നമ്മുടെ ബോധ്യങ്ങള്‍ നമ്മുടെ നിര്‍ണയങ്ങള്‍

നമ്മുടെ ബോധ്യങ്ങള്‍ നമ്മുടെ നിര്‍ണയങ്ങള്‍

ഗ്രാമപഞ്ചായത്ത് അംഗം എന്ന നിലയില്‍ ഒരു മലയാളിയുടെ ജീവിതം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നിശ്ചയമായും അവരില്‍ തീരെ ചുരുക്കം മനുഷ്യരെ നിങ്ങള്‍ക്ക് പരിചയമുണ്ടാവും. ഒന്നോ രണ്ടോ ആളുകളുമായി പല സന്ദര്‍ഭത്തില്‍ നിങ്ങള്‍ ഇടപെട്ടിട്ടുണ്ടാകും. എന്നാല്‍ പോയ അഞ്ചുവര്‍ഷങ്ങളില്‍ അവരുടെ ഒട്ടാകെയുള്ള ജീവിതത്തെക്കുറിച്ചും കേരളത്തിന്റെ അടിത്തട്ട് സാമൂഹികതയില്‍ അവര്‍ നിര്‍വഹിച്ചുപോരുന്ന പങ്കിനെക്കുറിച്ചും എത്ര സമയം നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും. തീരെ വിരളമെന്നാവും ഉത്തരങ്ങളുടെ ആകെത്തുക അല്ലേ? ഇരുപതിനായിരത്തിലേറെ വരുന്ന, നാം അത്രയൊന്നും ആലോചിക്കുകയോ നമ്മുടെ ദൈനംദിന രാഷ്ട്രീയ സംവാദങ്ങളില്‍ കക്ഷിചേര്‍ക്കുകയോ ചെയ്യാത്ത, ഒരു അധികാരരൂപമായി നമ്മുടെ ജീവിതത്തില്‍ ഏറെയൊന്നും സാന്നിധ്യമറിയിക്കാതിരിക്കുകയും ചെയ്യുന്ന ആ മനുഷ്യരാണ്, അവരുടെ അഞ്ചുതികഞ്ഞ തിരഞ്ഞെടുപ്പ് തലമുറയാണ് നാമിന്ന് കാണുന്ന കേരളത്തിന്റെ മുഴുവന്‍ പൊതുജീവിതത്തിന്റെയും മൂലക്കല്ല് എന്ന് പറഞ്ഞാല്‍ അതിശയോക്തി എന്ന് തേട്ടുമോ? അഞ്ചുതികഞ്ഞ തിരഞ്ഞെടുപ്പ് തലമുറ എന്ന പ്രയോഗത്തിന് കാരണം ജനകീയാസൂത്രണം എന്ന് നാം മനസ്സിലാക്കിപ്പോരുന്ന പേരുകള്‍ മാറിയിട്ടും സ്ഥായീസ്വഭാവം മാറാത്ത തദ്ദേശ രാഷ്ട്രീയ നിര്‍വഹണത്തിന്റെ ഇരുപത്തിയഞ്ചാം ആണ്ടാണ് 2020 എന്നതിനാലാണ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍.

