പടിഞ്ഞാറുദിക്കുന്നത് ഏത് നക്ഷത്രമാകും?

പടിഞ്ഞാറുദിക്കുന്നത് ഏത് നക്ഷത്രമാകും?

നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് തന്നെ ജയിക്കുമോ? അതല്ല, വാശിയേറിയ പോരാട്ടത്തില്‍ ട്രംപിനെ വീഴ്ത്തി ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും ഒപ്പം ഇന്ത്യന്‍ വംശജ കമല ഹാരിസും ചരിത്രമെഴുതുമോ? ഇതെഴുതുന്നതുവരെയുള്ള എല്ലാ അഭിപ്രായസര്‍വേകളിലും ബൈഡന്‍-കമല ടീം ഏറെ മുന്നിലാണ്. ഇതേ നില തുടരാന്‍ തന്നെയാണ് സാധ്യതയും. എങ്കിലും ബൈഡന്‍ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ, ട്രംപ് തോല്‍ക്കണമെന്ന് ഉറപ്പായും ആഗ്രഹിക്കാം. അതിനുള്ള കാരണങ്ങള്‍ നൂറുകണക്കിനു പേജുകളില്‍ എഴുതാമെങ്കിലും മൂന്നായി ചുരുക്കി പറയാം.

1. ഉളുപ്പില്ലാത്ത വംശീയത, വര്‍ഗീയത
ജന്മം, തൊലിയുടെ നിറം, പണം ഇതൊക്കെ കൊണ്ട് ചിലര്‍ ഉന്നതരാണെന്നും ആ ‘മേലാളന്മാരുടെ’ ആജ്ഞാനുവര്‍ത്തികളാകണം മറ്റുള്ളവരെന്നുമുള്ള വംശീയ മനോഭാവത്തിന്റെ അപ്പോസ്തലനാണ് ട്രംപ്. ഒരു ഉളുപ്പും മനസ്സാക്ഷിക്കുത്തുമില്ലാതെ വെള്ള വംശീയതയും (White Supremacy) വര്‍ഗീയതയും തുറന്നുപറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്കും മറ്റുമെതിരായ അതിക്രമങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും മൗനാനുവാദം നല്‍കുകയും മാത്രമല്ല, അതിനു പ്രേരകമായ ട്വീറ്റുകളും വീഡിയോകളും തൊടുത്തുവിടുകയും ചെയ്യുന്നു. ഇതൊക്കെ ഒരു രാഷ്ട്രത്തലവനാണ് ചെയ്യുന്നത് എന്നത് അവിശ്വസനീയം മാത്രമല്ല, അപകടകരം കൂടിയാണ്. അധികാരത്തിലേറിയതിനു പിന്നാലെ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപ്, ആ രാജ്യങ്ങളില്‍നിന്നുള്ളവരുടെ ജീവിതത്തിനുമുന്നില്‍ വാതില്‍ കൊട്ടിയടച്ചു. വിസ നിയമങ്ങള്‍ കര്‍ശനമാക്കി. യഥാര്‍ത്ഥത്തില്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു കുടിയേറിയവരാണ് അമേരിക്കയുടെ കരുത്ത്. ലോകത്തിന്റെ ഏതുകോണില്‍നിന്ന് എത്തിയവര്‍ക്കും ലഭിക്കുന്ന സ്വാതന്ത്ര്യവും സമത്വവുമാണ് അമേരിക്കയുടെ സവിശേഷത. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പോലും അതിന്റെ പ്രതീകമാണ്. ‘നാനാത്വത്തില്‍ ഏകത്വം’ എന്നത് ഇന്ത്യയ്ക്ക് ജന്മസിദ്ധമാണെങ്കില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സ്വാംശീകരിച്ച നാനാത്വമാണ് അമേരിക്കയ്ക്കുള്ളത്. ഈ പൈതൃകം തച്ചുടയ്ക്കുന്ന നാലു വര്‍ഷങ്ങളാണ് ട്രംപ് ഭരണകാലം.

