എത്ര കാതമോടിയാലാണ് ബൈഡന്‍ ട്രംപല്ലാതാകുക?

എത്ര കാതമോടിയാലാണ് ബൈഡന്‍ ട്രംപല്ലാതാകുക?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് ശേഷം ലോകമൊന്നാകെ ചര്‍ച്ചചെയ്ത പ്രധാന ചോദ്യങ്ങളിലൊന്നായിരിക്കും, എന്തുകൊണ്ട് ബൈഡന്‍ എന്നത്.

ലോകപൊലീസ് ചമഞ്ഞ് ഏതു രാജ്യത്തും ഏതു ദേശത്തും സ്വന്തമായി നേട്ടമുളള കാര്യങ്ങളിലെ ഇടപെടല്‍, സ്വന്തം ചൊല്‍പ്പടിക്ക് നില്ക്കാത്ത രാജ്യങ്ങളെയെല്ലാം ഏതെങ്കിലും രീതിയില്‍ ചാപ്പകുത്തി അരികുവല്കരിക്കല്‍, അത്തരം രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ത്തു വരുതിയില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആയുധകമ്പനികള്‍ക്കുമെല്ലാം ലോകമൊന്നാകെ സ്വീകാര്യത കൂട്ടുവാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം ഇപ്പോഴുള്ളതുപോലെയും ചിലപ്പോള്‍ അതില്‍കൂടുതലായും ബൈഡന്റെ കാലത്തും തുടരാന്‍ തന്നെയാണ് സാധ്യത.

We are Americans എന്നതിന്റെ മുകളിലേക്ക് പോകുവാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെ തിരിച്ചറിയുവാന്‍ കഴിഞ്ഞവര്‍ തന്നെയായിരുന്നു ഡൊണാള്‍ഡ് ട്രംപിന് മുന്നേവന്ന റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷികളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍.

നാലുവര്‍ഷം മുന്‍പ് ഹിലരി ക്ലിന്റനെ തോല്പിച്ച് വിജയത്തിലെത്തി, നടത്തിയ ആദ്യത്തെ പ്രസംഗം മുതല്‍ ഡൊണാള്‍ഡ് ട്രംപ് എന്ന വ്യക്തി അമേരിക്കന്‍ പ്രസിഡന്റ് പദവിക്ക് അനുയോജ്യനാണോയെന്ന സന്ദേഹം അമേരിക്കയില്‍ മാത്രമല്ല, ലോകമൊന്നാകെ ഉയര്‍ന്നിരുന്നു. എനിക്ക് വോട്ട് ചെയ്തവര്‍ക്കുമാത്രം നന്ദി എന്ന, തികച്ചും പക്ഷപാതിത്വവും സങ്കുചിതവുമായ വാചകങ്ങളിലൂടെ തുടങ്ങി കോമാളിക്കളികളിലേക്ക് വരെ എത്തിയ നാടക, വാചക കസര്‍ത്തുകള്‍, ജയിച്ച ജോ ബൈഡനെ അംഗീകരിക്കില്ലെന്ന പ്രതികരണവും പിടിച്ചുപുറത്താക്കിയാലും വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങില്ലെന്ന രീതിയില്‍ ട്രംപ് ക്യാംപില്‍ നിന്ന് വരുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളുമെല്ലാം അതിന്റെ തുടര്‍ച്ച മാത്രം.
ഡെറ്റോളും ലൈസോളും കൊവിഡടക്കമുള്ള രോഗാണുക്കളെ കൊല്ലുമെങ്കില്‍ എന്തുകൊണ്ട് അവ കുടിച്ചുകൂടായെന്ന് ചോദിച്ച പ്രസിഡന്റ് ട്രംപിന്റെ ശാസ്ത്രബോധത്തിന് ദേശീയ ശാസ്ത്രോപദേഷ്ടാവ് അന്ന് മറുപടികൊടുത്തത്, ഡെറ്റോളും ലൈസോളും കുടിക്കുന്നതിന്റെ ശാസ്ത്രീയതയെക്കുറിച്ച് വീട്ടിലുള്ള സ്‌കൂള്‍കുട്ടികളോട് പോയി ചോദിക്കുവാനായിരുന്നു! മറ്റെന്ത് ദോഷങ്ങളുണ്ടായാലും ഒരു രാഷ്ട്രത്തലവന്‍ ഒരു വിഷയത്തില്‍ ഇടപെടുന്നതിലും പ്രതികരിക്കുന്നതിലും പക്വത പ്രകടിപ്പിക്കുമെന്ന ലോകത്തിന്റെ ആഗ്രഹം കൂടിയാണ് ട്രംപ് തല്ലിക്കെടുത്തിയത്.

