മുള്ളിനെ മുള്ളുകൊണ്ട്

മുള്ളിനെ മുള്ളുകൊണ്ട്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റിപ്പബ്ലിക് ടി വിയില്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ച കണ്ടിരിക്കുന്ന ദൃശ്യം കഴിഞ്ഞ ആഴ്ചകളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പബ്ലിക് ടി വി കാണാന്‍ ഉദ്ധവിനും 500 രൂപ കിട്ടിയോ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. മഹാരാഷ്ട്ര സര്‍ക്കാറും റിപ്പബ്ലിക് ടി വിയും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്കു നീങ്ങവെ മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയായി ബി ജെ പി പ്രവര്‍ത്തകര്‍ ഈ ഫോട്ടോ ഉപയോഗിച്ചു. ഏറെ വൈകാതെ ഈ ചിത്രവും വ്യാജമെന്ന് തെളിയിക്കപ്പെട്ടു. കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉദ്ധവ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് അര്‍ണബിന്റെ ചിത്രവുമായി ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ടത്.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി ആര്‍ പി കണക്കെടുപ്പില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ റിപ്പബ്ലിക് ടി വിയുടെ ഉടമകള്‍ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പ്രചരിച്ചത്. ടി ആര്‍ പി കണക്കെടുപ്പിന്റെ ഭാഗമായ വീട്ടുകാര്‍ക്ക് റിപ്പബ്ലിക് ടി വി കാണുന്നതിന് പണം ലഭിക്കുന്നുണ്ടെന്നായിരുന്നു മുംബൈ പൊലീസിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അന്വേഷണം ചാനലിന്റെ മേധാവികളിലേക്ക് നീങ്ങുകയാണ്. റിപ്പബ്ലിക് ടി വിക്കും അതിന്റെ മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ ഒന്നിനു പിറകെ മറ്റൊന്നായി കേസുകള്‍ വേറെയും വരുന്നുണ്ട്. ഒരു കേസില്‍ ചാനലിലെ മിക്കവാറും എല്ലാ മാധ്യമപ്രവര്‍ത്തകരെയും പ്രതിചേര്‍ത്തിട്ടുണ്ട്. വിദ്വേഷ പ്രചാരണം നടത്തില്ലെന്ന ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പൊലീസ് നോട്ടീസ് അയക്കുകപോലും ചെയ്തു.

