ട്രംപിനെ ജനാധിപത്യം തിരുത്തി; ഇനിയാരെ?

ട്രംപിനെ ജനാധിപത്യം തിരുത്തി; ഇനിയാരെ?

അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ആ പരാജയം ഏറ്റവും തീവ്രമായി സംഭവിച്ചു. ജനാധിപത്യത്തെയും ലോകത്തിന്റെ മാനുഷികതയെയും കുറിച്ച് ഉത്കണ്ഠകളുള്ള മനുഷ്യര്‍ തീവ്രമായി ആഗ്രഹിച്ചിരുന്ന പരാജയം. ഡൊണാള്‍ഡ് ട്രംപ് തോറ്റു. ലോകത്തെ ഏറ്റവും സമ്പന്നമായ ജനാധിപത്യരാജ്യം, ജനാധിപത്യത്തിന്റെ മൂല്യങ്ങളാലും സമ്പന്നം തന്നെയെന്ന് അടിവരയിട്ടു. ലോകത്തെ പല ജനാധിപത്യങ്ങളിലും 2010 ന് ശേഷം നടന്ന അഭിലാഷത്തിന്റെ അട്ടിമറി എന്ന സംഘടിത പ്രയോഗത്തിന്റെ അമേരിക്കയിലെ ഗുണഭോക്താവായിരുന്നു ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയപ്രക്രിയകളില്‍ പോയിട്ട് രാഷ്ട്രീയം എന്ന ആശയത്തില്‍പോലും വിശ്വസിക്കാത്ത കച്ചവടക്കാരന്‍. നോം ചോംസ്‌കി, ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കറിലെ ഐസക് ചോട്ടിനര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശേഷിപ്പിച്ചതുപോലെ the worst criminal in human history. അധികാരമത്തനായ ഒരു ഭ്രാന്തന്‍ കിഴവനെപ്പോലെ അയാള്‍ അമേരിക്കയിലിരുന്നു ലോകത്തെ കശക്കി. ജനാധിപത്യത്തിന്റെ വിരുദ്ധചേരിയില്‍ നിലയുറപ്പിച്ചു. അമേരിക്ക എന്ന രാഷ്ട്രത്തിന്റെ അതിസവിശേഷമായ ഭരണക്രമം ഇല്ലാതിരുന്നുവെങ്കില്‍, ആ ഭരണക്രമത്തെ സ്വാധീനിക്കാനും ചൊല്‍പടിക്കാക്കാനും ട്രംപിന് കഴിഞ്ഞിരുന്നുവെങ്കില്‍ നിശ്ചയമായും ലോകത്തെ അയാള്‍ വാറ്റിക്കുടിച്ചേനെ. ഭാഗ്യവശാല്‍ അതിനുള്ള അയാളുടെ പരിശ്രമങ്ങള്‍ അമേരിക്കന്‍ ഭരണക്രമം പലപ്പോഴും തടഞ്ഞു. അധികാരത്തിന്റെ അവസാന വര്‍ഷത്തില്‍ ആഞ്ഞടിച്ച കൊറോണയുടെ കൊടുങ്കാറ്റും അയാളുടെ ദുഷ്ചെയ്തികള്‍ക്കിരയാകുന്നതില്‍ നിന്ന് പരിധി വരെ ലോകത്തെ തടഞ്ഞു. എങ്കിലും നാലേ നാലു വര്‍ഷം കൊണ്ട് അയാള്‍ അമേരിക്കക്കും ലോകത്തിനും ഉണ്ടാക്കിയ മുറിവുകള്‍ ഇപ്പോഴും പൊട്ടിയൊലിക്കുകയാണ്. ജെറുസലേമില്‍ അയാള്‍ പണിഞ്ഞ എംബസി മന്ദിരം ഓര്‍ക്കുക.