അഞ്ചുതിരഞ്ഞെടുപ്പുകള്‍. രാജ്യത്തിന്റെ ശരാശരികളുടെ വലിയ പുസ്തകത്തില്‍ തെക്കേയറ്റത്തെ ഈ ചെറിയ സംസ്ഥാനം, വിഭവപരിമിതികളാല്‍ തീരേ ചെറുതായി പോകേണ്ട ഒരു നാട് ഭൂരിപക്ഷം തലങ്ങളിലും ഒന്നാമതായി വിരാജിച്ച് നില്‍ക്കാന്‍ കാരണം ആ പഞ്ചായത്ത് മനുഷ്യരുടെ നാം പരിഗണിച്ചിട്ടില്ലാത്ത ദൈനംദിന ജീവിതത്താല്‍ക്കൂടിയാണ്. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ അടിത്തട്ട് സാമൂഹികതയില്‍ നിങ്ങള്‍ കാണുന്ന ആ വോട്ടഭ്യര്‍ഥനാ പോസ്റ്ററുകള്‍, തമാശക്കഥകളായും മറ്റു പലതായും നിറയുന്ന പത്രസ്റ്റോറികള്‍ എല്ലാം നാം ജീവിക്കുന്ന ഇപ്പോഴത്തെ ജീവിതത്തിന്റെ അടിത്തറയില്‍ പണിയെടുത്തുപോന്ന മനുഷ്യരെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും, ഒരു പൊതുതിരഞ്ഞെടുപ്പിന്റെ അതേ വീറില്‍ തദ്ദേശതിരഞ്ഞെടുപ്പുകള്‍ കൊണ്ടാടുന്നില്ല എന്ന് കൂടി മനസ്സിലാക്കുക. കൊണ്ടാടുക എന്ന് പ്രയോഗിച്ചതും ബോധപൂര്‍വമാണ്. ജനാധിപത്യത്തിന്റെ മഹോത്സവമായി തിരഞ്ഞെടുപ്പിനെ മനസ്സിലാക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു ജനതയാണല്ലോ നാം. തിരഞ്ഞെടുപ്പിനെ അകക്കാമ്പുള്ള ഒരു ഉത്സവമാക്കി പരിണമിപ്പിച്ചതും അരനൂറ്റാണ്ടായി അധികം കാലവിളംബങ്ങളോ തട്ടുകേടുകളോ ഇല്ലാതെ കേരളത്തില്‍ തുടര്‍ന്നുപോരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളാണ്. നാം ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ആ മനുഷ്യരിലേക്ക് വീണ്ടും വരാം.

കൊവിഡ് വ്യാപനം തുടങ്ങിയ കാലം നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല. ലോകം അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കൊടും പ്രതിസന്ധി. സമ്പത്തുകൊണ്ടും നാം ആധുനികം എന്ന് എണ്ണിയെടുക്കുന്ന ഭൗതിക സാഹചര്യങ്ങള്‍കൊണ്ടും ബഹുദൂരം മുന്നിലായ കണ്ണഞ്ചിപ്പിക്കുന്ന രാഷ്ട്രങ്ങള്‍ മഹാമാരിക്ക് മുന്നില്‍ പിടഞ്ഞുപോയ നാളുകള്‍. വരാനിരിക്കുന്നതെന്ത് എന്ന് വിശദീകരിക്കാനാവാതെ, പ്രവചിക്കാനാവാതെ ശാസ്ത്രം അമ്പരന്ന നാളുകള്‍. മഹാമാരിയെ ഭയന്ന് ലോകം അടച്ചുപൂട്ടിയ ആ നാളുകള്‍. ഒരു മുന്‍കരുതലുമില്ലാതെ ഇന്ത്യയും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് ഓര്‍ക്കുക. ആളുകളോട് അവര്‍ നില്‍ക്കുന്നിടത്ത് തുടരാന്‍ പ്രധാനമന്ത്രി ഉത്തരവിട്ട നാളുകള്‍. ഇന്ത്യയെപ്പോലെ ചിതറിയ ഒരിടത്ത് അതുണ്ടാക്കിയ ആഘാതങ്ങള്‍. അന്നംമുട്ടിയ മനുഷ്യര്‍ അനാഥമായി പലായനം ചെയ്യുന്ന കാഴ്ചകള്‍. മനുഷ്യരെ കൂട്ടമായി തെരുവില്‍ നിര്‍ത്തി സാനിറ്റൈസര്‍ കൊണ്ട് കഴുകുന്ന ചിത്രങ്ങള്‍. വിജനമായിപ്പോയ പാതകള്‍. അടഞ്ഞുകിടന്ന വീടുകള്‍. പുകഞ്ഞു വിങ്ങിയ പട്ടിണി. അന്നത്തെ ഇന്ത്യയെ ഒന്നുകൂടി ഓര്‍ക്കുക. സംസ്ഥാന ഭരണകൂടങ്ങള്‍ അമ്പേ നിശ്ചലമായിപ്പോയ നാളുകളായിരുന്നില്ലേ അത്. പൊലീസ് മാത്രം പുറത്തിറങ്ങി. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി നാള്‍ക്കുനാള്‍ വഷളായി. അന്നവും അഭയവും തേടി മനുഷ്യര്‍ പുറത്തേക്കൊഴുകി. അവരുടെ നിത്യനിദാനങ്ങള്‍ക്ക് വേറെന്തുവഴി എന്ന് സ്റ്റേറ്റും ചിന്തിച്ചു. കൊവിഡ് പടര്‍ന്നു. ഇനി അന്നത്തെ കേരളത്തെ ഓര്‍ക്കുക. എന്തായിരുന്നു നാം അന്ന് ചെയ്തത്? ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമായിരുന്നല്ലോ നമ്മുടേത്? അവരൊന്നും അന്നേക്കന്ന് പലായനം ചെയ്തില്ല എന്നതുമോര്‍ക്കണം. പകരം ഇവിടെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ലോകത്തെ തന്നെ അമ്പരപ്പിക്കാന്‍ പോന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു. പട്ടിണിയെ റദ്ദാക്കി. തൊഴില്‍ നഷ്ടമായിരുന്നല്ലോ അക്കാലത്തിന്റെ വമ്പന്‍ പ്രതിസന്ധി. തൊഴില്‍ നഷ്ടപ്പെട്ടവരിലേക്ക് ജീവസന്ധാരണോപാധികള്‍ തടസ്സമില്ലാതെ ഒഴുകി. സാമൂഹിക അകലമല്ലാതെ മറ്റൊന്നും കൊവിഡിന് പ്രതിവിധി ആയിരുന്നില്ല. ആളുകള്‍ അകന്നുനില്‍ക്കാന്‍ ജനകീയ ഇടപെടല്‍ നടന്നു. അകന്നും അടച്ചിട്ടും കഴിയുന്ന മനുഷ്യരിലേക്ക് അന്നവും മരുന്നും മറ്റും ഒഴുകി. മെയ് അവസാനം വരെ, ലോകത്തെ അത്ഭുതപ്പെടുത്തി കേരളം കൊവിഡിനെ തടഞ്ഞുനിര്‍ത്തി. വലിയ പരിമതികള്‍ ഉണ്ടായിരുന്നു കേരളത്തിന് എന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. പ്രവാസ സംസ്ഥാനമാണ്. നമ്മുടെ ജനത പുറം രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയിരിക്കുന്നു. അവര്‍ക്ക് വരേണ്ടതുണ്ട്. അവര്‍ വന്നു. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ കുറച്ചുപേര്‍ക്ക് മടങ്ങിപ്പോകണമായിരുന്നു. അവരെ സ്‌നേഹവും അന്നപാനീയങ്ങളും വഴിച്ചെലവും അതിലേറെയും നല്‍കി നാം യാത്രയാക്കി. ഓരോ വീടുകളും ഒരു യൂണിറ്റാക്കി മാറ്റി ഇടപെടല്‍ നടന്നു. ആരും കാഴ്ചവട്ടത്ത് നിന്ന് പുറത്തായില്ല. എങ്ങനെയാണ് ഈ അതിജീവനം, ഈ മഹാപ്രതിരോധം