അമേരിക്കയോട് കടുത്ത എതിര്‍പ്പുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റുമാരെ തര്‍ക്കമില്ലാതെ അംഗീകരിച്ചിരുന്നത് അവരുടെ ഇടപെടലിന്റെ മാന്യതകൊണ്ടായിരുന്നു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് അതെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റേത്. ഞാന്‍ മാസ്‌കൊന്നും വെക്കില്ല എന്ന പരസ്യപ്രസ്താവനയില്‍ തുടങ്ങി കൊവിഡ് പോസിറ്റീവായപ്പോള്‍ ചെറുപ്പക്കാരിയായ തന്റെ സൈക്കോ കൗണ്‍സിലറോടൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടതടക്കം ആയിരക്കണക്കിന് സംഭവങ്ങളാണ് ഉദാഹരണങ്ങളായി ലോകത്തിന് മുന്‍പിലുള്ളത്.
ഇത്തരമൊരു പരിതസ്ഥിതിയിലാണ് ജോ ബൈഡന്‍, എന്ന പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആകാംക്ഷകളും കൂടുതല്‍ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കുന്നത്.

വിജയം ഉറപ്പിച്ചതിനുശേഷം തന്റെ ഹോംടൗണായ വെല്ലിംഗ്ടണില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി അദ്ദേഹം നടത്തിയ ആദ്യപ്രസംഗത്തില്‍ നല്കിയ ചില സൂചനകള്‍ മുഖവിലക്കെടുക്കാമെങ്കില്‍, ഒരു പക്ഷേ, ലോകം എന്നുമോര്‍ക്കുന്ന ഒരമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ മാറിയേക്കും.

അമേരിക്കന്‍ ജനത പാരമ്പര്യമായി കാത്തുസൂക്ഷിച്ചിരുന്ന ലിബറല്‍ സംസ്‌കാരത്തെ മറികടന്നുകൊണ്ട് ട്രംപ് നടപ്പാക്കിയ വംശീയവിഭജന നയത്തിനും നിലപാടിനും അമേരിക്കന്‍ ജനതയിലുള്ള സ്വാധീനം ഇല്ലാതാക്കുകയെന്നതാണ് ബൈഡന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

I pledge to be a president who seeks not to divide but unify, who doens’t see red states or blue states. But who only sees the united states. 16 മിനിറ്റും 39 സെക്കന്റും നീണ്ടുനിന്ന തന്റെ ആദ്യപ്രസംഗത്തിലെ ഇതുപോലത്തെ അനേകം വരികളിലൂടെ താന്‍ വരുംകാലത്ത് സഞ്ചരിക്കുവാന്‍ പോകുന്ന പാന്ഥാവിനെക്കുറിച്ചുള്ള വ്യക്തമായ സൂചന തന്നെയാണ് അദ്ദേഹം നല്കിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് കമലാഹാരിസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ അമേരിക്കന്‍ ജനത ഈ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരികള്‍ക്കും ലോകത്തിനും വ്യക്തമായ ഒരു സന്ദേശമാണ് നല്കിയിരിക്കുന്നത്. അത്, Unity, Decency, Science ആത്യന്തികമായി truth എന്നിവയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയാണ്.
വക്കീല്‍പണിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ബൈഡന്‍, നാലഞ്ചു പതിറ്റാണ്ടിലധികം അമേരിക്കന്‍ സെനറ്റില്‍ അംഗമായതിന്റെ അനുഭവ സമ്പത്തുമായാണ് പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. ഭരണത്തിന്റെ എല്ലാവിധ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായി അറിയാം. അമേരിക്കയുടെ ഇറാഖ് യുദ്ധത്തെ എതിര്‍ത്ത സെനറ്റര്‍മാരുടെ മുന്‍പന്തിയില്‍ ജോ ബൈഡനുണ്ടായിരുന്നു. സെനറ്റിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന ഖ്യാതിയുണ്ട് ബൈഡന്. എന്നാല്‍ ഈ അംഗീകാരം കിട്ടി, ഒരു മാസത്തിനുള്ളില്‍ ബൈഡന്റെ ഭാര്യ നെലിയയും ഏക മകള്‍ ഒരു വയസ്സുകാരി നെവ്മിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടാണ്‍മക്കള്‍ക്കും ഗുരുതരമായി പരുക്കുമേറ്റു. ഇതോടുകൂടി കുടുംബം നോക്കാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരാണ് പിന്തിരിപ്പിച്ചത്. സിംഗിള്‍ പാരന്റായി മക്കളെ വളര്‍ത്തുന്നതിനൊപ്പം പൊതുപ്രവര്‍ത്തനത്തെയും അദ്ദേഹം കൊണ്ടുനടന്നു. പിന്നീട് ഏറെക്കഴിഞ്ഞാണ് വീണ്ടും വിവാഹിതനാകുന്നത്. ജില്‍ എന്ന കോളജ് അധ്യാപികയായിരുന്നു സഹധര്‍മിണി. അതില്‍ ഒരു മകളുണ്ട് ഇദ്ദേഹത്തിന്. പേര് ആഷ്ലി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാകുവാന്‍ മുന്നുപതിറ്റാണ്ട് മുന്‍പ് (നാല്പത്തിയാറാം വയസ്സില്‍) ശ്രമിച്ച ആളാണ് ഇദ്ദേഹം. അന്ന് ആ ശ്രമം വിജയിച്ചില്ല. ഒബാമയ്ക്ക് കീഴില്‍ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് മൂത്തമകന്‍ കാന്‍സര്‍ വന്ന് മരിക്കുന്നത്. 2016ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുവാന്‍ ബൈഡനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. പക്ഷേ, മകന്റെ മരണം നല്‍കിയ ആഘാതത്തില്‍ ആയിരുന്നതിനാല്‍ അദ്ദേഹം വഴങ്ങിയില്ല. പകരം ഹിലരി ക്ലിന്റണുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചു. എന്റെ ജ്യേഷ്ഠന്‍ എന്നായിരുന്നു വൈസ് പ്രസിഡന്റ് ബൈഡനെ പ്രസിഡന്റായിരുന്ന ബരാക് ഒബാമ വിളിച്ചിരുന്നത്. 2017ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബൈഡന് ഒബാമ സമ്മാനിക്കുകയും ചെയ്തു. ഒബാമയുടെ മുറിയില്‍ നിന്ന് യോഗങ്ങള്‍ക്കും മറ്റുംശേഷം ഏറ്റവും അവസാനം ഇറങ്ങുന്നത് ബൈഡനായിരുന്നു!