2. അന്താരാഷ്ട്ര സമൂഹത്തോടുള്ള അവജ്ഞ
യുഎസ് പ്രസിഡന്റ് എന്നത് ഒരു രാജ്യത്തിന്റെ തലവന്‍ മാത്രമല്ല, ഏറ്റവും പ്രമുഖനായ ലോകനേതാവ് കൂടിയാണ്. ആ അര്‍ഥത്തില്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കുക, നിയമങ്ങളെ മാനിക്കുക, ലോകനേതാക്കളുടെ വാക്കുകള്‍ക്കു ചെവികൊടുക്കുക തുടങ്ങിയവ യുഎസ് പ്രസിഡന്റില്‍നിന്നു ലോകം പ്രതീക്ഷിക്കുന്നു. എന്നാല്‍, തനിക്കിഷ്ടമില്ലാത്തതൊക്കെ പുറംകാല്‍കൊണ്ട് ചവിട്ടിത്തള്ളുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചത്. ഇസ്രയേലിനെതിരെ നിലപാടെടുക്കുന്നു എന്ന് ആരോപിച്ച് യുഎന്‍ വിദ്യാഭ്യാസ, സാംസ്‌കാരിക സംഘടനയില്‍നിന്ന് (യുനെസ്‌കോ) യുഎസ് പിന്മാറി; ഒപ്പം ഇസ്രയേലും. പരിസ്ഥിതി ദുരന്തത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ലോകനേതാക്കള്‍ ഒത്തുചേര്‍ന്നു പ്രഖ്യാപിച്ച ‘പാരീസ് കാലാവസ്ഥാ ഉടമ്പടി’യില്‍നിന്നും യു എസ് പിന്മാറി.
ഇസ്രയേല്‍ അവരുടെ തലസ്ഥാനമായി ജറൂസലേമിനെ നാലു പതിറ്റാണ്ട് മുന്‍പ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഫലസ്തീനും അവകാശമുള്ളതായി അന്താരാഷ്ട്ര സമൂഹം തന്നെ അംഗീകരിച്ച ജറൂസലേമിനെ ഇസ്രയേല്‍ ഏകപക്ഷീയമായി തലസ്ഥാനമാക്കിയത് ഐക്യരാഷ്ട്രസഭയോ ലോകരാജ്യങ്ങളോ അംഗീകരിച്ചില്ല. ഒരു രാജ്യവും അവരുടെ ഇസ്രയേലിലെ എംബസി ടെല്‍ അവീവില്‍നിന്നു ജറൂസലേമിലേക്കു മാറ്റിയില്ല. എന്നാല്‍, ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ജറൂസലേമിനെ അംഗീകരിച്ചു; യുഎസിന്റെ എംബസി ജറൂസലേമിലേക്കു മാറ്റി.
ട്രംപിന്റെ ഇഷ്ടത്തിനനുസരിച്ചു തുള്ളാത്ത ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) നിന്നും യുഎസ് പിന്മാറി. ഈ ലോകത്ത് ഞാനും എന്റെ ഇഷ്ടങ്ങളും മാത്രം മതി എന്നതാണു സമീപനം. കഴിഞ്ഞ വര്‍ഷം യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ട്രംപ് എത്തുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ തുളച്ചുകയറുന്ന നോട്ടം മതി ലോകം ട്രംപിനെ എങ്ങനെയാണ് കാണുന്നതെന്നു മനസിലാക്കാന്‍.