അമേരിക്കയുടെ രാഷ്ട്രീയചരിത്രത്തില്‍ ഉടനീളം ഇത്തരം തിരുത്തലുകള്‍ ദൃശ്യമാണ്. ട്രംപിന്റെ കൊടുംപതനത്തിലേക്ക് വഴിതുറന്ന നയങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ ഈ തിരുത്തലും ചരിത്രത്തിന്റെ വലിയ തനിയാവര്‍ത്തനമായി തിരിച്ചറിയാനാവും. ആ തിരുത്തലുകളിലൂടെ സഞ്ചരിച്ചാല്‍ ജനാധിപത്യം എന്ന ലോകത്തെ ഏറ്റവും ജൈവികമായ ഒരു രാഷ്ട്രീയരൂപത്തിന്റെ ഉള്ളടരുകളെ കാണാം. ജനാധിപത്യം ജൈവികവും സര്‍ഗാത്മകവുമാണ് എന്നതിനാല്‍തന്നെ അതിജീവനോന്‍മുഖവുമാണ്. ജനാധിപത്യം അതിന്റെയുള്ളില്‍ വലിയ തിരുത്തുകളെ വഹിക്കുന്നുണ്ട്. പതനത്തിലേക്ക് കൂപ്പുകുത്തുമ്പോഴെല്ലാം, ഇത്തിരി വൈകിയാല്‍ പോലും, ജനാധിപത്യം സ്വയം തിരുത്തല്‍ ശക്തിയാകും. അതുവരെ ദൃശ്യമാകാതെപോയ ബലങ്ങള്‍ ശക്തിയാര്‍ജിച്ചുവരും. ആ ശക്തിക്ക് മുന്നില്‍ എത്ര ഭൂരിപക്ഷമുള്ളവരാണെങ്കിലും ജനാധിപത്യവിരുദ്ധര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. അവര്‍ കടപുഴകും. അങ്ങനെ രൂപപ്പെട്ടുവരുന്ന ബലങ്ങള്‍ അതിന് മുന്നേ വേറെ രൂപങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നവ തന്നെ ആയിരിക്കും. പക്ഷേ, അതിനിര്‍ണായക ഘട്ടങ്ങളില്‍ ജനാധിപത്യം അവയെ ജനങ്ങളുടെ അഭിലാഷത്തിന്റെ വാഹകരാവാന്‍ തിരഞ്ഞെടുക്കും. നിങ്ങള്‍ ഇപ്പോള്‍ ജെ പിയെ ഓര്‍മിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജയപ്രകാശ് നാരായണ്‍. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. അടിയന്തിരാവസ്ഥ. അതിന് മുന്നേ തുടങ്ങി അവരിലെ അമിതാധികാര പ്രവണത. നെഹ്റുവിന്റെ മകള്‍ ഇന്ത്യയുടെ അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാവുമോ എന്ന് സംശയിച്ച കാലം. അക്കാലങ്ങളില്‍ ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. തീരെ നിറംമങ്ങിയും പലപ്പോഴും അത്രയൊന്നും ആര്‍ജവമില്ലാതെയും. പക്ഷേ, നോക്കൂ ഇന്ത്യന്‍ ജനാധിപത്യം ആടിയുലഞ്ഞ ഇന്ദിരാനാളുകളില്‍ ജെ പി മറ്റൊരാളായി മാറി. അഥവാ ആ കാലം ജനാഭിലാഷത്തിന്റെ പതാകയേന്താന്‍ ജെ പിയെ തിരഞ്ഞെടുത്തു. ജെ പി ആളുകളോട് സംസാരിക്കാന്‍ തുടങ്ങി. ആളുകള്‍ അത് കേള്‍ക്കാന്‍ തുടങ്ങി. നമ്മുടെ രാഷ്ട്രത്തിന്റെ രാഷ്ട്രീയ അന്തസ്സിനെക്കുറിച്ചാണ് ജെ പി നിരന്തരം പറഞ്ഞത്. നമ്മുടെ മഹാരാഷ്ട്രം അതിന്റെ പൗരന്മാരെ പട്ടിണിക്കിടുകയാണ് എന്ന് പറഞ്ഞു. ആ പട്ടിണിക്ക് കാരണം ഇന്ദിരാഗാന്ധിയുടെ നയമാണെന്ന് പറഞ്ഞു. നമ്മുടെ ജനാധിപത്യം, ഭരണത്തെ തീരുമാനിക്കാന്‍ നമുക്കുള്ള അവകാശം ഇന്ദിരാഗാന്ധി റദ്ദാക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് നല്‍കി അദ്ദേഹം. അപകടം വരുന്നു എന്ന് ആളുകള്‍ക്ക് തോന്നി. അങ്ങനെയാണ് ജെ പി മുന്നേറ്റം എന്ന് ചരിത്രം രേഖപ്പെടുത്തിയ, ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യ സംരക്ഷണ സമരം ഉണ്ടാവുന്നത്. അതിന്റെ പ്രഭവകേന്ദ്രം ബിഹാര്‍ ആയിരുന്നു. ട്രംപിനെതിരെ ബൈഡന്റെ, കുറ്റവാളിക്കെതിരില്‍ ജനാധിപത്യത്തിന്റെ, വെറുപ്പിനെതിരില്‍ സംവാദത്തിന്റെ വിജയത്തെക്കുറിച്ചുള്ള ഈ വിശകലനം എഴുതാനിരിക്കുമ്പോള്‍ ബിഹാറില്‍ ബി ജെ പി യുടെ രാഷ്ട്രീയതന്ത്രം വിജയംകണ്ട വാര്‍ത്തകള്‍ ചുറ്റുമുണ്ട്. പക്ഷേ, പരാജയപ്പെട്ട മഹാസഖ്യത്തിന്റെ ഗംഭീര പ്രകടനത്തിലേക്കാണ് ഞാന്‍ ഉറ്റുനോക്കിയത്.
