ആറ്റല്‍ നബി സ്‌നേഹിക്കപ്പെടുന്നതെന്തെന്നാല്‍

ആറ്റല്‍ നബി സ്‌നേഹിക്കപ്പെടുന്നതെന്തെന്നാല്‍

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ രാവ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ധാരാളമാളുകള്‍ വരും. തൊട്ടപ്പുറത്തെ കവലകളില്‍ പകലന്തിയോളം സൈക്കിള്‍ റിക്ഷ വലിക്കുന്നവരും പെട്ടിക്കച്ചവടക്കാരും യാചകരും തുടങ്ങി ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍, മന്ത്രാലയങ്ങളിലെ ഉന്നത പോസ്റ്റിലിരിക്കുന്നവര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ എല്ലാവരുമുണ്ടാകുമവിടെ. എല്ലാവരുടെയും മനസ്സില്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ. പരിശുദ്ധ തിരുശേഷിപ്പുകളുടെ മുന്നിലിരുന്ന് തിരുപ്രവാചകരെ ഒന്നോര്‍ക്കണം; മദ്ഹുകള്‍ പാടണം.

മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവെച്ച സ്ഥലം ജനനിബിഡമാവും. ആരും ആരെയും ശ്രദ്ധിക്കില്ല. തിക്കും തിരക്കും കൂട്ടുകയുമില്ല. എല്ലാവരുടെ മുഖത്തും പൂര്‍ണ്ണ വെളിച്ചമായിരിക്കും. തങ്ങള്‍ തിരുഹബീബിനെ കാണാന്‍ പോകുന്നുവെന്ന ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പൂവണിയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി. മദീനയില്‍ പോയി പൊട്ടിക്കരഞ്ഞു പാടാന്‍ ആഗ്രഹമുള്ളവരാണ് എല്ലാവരും. സാധിച്ചില്ലെങ്കിലും പ്രശ്‌നമില്ല; ഇവിടെയെങ്കിലും എത്തിപ്പെട്ടല്ലോ എന്ന നിര്‍വൃതിയുണ്ടാകും ഓരോ മുഖങ്ങളിലും.
2012 ലെ റബീഉല്‍ അവ്വല്‍ ഞങ്ങള്‍ക്കു ജുമാമസ്ജിദിലായിരുന്നു. ഓരോരുത്തരും മദ്ഹുകള്‍ ചൊല്ലുന്നതാണ് അവിടത്തെ രീതി. പ്രായം ചെന്നവരും കുട്ടികളും എല്ലാവരും അത്യുച്ചത്തില്‍ നീട്ടി മദ്ഹുഗാനങ്ങള്‍ ആലപിക്കും. ഞങ്ങള്‍ക്കും പാടണം. അതിനു ബുര്‍ദയുടെ ഓരോ കോപ്പിയും കയ്യില്‍ പിടിച്ചായിരുന്നു അവിടെ എത്തിയിരുന്നത്. ഞങ്ങളെല്ലാവരും പുതിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സൈക്കിള്‍ റിക്ഷ വലിക്കുന്നവരും മാംസം വെട്ടുന്നവരുമെല്ലാം പുതിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. എങ്കിലും ജീവിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൈന്യത അവരുടെ മുഖത്ത് കാണാം. എല്ലാവരും ഇടകലര്‍ന്നാണിരിക്കുന്നത്. ലോകത്തെവിടെയും കാണാത്ത സാഹോദര്യത്തോടെയും നിശ്ശബ്ദതയോടെയും.