സാധ്യമായത്? കൊവിഡ് വ്യാപനത്തിന്റെ അക്കാലത്ത് അടിത്തട്ട് സാമൂഹികത എന്ന ആശയത്തെ വിശദീകരിച്ച് ഇതേ പംക്തിയില്‍ നമ്മള്‍ സംസാരിച്ചത് ഓര്‍ക്കുക. വ്യക്തി, കുടുംബം, അയല്‍പക്കം, അയല്‍പക്കങ്ങളുടെ കൂട്ടം, കവല, വാര്‍ഡ്, ആരാധനാലയങ്ങള്‍, ക്ലബ്ബുകള്‍, സാംസ്‌കാരിക-സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ പടര്‍ന്നുനില്‍ക്കുന്ന, ആഴത്തില്‍ അടിവേരുള്ള ഒരു സാമൂഹികത കേരളത്തിനുണ്ട്. കേരളത്തിന് മാത്രമല്ല എങ്കിലും കേരളത്തില്‍ ഇതിന് സവിശേഷമായ ഒരു ജൈവികതയുണ്ട്. അതിശക്തമായ പഞ്ചായത്ത് (നഗരസഭ എന്നും കോര്‍പറേഷന്‍ എന്നും മാറ്റി വായിച്ചാലും വലിയ തോതില്‍ വ്യത്യസ്തമല്ല) സംവിധാനമാണ് അതിന്റെ അടിത്തറ. പഞ്ചായത്തിന്റെ അടിസ്ഥാന യൂണിറ്റായ വാര്‍ഡ് ഓരോ കുടുംബത്തിനും അതിലെ വ്യക്തികള്‍ക്കും പങ്കാളിത്തമുള്ള നിയോജകമണ്ഡലമാണ്. പങ്കാളിത്തം എന്നാല്‍ ജൈവികവും സജീവവുമായ പങ്കാളിത്തം എന്നാണ് വിവക്ഷ. ആ ജൈവികതയുടെ ആള്‍ രൂപങ്ങളെക്കുറിച്ചാണ് ഈ കുറിപ്പിലെ ആദ്യ വരി ചോദിച്ചത്. ഒരു ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിലെ മലയാളിജീവിതത്തെ അറിയുമോ എന്ന്. സൂക്ഷ്മമായ ആലോചനയില്‍ മാത്രം തിരിച്ചറിയാന്‍ കഴിയുന്ന വലിയൊരു രാഷ്ട്രീയ പ്രക്രിയയുടെ പ്രതിനിധി ആണ് അയാള്‍. നമ്മില്‍ ഒരാളായതിനാല്‍ മാത്രം, നമുക്ക് ചിരപരിചിതനായതിനാലും ഭരണാധികാരത്തിന്റെ ചിഹ്നമൂല്യമുള്ള അടയാളങ്ങള്‍ വഹിക്കാത്തതിനാലും ആ പദവിയെ ആ നിലയില്‍ നാം പരിഗണിച്ചിട്ടില്ല എന്നുമാത്രം. അതിസാധാരണമായതും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതുമായ ഒന്നാണ് അധികാരം, പ്രത്യേകിച്ച് ജനാധിപത്യസിദ്ധമായ അധികാരം എന്ന ആശയത്തിന്റെ നിര്‍വഹണസ്ഥാനവുമാണ് അയാള്‍. അധികാരമെന്നാല്‍ ചിഹ്നങ്ങളുടെ ആലഭാരങ്ങളുടെ അകമ്പടിയുള്ള ഒന്നായാണ് പൊതുവില്‍ ധരിക്കപ്പെടുന്നത്. അത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് കടകവിരുദ്ധമാണെങ്കില്‍ പോലും ശീലങ്ങള്‍ നമ്മെ അങ്ങനെ ഒരു ധാരണയിലേക്ക് തള്ളിയിട്ടിട്ടുണ്ട്. അലറുന്ന ബീക്കണ്‍ ലൈറ്റുകളും അകമ്പടി വാഹനങ്ങളും തിക്കിത്തിരക്കുന്ന ആള്‍ക്കൂട്ടവും അമിതമായ മാധ്യമശ്രദ്ധയുമാണ് ആധുനിക ജനാധിപത്യത്തിന്റെ അധികാര അടയാളങ്ങള്‍. അത് കണ്ടും കേട്ടും നാം അതാണ് ജനാധിപത്യത്തിലെ അധികാരസ്ഥാനമെന്ന് ധരിച്ചുവശായിരിക്കുന്നു. ആ ധാരണകളുടെ വിപരീതപദവും ജനാധിപത്യത്തിന്റെ പര്യായപദവുമാണ് ഒരു വാര്‍ഡ് മെമ്പര്‍. അയാളുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ മറ്റൊരു തലം നിങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതലത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്നാണ്. ശരാശരി അറുന്നൂറോളം കുടുംബങ്ങള്‍, രണ്ടായിരത്തോളം മുതിര്‍ന്ന മനുഷ്യര്‍, അത്ര തന്നെ കുട്ടികള്‍, നാനാതരം വളര്‍ത്തുമൃഗങ്ങള്‍, കിടപ്പാടങ്ങള്‍, പൊതുഭൂമി, ആരാധനാലയങ്ങള്‍ തുടങ്ങി ഒരു രാഷ്ട്രജീവിതത്തിന്റെ മുഴുവന്‍ അടിസ്ഥാന ചലനങ്ങളും ദിനേന തിരിച്ചറിയുകയും അഭിമുഖീകരിക്കേണ്ടവയെ അഭിമുഖീകരിക്കുകയും ചെയ്യേണ്ട ഒരു പദവിയാണത്. കൊവിഡിനെ തുടക്കത്തില്‍ തടഞ്ഞ കേരളത്തിന്റെ സൈന്യാധിപന്‍മാര്‍. അവര്‍ മുഴുവന്‍ പേരും ഈ പദവിയും നിലയും അറിഞ്ഞാണ് ഇത്തരത്തില്‍ ജനാധിപത്യത്തിന്റെ ചാലകമായതെന്ന് പറയുകയല്ല. അവര്‍ അറിയേണ്ടതില്ലാത്ത വിധം സുശക്തമായ ഒരു സംവിധാനമാണ് അവര്‍ക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നതും അവരെ പ്രവര്‍ത്തിപ്പിക്കുന്നതും. ഡിസംബറില്‍ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ആ സംവിധാനത്തിന്റെ അടിത്തറയാണ്. നമ്മുടെ വീടുകള്‍ക്ക് മുന്നിലെ, നമ്മുടെ പരിചിതരുടെ, നാം അത്രയൊന്നും ആലോചിച്ചിട്ടില്ലാത്തവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലേക്കും ചുവരെഴുത്തുകളിലേക്കും നോക്കുമ്പോള്‍ നാമോരുത്തരിലും തിരയടിക്കേണ്ടത് നമ്മെ സംബന്ധിച്ച് അതിജീവനത്തിന്റെ മഹായുധമായ ജനാധിപത്യം എന്ന ആശയമാണ്. അത്ര പ്രധാനപ്പെട്ടതാണ്, അത്ര സൂക്ഷ്മമായി, അത്ര വിവേചനത്തോടെ നാം നടത്തേണ്ടതാണ് ആ തിരഞ്ഞെടുപ്പ്. ജനാധിപത്യം നാനാവിധത്തില്‍ ഭീഷണിയെ നേരിടുന്ന സമകാല ഇന്ത്യയില്‍ പ്രത്യേകിച്ചും. ആനുകൂല്യങ്ങള്‍ക്കും സാക്ഷ്യപത്രങ്ങള്‍ക്കും വേണ്ടി, നമുക്കും ബ്യൂറോക്രസിക്കും ഇടയിലെ വെറും ഇടനിലക്കാരെന്നതല്ല ആ പദവി. മഹാമാരിക്ക് ജനാധിപത്യം പോലെ ഒരു മരുന്നില്ല എന്ന് നാം മുമ്പേ ചര്‍ച്ച ചെയ്തത് ഓര്‍ക്കുക. മഹാമാരിക്കാലത്തെ ജനാധിപത്യം പ്രവര്‍ത്തിച്ചത് പഞ്ചായത്തുകളിലൂടെയാണ്. അതിനാല്‍ നാം സൂക്ഷിക്കണം. സൂക്ഷ്മതയുടെ, വിവേചനത്തിന്റെ ആവശ്യകതയെക്കുറിച്ച് ചുറ്റുമുള്ളവരോട് പറയണം. അതിഗൗരവമുള്ള ഒരു അതിജീവന പ്രക്രിയയാണ് തിരഞ്ഞെടുപ്പ് എന്ന് ബോധ്യപ്പെടുത്തണം.

