണ്ടാവുന്നതാണോ, എങ്കില്‍ ഏറ്റവും സമര്‍ഥനായ വൈദ്യനെക്കൊണ്ട് ചികില്‍സിപ്പിക്കാം.’

ഉത്ബയുടെ സംസാരം മുഴുവനും അവിടുന്ന് മൗനമായി കേട്ടുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടുന്നു ചോദിച്ചു: ‘അബുല്‍ വലീദ്, താങ്കള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞോ, അതോ ഇനിയും പറയാനുണ്ടോ?’ തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു ഉത്ബയുടെ മറുപടി. ശരി, ഇനി എനിക്ക് പറയാനുള്ളത് കേള്‍ക്കൂ എന്ന് പറഞ്ഞ് അവിടുന്ന് സൂറ ഹാമീം അസ്സജദ തുടക്കം മുതല്‍ പാരായണം ചെയ്യാന്‍ ആരംഭിച്ചു. ഉത്ബ താഴെ നിലത്ത് കൈ കുത്തി ആ പാരായണം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. 37-ാം സൂക്തമെത്തിയപ്പോള്‍ അവിടന്ന് സുജൂദ് ചെയ്തു. തല ഉയര്‍ത്തിക്കൊണ്ട് ഉത്ബയോട് പറഞ്ഞു: ‘ഓ അബുല്‍ വലീദ്, എനിക്ക് പറയാനുള്ളത് താങ്കള്‍ കേട്ടുകഴിഞ്ഞു. ഇനി താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.’
ഉത്ബ ഖുറൈശി പ്രമാണിമാരുടെ അടുത്തേക്ക് തിരിച്ചുവന്നു. അവര്‍ ദൂരെ നിന്നേ അദ്ദേഹത്തിന്റെ വരവ് കണ്ടു പറഞ്ഞു: ‘ദൈവമാണേ, അബുല്‍ വലീദിന്റെ ഭാവവും മട്ടും മാറിയിട്ടുണ്ട്. അദ്ദേഹം പോകുമ്പോള്‍ ഉണ്ടായിരുന്ന കോലമല്ല ഇപ്പോഴുള്ളത്.’ അദ്ദേഹം വന്നുകയറുമ്പോള്‍ തന്നെ അവര്‍ ചോദിച്ചു: ‘പറയൂ, അബുല്‍ വലീദ്, എന്തുണ്ടായി?’ അദ്ദേഹം പറഞ്ഞു: ‘ദൈവമാണേ, മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത രീതിയിലുള്ള ചില വചനങ്ങള്‍ ഞാനിന്നു കേട്ടു. അല്ലാഹുവാണേ! അത് കവിതയല്ല, മന്ത്രമല്ല, ജോല്‍സ്യവുമല്ല. ഖുറൈശികളേ, ഞാന്‍ പറയുന്നത് കേള്‍ക്കുക. നമുക്ക് ഇദ്ദേഹത്തെ അയാളുടെ പാട്ടിനു വിടാം. അദ്ദേഹത്തില്‍ നിന്ന് കേട്ട ആ വചനങ്ങളുണ്ടല്ലോ, അവ അത്യാകര്‍ഷകങ്ങളാണ്. അറബികള്‍ അതിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ നിങ്ങളുടെ സഹോദരന്റെ രക്തത്തിനു ഉത്തരവാദികള്‍ നിങ്ങളല്ലാതായിത്തീരും. ഇനി അറബികളെ അദ്ദേഹം പരാജയപ്പെടുത്തുകയാണെങ്കില്‍, അദ്ദേഹത്തിന്റെ ആധിപത്യം നിങ്ങളുടെ കൂടി ആധിപത്യമായിരിക്കും; അദ്ദേഹത്തിന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമായിരിക്കും.’ ജനങ്ങള്‍ പറഞ്ഞു: ‘ഓ അബുല്‍ വലീദ്, ദൈവമാണേ, അയാളുടെ ആഭിചാരം താങ്കളെയും ബാധിച്ചിരിക്കുന്നു.’ ഉത്ബ പ്രതികരിച്ചു: ‘ഇത് എന്റെ അഭിപ്രായമാണ്. ഇനി നിങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യാം’ (ഇബ്നു ഹിശാം).
ഈ സംഭവം സംബന്ധിച്ച് ബൈഹഖി(റ) ഉദ്ധരിച്ച കാര്യങ്ങളില്‍ ഇപ്രകാരം കൂടി കാണാം: തിരുനബി (സ്വ) ഹാമീം അസ്സജദ പാരായണം ചെയ്ത് ‘ഇവര്‍ അവഗണിച്ചു കളയുകയാണെങ്കില്‍ പറഞ്ഞേക്കുക: ആദു വര്‍ഗത്തിനും സമൂദു വര്‍ഗത്തിനും സംഭവിച്ചതുപോലെ പെട്ടെന്ന് വന്നുപതിക്കുന്ന ഒരു ശിക്ഷയെക്കുറിച്ച് ഞാന്‍ നിങ്ങളെ താക്കീത് ചെയ്യുന്നു’ എന്ന സൂക്തത്തിലെത്തിയപ്പോള്‍ ഉത്ബ സ്വയമറിയാതെ മുന്നോട്ടുവന്ന് റസൂലിന്റെ (സ്വ) വായ പൊത്തി ‘ദൈവത്തെയോര്‍ത്ത് സ്വന്തം ജനതയോട് കരുണ കാണിക്കൂ’ എന്നപേക്ഷിക്കുകയുണ്ടായി.
മറ്റൊരു സംഭവം: ഒരിക്കല്‍ അറാശ് ഗോത്രക്കാരനായ ഒരാള്‍ കുറെ ഒട്ടകങ്ങളുമായി മക്കയില്‍ വന്നു. അബൂജഹ്ല്‍ അയാളുടെ ഒട്ടകങ്ങളെ വാങ്ങി. വില ചോദിച്ചപ്പോള്‍ ഓരോരോ സൂത്രങ്ങള്‍ പറഞ്ഞ് അബൂജഹ്ല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. വിഷമത്തില്‍പെട്ട അറാശി ഒരു ദിവസം കഅ്ബയില്‍ ഖുറൈശി പ്രമാണിമാരുടെ സദസ്സിനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. അപ്പോള്‍ ഹറമിന്റെ ഒരു മൂലയില്‍ റസൂല്‍ (സ്വ) ഇരിക്കുന്നുണ്ടായിരുന്നു. ഖുറൈശി പ്രമാണിമാര്‍ അയാളോടു പറഞ്ഞു: ‘ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല; നോക്കൂ, അതാ ആ മൂലയിലിരിക്കുന്ന മാന്യനുണ്ടല്ലോ, അദ്ദേഹത്തോട് ചെന്നുപറയൂ. അയാള്‍ നിങ്ങളുടെ പണം വാങ്ങിത്തരും.’ അറാശി നേരെ റസൂലിനെ ചെന്ന് കണ്ടു. ഖുറൈശികള്‍ പരസ്പരം പറഞ്ഞു: ‘ഇന്ന് നല്ല രസമുണ്ടാവും.’ റസൂലിനെ (സ്വ) അപമാനിക്കാന്‍ കിട്ടുന്ന ഒരവസരവും അബൂജഹ്ല്‍ പാഴാക്കുകയില്ലെന്ന് അവര്‍ക്കറിയാം.
അറാശി റസൂലിന്റെ (സ്വ) അടുത്തുചെന്നു തന്റെ പരാതി ബോധിപ്പിച്ചു. അവിടന്ന് ഉടന്‍ തന്നെ എഴുന്നേറ്റ് ആഗതനെയും കൂട്ടി അബൂജഹ്ലിന്റെ വീട്ടിലേക്ക് നടന്നു. എന്താണ് നടക്കുന്നതെന്നറിയാന്‍ ഖുറൈശി നേതാക്കള്‍ അവരുടെ പിന്നാലെ ഒരാളെ വിട്ടു.