തിരുശേഷിപ്പുകളുടെ കാവല്‍ക്കാരായ ഡല്‍ഹിയിലെ ബറകാതി സാദാത്തുക്കള്‍ അവയെ ആദരപൂര്‍വം ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്നു. മിന്നല്‍ വേഗതയിലായിരുന്നു എല്ലാവരുടെയും എഴുന്നേല്‍ക്കല്‍. സ്വലാത്തും സലാമും അന്തരീക്ഷം മൊത്തം മുഴങ്ങി. ചിലരൊക്കെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. മറ്റുചിലരാവട്ടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് അട്ടഹസിക്കുന്നുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചതുപോലെ. സ്‌നേഹമെന്നാല്‍ ഭ്രാന്തുകൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അപൂര്‍വ നിമിഷങ്ങള്‍. തിരുനബിയുടെ മുന്നില്‍ വെച്ച് അട്ടഹസിക്കല്‍ അപമര്യാദയാണെന്നെല്ലാം അവര്‍ മറന്നിരിക്കുന്നു. സ്‌നേഹം മൂര്‍ച്ഛിച്ചു ഭ്രാന്തുപിടിച്ചവര്‍ക്ക് പിന്നെ പരിസരബോധം ഉണ്ടാവില്ലല്ലോ.
മൗലിദ് തുടങ്ങി. ഓരോരുത്തരും മാറിമാറി പാടുകയാണ്. എല്ലാവരുടെയും കണ്ണില്‍ നിന്നും കണ്ണുനീരല്ല പ്രവഹിക്കുന്നത്. സ്‌നേഹത്തിന്റെ ചൂടുള്ള അരുവികളാണ്. ഓരോ അരുവിയെയും തൂവാലക്കഷ്ണങ്ങളും തുണികോന്തലയും ജുബ്ബയുടെ താഴ്ഭാഗവും കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്നു. തൊണ്ണൂറുകള്‍ കഴിഞ്ഞ പടുവൃദ്ധന്മാര്‍ വരെ യുവത്വം തിരിച്ചുകിട്ടിയ പ്രതീതിയില്‍ ഞങ്ങളെ തോല്പിച്ച് പാടുകയാണ്. ആശിഖീങ്ങളുടെ ഇശ്ഖ് ഒരിക്കലും നമുക്ക് അനുഭവിക്കാനാവില്ല. അവ കണ്ടിരിക്കാനുമാവില്ല. അവയെ ഒരിക്കലും തോല്പിക്കാനോ അതിജയിക്കാനോ നമുക്കാര്‍ക്കും ആകില്ലെന്നതിന് ആ സദസ്സ് തന്നെയായിരുന്നു സാക്ഷി.

ഇതൊരു സദസ്സ് മാത്രമല്ല; കോടിക്കണക്കിനു സദസ്സുകളില്‍ ഓരോ ദിവസവും ഈ സ്‌നേഹമാണ് പൊട്ടിയൊഴുകുന്നത്. കോടാനുകോടി മനുഷ്യര്‍ ഈ ഒരൊറ്റ മനുഷ്യനെയാണ് ചര്‍ച്ച ചെയ്യുന്നത്. കോടിക്കണക്കിനു പഠിതാക്കള്‍ ഈയൊരു വ്യക്തിയെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പരകോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരുനിമിഷം പോലും മുറിയാതെ ഈ മഹാനായ വ്യക്തിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്കില്‍ എന്തായിരിക്കും ഈ സ്‌നേഹം? എങ്ങനെയായിരിക്കും ഈ പ്രേമം? ആരായിരിക്കും ഈ വ്യക്തി? എന്തായിരിക്കും ഈ മഹാനായ മനുഷ്യന്റെ പ്രത്യേകതകളും അധ്യാപനങ്ങളും?

