ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ബിഹാറിലെ ജനങ്ങള്‍ പ്രവചനങ്ങള്‍ തെറ്റിച്ചിരിക്കുന്നു. പ്രതീക്ഷകള്‍ അവസാന നിമിഷം തൂവിപ്പോയി. വോട്ടര്‍മാരെ പഴിച്ചിട്ട് ഫലമില്ല. പാര്‍ട്ടികള്‍ സ്വീകരിച്ച അവസരവാദപരവും ബുദ്ധിശൂന്യവുമായ അടവുകള്‍ ആ പിന്നാക്കസംസ്ഥാനത്തെ വര്‍ഗീയരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തട്ടിമാറ്റി. ഒരുവേള അവര്‍ണ രാഷ്ട്രീയത്തിന്റെ ധ്വജവാഹകനായ ലാലുപ്രസാദ് യാദവിന്റെ പുത്രന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍, ‘മഹാഗഢ്ബന്ധ’ന്റെ ബാനറില്‍, മതേതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം ആഗതമായി എന്ന കണക്കുകൂട്ടലുകളാണ് അവസാനനിമിഷം പിഴച്ചത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റ് നേടി എന്‍ ഡി എ ഭരണം നിലനിര്‍ത്തിയിരിക്കുന്നു. മഹാസഖ്യത്തിന് കിട്ടിയതാവട്ടെ 110 സീറ്റും. നാലാമതും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനാണ് സാധ്യതയെങ്കിലും ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയ പരുന്തായി മാത്രമേ ശിഷ്ടരാഷ്ട്രീയജീവിതം അദ്ദേഹത്തിന് മുന്നോട്ടുകൊണ്ടുപോകാനാവൂ. മതനിരപേക്ഷ ചേരിയെ നിരാശപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെങ്കിലും ശുഭാപ്തി കൈമാറുന്ന കുറെ ഘടകങ്ങളും രാഷ്ട്രീയ ചക്രവാളത്തില്‍ ദര്‍ശിക്കാനാവുന്നുണ്ട്. നവംബര്‍ 10ന് ചൊവ്വാഴ്ച രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എടുത്തുകാട്ടിയ പ്രവണതകള്‍ കോണ്‍ഗ്രസ്-ആര്‍ ജെ ഡി-ഇടതുസഖ്യത്തെ ആഹ്ലാദഭരിതമാക്കിയെങ്കിലും മണിക്കൂറ് കൊണ്ട് എല്ലാം കീഴ്‌മേല്‍ മറിയുന്നത് കണ്ട് രാജ്യം അമ്പരന്നു. നിതീഷ് കുമാറിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വിരാമമിടുന്നുവെന്നും ലാലുപുത്രന്‍ പുതിയ തലമുറയുടെ വോട്ടുകൊണ്ട് പാടലീപുത്രത്തിന്റെ സിംഹാസനം പിടിച്ചെടുക്കുമെന്നും വിളംബരം ചെയ്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഫലപ്രാപ്തിക്കരികെ നിന്ന് തെന്നിമാറുന്നതാണ് പിന്നീട് കണ്ടത്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം കാച്ചിക്കുറുക്കി ഇമ്മട്ടില്‍ അപഗ്രഥിക്കാം: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായയില്‍ കടുത്ത ഭരണകൂട വിരുദ്ധവികാരം ആഞ്ഞടിച്ചപ്പോള്‍ ജെ ഡി (യു) വിന്റെ അംഗബലം 71ല്‍നിന്ന് 43ആയി ചുരുങ്ങി. മതേതര സഖ്യത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന നിതീഷിനൊപ്പം ചേര്‍ന്ന് ബിഹാറിന്റെ രാഷ്ട്രീയഭൂമികയിലേക്ക് അധിനിവേശം നടത്തിയ ബി ജെ പി നില കൂടുതല്‍ മെച്ചപ്പെടുത്തി (74സീറ്റ്) എന്ന് മാത്രമല്ല, ബിഹാറിന്റെ മണ്ണില്‍ വര്‍ഗീയത വളരും എന്ന് തെളിയിക്കുകയും ചെയ്തു. 