അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഒരു അപേക്ഷ നല്‍കി. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കൈ വിറയ്ക്കുന്നതുകൊണ്ട് ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോയും അനുവദിക്കണം എന്നതായിരുന്നു ആവശ്യം. രോഗപീഡകള്‍ അലട്ടുന്ന 83 വയസ്സുള്ള വയോധികന് വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, ഈ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് കോടതി നവംബര്‍ 26ലേക്ക് നീട്ടുകയും ചെയ്തു. ഇതാണ് നമ്മുടെ നീതി നിര്‍വഹണത്തിന്റെ പതിവു രീതി.
തൊട്ടടുത്ത ദിവസം തന്നെ അതിന്റെ മറുവശവും കണ്ടു. ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട റിപ്പബ്ലിക് ടി വി മേധാവി അര്‍ണബ് ഗോസ്വാമി നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ശനിയാഴ്ച തുടര്‍ച്ചയായി ആറുമണിക്കൂര്‍ നേരം പ്രത്യേകം വാദം കേട്ടു. ദീപാവലി അവധിയായിട്ടും രണ്ടംഗ ബെഞ്ച് തിങ്കളാഴ്ച വൈകീട്ട് വിധി പറയാനെത്തി. പക്ഷേ, അധികമാരും പ്രതീക്ഷിക്കാത്ത വഴിത്തിരിവു കരുതിവെച്ചിരുന്നു, ജസ്റ്റിസുമാരായ എസ് എസ് ഷിന്ദേയും എം എസ് കാര്‍ണിക്കും. അര്‍ണബിന് ജാമ്യം നല്‍കാനല്ല, ഇടക്കാല ജാമ്യം നിഷേധിക്കാനാണ് അവര്‍ അധികസമയം ജോലി ചെയ്തത്. സമസ്ത ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ ഇംഗിതത്തിനൊത്ത് മുട്ടുവളയ്ക്കുന്ന കാലത്തും പ്രതീക്ഷയുടെ ചില വെള്ളിരേഖകള്‍ നീതിപീഠം കരുതിവെച്ചിട്ടുണ്ടെന്നത് നിസ്സാര കാര്യമല്ല.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കുമുന്നില്‍ സ്ഥിരം ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാമെന്ന വ്യവസ്ഥാപിത മാര്‍ഗമുള്ളപ്പോള്‍ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യമൊന്നും നിലവിലില്ലെന്നാണ് അര്‍ണബിന്റെ അപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണം നടത്തുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും കുറ്റാരോപിതന്റെ അവകാശങ്ങളോളംതന്നെ പ്രധാനമാണ് ഇരയുടെ അവകാശങ്ങളെന്നും കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തടങ്കല്‍ അന്യായമാണെന്നും വാദിച്ചുകൊണ്ടാണ് സെഷന്‍സ് കോടതിയില്‍ പോകാതെ അര്‍ണബ് നേരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയുടെ അനുമതിയോടെ മഹാരാഷ്ട്ര പൊലീസ് ഒരിക്കല്‍ അന്വേഷണം അവസാനിപ്പിച്ച കേസിലാണ് നടപടി എന്നതാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്നവാദത്തിന് അര്‍ണബ് പിന്‍ബലമാക്കിയത്. അന്വേഷണം അവസാനിപ്പിച്ചതാണോ അതോ പുനരാരംഭിച്ചതാണോ നിയമവിരുദ്ധനടപടി എന്നതാണ് യഥാര്‍ത്ഥ ചോദ്യം. ഉന്നത സ്വാധീനം മൂലം മുന്‍സര്‍ക്കാരിന്റെ കാലത്ത് അട്ടിമറിക്കപ്പെട്ട കേസില്‍ വൈകിയാണെങ്കിലും നീതി നടപ്പാക്കപ്പെടുകയാണെന്നാണ് ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ കുടുംബം പറയുന്നത്.

കോണ്‍കോഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിയ നായിക്കിനെയും അമ്മ കുമുദിനെയും 2018 മെയ് മാസത്തിലാണ് അലിബാഗിലെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചതിന് പ്രതിഫലമായി മൂന്ന് പ്രമുഖ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കു തരാനുള്ള പണം തരാത്തതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് എന്ന് അന്‍വയ് നായിക്ക് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. റിപ്പബ്ലിക് ടി വിയുടെ അര്‍ണബ് ഗോസ്വാമി, ഐ കാസ്റ്റ് എക്‌സിന്റെ ഫിറോസ് ശൈഖ്, സ്മാര്‍ട്ട് വര്‍ക്‌സിന്റെ നിതേഷ് സര്‍ദ എന്നിവരുടെ പേരാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.