Wilfred Cantwell Smith തന്റെ Modern Islam in India എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. ‘Muslims will allow attacks on Allah; there are atheists and atheistic publications, and rationalistic societies; but to disparage Muhammad will provoke from even the most ‘liberal’ sections of the community a fanaticism of blazing vehemence. അഥവാ മുസ്ലിംകള്‍ അല്ലാഹുവിനെക്കുറിച്ച് അപരാധങ്ങള്‍ പറയുന്നത് വിട്ടുകളഞ്ഞാലും. (അങ്ങനെ ചില നിരീശ്വരവാദികളും നിരീശ്വരവാദ പ്രസിദ്ധീകരണങ്ങളും യുക്തിവാദി സമൂഹങ്ങളുമുണ്ട്) മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നത് സമുദായത്തിലെ ഏറ്റവും ‘ലിബറല്‍’ വിഭാഗങ്ങളില്‍ പോലും പ്രകോപനും സൃഷ്ടിക്കാനിടവരുത്തുമെന്നര്‍ഥം. ഡബ്ലിയു സി സ്മിതിന്റെ ഈ വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ ശരിയാണ്. കാരണം ഓരോ മുസ്ലിമും ലോകത്ത് മറ്റാരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെക്കാളും പ്രകോപിതരാകുന്നതും ഹൃദയം പൊട്ടുന്നതും പുണ്യപ്രവാചകരെ അപകീര്‍ത്തിപ്പെടുത്തുമ്പോഴാണ്. ഒരാള്‍ സ്വന്തം മാതാപിതാക്കളെ തെറിവിളിച്ചുവെന്നിരിക്കട്ടെ; അതേ നാവുകൊണ്ട് മുഹമ്മദ് നബിയെയും തെറിവിളിച്ചാല്‍ തീര്‍ച്ചയായും മുസ്ലിമിന്റെ മനസ്സ് ഏറ്റവും കൂടുതല്‍ വേദനിക്കുക രണ്ടാമത്തെ തെറിവിളിക്കലിലായിരിക്കും. സ്വന്തം ഉമ്മയെക്കാളും ഉപ്പയെക്കാളും സ്വന്തത്തേക്കാള്‍ തന്നെയും പരിശുദ്ധ റസൂല്‍ ഓരോ വിശ്വാസിയുടെയും മനസ്സിലുണ്ട്. അവിടുത്തെക്കുറിച്ച് ചെറിയൊരു ആരോപണം പോലും വിശ്വാസിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകുന്നത് അതുകൊണ്ടാണ്.
ആന്‍മേരി ഷിമ്മല്‍ തന്റെ And Muhammad Is His Messenger എന്ന പുസ്തകം തുടങ്ങുന്നതുതന്നെ ഇറാനില്‍ അവര്‍ കണ്ട ഒരു മുസ്ഹഫിന്റെ കോപ്പിയെക്കുറിച്ചുപറഞ്ഞുകൊണ്ടാണ്. മുസ്ലിംകളുടെ ഏറ്റവും വലിയ ആശയമായ തൗഹീദിനെക്കുറിച്ച് പറഞ്ഞ സ്ഥലത്തേക്കാളും ഭംഗിയിലും വലിപ്പത്തിലും കലാത്മകമായുമാണ് മുഹമ്മദ് നബിയെക്കുറിച്ച് പറഞ്ഞ വചനം മുസ്ഹഫില്‍ നല്‍കിയിരിക്കുന്നത്. അഥവാ മുഹമ്മദ് എന്ന എഴുത്ത് തന്നെ മുസ്ലിംകള്‍ എപ്പോഴും പ്രത്യേകം അടയാളപ്പെടുത്തിവെച്ചു-പരിശുദ്ധ ഖുര്‍ആനില്‍ പോലും. മുഹമ്മദ് എന്ന് ഏതു മുസ്ലിം കേട്ടാലും സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നു പറയും. അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അവരുടെ മേല്‍ ഉണ്ടാവട്ടെ എന്ന ബഹുമാന വചനമാണിത്. ഇങ്ങനെ ഒരു പദവി ലോകത്ത് ഒരു മനുഷ്യനോ വ്യക്തിക്കോ മറ്റു മതങ്ങളുടെ സാങ്കല്പിക ആരാധ്യപുരുഷര്‍ക്ക് പോലുമോ ഇല്ലെന്നത് ഈ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഈ സ്‌നേഹവായ്പ് ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമല്ല; ഏതു സമയത്തും ഏതു ഘട്ടത്തിലും മുഹമ്മദ് എന്നുപറഞ്ഞാല്‍ കേട്ടിരിക്കുന്നവരുടെയെല്ലാം അധരത്തില്‍ നിന്നും ഈ വചനങ്ങള്‍ അറിയാതെ ഉതിര്‍ന്നുവീഴും. മരണവീട്ടിലും വിവാഹപ്പന്തലിലും ഭക്ഷണത്തളികയിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.

