മൊറോക്കോയുടെ മണ്ണിലേക്ക് തണുപ്പ് പുതച്ച്

മൊറോക്കോയുടെ മണ്ണിലേക്ക് തണുപ്പ് പുതച്ച്

വടക്കു പടിഞ്ഞാറ് ആഫ്രിക്കയില്‍ യൂറോപ്പിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യമാണ് മൊറോക്കോ എന്ന മഗ്്രിബ്. നമ്മുടെ നാട്ടില്‍നിന്നും അവിടേക്ക് നേരിട്ടു വിമാനമില്ല. അതിനാല്‍തന്നെ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പോയി അവിടെനിന്നുള്ള വിമാനസര്‍വീസുകളെ ആശ്രയിക്കണം. മണിക്കൂറുകള്‍ കഴിയുംതോറും കാഴ്ചകളില്‍ അത്ഭുതം കൂടിക്കൂടിവന്നു. ഏഷ്യാമൈനറിന്റെയും തുര്‍ക്കിയുടെയും മുകളിലേക്ക് എത്തുമ്പോഴേക്ക് താഴെയുള്ള കാഴ്ചകള്‍ മഞ്ഞുമലകളും നീല നിറമുള്ള അഴകാര്‍ന്ന തടാകങ്ങളും കടലുകളും ആയിട്ടുണ്ട്. മരുഭൂ സമാനമായ കാഴ്ചകള്‍ പിന്നെ കണ്ടില്ല. തുര്‍ക്കി  പിന്നിട്ട് യൂറോപ്പിന്റെ വ്യോമാതിര്‍ത്തിയിലൂടെയാണ് വിമാനം പറക്കുന്നത്. ബള്‍ഗേറിയ, സെര്‍ബിയ, ബോസ്‌നിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നതിനു ശേഷം അഡ്ട്രിയാറ്റിക് കടലും മുറിച്ചുകടന്ന് ഇറ്റലിയുടെ ആകാശത്തെത്തി. പടിഞ്ഞാറിലേക്ക് പറക്കുംതോറും സമയം പിന്നിലേക്ക് പോകുന്നതിനാല്‍ സൂര്യപ്രകാശം കൂടുതല്‍ വെളിവായി വരുകയും കാഴ്ചകള്‍ നന്നായി നമുക്ക് കാണിച്ചുതരുകയും ചെയ്തു. റോം പോലുള്ള ചരിത്രപ്രാധാന്യമേറിയ നഗരങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറക്കുന്നതെന്നു മുന്നിലുള്ള സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്.

പത്തു മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ഇരുത്തം ഞങ്ങളില്‍ മിക്ക പേര്‍ക്കും അലോസരം സൃഷ്ടിച്ചു. അധിക യാത്രികരും മൂടിപ്പുതച്ച് ഉറങ്ങുകയാണ്. വിമാനം വലുപ്പമേറിയതും നടക്കാന്‍ തക്കവണ്ണം വിശാലത ഉള്ളതുമായിരുന്നതുകൊണ്ട് എണീറ്റുനടന്ന് മുഷിപ്പകറ്റും. ദീര്‍ഘദൂരം യാത്ര ചെയ്ത ആളുകളോട് അനുഭവങ്ങള്‍ ചോദിച്ചറിയുമായിരുന്നു ഞാന്‍. കുറച്ചുകാലം മുന്നേ സൂഹൃത്ത് റോഷന്‍ നൂറാനി അമേരിക്കയില്‍ പോയി വന്നപ്പോഴും ചോദിച്ചറിഞ്ഞു. അപ്പോഴൊക്കെ എന്നില്‍ ജിജ്ഞാസ വളര്‍ത്തിയത് ഈ ദൈര്‍ഘ്യമേറിയ ഇരുത്തം തന്നെയായിരുന്നു. അത് എത്രമാത്രം അസഹനീയമാണെന്ന്.

കണ്ണും ഖല്‍ബും തുറന്നിരിക്കുന്നൊരാള്‍ക്ക് മനംനിറക്കുന്ന കാഴ്ചകള്‍ ഈ യാത്ര സമ്മാനിക്കും. എത്തിച്ചേരുന്നയിടങ്ങളിലെ സൗന്ദര്യം യാത്രാ മധ്യേ തന്നെ ലഭിക്കാനുതകുന്ന രീതിയില്‍ നമ്മുടെ മനസ്സ് പാകപ്പെടുത്തിയാല്‍ മതിയാകും. ദീര്‍ഘമായ മണിക്കൂറുകള്‍ക്കുശേഷമാണ് വിമാനം ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയുടെ വിണ്ണിലേക്കെത്തുന്നത്. അപ്പോള്‍ താഴെയുള്ള കാഴ്ച പുല്‍മേടുകളായിരുന്നു. വിശാലമേറിയ ഭൂമികയില്‍ മണ്ണിന്റെ നിറം കാണാന്‍ കഴിയാത്ത അത്രയും നീണ്ടുകിടക്കുന്ന പുല്‍മേടുകള്‍ നല്ലൊരു ദൃശ്യാനുഭവം തന്നെയായിരുന്നു. വിമാനം കാസബ്ലാങ്കയുടെ അന്തരീക്ഷത്തില്‍ വട്ടമിടാന്‍ തുടങ്ങിയതോടെ എല്ലാവരുടെയും കണ്ണുകള്‍ പുറത്തേക്കു നീണ്ടു. ആകാശത്തുനിന്നുള്ള ദൃശ്യം പച്ചപ്പ് നിറഞ്ഞതും വളരെ മനോഹരവുമായിരുന്നു. ആട്ടിന്‍പറ്റങ്ങളും താഴ്്വരകളും വിമാനത്താവളം ദൃശ്യമാകുന്നതിനു മുമ്പേ കണ്ണിലുടക്കും. മൊറോക്കോ ഭരണ തലസ്ഥാനം ‘റബാത്ത്’ ആണെങ്കിലും വാണിജ്യ- വ്യവസായ  കേന്ദ്രം കാസബ്ലാങ്കയാണ്. അനുദിനം വളരുന്ന നഗരം ഇതാണ്. സാംസ്‌കാരിക തലസ്ഥാനം ‘മറാക്കിഷും.’ ആത്മീയ കേന്ദ്രം ‘ഫാസ്’ നഗരവുമാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മൊറോക്കോ പര്യടനത്തില്‍ ഞങ്ങള്‍ക്ക് പോകേണ്ടത് മറാക്കിഷിലും ഫാസിലും തഞ്ചയിലുമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യുന്നുണ്ട്. ടൂറിസവും ആത്മീയതയും തേടിവരുന്നവരാണിവിടെ കൂടുതലും. സഹാറ മരുഭൂമിയുടെ ഒരു ഭാഗത്ത് തമ്പടിച്ച് പുലരുവോളം കള്ളുമോന്തി അര്‍ധ നഗ്‌നകളായ സ്ത്രീകളോടൊപ്പം നൃത്തം ചെയ്യാന്‍ വരുന്ന ഒരു കൂട്ടര്‍. അതേ സഹാറയുടെ മറുവശത്ത് സൂഫീ ഖാന്‍ഗാഹുകളില്‍ ഫഖീറുമാരായ ദര്‍വേശുകളോടൊപ്പം സമയം ചെലവഴിക്കാന്‍ വരുന്ന മറ്റൊരു കൂട്ടം പരദേശികള്‍. വിമാനത്തില്‍ നിന്നിറങ്ങുമ്പോഴേക്ക് എമിഗ്രേഷന്റെ ഭാഗത്ത് പ്രത്യേക ബോര്‍ഡുമായി ആളുകള്‍ ഞങ്ങളെ കാത്തുനില്‍പ്പുണ്ടായിരുന്നു. ഓരോരുത്തരായി എമിഗ്രേഷന്‍ ഓഫീസറെ സമീപിച്ചു. സന്ദര്‍ശനോദ്ദേശ്യം ചോദിച്ചു. മറുപടിയും നല്‍കി. മൊറോക്കോയില്‍ നല്ല നാളുകള്‍ നിങ്ങള്‍ക്ക് ഭവിക്കട്ടേ എന്ന് ആശംസിച്ച് ഓരോരുത്തര്‍ക്കായി എന്‍ട്രി അടിച്ചുതന്നു.