റസൂല്‍ (സ്വ) നേരേ അബൂജഹ്ലിന്റെ വാതില്‍ക്കല്‍ ചെന്നു മുട്ടി. അബൂജഹ്ല്‍ ചോദിച്ചു: ‘ആരാത്!’ അവിടുന്ന് ഉത്തരം നല്‍കി: ‘മുഹമ്മദ്!’ അയാള്‍ പരിഭ്രമത്തോടെ പുറത്തുവന്നു. അവിടുന്ന് അയാളോടാവശ്യപ്പെട്ടു: ‘ഈ മനുഷ്യന്റെ പണം കൊടുക്കണം.’ അബൂജഹ്ല്‍ മറുത്തൊന്നും പറയാതെ അകത്തുപോയി ഒട്ടകങ്ങളുടെ വില കൊണ്ടുവന്ന് അറാശിയുടെ കൈയില്‍ കൊടുത്തു. ഖുറൈശികളുടെ നിരീക്ഷകന്‍ ഈ രംഗം കണ്ട് ഹറമിലേക്കോടി. നടന്നതെല്ലാം നേതാക്കളെ കേള്‍പ്പിച്ചു. അയാള്‍ പറയാന്‍ തുടങ്ങി: ‘അല്ലാഹുവാണേ! ഒരിക്കലും കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു കാഴ്ചയാണ് ഞാനിന്ന് കണ്ടത്. ഹകമു ബ്നു ഹിശാം (അബൂജഹ്ല്‍) മുഹമ്മദിനെ കണ്ടതോടെ വിവര്‍ണനായി. മുഹമ്മദ് അയാളുടെ പണം കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഹകമുബ്നു ഹിശാമിന്റെ ശരീരത്തില്‍ ജീവനില്ലെന്ന് തോന്നിപ്പോയി’ (ഇബ്നു ഹിശാം).

ഇതായിരുന്നു അവര്‍ ആഭിചാരമെന്ന് വിശേഷിപ്പിച്ച തിരുവ്യക്തിത്വത്തിന്റെയും അവിടുത്തെ ചര്യയുടെയും വചനങ്ങളുടെയും അതിശയകരമായ സ്വാധീനശക്തി. അവിടുത്തെ അറിയുന്നവരെല്ലാം അതിന്റെ വശ്യതയില്‍ ആകൃഷ്ടരാകുമെന്നു അവര്‍ക്ക് നല്ല ഭയമുണ്ടായിരുന്നു. അതുകൊണ്ട് റസൂലിന്റെ (സ്വ) അടുത്തു പോയാല്‍ ആഭിചാരം ബാധിക്കുമെന്നു പറഞ്ഞ് അജ്ഞരായ ആളുകളെ അവര്‍ അകറ്റിക്കൊണ്ടിരുന്നു.

വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ‘റബ്ബിന്റെ അനുഗ്രഹത്താല്‍ അങ്ങ് ജോത്സ്യനല്ല; ഭ്രാന്തനുമല്ല’ (അത്ത്വൂര്‍ : 29).

കാഹിന്‍ എന്ന പദമാണ് ഇവിടെ ജോത്സ്യന്‍ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനു ജ്യോതിഷി, അദൃശ്യങ്ങള്‍ പറയുന്നവന്‍, സൂത്രക്കാരന്‍ എന്നെല്ലാം അര്‍ഥങ്ങള്‍ പറയാം. ഇസ്‌ലാം പൂര്‍വകാലത്ത് പലരുടെയും തൊഴിലായിരുന്നു ജ്യോതിഷം. ഗ്രഹങ്ങള്‍, ആത്മാക്കള്‍, ഭൂതങ്ങള്‍ തുടങ്ങിയ ശക്തികളുമായി തങ്ങള്‍ക്ക് സവിശേഷ ബന്ധം ഉണ്ടെന്നും തദ്വാരാ തങ്ങള്‍ക്ക് അദൃശ്യവാര്‍ത്തകളറിയാന്‍ കഴിയുമെന്നും ഇക്കൂട്ടര്‍ വാദിക്കുകയും ദുര്‍ബലമനസ്‌കരായ ആളുകള്‍ അതു വിശ്വസിക്കുകയും ചെയ്തിരുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടാനും മോഷ്ടാക്കളെ തിരിച്ചറിയാനും ഭാവി കാര്യങ്ങളുടെ പ്രവചനം കേള്‍ക്കാനും ജനങ്ങള്‍ അവരെ സമീപിക്കുകയും കാണിക്കകളും ദക്ഷിണകളും സ്വീകരിച്ച് ജോത്സ്യന്മാര്‍ അവര്‍ക്ക് ‘അദൃശ്യ വൃത്താന്തങ്ങള്‍’ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
ചിലപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഇവര്‍ പ്രത്യേക തരം ഒച്ചയുണ്ടാക്കി തെരുവുകളില്‍ നടക്കും. സവിശേഷമായ വേഷഭൂഷാദികള്‍ കൊണ്ട് തന്നെ അവരെ തിരിച്ചറിയാന്‍ സാധിക്കും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഭാഷണശൈലി സ്വീകരിച്ച് ജനങ്ങളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നു. ആര്‍ക്കും മനസ്സിലാകാത്ത തങ്ങള്‍ക്കു മാത്രം വ്യാഖ്യാനിക്കാവുന്ന സങ്കീര്‍ണമായ വാക്യങ്ങള്‍ വൃത്തപ്രാസനിബദ്ധമായും താളാത്മകമായും ഉരുവിടുകയായിരുന്നു അവരുടെ രീതി. എല്ലാം ഉദരപൂരണത്തിനു വേണ്ടിയുള്ള ജാഡകള്‍ മാത്രമായിരുന്നു.
റസൂല്‍ (സ്വ) സത്യപ്രബോധനവുമായി വന്നപ്പോള്‍ ജനങ്ങള്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നവന്‍ എന്ന അടിസ്ഥാനത്തിലാണ് സാധാരണക്കാരെ പറ്റിക്കാന്‍ ഖുറൈശികള്‍ അവിടുന്ന് ജോത്സ്യനാണ് എന്നാരോപിച്ചത്. അല്ലാഹുവില്‍ നിന്ന് ഒരു മലക്ക് വന്ന് തനിക്ക് ദിവ്യബോധനം നല്‍കുന്നുവെന്നാണല്ലോ അവിടുന്ന് വാദിച്ചത്. അവിടുന്ന് ഓതിക്കേള്‍പ്പിച്ച വചനങ്ങള്‍ താളാത്മകവും വശ്യവുമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ആളുകളെ റസൂലില്‍ (സ്വ) നിന്ന് അകറ്റാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ അത് വ്യാമോഹം മാത്രമായിരുന്നു. അറേബ്യയിലാരെയും പറ്റിക്കാന്‍ ഈ ആരോപണം കൊണ്ട് സാധിച്ചില്ല. കാരണം, ജോത്സ്യവൃത്തിയോ അവരുടെ വേഷഭൂഷാദികളോ ഭാഷണരീതിയോ ഒന്നും ആര്‍ക്കും അപരിചിതമായിരുന്നില്ലല്ലോ. അവരെന്താണ് ചെയ്യുന്നതെന്നും പാമര ജനങ്ങള്‍ അവരെ സമീപിക്കുന്നത് എന്തിനാണ് എന്നും അപ്പോള്‍ അവരുടെ പ്രതികരണം എപ്രകാരമായിരിക്കും എന്നെല്ലാം അവിടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. അവര്‍ ഉരുവിടുന്ന പ്രാസനിബദ്ധമായ വാക്യങ്ങള്‍ എങ്ങനെയിരിക്കുമെന്നും അതിന്റെ പരമാവധി ഉള്ളടക്കം എന്തായിരിക്കുമെന്നും അവര്‍ക്കും സുപരിചിതം. അതൊന്നും വിശുദ്ധ ഖുര്‍ആനുമായി ഏതെങ്കിലും വിധത്തില്‍ സമീകരിക്കാവുന്നതായിരുന്നില്ല എന്ന് ഏറ്റവും നന്നായി അവര്‍ക്ക് അറിയാമായിരുന്നു. അബുല്‍ വലീദിനെ പോലെ പലരും അത് അവരോടു പരസ്യമായി പറയുകയും ചെയ്തിരുന്നു.

