രണ്ട് ഉദയാസ്തമയ സ്ഥാനങ്ങളോ?

രണ്ട് ഉദയാസ്തമയ സ്ഥാനങ്ങളോ?

അല്ലാഹു പറയുന്നു: ‘ഉദയസ്ഥാനത്തിന്റെയും, അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാണവന്‍. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക'(9/73).
‘രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയ സ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍'(17/55).

‘എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളവനാകുന്നു'(40/70).

ഉദയാസ്തമയ സ്ഥാന സംബന്ധിയായി പ്രഥമദൃഷ്ട്യാ പരസ്പരവിരുദ്ധമെന്ന് തോന്നുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിമര്‍ശകര്‍ ആരോപിക്കുന്നു: ‘ഖുര്‍ആനില്‍ പരസ്പര വൈരുദ്ധ്യമുള്ള വചനങ്ങള്‍ ഉണ്ടെന്നതിന് ഇതിലും വലിയ ഉദാഹരണം വേണോ? ഖുര്‍ആന്‍ ദൈവികമാണെങ്കില്‍ എന്തുകൊണ്ട് ഇത്തരം വൈരുദ്ധ്യങ്ങള്‍ കാണപ്പെടുന്നു?’

വിശുദ്ധ ഖുര്‍ആനില്‍ പരസ്പര വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന ആരോപണത്തിനു ദുരുപയോഗം ചെയ്യപ്പെട്ട മൂന്നു സൂക്തങ്ങള്‍ കൂടിയാണ് മുകളില്‍ വായിച്ചത്. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമായി തോന്നാമെങ്കിലും, യഥാര്‍ത്ഥത്തില്‍ കിഴക്കും പടിഞ്ഞാറുമുള്ള സൂര്യ ചക്രവാളങ്ങളുടെ വൈവിധ്യമാര്‍ന്ന അപഗ്രഥനങ്ങളാണ് ഉപരിസൂചിത സൂക്തങ്ങളിലൂടെ അല്ലാഹു നടത്തിയത്.

ഈ വിശകലനത്തില്‍ പ്രഥമമായി മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ സംവദിക്കുന്നത് പണ്ഡിതനും പാമരനും സാംസ്‌കാരിക പുരോഗതി കൈവരിച്ചവനും കൈവരിക്കാത്തവനും എല്ലാവരും ഉള്‍പ്പെടുന്ന മുഴുവന്‍ മനുഷ്യരോടുമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ വ്യത്യസ്ത തട്ടുകളിലുള്ളവര്‍ക്ക്, അവരുടെ ധൈഷണിക നിലവാരമനുസരിച്ച് ഖുര്‍ആനിലെ ഓരോ വചനങ്ങളും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. വിശുദ്ധഗ്രന്ഥത്തിലെ അമാനുഷികതയുടെ (ഇഅ്ജാസ്) ഒരു മുഖ്യഘടകമായി ഇതിനെ കണക്കാക്കുന്നു.
‘ഉദയസ്ഥാനത്തിന്റെയും, അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍’ എന്ന വചനം പണ്ഡിത/ പാമരന്‍ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതു തട്ടിലുള്ളവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആശയമാണ്. സൂര്യന്‍ കിഴക്കു നിന്നുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത് പകല്‍വെളിച്ചം പോലെ സുപരിചിതമായ കാര്യമാണല്ലോ.
‘രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍’ എന്ന സൂക്തത്തിലൂടെ അല്ലാഹു നേരിട്ട് സംവദിക്കുന്നത് സൂര്യ ചലനങ്ങളെ പറ്റി (യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ ചലനങ്ങള്‍) അത്യാവശ്യം ശാസ്ത്രാവബോധമുള്ള ആളുകളോടാണ്. കാരണം, സൂര്യന്‍ ഒരിടത്ത് ഉദിക്കുമ്പോള്‍ ലോകത്തെ മറ്റൊരു ഭാഗത്ത് അസ്തമയമുണ്ടാകും, ഒരിടത്ത് അസ്തമിക്കുമ്പോള്‍ മറ്റൊരിടത്ത് ഉദയവും ഉണ്ടാകും. ഈ ശാസ്ത്ര സത്യം ഗ്രഹിക്കാന്‍ അത്തരക്കാര്‍ക്ക് വലിയ പ്രയാസമുണ്ടാവില്ല. അങ്ങനെയാണ് രണ്ട് ഉദയസ്ഥാനങ്ങളും രണ്ട് അസ്തമയസ്ഥാനങ്ങളും പ്രസക്തമാകുന്നത്.