3. കുത്തഴിഞ്ഞ വ്യക്തിത്വം
മാന്യത, ഔചിത്യം, സുജനമര്യാദ, സത്യസന്ധത തുടങ്ങിയവയൊന്നും ട്രംപില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. 2016ലെ പ്രചാരണത്തിനൊടുവില്‍ ഹിലാരി ക്ലിന്റണ്‍ ജയിച്ചാല്‍ ജനവിധി അംഗീകരിക്കില്ല എന്നുവരെ ട്രംപ് പറഞ്ഞു. ‘ജനവിധി അംഗീകരിക്കും; ഞാന്‍ ജയിക്കുകയാണെങ്കില്‍ മാത്രം’ എന്ന് പിന്നീടത് മാറ്റിപ്പറഞ്ഞു. അമേരിക്കക്കാര്‍ കണ്ടും കേട്ടും ശീലിച്ച മാന്യതയ്ക്കും ‘ജെന്റില്‍മാന്‍’ സ്വഭാവത്തിനും വിരുദ്ധമായിരുന്നു അത്. പ്രചാരണത്തിലുടനീളം കള്ളം പറയുന്നതു പതിവാക്കി. അധികാരത്തിലേറി 3 വര്‍ഷത്തിനകം ട്രംപ് 16,241 കള്ളങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളോ നടത്തിയിട്ടുണ്ടെന്നാണ് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം 2020 ജനുവരിയില്‍ കണ്ടെത്തിയത്. ‘പൊളിറ്റിഫാക്ട്’ എന്ന വസ്തുതാന്വേഷണ (fact-check) വെബ്‌സൈറ്റ് 2015, 2017, 2019 വര്‍ഷങ്ങളില്‍ ‘ഏറ്റവും വലിയ കള്ളംപറച്ചിലുകാരന്‍’ പുരസ്‌കാരം ട്രംപിനാണു നല്‍കിയത്. ഫാക്ട്‌ചെക്ക് എന്ന വെബ്‌സൈറ്റ് ‘കള്ളംപറച്ചിലുകാരുടെ രാജാവ്’ എന്ന പട്ടം നല്‍കി.
പണത്തിനും ഉന്മാദത്തിനും മാത്രമേ ട്രംപിന്റെ വ്യക്തിജീവിതത്തില്‍ സ്ഥാനമുള്ളൂ. ധാര്‍മികത, മൂല്യങ്ങള്‍ തുടങ്ങിയവയ്‌ക്കൊന്നും ഒരു പരിഗണനയുമില്ല. സ്ത്രീകളെ ലൈംഗികവസ്തുക്കള്‍ മാത്രമായി കാണുന്ന സമീപനം. 2016ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ നീലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ അനേകം സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി വന്നത്. സ്വന്തം മകള്‍ ഇവാന്‍കയെ ‘മാദകത്തിടമ്പ്’ എന്നു വിശേഷിപ്പിച്ച ട്രംപ്, ‘മകള്‍ അല്ലായിരുന്നെങ്കില്‍ ഇവാന്‍കയുമായി ഞാന്‍ ഒരുപക്ഷേ ഡേറ്റിങ് നടത്തുമായിരുന്നു’ എന്നുവരെ പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ മനോഭാവം മനസിലാക്കാന്‍ ഇതിനപ്പുറം ആവശ്യമില്ല.
ദരിദ്രരോടും ദുര്‍ബലരോടും മര്‍ദിതരോടും ഒരുതരത്തിലുള്ള അനുകമ്പയുമില്ല. ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട് എന്ന മനോഭാവം പോലുമില്ല. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമീപനം കൊണ്ടും കുത്തിനോവിക്കുകയല്ലാതെ, മുറിവുണക്കുന്ന ഒരു നോട്ടംപോലുമില്ല. സമാധാന നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദിനെ കണ്ടപ്പോള്‍ ‘ഈ കൊച്ചിന് നൊബേല്‍ സമ്മാനം ലഭിച്ചോ, എന്തുകാര്യത്തിന്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അത് അജ്ഞത മാത്രമല്ല, സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ്. ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ലഭിച്ച ലോക ഭക്ഷ്യ പദ്ധതി (വേള്‍ഡ് ഫുഡ് പ്രോഗ്രാം), ആറു പതിറ്റാണ്ട് മുന്‍പ് യുഎസ് പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഐസനോവര്‍ തുടക്കമിട്ടതാണ് എന്നതെങ്കിലും മനസിലാക്കുമോ ആവോ.
ഒരു നേതാവിന്/നായകന് വേണ്ട വായനയോ അറിവോ ചരിത്രബോധമോ ട്രംപിന് ഇല്ല. ഇന്ത്യയില്‍ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലെത്തിയപ്പോള്‍ സന്ദര്‍ശകപുസ്തകത്തില്‍ ‘താങ്ക് യു മോഡി’ എന്ന് എഴുതിയതാണ് ട്രംപിന്റെ ചരിത്രബോധം. തന്റെ മുന്‍ഗാമി ബറാക് ഒബാമ മുംബൈയില്‍ ഗാന്ധിജിയുടെ വസതിയായ മണിഭവനില്‍ എത്തിയപ്പോള്‍ ‘ഗാന്ധിജി ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ നായകനാണ്’ എന്നാണ് കുറിച്ചത് എന്നുകൂടി ഓര്‍ക്കുക.
വ്യക്തിപരമായ അധിക്ഷേപത്തിലും പുച്ഛത്തിലും ട്രംപ് കഴിഞ്ഞേ മറ്റാരുമുള്ളൂ. എതിര്‍സ്ഥാനാര്‍ഥി ജോ ബൈഡനെ ‘ഉറക്കംതൂങ്ങി’ എന്നു വിളിക്കുന്ന ട്രംപ്, കഴിഞ്ഞ ദിവസം ബൈഡനെ കളിയാക്കുന്ന ഒരു ട്വീറ്റ് ചെയ്തു. ‘ബൈഡന്‍ ഫോര്‍ പ്രസിഡന്റ്’ (BIDEN for PRESIDENT) എന്ന പ്രചാരണവാചകത്തെ ‘ബൈഡന്‍ ഫോര്‍ റെസിഡന്റ്’ ((BIDEN for RESIDENT) എന്നു വെട്ടിത്തിരുത്തി, ഒപ്പം ബൈഡന്‍ ഒരു വൃദ്ധമന്ദിരത്തില്‍ ഇരിക്കുന്ന ചിത്രവും ചേര്‍ത്തായിരുന്നു ട്വീറ്റ്. ബൈഡനെ മാത്രമല്ല, പ്രായമേറിയവരെയെല്ലാം അധിക്ഷേപിക്കുന്നതായിരുന്നു ഇത്. ബൈഡന് പ്രായമേറെയാണ് എന്നതാണ് ട്രംപിന്റെ ആരോപണം. ട്രംപിന് 74, ബൈഡന് 78 എന്നിങ്ങനെയാണ് പ്രായം. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ യുഎസ് പ്രസിഡന്റായ വ്യക്തി ട്രംപാണ്. ബൈഡനെ പ്രായത്തിന്റെ പേരില്‍ ട്രംപ് അധിക്ഷേപിക്കുന്നത് വലിയ തമാശയാണ്.