ഇതിനെല്ലാത്തിനും പുറമേ ജ്യോതിഷം അവര്‍ക്ക് ഒരു ആദര്‍ശമായിരുന്നില്ല; പ്രത്യുത, ഒരു ജീവനോപാധിയായിരുന്നു. അവരുടെ സന്ദര്‍ശകരായെത്തുന്ന ആളുകളെ മുടക്കുന്ന വിധത്തില്‍ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും ഏര്‍പ്പെടാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. ജനങ്ങളുടെ ആചാര വിശ്വാസ നിലപാടുകള്‍ക്കെതിരെ ഒരാദര്‍ശം ഉയര്‍ത്തിപ്പിടിക്കുകയും അതിന്റെ പ്രബോധനത്തിനായി പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിക്കുകയും അതിന്റെ പേരില്‍ ഒരു നാടിന്റെ മുഴുവന്‍ ശത്രുത വിലയ്ക്കു വാങ്ങുകയും ചെയ്യുക എന്നത് ഒരിക്കലും ഒരു ജോത്സ്യനു സാധ്യമല്ല തന്നെ. അതിനാല്‍, റസൂലിന്റെ (സ്വ) പേരില്‍ ഉന്നയിച്ച ഈ ആരോപണത്തിന് നാമമാത്ര ഔചിത്യം പോലും ഉണ്ടായിരുന്നില്ല. ഈ പ്രഹസനം തെല്ലെങ്കിലും ഇസ്ലാമിക പ്രബോധനത്തെ ബാധിക്കുകയോ, ആരെങ്കിലും അതില്‍ വഞ്ചിതരാവുകയോ ചെയ്തതുമില്ല. എന്നിട്ടും ചില നിര്‍ലജ്ജരായ പാശ്ചാത്യഗ്രന്ഥകാരന്‍മാര്‍ ഇസ്ലാമിനോടുള്ള രോഷാഗ്നി ശമിപ്പിക്കുന്നതിനു വേണ്ടി ഇതേ ആരോപണം പൊക്കിപ്പിടിക്കുന്നത് എത്ര ജുഗുപ്‌സാവഹമാണ് !

പൂര്‍വവേദങ്ങളെ കോപ്പിയടിച്ചതാണോ?
വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള പൂര്‍വവേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചില വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും ചൂണ്ടിക്കാട്ടി അവയെ കോപ്പിയടിച്ചതാണ് എന്ന ആരോപണം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. എത്രയോ തവണ മറുപടി പറയപ്പെട്ടിട്ടുള്ള വിഷയമായതിനാല്‍ വിശദമായി പറയുന്നില്ല. ദിവ്യബോധനത്തിന്റെ ഉറവിടത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ ആരോപണത്തിനു എന്തെങ്കിലും സാധുത ഉണ്ടാകണമെങ്കില്‍ രണ്ടാലൊരു കാര്യം സ്ഥാപിക്കപ്പെടണം:
ഒന്ന്. റസൂലിന് (സ്വ) സ്വന്തമായി എഴുത്തും വായനയും വശമുണ്ടായിരുന്നു. മുന്‍വേദങ്ങള്‍ പഠിച്ച് അവിടുന്ന് പുതിയ മതത്തിനു രൂപം നല്‍കി.
രണ്ട്. സ്വന്തമായി വായിച്ചു പകര്‍ത്തിയെഴുതാന്‍ അറിയില്ലെങ്കിലും പൂര്‍വവേദങ്ങളില്‍ പരിജ്ഞാനിയായിരുന്ന ഒരാളുടെ സഹായം അവിടുത്തേക്ക് കിട്ടി.
ഈ രണ്ടു വാദങ്ങളും നിരര്‍ഥകവും വസ്തുതകളുടെ മുമ്പില്‍ നിലനില്‍പ്പില്ലാത്തതുമാണ്.

തിരുനബിയുടെ നിരക്ഷരത
റസൂലിന്റെ (സ്വ) പ്രവാചകത്വത്തിനുള്ള തെളിവായി വിശുദ്ധ ഖുര്‍ആനിലെ യൂനുസ്, അല്‍ഖസ്വസ്വ്, അല്‍അന്‍കബൂത് എന്നീ അധ്യായങ്ങള്‍ ഉന്നയിച്ച തെളിവുകളിലൊന്നാണ് അവിടുത്തെ നിരക്ഷരത. അവിടുന്ന് സ്വന്തമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്നുവെന്ന അനുമാനം കേവലം സാങ്കല്‍പികം മാത്രമാണ്. ചരിത്രത്തിന്റെ ഒരു പിന്‍ബലവും അതിനില്ല. പ്രവാചകത്വലബ്ധിക്ക് മുമ്പോ പിമ്പോ വീട്ടിലോ പുറത്തോ വെച്ച് അവിടുന്ന് എഴുത്ത്/വായനോപാധികള്‍ ഉപയോഗിച്ച് വല്ലതും രചിക്കുകയോ കുറിക്കുകയോ ചെയ്തതായി ഒരാളും കണ്ടിട്ടില്ല.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ റസൂലിന്റെ (സ്വ) ജീവിതം അവരുടെ മുമ്പാകെ തുറന്നുകിടക്കുന്ന ഒരു വസ്തുതയാണ് – പ്രവാചകത്വത്തിനു മുമ്പ് നാല്‍പതു വര്‍ഷം അവിടുന്ന് അവര്‍ക്കിടയിലാണല്ലോ കഴിഞ്ഞത്. ജനനം, ശൈശവം, കൗമാരം, യുവത്വം, മധ്യവയസ്‌കത എല്ലാം അവര്‍ക്കിടയിലാണ്. വ്യാപാര ബന്ധങ്ങള്‍, കുടുംബ ബന്ധങ്ങള്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള സാമൂഹിക ബന്ധങ്ങളും അവരുമായിട്ടു തന്നെ. റസൂലിന്റെ (സ്വ) ജീവിതത്തിന്റെ ഒരു വശവും അവര്‍ക്ക് ഗോപ്യമായിരുന്നില്ല. ഇതിനേക്കാള്‍ സുവ്യക്തമായ മറ്റെന്തു സാക്ഷ്യമാണ് വേണ്ടത്?

അക്ഷരാഭ്യാസമില്ലാത്തവന്‍ എന്ന വിശേഷണം റസൂലിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലതവണ പ്രയോഗിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. റസൂലിന്റെ (സ്വ) സ്വന്തം നാവിലൂടെ അറബികള്‍ മുഴുവന്‍ കേള്‍ക്കെയാണ് ഈ പ്രഖ്യാപനങ്ങളെല്ലാമുണ്ടായത്. ഒരിടത്ത് ഖുര്‍ആന്‍ പറഞ്ഞതിങ്ങനെ : ‘ഇതിനു മുമ്പ് അങ്ങ് ഒരു ഗ്രന്ഥം പോലും വായിച്ചിട്ടില്ല; അങ്ങയുടെ വലതു കരം കൊണ്ട് അതെഴുതിയിട്ടുമില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത് അസത്യമാണെന്ന് വാദിക്കുന്നവര്‍ ശങ്കിക്കുമായിരുന്നു’ (അല്‍അന്‍കബൂത്: 48). ഇപ്പറഞ്ഞതിന്നു വിരുദ്ധമായി അവിടുന്ന് എഴുത്തും വായനയും അഭ്യസിച്ചിരുന്നുവെന്നു പറയാന്‍ എന്തെങ്കിലും അവസരം ഉണ്ടായിരുന്നുവെങ്കില്‍ അവരത് അവിടുത്തേക്കു എതിരായ ഏറ്റവും നല്ല ആയുധമായി ഉയര്‍ത്തിക്കാണിക്കുമായിരുന്നു. അതുണ്ടായില്ല.