ഒരു മാധ്യമസ്ഥാപനത്തിനെതിരെ സംസ്ഥാന ഭരണകൂടം തുടര്‍ച്ചയായി നിയമനടപടികള്‍ സ്വീകരിക്കുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായാണ് സാധാരണഗതിയില്‍ അത് വിലയിരുത്തപ്പെടുക. സാംസ്‌കാരികപ്രവര്‍ത്തകര്‍ സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് നില്‍ക്കുക. എന്നാലിവിടെ അതല്ല, സ്ഥിതി. കേന്ദ്രസര്‍ക്കാറിനുവേണ്ടി കുഴലൂതുന്ന റിപ്പബ്ലിക് ടി വി ഇതില്‍ക്കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്നതാണ് പൊതു ചിന്താഗതി. താനൊരിക്കലും ഉദ്ധവിന്റെ ആരാധകനല്ലെന്നും എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തില്‍ തൊടുന്നതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതിനെ ഇതിനോട് ചേര്‍ത്തുവായിക്കണം. നിരുത്തരവാദപരമായ വിദ്വേഷം പരത്തുന്ന വാലാട്ടിപ്പട്ടികളായ ചാനലുകള്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് കണക്കുപറയേണ്ട സമയമായെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ഇന്ത്യയില്‍ ഫാഷിസത്തിന് നിലമൊരുക്കുന്നത് മാധ്യമങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പ്രസ് ക്ലബ്ബില്‍ സംസാരിക്കവേ പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് പറഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവുമധികം ജീര്‍ണിച്ചത് മുഖ്യധാരാ മാധ്യമങ്ങളാണ്. യുവാക്കള്‍ തൊഴില്ലാതെ വലയുന്ന, ജനങ്ങള്‍ പട്ടിണികിടക്കുന്ന ഇന്ത്യയില്‍ നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ ഒന്നിപ്പിക്കുന്നത് വെറുപ്പ് എന്ന വികാരമാണെന്നും കോര്‍പ്പറേറ്റുകളുടെ പണം പറ്റുന്ന മാധ്യമങ്ങളാണ് ഈ വെറുപ്പിന്റെ സ്രഷ്ടാക്കളെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ, മാധ്യമവിചാരണകളിലൂടെ, കെട്ടിച്ചമച്ച വാര്‍ത്തകളിലൂടെ എങ്ങനെ വെറുപ്പിന്റെ മൊത്തക്കച്ചവടക്കാരാകാം എന്നതിന് മകുടോദാഹരണമാണ് അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍. അര്‍ണബ് നടത്തുന്നത് ബനാന റിപ്പബ്ലിക് ചാനലാണെന്നാണ് ഉദ്ധവുമായുള്ള ഏറ്റുമുട്ടലിനെ പരാമര്‍ശിച്ച് ഇന്ത്യ ടുഡെ കള്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി പരിഹസിച്ചത്.
സര്‍ക്കാരിനെതിരെ കുരയ്ക്കുന്ന കാവല്‍പ്പട്ടിയെന്ന് സ്വയം വിശേഷിപ്പിച്ചാണ് നേരത്തേ, അര്‍ണബ് ഗോസ്വാമി രാജ്യമെങ്ങുമുള്ള ടെലിവിഷന്‍ അവതാരകരുടെ മാതൃകയായത്. ടൈംസ് നൗ ചാനലിലിരിക്കേ 2014ന് മുമ്പ് അര്‍ണബ് കുരച്ചുചാടിയത് അന്നത്തെ യു പി എ സര്‍ക്കാറിന്റെ അഴിമതികള്‍ക്കെതിരെയായിരുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തായിരുന്നു ഈ ആക്രമണം. 2014നു ശേഷം പക്ഷേ, ആക്രമണം പ്രതിപക്ഷത്തിനു നേരെയായി. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ രക്ഷകനായി സ്വയം അവരോധിച്ച അര്‍ണബ് സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി. ബി ജെ പിയുമായി ഇടഞ്ഞ് കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും സഹായത്തോടെ അധികാരം പിടിച്ചതോടെ മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാര്‍ അവരുടെ പ്രഖ്യാപിത ശത്രുവായി. മഹാരാഷ്ട്ര സര്‍ക്കാറിനും മുംബൈ പൊലീസിനുമെതിരെ റിപ്പബ്ലിക് ടി വി നടത്തുന്ന ആക്രമണം അതിന്റെ തുടര്‍ച്ച മാത്രം.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതിയളക്കുന്ന ടി ആര്‍ പി കണക്കെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് അര്‍ണബിന്റെ മാതൃക പിന്തുടരുന്ന ചാനലുകളാണെന്നും അതുകൊണ്ട് ആത്യന്തികമായി ഈ വിദ്വേഷ പ്രചാരണത്തിന്റെ ഉത്തരവാദിത്വം അതുകണ്ടാസ്വദിക്കുന്ന പ്രേക്ഷകനു തന്നെയാണെന്നും വാദമുണ്ട്. എന്നാല്‍, ടി ആര്‍ പി കണക്ക് എന്ന പേരില്‍ വരുന്നത് യഥാര്‍ത്ഥ ജനഹിതം അല്ലെന്നും അവിടെയും കൃത്രിമം നടക്കുന്നുണ്ടെന്നുമാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) തയാറാക്കുന്ന ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടി ആര്‍ പി ഉപയോഗിച്ചാണ് ഓരോ ടെലിവിഷന്‍ ചാനലുകളുടെയും പരിപാടികളുടെയും സ്വീകാര്യത അളക്കുന്നത്. രഹസ്യമായി തിരഞ്ഞെടുത്ത ഏതാനും വീടുകളില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഏതൊക്കെ പരിപാടികളാണ് പ്രേക്ഷകര്‍ കാണുന്നത് എന്നു കണക്കുകൂട്ടുന്നത്. ഉപകരണം വെച്ച വീടുകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി വീട്ടുകാര്‍ക്ക് പ്രത്യേക ചാനലുകളും പരിപാടികളും കാണാന്‍ നിര്‍ദേശം നല്‍കിയാണ് ടി ആര്‍ പി കണക്കെടുപ്പില്‍ തട്ടിപ്പു നടത്തിയതെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