വലിയ ആഡംബരങ്ങളോ ആര്‍ഭാടങ്ങളോ ഉള്ള, വര്‍ണക്കൂട്ടുകള്‍കൊണ്ട് അലങ്കരിച്ച ഒരു വിമാനത്താവളമല്ല കാസബ്ലാങ്ക അന്താരാഷ്ട്ര വിമാനത്താവളം. എന്നാല്‍ ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. ഏതാനും ദിവസങ്ങള്‍ അവിടെ ചെലവഴിക്കേണ്ടിവരുന്നതിനാല്‍ യാത്രാ സംഘത്തിലെ എല്ലാവരും വിമാനത്താവളത്തില്‍നിന്നുതന്നെ സിംകാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചു. വിദേശത്താണെങ്കിലും പലര്‍ക്കും ഏതുനേരവും നാട്ടിലെ ബിസിനസ്സ് കാര്യങ്ങളിലും സ്ഥാപന, സംഘടനാ കാര്യങ്ങളിലും ഇടപെടേണ്ടതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യം അത്യന്താപേക്ഷിതമാണ്. ചുരുങ്ങിയ നേരത്തിനുള്ളില്‍ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി. വലിയൊരു ബസ് ഞങ്ങളെ കാത്ത് പുറത്ത് നില്പുണ്ടായിരുന്നു. എല്ലാവരുടെയും ലഗേജുകള്‍ വാഹനത്തിനടിയിലെ വിശാലമായ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിവെച്ചതിനുശേഷം യാത്ര ആരംഭിച്ചു.

അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു വലിയ തുറമുഖ നഗരമാണ് കാസബ്ലാങ്ക. നൂറുകണക്കിന് മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ആസ്ഥാന കേന്ദ്രമാണ് ഈ നഗരം. ആഫ്രിക്കയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ ഹസ്സന്‍ മസ്ജിദ് നിലകൊള്ളുന്നത് കാസബ്ലാങ്ക നഗരത്തിലാണ്. വലിയൊരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ് ആ നിര്‍മിതി.  ഒരു ലക്ഷത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആ പള്ളി അറ്റ്‌ലാന്റിക് സമുദ്രത്തോട് തൊട്ടുരുമ്മിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

കാസബ്ലാങ്കയിലെ കാഴ്ചകളിലേക്ക് പോകാന്‍ ആഗ്രഹമേറെയുണ്ടെങ്കിലും ഇന്നത്തെ അത്താഴം ഞങ്ങള്‍ക്ക് മറാകിഷ് നഗരത്തിലാണ് ഒരുക്കിയിട്ടുള്ളത്. കാസബ്ലാങ്കയില്‍നിന്നും 250 കിലോമീറ്ററോളം ദൂരമകലെ തെക്കുഭാഗത്തേക്ക് യാത്ര ചെയ്താലാണ് മറാകിഷ് പട്ടണത്തിലെത്തുക. അതുകൊണ്ട് കാസബ്ലാങ്കയിലെ കാഴ്ചകളെ പിന്നത്തേക്ക് മാറ്റിവെച്ചു. മറാക്കിഷിലേക്കുള്ള പാത അതി സുന്ദരമാണ്. പച്ച പിടിച്ച പുല്‍ത്തകിടികള്‍ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് വാഹനം കുതിച്ചുപായുന്നത്. റോഡിനിരുവശവും പാടങ്ങളും കൃഷികളും കാണാം, ഓപ്പണ്‍ കൃഷിയും ക്ലോസ്ഡ് കൃഷിയുമുണ്ടാകും. മഞ്ഞുവീഴ്ച കാരണം നശിക്കുന്നതിനാല്‍ ചില കൃഷികള്‍ ടെന്റിനുള്ളിലായിരിക്കും. ചില സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഉണക്കപ്പുല്ലുകളുടെ കുന്നുകള്‍ കാണാം. അതിനിടയിലൂടെ കന്നുകാലികളും അവയെ മേയ്ക്കുന്ന ഇടയന്മാരും അലസരായി നീങ്ങുന്നുണ്ട്. ടെന്റിനുള്ളില്‍ സ്ഥലം ലാഭിക്കാന്‍ വെര്‍ട്ടിക്കല്‍ കൃഷിയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് മുന്‍പരിചയം വെച്ച് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. നമ്മുടെ നാടുകളില്‍ ഇപ്പോഴും സ്വീകരിക്കാന്‍ മടിക്കുന്ന ഒരു കൃഷിരീതിയാണ് വെര്‍ട്ടിക്കല്‍ കൃഷിയെന്ന് വായിച്ചതോര്‍ത്തു.