ഒരു കാര്യം അവിടുത്തെ ജീവിതത്തില്‍ നിന്നു മക്കയിലെ ഓരോ വ്യക്തിക്കും അറിയാവുന്ന വിധത്തില്‍ സുവ്യക്തമായിരുന്നു. അതായത്, പ്രവാചകത്വം അവകാശപ്പെട്ട് രംഗത്തുവന്നതിനു ശേഷം പറയുകയും ഓതുകയും ചെയ്ത വിജ്ഞാന നിര്‍ഝരിക്കു പര്യാപ്തമായ ഒരു വിദ്യാഭ്യാസവും പരിശീലനവും ശിഷ്യത്വവും അതിനു മുമ്പ് നീണ്ട നാല്‍പതു വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ അവിടുന്ന് സമ്പാദിച്ചിരുന്നില്ല. ഇപ്പോള്‍ ആകസ്മികമായി അവര്‍ കേള്‍ക്കാന്‍ തുടങ്ങിയ വിശുദ്ധ ഖുര്‍ആനിലെ പരശ്ശതം വിഷയങ്ങള്‍ക്കും ചിന്തകള്‍ക്കും സമാനമായ കാര്യങ്ങളില്‍ ഇതിനു മുമ്പ് വല്ലപ്പോഴും അവിടുന്ന് താല്പര്യം കാണിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതായോ അതില്‍ പ്രയോഗിച്ചിട്ടുള്ള പദങ്ങളോ സാങ്കേതിക ശബ്ദങ്ങളോ ഉപയോഗിക്കുന്നതായോ ആരും കണ്ടിരുന്നില്ല, കേട്ടിരുന്നില്ല. അവിടുന്ന് പ്രസംഗിക്കാറില്ലായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ ഏതെങ്കിലും പ്രസ്ഥാനം നയിക്കുകയോ ചെയ്തിട്ടില്ല. സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലോ മതനവീകരണത്തിലോ സാമൂഹിക സംസ്‌കരണത്തിലോ ഏര്‍പ്പെടാന്‍ പോകുന്നുവെന്ന് ഊഹിക്കാവുന്ന ഒരു നീക്കവും കണ്ടിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കോ സ്നേഹിതന്മാര്‍ക്കോ റസൂലുമായി (സ്വ) ഉറ്റ സമ്പര്‍ക്കമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ അവിടത്തെ വര്‍ത്തമാനങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ നാളെ പ്രവാചകത്വ വാദവുമായി രംഗപ്രവേശം ചെയ്യുമെന്ന വിചാരമേ ഉണര്‍ത്തിയിരുന്നില്ല.

പ്രവാചകത്വം അവകാശപ്പെട്ടു ഹിറാഗുഹയില്‍ നിന്ന് കര്‍മഗോദയിലേക്ക് ഇറങ്ങി വരുന്നതിന്റെ തലേന്നു വരെ അവിടുത്തെ ജീവിതം ഹിതകരമായ മാര്‍ഗത്തിലൂടെ സ്വന്തം ആഹാരം സമ്പാദിക്കുന്ന ഒരു സാധാരണ കച്ചവടക്കാരന്റേതായിരുന്നു. സ്വന്തം കുടുംബത്തോടൊത്ത് സുഖമായി കഴിഞ്ഞുകൂടുന്നു; അതിഥികളെ ആദരിക്കുകയും അഗതികളെ സഹായിക്കുകയും ബന്ധുക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുന്നു; ചിലപ്പോള്‍ ഏകാന്തതയില്‍ ചെന്ന് ആരാധനയില്‍ മുഴുകുന്നു.

ഇങ്ങനെയുള്ള ഒരാള്‍ അപ്രതീക്ഷിതമായി ദിഗന്തങ്ങളെ ഇളക്കി മറിക്കുന്ന ഒരു സന്ദേശവുമായി രംഗപ്രവേശം ചെയ്യുന്നു, ചടുലവും വിപ്ലവാത്മകവുമായ ഒരു പ്രസ്ഥാനമാരംഭിക്കുന്നു, അനുപമവും അസാധാരണവും സൗകുമാര്യതയുമുള്ള ഒരു സാഹിത്യം അവതരിപ്പിക്കുന്നു, സമഗ്രവും സര്‍വകാലത്തേക്കും പ്രയോഗക്ഷമതയുള്ള വിശ്വാസ ദര്‍ശനവും ചിന്താപദ്ധതിയും ധാര്‍മിക-നാഗരിക നിയമങ്ങളും പഠിപ്പിക്കുന്നു. കൃത്യമായ തയാറെടുപ്പുകളുടെയോ സോദ്ദേശ്യപൂര്‍വമുള്ള പരിശ്രമങ്ങളുടെയോ ഫലമായിട്ടല്ലാതെ ഉണ്ടാവുക സാധ്യമല്ലാത്ത ഒരു മഹാപരിവര്‍ത്തനമാണിത്. അത്തരത്തിലുള്ള ഏതു ഒരുക്കത്തിനും ക്രമാനുഗതമായ പുരോഗതിയുടെ ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. അതിനായി നീണ്ട രാപകലുകള്‍ ചെലവഴിക്കുന്ന ഒരാളെ സമൂഹത്തിന് ഒരിക്കലും അജ്ഞാതമായിരിക്കുകയില്ല.
ഇത്തരത്തിലുള്ള എന്തെങ്കിലും ഘട്ടങ്ങളിലൂടെ റസൂല്‍(സ്വ) കടന്നു പോയിരുന്നുവെങ്കില്‍ ‘ഞങ്ങളന്നേ പറഞ്ഞിരുന്നില്ലേ, ഇയാളെന്നെങ്കിലും ഒരു പ്രസ്ഥാനം തട്ടിക്കൂട്ടി രംഗത്തു വരുമെന്ന്’ എന്ന് പറയാന്‍ എമ്പാടും ആളുകള്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍, മക്കയിലെ നിഷേധികള്‍ റസൂലിനെതിരെ സകലവിധ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും ഇങ്ങനെയൊരു വിമര്‍ശനം ഉന്നയിക്കാന്‍ അവര്‍ക്കു ഒരു പഴുതും കിട്ടിയിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ റസൂലിന്റെ (സ്വ) ബുദ്ധിയുടെ സൃഷ്ടിയല്ല, പുറമെ നിന്ന് അവിടുത്തേക്ക് കിട്ടിയ ഒന്നാണ് എന്ന് അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. വിശുദ്ധ ഖുര്‍ആന്‍ അവിടുത്തെ നിരക്ഷരത ഒരു തെളിവായി ഉയര്‍ത്തിക്കാണിക്കുക കൂടി ചെയ്തപ്പോള്‍ അവിശ്വാസികളില്‍ സമര്‍ഥരായ ചിലര്‍ മറ്റൊരു വഴിക്ക് ആലോചിച്ചു. വിശുദ്ധ ഖുര്‍ആന്‍ റസൂലിന്റെ (സ്വ) ബുദ്ധിയുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നത് ആരും അംഗീകരിക്കില്ല, അതിനാല്‍ ഇതെല്ലാം മറ്റാരോ പഠിപ്പിച്ചുകൊടുക്കുകയാണെന്നു പറയാം! അന്നേ പാളിപ്പോയ ഈ ആരോപണമാണ് ഇന്ന് ചിലര്‍ ഏറ്റുപിടിക്കുന്നത്, കഷ്ടം!

ദിവ്യബോധനത്തിന്റെ സ്രോതസ്സായ മറ്റൊരു പണ്ഡിതന്‍!
സ്വന്തമായി വായിക്കാനും പകര്‍ത്തിയെഴുതാനും സാധിക്കുന്നില്ല എന്നതു കൊണ്ട് അവിടുത്തെ ആശയസ്രോതസ്സായി വര്‍ത്തിക്കുന്ന ആരോ ഒരാള്‍ ഉണ്ടെന്ന് സ്ഥാപിക്കുകയായിരുന്നു എക്കാലത്തെയും വിമര്‍ശകരുടെ ലക്ഷ്യം. ആദ്യത്തേതിനേക്കാള്‍ നിരര്‍ഥകമാണ് ഈ വാദം. എന്തുകൊണ്ടെന്നല്ലേ, കേവലം പൂര്‍വ വേദങ്ങളില്‍ പരിജ്ഞാനി ആയതു കൊണ്ട് മാത്രം സാധിക്കാവുന്ന ഒന്നല്ല വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പരസഹസ്രം വിഷയങ്ങള്‍. അക്കാലത്ത് ലോകത്തിനു പരിചിതമേ അല്ലാതിരുന്ന കാര്യങ്ങളാണ് അവയില്‍ ഭൂരിഭാഗവും. പൂര്‍വവേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞവയാകട്ടെ പലപ്പോഴും അവയെ തിരുത്തുന്നതോ അവ പരാമര്‍ശിക്കുക പോലും ചെയ്യാത്തതോ ആയ വിഷയങ്ങളാണ്. മക്കയില്‍, എന്നുവേണ്ട, അറേബ്യയില്‍ മുഴുവന്‍ പരതിയാലും ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇന്നയാളാണ് എന്ന് ചൂണ്ടിപ്പറയാന്‍ യോഗ്യതയുള്ള ഒരു വ്യക്തിയെയും കിട്ടുകയില്ലായിരുന്നു.