ബാര്‍ക്കിനുവേണ്ടി ടി ആര്‍ പി കണക്കെടുക്കുന്ന ഹന്‍സ റിസര്‍ച്ച് എന്ന സ്ഥാപനം മുന്‍ ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതി അന്വേഷിച്ചുചെന്നപ്പോഴാണ് തട്ടിപ്പു വെളിച്ചത്തുവന്നതെന്ന് മുംബൈ പൊലീസ് പറയുന്നു. മുംബൈയിലെ 2,000 വീടുകളിലാണ് ഹന്‍സ റിസര്‍ച്ച് ടി ആര്‍ പി നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഇതിനു നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ ചിലര്‍ ഉപകരണം സ്ഥാപിച്ച വീടുകളിലുള്ളവര്‍ക്ക് ചില പ്രത്യേക ചാനലുകള്‍ സ്ഥിരമായി കാണാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വീട്ടില്‍ ആളില്ലാത്തപ്പോഴും ടെലിവിഷന്‍ തുറന്നുവെക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ക്ക് അതിന് പ്രതിഫലവും നല്‍കി. റിപ്പബ്ലിക് ടി വി പതിവായി കണ്ടാല്‍ മാസം 400 രൂപ തരാമെന്നു പറഞ്ഞതായി ചില വീട്ടുകാര്‍ വെളിപ്പെടുത്തി. ഇംഗ്ലീഷ് അറിയുന്ന ഒരാളുപോലുമില്ലാത്ത ചില വീടുകളില്‍ പണം കിട്ടുമെന്നതുകൊണ്ട് ആരും കാണുന്നില്ലെങ്കിലും ഇംഗ്ലീഷ് ചാനല്‍ സ്ഥിരമായി വെക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

അന്വേഷണം റിപ്പബ്ലിക് ടി വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയിലേക്കും നീങ്ങുമെന്നുവന്നപ്പോള്‍ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. മുംബൈ പൊലീസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും അന്വേഷണം സി ബി ഐയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജി പക്ഷേ സുപ്രീംകോടതി സ്വീകരിച്ചില്ല. ഇത്തരമൊരു കേസില്‍ ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢും ഇന്ദു മല്‍ഹോത്രയും ഇന്ദിര ബാനര്‍ജിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പിന്നീട് ഹര്‍ജി പരിഗണിച്ച മുംബൈ ഹൈക്കോടതി അര്‍ണബ് ഗോസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിന് ചട്ടപ്രകാരം സമന്‍സ് അയക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെടുകയും സമന്‍സ് കൈപ്പറ്റിയാല്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് അര്‍ണബിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ കേസിലെന്ന പോലെ വളഞ്ഞവഴിയില്‍ അന്വേഷണം സി ബി ഐയെ ഏല്‍പിക്കാനുള്ള നീക്കമാണ് പിന്നാലെയുണ്ടായത്. സുശാന്ത് കേസില്‍ ബിഹാര്‍ പൊലീസിനെയാണ് അതിന് ആയുധമാക്കിയതെങ്കില്‍ ഇവിടെ ഉത്തര്‍പ്രദേശ് പൊലീസിനായിരുന്നു ചുമതല. ടി ആര്‍ പി കണക്കെടുപ്പില്‍ കൃത്രിമം നടക്കുന്നതായി സംശയമുണ്ടെന്ന് കാണിച്ച് കമല്‍ ശര്‍മ്മ എന്നയാള്‍ ലഖ്‌നൗ ഹസാര്‍ഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അജ്ഞാതരെ പ്രതികളാക്കി ലഖ്‌നൗ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതില്‍ സി ബി ഐ അന്വേഷണം ശുപാര്‍ശ ചെയ്തു. ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിക്കുകയും സി ബി ഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എഫ് ഐ ആറില്‍ പ്രതികളാരെന്ന് പറയാത്തതുകൊണ്ട് അന്വേഷണം ഏതുചാനലുകള്‍ക്കുമെതിരെയും വ്യാപിപ്പിക്കാവുന്ന രീതിയിലാണ് കേസെടുത്തത്.

മുംബൈ പൊലീസിന്റെ അന്വേഷണം നടക്കുന്ന കേസ് സി ബി ഐ ഏറ്റെടുക്കാനിടയുണ്ടെന്നും അങ്ങനെവന്നാല്‍ റിപ്പബ്ലിക് ടി വി ഉടമകള്‍ രക്ഷപ്പെടുമെന്നും വന്നപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത നടപടി തന്നെ സ്വീകരിച്ചു. സംസ്ഥാനത്തുവന്ന് കേസന്വേഷണം നടത്തുന്നതിന് സി ബി ഐയ്ക്കു നല്‍കിയിരുന്ന പൊതു അനുമതി പിന്‍വലിച്ചു. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃക പിന്തുടര്‍ന്നായിരുന്നു ഈ നടപടി. പൊതു അനുമതി പിന്‍വലിക്കപ്പെട്ടാല്‍ ഒരോ കേസിന്റെയും അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാറില്‍ നിന്ന് സി ബി ഐ പ്രത്യേകം അനുമതി വാങ്ങണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ഉത്തരവ് സമ്പാദിക്കണം.

റിപ്പബ്ലിക് ടി വിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ മഹാരാഷ്ട്രയില്‍ കേസുകള്‍ വേറെയും വന്നു. തികച്ചും അസാധാരണ നടപടികളായിരുന്നു അവയില്‍ ചിലത്. സാമുദായിക സ്പര്‍ധയുണ്ടാക്കുംവിധത്തില്‍ വിദ്വേഷ പ്രചാരണം തുടരില്ലെന്ന് ഉറപ്പുനല്‍കി ഉടമ്പടിയില്‍ ഒപ്പുവെക്കണം എന്നാവശ്യപ്പെട്ട് മുംബൈ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുധീര്‍ ജാംബവേഡ്ക്കര്‍ അര്‍ണബിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. സ്ഥിരം കുറ്റവാളികള്‍ക്ക് നല്ലനടപ്പ് ഉറപ്പാക്കുന്നതിനു വഴിയൊരുക്കുന്ന ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 111-ാം വകുപ്പ് അനുസരിച്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് റിപ്പബ്ലിക് ടി വിയില്‍ അര്‍ണബ് നടത്തിയ ചര്‍ച്ചാ പരിപാടി സാമുദായിക സ്പര്‍ധയ്ക്കു വഴിയൊരുക്കുംവിധത്തിലുള്ളതായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ബാന്ദ്രയില്‍ ലോക്ഡൗണ്‍ വേളയില്‍ തീവണ്ടി കിട്ടാത്തതിനെത്തുടര്‍ന്ന് മറുനാടന്‍ തൊഴിലാളികള്‍ തടിച്ചുകൂടിയ സംഭവത്തിന് വര്‍ഗീയ നിറം നല്‍കാന്‍ മറ്റൊരു ചര്‍ച്ചയില്‍ അര്‍ണബ് ശ്രമിച്ച കാര്യവും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കി ഭാവിയില്‍ നന്നായി പെരുമാറും എന്ന് ഉറപ്പുനല്‍കുന്ന ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് അര്‍ണബിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടു സംഭവത്തിലും റിപ്പബ്ലിക് ടി വിക്കെതിരെ പൊലീസെടുത്ത കേസ് തുടരുന്നതിനിടെയാണ് ഈ നടപടി.