വംശവെറിയുടെ കാര്യത്തില്‍ ട്രംപില്‍ നിന്ന് തികച്ചും വിരുദ്ധമായ നിലപാടായിരിക്കും ബൈഡനെന്നതില്‍ തര്‍ക്കമുണ്ടാകില്ല. ആഫ്രിക്കന്‍, എഷ്യന്‍ വംശജരോടുള്ള വിവേചനം കൂടിവരുന്ന സാഹചര്യത്തില്‍ അതവസാനിപ്പിച്ച് പഴയ രീതിയിലേക്ക് യു എസ് ജനതയെ തിരിച്ചുകൊണ്ടുവരുവാനുള്ള ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന കാര്യം. ഇത് മുന്‍നിറുത്തിയാണ് ഏഷ്യന്‍ വംശജ കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഇദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതും. താന്‍ കറുത്തവര്‍ഗക്കാരികളായ വനിതകളുടെ പ്രതിനിധിയാണെന്ന് അവര്‍ ആദ്യപ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയതോടെ ഇതു വ്യക്തമായിരിക്കയാണ്.

ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിലുകളും ലോകത്ത് ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിലും ട്രംപില്‍ നിന്ന് ഏറെ വ്യത്യസ്തനൊന്നുമാകില്ല. പക്ഷേ, ചൈന പ്രശ്നങ്ങളെ നയതന്ത്രപരമായി കൈകാര്യം ചെയ്യാനാകും ഇദ്ദേഹവും ഡെമോക്രാറ്റിക്ക് ഗവണ്‍മെന്റും ശ്രമിക്കുക. മനുഷ്യാവകാശ പ്രശ്നങ്ങളിലും മറ്റും റിപ്പബ്ലിക്കന്‍സിനെപ്പോലെ ഇരകളെ മറന്നുകൊണ്ടുള്ള ഒരു സമീപനം ബൈഡനും കമലയും എടുക്കില്ലെന്നാണ് അവരുടെ മുന്‍നിലപാടുകള്‍വെച്ചുനോക്കുമ്പോള്‍ തോന്നുന്നത്.