വിശുദ്ധ ഖുര്‍ആന്റെ സ്രോതസ്സിനെ പ്രശ്‌നവത്കരിക്കുന്ന ഈ ചോദ്യത്തോടു പ്രതികരിക്കുക വഴി കേവലം പൂര്‍വവേദങ്ങള്‍ കോപ്പിയടിച്ചു എന്ന വിമര്‍ശനം മാത്രമല്ല, മാനുഷികമായ മറ്റേതു സ്രോതസ്സില്‍ നിന്നും അവിടുന്ന് ആശയ ചോരണം നടത്തിയിട്ടില്ല എന്ന് കൂടി ലഭിക്കും. അതിനാല്‍ വാദത്തിനു വേണ്ടി ആ വിമര്‍ശനത്തിന്റെ സാധ്യതകള്‍ പരിശോധിക്കാം.

ആരാണ് അവിടുത്തേക്ക് ഇതെല്ലാം പഠിപ്പിച്ചു കൊടുത്ത സര്‍വജ്ഞാനിയായ പുരോഹിതന്‍ അല്ലെങ്കില്‍ യോഗി എന്നതിന് വ്യത്യസ്തമായ ഉത്തരങ്ങളാണ് വിമര്‍ശകര്‍ പറയാറുള്ളത്. റസൂല്‍ (സ്വ)കണ്ടുമുട്ടാന്‍ ഇടയായ പൂര്‍വവേദ പണ്ഡിതന്‍മാരും പുരോഹിതന്‍മാരുമായ വറഖത്ത് ബ്‌നു നൗഫല്‍, ബുഹൈറ എന്നിവരാണ് ഇതില്‍ മുഖ്യം. ഇതിനു പുറമേ തിരുപ്രബോധന കാലഘട്ടത്തില്‍ മക്കയില്‍ ജീവിച്ചിരുന്ന അദ്ദാസ്, യസാര്‍, ജബ്ര്‍ എന്നിവരുടെ പേരും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.
ഇവരില്‍ ആദ്യം തിരുനബി (സ്വ) കണ്ടിട്ടുണ്ടാവുക ബുഹൈറയെയാണ്. സര്‍ജിയൂസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. യേശുക്രിസ്തുവിന്റെ ദൈവികത അംഗീകരിക്കാതിരുന്ന നെസ്റ്റോറിയന്‍ വിഭാഗത്തില്‍ പെട്ട ക്രൈസ്തവ പുരോഹിതന്‍ ആയിരുന്നു ഇദ്ദേഹം. അദ്ദേഹം സിറിയയിലെ ബുസ്‌റ പട്ടണത്തിലാണ് താമസിച്ചിരുന്നത്. പിതൃവ്യന്‍ അബൂതാലിബിന്റെ കൂടെ സിറിയയിലേക്കു പോകുമ്പോള്‍ റസൂലിന് പന്ത്രണ്ട് വയസ്സേ പ്രായമായിരുന്നുള്ളൂ (ഒമ്പത് എന്നും റിപ്പോര്‍ട്ടുണ്ട്). പിതൃവ്യനോടൊപ്പം എത്തിയ അവിടുത്തേക്ക് മേഘം തണലിടുന്നത് ഈ പുരോഹിതന്‍ കണ്ടു. പൂര്‍വ വേദങ്ങളില്‍ അഭിജ്ഞനായിരുന്ന അദ്ദേഹം ഈ ബാലനു ഒരു ശുഭഭാവിയുണ്ടെന്നു പറഞ്ഞ് ജൂതന്‍മാരുടെ ഉപദ്രവത്തെ സൂക്ഷിക്കാന്‍ പിതൃവ്യനെ ഉപദേശിച്ചുവെന്നും എല്ലാ ചരിത്രഗ്രന്ഥങ്ങളും ഐകകണ്‌ഠ്യേന അംഗീകരിക്കുന്നു. ഈ യാത്രയില്‍ ബുഹൈറയില്‍ നിന്നു അയാളുടെ മതത്തെയോ വിശ്വാസത്തെയോ കുറിച്ച് റസൂല്‍ (സ്വ) എന്തെങ്കിലും കേട്ടതായി ഒരു ചരിത്രത്തിലും വന്നിട്ടില്ല.

പിന്നീട് ഇരുപത്തഞ്ചാം വയസ്സിലാണ് അവിടുന്നു സിറിയയിലേക്ക് പോകുന്നത്. ഇത്തവണ ബീവി ഖദീജയുടെ(റ) കച്ചവടചരക്കുകളുമായാണ് യാത്ര. അവരുടെ ഭൃത്യന്‍ മൈസറയും തല്‍സമയം കൂടെയുണ്ടായിരുന്നു. ഈ യാത്രയിലും റസൂല്‍ (സ്വ) നെസ്റ്റോറിയനായ ആ പുരോഹിതനെ കണ്ടുമുട്ടാന്‍ ഇട വന്നിട്ടുണ്ട്. തന്റെ സഹയാത്രികരോട് ഇത് ഭാവി പ്രവാചകനാണ് എന്നദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മൈസറയുടെയോ സഹയാത്രികരായ ഖുറൈശീ വ്യാപാരികളുടെയോ കൂട്ടംപിരിഞ്ഞ് പഠിക്കാനോ മറ്റോ അവിടുന്ന് പോയിട്ടില്ല. മാത്രമല്ല, വളരെ കുറച്ചു ദിവസമേ അവര്‍ ബുസ്‌റയില്‍ തങ്ങിയുള്ളൂ, ക്രയവിക്രയം പൂര്‍ത്തിയാക്കി വളരെ വേഗം യാത്ര തിരിച്ചു.

സര്‍ജിയൂസ് പാതിരി സിറിയയിലായിരുന്നല്ലോ. റസൂലിന്റെ (സ്വ) നാടാകട്ടെ ഹിജാസും. ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയതിന് ചരിത്രം തരുന്ന ഒരേയൊരു തെളിവ് ഈ രണ്ടു സംഭവങ്ങള്‍ മാത്രമാണ്. മാത്രമല്ല, റസൂലിന്റെ(സ്വ) സമകാലികരായ പ്രതിയോഗികളിലാരും തന്നെ, ഖുര്‍ആനിലെ വിജ്ഞാനങ്ങളെല്ലാം അവിടുന്ന് ബാല്യകാലത്തോ യൗവനദശയിലോ ബുഹൈറ എന്ന നെസ്റ്റോറിയന്‍ പാതിരിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ നിന്നു പഠിച്ചതാണ് എന്ന ഒരാരോപണം പൊക്കിപ്പിടിച്ചിട്ടില്ല എന്നത് അദ്ഭുതകരമായിരിക്കുന്നു. അവിടത്തെ എല്ലാ യാത്രകളെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു എന്നതാണിതിനു കാരണം. ഈ യാത്രകളൊന്നും തനിച്ചായിരുന്നില്ലല്ലോ; വലിയ സാര്‍ഥവാഹക സംഘത്തോടൊപ്പമായിരുന്നു. ഈ യാത്രകളില്‍ അവിടുന്ന് വല്ലതും അഭ്യസിച്ചു എന്ന് ആരോപിച്ചാല്‍ തങ്ങളുടെ നാട്ടുകാരായ അനേകായിരം ആളുകള്‍ തങ്ങളെ നിഷേധിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. കൂടാതെ ഒമ്പതോ പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ അല്ലെങ്കില്‍ ഇരുപത്തഞ്ചാം വയസ്സില്‍ ഈ വിജ്ഞാനങ്ങള്‍ കരഗതമാക്കിയിരുന്നുവെങ്കില്‍ ഇത്രയും കാലം രംഗത്തുവരാതെ അടങ്ങിക്കഴിഞ്ഞതെന്തുകൊണ്ട് എന്ന് മക്കയിലെ സാധാരണക്കാര്‍ തങ്ങളോടു ചോദിക്കുകയും ചെയ്യും. ഇരുപത്തഞ്ചാം വയസ്സു മുതല്‍ ഇക്കാലംവരെ, അവിടുത്തെ മുഖത്തു നിന്ന് ഇതുപോലുള്ള ഒരു തത്വവചനവും ഉതിര്‍ന്നു വരാതിരുന്നതെന്തുകൊണ്ട്? നേരിട്ടുള്ള പ്രതിയോഗികള്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് പില്‍ക്കാലത്തെ നിര്‍ലജ്ജരായ വിമര്‍ശകര്‍ എഴുന്നെള്ളിക്കുന്നത്.
ഇതുതന്നെയാണ് വറഖത്ത് ബ്‌നു നൗഫലിന്റെ കാര്യത്തിലുമുള്ളത്. പൂര്‍വ്വവേദങ്ങളില്‍ പരിജ്ഞാനി ആയിരുന്ന അദ്ദേഹം വാഗ്ദത്വ പ്രവാചകനെ പ്രതീക്ഷിച്ചാണ് മക്കയില്‍ താമസമാക്കിയിരുന്നത്. റസൂലിന് (സ്വ) പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹമത് സ്ഥിരീകരിക്കുകയും ചെയ്തു. ബിലാലിനെ (റ) ശത്രുക്കള്‍ ഉപദ്രവിക്കുന്നത് കണ്ട രംഗം നിവേദനം ചെയ്തിട്ടുള്ള ചില ചരിത്രകാരന്മാര്‍ അദ്ദേഹം ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വീകരിച്ചത് രേഖപ്പെടുത്തിയിട്ടുമുണ്ട് . റസൂലിന് (സ്വ) പ്രവാചകത്വം ലഭിച്ചതിന് ശേഷം ആകെ മൂന്നു തവണയാണ് അവിടുന്ന് അദ്ദേഹത്തെ കണ്ടതായി ചരിത്രങ്ങളില്‍ നിവേദനം ഉള്ളത്.