അതിജീവന പ്രക്രിയ എന്നുപറഞ്ഞത് ജനാധിപത്യം എന്ന പ്രക്രിയയെ മുന്‍നിര്‍ത്തിയാണ്. ഇന്ത്യയിലാദ്യമായി ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ടിലേക്കുള്ള ഗുണാത്മകവും കരുത്തുറ്റതുമായ ഒഴുക്ക് സംഭവിച്ചത് കേരളത്തിലാണ്. 1996 ആഗസ്ത് പതിനേഴിന്. അന്നാണ് കേരളത്തില്‍ ജനകീയാസൂത്രണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇ എം എസ് ആയിരുന്നു ഉദ്ഘാടകന്‍. അതൊരു നീണ്ടകാല പ്രക്രിയയുടെ സാക്ഷാത്കരണ മുഹൂര്‍ത്തംകൂടി ആയിരുന്നു. 1958-ല്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഡിസ്ട്രിക്ട് കൗണ്‍സില്‍ ബില്‍ ആണ് മുന്‍ഗാമി. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്ന അത്തരമൊരു രീതി രാജ്യത്ത് ആദ്യമായിരുന്നു. പഞ്ചായത്തീരാജ് എന്ന് ഉറപ്പിച്ച ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ വന്നത് 1993-ലാണല്ലോ? കഴിഞ്ഞില്ല, അധികാരത്തിന്റെ താഴോട്ടുള്ള ഈ ക്രിയാത്മകമായ ഒഴുക്കിന് 1991-ഉം സാക്ഷിയായി. ജില്ലാ കൗണ്‍സില്‍. സംസ്ഥാനം തീരുമാനമെടുത്തിരുന്ന 150 വിഷയങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് കൈമാറി. അക്ഷരാര്‍ഥത്തില്‍ ജില്ലകളുടെ ഒരു ഫെഡറേഷനായി സംസ്ഥാനത്തെ സങ്കല്‍പിച്ച വിപ്ലവമായിരുന്നു ജില്ലാകൗണ്‍സില്‍. പഞ്ചായത്തുകള്‍ സ്വയംസര്‍ക്കാറുകളായി മാറ്റപ്പെട്ടു. ജനകീയാസൂത്രണത്തോടെ ഗ്രാമസഭ എന്ന നിര്‍ണായക യൂണിറ്റ് രൂപപ്പെട്ടു. ഭരണം മലയാളി തൊട്ടറിഞ്ഞു. ജനാധിപത്യത്തെ വീടിനടുത്തും ചിലപ്പോളൊക്കെ വീടിനകത്തും കണ്ടെത്തി. അങ്ങനെ നാം അനുഭവിച്ച ജനാധിപത്യം അന്യാധീനപ്പെടാതിരിക്കാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. കേരളത്തിലൊട്ടാകെ 21865 വാര്‍ഡുകള്‍, നാമാദ്യം പറഞ്ഞ അതിജീവനത്തിന്റെ അടിസ്ഥാന യൂണിറ്റുകള്‍ തിരഞ്ഞെടുപ്പിലേക്ക് വരുന്നു. ആരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്?
നിശ്ചയമായും അത് ജനാധിപത്യം എന്ന പ്രക്രിയയെ ബഹുമാനിക്കുകയും ബഹുസ്വര സാമൂഹികതയെ നിലനിര്‍ത്താന്‍ പണിയെടുക്കുകയും ചെയ്യുന്ന മനുഷ്യരെയാണ്. എന്നാല്‍ ഒറ്റയ്‌ക്കൊരു മനുഷ്യന്, ഒറ്റയൊറ്റയായ മനുഷ്യരുടെ കൂട്ടങ്ങള്‍ക്ക് അത് സാധ്യമാവില്ല എന്നതിനാല്‍ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക്, അവര്‍ എത്രമേല്‍ നമുക്ക് പരിചിതരായിരുന്നാലും ജനാധിപത്യത്തെ അടിത്തട്ട് മുതല്‍ സംരക്ഷിച്ചുനിര്‍ത്താനുള്ള ഈ മഹാശ്രമത്തില്‍ പ്രസക്തിയില്ല എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സംസ്ഥാനം അനുവദിക്കുന്ന ഫണ്ടുകള്‍ വീതം വെക്കുന്ന കേവല പ്രവര്‍ത്തനയിടങ്ങളായി തദ്ദേശസ്ഥാപനങ്ങള്‍ ഇനി ചുരുങ്ങിക്കൂടാ. എന്തെന്നാല്‍ വെല്ലുവിളികളുടെ കാലം വരാനിരിക്കുന്നു.
കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമായിക്കൂടാ എന്നതാണ് തിരഞ്ഞെടുപ്പിന് മുമ്പ് വിവേകമുള്ള സമൂഹം എത്തേണ്ട തീര്‍പ്പ്. എന്തൊക്കെയാണ് കൈവരിച്ച നേട്ടങ്ങള്‍? ഒന്നാമതായി നമ്മുടെ സേവന പശ്ചാത്തല മേഖലകള്‍ അടിസ്ഥാന തലത്തില്‍ വികസിച്ചു. സ്‌കൂളുകളിലേക്ക് നോക്കിയാല്‍, ആശുപത്രികളിലേക്ക് നോക്കിയാല്‍, ചന്തകളിലേക്ക് നോക്കിയാല്‍ അത് കണ്ടെടുക്കാം. തദ്ദേശ സര്‍ക്കാരുകള്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളുടെ വിവരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് ഫലം കണ്ടിട്ടുണ്ട്. അത് തുടരേണ്ടതുണ്ട്.