പരിശുദ്ധ ഖുര്‍ആനില്‍ ഏതു ഖാരിഉം പൊട്ടിയ ഹൃദയവുമായി ഓതുന്ന വരികളാണ് ‘മുഹമ്മദുറസൂലുല്ലാഹ്.’ എന്ന് തുടങ്ങുന്ന വചനം. നിസ്‌കാരത്തില്‍ പാരായണം ചെയ്താല്‍ പോലും ഹൃദയങ്ങള്‍ വിങ്ങുന്ന ശബ്ദം ചെവിയോര്‍ത്താല്‍ കേള്‍ക്കാനാവും. ഈജിപ്തിലായിരിക്കുന്ന സമയത്തും അത് ശ്രദ്ധിച്ചതാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഖുര്‍ആന്‍ കേട്ട് പൊട്ടിക്കരയുന്നത് ഈ വചനം എത്തുമ്പോഴായിരുന്നു. കാരണം ഓരോ മുസ്ലിമിന്റെയും ഹൃദയത്തിലാകെ ഈ പുന്നാര നബി നിറഞ്ഞുനില്‍പ്പാണ്. ആ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം പൊട്ടും. കാണാന്‍ ഒടുങ്ങാത്ത പൂതിയുണ്ടാവും. തിരുനോട്ടം കിട്ടാന്‍ ഓരോരുത്തരും മത്സരിക്കും. ഓരോ മുസ്ലിമും ഈ സ്വപ്നം ഉള്ളില്‍ കൊണ്ടുനടക്കുന്നു. മറ്റെല്ലാ സ്വപ്നങ്ങളും മാറിയേക്കാം. ഇന്നലത്തെ ആഗ്രഹമായിരിക്കില്ല ഇന്ന്. പക്ഷേ, പുണ്യപ്രവാചകര്‍ ഉറക്കത്തിലൊന്നു വന്നു ആശീര്‍വദിക്കുകയെന്ന സ്വപ്നം ഓരോരുത്തരും താലോലിക്കും. ഒരിക്കല്‍ സാധിച്ചാല്‍ വീണ്ടും വീണ്ടും ആഗ്രഹിക്കും. അങ്ങനെ ഉറക്കത്തില്‍ കണ്ടവരുടെ ഭാഗ്യമോര്‍ത്ത് കണ്ണീര്‍പൊഴിക്കും. അവരുടെ ചരിത്രങ്ങള്‍ വായിച്ച് നെടുവീര്‍പ്പിടും. അതിനുവേണ്ടി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ഓരോ രാത്രിയും പ്രതിജ്ഞ പുതുക്കും. ഏതു വിശ്വാസിയുടെയും മനസ്സില്‍ ഒരൊറ്റ യാത്രയോടാകും ഏറ്റവും പ്രിയം. അത് മക്കയും മദീനയുമാണ്. അവിടുത്തെ ചാരത്ത് ഒന്നണയുക; അവിടെത്തന്നെ മരിക്കുക. എന്നിട്ട് ആ മണ്ണില്‍ നിത്യനിദ്രയിലാഴുക- എത്രയെത്ര വിശ്വാസികളാണ് ഇതിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്!

ഓരോ ആശിഖീങ്ങളും എത്രയാണ് പുണ്യനബിയെക്കുറിച്ച് പാടിത്തീര്‍ത്തത്. ആയിരം മനുഷ്യജന്മത്തിനു കേട്ടുതീരാത്തയത്രയും പാടുകയും എഴുതുകയും ചെയ്തു. എഴുതിയെഴുതി അശക്തരായിരിക്കുന്നുവെന്ന് ഓരോരുത്തരും സമ്മതിച്ചു. എഴുതിവെച്ചത് ഓരോ വിശ്വാസിയുടെയും അധരങ്ങളില്‍ നിത്യേന മാറിമാറി വന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ അവരത് മുറുകെപ്പിടിച്ചു. അതിനുവേണ്ടി മാത്രം എത്ര പണം മുടക്കിയും സദസ്സുകള്‍ നിത്യേന സംഘടിപ്പിച്ചു. അടുക്കളയില്‍ തുടങ്ങി അന്താരാഷ്ട്ര തലം വരെ ഈ കീര്‍ത്തനങ്ങള്‍ ഒഴുകിക്കൊണ്ടേയിരുന്നു. എന്നിട്ടും ഒരാള്‍ക്കും ഒരല്പംപോലും മതിയെന്നുതോന്നിയില്ല. മതിയാക്കാമെന്ന വിചാരം പോലും ഉണ്ടായില്ല. കാരണം സ്‌നേഹം ഉള്ളില്‍ നിറച്ചവര്‍ക്ക് അപദാനങ്ങള്‍ നിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല.
ഈ സ്‌നേഹത്തിനു ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. അന്ന് മുതല്‍ അഥവാ നബി തങ്ങള്‍ മക്കയില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ ആ സ്‌നേഹം ഒഴുകിക്കൊണ്ടിരിക്കുകയാണ്-ജീവനെക്കാള്‍ പ്രധാനമായി; എല്ലാത്തിനെക്കാളും മേലെ. ഒരിക്കല്‍ മക്കയില്‍ സൈദ്ബ്‌നു ദുസ്നയെ(റ) അബൂസുഫ്്യാന്‍ അടങ്ങുന്ന ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലക്കയറില്‍ ബന്ധിതനായ സൈദിനോട് അബൂസുഫ്്യാന്‍ പറഞ്ഞു: ‘നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് ആകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി; നിന്നെ വെറുതെ വിടാം.’ അങ്ങനെ മനസ്സുകൊണ്ട് ഇഷ്ടപ്പെടണമെന്നുപോലും അബൂസുഫ്്യാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ദിഗന്തങ്ങള്‍ ഭേദിച്ച്, ഓരോ ശത്രുവിനെയും നോക്കി പുച്ഛിച്ചുകൊണ്ട് സൈദ് (റ) പറഞ്ഞു: ‘ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബിക്ക് ഒരു മുള്ള് തറക്കുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല.’ സൈദിനെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്‌നേഹത്തിനു ഒരു ക്ഷതംപോലും പറ്റില്ലെന്ന് ശത്രുക്കള്‍ സാക്ഷ്യം പറഞ്ഞ സന്ദര്‍ഭമാണിത്. ഇങ്ങനെ ഒരു സൈദ് മാത്രമായിരുന്നില്ല. ചരിത്രത്തില്‍ എക്കാലവും പരകോടി സൈദുമാരെ നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും; അന്ത്യനാളിന്റെ അന്നുപോലും.