മാത്രമല്ല, റസൂല്‍(സ്വ) പ്രബോധനം ആരംഭിച്ച ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷവും ഇരുപതു വര്‍ഷം അവിടുന്ന് പ്രബോധനം തുടര്‍ന്നുകൊണ്ടേയിരുന്നു. വ്യത്യസ്ത സംഭവങ്ങള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും അനുസരിച്ചാണ് ഖുര്‍ആന്‍ വാക്യങ്ങള്‍ ഇറങ്ങിയത്. ഇരുപത്തിമൂന്നു കൊല്ലമായിരുന്നു അതിന്റെ ആകെ അവതരണകാലം. സാധാരണ സാഹിത്യകാരന്മാര്‍ കുറച്ചു കാലം ചടഞ്ഞിരുന്ന് എഴുതിയുണ്ടാക്കി മിനുക്കുപണികള്‍ക്കു ശേഷം സഹൃദയ സമക്ഷം സമര്‍പ്പിക്കുന്ന പുസ്തകങ്ങളെപ്പോലെ ഒറ്റയടിക്കല്ല റസൂല്‍ (സ്വ)ഖുര്‍ആന്‍ കാഴ്ചവെച്ചത്. ഇവയത്രയും നേരത്തെ തന്നെ വറഖത്തില്‍ നിന്ന് രഹസ്യമായി പഠിച്ചുവച്ചതാണ് എന്ന ആരോപണം നിരര്‍ഥകമാണ്. അതുകൊണ്ടു തന്നെ സര്‍ജിയൂസിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും സമകാലീനര്‍ ഇങ്ങനെ ഒരു വിമര്‍ശനം ഉന്നയിച്ചിട്ടില്ല.