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡിയുടെ തൊട്ടുപിറകിലെത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 30ല്‍ 29സീറ്റ് നേടി എന്‍ ഡി എക്ക് മേധാവിത്വം സ്ഥാപിക്കാനായിരുന്നുവെങ്കിലും ഹിന്ദുത്വയുടെ കടന്നുകയറ്റം തുടക്കം തൊട്ടേ തടഞ്ഞുനിറുത്തിയ, മതേതര പാരമ്പര്യമുള്ള ബിഹാറിലെ ബി ജെ പിയുടെ കുതിപ്പ് പാവങ്ങളുടെ മണ്ണിലും വര്‍ഗീയരാഷ്ട്രീയത്തിന്റെ വ്യാപനമാണ് തെളിയിക്കുന്നത്. കോണ്‍ഗ്രസിന്റെ മോശമായ പ്രകടനമാണ് മഹാസഖ്യത്തിന്റെ അധികാരപ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. 48 സീറ്റ് നല്‍കി കോണ്‍ഗ്രസുമായി യോജിച്ചു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തേജസ്വിയാദവിന്റെ ശ്രമം പരാജയപ്പെടുത്തി 70 സീറ്റ് പിടിച്ചുവാങ്ങിയാണ് കോണ്‍ഗ്രസ് ഇപ്പോഴത്തെ ഈ ആഘാതം ഏറ്റുവാങ്ങിയത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച് 27 സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടിക്ക് ഇത്തവണ 19 സീറ്റിലെ ജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ദശകങ്ങളായി അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാസംവിധാനമോ വിഭവങ്ങളോ എന്തിന് നല്ല സ്ഥാനാര്‍ഥികളോ ഉണ്ടായിരുന്നില്ല. ലാലുപുത്രനും ആര്‍ ജെ ഡിയുടെ തിരഞ്ഞെടുപ്പ് തേരാളിയുമായ തേജസ്വി യാദവിന്റെ താരോദയമാണ് ഈ തിരഞ്ഞെടുപ്പില്‍ മതേതരചേരിയെ ആവേശം കൊള്ളിക്കുന്ന ഏകഘടകം. 31കാരനായ ഈ ക്രിക്കറ്ററുടെ മുന്നേറ്റം പ്രതീക്ഷകള്‍ മാനത്തോളമുയര്‍ത്തുന്നുണ്ട്. അധികാരം കൈയെത്തും ദൂരത്ത്‌നിന്ന് മോഡിയും കൂട്ടരും തട്ടിത്തെറിപ്പിച്ചുവെങ്കിലും ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒരു നവതരംഗത്തിന് തേജസ്വി അടിത്തറ പാകിയിരിക്കുന്നു. വരുംനാളുകളില്‍ ദേശീയതലത്തില്‍തന്നെ ഈ യുവാവ് മതേതരപക്ഷത്തെ ശ്രദ്ധേയനായ സാന്നിധ്യമായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. എന്‍ സി പി ദേശീയധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞതാണ് ശരി: ഇന്നത്തെ തിരഞ്ഞെടുപ്പുഫലം മാറ്റം കൊണ്ടുവരില്ലായിരിക്കാം; എന്നാല്‍ ഭാവിയില്‍ മാറ്റത്തിനുള്ള വഴി ഒരുക്കിയിരിക്കയാണ് ഈ യുവനേതാവ്. ഒരു ഭാഗത്ത് മുഖ്യമന്ത്രി നിതീഷ്‌കുമാറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായുമൊക്കെ അണിനിരന്ന ഇലക്ഷന്‍ ഗോദയില്‍ ഈ കൊവിഡിന്റെ കാലഘട്ടത്തിലും യുവാക്കളെ കൂട്ടമായി തെരുവിലിറക്കാന്‍ മാത്രം വശ്യത ഉണ്ടായിരുന്നു തേജസ്വി യാദവിന്.