എന്തെല്ലാമാണ് ട്രംപിനെ വീഴ്ത്തിയത്? ഒന്നാമതായി അയാള്‍ അമേരിക്ക എന്ന രാഷ്ട്രത്തിന്റെ പലവിധ അന്തസുകളെ അട്ടിമറിച്ചു. രണ്ടാമതായി ആ സമ്പന്ന രാജ്യത്തിന്റെ ബഹുഭൂരിപക്ഷത്തെ പട്ടിണിക്കിട്ടു. മൂന്നാമതായി ആ പരിഷ്‌കൃത രാജ്യത്തിന്റെ പകിട്ടുള്ള ഭാഷയെ അസഭ്യങ്ങളിലേക്ക് പറിച്ചുനട്ടു. ഒരു പ്രസിഡന്റിനെ രാഷ്ട്രം നുണയനെന്ന് ആവര്‍ത്തിച്ച് വിളിക്കുന്നതിന് ലോകം സാക്ഷിയായി. Nothing Mr Trump says can be believed എന്ന് ഇക്കണോമിസ്റ്റ് ഉള്‍പ്പടെ പലവട്ടം പറഞ്ഞു. കറുത്തവരുടെ വലിയ പ്രക്ഷോഭങ്ങളാണ് ആധുനിക അമേരിക്കയുടെ മുഖച്ഛായ മാറ്റിയത്. അകമേ വംശീയത സൂക്ഷിക്കുന്നവര്‍ പോലും വംശീയത രാഷ്ട്രാന്തസിനെ ഇടിച്ചുതാഴ്ത്തുമെന്ന് പുറമേ പറയുന്ന രാഷ്ട്രമാണ് അമേരിക്ക. ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ നിങ്ങള്‍ ഓര്‍ക്കുക. അമേരിക്കയില്‍ വംശീയ ആക്രമണങ്ങളും കൊലപാതകവുമൊന്നും അത്ര പുത്തരിയല്ല. പക്ഷേ, ഫ്‌ലോയിഡിന്റെ ഹത്യ അമേരിക്കയെ പ്രക്ഷുബ്ധമാക്കി. അത് കറുത്തവനോടുള്ള ഐക്യദാര്‍ഢ്യം മാത്രമായിരുന്നില്ല, തങ്ങളുടെ പ്രസിഡന്റിനോടുള്ള വെറുപ്പുകൂടിയായിരുന്നു. തങ്ങള്‍ക്ക് പറ്റിയ ഭീമാബദ്ധത്തെ അമേരിക്കന്‍ ജനത തിരിച്ചറിയുകയായിരുന്നു. ബ്ലാക്ക് ലിവ്സ് മാറ്റേഴ്സ് എന്ന വമ്പന്‍ മുന്നേറ്റത്തെ ഇടതുപക്ഷ അക്രമം എന്നും കൊള്ളയെന്നും ട്രംപ് അധിക്ഷേപിച്ചത് ഓര്‍ക്കുക.