അതിനു പിന്നാലെ റിപ്പബ്ലിക് ടി വിയിലെ എഡിറ്റര്‍മാര്‍ക്കും മിക്കവാറുമെല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. പൊലീസ് സേനയ്ക്കുള്ളില്‍ അസ്വാരസ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെതിരെ പൊലീസ് സേനയില്‍ നീരസം പടരുന്നു എന്ന് പറഞ്ഞ് റിപ്പബ്ലിക് ടി വി വാര്‍ത്ത നല്‍കിയിരുന്നു. മുംബൈ പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ പൊലീസ് കമ്മീഷണര്‍ ശ്രമിക്കുന്നതായി പേരു വെളിപ്പെടുത്താത്ത ചില ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഈ വാര്‍ത്ത പോലീസ് സേനയ്ക്കുള്ളില്‍ അസ്വാരസ്യം വളര്‍ത്താനും മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണ് എന്നു കാണിച്ചാണ് കേസ്. മുംബൈ പൊലീസിന്റെ സോഷ്യല്‍ മീഡിയ ലാബിലെ സബ് ഇന്‍സ്‌പെക്ടര്‍ ശശികാന്ത് പവാറിന്റെ പരാതിയനുസരിച്ചാണ് എന്‍ എം ജോഷിമാര്‍ഗ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനും മറ്റുമെടുത്ത കേസുകള്‍ വേറെയുമുണ്ട്. പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെതിരെ 200 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസയച്ചാണ് അര്‍ണബ് തിരിച്ചടിച്ചത്.

ഒരു കാലത്തും കുറ്റമറ്റതൊന്നുമായിരുന്നില്ല, മുംബൈ പൊലീസിന്റെ പ്രവര്‍ത്തനം. വ്യാജ ഏറ്റുമുട്ടലിനും എതിരാളികളെ ഏതറ്റംവരെച്ചെന്നും വേട്ടയാടുന്നതിനും കുപ്രസിദ്ധരായ ഓഫീസര്‍മാര്‍ അവിടെയുണ്ടായിരുന്നു. റിപ്പബ്ലിക് ടി വിയ്‌ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന നയമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക. ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ സഹമാധ്യമങ്ങളുടെ പിന്തുണപോലും റിപ്പബ്ലിക് ടി വിക്ക് കിട്ടുന്നില്ല. റിപ്പബ്ലിക് ടി വിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്ത സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം വിദ്വേഷം പ്രോത്സാഹിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ റിപ്പബ്ലിക് ടി.വിയ്ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭാഷയില്‍ നിലവാരം പുലര്‍ത്തണമെന്നും വാര്‍ത്തകള്‍ നല്‍കുന്നത് ഉത്തരവാദിത്വത്തോടുകൂടിയാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ തന്നെ അര്‍ണബ് ഗോസ്വാമിയെ ഉപദേശിച്ചു. റിപ്പബ്ലിക് ടി വിയും മുംബൈ പൊലീസും തമ്മിലുള്ള വടംവലി കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും തമ്മിലുള്ള നിഴല്‍യുദ്ധമാണ്. റിപ്പബ്ലിക് ടി വിക്കു പിന്തുണനല്‍കുന്നത് കേന്ദ്രസര്‍ക്കാറും സംഘപരിവാര്‍ സംഘടനകളുമാണ് എന്നതുകൊണ്ടാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിഷയമായി അതിനെയാരും കാണാത്തത്.

എസ് കുമാര്‍

You must be logged in to post a comment Login