ഗോളശാസ്ത്രത്തിലും ഭൗമശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആളുകളോടാണ് മൂന്നാമത്തെ വചനം നേരിട്ടു സംവദിക്കുന്നത്; ‘എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു…’.

ഒരിടത്ത് സൂര്യനുദിക്കുമ്പോള്‍ മറ്റൊരിടത്ത് അസ്തമയമുണ്ടാകുമെന്ന് സൂചിപ്പിച്ചല്ലോ, അതുപോലെ സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ചലനത്തിനനുസരിച്ച് ഓരോ സമയവും ഭൂമിയിലെ വ്യത്യസ്ത ഇടങ്ങളില്‍ പുതിയ ഉദയവും അസ്തമയവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഫലത്തില്‍, ഉദയവും അസ്തമയവും ഒരു നൈരന്തര്യ പ്രതിഭാസമായി നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഭൂമി മുഴുവനും മശാരിഖും മഗാരിബും(ഉദയാസ്തമയ സ്ഥാനങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നു പറയാനാവും.

മറ്റൊരു വിധത്തിലും ‘മശാരിഖ്’, ‘മഗാരിബ്’ എന്നീ പ്രയോഗങ്ങള്‍ പ്രസക്തമാകുന്നുണ്ട്. വേനലിനും ശൈത്യകാലത്തിനും ഇടയിലുള്ള സമയങ്ങളില്‍ സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങള്‍ ഭൂമിയുടെ തെക്കു ഭാഗത്തേക്കും വടക്കു ഭാഗത്തേക്കും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഭൂമിയിലെ ഒരു പ്രദേശത്ത് കഴിയുന്നവര്‍ക്കു തന്നെ അനേകം ഉദയാസ്തമയ സ്ഥാനങ്ങള്‍ ഉണ്ടാകുന്നു. തല്‍ഫലമായി അനേകം മശ്്രിഖും മഗ്്രിബും ഉണ്ടാകുന്നു.