അതിസമ്പന്നവും ശാസ്ത്രബദ്ധവും ആയ തങ്ങളുടെ രാജ്യം കൊവിഡിനുമുന്നില്‍ മുട്ടിടിച്ച് വീണത് ട്രംപിന്റെ ശാസ്ത്രവിരുദ്ധവും കോമാളിത്തപൂര്‍ണവുമായ നിലപാട് മൂലമാണെന്ന് അമേരിക്കന്‍ ജനത വിശ്വസിച്ചു. ഒന്നാമതായിരിക്കുക എന്നത് അമേരിക്കക്കാര്‍ക്ക് രോഗം പോലെയാണ്. ആ നിലയില്‍ നിന്നാണ് ട്രംപ് ആ രാജ്യത്തെ വലിച്ചിട്ടത്. നോര്‍ത്ത് അമേരിക്കന്‍ ഫ്രീട്രേഡ് എഗ്രിമെന്റ്, ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പിന്റെ റദ്ദാക്കല്‍, അലുമിനിയത്തിനും ഉരുക്കിനും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ്, ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നടത്തിയ അട്ടിമറി, വികലവും നാശോന്മുഖവുമായ പരിസ്ഥിതി നയങ്ങള്‍ തുടങ്ങി അമേരിക്കയെ അമ്പേ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ നടപടികള്‍ ട്രംപ് സ്വീകരിക്കുന്നുണ്ട്. ഭരണനയം എന്ന നിലയില്‍ അതിനെ സമീപിക്കാം എങ്കിലും മനുഷ്യവിരുദ്ധമായ കുടിയേറ്റനയം സമാനതകളില്ലാത്ത രാഷ്ട്രീയപാപമായി അമേരിക്കയെ പൊതിഞ്ഞു. Total and complete shutdown of Muslims entering the United States എന്ന ട്രംപിന്റെ പ്രസ്താവന അമേരിക്കയിലെ ജനാധിപത്യത്തില്‍ ജീവിച്ച് ശീലിച്ച മനുഷ്യര്‍ മറന്നില്ല. ട്രംപിന്റെ ഇടം വലം നിന്നവര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ടതോടെ അന്തസുകെട്ട ഒരാളെയാണ് തങ്ങള്‍ ചുമക്കുന്നത് എന്ന് അമേരിക്കന്‍ ജനാധിപത്യം മനസ്സിലാക്കി. ഇപ്പോള്‍ ട്രംപിനെ നിലംപരിശാക്കിയ അതേ ബൈഡന്‍ ഒബാമയുടെ കാലത്ത് വൈസ് പ്രസിഡന്റായിരിക്കെ മുന്‍കൈ എടുത്ത് കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷ്വറന്‍സിനെ ട്രംപ് പല നിലയില്‍ തകര്‍ത്തു. മുന്‍ഗാമിയുടെ നയം തുടരാതിരിക്കുക എന്നതായിരുന്നില്ല കച്ചവടക്കാരന്‍ മാത്രമായ ട്രംപിന്റെ ലക്ഷ്യം, മറിച്ച് സഹകച്ചവടക്കാരായ ഇന്‍ഷ്വറന്‍സ് കമ്പനി ചങ്ങാതിമാരെ സംരക്ഷിക്കലായിരുന്നു. ചങ്ങാത്ത മുതലാളിത്തം എന്ന് സാരം.

കഴിഞ്ഞില്ല, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു ഭരണാധികാരി കോടതികളില്‍ പിടിമുറുക്കിയത് ട്രംപിന്റെ കാലത്താണ്. ഫെഡറല്‍ ജുഡീഷ്യറിയുടെ ആത്മാന്തസിനെ ട്രംപ് തകര്‍ത്തു. ജഡ്ജിമാരുടെ നിയമനത്തില്‍ പക്ഷപാതം കാട്ടി. തന്റെ പക്ഷക്കാരെയും തീവ്രവലതുപക്ഷക്കാരെയും ട്രംപ് കോടതിയിലേക്ക് കൂട്ടി. അമേരിക്ക സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തുന്ന കരുതല്‍ നിങ്ങള്‍ ഓര്‍ക്കണം. ആ കരുതലിനെ പരിഹസിക്കും വിധം പൗരാവകാശങ്ങളില്‍ ട്രംപ് കത്രിക വച്ചു. കുട്ടികളെ കൂട്ടിലടച്ച ഫാമിലി സെപറേഷന്‍ പോളിസി ലോകത്തിന്റെ മുന്നില്‍ അമേരിക്കയെ അപഹാസ്യമാക്കി. ബഹിരാകാശ സൈന്യമുണ്ടാക്കി ചൈനയോട് നടത്തിയ വൃഥാമത്സരം അമേരിക്കന്‍ മനസ്സിനെ ചൊടിപ്പിച്ചു, ചെടിപ്പിച്ചു. തീര്‍ന്നില്ല, ഇറാനുമായുണ്ടായ ഉരസല്‍ അമേരിക്കയില്‍ സൃഷ്ടിച്ച വികാരം പരാജയഭീതിയുടേതായിരുന്നു. ഇറാനിലെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധം സൃഷ്ടിച്ച പ്രതികരണം അമേരിക്കയ്ക്ക് വലിയ ആള്‍നാശമാണ് ഉണ്ടാക്കിയത്. ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളിലേക്ക് തീതുപ്പി എത്തിയ മിസൈലുകള്‍ക്കുമുന്നില്‍ അമേരിക്കന്‍ പട പകച്ചു. തങ്ങളോ തങ്ങളുടെ സൈന്യമോ തോല്‍ക്കുന്നത് ഇഷ്ടമല്ലാത്തവരാണ് അമേരിക്കന്‍ ഭൂരിപക്ഷം എന്നത് മറക്കരുത്.