ആത്മഹത്യാ പ്രേരണയ്ക്ക് മൂന്നുപേരെയും പ്രതിചേര്‍ത്ത് റായ്ഗഢ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നു കാണിച്ച് 2019 ഏപ്രിലില്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കോടതി അത് അനുവദിക്കുകയും ചെയ്തു. മതിയായ അന്വേഷണം നടത്താതെയും തങ്ങളോട് ആലോചിക്കാതെയുമാണ് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് അന്‍വയിന്റെ ഭാര്യ അക്ഷതയും മകള്‍ അദ്‌നിയയും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബി ജെ പി സര്‍ക്കാരായിരുന്നു, അപ്പോള്‍ അധികാരത്തില്‍. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അദ്‌നിയ നായിക്ക് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് അപേക്ഷ നല്‍കി. പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഈ വര്‍ഷം മെയ് മാസത്തില്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അന്വേഷണച്ചുമതല കഴിഞ്ഞമാസം റായ്ഗഢ് ജില്ലാ പൊലീസിന്റെ ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു അര്‍ണബിന്റെ നാടകീയമായ അറസ്റ്റ്.
അര്‍ണബ് അറസ്റ്റു ചെയ്യപ്പെട്ട ദിവസം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ മഹാരാഷ്ട്രയിലെ ബി ജെ പി എം എല്‍ എ രാം കദം വരെയുള്ളവര്‍ പ്രതിഷേധവുമായെത്തി എന്നതുതന്നെ സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചു പറയുന്നു. അര്‍ണബിനെതിരെയുള്ള കേസിന്റെ ന്യായാന്യായങ്ങളും ഫലവും എന്തൊക്കെയായാലും മുഖ്യമന്ത്രി എന്ന നിലയില്‍ ഉദ്ധവ് താക്കറെയുടെ ശക്തമായ തിരിച്ചുവരവാണ് ഈ അറസ്റ്റെന്ന് ‘ദ പ്രിന്റി’ല്‍ ശിവം വിജ് എഴുതുന്നു. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും പിന്തുണ കിട്ടിയില്ലായിരുന്നെങ്കില്‍പ്പോലും രാജ്യത്തെ അതിശക്തരായ വ്യക്തികളില്‍ ഒരാളാണ് അര്‍ണബ് ഗോസ്വാമി. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിനെ എതിരിടുന്നതിന് എന്‍ ഡി എ ആയുധമാക്കിയത് അദ്ദേഹത്തിന്റെ ചാനലിനെയാണ്. അതേ ആയുധത്തിന്റെ മുനയൊടിക്കുന്നതാണ് ഈ അറസ്റ്റ്.

അതിന്റെ ഞെട്ടല്‍ കാരണമാണ് ഇത് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു എന്ന വിമര്‍ശനവുമായി ബി ജെ പി നേതാക്കള്‍ പ്രതിഷേധിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഈ അറസ്റ്റ് എന്നാണ് രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ കഴുത്തു ഞെരിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ വിലപിച്ചത്. ഇതിനു മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനു വേണ്ടിയും ഇവരാരും ശബ്ദമയുര്‍ത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇക്കാര്യം സ്ഥാപിക്കാന്‍, അടുത്തയിടെ അറസ്റ്റു ചെയ്യപ്പെട്ട ഒമ്പതു മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരം ‘ദ വയര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാത്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റു ചെയ്യപ്പെട്ട അഴിമുഖം ലേഖകന്‍ സിദ്ദിഖ് കാപ്പനുമുണ്ട് പട്ടികയില്‍. ഇവര്‍ക്കാര്‍ക്കും വേണ്ടി ബി ജെ പി നേതാക്കള്‍ രംഗത്തു വന്നില്ല എന്നതു മാത്രമല്ല, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മിക്ക അറസ്റ്റും നടന്നത് എന്നതാണ് വസ്തുത.
അര്‍ണബിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്യത്തിന്റെ വിഷയമായി അധികമാരും കാണുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അയാള്‍ക്കുവേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ബി ജെ പി നേതാക്കള്‍ മാത്രമേ വന്നുള്ളൂ. ഖാപ് പഞ്ചായത്തുപോലെ ടെലിവിഷന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന അര്‍ണബ് സ്വയമൊരു വാര്‍ത്തയായി അറസ്റ്റിനു വഴങ്ങുമ്പോള്‍ കാണികള്‍ക്കത് തമാശയായാണ് തോന്നിയതെന്ന് ‘ദ പ്രിന്റി’ല്‍ സൈനബ് സിക്കന്ദര്‍ എഴുതുന്നു. മഹാരാഷ്ട്രയില്‍, ഇനിയും ആറേഴ് കേസുകള്‍ വേറെയുമുണ്ട് അര്‍ണബിനെതിരെ. അറസ്റ്റു ചെയ്യാന്‍വന്ന വനിതാ പൊലീസിനെ കൈയേറ്റം ചെയ്തു എന്ന കേസാണ് ഏറ്റവും പുതിയത്. ഒരു മാധ്യമസ്ഥാപനത്തിനെതിരെ സംസ്ഥാന ഭരണകൂടം തുടര്‍ച്ചയായി നിയമ നടപടികള്‍ സ്വീകരിക്കുമ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ് നില്‍ക്കുക. എന്നാലിവിടെ, റിപ്പബ്ലിക് ടി വി ഇതില്‍കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്നതാണ് പൊതുചിന്താഗതി.