വാണിജ്യപാര്‍ട്ട്ണര്‍മാരായ അനേകം അറബികളുമായി ഏറെ അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നുള്ളതിനപ്പുറം ലോകമെങ്ങുമുള്ള മുസ്ലിം ജനവിഭാഗത്തോട് പോസിറ്റീവ് സമീപനമായിരുന്നില്ല ഡൊണാള്‍ഡ് ട്രംപിന്റേത്.
പലസ്തീന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ ഇത് തെളിയിക്കുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ഭരണനിര്‍വഹണ കേന്ദ്രങ്ങളിലടക്കം നിര്‍ണായക സ്വാധീനമുള്ള ജൂതന്മാരെ മറികടന്നുകൊണ്ട് ഇസ്രയേലിനെ മടുപ്പിക്കാതെ, ഇതില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു ബൈഡന്‍ എന്നത് മുസ്ലിം ലോകമൊന്നാകെയുള്ള മുസ്ലിംകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യങ്ങളിലൊന്നാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു മുസ്ലിം ഗ്രൂപ്പിനോടായി അദ്ദേഹം നടത്തിയ ഒരു പ്രസംഗമുണ്ട്. ടി ആര്‍ ടി വേള്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ വന്ന ആ പ്രസംഗത്തില്‍ അഭിനയമില്ലാതെ കാര്യങ്ങള്‍ തുറന്നുപറയുന്ന ഒരു ബൈഡനെ കാണാം.

ഒരനീതി കണ്ടാല്‍ ആദ്യം അതിനെ കൈകൊണ്ട് തടയണം, കഴിയില്ലെങ്കില്‍ നാവുകൊണ്ട് തടയണം, അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യണമെന്ന മുഹമ്മദ് നബിയുടെ ഹദീസ് ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ച അദ്ദേഹം, ഈ ഇസ്ലാമികതത്വം മുറുകെപ്പിടിച്ചുകൊണ്ട് ജീവിതം നയിക്കുന്ന അനേകം പേരെ തനിക്കറിയാമെന്നും നമ്മുടെ രാജ്യവും ഉയര്‍ത്തിപ്പിടിക്കുന്നത് സമാനമായ മൂല്യമാണെന്നിരിക്കെ നമ്മുടെ കുടുംബത്തെയും രാജ്യത്തെയും ഇത്തരം മൂല്യങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവരാന്‍ അവിടെകൂടിയവരോട് കൈകോര്‍ക്കണമെന്നഭ്യര്‍ഥിക്കുകയുമുണ്ടായി.

താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഭരണകൂടത്തിനും രാജ്യത്തെ മുസ്ലിംവിഭാഗങ്ങള്‍ക്കും ഈയൊരു ലക്ഷ്യത്തിനായി ഒന്നിച്ചു നില്‍ക്കാമെന്നും പറയുന്നുണ്ട്.

ഒരു പരിധികൂടി കടന്നുകൊണ്ട് മുസ്ലിം സമുദായത്തെ ബലിയാടാക്കുന്ന(scapegoat) സമീപനത്തെയും മുന്‍വിധിയോടെ കാണുന്ന(xenophobic) അജണ്ടയെയും കുറിച്ച് വ്യക്തമായി തനിക്കറിയാമെന്നും അദ്ദേഹം തുറന്നു പറയുന്നു.
ആ കൂട്ടായ്മയിലെ പ്രസംഗം ജോ ബൈഡന്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: And if I have the honour of being elected the president of the united states together we can work to right the wrongs and see our world and see it better with our hearts, with our hands,with our hopes.
ചെറുപ്പത്തില്‍ വിക്ക്പോലെ സംസാരത്തിന് ബുദ്ധിമുട്ടുള്ളയാളായിരുന്നു ജോ. എന്നാല്‍ സ്വന്തം പരിശ്രമംകൊണ്ട് അദ്ദേഹം അത് മറികടന്നു. പിന്നീടും സംസാരത്തിനപ്പുറം പ്രവൃത്തിയിലൂടെ തന്നെയാണ് ജോ ബൈഡന്‍ എന്ന ഭരണജ്ഞനെ അമേരിക്കന്‍ ചരിത്രം അടയാളപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ ശത്രുവായി മാറിയതും അദ്ദേഹത്തിന്റെ നാവും സംസാരവും തന്നെയായിരുന്നു!

ഇതുവരെ ബൈഡന്‍ അമേരിക്കക്കാരുടെയും അമേരിക്കയുടെയും പ്രതീക്ഷ മാത്രമായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ലോകത്തിന്റെ പ്രതീക്ഷകൂടിയായി മാറുകയാണ്. എന്നാലത് അത്ര എളുപ്പമാണോ? കറുത്തവര്‍ഗക്കാരനും അര്‍ധ മുസ്ലിമും ആയിരുന്നിട്ടുകൂടി ബരാക് ഒബാമക്ക് സാധിക്കാതെ പോയതില്‍ നിന്ന് എത്രകാതം മുന്നോട്ടുപോകുമെന്നതിനാണ് വരുംകാലം കാത്തിരിക്കുന്നത്.

എ വി ഫര്‍ദിസ്

You must be logged in to post a comment Login