ലാലുവിന്റെ പൈതൃകം,നിതീഷിന്റെ ചതി
ബിഹാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സിലോടിവരിക ലാലു പ്രസാദ് യാദവിന്റെ കൗതുകമൂറുന്ന ആ മുഖമാണ്. ജയ്പ്രകാശ് നാരായണന്റെയും കര്‍പ്പൂരി താക്കൂറിന്റെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യയാമങ്ങളില്‍ പുതിയ സൂത്രവാക്യങ്ങള്‍ ചമച്ച യാദവകുലത്തിന്റെ വിമോചകന്‍. രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ അലകും പിടിയും മാറ്റിയെടുക്കാന്‍ വര്‍ഗീയസിദ്ധാന്തങ്ങളുമായി ആര്‍ എസ് എസ് ഇറങ്ങിത്തിരിച്ചപ്പോള്‍, ‘കമണ്ഡലി’നു പകരം ‘മണ്ഡല്‍’ ആയുധമാക്കിയ, പിന്നാക്കക്കാരന്റെ ഹൃദയതാളം തെട്ടറിഞ്ഞ പാവങ്ങളുടെ ദാദാ. പക്ഷേ ഹിന്ദുത്വ രാഷ്ട്രീയം ഡല്‍ഹി സിംഹാസനത്തിലേക്ക് ഇരച്ചുകയറിയപ്പോള്‍ അത് തടഞ്ഞുനിറുത്തുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടത് ലാലുപ്രസാദ് തുടങ്ങിവെച്ച പരിവര്‍ത്തനത്തിന്റെ, പ്രായോഗിക അടവുകളുടെ മുന്നില്‍ വിഘാതങ്ങള്‍ കൊണ്ടിട്ടു. കീഴാളരാഷ്ട്രീയ മുന്നേറ്റത്തെ തളര്‍ത്തിയിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കാലിത്തീറ്റ കുംഭകോണത്തിന്റെ മറവില്‍ ലാലുവിനെ തുറുങ്കിലടച്ചു. സവര്‍ണ സമുദായത്തില്‍നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും അഴിമതിയുടെ പേരില്‍ ഇതുവരെ കാരാഗൃഹം കണ്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ വെച്ചുനോക്കുമ്പോള്‍ ലാലു ഇന്നനുഭവിക്കുന്ന ജയില്‍വാസം വലിയൊരു ഗൂഢാലോചനയുടെ പരിണതിയാണ്. ബിഹാര്‍ പിടിച്ചെടുക്കാനുള്ള ഹിന്ദുത്വവാദികളുടെ ആസൂത്രിതനീക്കം വിജയിച്ചപ്പോഴാണ് നിതീഷ് കുമാര്‍ എന്ന പെരുമയുള്ള സോഷ്യലിസ്റ്റും സെക്കുലറിസ്റ്റും തീവ്രവലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ദേശീയ രാഷ്ട്രീയത്തെ വഞ്ചിച്ചത്. മണ്ഡല്‍ വിപ്ലവത്തിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചപ്പോള്‍ ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍, രാംവിലാസ് പാസ്വാന്‍ ത്രിമൂര്‍ത്തികള്‍ ബിഹാര്‍ കേന്ദ്രീകരിച്ച്, ദേശീയ രാഷ്ട്രീയത്തിന് പകര്‍ന്നുനല്‍കിയ ഉത്തേജനം ചെറുതായിരുന്നില്ല. ആ കൂട്ടുകെട്ട് പൊട്ടിച്ചാലേ തങ്ങള്‍ക്ക് പിന്നോക്കവിഭാഗത്തിന്റെ ശക്തിദുര്‍ഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിക്കുകയുള്ളൂവെന്ന സംഘ്പരിവാറിന്റെ കണ്ടെത്തലുകളാണ് പിന്നീട് പാസ്വാനെയും നിതീഷിനെയും തങ്ങളുടെ പാളയത്തില്‍ എത്തിക്കുന്നതില്‍ ആര്‍ എസ് എസിനെക്കൊണ്ട് കുതന്ത്രങ്ങള്‍ പയറ്റിച്ചത്. അത് വരുത്തിവെച്ച അനര്‍ഥമാണ് ബിഹാറില്‍ ഇപ്പോഴും മതേതരപക്ഷത്തെ വേട്ടയാടുന്നത്. മതേതര ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ഒരുവേള വിശേഷിപ്പിക്കപ്പെട്ട നിതീഷ് വര്‍ഗീയരാഷ്ട്രീയത്തിന്റെ തേരിലേറി അധികാരസോപാനം പിടിച്ചടക്കിയതോടെ യാദവ-മുസ്ലിം കൂട്ടുകെട്ടിന്റെ അസ്തമയം വന്നുവെന്ന് പോലും ചിലര്‍ വിലയിരുത്തി. മതേതര വോട്ട് ഛിന്നഭിന്നമായപ്പോള്‍ ബിഹാറിനെ എന്നെന്നേക്കുമായി