വീഴ്ചകള്‍ പരിഹരിക്കപ്പെടണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരാന്‍ ആവിഷ്‌കരിച്ച മിഷന്‍ പദ്ധതികളുടെ സൂക്ഷ്മമായ ജനകീയ ഓഡിറ്റിംഗ് ആയിരിക്കണം തിരഞ്ഞെടുപ്പ്. ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, സമഗ്ര വിദ്യാഭ്യാസം എന്നീ നാലു മിഷനുകളാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. ലൈഫ് മിഷന്‍ റെക്കോഡ് നേട്ടത്തിലാണ്. കേരളത്തില്‍ രണ്ടര ലക്ഷത്തില്‍പരം വീടുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അഞ്ചുലക്ഷം പേര്‍ക്കുകൂടി വീടുകള്‍ നല്‍കിക്കഴിഞ്ഞാല്‍ ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നസന്നിഭമായ നില കൈവരും. ലൈഫ് മിഷന്റെ വരവ് പഞ്ചായത്ത് തലത്തിലെ ഭവനനിര്‍മാണ പദ്ധതികളുടെ ലൈഫ് തകര്‍ത്തു എന്ന ആരോപണമുണ്ട്. കഴമ്പില്ല. കാരണം ലൈഫിലും പഞ്ചായത്തിന് കൃത്യമായ റോളുണ്ട്. മാത്രമല്ല ലൈഫ് ഒരു വിശാല പദ്ധതിയുമാണ്. ലൈഫ് പദ്ധതി സംബന്ധിച്ച നിങ്ങള്‍ നിലപാട് എടുക്കേണ്ട സന്ദര്‍ഭം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

തൊഴിലുറപ്പ് പദ്ധതികള്‍ നമ്മുടെ തദ്ദേശസര്‍ക്കാരുകളെ സംബന്ധിച്ച് നിര്‍ണായകമാണ്. അതൊരു വെല്‍ഫെയര്‍ ആശയമാണ്. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം എന്ന സങ്കല്‍പത്തിന്റെ പ്രയോഗരൂപം. അതൊരു ചടങ്ങായി മാറിയിട്ടുണ്ടോ എന്ന ഓഡിറ്റിംഗ് നിങ്ങളുടെ വാര്‍ഡില്‍ നിങ്ങള്‍ക്ക് നടത്താം. നിങ്ങളുടെ അയല്‍പക്കത്തെ മനുഷ്യര്‍ പണിയെടുത്ത് പണം വാങ്ങുന്നുണ്ടോ എന്നും എത്രമാത്രം ക്രിയാത്മകമാണ് അവരുടെ തൊഴില്‍ എന്നും അന്വേഷിക്കാം. അത് സംബന്ധിച്ച് കാഴ്ചപ്പാടുകളുള്ള മുന്നണികള്‍ മത്സരിക്കുന്നുണ്ടോ എന്ന് നോക്കാം. അല്ലെങ്കില്‍ മത്സരിക്കുന്ന മുന്നണികളുടെ കാഴ്ചപ്പാടുകള്‍ നോക്കാം.