ഇങ്ങനെ നാനാതരത്തില്‍ പരാജയപ്പെട്ട ട്രംപ് പടുകുഴിയിലേക്ക് വീണത് അതുകൊണ്ടല്ല. അത് സാമ്പത്തിക നയത്തിലെ പാളിച്ച കൊണ്ടാണ്. അതിവേഗത്തില്‍ ഓടുന്ന കാറിന്റെ ടയര്‍ വെടിവെച്ച് പൊട്ടിക്കുന്ന പണി ഇന്ത്യക്കാര്‍ ഒരു നവംബര്‍ എട്ടിന് കണ്ടതാണ്. നോട്ടുനിരോധനം. തീവ്രവലതുപക്ഷത്തിന് അങ്ങനെയേ കാര്യങ്ങള്‍ ചെയ്യാനാവൂ. സമാനമായിരുന്നു ട്രംപിന്റെ എടുത്തുചാട്ടങ്ങള്‍. ആ നയങ്ങളുടെ തിരിച്ചടിയായി തൊഴിലില്ലായ്മ പെരുകി. 22 ദശലക്ഷം പൗരന്മാരാണ് അമേരിക്കയില്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നത്. 35 ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടമായി. അമേരിക്കയെ പട്ടിണി പിടികൂടുന്നതായാണ് കണക്കുകള്‍. അതേസമയം ശതകോടീശ്വരന്മാര്‍ മുന്‍പില്ലാത്ത വിധം പെരുകുകയും ചെയ്തു.

ജനതയുടെ അന്നവും അഭിമാനവും മുട്ടുമ്പോഴാണ് ജനാധിപത്യം അതിന്റെ സത്താബലത്തെ പുറത്തെടുക്കുക. ചിലപ്പോള്‍ അതിന് കാലങ്ങള്‍ ഏറെ വേണ്ടി വന്നേക്കാം; പക്ഷേ ആ ബലത്തിന് പുറപ്പെട്ട് വരാതിരിക്കാനാവില്ല. വായാടികളെയും ആത്മരതിക്കാരെയും പൊങ്ങച്ചക്കാരെയും ജനാധിപത്യം ഏറെ നാള്‍ വാഴിക്കില്ല. അവരെത്ര കരുത്തരായാലും വീഴും. ട്രംപില്‍ നിന്ന് ലോകം പഠിച്ച പാഠമാണത്. വിഭജനത്തിന്റെ, മുന്‍വിധികളുടെ, വംശീയതയുടെ യുക്തികളെ ജനാധിപത്യം ഏറെനാള്‍ വാഴിക്കില്ല. ട്രംപിന് സംഭവിച്ചത് അതാണ്. ട്രംപിന് പകരം അവരോധിതനാവുന്ന ബൈഡന്‍ അതേവഴിയില്‍ സഞ്ചരിച്ചാല്‍ അദ്ദേഹവും കണക്ക് പറയേണ്ടിവരും.