രാജ്യത്തിന് കൈമോശം വന്നതായി പോലും വിലാപമുയര്‍ന്നു. നിതീഷ്‌കുമാറില്‍ സംഭവിച്ച പരിണാമങ്ങള്‍ മതനിരപേക്ഷ ധാരയെ വല്ലാതെ ഉലച്ചു. നിതീഷ് കൊടുംവഞ്ചകന്റെ വേഷമെടുത്തണിഞ്ഞപ്പോഴാണ് 2017ല്‍ തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിപദത്തില്‍നിന്ന് പുറന്തള്ളി മോഡിരാഷ്ട്രീയത്തെ വാരിപ്പുണര്‍ന്നത്. ബി ജെ പി വിരിച്ച വലയില്‍ ചെന്ന് വീഴാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല ഈ ട്രോജന്‍ കുതിരക്ക്. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. രാം വിലാസ് പാസ്വാന്റെ വിയോഗത്തിനു ശേഷം പാര്‍ട്ടിയുടെ അനന്തരമെടുത്ത പുത്രന്‍ ചിരാഗ് പാസ്വാനെ ഉപയോഗിച്ചാണ് ബി ജെ പി നിതീഷിനെ വെട്ടിനുറുക്കിയത്. ചുരുങ്ങിയത് 30സീറ്റുകളില്‍ നിതീഷിന്റെ വിജയസാധ്യത തെറിപ്പിച്ചത് ചിരാഗിന്റെ പാര്‍ട്ടിയാണത്രെ. കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളും ദുഷ്ഭരണം അടിച്ചേല്‍പിച്ച അനുഭവ യാഥാര്‍ത്ഥ്യങ്ങളും ജനങ്ങളുടെ ചിന്താഗതിയിലുണ്ടാക്കിയ പ്രതികരണങ്ങളാണ് ബിഹാറിന്റെ രാഷ്ട്രീയത്തെ മറ്റൊരു ദിശയിലൂടെ തിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് ഗോദയിലെവിടെയും ലാലുവിന്റെ പടമോ പേരോ ഉപയോഗിച്ചിരുന്നില്ല. ജാതിരാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസം, തൊഴില്‍, വെള്ളം, റോഡ് തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് തേജസ്വി പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത്. അപ്പോഴും ലാലുപ്രസാദ് യാദവിന്റെ വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ നിഴലാട്ടം യാദവര്‍ തേജസ്വിയില്‍ ദര്‍ശിച്ചു. അതിന്റെ പ്രതിഫലനം ഇലക്ഷന്‍ ഫലത്തില്‍ കാണാനുണ്ടുതാനും.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്
സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടിനിടയില്‍ സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ വഴിയില്‍ ഇപ്പോഴും മുട്ടിട്ടിഴയുന്ന ബിഹാറിന്റെ രാഷ്ട്രീയഭൂമികയില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന് അനല്‍പമായ പ്രസക്തിയുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. 1972ല്‍ 35ഉം 77ല്‍ 25ഉം 80ല്‍ 29ഉം സീറ്റുകള്‍ നേടിയ മുന്നേറ്റം ഇടതുരാഷ്ട്രീയത്തിന് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമാണ്. 1990ല്‍ സി പി ഐ 23 ഇടങ്ങളിലും സി പി എം ആറിടങ്ങളിലും വിജയിക്കുകയുണ്ടായി. 2015 ആയപ്പോഴേക്കും ഇടതുകക്ഷികള്‍ ചിത്രത്തില്‍നിന്ന് തീര്‍ത്തും അപ്രത്യക്ഷമായ അവസ്ഥയില്‍നിന്നുള്ള തിരിച്ചുവരാണ് ‘മഹാഗഢ്ബന്ധനി’ലൂടെ ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. മഹാസഖ്യത്തിനു പിന്നിലെ ചാലകശക്തിയായി വര്‍ത്തിച്ച സി പി എം (എം എല്‍ -ലെനിസ്റ്റ് ), സി പി എം, സി പി ഐ പാര്‍ട്ടികള്‍ ചേര്‍ന്ന് 29 സീറ്റുകളിലാണ് ജനവിധി തേടിയത്. അതില്‍ 16സീറ്റുകള്‍ പിടിച്ചെടുക്കാനായത് ദേശീയതലത്തില്‍ തന്നെ മതേതരചേരിയുടെ മനോവീര്യം ഉയര്‍ത്തുന്ന പ്രകടനമായി. സി പി ഐ (എം എല്‍ ) 12സീറ്റിലും സി പി എം രണ്ടിടത്തും, സി പി ഐ മൂന്നിടത്തും വിജയിച്ചു. ബിഹാറിലെ ‘ലെനിന്‍ഗ്രാഡ്’ എന്ന് വിശേഷിപ്പിക്കാറുള്ള ബെഗുസരായ് ജില്ലയിലാണ് ഇടതുപാര്‍ട്ടികള്‍ വന്‍മുന്നേറ്റം കാഴ്ചവെച്ചത്. ഇടതുപക്ഷവുമായി നല്ല ബന്ധമുള്ള ലാലുപുത്രന്‍ കൂടതല്‍ സീറ്റ് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ പിടിവാശിക്കുമുന്നില്‍ അവരുടെ മൊത്തം വിഹിതം 29ല്‍ ഒതുങ്ങി. ജാതിചിന്തയില്‍നിന്ന് കുതറിമാറി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന അജണ്ടകള്‍ മുന്നോട്ടുവെക്കാന്‍ കെല്‍പുള്ള ഒരു നേതൃനിര കടന്നുവരുന്നത് വര്‍ഗീയരാഷ്ട്രീയം കളിക്കുന്ന ഹിന്ദുത്വയ്ക്ക് കനത്ത വെല്ലുവിളിയാവാതിരിക്കില്ല. സായുധസമരവുമായി ഏറെക്കാലം മുന്നോട്ടുപോയ സി പി ഐ (എം എല്‍ ) ജനാധിപത്യമാര്‍ഗത്തിലേക്ക് കടന്നുവന്ന് തിരഞ്ഞെടുപ്പില്‍ ആവേശപൂര്‍വം ഭാഗഭാക്കായതും വന്‍മുന്നേറ്റം നടത്തിയതും ദേശീയ രാഷ്ട്രീയത്തില്‍തന്നെ അനുരണനങ്ങള്‍ സൃഷ്ടിച്ചുകൂടായ്കയില്ല. 2004ല്‍ ‘ഇന്ത്യ തിളങ്ങിയപ്പോള്‍’ വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാര്‍ലമെന്റിലേക്ക് 62 ഇടതു അംഗങ്ങളെ തിരഞ്ഞെടുത്തയച്ച അനുഭവയാഥാര്‍ത്ഥ്യം ഇപ്പോഴത്തെ ഇടതുമുന്നേറ്റത്തിന് പ്രതീക്ഷകള്‍ കൈമാറുന്നുണ്ട്.
ബിഹാര്‍ രാഷ്ട്രീയത്തില്‍ നാലു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന രാംവിലാസ് പാസ്വാന്റെ അഭാവം ശ്രദ്ധിക്കപ്പെട്ട തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. അദ്ദേഹത്തില്‍നിന്ന് പുത്രന്‍ ചിരാഗ് പാസ്വാന്‍ അനന്തരമെടുത്ത രാഷ്ട്രീയപൈതൃകം കാര്യമായി ഒന്നും നേടാനാവാതെ (ഒരു സീറ്റ് മാത്രമാണ് കിട്ടിയത് ) വഴിയാധാരമായതിനു പിന്നില്‍ നിതീഷിന്റെയും ബി ജെ പിയുടെയും സൃഗാലബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിതീഷിനെ രാഷ്ട്രീയമായി കൊല്ലാന്‍ സംഘ്പരിവാരം ചിരാഗിനെ ബലിയാടാക്കിയപ്പോള്‍ പതിറ്റാണ്ടുകളിലൂടെ അധഃസ്ഥിത വിഭാഗത്തിനിടയില്‍ രാം വിലാസ് പാസ്വാന്‍ കെട്ടിപ്പടുത്ത വോട്ട്ബാങ്കാണ് നിഷ്ഫലമായത്. എന്‍ ഡി എ വിട്ട് 137 സീറ്റിലാണ് എല്‍ ജെ പി മത്സരിച്ചത്. സീറ്റ് വീതംവയ്ക്കുന്നതില്‍ നിതീഷിന്റെ കടുംപിടുത്തത്തില്‍ ക്ഷുഭിതനായി മുന്നണി വിട്ട ചിരാഗ്, തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയുമായി ചേര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കുമെന്ന് വരെ പ്രഖ്യാപിച്ചതാണ്. നിതീഷിനെ ഒതുക്കാന്‍ ബി ജെ പിയും എല്‍ ജെ പിയും ഉണ്ടാക്കിയ രഹസ്യധാരണയുടെ ഫലമാണത്രെ അഞ്ചുമണ്ഡലങ്ങളില്‍ മാത്രം ഹിന്ദുത്വപാര്‍ട്ടിക്കെതിരെ ചിരാഗ് സ്ഥാനാര്‍ഥികളെ നിറുത്തിയത്. രാഷ്ട്രീയ അനുഭവ സമ്പത്തിന്റെ അഭാവത്തില്‍ പ്രതികാരത്തിന്റെ വഴി തേടിയപ്പോള്‍ സ്വയം കുളംതോണ്ടുന്നതിന് തുല്യമായി അത്. ഇരിക്കുന്ന കൊമ്പ് മുറിച്ചുമാറ്റിയ മണ്ടന്റെ കഥയാണ് ചിരാഗ് ഓര്‍മപ്പെടുത്തുന്നത്.