സമയം സന്ധ്യയോടടുക്കുന്നു. നാടുമായി നാലരമണിക്കൂര്‍ സമയം പിന്നിലാണ് മൊറോക്കോ.  സന്ധ്യമയങ്ങാന്‍ തുടങ്ങുന്ന വേളയില്‍ സര്യപ്രകാശം മൊറോക്കന്‍ മണ്ണില്‍ എന്തെന്നില്ലാത്ത സൗന്ദര്യം നല്‍കുന്നുണ്ടായിരുന്നു. പച്ചപ്പുല്‍ത്തകിടികളുടെ നീണ്ടുകിടക്കുന്ന വലിയൊരു ഭൂമി. ആ ചക്രവാളത്തിന്റെ അങ്ങേതലക്കല്‍ അസ്തമയ സൂര്യന്റെ സ്വര്‍ണ പ്രകാശരാജി വരച്ചുവെക്കുന്ന, പ്രകൃതിയുടെ അതിവിശിഷ്ടമായ കലാവിരുന്ന് തന്നെയാണ് സമ്മാനിച്ചത്. വളരെ ചെറുതായി ചെറുതായി സൂര്യന്‍ ചക്രവാളത്തിലേക്ക് താഴ്ന്നുപോകുമ്പോള്‍ രൂപപ്പെടുന്ന പ്രകാശവും അതിന്റെ പിറകിലായി അന്തരീക്ഷമാകെ മൂടുന്ന ഒരു ഇരുട്ടും ഞങ്ങളോരോരുത്തരെയും ബസ്സിന്റെ കണ്ണാടിച്ചില്ലിലൂടെ പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്ന കാഴ്ചക്കാരാക്കി മാറ്റി.

യാത്രാ സംഘത്തില്‍ ഇതിനുമുന്നേ മൊറോക്കോ സന്ദര്‍ശിച്ചവര്‍ നാലാളുകളാണ്. കാന്തപുരം ഉസ്താദും അബ്ദുല്‍ഹകീം അസ്ഹരി ഉസ്താദും കൊടിയത്തൂരില്‍നിന്നുള്ള അബ്ദുറസാഖ് ഹാജിയും മുക്കത്ത് നിന്നുള്ള ഫാറൂഖ് ഭായിയും. മറ്റുള്ളവരൊക്കെ ആദ്യമായാണ് മൊറോക്കോ സന്ദര്‍ശിക്കുന്നത്. ബസില്‍ റസാഖ് ഹാജിയുടെ അടുത്തായാണ് ഞാന്‍ ഇരുന്നത്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെങ്കിലും ഇപ്പോഴും മനസ്സില്‍ യൗവനം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് റസാഖ് ഹാജി. യൗവന കാലത്ത് നന്നായി ലോകം ചുറ്റിയിട്ടുമുണ്ട്. 1980കളില്‍ സൗദിയില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം മൊറോക്കോ സന്ദര്‍ശിച്ചിരുന്നുവത്രെ.  നീണ്ട നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അവിടെ എത്തുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളും ഒരു സഞ്ചാരിയില്‍നിന്നും കേള്‍ക്കുന്നതിന് സുഖം വേറെ തന്നെയാണ്. യാത്ര ചെയ്യാന്‍ കഴിയുക, ഒപ്പമൊരു കഥപറച്ചിലുകാരനുമാവുക എന്നത് സൗഭാഗ്യമാണ്. കാരണം അത്രമേല്‍ പ്രിയപ്പെട്ട യാത്രാനുഭവങ്ങള്‍ അടുക്കോടെയും ചിട്ടയിലും നമ്മുടെ ഓര്‍മകളില്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മളൊരു യഥാര്‍ത്ഥ കഥപറച്ചിലുകാരനാവുക.