സമകാലീനര്‍ ഉന്നയിച്ചതു പ്രവാചകത്വലബ്ധിക്കു മുമ്പുള്ളതോ പ്രഥമദശയുമായി ബന്ധപ്പെട്ടതോ അല്ല; പ്രത്യുത, പ്രവാചകത്വം ഒരു മഹാ സ്വാധീനശക്തിയായി മാറിയ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. അവരുടെ ആരോപണത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം: ഇയാള്‍ നിരക്ഷരനാണ്. ഗ്രന്ഥങ്ങളും മറ്റും വായിച്ചു ഇത്രയും വിപുലമായ വിജ്ഞാനങ്ങളാര്‍ജിക്കാന്‍ ഇയാള്‍ക്കു സ്വന്തമായി സാധ്യമല്ല. ഈ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും നാല്‍പതു വയസ്സു വരെ ഇയാള്‍ക്കറിയില്ലായിരുന്നു. അപ്പോള്‍ പിന്നെ, ഈ വിജ്ഞാനങ്ങള്‍ എവിടെ നിന്നു കിട്ടുന്നു? മറ്റു സമുദായങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ രഹസ്യമായി ആരെങ്കിലും പറഞ്ഞു കൊടുക്കുന്നുണ്ടാകണം. അതൊക്കെ ഇയാള്‍ ഹൃദിസ്ഥമാക്കി സ്വന്തം ഭാഷയില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ് – ഈ വാദത്തിനുപോദ്ബലകമായി, മക്കയില്‍ വസിച്ചിരുന്ന അഭ്യസ്തവിദ്യരായ ചില വേദക്കാരുടെ പേരുകളും അവര്‍ തമ്മില്‍ അടക്കം പറഞ്ഞിരുന്നതായി ചില നിവേദനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഹുവൈത്വിബു ബ്നു അബ്ദില്‍ ഉസ്സായുടെ മൗല (സ്വതന്ത്രനാക്കപ്പെട്ട അടിമ) ആയ അദ്ദാസ് , അലാഉബ്നുല്‍ ഹദ്റമിയുടെ മൗലയായ യസാര്‍, ആമിറുബ്നു റബീഅയുടെ മൗലയായ ജബ്‌റ് എന്നിവരാണവര്‍.
ഈ വിമര്‍ശനത്തിന്റെ പൊള്ളത്തരം മനസ്സിലാക്കണമെങ്കില്‍ അന്നത്തെ സാഹചര്യം വിലയിരുത്തണം. മക്കയിലെ അതിക്രമികളായ പ്രമാണിമാര്‍ ഓരോ മുസ്ലിമിനെയും അതികഠിനമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുകൊണ്ടിരുന്ന സ്ഥിതി വിശേഷമായിരുന്നു അത്. റസൂലിന്റെ (സ്വ) രഹസ്യമായ ആശയ സ്രോതസ്സ് എന്നു ആരെ സംബന്ധിച്ചാണോ അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, അവരും റസൂല്‍ (സ്വ) തന്നെയും ആക്രമിക്കപ്പെടുന്നു. അവരുടെ വീടുകള്‍ നിര്‍ദയം കൊള്ളയടിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റസൂലിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സമാഹരിക്കപ്പെട്ടതെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളും രേഖകളും പുറത്തു കൊണ്ടുവന്നു ജനസമക്ഷം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അവ ജനങ്ങളെ കാണിച്ച് അവര്‍ക്ക് പറയാമായിരുന്നു: ‘നോക്കുവിന്‍, ഇതാണ് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ രഹസ്യം’. ബിലാലിനെ(റ) ചുട്ടുപഴുത്ത മണലിലൂടെ വലിച്ചിഴക്കുകയും സുമയ്യ ബീവിയുടെ(റ) ഗുഹ്യത്തിലൂടെ ചുട്ടുപഴുത്ത ഇരുമ്പുദണ്ഡ് അടിച്ചുകയറ്റി കൊലപ്പെടുത്തുകയും ചെയ്തവര്‍ക്ക് ഇപ്രകാരം ചെയ്യാന്‍ ഒരു നിയമവും തടസ്സമായിരുന്നില്ല. ഈ മാര്‍ഗത്തിലൂടെ എപ്പോഴും അവര്‍ക്ക് റസൂലിനെ തകര്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കലും ഇത്തരമൊരു നടപടിക്ക് ഒരുമ്പെട്ടില്ല.
ഇവര്‍ ചൂണ്ടിക്കാണിച്ച വ്യക്തികളാരും മക്കയുടെ പുറത്തുള്ളവരല്ല എന്നതാണ് മറ്റൊരു വസ്തുത. അവരുടെ യോഗ്യതയോ പാണ്ഡിത്യമോ ആര്‍ക്കും അജ്ഞാതമായിരുന്നില്ല. റസൂല്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുന്ന സൂക്തങ്ങളുടെ ഭാഷാപരമായ മേന്മയും സാഹിത്യനിലവാരവും സ്വാധീനശക്തിയും അതുള്‍ക്കൊള്ളുന്ന വിഷയങ്ങളും ചിന്തകളും എന്തുമാത്രം ഉന്നതവും മഹത്തരവുമാണെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവിടുത്തെ ആശയ സ്രോതസ്സായി ആരോപിക്കപ്പെടുന്നവര്‍ ഏതു നിലവാരത്തിലുള്ളവരാണെന്നും അല്‍പമെങ്കിലും ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാമായിരുന്നല്ലോ. അതിനാല്‍ മക്കയില്‍ തന്നെ ഈ ആരോപണത്തിന് ആരും വില കല്‍പ്പിച്ചില്ല. സ്വന്തം പരാജയം മറച്ചുവെക്കാന്‍ ഉള്ള കേവലം അടവുകളാണ് ഇതെല്ലാം എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു.
ഈ വിഷയത്തില്‍ പരാമൃഷ്ടരായ വ്യക്തികളെല്ലാം പരദേശങ്ങളില്‍ നിന്ന് അടിമകളായി വന്നവരും പിന്നീട് ഉടമകള്‍ മോചിപ്പിച്ചവരുമാണ് എന്ന വസ്തുത ചേര്‍ത്തു വായിക്കുക. അവിടെ നിലനിന്നിരുന്ന ഗോത്രവ്യവസ്ഥയില്‍ ഒരാള്‍ക്കും ഏതെങ്കിലും ശക്തിയുടെയോ ഗോത്രത്തിന്റെയോ സംരക്ഷണമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ സാധിക്കുമായിരുന്നില്ല. മോചിതരായ അടിമകളും മുന്‍ ഉടമകളുടെ രക്ഷാധികാരം സ്വീകരിച്ചു തന്നെയാണ് ജീവിച്ചിരുന്നത്. ആ സംരക്ഷണം തന്നെയായിരുന്നു സാമൂഹികരംഗത്ത് അവരുടെ ജീവിതാവലംബം. അതിനെ തിരസ്‌കരിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു. അവ പ്രതിരോധിക്കാന്‍ മാത്രമുള്ള കെല്‍പ്പ് അവര്‍ക്കുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ റസൂല്‍ (സ്വ) വ്യാജമായി പ്രവാചകത്വം വാദിച്ചു രംഗത്തുവന്നതാണെങ്കില്‍ ഇവര്‍ക്ക് സധൈര്യം ആ ഉപജാപത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. സ്വയം നിലനില്‍പില്ലാത്ത ആ പച്ചപ്പാവങ്ങള്‍ സ്വന്തം രക്ഷാധികാരികളുടെ ശത്രുതയും വെറുപ്പും സമ്പാദിച്ച് ഈ ഉപജാപത്തില്‍ പങ്കാളികളാകുമെന്ന് ബുദ്ധിയും ചിന്താശക്തിയുമുള്ള ആര്‍ക്കാണ് വിചാരിക്കാന്‍ കഴിയുക! ബഹുദൈവാരാധകരുടെ മുഴുവന്‍ വിദ്വേഷത്തിനും വിമര്‍ശനത്തിനും ശാത്രവത്തിനും ശരവ്യനായ ഒരാളുടെ രഹസ്യ സഹകാരികളായി സ്വന്തം രക്ഷാകര്‍ത്താക്കളുടെ വെറുപ്പാര്‍ജിക്കുന്നതു കൊണ്ട് അവര്‍ക്ക് എന്തു സ്വാര്‍ഥമാണ് നേടാനുള്ളത്? അവരുടെ ഏത് അഭിലാഷമാണ് അതുവഴി പൂവണിയാന്‍ പോകുന്നത്?
മറ്റൊരാളില്‍ നിന്ന് പകര്‍ത്തിയെടുത്ത വിജ്ഞാനങ്ങള്‍ ഉപയോഗിച്ചാണ് അവിടുന്നു പ്രവാചകത്വം വാദിച്ചു രംഗത്തുവന്നതെന്നും അതാരാണെന്ന് കൃത്യമായി അവരാരും അറിഞ്ഞിരുന്നില്ലെന്നും പറയുക, കാല്‍ നൂറ്റാണ്ടു നീണ്ട പ്രബോധന ജീവിതത്തിലുടനീളം അതു രഹസ്യമായി സൂക്ഷിക്കുക, വ്യക്തിഗത സന്ദര്‍ശനങ്ങള്‍, ഗോത്ര മുഖ്യന്‍മാരുമായുള്ള ചര്‍ച്ചകള്‍, പ്രാര്‍ഥനാ സംഗമങ്ങള്‍, പ്രഭാഷണ വേദികള്‍, യാത്രകള്‍, യുദ്ധങ്ങള്‍ ഇങ്ങനെയിങ്ങനെ ബഹുമുഖമായ ജീവിത സാഹചര്യങ്ങളെ നേരിടുമ്പോഴും ആള്‍ക്കൂട്ടത്തിലും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും വിദേശ പ്രതിനിധികളുടെയും ശത്രുക്കളുടെയുമെല്ലാം കൂട്ടത്തിലായിരിക്കുമ്പോഴും അവരാരും അറിയാതെ അതില്‍ നിന്ന് യഥേഷ്ടം ഉദ്ധരിക്കുക, എഴുത്തും വായനയും അറിയാത്ത അവിടുത്തേക്ക് അതിനെല്ലാം ചില ശിഷ്യന്മാര്‍ രഹസ്യമായി സഹായം ചെയ്യുക, ഇങ്ങനെയൊക്കെ ചെയ്തിട്ടും സത്യസന്ധരും വിശ്വസ്തരും ആത്മാര്‍ഥതയുള്ളവരുമായ അനുയായികളുണ്ടാകുക, നിരന്തരം നിരീക്ഷിക്കാന്‍ വരുന്ന ശത്രുക്കളുടെ ചാരന്മാര്‍പോലും ഇതൊന്നും കാണാതിരിക്കുക – ഇങ്ങനെയൊക്കെ വാദിക്കുന്നത് ശുദ്ധ അസംബന്ധമല്ലെങ്കില്‍ വേറെന്താണ്?
വിശുദ്ധ ഖുര്‍ആന്‍ റസൂലിന് (സ്വ) പഠിപ്പിച്ചു കൊടുത്തത് ഇവരിലാരുമാകട്ടെ, അയാള്‍ സ്വയം എഴുതിയതോ മറ്റൊരാളെ ഉദ്ധരിച്ചതോ ആകട്ടെ, എന്തുകൊണ്ട് അയാള്‍ തന്നെ അതിന്റെ അവകാശവാദമുന്നയിച്ചു രംഗത്തുവന്നില്ല? അറേബ്യന്‍ സൈകത ഭൂവിന്റെ ആകമാനം ആധിപത്യം നബി തിരുമേനിക്കു കിട്ടുകയും ഏതു ആജ്ഞയും ശിരസ്സാവഹിച്ചു ജീവാര്‍പ്പണം നടത്താന്‍ പോലും സന്നദ്ധരായ ലക്ഷത്തിലധികം അനുയായികള്‍ അവിടുത്തേക്കു ഉണ്ടാവുകയും ചെയ്തപ്പോഴെങ്കിലും അതിന്റെയെല്ലാം ക്രെഡിറ്റ് വാസ്തവത്തില്‍ എനിക്കാണെന്നു ആ ‘അജ്ഞാതന്‍’ ഒരാളോടു പോലും പറയാതിരുന്നതു എന്തുകൊണ്ടായിരിക്കും? അക്കാലത്തും പിന്നീടും പുലര്‍ന്നു കണ്ട പരശ്ശതം പ്രവചനങ്ങള്‍ നടത്താന്‍ ശേഷിയുണ്ടായിരുന്ന, ശാസ്ത്രവിജ്ഞാനീയങ്ങളില്‍ ലോകം മുഴുവന്‍ മൂകമായിരുന്നപ്പോഴും വിശുദ്ധ ഖുര്‍ആന്‍ മുന്‍കൂട്ടി പറഞ്ഞ നൂറുകണക്കിനു വിജ്ഞാന ശാഖകളില്‍ അവഗാഹമുണ്ടായിരുന്ന ആ ‘അജ്ഞാത വിദ്വാനെ’ റസൂലല്ലാതെ മറ്റൊരാളും അറിയാതിരുന്നത് എന്തുകൊണ്ടായിരിക്കും? സ്വാഭാവിക ബുദ്ധിയില്‍ ഉയരുന്ന ഈ ചോദ്യങ്ങള്‍ക്ക് സംതൃപ്തമായ ഉത്തരം നല്‍കാന്‍ വിമര്‍ശകര്‍ക്ക് ബാധ്യതയുണ്ട്.