ഉര്‍വത്ബ്‌നു മസ്ഊദ് ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ കിസ്‌റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുപോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല…’ ഈ വാക്കുകള്‍ അന്നത്തേക്ക് മാത്രമായിരുന്നില്ല. ഇന്നും മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുന്നതുപോലെ ലോകത്തൊരാളും ആരെയും സ്‌നേഹിക്കുന്നില്ല. അങ്ങനെയാര്‍ക്കും അവകാശപ്പെടാന്‍ പോലും സാധിക്കില്ല.

സ്‌നേഹമെന്നാല്‍ ആര്‍ക്കും മനസ്സിലേക്ക് കുത്തിക്കയറ്റാന്‍ കഴിയുന്നതല്ല. അത് നാം പോലുമറിയാതെ ജനിച്ചുപോകുന്നതാണ്. ശക്തിപ്പെടുന്നതും ഇല്ലാതെയാകുന്നതുമെല്ലാം നമ്മുടെ ആഗ്രഹള്‍ക്കനുസരിച്ചല്ല. എത്ര സ്‌നേഹിക്കണമെന്നു വിചാരിച്ചാലും സ്‌നേഹിക്കപ്പെടണമെന്നു ആഗ്രഹിച്ചാലും നടക്കില്ല. കാരണം അവയൊക്കെ നമ്മുടെ നിയന്ത്രണങ്ങളില്‍നിന്നും അപ്പുറത്താണ്. എങ്കില്‍ ഈ മഹാനായ മനുഷ്യനോട് ഓരോരുത്തര്‍ക്കുമുള്ള ഈ അപാരമായ സ്‌നേഹത്തിന്റെ കാരണമെന്തായിരിക്കും? അതാണ് പഠിക്കേണ്ടത്.
മനുഷ്യരുടെ ആരാധ്യരാകാനുള്ള ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എല്ലാവരും മറ്റുള്ളവരുടെ, ഒരുകൂട്ടം ആളുകളുടെയെങ്കിലും ആരാധ്യപാത്രങ്ങളാവാനാണ് ശ്രമിക്കാറുള്ളത്. അനേകായിരം മനുഷ്യദൈവങ്ങള്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. മീഡിയയും സോഷ്യല്‍ മീഡിയയും അതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കവലകളും സ്റ്റേജുകളും അതിനുവേണ്ടിയാണ് സജ്ജമാക്കുന്നത്. ഓരോ നിമിഷവും തന്റെ ആരാധ്യര്‍ വര്‍ധിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് ഇവരൊക്കെയും. പക്ഷേ മുഹമ്മദ് നബി (സ്വ) നേരെ വിപരീതമായാണ് സംസാരിച്ചത്. നിങ്ങളില്‍ ആരെങ്കിലും എനിക്ക് നേരെ ആരാധനയുടെ ഭാവമെങ്ങാനും പ്രകടിപ്പിച്ചാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ പ്രസ്ഥാനത്തില്‍ പെട്ടയാളല്ല എന്ന് അവിടുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങളെയും എന്നെയും പടച്ചത് ഒരു അല്ലാഹുവാണെന്നും ഞാനും