എന്തെന്നില്ലാത്ത ഒരുതരം രോമാഞ്ചം എന്നെ പിടികൂടിയിട്ടുണ്ട്. ഒരു പുതിയ ദേശത്ത് എത്തുമ്പോഴുള്ള സന്തോഷം. ഒപ്പം, അത്രമേല്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യം. പുതിയ കാഴ്ചകളുടെയും അറിവനുഭവങ്ങളുടെയും ഒരു വിരുന്ന് തന്നെ ഈ യാത്രയിലൂടെ ലഭിക്കുമെന്നതിലുള്ള ആഹ്ലാദം. രോമാഞ്ചത്തിന് പിന്നില്‍ ഇതൊക്കെത്തന്നെയാവണം കാരണങ്ങള്‍. ബസില്‍ ഹകീം അസ്ഹരി ഉസ്താദ് മൈക്ക് എടുത്തിട്ടുണ്ട്. ആറു മാസങ്ങള്‍ക്കുമുന്നേ ഫാസ് നഗരത്തില്‍ നടന്ന സൂഫി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അനുഭവങ്ങളും യാത്രയുടെ ഓര്‍മകളും അദ്ദേഹം പങ്കുവയ്ക്കുകയാണ്. എല്ലാവരും അത് സാകൂതം ശ്രവിക്കുന്നതോടൊപ്പം തന്നെ പുറംകാഴ്ചകളിലും അഭിരമിക്കുന്നുമുണ്ട്.

മഗ്്രിബ് ദേശം മൊറോക്കോയെന്ന ഒരു രാജ്യം മാത്രമല്ല. അള്‍ജീരിയയും തുനീഷ്യയും ലിബിയയും മൗറിത്താനിയയും മൊറോക്കോയും അടങ്ങുന്ന ഉത്തര പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ദേശങ്ങള്‍ക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് മഗ്്രിബ്. ഒരേ സംസ്‌കാരവും ഭാഷയും വസ്ത്രവും പൈതൃകവും പേറുന്ന രാഷ്ട്രങ്ങളാണ് ഇവയൊക്കെയും. ഇവര്‍ക്കിടയില്‍ സാമ്പത്തിക, വാണിജ്യ, രാഷ്ട്രീയ ഐക്യം ഉദ്ദേശിച്ച് അറബ് മഗ്്രിബ് യൂണിയന്‍ എന്നൊരു കൂട്ടായ്മയുണ്ട്. പക്ഷേ, മൊറോക്കോയുടെയും അള്‍ജീരിയയുടെയും ഇടയിലെ ഐക്യമില്ലായ്മ ഈ യൂണിയന്റെ മുന്നോട്ടുള്ള പോക്കിന് ക്ഷതം വരുത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ജനതയ്ക്കിടയില്‍ രാഷ്ട്രീയ അതിര്‍ത്തികള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ മാനസികമായും സാംസ്‌കാരികമായും വളരെ ഐക്യത്തിലാണെന്ന് പലപ്പോഴും അന്താരാഷ്ട്ര വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രാദേശികസമയം എട്ടുമണിയാകുമ്പോഴേക്ക് ഞങ്ങള്‍ മറാക്കിഷിലെ റോയല്‍ മിറാഷ് ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. ബസില്‍നിന്നിറങ്ങുമ്പോഴേക്ക് ശീതക്കാറ്റ് ഞങ്ങളെ പൊതിഞ്ഞിരുന്നു. അണിയിച്ചൊരുക്കിയ കുതിരകളും മൊറോക്കന്‍ പ്രാദേശിക ഗാനങ്ങള്‍ പാടുന്ന ഗായക സംഘമടക്കമുള്ള വലിയൊരു ആള്‍ക്കൂട്ടവും ഞങ്ങളെ സ്വീകരിക്കാന്‍ അവിടെയുണ്ടായിരുന്നു. തണുപ്പിനിടയിലെ ഊഷ്മളമായ സ്വീകരണം എല്ലാവരെയും സന്തോഷഭരിതരാക്കി. റിസപ്ഷന്‍ ചടങ്ങ് ഒരുപാട് നേരമെടുക്കുമെന്ന് തോന്നി. ശൈത്യം വര്‍ധിച്ചപ്പോള്‍ വേഗം തന്നെ എല്ലാവരും വിശാലമായ ലോബിയിലേക്ക് കയറി. മഗ്്രിബീ പരമ്പരാഗത വസ്ത്രം ധരിച്ച ഒരാള്‍ വിളമ്പി നല്‍കിയ ചായ കുടിച്ചതോടെ തണുത്ത ശരീരങ്ങള്‍ക്ക് ഉണര്‍വ് തിരികെലഭിച്ചു.