ഉവൈസിയുടെ പടയോട്ടം നല്‍കുന്ന സൂചന
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് നടത്തിയ മുന്നേറ്റം മുഖ്യധാരാപാര്‍ട്ടികളുടെ കണ്ണ് തള്ളിച്ചിട്ടുണ്ട്. മുസ്ലിംകള്‍ 60-65ശതമാനം കേന്ദ്രീകരിച്ചിട്ടുള്ള സീമാഞ്ചല്‍ മേഖലയില്‍ അഞ്ചു സീറ്റാണ് മജ്‌ലിസ് നേടിയത്. ഉവൈസിയുടെ പടയോട്ടം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്കാണ് തിരിച്ചടിയായത്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ ഏജന്റാണ് ഇദ്ദേഹമെന്നും മതേതരമുന്നണിയുടെ മുന്നേറ്റത്തെ തടയിടുക വഴി ബി ജെ പിക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കുകയാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാസ്തവത്തില്‍, ഉവൈസിയെ മഹാസഖ്യത്തിന്റെ ഭാഗമാക്കിയിരുന്നുവെങ്കില്‍ തേജസ്വിയായേനെ പുതിയ മുഖ്യമന്ത്രി. മഹാസഖ്യത്തില്‍ കൂടുതല്‍ പാര്‍ട്ടികളെയും വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനുള്ള ഹൃദയവിശാലത കാട്ടിയിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തില്‍ കാര്യമായ മാറ്റം ദൃശ്യമായേനെ. എന്‍ ഡി എ ഈ വിഷയത്തില്‍ കാണിച്ച ‘അടവ്‌നയം’ അവര്‍ക്ക് നന്നായി പ്രയോജനപ്പെട്ടു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച , വികാശ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവക്ക് നാല് വീതം സീറ്റ് ലഭിച്ചതാണ് ഭരണം പിടിച്ചെടുക്കാന്‍ തുണയായത്. 16-18 ശതമാനം മുസ്ലിംകളുള്ള ബിഹാറില്‍ 65ഓളം മണ്ഡലങ്ങളില്‍ ന്യൂനപക്ഷം നിര്‍ണായകമാണ്. എന്നിട്ടും അവരുടെ വോട്ട് മുഴുവന്‍ സമാഹരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ മതേതരസഖ്യം പരാജയപ്പെട്ടു. കുറേ വോട്ട് ഛിന്നഭിന്നമാവുകയും ഒരുവിഹിതം നിതീഷിന്റെ പാര്‍ട്ടി തട്ടിയെടുക്കുകയും ചെയ്തു.
നിതീഷ്‌കുമാര്‍ തന്നെയാവും സര്‍ക്കാരിന് നേതൃത്വം നല്‍കുക എന്ന് ബി ജെ പി നേതൃത്വം ആവര്‍ത്തിക്കുന്നത് നാലു തവണ മുഖ്യമന്ത്രി പദത്തിലിരുന്ന നിതീഷിനെ കൊണ്ട് അദ്ദേഹമകപ്പെട്ട നൈരാശ്യം വല്ല കടുംകൈയും ചെയ്യിപ്പിക്കുമോ എന്ന ആശങ്കയാവാം. മതേതരപക്ഷത്തേക്ക് അദ്ദേഹത്തെ ഇതിനകം ക്ഷണിച്ചുകഴിഞ്ഞു. മോഡിയുടെയും അമിത്ഷായുടെയും തിട്ടൂരങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കേണ്ട ഒരു പാവ മുഖ്യമന്ത്രിയായി മാറണോ അതല്ല ആത്മാഭിമാനത്തോടെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കണോ എന്ന ചോദ്യം അദ്ദേഹത്തിന്റെ ചിന്തയില്‍ കടന്നല്‍ക്കൂടിന് കല്ലെടുത്തെറിയുന്നുണ്ടാവാം!

Kasim Irikkoor

You must be logged in to post a comment Login