പ്രതിവിധി ബൈഡനാണോ?
ഈ പറഞ്ഞതിനെല്ലാം പ്രതിവിധി ബൈഡന്‍ ജയിക്കുകയാണോ? എല്ലാവരെയും ഉള്‍ക്കൊള്ളുക, ദുര്‍ബലരെ പരിഗണിക്കുക, അതിധനികര്‍ക്കുമാത്രമുള്ളതല്ല രാജ്യം എന്ന് ഓര്‍മിപ്പിക്കുക, സമാധാനവും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയവയിലെല്ലാം ബൈഡന്‍ മുന്നോട്ടുവയ്ക്കുന്നത് പ്രതീക്ഷാനിര്‍ഭരമായ നിലപാട് തന്നെയാണ്. ഇന്ത്യന്‍ വംശജയായ, കറുത്ത വര്‍ഗക്കാരിയായ കമല ഹാരിസിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒപ്പംകൂട്ടുക കൂടി ചെയ്തതോടെ, യുഎസ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് (inclusiveness) എന്ന സന്ദേശവും അദ്ദേഹം നല്‍കുന്നു. വലിയ വീമ്പുപറയുകയും പരിഷ്‌കാരികളെന്നു നടിക്കുകയും ചെയ്യുമെങ്കിലും ഒരു വനിതയും ഇന്നേദിവസം വരെ യുഎസിന്റെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല എന്ന് ഓര്‍ക്കുക. യുഎസില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിച്ചിട്ടുതന്നെ 100 വര്‍ഷം ആയതേയുള്ളൂ.
ട്രംപ് ചെയ്ത തെറ്റുകളെല്ലാം ബൈഡന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. പക്ഷേ, ബൈഡന്‍ ജയിക്കുകയാണെങ്കില്‍ അത് ലോകത്തിനാകെ ഒരു മികച്ച സന്ദേശമായിരിക്കും.