ആ അല്ലാഹുവിന്റെ അടിമയാണെന്നും അവിടുന്ന് നിരന്തരം ഉദ്‌ബോധിപ്പിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ, ഞാന്‍ നിരന്തരം അവനു മാത്രമാണ് ആരാധന നടത്തുന്നത് തുടങ്ങിയ പ്രസ്താവനകളിലൂടെ തന്നെ ആരാധ്യനാക്കാനുള്ള മുഴുവന്‍ ശ്രമങ്ങളെയും പൂര്‍ണമായും നിഷ്‌കാസനം ചെയ്തു പ്രവാചകര്‍. മറിച്ചായിരുന്നുവെങ്കില്‍ ഇതിലപ്പുറം ആളുകളെ കിട്ടുമായിരിക്കാം- കാരണം മക്കക്കാര്‍ക്ക് ഏറ്റവും പരിചിതം സൃഷ്ടികളെ ദൈവങ്ങളാക്കിയായിരുന്നുവല്ലോ. പക്ഷെ അവിടുന്ന് സത്യസന്ധമായി സംസാരിച്ചു. ഇന്നും മുസ്ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. എന്നിട്ടും അവര്‍ക്ക് സൃഷ്ടികളില്‍ മറ്റെല്ലാത്തിനെക്കാളും വിലപ്പെട്ടവരായി മുഹമ്മദ് നബി (സ്വ) നിലനില്‍ക്കുന്നു. ഈ മഹാപ്രതിഭാസത്തിന്റെ സ്വീകാര്യതയാണ് ഓരോരുത്തരും പഠിക്കേണ്ടതും ചിന്തിക്കേണ്ടതും.

ജീവിച്ചുവെന്നതിനു തെളിവില്ലാത്ത ജന്മമല്ല മുഹമ്മദ് നബിയുടേത്. നബി ചരിതം മിത്തുകളുമല്ല, ഭാവനയുമല്ല. ഓരോ സെക്കന്‍ഡും രേഖപ്പെടുത്തപ്പെട്ട ജീവിതമാണ്. മരണം വരെയും രേഖപ്പെടുത്തപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങളിലൂടെ ഇന്നും അത് കൈമാറിപോരുന്നു. വിയോഗ ദിനം മുതല്‍ ഇന്നുവരെ ആ പുണ്യ ഖബ്റിന്നരികിലേക്ക് പതിനായിരങ്ങള്‍ ഓരോ നിമിഷവും ഒഴുകിക്കൊണ്ടിരിക്കുന്നു. ഐതിഹ്യവും പുരാണവും കെട്ടുകഥകളും വായിച്ചുകിട്ടിയ വിവരം വെച്ചല്ല ഈ സ്‌നേഹം. നമുക്ക് മുമ്പേ വന്നുപോയ മഹാനായ മനുഷ്യനോടുള്ള, അവിടുത്തെ വ്യക്തിത്വത്തോടുള്ള, അധ്യാപനങ്ങളോടുള്ള, അവിടുന്ന് കൈമാറിയ ആശയങ്ങളോടുള്ള സ്‌നേഹമാണിത്. അവിടുത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അറിയാതെ വരുന്ന അദമ്യമായ പ്രേമം. ഇത് പഠിച്ചില്ലെങ്കില്‍ മറ്റെല്ലാ പഠനവും ഭാഗികമാണ്. കാരണം ഇവിടെയാണ് സമ്പൂര്‍ണ മനുഷ്യനുള്ളത്. മനുഷ്യരായി പിറന്നവരെല്ലാം ഈ മനുഷ്യനെയാണ് പഠിക്കേണ്ടത്.

അതുകൊണ്ട് ലോകമേ, ഈ മനുഷ്യനെ പഠിക്കൂ. ആ പഠനം ഒരിക്കലും വെറുതെയാകില്ല.

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login