പ്രസക്തമായ ഒരു മറുചോദ്യം ഇവിടെ ഉന്നയിക്കാറുണ്ട്: ‘വ്യത്യസ്ത ധൈഷണിക നിലവാരമുള്ള മുഴുവന്‍ ജനങ്ങളോടുമാണ് ഖുര്‍ആന്‍ സംവദിക്കുന്നതെങ്കില്‍ മശ്്രിഖിനെയും മഗ്്രിബിനെയും പറ്റിയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും പരാമര്‍ശങ്ങള്‍ സാധാരണക്കാരന് എങ്ങനെ ഗ്രഹിക്കാനാവും?
മശ്്രിഖ്, മഗ്്രിബ് എന്നിവ സംബന്ധിയായ ഒന്നാമത്തെ പരാമര്‍ശം സാധാരണക്കാര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. പിന്നെ, രണ്ടാമത്തെയും മൂന്നാമത്തെയും പരാമര്‍ശങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പഠനങ്ങളും പര്യവേഷണങ്ങളും നടത്താനുള്ള സൂചകങ്ങളാണ്. പ്രവാചകരുടെ(സ്വ) നിയോഗ സമയത്തെയും അതിനുശേഷവുമുള്ള അറബികളുടെ വൈജ്ഞാനിക മണ്ഡലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ബോധ്യപ്പെടും, എത്രമാത്രം വസ്തുതാപരമായാണ് ഈ പറഞ്ഞതെന്ന്. ഉദാഹരണത്തിന് ഗോളശാസ്ത്രമെടുക്കാം. പ്രവാചകരുടെ(സ്വ) നിയോഗ സമയത്തും അതിനു മുമ്പും ഗോളശാസ്ത്രപരമായ വൈജ്ഞാനിക വ്യവഹാരങ്ങളോ എണ്ണപ്പെടുന്ന സംഭാവനകളോ അറബികളില്‍ നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ ഇസ്ലാമിന്റെ വളര്‍ച്ചയോടുകൂടി ഗോളശാസ്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലും ലോകത്തിലെ തന്നെ മുന്‍നിര പണ്ഡിതരും ഗവേഷകരും അറബ് മുസ്ലിംകളില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ട്. നടേ പറഞ്ഞ രൂപത്തില്‍, ഖുര്‍ആനിക വെളിച്ചത്തില്‍ ചിന്തിക്കാനും പര്യവേഷണങ്ങള്‍ നടത്താനും അറബികള്‍ മുതിര്‍ന്നപ്പോഴാണ് വിപ്ലവകരമായ ശാസ്ത്ര-വൈജ്ഞാനിക മുന്നേറ്റങ്ങള്‍ നേടിയെടുക്കാന്‍ ലോകത്തിന് സാധ്യമായത്.

ദൈവിക ഗ്രന്ഥമായ ഖുര്‍ആനില്‍ അബദ്ധങ്ങള്‍ പിണയില്ലെന്ന ഉറച്ചവിശ്വാസത്തില്‍ നിന്നുകൊണ്ടായിരുന്നു ഖുര്‍ആനെ അവര്‍ സമീപിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന പരാമര്‍ശങ്ങളിലും വാക്യഘടനകളിലും ഒളിഞ്ഞുകിടക്കുന്ന ആശയ ലോകത്തെ സൂക്ഷ്മമായി ഗവേഷണം നടത്തിയപ്പോഴാണ് നിസ്തുലമായ സംഭാവനകള്‍ ശാസ്ത്ര ലോകത്തിന് അറബ് ഗവേഷകര്‍ സമ്മാനിച്ചത്. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍, അഗാധ ജ്ഞാനിയായ ഒരു അധ്യാപകന്റെ ഓരോ വാക്കുകളും ഗവേഷണ വിധേയമാക്കുന്ന നിപുണരായ വിദ്യാര്‍ഥിവൃന്ദത്തെ പോലെയായിരുന്നു അറബ് മുസ്ലിം ഗവേഷകരും ഖുര്‍ആനും തമ്മിലുള്ള ആത്മബന്ധം.

ഇത്തരത്തില്‍ അജ്ഞതയില്‍നിന്നും ജ്ഞാനോദയത്തിലേക്ക് അറബികളെ വിശുദ്ധ ഖുര്‍ആന്‍ വഴി നടത്തിയതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയും. ഒരു ഉദാഹരണം പങ്കുവെക്കാം.

വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി അല്ലാഹു ‘നീണ്ടുപരന്നത്’ എന്ന് ഭൂമിയെ വിശേഷിപ്പിക്കുന്നുണ്ട്. ‘അവനാണ് ഭൂമിയെ നീട്ടിപ്പരത്തുകയും വിശാലമാക്കുകയും, അതില്‍ ഉറച്ച പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍'(3/13). ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു(19/15).
ദൈവിക ഗ്രന്ഥമായ ഖുര്‍ആനില്‍ അബദ്ധങ്ങള്‍ പിണയില്ലെന്ന് ഉറച്ചു വിശ്വസിച്ച അറബ് ലോകം എന്താണ് ഖുര്‍ആന്‍ ഈ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് ഗാഢമായി ചിന്തിച്ചു. ധൈഷണിക സംവാദങ്ങള്‍ ഒരുക്കി. ഗവേഷണങ്ങള്‍ നടത്തി. എന്താണ് ‘നീണ്ടുപരന്നത്’ എന്നതു കൊണ്ട് ഖുര്‍ആന്‍ അര്‍ഥമാക്കുന്നത്? നീളവും വീതിയുമുള്ള ഏതൊരു വസ്തുവിനും കാണപ്പെടുന്ന സാധാരണ വിശേഷണമാണോ? അതാവാന്‍ വഴിയില്ല. കാരണം ഭൂമിയെ പറ്റി പല തവണ പ്രസ്തുത വിശേഷണം പ്രത്യേകം ആവര്‍ത്തിച്ചു പറഞ്ഞ സ്ഥിതിക്ക് പുതിയ ഒരു അര്‍ഥസാധ്യതയിലേക്കാവണം ഖുര്‍ആന്‍ സൂചിപ്പിച്ചത്. അവര്‍ വീണ്ടും ചിന്തിച്ചു. അവസാനം, കിഴക്കോട്ട് എത്ര സഞ്ചരിച്ചാലും അതല്ലെങ്കില്‍ പടിഞ്ഞാറോട്ട് എത്ര സഞ്ചരിച്ചാലും ഭൂമി ഒരു ബിന്ദുവില്‍ അവസാനിക്കുന്നില്ല എന്ന വസ്തുതയിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ വിരല്‍ചൂണ്ടിയതെന്ന് അവര്‍ കണ്ടെത്തി. അങ്ങനെ ഭൂമിക്ക് ഗോളാകൃതിയാണുള്ളത് എന്ന ശാസ്ത്രസത്യം ലോകമറിഞ്ഞു. അറബ് ചരിത്രത്തിലെ സുവര്‍ണ കാലഘട്ടത്തില്‍ തന്നെ ഖുര്‍ആന്‍ വെളിച്ചം വീശിയ ഇത്തരം അനേകം കണ്ടെത്തലുകള്‍ അറബികള്‍ നടത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍, സമൂഹത്തിലെ വ്യത്യസ്ത തട്ടുകളിലെ മുഴുവന്‍ ജനങ്ങളോടുമുള്ള സംബോധനയാണ് ഖുര്‍ആന്‍. ഉയര്‍ന്ന വൈജ്ഞാനിക നിലവാരമുള്ള വ്യക്തികള്‍ക്ക് പഠിച്ച പല കാര്യങ്ങളും ഖുര്‍ആനുമായി ചേര്‍ത്തുവച്ച് ഉറപ്പുവരുത്താനും വൈജ്ഞാനിക പുരോഗതി കൈവരിക്കാത്തവര്‍ക്കു കൂടുതല്‍ പഠിക്കാനും കണ്ടെത്താനും പ്രചോദനമാവുകയാണ് ഖുര്‍ആന്‍.

ഇത്തരത്തില്‍, ഖുര്‍ആനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കുമ്പോഴാണ്, എങ്ങനെയാണ് ആരോപകര്‍ക്ക് ആരോപണമുന്നയിക്കാന്‍ സാധിക്കുന്നതെന്ന് ആശ്ചര്യം തോന്നുക. ഉദയാസ്തമയ സ്ഥാനങ്ങള്‍ സംബന്ധമായുള്ള ഖുര്‍ആനിലെ വ്യത്യസ്ത പരാമര്‍ശങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമില്ലെന്നും അവയുടെ വൈവിധ്യമാര്‍ന്ന അര്‍ഥസാധ്യതകളാണ് ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നതെന്നും ഇപ്പോള്‍ വ്യക്തമായി. ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ലെന്നും ഇതിലൂടെ കൂടുതല്‍ വെളിപ്പെട്ടു.

വിവ: സിനാന്‍ ബശീര്‍

സഈദ് റമളാന്‍ ബൂതി

You must be logged in to post a comment Login