പത്രാധിപന്‍മാര്‍ ഇറങ്ങിക്കളിക്കുന്ന, അഭിപ്രായങ്ങളും നിലപാടുകളും വാര്‍ത്തയായി മാറിക്കഴിഞ്ഞ, മാധ്യമ വിശ്വാസ്യത തകര്‍ന്നടിഞ്ഞ ഒരു കാലം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം. നമ്മുടെ നിര്‍ണയങ്ങളെ അവര്‍ സ്വാധീനിച്ചുകൂടാ. കഴിഞ്ഞ ആറു മാസത്തെ മുഖ്യധാരാ ദിനപത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അതിലൂടെ കണ്ണോടിക്കുന്നത് കൗതുകകരവും മാധ്യമദയനീയതയുടെ പൂരക്കാഴ്ചയും സമ്മാനിക്കും. ഉണ്ടത്രേകളുടെ കൊടും വിളയാട്ടം കണ്ട് അമ്പരക്കും. അതിനാല്‍ നമ്മുടെ നിര്‍ണയങ്ങള്‍ നമ്മുടെ ബോധ്യങ്ങള്‍ക്ക് വിടുക. നമ്മുടെ കാഴ്ചകള്‍ക്ക് വിടുക. പുതിയ കാലം തുറുകണ്ണന്‍ കാലമാണെന്നും ജനത എല്ലാം കാണുന്നുണ്ടെന്നും തിരിയാത്ത മാധ്യമങ്ങള്‍ ജനതയുടെ വിധാതാക്കള്‍ തങ്ങളാണെന്ന് വിശ്വസിച്ച് അലറിത്തിമിര്‍ത്തോട്ടെ. എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നാം അവരെ അനുവദിച്ചുകൂടാ. ഇത്തരം മാധ്യമനിര്‍മിത പൊതുബോധമാണ് അമേരിക്കയെ ട്രംപിന്റെ രൂപത്തിലും ഇന്ത്യയെ സംഘപരിവാറിന്റെ രൂപത്തിലും അപകടപ്പെടുത്തിയതെന്നും അതിന് പിന്നില്‍ കിലുങ്ങുന്ന കഥകളുണ്ടെന്നും ഇന്ന് നമുക്കറിയാം. നമ്മുടെ പ്രാദേശികസര്‍ക്കാരുകള്‍ അത്തരം നിര്‍മിതികളാല്‍ വഞ്ചിതമായിക്കൂടാ. കാരണം അത് നമ്മുടെ ജീവിതമാണ്. കൊവിഡ് കാലത്ത് നാം അത് കണ്ടതാണ്. പ്രളയത്തില്‍ അറിഞ്ഞതാണ്.

അതിനാല്‍ അടിത്തട്ട് സാമൂഹികതയെ അരക്കിട്ടുറപ്പിക്കുന്ന ഈ മഹാസന്ദര്‍ഭത്തില്‍ അതിജാഗ്രതയോടെ നാം ഇടപെടണം. ആ സാമൂഹികതയുടെ അന്തസത്ത ബഹുസ്വരതയാണ് എന്നതിനാല്‍ ഒരുവിധ സ്വത്വവാദങ്ങള്‍ക്കും ബഹുസ്വര വിരുദ്ധ മതവാദങ്ങള്‍ക്കും ഊതിപ്പെരുപ്പിച്ച വ്യക്തിവാദങ്ങള്‍ക്കും പില്‍ക്കാലത്ത് നമ്മെയും നമ്മുടെ ജനാധിപത്യത്തെയും വിഴുങ്ങുമെന്നുറപ്പുള്ള അരാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പില്‍ ഇടമുണ്ടാകരുത്. മുന്‍പേ പറഞ്ഞതുപോലെ ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാനുള്ള ഒരു ബ്യൂറോക്രാറ്റിക് ഇടത്തെയല്ല നാം തിരഞ്ഞെടുക്കുന്നത്; മറിച്ച് നമ്മുടെ സാമൂഹിക- ജനാധിപത്യ ജീവിതത്തിന്റെ ആധാരസ്പന്ദനത്തെയാണ്. തിരഞ്ഞെടുപ്പെന്നാല്‍ നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ്.
ആദ്യവരിയിലേക്ക് മടങ്ങിവരാം. അത്ര ലളിതമായ ഒന്നല്ല ആ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ജീവിതം. ജനാധിപത്യമെന്ന വജ്രത്തെ കോര്‍ത്തുകെട്ടുന്ന കരുത്തുള്ള നൂലിഴകളാണവര്‍. അവരെ ശ്രദ്ധിക്കുക. നെയ്യുക എന്നാല്‍ ലോകത്തെ നിര്‍മിക്കുകയാണ് എന്ന് ഗാന്ധി വാക്യം. നെയ്ത്തില്‍ പരമപ്രധാനം നൂലിന്റെ തിരഞ്ഞെടുപ്പാണല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login