ചിന്താര്‍ഹമായ മറ്റൊരു പ്രശ്നം: അവസാനം ആ ‘അജ്ഞാത വിദ്വാനെ’ അല്ലെങ്കില്‍ അവരുടെ സംഘത്തെ കണ്ടെത്താന്‍ ഇവര്‍ക്കവസരം കിട്ടുന്നു. തങ്ങളുടെ മുന്‍ അടിമകളാണ് എന്ന് തിരിച്ചറിയുന്നു. എന്നിട്ട് എന്തുകൊണ്ട് അവര്‍ ഈ അവസരം പ്രയോജനപ്പെടുത്തിയില്ല? അവിടുന്ന് പ്രവാചകത്വം അവകാശപ്പെടുന്നത് ഇവരെ ഉപയോഗപ്പെടുത്തിയാണെങ്കില്‍ എന്തുകൊണ്ട് അവരെക്കൊണ്ട് അത് പരസ്യമായി സമ്മതിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അവര്‍ക്കും അതുവഴി തങ്ങളുടെ വിജ്ഞാനത്തിനും വിലാസം കൈവരുമായിരുന്നല്ലോ. പ്രശസ്തിയുടെ ഉന്നതകോടിയില്‍ വിരാജിക്കാമായിരുന്നല്ലോ. അറബികളുടെ പീഡനങ്ങള്‍ക്കു പകരം പാരിതോഷികങ്ങള്‍ ഏറ്റുവാങ്ങാമായിരുന്നല്ലോ. അവിടുത്തെ പ്രവാചകത്വത്തിന്റെ ചാലകശക്തികള്‍ അദ്ദാസും യസാറും ജബ്റും ആയിരുന്നെങ്കില്‍, ഏറ്റവും കുറഞ്ഞത് ഏറ്റവും അടുത്ത അനുയായികളും അവിടുത്തേക്കു ശേഷം അധികാരം കയ്യാളുന്നവരുമായി ഇവരെ നിശ്ചയിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.ഹും) എന്നിവരെക്കാള്‍ ഇവര്‍ക്ക് പരിഗണന കിട്ടാതിരുന്നത് എന്തുകൊണ്ടാണ്? റസൂലിനോട്(സ്വ) അത്രയേറെ ശത്രുത ഉള്ളവരായിരുന്നിട്ടും അവര്‍ കൂടി ഇതിനെല്ലാം ഒത്താശ ചെയ്തു എന്ന് പറയേണ്ടി വരുന്നത് എത്ര വലിയ ആശയ പാപ്പരത്തമാണ്.

അവസാനമായി കാര്യം കൂടി പറയട്ടെ: പൂര്‍വ വേദങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാകാന്‍ ഒരു വിധേനയും സാധ്യതയില്ലാത്ത അനേകം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നോക്കൂ, സമകാലികമായ സാഹചര്യങ്ങളോടു പ്രതികരിച്ചു കൊണ്ടു അവിടുത്തെ വിശുദ്ധനാമം തന്നെ നാലു തവണ വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നു. മറ്റൊരിടത്ത് ഒരധ്യായം തന്നെ അവിടുത്തെ നാമധേയത്തിലുണ്ട്. ഇസ്ലാമിനെ പരിചയപ്പെടുത്താനായി വിളിച്ചു ചേര്‍ത്തപ്പോള്‍ ‘നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?’ എന്നു ആക്ഷേപിക്കുകയും ചില നിവേദനങ്ങളിലുള്ളതു പ്രകാരം തിരുമേനിയെ എറിയാന്‍ കല്ലെടുക്കുകയും ചെയ്ത അവിടുത്തെ പിതൃവ്യന്‍ അബൂലഹബിനെയും തിരുമേനിയെ ആക്ഷേപിച്ചു കൊണ്ട് താന്‍ തന്നെ രചിച്ച കവിതകള്‍ പാടിക്കൊണ്ടു കൈ നിറയെ കല്ലുകളുമായി വന്ന അയാളുടെ ഭാര്യ ഉമ്മു ജമീലിനെയും വിമര്‍ശിക്കുന്നതാണ് സൂറതുല്‍ മസദ്. അധര്‍മത്തിലും അക്രമത്തിലും അതിരുവിട്ട, തികഞ്ഞ ദുര്‍വൃത്തനും കഠിനഹൃദയനും ജാര സന്തതിയുമായിരുന്ന വലീദു ബ്‌നു മുഗീറയെ പരാമര്‍ശിക്കുന്ന ആയതുകള്‍ സൂറതുല്‍ ഖലമിലുണ്ട്. നബിതിരുമേനിയുടെ ഖാസിം എന്ന പുത്രന്റെ വിയോഗമുണ്ടായപ്പോള്‍ ‘അബ്തര്‍’ എന്നാക്ഷേപിച്ച ആസ്വുബ്നു വാഇലിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചു സൂറതുല്‍ കൗഥര്‍. അവിടുത്തെ വളര്‍ത്തു പുത്രനായിരുന്ന സയ്ദു ബ്‌നു ഹാരിഥയെ കുറിച്ചു സൂറതുല്‍ അഹ്‌സാബില്‍ പേരെടുത്തു പറയുന്നു. ‘അന്നപാനീയങ്ങള്‍ കഴിക്കുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്ന ഇയാളെന്തു ദൈവദൂതന്‍?’ എന്നു മക്കക്കാര്‍ ചോദിച്ചതിനെ അല്‍ഫുര്‍ഖാന്‍ ഉദ്ധരിച്ചിട്ടുണ്ട്. സൂറതുല്‍ ഇസ്‌റാഅ് അവിടുന്നു യറൂസലേമിലേക്കു പോയി വന്നതിനെ കഥനം ചെയ്യുന്നു. ശത്രുത മൂത്ത ചിലര്‍ അവിടുത്തേക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നു ആക്ഷേപിച്ചതു എടുത്തുദ്ധരിച്ചാണ് സൂറതുല്‍ അഅ്‌റാഫ് മറുപടി പറഞ്ഞത്. അവിടുത്തെ ആത്മാര്‍ഥ കൂട്ടുകാരനും ശ്വശ്വരനുമായ സിദ്ദീഖിന്റെ(റ) കൂടെ ഹിജ്‌റ പോയപ്പോള്‍ പിടികൂടാനായി പിറകെയെത്തിയ ശത്രുക്കളുടെ കണ്ണുവെട്ടിച്ചു താമസിച്ച സൗര്‍ ഗുഹയില്‍ വെച്ച് അവര്‍ അന്യോന്യം നടത്തിയ സംസാരം സൂറതുത്തൗബയിലുണ്ട്. ഒരധ്യായം മുഴുവന്‍ മക്ക വീണ്ടും മുസ്ലിംകളുടെ സമ്പൂര്‍ണമായ അധീനതയില്‍ വരുന്നതിനെ കുറിച്ചാണ്. ഇങ്ങനെ, ഇരുപത്തി മൂന്നു വര്‍ഷം നീണ്ട അവിടുത്തെ സംഭവബഹുലമായ ജീവിതത്തെ അവസരോചിതം പരാമര്‍ശിക്കുന്നതും അനുഭവങ്ങളോടു പ്രതികരിക്കുന്നതുമായ എത്രയോ കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ പ്രമേയമായിട്ടുണ്ട്. ഇവയത്രയും പൂര്‍വവേദങ്ങളില്‍ നിന്നു റസൂലിന്റെ(സ്വ) ആരോ ഒരാള്‍ പറഞ്ഞു പഠിപ്പിച്ചതാണ് എന്ന് വാദിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണ്.

ചുരുക്കത്തില്‍, റസൂലിന്റെ (സ്വ) പ്രവാചകത്വം വ്യാജമാണ് എന്നു പറയുന്നവരുടെ മുന്‍പിലുള്ള എല്ലാ സാധ്യതകളും നിരര്‍ഥകമാണ്. അവിടുന്ന് തീര്‍ച്ചയായും പ്രവാചകനാണ് എന്ന നിഗമനമേ ഇനി നമ്മുടെ മുമ്പില്‍ അവശേഷിക്കുന്നുള്ളൂ – സ്വല്ലല്ലാഹു അലൈഹി വസല്ലം.

സജീര്‍ ബുഖാരി

You must be logged in to post a comment Login