തങ്ങളെ നിരന്തരം ആക്രമിക്കുന്ന ഒരു ടെലിവിഷന്‍ ചാനലിനോട് മഹാരാഷ്ട്ര പൊലീസും സര്‍ക്കാരും നടത്തുന്ന പകവീട്ടലായാണ് അര്‍ണബിന്റെ അറസ്റ്റിനെ റിപ്പബ്ലിക് ടി വി വിശേഷിപ്പിക്കുന്നത്. പ്രതികാരത്തിന്റെ ഒരംശം അതിലുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടു മാത്രം ഈ അറസ്റ്റ് അനീതിയാവുന്നില്ല. അര്‍ണബിന്റെ അറസ്റ്റ് അല്ല, അന്‍വയ് നായിക്കിന്റെ ആത്മഹത്യയെത്തുടര്‍ന്നുള്ള അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള ക്‌ളോഷര്‍ റിപ്പോര്‍ട്ടും അതിന് മജിസ്‌ട്രേറ്റ് കോടതി അംഗീകാരം നല്‍കിയതുമാണ് യഥാര്‍ത്ഥ നീതികേട്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസുകാരന് ഹൈക്കോടതി നോട്ടീസ് അയച്ചതും കുറ്റാരോപിതന്റെ മാത്രമല്ല, ഇരയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്ന് അഭിപ്രായപ്പെട്ടതും.
ആത്മഹത്യാ കുറിപ്പില്‍ പേരുണ്ടെന്നത് ഒരാളെ ആത്മഹത്യ പ്രേരണയ്ക്ക് അറസ്റ്റു ചെയ്യുന്നതിനു കാരണമാകുന്നില്ല എന്നാണ് അര്‍ണബിന്റെ വാദം. നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തത് കുറിപ്പൊന്നും എഴുതിവെക്കാതെയാണ്. എന്നിട്ടും, ഒരു തെളിവും നിരത്താനില്ലാതിരുന്നിട്ടും, സുശാന്തിന് നീതികിട്ടാന്‍ കൂട്ടുകാരി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മാധ്യമവിചാരണ നടത്തിയയാളാണ് അര്‍ണബ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്താന്‍ ഒരു തെളിവും കിട്ടാതിരുന്നപ്പോഴാണ് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അവരെ അറസ്റ്റ് ചെയ്തത്. അര്‍ണബുള്‍പ്പെടെയുള്ള ചാനല്‍ ന്യായാധിപന്മാരെ തൃപ്തിപ്പെടുത്താന്‍ അത് ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ കരുതി.

റിയ മാത്രമല്ല, അര്‍ണബും അയാളെപ്പോലെയുള്ള മാധ്യമ ന്യായാധിപന്മാരും വേട്ടയാടിയതു കാരണം ഒരു തെളിവുമില്ലാതെ, ഒരു കുറ്റവും ചെയ്യാതെ, കൃത്യമായി ഒരു കേസുപോലുമില്ലാതെ തടങ്കലിലായ എത്രയോ പേരുണ്ട്. മാവോവാദിബന്ധം ആരോപിക്കപ്പെടുന്ന ആദിവാസികള്‍, രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കപ്പെട്ട ന്യൂനപക്ഷ സമുദായാംഗങ്ങള്‍, അരാജകവാദികളെന്ന് വിളിക്കപ്പെട്ട യുവാക്കള്‍. ജാമ്യഹര്‍ജി കൊടുക്കാനോ നേരാംവണ്ണം കേസ് നടത്താനോ പറ്റാതെ ജയിലുകളില്‍ നരകിക്കുകയാണ് അവരില്‍ പലരും. അവരുടെ അവസ്ഥ എന്തെന്ന് ഏതാനും ദിവസത്തെ ജയില്‍വാസംകൊണ്ട് അര്‍ണബിന് മനസ്സിലാക്കാനായാല്‍ അത്രയും നന്ന്. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കുടിവെള്ളപ്പാത്രം എടുത്തു പൊക്കാന്‍ പോലുമാകാത്ത ഫാദര്‍ സ്റ്റാന്‍ സ്വാമിയെ പാര്‍പ്പിച്ച അതേ ജയിലിലേക്കാണ് ഞായറാഴ്ച അര്‍ണബിനെ മാറ്റിയത്.

എസ് കുമാര്‍

You must be logged in to post a comment Login