ബൈഡന്‍ ജയിക്കുമോ?
സര്‍വേകളിലെല്ലാം ബൈഡന്‍ ഏറെ മുന്നിലാണ്. 2016ലും ഇതുതന്നെയായിരുന്നു സ്ഥിതി. ഹിലാരി ക്ലിന്റണ്‍ ജയിക്കുമെന്നായിരുന്നു സര്‍വേകള്‍ പ്രവചിച്ചത്. കൂടുതല്‍ വോട്ട് കിട്ടിയതും ഹിലാരി ക്ലിന്റണു തന്നെ. പക്ഷേ, ഇലക്ടറല്‍ കോളജ് അംഗങ്ങളെ കൂടുതല്‍ ലഭിച്ച ട്രംപ് പ്രസിഡന്റായി. സര്‍വേകള്‍ ഇത്തവണയും തെറ്റാനുള്ള സാധ്യത തള്ളിക്കൂടാ. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ട്രംപ് അനുകൂലികളായ പലരും സര്‍വേകളില്‍ സത്യം തുറന്നുപറയില്ല. ഇത്തരക്കാരെ Shy Trumpers എന്നാണു വിളിക്കാറുള്ളത്. ട്രംപിന്റെ സ്വഭാവവും സമീപനവുമൊന്നും ശരിയല്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ട്രംപിനെ പിന്തുണയ്ക്കുന്നതും ശരിയല്ലെന്നു ബോധ്യമുണ്ട്. ട്രംപിന്റെ ആളാണ് എന്നത് പുറത്തുപറയാന്‍ കൊള്ളാത്ത കാര്യമാണെന്നു കരുതുന്നു. പക്ഷേ, അവര്‍ രഹസ്യമായി ചെയ്യുന്ന വോട്ട് ട്രംപിനു തന്നെയായിരിക്കും. സര്‍വേകള്‍ പലപ്പോഴും സമൂഹത്തിന്റെ ബഹുമുഖ പരിച്ഛേദം പ്രതിഫലിപ്പിക്കുംവിധമുള്ള സാംപിളുകള്‍ ശേഖരിച്ചാണു നടത്തുന്നത്. ഇതില്‍ ബൈഡനും ഡമോക്രാറ്റ് നിലപാടുകള്‍ക്കും ലഭിക്കുന്ന മേല്‍ക്കൈ യഥാര്‍ത്ഥ വോട്ടെടുപ്പില്‍ ലഭിക്കണമെന്നില്ല.

രണ്ടാമത്തെ കാരണം യുവാക്കളില്‍ വളര്‍ന്നുവരുന്ന വംശീയചിന്തയാണ്. റോയിട്ടേഴ്‌സ് ഈയിടെ നടത്തിയ സര്‍വേയില്‍, ലോകമൊന്നടങ്കം 40 വയസ്സില്‍ താഴെയുള്ളവരില്‍ ജനാധിപത്യബോധവും വിശ്വാസവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പകരം ഏകാധിപത്യപ്രവണതയുള്ളവരെയാണ് യുവാക്കള്‍ പിന്തുണയ്ക്കുന്നത്. സ്വാതന്ത്ര്യമില്ലായ്മയോ ദാരിദ്ര്യമോ മറ്റു വെല്ലുവിളികളോ അനുഭവിച്ചിട്ടില്ലാത്ത യുവാക്കള്‍, വംശീയത പോലുള്ളവയില്‍ ഒരു തെറ്റും കാണുന്നില്ല. യുഎസിലും യുവാക്കള്‍ വന്‍തോതില്‍ ട്രംപിന്റെ നയങ്ങളെ പിന്തുണച്ചേക്കാം.