ഈ വരികള്‍ എഴുതി പൂര്‍ത്തിയായപ്പോള്‍ ബിഹാര്‍ ചിത്രം പൂര്‍ണമായി വരുന്നുണ്ട്. കേന്ദ്രം വാഴുന്ന ബി ജെ പി കരുത്തറിയിച്ചിരിക്കുന്നു. എന്‍ ഡി എ യിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി ജെ പിയാണ്. എങ്ങനെയാണ് ബി ജെ പി അത് കരസ്ഥമാക്കിയത്. അതൊരു ചതി ആയിരുന്നു. ചിരാഗ് പസ്വാനെ മുന്നില്‍ നിര്‍ത്തിയുള്ള ചതി. സ്വന്തം വിജയം ഉറപ്പാക്കിയ ബി ജെ പി നിതീഷിന്റെ പാര്‍ട്ടി തോല്‍ക്കാനും ആസൂത്രണം ചെയ്തു. അതിനുള്ള കാലാളായിരുന്നു ചിരാഗ്. അയാള്‍ അത് നിര്‍വഹിച്ചു. ഇന്ത്യന്‍ ജനാധിപത്യം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ അത്തരം പലതും കാണുന്നുണ്ട്. നോക്കൂ, ഇതിന് മുന്‍പ് ഇന്ത്യാ ചരിത്രത്തിലെ നിന്ദ്യമായ രാഷ്ട്രീയചതിക്ക് ഇരകളായത് ബിഹാറികളായിരുന്നു. അവര്‍ ഫാഷിസത്തിനെതിരെ അന്ന് വിധി എഴുതിയതാണ്. ബി ജെ പിയെ തോല്‍പിച്ചതാണ്. പക്ഷേ, ജയിച്ച നിതീഷ് ബി ജെ പിക്ക് വേണ്ടി ബിഹാറിന്റെ ജനവിധിയെ വിറ്റു. ആ നിതീഷ് വീണ്ടും വിജയിച്ചെങ്കിലും ബി ജെ പിയാല്‍ ചതിക്കപ്പെട്ടു. ഇനി ബി ജെ പിയുടെ സാമന്തനായി അയാള്‍ക്ക് വാഴാം. ജനാധിപത്യം എന്നത് ഈ കള്ളനും പൊലീസും കളിക്കുള്ള ഇടമല്ലെന്ന് തിരിച്ചറിയും വരെ.

മറ്റൊരു വാര്‍ത്ത കേള്‍ക്കാം. മഹാസഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന വാര്‍ത്തയാണത്. അതൊരു തട്ടിക്കൂട്ട് മുന്നണി ആയിരുന്നു. പല താല്‍പര്യക്കാര്‍. നക്സലൈറ്റുകളും മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസും ഉള്‍പ്പെട്ട ഒന്ന്. പുതുക്കക്കാരനായ തേജസ്വി ആയിരുന്നു നേതാവ്. പക്ഷേ, അവര്‍ ബദല്‍ എന്ന് പറഞ്ഞപ്പോഴേക്കും ജനം ആര്‍ത്തലച്ച് പിന്തുണച്ചു. സൂക്ഷിച്ചുനോക്കിയാല്‍ ഇന്ത്യന്‍ ജനാധിപത്യം ചില തിരുത്തലുകള്‍ക്ക് തയാറാകുന്നതിന്റെ വിദൂരസൂചനകള്‍ ബിഹാറില്‍ കണ്ടെടുക്കാം. സമയമെടുത്തേക്കാം എങ്കിലും സാധ്യതയുണ്ട്. ജനത തിരുത്താനൊരുങ്ങുന്നു. 2016-ല്‍ ട്രംപ് എന്നതുപോലെ 2014-ല്‍ നരേന്ദ്രമോഡിയും അധികാരമേറ്റത് അഭിലാഷത്തിന്റെ അട്ടിമറിയിലൂടെ ആയിരുന്നു. പലരൂപത്തിലാണ് അട്ടിമറിക്കപ്പെട്ടത്. ചിലത് പുറത്തുവന്നു. മോഡി എന്നതുപോലെ ട്രംപും മുന്‍വിധികളുടെ ഭരണാധികാരിയാണ്. ട്രംപ് എന്നതുപോലെ മോഡി ഭരണകൂടത്തിനും മുസ്ലിം മുന്‍വിധിയും വംശീയതയുമുണ്ട്. പൗരത്വ നിയമം മറക്കരുത്. ബാബരി പള്ളി പൊളിച്ചിടത്തെ സര്‍ക്കാര്‍ വിലാസം ഭൂമിപൂജയും മറക്കരുത്. മോഡി എന്നതുപോലെ ട്രംപും സാമ്പത്തികാവസഥയുടെ കാറ്റൂതി വിട്ടു. ഇന്ത്യയില്‍ എന്ന പോലെ അമേരിക്കയിലും പട്ടിണി വന്നു. കൊവിഡിനോട് കോമാളിത്തം കാട്ടി ഇരുവരും. അടിസ്ഥാന ജനതയെ സമ്പൂര്‍ണമായി മറന്നു. ഇപ്പോഴിതാ ജനാധിപത്യം അതിന്റെ ഉജ്ജ്വല സൗന്ദര്യം കൊണ്ട് ട്രംപിനെ പുറത്താക്കിയിരിക്കുന്നു.

കെ കെ ജോഷി

You must be logged in to post a comment Login