മഞ്ഞനിറത്തിലുള്ള മൊറോക്കന്‍ ജല്ലാബാ ധരിച്ച ഗായകസംഘം സാധാരണപോലെ ഒരു വിദേശ യാത്രാസംഘം എന്ന കണക്കുകൂട്ടലിലാവാം പ്രണയത്തിന്റെയും സ്ത്രീവര്‍ണനകളുടെയും ഗാനമായിരുന്നു ആദ്യം ആലപിച്ചത്. പാടുന്നതൊക്കെയും നമുക്ക് അപരിചിതമായ വരികളായിരുന്നു. ആശിഖ് സഖാഫി അവരുടെ അടുക്കല്‍ ചെന്ന് തിരുനബി പ്രകീര്‍ത്തനങ്ങള്‍ പാടാന്‍ പറഞ്ഞതോടെ അവര്‍ക്കും ആവേശമേറി. പിന്നെ സ്വതസിദ്ധമായ മൊറോക്കന്‍ ശൈലിയില്‍ ത്വലഅല്‍ ബദ്‌റുവും ബുര്‍ദയിലെ ഈരടികളും കര്‍ണപുടങ്ങളിലേക്ക് ഒഴുകിവന്നു. തീന്മേശയിലേക്ക് ഞങ്ങള്‍ ക്ഷണിക്കപ്പെടുന്നതുവരെ ഏകദേശം അര മണിക്കൂറോളം അവര്‍   ചുറ്റോടു ചുറ്റുംനിന്ന് ധാരാളം പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. അവരുടെ ഗാനങ്ങളില്‍ താല്പര്യം തോന്നിയതിനാല്‍ ഭക്ഷണം കഴിച്ചതിനു ശേഷവും  ചിലര്‍ അവരുടെ അടുക്കല്‍ പോയിരുന്നു പ്രകീര്‍ത്തനങ്ങള്‍ പാടിക്കുകയും ആസ്വദിക്കുകയും ചെയ്തു. എനിക്ക് എല്ലാവരുടെയും റൂമിന്റെ താക്കോലുകള്‍ കൈപ്പറ്റേണ്ടതും അവര്‍ക്ക് താക്കോലുകള്‍ വിതരണം ചെയ്യേണ്ടതുമുണ്ട്.  നാട്ടില്‍നിന്ന്  വരുന്നതിന് മുന്നേ ആ കാര്യങ്ങളൊക്കെ ക്രമപ്പെടുത്തിയിരുന്നു. അതിനാല്‍ അത്തരം കാര്യങ്ങള്‍ എളുപ്പവുമായിരുന്നു. എങ്കിലും രാവേറെ കഴിഞ്ഞാണ് ഞാന്‍ റൂമിലേക്ക് എത്തിയത്. നാട്ടില്‍നിന്നും ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ചരിത്രമുറങ്ങുന്ന മണ്ണില്‍, ഒരുപാട് ചരിത്രപുരുഷന്മാരെ വാര്‍ത്തെടുത്ത മണ്ണില്‍ നാളെയുടെ കാഴ്ചകള്‍ മനസ്സില്‍ കാലേക്കൂട്ടി കണ്ടുകൊണ്ട് പതിയെ നിദ്രയിലേക്ക് ചാഞ്ഞു.

(തുടരും)

അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി

 

 

 

You must be logged in to post a comment Login