കിഴക്കുദിച്ച നക്ഷത്രം
വംശീയതയുടെ നട്ടുച്ചയാണിപ്പോള്‍ യുഎസില്‍. ഇതിന് അന്ത്യംകുറിക്കാന്‍ ബൈഡന്‍-ഹാരിസ് സഖ്യത്തിനു കഴിയുമോ? തോറ്റാല്‍ അങ്ങനെ എളുപ്പത്തില്‍ മാറിക്കൊടുക്കില്ലെന്ന് ട്രംപ് ഇത്തവണയും പറഞ്ഞിട്ടുണ്ട്. അധികാരം നിലനിര്‍ത്താന്‍ ഏത് അടവും ട്രംപ് പയറ്റും. ബൈഡന്‍ ജയിച്ചാല്‍ ചൈനയാണ് ജയിക്കുക എന്നു പറയുന്നതുവരെയെത്തി കാര്യങ്ങള്‍. എന്നാല്‍, ബൈഡനെതിരെ ഉക്രെയ്‌നിന്റെ സഹായം തേടിയതിനാണ് ട്രംപ് ഇംപീച്‌മെന്റ് ചെയ്യപ്പെട്ടത് എന്നകാര്യം മറന്നുപോകരുത്. യുഎസില്‍ ഒരാള്‍ക്കു നാലു വര്‍ഷം വീതമുള്ള രണ്ടു തവണ മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ. ഈ നിയമവും ശരിയല്ലെന്നാണ് ട്രംപിന്റെ പക്ഷം.
നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടുമ്പോള്‍ ജയിക്കുകയാണ് യുഎസിലെ പതിവ്. ഒരു നൂറ്റാണ്ടിനിടയില്‍ 3 പ്രസിഡന്റുമാര്‍ മാത്രമേ രണ്ടാം മല്‍സരത്തില്‍ തോറ്റിട്ടുള്ളൂ – ജോര്‍ജ് ബുഷ് സീനിയര്‍ (1992), ജിമ്മി കാര്‍ട്ടര്‍ (1980), ജെറാള്‍ഡ് ഫോര്‍ഡ് (1976) എന്നിവര്‍. ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് ലോകത്തിനാകെ പ്രതീക്ഷയുടെ തിരിനാളമായിരിക്കും. ആ പ്രതീക്ഷയുടെ നക്ഷത്രം കിഴക്കുദിച്ചിട്ടുണ്ട് – ന്യൂസിലന്‍ഡില്‍ ജസിന്ത ആര്‍ഡേന്‍. ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ മസ്ജിദില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ മത, വംശ ചിന്തകളൊന്നുമില്ലാതെ രാജ്യത്തെയൊന്നടങ്കം ഒന്നിപ്പിച്ചു ചേര്‍ത്തുനിര്‍ത്തിയ ജസിന്തയ്ക്കുള്ള സമ്മാനമായി ആദ്യത്തേതിനെക്കാള്‍ വലിയ വിജയമാണ് കഴിഞ്ഞയാഴ്ച ആ രാജ്യം നല്‍കിയത്. ഭൂപടത്തില്‍ ഏറ്റവും കിഴക്കുള്ള ഈ രാജ്യത്തെ പ്രകാശം ഏറ്റവും പടിഞ്ഞാറുള്ള യുഎസ് വരെ എത്തുമോ? നമുക്കു കാത്തിരിക്കാം.

സി കെ മെഹ്‌റൂഫ്

You must be logged in to post a comment Login